‘കാഴ്ചയാൽ അല്ല, വിശ്വാസത്താൽ നടക്കുന്നു’
“കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.”—2 കൊരിന്ത്യർ 5:7.
1. ‘വിശ്വാസത്താൽ നടക്കുക’യെന്നതിന്റെ അർഥമെന്ത്?
ദൈവവചനത്തിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾക്കനുസൃതമായി നാം പ്രാർഥിക്കുമ്പോഴെല്ലാം നമുക്കു കുറച്ചെങ്കിലും വിശ്വാസമുണ്ടെന്നാണ് നാം പ്രകടമാക്കുന്നത്. ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു സാക്ഷീകരിക്കാൻ തുടങ്ങുമ്പോഴും നാം വിശ്വാസം പ്രകടമാക്കുകയാണ്. കൂടാതെ നമ്മുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുമ്പോൾ, ‘വിശ്വാസത്താൽ നടക്കാൻ,’ അതായത് വിശ്വാസത്താൽ നയിക്കപ്പെടുന്ന ഒരു ജീവിതഗതി പിന്തുടരാൻ നാം ആഗ്രഹിക്കുന്നുവെന്നതിനു തെളിവു നൽകുകയാണ്.—2 കൊരിന്ത്യർ 5:7; കൊലൊസ്സ്യർ 1:9, 10.
2. സഭാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് ഒരുവന് അവശ്യം വിശ്വാസമുണ്ടെന്നതിനുള്ള തെളിവല്ലാത്തതെന്തുകൊണ്ട്?
2 നാം യഥാർഥത്തിൽ അങ്ങനെയാണു ജീവിക്കാൻ പോകുന്നതെങ്കിൽ, അടിയുറച്ച വിശ്വാസം നമുക്ക് ആവശ്യമാണ്. (എബ്രായർ 11:1, 6) യഹോവയുടെ സാക്ഷികൾക്കിടയിൽ കാണുന്ന ഉന്നത ധാർമിക നിലവാരങ്ങളും സ്നേഹവും നിമിത്തം അനേകമാളുകൾ അവരിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. അതൊരു നല്ല തുടക്കം തന്നെ, എന്നാൽ അത്തരമാളുകൾക്ക് വിശ്വാസമുണ്ടെന്ന് അതിനർഥമില്ല. വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന വിവാഹിത ഇണയോ മാതാവോ പിതാവോ ഉള്ളവരുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട വ്യക്തി ഏർപ്പെടുന്ന ചില പ്രവൃത്തികളിൽ അവരും പങ്കെടുത്തേക്കാം. ഒരാളുടെ ഭവനത്തിൽ അത്തരമൊരു സ്വാധീനമുണ്ടായിരിക്കുന്നത് ഒരനുഗ്രഹമാണെങ്കിലും അതു ദൈവത്തോടുള്ള സ്നേഹത്തിനും വ്യക്തിപരമായ വിശ്വാസത്തിനും പകരമായിരിക്കുന്നില്ല.—ലൂക്കൊസ് 10:27, 28.
3. (എ) അടിയുറച്ച വിശ്വാസമുണ്ടായിരിക്കുന്നതിന് നമുക്കു ബൈബിളിനെക്കുറിച്ചു വ്യക്തിപരമായ എന്തു ബോധ്യമുണ്ടായിരിക്കണം? (ബി) ബൈബിളിന്റെ നിശ്വസ്തതയെക്കുറിച്ചു ചിലർ മറ്റുള്ളവരെക്കാൾ എളുപ്പത്തിൽ ബോധ്യമുള്ളവരായിത്തീരുന്നതെന്തുകൊണ്ട്?
3 വാസ്തവമായും വിശ്വാസത്താൽ നടക്കുന്നവർക്ക് ബൈബിൾ ദൈവവചനമാണെന്ന പൂർണബോധ്യമുണ്ട്. വിശുദ്ധ തിരുവെഴുത്തുകൾ നിശ്ചയമായും “ദൈവശ്വാസീയമാ”ണെന്നതിനു ധാരാളം തെളിവുകളുണ്ട്.a (2 തിമൊഥെയൊസ് 3:16) ഒരു വ്യക്തിക്കു ബോധ്യപ്പെടുന്നതിന് എത്രത്തോളം തെളിവുകൾ പരിശോധിക്കണം? അത് അയാളുടെ പശ്ചാത്തലത്തെ ആശ്രയിച്ചിരുന്നേക്കാം. ഒരാളെ പൂർണമായി ബോധ്യപ്പെടുത്തുന്ന സംഗതി മറ്റൊരാൾക്ക് അങ്ങനെയായിരിക്കണമെന്നില്ല. ചിലപ്പോൾ, ഖണ്ഡിക്കാനാകാത്ത തെളിവുകൾ എത്രതന്നെ കാണിച്ചുകൊടുത്താലും, അതു സൂചിപ്പിക്കുന്ന നിഗമനം ഒരു വ്യക്തി സ്വീകരിക്കണമെന്നില്ല. എന്തുകൊണ്ടാണത്? ഹൃദയത്തിന്റെ അഗാധങ്ങളിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്ന പ്രചോദനങ്ങളാണ് അതിനു കാരണം. (യിരെമ്യാവു 17:9) അതുകൊണ്ട് തനിക്കു ദൈവോദ്ദേശ്യത്തിൽ താത്പര്യമുണ്ടെന്ന് ഒരു വ്യക്തി പറഞ്ഞേക്കാമെങ്കിലും, അയാളുടെ ഹൃദയം ലോകത്തിന്റെ അംഗീകാരത്തിനായി വാഞ്ഛിച്ചേക്കാം. അയാൾ ബൈബിൾ തത്ത്വങ്ങൾക്കു നിരക്കാത്ത ഒരു ജീവിതരീതി വിട്ടുകളയാൻ കൂട്ടാക്കാതിരിക്കുകയും ചെയ്തേക്കാം. എന്നാൽ ഒരു വ്യക്തിക്കു സത്യത്തിനുവേണ്ടിയുള്ള യഥാർഥ വിശപ്പും സത്യസന്ധതയും താഴ്മയും ഉണ്ടെങ്കിൽ, ബൈബിൾ ദൈവവചനമാണെന്ന് അയാൾ കാലക്രമത്തിൽ തിരിച്ചറിയും.
4. വിശ്വാസം ആർജിക്കാൻ ഒരു വ്യക്തിയുടെ ഭാഗത്ത് എന്താവശ്യമാണ്?
4 ബൈബിൾ പഠിക്കാൻ സഹായിക്കപ്പെടുന്നവർ ഏതാനും മാസങ്ങൾകൊണ്ട്, അതു ദൈവവചനമാണെന്നതിന് ആവശ്യത്തിലധികം തെളിവുകളുണ്ടെന്നു മനസ്സിലാക്കുന്നു. ഇത് യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിന് തങ്ങളുടെ ഹൃദയം തുറക്കാൻ അവരെ പ്രേരിപ്പിക്കുന്നെങ്കിൽ, പഠിക്കുന്ന സംഗതികൾ അവരുടെ ഉൾചിന്തകളെയും ആഗ്രഹങ്ങളെയും പ്രചോദനങ്ങളെയും ക്രമേണ കരുപ്പിടിപ്പിക്കും. (സങ്കീർത്തനം 143:10) ഒരു വ്യക്തി വിശ്വാസം പ്രകടമാക്കുന്നത് “ഹൃദയംകൊണ്ടാ”ണെന്നു റോമർ 10:10 പറയുന്നു. വ്യക്തിക്ക് യഥാർഥത്തിൽ എന്തു തോന്നുന്നുവെന്ന് അത്തരം വിശ്വാസം പ്രകടമാക്കുന്നു. പിന്നീട് അത് അയാളുടെ ജീവിതഗതിയിൽ പ്രകടമാകുകയും ചെയ്യും.
നോഹ അടിയുറച്ച വിശ്വാസത്തോടെ പ്രവർത്തിച്ചു
5, 6. നോഹയുടെ വിശ്വാസത്തിന്റെ അടിസ്ഥാനമെന്തായിരുന്നു?
5 നോഹയ്ക്ക് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. (എബ്രായർ 11:7) അതിന് അവനുള്ള അടിസ്ഥാനമെന്തായിരുന്നു? നോഹയ്ക്കു ദൈവത്തിന്റെ വചനമുണ്ടായിരുന്നു, എഴുതപ്പെട്ട രൂപത്തിലല്ല, പറയപ്പെട്ട രൂപത്തിൽ. ഉല്പത്തി 6:13 പറയുന്നു: “ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അവൻ നോഹയോട് ഒരു പെട്ടകം പണിയാൻ നിർദേശിച്ചു. തുടർന്ന് അവൻ അതിന്റെ നിർമാണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്രദാനം ചെയ്തു. എന്നിട്ട് ദൈവം പറഞ്ഞു: “ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.”—ഉല്പത്തി 6:14-17.
6 അതിനുമുമ്പു മഴയുണ്ടായിരുന്നോ? ബൈബിൾ പറയുന്നില്ല. “യഹോവയായ ദൈവം . . . മഴ പെയ്യിച്ചിരുന്നില്ല” എന്ന് ഉല്പത്തി 2:5 പറയുന്നുണ്ട്. എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം ജീവിച്ചിരുന്ന മോശ, നോഹയുടെ നാളിനെക്കുറിച്ചല്ല, അതിനു ദീർഘനാൾമുമ്പത്തെ ഒരു കാലത്തെക്കുറിച്ചു വിവരിക്കുകയായിരുന്നു. ഉല്പത്തി 7:4-ൽ പ്രകടമാക്കിയിരിക്കുന്നതുപോലെ, നോഹയോടു സംസാരിക്കവേ യഹോവ മഴയെക്കുറിച്ചു പറഞ്ഞു. വ്യക്തമായും അവൻ പറഞ്ഞതെന്തെന്ന് നോഹയ്ക്കു മനസ്സിലാകുകയും ചെയ്തു. എങ്കിലും, കാണാൻ സാധിക്കുന്ന സംഗതിയിലായിരുന്നില്ല നോഹയുടെ വിശ്വാസം. “കണ്ടിട്ടില്ലാത്ത സംഗതികളെക്കുറിച്ച്” നോഹയ്ക്കു “ദിവ്യമുന്നറിയിപ്പു നൽക”പ്പെട്ടുവെന്നു പൗലൊസ് അപ്പോസ്തലൻ എഴുതി. താൻ ഭൂമിയിൽ ഒരു “ജലപ്രളയം” അഥവാ പുതിയ ലോകഭാഷാന്തരം ഉല്പത്തി 6:17-ന്റെ അടിക്കുറിപ്പിൽ പറയുന്നപ്രകാരം “സ്വർഗീയ സമുദ്രം” വരുത്താൻ പോകുകയാണെന്നു ദൈവം നോഹയോടു പറഞ്ഞു. അന്നോളം, അത്തരമൊരു സംഗതി ഒരിക്കലും സംഭവിച്ചിട്ടില്ലായിരുന്നു. എന്നാൽ നോഹയ്ക്കു ദൃശ്യമായിരുന്ന എല്ലാ സൃഷ്ടിയും ദൈവത്തിന് അത്തരമൊരു വിപത്കരമായ ജലപ്രളയം തീർച്ചയായും വരുത്താൻ കഴിയുമെന്നതിനുള്ള സ്പഷ്ടമായ പ്രകടനമായിരുന്നു. വിശ്വാസത്താൽ പ്രേരിതനായി, നോഹ പെട്ടകം പണിതു.
7. (എ) ദൈവം നോഹയോടു കൽപ്പിച്ചതു ചെയ്യാൻ അവന് എന്ത് ആവശ്യമില്ലായിരുന്നു? (ബി) നോഹയുടെ വിശ്വാസം പരിചിന്തിക്കുന്നതിലൂടെ നമുക്കു പ്രയോജനമുണ്ടാകുന്നതെങ്ങനെ, നമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് ഒരനുഗ്രഹമായേക്കാവുന്നതെങ്ങനെ?
7 ജലപ്രളയം തുടങ്ങുന്ന തീയതി ദൈവം നോഹയോടു പറഞ്ഞിട്ടില്ലായിരുന്നു. എന്നാൽ അതൊരു ഒഴികഴിവായി കണ്ട് പെട്ടകനിർമാണത്തിനും പ്രസംഗവേലയ്ക്കും ജീവിതത്തിൽ രണ്ടാം സ്ഥാനം കൊടുത്തുകൊണ്ട്, ‘കാത്തിരുന്നു-കാണാം’ എന്നൊരു മനോഭാവം നോഹ കൈക്കൊണ്ടില്ല. വേണ്ടത്ര സമയം അനുവദിച്ചുകൊണ്ട്, എപ്പോൾ പെട്ടകത്തിൽ പ്രവേശിക്കണമെന്ന് ദൈവം നോഹയോടു പറഞ്ഞു. അതിനിടെ, “ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.” (ഉല്പത്തി 6:22) നോഹ കാഴ്ചയാലല്ല, വിശ്വാസത്താലാണു നടന്നത്. അവനങ്ങനെ ചെയ്തതിൽ നാമെത്ര നന്ദിയുള്ളവരാണ്! അവന്റെ വിശ്വാസം നിമിത്തമാണു നാമിന്നു ജീവിച്ചിരിക്കുന്നത്. നമ്മുടെ കാര്യത്തിലും, നാം പ്രകടമാക്കുന്ന വിശ്വാസത്തിന് നമ്മുടെയും കുട്ടികളുടെയും നമുക്കു ചുറ്റുമുള്ള മറ്റാളുകളുടെയും ഭാവിയുടെമേൽ കാര്യമായ സ്വാധീനമുണ്ട്.
അബ്രാഹാമിന്റെ വിശ്വാസം
8, 9. (എ) അബ്രാഹാമിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമെന്തായിരുന്നു? (ബി) ഏതു വിധത്തിലാണ് യഹോവ അബ്രാഹാമിനു ‘പ്രത്യക്ഷനാ’യത്?
8 മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക—അബ്രാഹാമിന്റേത്. (എബ്രായർ 11:8-10) അബ്രാഹാമിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമെന്തായിരുന്നു? വിഗ്രഹാരാധനയും ഭൗതികത്വ ചിന്താഗതിയുമുണ്ടായിരുന്ന കൽദയ ദേശത്തെ ഊർ ആയിരുന്നു അവൻ വളർന്ന പശ്ചാത്തലം. എന്നാൽ അബ്രാഹാമിന്റെ വീക്ഷണഗതിയെ രൂപപ്പെടുത്തിയത് മറ്റു സ്വാധീനങ്ങളായിരുന്നു. നിസ്സംശയമായും അവനു നോഹയുടെ പുത്രനായ ശേമിനോടൊപ്പം 150 വർഷം ജീവിക്കാൻ കഴിഞ്ഞിരുന്നു. യഹോവ ‘സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായ അത്യുന്നതദൈവമാ’ണെന്ന് അബ്രാഹാമിനു ബോധ്യമായി.—ഉല്പത്തി 14:23.
9 വേറൊരു സംഗതിക്കും അബ്രാഹാമിനുമേൽ കാര്യമായ സ്വാധീനമുണ്ടായിരുന്നു. ‘അബ്രാഹാം ഹാരാനിൽ വന്നു പാർക്കുംമുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ യഹോവ അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു.’ (പ്രവൃത്തികൾ 7:2, 3) ഏതു വിധത്തിലായിരുന്നു യഹോവ അബ്രാഹാമിന് ‘പ്രത്യക്ഷനാ’യത്? അബ്രാഹാം ദൈവത്തെ നേരിട്ടു കണ്ടില്ല. (പുറപ്പാടു 33:20) എന്നിരുന്നാലും, ഒരു പ്രകൃത്യതീത മഹത്ത്വ പ്രകടനത്തിലൂടെയോ സ്വർഗത്തിൽനിന്നുള്ളൊരു സന്ദേശവാഹകനിലൂടെയോ പ്രതിനിധിയിലൂടെയോ യഹോവ അബ്രാഹാമിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയെന്നത് സാധ്യമാണ്. (ഉല്പത്തി 18:1-3; 28:10-15; ലേവ്യപുസ്തകം 9:4, 6, 23, 24 എന്നിവ താരതമ്യം ചെയ്യുക.) യഹോവ അബ്രാഹാമിനു പ്രത്യക്ഷപ്പെട്ടത് ഏതു മുഖാന്തരത്തിലൂടെയായിരുന്നാലും, ദൈവം തനിക്കു മുമ്പിൽ ഒരമൂല്യ പദവി വെക്കുകയായിരുന്നുവെന്ന് ആ വിശ്വസ്ത പുരുഷന് ഉറപ്പുണ്ടായിരുന്നു. അബ്രാഹാം വിശ്വാസത്തോടെ പ്രതികരിച്ചു.
10. യഹോവ അബ്രാഹാമിന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കിയതെങ്ങനെ?
10 ദൈവം തന്നോടു പോകാൻ പറഞ്ഞ ദേശത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിച്ചതുകൊണ്ടല്ല അബ്രാഹാമിനു വിശ്വാസമുണ്ടായത്. തനിക്കു ദേശം എപ്പോൾ ലഭിക്കുമെന്ന് അറിയുന്നതുമായും അതിനു ബന്ധമില്ലായിരുന്നു. അവന്റെ വിശ്വാസത്തിന് അടിസ്ഥാനം യഹോവ സർവശക്തനായ ദൈവമാണെന്നുള്ള അവന്റെ അറിവായിരുന്നു. (പുറപ്പാടു 6:3) അബ്രാഹാമിന് ഒരു സന്തതിയുണ്ടാകുമെന്ന് യഹോവ അവനോടു പറഞ്ഞു, എന്നാൽ അതെങ്ങനെ സംഭവിക്കുമെന്ന് അബ്രാഹാം ചിലപ്പോഴൊക്കെ ചിന്തിച്ചു. അവൻ വൃദ്ധനാകുകയായിരുന്നു. (ഉല്പത്തി 15:3, 4) ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി, കഴിയുമെങ്കിൽ അവ എണ്ണാൻ അബ്രാഹാമിനോടു പറഞ്ഞുകൊണ്ട് യഹോവ അവന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കി. “നിന്റെ സന്തതി ഇങ്ങനെ ആകു”മെന്നു ദൈവം പറഞ്ഞു. അബ്രാഹാം ആഴത്തിൽ പ്രചോദിതമായി. ആ ഭയഗംഭീര ആകാശഗോളങ്ങളുടെ സ്രഷ്ടാവിനു തന്റെ വാഗ്ദാനം നിവർത്തിക്കാനാകുമെന്നത് വ്യക്തമായിരുന്നു. അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു.” (ഉല്പത്തി 15:5, 6) കേവലം കേൾക്കാൻ കൊള്ളാവുന്ന സംഗതിയായതുകൊണ്ടായിരുന്നില്ല അബ്രാഹാം വിശ്വസിച്ചത്; അവന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു.
11. (എ) അബ്രാഹാമിന് 100 വയസ്സാകാറായപ്പോൾ, സാറാ ഒരു പുത്രനെ പ്രസവിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തോട് അവൻ പ്രതികരിച്ചതെങ്ങനെ? (ബി) പുത്രനെ ബലിയർപ്പിക്കാൻ മോരിയാമലയിലേക്കു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പരിശോധനയെ അബ്രാഹാം ഏതുതരം വിശ്വാസത്തോടെ നേരിട്ടു?
11 അബ്രാഹാമിനു 100-ഉം സാറായ്ക്കു 90-ഉം വയസ്സാകാറായപ്പോൾ അബ്രാഹാമിന് ഒരു പുത്രനുണ്ടാകുമെന്നും സാറാ അമ്മയാകുമെന്നും യഹോവ വാഗ്ദാനം ചെയ്തു. അബ്രാഹാം തങ്ങളുടെ അവസ്ഥയെക്കുറിച്ച് യാഥാർഥ്യബോധത്തോടെ പരിചിന്തിച്ചു. “ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.” (റോമർ 4:19-21) ദൈവത്തിന്റെ വാഗ്ദത്തം പരാജയപ്പെടുകയില്ലെന്ന് അബ്രാഹാമിന് അറിയാമായിരുന്നു. പിന്നീടു പുത്രനെയുംകൊണ്ട് മോരിയാദേശത്തേക്കു പോയി അവിടെ തനിക്കുവേണ്ടി അവനെ ബലിയർപ്പിക്കാൻ ദൈവം പറഞ്ഞപ്പോൾ വിശ്വാസം നിമിത്തം അബ്രാഹാം അനുസരിച്ചു. (ഉല്പത്തി 22:1-12) അത്ഭുതകരമായി ഒരു പുത്രൻ ജനിക്കാൻ ഇടയാക്കിയ ദൈവത്തിന് ആ പുത്രനോടുള്ള ബന്ധത്തിൽ താൻ നടത്തിയിരിക്കുന്ന കൂടുതലായ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി അവനെ വീണ്ടും ജീവനിലേക്കു കൊണ്ടുവരാനാകുമെന്ന് അബ്രാഹാമിനു പൂർണ ബോധ്യമുണ്ടായിരുന്നു.—എബ്രായർ 11:17-19.
12. എത്രകാലം അബ്രാഹാം വിശ്വാസത്താൽ നടക്കുന്നതിൽ തുടർന്നു, അവനും ശക്തമായ വിശ്വാസം പ്രകടമാക്കിയ അവന്റെ കുടുംബാംഗങ്ങൾക്കും എന്തു പ്രതിഫലം ലഭിക്കും?
12 അബ്രാഹാം കേവലം ഒറ്റപ്പെട്ട സാഹചര്യങ്ങളിൽ മാത്രമല്ല, മറിച്ച് ജീവിതത്തിലുടനീളം താൻ വിശ്വാസത്താൽ നയിക്കപ്പെട്ടുവെന്ന് പ്രകടമാക്കി. അബ്രാഹാമിന്റെ ആയുഷ്കാലത്ത്, വാഗ്ദത്തദേശത്തിന്റെ ഒരു ഭാഗംപോലും ദൈവത്തിൽനിന്നുള്ള അവകാശമായി അവനു കിട്ടിയില്ല. (പ്രവൃത്തികൾ 7:5) എങ്കിലും അവൻ മടുപ്പുതോന്നി കൽദയദേശത്തെ ഊരിലേക്കു തിരിച്ചുപോയില്ല. 100 വർഷത്തോളം, മരണത്തോളംതന്നെ, ദൈവം പോകാൻ പറഞ്ഞ ദേശത്ത് അവൻ കൂടാരങ്ങളിൽ പാർത്തു. (ഉല്പത്തി 25:7) അവനെയും ഭാര്യ സാറായെയും പുത്രൻ ഇസ്ഹാക്കിനെയും പൗത്രൻ യാക്കോബിനെയും കുറിച്ച് എബ്രായർ 11:16 പറയുന്നു: “ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.” അതേ, തന്റെ മിശിഹൈക രാജ്യത്തിന്റെ ഭൗമിക മേഖലയിൽ അവൻ അവർക്കൊരു സ്ഥാനം ഒരുക്കിവെച്ചിരിക്കുന്നു.
13. യഹോവയുടെ ദാസന്മാർക്കിടയിൽ ഇന്ന് അബ്രാഹാമിന്റേതുപോലുള്ള വിശ്വാസമുണ്ടെന്നതിനുള്ള തെളിവു നൽകുന്നതാരാണ്?
13 അബ്രാഹാമിനെപ്പോലെയുള്ളവർ ഇന്നു യഹോവയുടെ ജനത്തിനിടയിൽ ഉണ്ട്. അനേക വർഷങ്ങളായി അവർ വിശ്വാസത്താൽ നടക്കുന്നു. ദൈവം നൽകുന്ന ശക്തിയാൽ അവർ പർവതസമാന പ്രതിബന്ധങ്ങൾ തരണം ചെയ്തിട്ടുണ്ട്. (മത്തായി 17:20) ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശം എപ്പോൾ ലഭിക്കുമെന്നറിയില്ലെങ്കിലും അവരുടെ വിശ്വാസം ഉലയുന്നില്ല. യഹോവയുടെ വചനം നിവൃത്തിയേറാതിരിക്കില്ലെന്ന് അവർക്കറിയാം. മാത്രമല്ല അവന്റെ സാക്ഷികളായി എണ്ണപ്പെടുന്നത് അവർക്ക് ഒരമൂല്യ പദവിയാണുതാനും. നിങ്ങൾക്കും അതങ്ങനെയാണോ?
മോശയെ പ്രചോദിപ്പിച്ച വിശ്വാസം
14. മോശയുടെ വിശ്വാസത്തിന് അടിസ്ഥാനമിടപ്പെട്ടതെങ്ങനെ?
14 വിശ്വാസത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് മോശ. അവന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം എന്തായിരുന്നു? ആ അടിസ്ഥാനം ശൈശവത്തിലേ ഇടപ്പെട്ടു. മോശയെ നൈൽ നദിക്കരയിൽ ഒരു ഞാങ്ങണപ്പെട്ടിയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഫറവോന്റെ പുത്രി അവനെ തന്റെ പുത്രനായി എടുത്തെങ്കിലും, കുട്ടിയെ മുലയൂട്ടിയതും ആദ്യവർഷങ്ങളിൽ ശുശ്രൂഷിച്ചതും മോശയുടെ സ്വന്തം മാതാവായ യോഖേബെദ് എന്ന എബ്രായസ്ത്രീയായിരുന്നു. വ്യക്തമായും യോഖേബെദ് യഹോവയോടുള്ള സ്നേഹവും യഹോവ അബ്രാഹാമിനോടു ചെയ്തിരുന്ന വാഗ്ദാനങ്ങളോടുള്ള വിലമതിപ്പും ഉൾപ്പെടെയുള്ള കാര്യങ്ങൾ അവനെ നന്നായി പഠിപ്പിച്ചു. പിന്നീട്, ഫറവോന്റെ ഭവനത്തിലെ ഒരംഗമെന്ന നിലയിൽ, മോശ “മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു.” (പ്രവൃത്തികൾ 7:20-22; പുറപ്പാടു 2:1-10; 6:20; എബ്രായർ 11:23) നല്ല പദവിയിലായിരുന്നിട്ടും, മോശയുടെ ഹൃദയം അടിമത്തത്തിലായിരുന്ന ദൈവജനതയോടൊപ്പമായിരുന്നു.
15. താൻ യഹോവയുടെ ജനത്തോടൊപ്പമാണെന്നു തിരിച്ചറിയിക്കുന്നത് മോശയ്ക്ക് എന്തർഥമാക്കി?
15 തന്റെ 40-ാം വയസ്സിൽ, അന്യായം നേരിട്ട ഒരു ഇസ്രായേല്യനെ രക്ഷിക്കുന്നതിനായി ഒരു ഈജിപ്തുകാരനെ മോശ അടിച്ചുവീഴ്ത്തി. ഈ സംഭവം മോശ ദൈവജനത്തെ എങ്ങനെ വീക്ഷിച്ചിരുന്നുവെന്നു പ്രകടമാക്കി. നിശ്ചയമായും, ‘വിശ്വാസത്താൽ മോശ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിച്ചു.’ ഈജിപ്തിലെ കൊട്ടാരവാസിയെന്ന നിലയിൽ “പാപത്തിന്റെ തല്ക്കാലഭോഗത്തെ” മുറുകെപ്പിടിക്കുന്നതിനുപകരം കഷ്ടമനുഭവിക്കുന്ന ദൈവജനത്തോടൊപ്പമാണ് താനെന്നു തിരിച്ചറിയിക്കാൻ അവൻ വിശ്വാസത്താൽ പ്രേരിതനായി.—എബ്രായർ 11:24, 25; പ്രവൃത്തികൾ 7:23-25.
16. (എ) യഹോവ മോശയ്ക്ക് എന്തു നിയമനം കൊടുത്തു, ദൈവം അവനെ എങ്ങനെ സഹായിച്ചു? (ബി) തന്റെ നിയമനം നിറവേറ്റുന്നതിൽ, മോശ വിശ്വാസം പ്രകടമാക്കിയതെങ്ങനെ?
16 തന്റെ ജനത്തിന് ആശ്വാസം കൈവരുത്തുന്നതിനു പെട്ടെന്നു പ്രവർത്തിക്കണമെന്ന ചിന്തയായിരുന്നു മോശയ്ക്ക്. എന്നാൽ അവരുടെ മോചനത്തിനുള്ള ദൈവത്തിന്റെ സമയമായില്ലായിരുന്നു. മോശയ്ക്ക് ഈജിപ്ത് വിട്ടോടേണ്ടിവന്നു. ഇസ്രായേല്യരെ ഈജിപ്തിൽനിന്നു വിടുവിക്കുന്നതിനായി ആ ദേശത്തേക്കു മടങ്ങാനുള്ള നിയമനം യഹോവ ഒരു ദൂതൻ മുഖാന്തരം മോശയ്ക്കു നൽകിയത് ഏതാണ്ട് 40 വർഷം കഴിഞ്ഞായിരുന്നു. (പുറപ്പാടു 3:2-10) മോശ എങ്ങനെയാണു പ്രതികരിച്ചത്? ഇസ്രായേല്യരെ മോചിപ്പിക്കുന്നതിനുള്ള യഹോവയുടെ പ്രാപ്തിയെക്കുറിച്ച് അവൻ സംശയമൊന്നും പ്രകടിപ്പിച്ചില്ല, എന്നാൽ ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ താൻ അപര്യാപ്തനാണെന്ന് അവനു തോന്നി. സ്നേഹപൂർവം, യഹോവ മോശയ്ക്ക് ആവശ്യമായ പ്രോത്സാഹനം പ്രദാനം ചെയ്തു. (പുറപ്പാടു 3:11–4:17) മോശയുടെ വിശ്വാസം വർധിച്ചു. അവൻ ഈജിപ്തിലേക്കു മടങ്ങിച്ചെന്ന് ഫറവോനു മുഖാമുഖംനിന്ന്, യഹോവയെ ആരാധിക്കാനായി ഇസ്രായേല്യരെ വിട്ടയയ്ക്കാൻ കൂട്ടാക്കാത്തതിന് ഈജിപ്തിൻമേൽ വരാനിരിക്കുന്ന ബാധകളെക്കുറിച്ച് അവന് ആവർത്തിച്ചു മുന്നറിയിപ്പു കൊടുത്തു. തന്റെ സ്വന്തം പ്രാപ്തികൊണ്ട് മോശയ്ക്ക് ആ ബാധകൾ വരുത്താനാകുമായിരുന്നില്ല. അവൻ കാഴ്ചയാൽ അല്ല, വിശ്വാസത്താലാണു നടന്നത്. അവൻ യഹോവയിലും അവന്റെ വചനത്തിലും വിശ്വസിച്ചു. ഫറവോൻ മോശയെ ഭീഷണിപ്പെടുത്തി. എന്നാൽ അതിലൊന്നും മോശ കുലുങ്ങിയില്ല. “വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്ക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.” (എബ്രായർ 11:27) മോശ പൂർണനായിരുന്നില്ല. അവൻ തെറ്റുകൾ ചെയ്തു. (സംഖ്യാപുസ്തകം 20:7-12) എന്നാൽ ദൈവത്തിൽനിന്നുള്ള നിയമനം ലഭിച്ചശേഷം, വിശ്വാസം അവന്റെ മുഴു ജീവിതഗതിയെയും നയിച്ചു.
17. നോഹ, അബ്രാഹാം, മോശ എന്നിവർ ദൈവത്തിന്റെ പുതിയ ലോകം കാണാൻ ജീവിച്ചിരുന്നില്ലെങ്കിലും അവർ വിശ്വാസത്താൽ നടന്നത് എന്തിൽ കലാശിച്ചു?
17 നോഹ, അബ്രാഹാം, മോശ എന്നിവരുടേതുപോലുള്ള വിശ്വാസമായിരിക്കട്ടെ നിങ്ങളുടേതും. അവർ തങ്ങളുടെ നാളിൽ ദൈവത്തിന്റെ പുതിയ ലോകം കണ്ടില്ലെന്നത് സത്യംതന്നെ. (എബ്രായർ 11:39) അപ്പോൾ ദൈവത്തിന്റെ നിയമിത സമയം വന്നെത്തിയിരുന്നില്ല; അവന്റെ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ട, അപ്പോഴും പൂർത്തിയാകേണ്ടിയിരുന്ന മറ്റു സംഗതികളുണ്ടായിരുന്നു. എന്നാൽ ദൈവവചനത്തിലുള്ള അവരുടെ വിശ്വാസത്തിനു കോട്ടം തട്ടിയില്ല, അവരുടെ പേരുകൾ ദൈവത്തിന്റെ ജീവപുസ്തകത്തിലുണ്ട്.
18. സ്വർഗീയ ജീവനിലേക്കു വിളിക്കപ്പെട്ടവർ വിശ്വാസത്താൽ നടക്കുന്നത് അത്യാവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
18 “ദൈവം നമുക്കു വേണ്ടി ഏററവും നല്ലതൊന്നു മുൻകരുതിയിരുന്നു”വെന്നു പൗലൊസ് അപ്പോസ്തലൻ എഴുതി. അതായത്, ക്രിസ്തുവിനോടൊപ്പമുള്ള സ്വർഗീയ ജീവിതത്തിനായി വിളിക്കപ്പെട്ടിരിക്കുന്ന പൗലൊസിനെപ്പോലുള്ളവർക്ക് അവൻ മെച്ചപ്പെട്ട സംഗതി മുൻകരുതിയിരുന്നു. (എബ്രായർ 11:40) വിശേഷാൽ ഇക്കൂട്ടരെ ഉദ്ദേശിച്ചാണ് പൗലൊസ് 2 കൊരിന്ത്യർ 5:7-ൽ “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു” എന്ന് എഴുതിയത്. അതെഴുതിയ സമയത്ത്, അവരിലാർക്കും സ്വർഗീയ പ്രതിഫലം ലഭിച്ചിട്ടില്ലായിരുന്നു. അതവർക്ക് ജഡിക നേത്രങ്ങൾകൊണ്ട് കാണാനാകുമായിരുന്നില്ല, എന്നാൽ അവർക്കതിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. മരിച്ചവരിൽനിന്ന്, അതായത് സ്വർഗീയ ജീവനാൽ അനുഗ്രഹിക്കപ്പെടാനിരുന്നവരിൽ ആദ്യഫലങ്ങളിൽനിന്ന് ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിരുന്നു. അവന്റെ സ്വർഗാരോഹണത്തിനുമുമ്പ് 500-ലധികം സാക്ഷികൾ അവനെ കണ്ടിരുന്നു. (1 കൊരിന്ത്യർ 15:3-8) അവർക്കെല്ലാം തങ്ങളുടെ മുഴുജീവിതഗതിയെയും വിശ്വാസത്താൽ നയിക്കുന്നതിനു മതിയായ കാരണമുണ്ടായിരുന്നു. വിശ്വാസത്താൽ നടക്കുന്നതിനു നമുക്കും ഈടുറ്റ കാരണമുണ്ട്.
19. എബ്രായർ 1:1, 2-ൽ പ്രകടമാക്കിയിരിക്കുന്നതുപോലെ, ദൈവം നമ്മോട് ആരിലൂടെ സംസാരിച്ചിരിക്കുന്നു?
19 കത്തുന്ന മുൾച്ചെടിയിങ്കൽ മോശയോടു സംസാരിച്ചതുപോലെ, യഹോവ ഇന്നു ദൂതന്മാർ മുഖാന്തരം തന്റെ ജനത്തോടു സംസാരിക്കുന്നില്ല. ദൈവം തന്റെ പുത്രനിലൂടെ സംസാരിച്ചിരിക്കുന്നു. (എബ്രായർ 1:1, 2) പുത്രനെക്കൊണ്ട് അവൻ പറയിച്ച സംഗതികൾ അവൻ ബൈബിളിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതാകട്ടെ ലോകമെമ്പാടുമുള്ള ആളുകളുടെ ഭാഷകളിലേക്കു പരിഭാഷ ചെയ്യപ്പെട്ടിട്ടുമുണ്ട്.
20. നോഹ, അബ്രാഹാം, മോശ എന്നിവരെക്കാൾ നമ്മുടെ സ്ഥിതിവിശേഷം വളരെയേറെ അനുകൂലമായിരിക്കുന്നതെന്തുകൊണ്ട്?
20 നോഹ, അബ്രാഹാം, മോശ എന്നിവരെക്കാളധികം നമുക്കു ലഭിച്ചിട്ടുണ്ട്. നമുക്കു ദൈവത്തിന്റെ വചനം പൂർണമായുണ്ട്—അതിന്റെ ഏറിയ ഭാഗവും ഇതിനോടകംതന്നെ നിവൃത്തിയേറുകയും ചെയ്തിരിക്കുന്നു. എല്ലാത്തരം പരിശോധനകൾ നേരിട്ടിട്ടും യഹോവയുടെ വിശ്വസ്ത സാക്ഷികളാണെന്നു തെളിയിച്ച സ്ത്രീപുരുഷന്മാരെക്കുറിച്ചു ബൈബിൾ പറയുന്നതിന്റെയെല്ലാം വെളിച്ചത്തിൽ, എബ്രായർ 12:1 ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുററും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.” നിസ്സാരമായി എടുക്കേണ്ട ഒരു സംഗതിയല്ല നമ്മുടെ വിശ്വാസം. ‘മുറുകെ പറ്റുന്ന പാപം’ വിശ്വാസരാഹിത്യമാണ്. ‘വിശ്വാസത്താൽ നടക്കുന്ന’തിൽ തുടരാൻ കഠിനമായ പോരാട്ടം ആവശ്യമാണ്.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകം കാണുക.
നിങ്ങളുടെ അഭിപ്രായമെന്ത്?
□ ‘വിശ്വാസത്താൽ നടക്കു’ന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?
□ നോഹ വിശ്വാസം പ്രകടമാക്കിയവിധത്തിൽനിന്നു നമുക്കെങ്ങനെ പ്രയോജനം നേടാം?
□ അബ്രാഹാം വിശ്വാസം പ്രകടമാക്കിയവിധം നമ്മെ സഹായിക്കുന്നതെങ്ങനെ?
□ മോശയെ ബൈബിൾ വിശ്വാസത്തിന്റെ മാതൃകയായി സൂചിപ്പിക്കുന്നതെന്തുകൊണ്ട്?
[10-ാം പേജിലെ ചിത്രം]
അബ്രാഹാം വിശ്വാസത്താൽ നടന്നു
[10-ാം പേജിലെ ചിത്രം]
മോശയും അഹരോനും ഫറവോന്റെ മുമ്പിൽ വിശ്വാസം പ്രകടമാക്കി