“നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ”
“നിങ്ങൾ ദൈവേഷ്ടം ചെയ്തശേഷം വാഗ്ദത്ത നിവൃത്തി പ്രാപിക്കേണ്ടതിന് നിങ്ങൾക്കു സഹിഷ്ണുതയുടെ ആവശ്യമുണ്ട്.”—എബ്രായർ 10:36, NW.
1, 2. (എ) ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്ത്യാനികൾക്കും എന്തു സംഭവിച്ചു? (ബി) വിശ്വാസം ദുർബലമായിത്തീരുക എളുപ്പമായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ എഴുത്തുകാരിൽ പൗലൊസിനെപ്പോലെ കൂടെക്കൂടെ വിശ്വാസത്തെ കുറിച്ചു പറയുന്ന മറ്റാരുമില്ല. വിശ്വാസം ദുർബലമായിത്തീർന്നവരെയോ കെട്ടുപോയവരെയോ കുറിച്ച് അവൻ പലപ്പോഴും സംസാരിച്ചു. ഉദാഹരണത്തിന്, ഹുമനയൊസിന്റെയും അലെക്സന്തരുടെയും “വിശ്വാസക്കപ്പൽ തകർന്നുപോയി.” (1 തിമൊഥെയൊസ് 1:19, 20) ദേമാസ് “ഈ വ്യവസ്ഥിതിയെ സ്നേഹിച്ച”തുകൊണ്ട് പൗലൊസിനെ ഉപേക്ഷിച്ചു. (2 തിമൊഥെയൊസ് 4:10, NW) ക്രിസ്തീയമല്ലാത്ത, നിരുത്തരവാദപരമായ പ്രവർത്തനങ്ങളാൽ ചിലർ “വിശ്വാസം തള്ളിക്കളഞ്ഞി”രിക്കുന്നു. വ്യാജ ജ്ഞാനത്താൽ വഞ്ചിക്കപ്പെട്ടു ചിലർ “വിശ്വാസം വിട്ടു തെററിപ്പോയിരിക്കുന്നു.”—1 തിമൊഥെയൊസ് 5:8; 6:20, 21.
2 ആ അഭിഷിക്ത ക്രിസ്ത്യാനികൾ ഈ വിധങ്ങളിൽ പരാജയപ്പെട്ടത് എന്തുകൊണ്ട്? “വിശ്വാസം എന്നതു പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണപ്പെടുന്നില്ലെങ്കിലും യാഥാർഥ്യങ്ങളുടെ പ്രസ്പഷ്ട പ്രകടനം ആകുന്നു.” (എബ്രായർ 11:1, NW) നമുക്കു കാണാൻ കഴിയാത്ത സംഗതികളിലാണ് നാം വിശ്വാസം പ്രകടമാക്കുന്നത്. കാണപ്പെടുന്ന സംഗതികളുടെ കാര്യത്തിൽ നമുക്ക് അതിന്റെ ആവശ്യമില്ല. കാണപ്പെടാത്ത ആത്മീയ സമ്പത്തിനായി പ്രവർത്തിക്കുന്നതിനെക്കാൾ എളുപ്പമാണ് ദൃശ്യമായ സമ്പത്തിനായി പ്രവർത്തിക്കുന്നത്. (മത്തായി 19:21, 22) “ജഡമോഹം, കണ്മോഹം” എന്നിവയുമായി ബന്ധപ്പെട്ട അനേകം ദൃശ്യ സംഗതികളും നമ്മുടെ അപൂർണ ജഡത്തെ ശക്തമായി ആകർഷിക്കുന്നു, അവയ്ക്കു നമ്മുടെ വിശ്വാസത്തെ ദുർബലമാക്കാൻ കഴിയും.—1 യോഹന്നാൻ 2:16.
3. ഒരു ക്രിസ്ത്യാനി ഏതുതരം വിശ്വാസം നട്ടുവളർത്തണം?
3 എങ്കിലും പൗലൊസ് പറയുന്നു: “ദൈവത്തെ സമീപിക്കുന്നവർ ദൈവം ഉണ്ട് എന്നും അവൻ തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു പ്രതിഫലദായകൻ ആയിത്തീരുന്നു എന്നും വിശ്വസിക്കണം.” മോശയ്ക്ക് അതുപോലുള്ള വിശ്വാസം ഉണ്ടായിരുന്നു. അവൻ “പ്രതിഫലലബ്ധിയിലേക്ക് ഉറ്റുനോക്കുക”യും “അദൃശ്യനായവനെ കണ്ടതുപോലെ ഉറച്ചുനിൽക്കുന്നതിൽ തുടരുക”യും ചെയ്തു. (എബ്രായർ 11:6, 24, 26, 27, NW) ഒരു ക്രിസ്ത്യാനിക്ക് ഇത്തരത്തിലുള്ള വിശ്വാസമാണ് ആവശ്യമായിരിക്കുന്നത്. മുൻ ലേഖനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, അബ്രാഹാം ഇക്കാര്യത്തിൽ ഒരു നല്ല മാതൃക ആയിരുന്നു.
വിശ്വാസം—അബ്രാഹാമിന്റെ മാതൃക
4. അബ്രാഹാമിന്റെ വിശ്വാസം അവന്റെ ജീവിതഗതിയെ സ്വാധീനിച്ചത് എങ്ങനെ?
4 തനിക്ക് ഒരു സന്തതി ജനിക്കുമെന്നും അത് എല്ലാ ജാതികളിലെ ആളുകൾക്കും ഒരു അനുഗ്രഹം ആയിരിക്കുമെന്നും ഉള്ള ദൈവത്തിന്റെ വാഗ്ദാനം ലഭിക്കുമ്പോൾ അബ്രാഹാം ഊർ ദേശത്തായിരുന്നു. (ഉല്പത്തി 12:1-3; പ്രവൃത്തികൾ 7:2, 3) ആ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ, അബ്രാഹാം യഹോവയെ അനുസരിച്ചുകൊണ്ട് ആദ്യം ഹാരാനിലേക്കും പിന്നെ കനാനിലേക്കും മാറിത്താമസിച്ചു. അവിടെവെച്ച്, അബ്രാഹാമിന്റെ സന്തതിക്ക് ആ ദേശം നൽകുമെന്ന് യഹോവ വാഗ്ദാനം ചെയ്തു. (ഉല്പത്തി 12:7; നെഹെമ്യാവു 9:7, 8) എന്നിരുന്നാലും, യഹോവ വാഗ്ദാനം ചെയ്തിരുന്ന മിക്ക സംഗതികളും അബ്രാഹാമിന്റെ മരണത്തിനുശേഷമേ നിവൃത്തിയേറുമായിരുന്നുള്ളൂ. ഉദാഹരണത്തിന്, കനാൻ ദേശത്തിന്റെ ഒരു ഭാഗംപോലും അബ്രാഹാമിനു സ്വന്തമായി ലഭിച്ചില്ല—ശ്മശാന ഭൂമിയായി അവൻ വാങ്ങിയ മക്പേലാ എന്ന ഗുഹ മാത്രമായിരുന്നു അതിന് ഒരു അപവാദം. (ഉല്പത്തി 23:1-20) എങ്കിലും, അവന് യഹോവയുടെ വചനത്തിൽ വിശ്വാസം ഉണ്ടായിരുന്നു. അതിലുമുപരി, “ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ” ഒരു ഭാവി “നഗര”ത്തിൽ അവനു വിശ്വാസം ഉണ്ടായിരുന്നു. (എബ്രായർ 11:10) ജീവിതത്തിൽ ഉടനീളം അവനെ നിലനിർത്തിയത് അത്തരം വിശ്വാസമായിരുന്നു.
5, 6. യഹോവയുടെ വാഗ്ദാനം സംബന്ധിച്ച് അബ്രാഹാമിന്റെ വിശ്വാസം ഏതു വിധത്തിൽ പരീക്ഷിക്കപ്പെട്ടു?
5 അബ്രാഹാമിന്റെ സന്തതി ഒരു മഹാ ജാതി ആയിത്തീരുമെന്നുള്ള വാഗ്ദാനത്തിന്റെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമായിരുന്നു. ഇത് സംഭവിക്കുന്നതിന്, അബ്രാഹാമിന് ഒരു പുത്രൻ ജനിക്കണമായിരുന്നു. ഒരു പുത്രൻ ഉണ്ടാകാൻ അവൻ ദീർഘകാലം കാത്തിരുന്നു. ദൈവത്തിന്റെ വാഗ്ദാനം ആദ്യം കേട്ടപ്പോൾ അവന് എത്ര വയസ്സായിരുന്നു എന്നു നമുക്ക് അറിയില്ല. എന്നാൽ ഹാരാനിലേക്കു ദീർഘയാത്ര ചെയ്തപ്പോൾ, യഹോവ അവന് ഒരു കുട്ടിയെ നൽകിയിട്ടില്ലായിരുന്നു. (ഉല്പത്തി 11:30) ഹാരാനിൽ ദീർഘകാലം ജീവിച്ച അവൻ ‘സമ്പത്ത് ഉണ്ടാക്കുകയും ആളുകളെ സമ്പാദിക്കുകയും’ ചെയ്തു. അവിടെനിന്നു കനാനിലേക്കു യാത്രയാകുമ്പോൾ അവന് 75-ഉം സാറായ്ക്ക് 65-ഉം വയസ്സായിരുന്നു. അപ്പോഴും അവന് ഒരു പുത്രൻ ജനിച്ചിരുന്നില്ല. (ഉല്പത്തി 12:4, 5) എഴുപതുകളുടെ മധ്യേ എത്തിയപ്പോൾ സാറാ, തനിക്ക് അബ്രാഹാമിന്റെ കുട്ടിക്ക് അമ്മയാകാൻ കഴിയാത്തവിധം പ്രായമായി എന്നു വിചാരിച്ചു. അതുകൊണ്ട്, അക്കാലത്തെ ഒരു ആചാരം പിന്തുടർന്നുകൊണ്ട് അവൾ തന്റെ ദാസിയായ ഹാഗാറിനെ അബ്രാഹാമിനു നൽകി. അങ്ങനെ അവന് അവളിൽ ഒരു പുത്രൻ ജനിച്ചു. എന്നാൽ ഇത് വാഗ്ദത്ത സന്തതി ആയിരുന്നില്ല. ഹാഗാറും അവളുടെ പുത്രൻ യിശ്മായേലും അവസാനം പറഞ്ഞയക്കപ്പെട്ടു. എങ്കിലും, അവർക്കുവേണ്ടി അബ്രാഹാം അഭ്യർഥന കഴിച്ചപ്പോൾ, യഹോവ യിശ്മായേലിനെ അനുഗ്രഹിക്കാമെന്നു വാഗ്ദാനം ചെയ്തു.—ഉല്പത്തി 16:1-4, 10; 17:15, 16, 18-20; 21:8-21.
6 ദൈവത്തിന്റേതായ സമയത്ത്—ആദ്യമായി വാഗ്ദാനം കേട്ട് വളരെ വളരെ കാലം കഴിഞ്ഞ്—അബ്രാഹാമിനു 100-ഉം സാറായ്ക്കു 90-ഉം വയസ്സുള്ളപ്പോൾ അവർക്ക് ഒരു പുത്രൻ, യിസ്ഹാക്ക്, ജനിച്ചു. അത് എത്ര അത്ഭുതകരം ആയിരുന്നിരിക്കണം! ഈ വൃദ്ധ ദമ്പതികളുടെ “നിർജ്ജീവ” ശരീരങ്ങൾ ഒരു കുട്ടിക്കു ജന്മം നൽകിയപ്പോൾ, അവർക്ക് അത് ഏതാണ്ട് ഒരു പുനരുത്ഥാനം പോലെ ആയിരുന്നു. (റോമർ 4:19-21) ദീർഘ കാലത്തെ കാത്തിരിപ്പു വെറുതെയായില്ല, അവസാനം അവർ വാഗ്ദാന നിവൃത്തി കാണുകതന്നെ ചെയ്തു.
7. വിശ്വാസം സഹിഷ്ണുതയുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
7 വിശ്വാസം ഹ്രസ്വമായ ഒരു കാലഘട്ടത്തേക്ക് ഉണ്ടായിരുന്നാൽ പോര എന്ന് അബ്രാഹാമിന്റെ മാതൃക നമ്മെ അനുസ്മരിപ്പിക്കുന്നു. പൗലൊസ് വിശ്വാസത്തെ സഹിഷ്ണുതയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അവൻ എഴുതി: “നിങ്ങൾ ദൈവേഷ്ടം ചെയ്തശേഷം വാഗ്ദത്ത നിവൃത്തി പ്രാപിക്കേണ്ടതിന് നിങ്ങൾക്കു സഹിഷ്ണുതയുടെ ആവശ്യമുണ്ട്. . . . നാം നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, മറിച്ച് വിശ്വാസമുള്ളവരായി ജീവനോടെ സംരക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലുള്ളവർ ആകുന്നു.” (എബ്രായർ 10:36-39, NW) വാഗ്ദാന നിവൃത്തിക്കായി അനേകരും ദീർഘകാലമായി കാത്തിരിക്കുന്നു. ചിലർ തങ്ങളുടെ ജീവിതകാലം മുഴുവനും കാത്തിരുന്നിട്ടുണ്ട്. അവരുടെ ശക്തമായ വിശ്വാസം അവരെ നിലനിർത്തിയിരിക്കുന്നു. അബ്രാഹാമിനെപ്പോലെ, യഹോവയുടെ തക്കസമയത്ത് അവർക്കു പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും.—ഹബക്കൂക് 2:3.
ദൈവത്തെ ശ്രദ്ധിക്കൽ
8. നാം ഇന്നു ദൈവത്തെ ശ്രദ്ധിക്കുന്നത് എങ്ങനെ, അതു നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എന്തുകൊണ്ട്?
8 ചുരുങ്ങിയത് നാലു സംഗതികൾ അബ്രാഹാമിന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കി; അതേ സംഗതികൾക്കു നമ്മെയും സഹായിക്കാൻ കഴിയും. ഒന്ന്, യഹോവ സംസാരിച്ചപ്പോൾ ശ്രദ്ധിച്ചുകൊണ്ട് അവൻ ‘ദൈവം ഉണ്ട് എന്ന വിശ്വാസം’ പ്രകടമാക്കി. അങ്ങനെ അവൻ യിരെമ്യാവിന്റെ നാളിലെ യഹൂദന്മാരിൽനിന്നു വ്യത്യസ്തൻ ആയിരുന്നു; അവർ യഹോവയിൽ വിശ്വസിച്ചിരുന്നെങ്കിലും അവന്റെ വാക്കുകളിൽ വിശ്വസിച്ചിരുന്നില്ല. (യിരെമ്യാവു 44:15-19) ഇന്ന്, യഹോവ തന്റെ നിശ്വസ്ത വചനമായ ബൈബിളിലൂടെ നമ്മോടു സംസാരിക്കുന്നു. ഈ വചനം “നിങ്ങളുടെ ഹൃദയങ്ങളിൽ . . . ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ” ആണ് എന്നു പത്രൊസ് പറയുന്നു. (2 പത്രൊസ് 1:19) നാം ശ്രദ്ധാപൂർവം ബൈബിൾ വായിക്കുമ്പോൾ, നമുക്കു ‘വിശ്വാസത്തിന്റെ വചനത്താൽ പോഷണം ലഭി’ക്കുകയാണ്. (1 തിമൊഥെയൊസ് 4:6; റോമർ 10:17) മാത്രവുമല്ല, ഈ അന്ത്യകാലത്ത്, “വിശ്വസ്തനും വിവേകിയുമായ അടിമ” “തക്ക സമയത്ത്” ആത്മീയ “ആഹാരം”—ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ മാർഗനിർദേശവും ബൈബിൾ പ്രവചനങ്ങൾ സംബന്ധിച്ച ഗ്രാഹ്യവും—പ്രദാനം ചെയ്യുന്നുമുണ്ട്. (മത്തായി 24:45-47, NW] ഈ ഉപാധികളിലൂടെ യഹോവയെ ശ്രദ്ധിക്കുന്നതു ശക്തമായ വിശ്വാസത്തിന് അത്യന്താപേക്ഷിതാണ്.
9. നാം ക്രിസ്തീയ പ്രത്യാശയിൽ യഥാർഥത്തിൽ വിശ്വസിക്കുന്നെങ്കിൽ, അത് എന്തിൽ കലാശിക്കും?
9 അബ്രാഹാമിന്റെ വിശ്വാസം അവന്റെ പ്രത്യാശയുമായി അടുത്തു ബന്ധപ്പെട്ടിരുന്നു. “താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ . . . ആശയോടെ [“പ്രത്യാശയോടെ,” NW] വിശ്വസിച്ചു.” (റോമർ 4:18) ഇതാണു നമ്മെ സഹായിക്കുന്ന രണ്ടാമത്തെ സംഗതി. “തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവരുടെ പ്രതിഫലദായകൻ” ആണ് യഹോവ എന്നു നാം ഒരിക്കലും വിസ്മരിക്കരുത്. പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു: “ജീവനുള്ള ദൈവത്തിൽ ആശവെച്ചു [“പ്രത്യാശവെച്ചു,” NW] അദ്ധ്വാനിച്ചും പോരാടിയും വരുന്നു.” (1 തിമൊഥെയൊസ് 4:10) നാം ക്രിസ്തീയ പ്രത്യാശയിൽ യഥാർഥത്തിൽ വിശ്വസിക്കുന്നെങ്കിൽ, അബ്രാഹാമിന്റെ കാര്യത്തിലെന്നപോലെ, നമ്മുടെ മുഴുജീവിതഗതിയും നമ്മുടെ വിശ്വാസത്തിന്റെ ഒരു പ്രകടനം ആയിരിക്കും.
ദൈവവുമായി സംസാരിക്കൽ
10. ഏതുതരം പ്രാർഥന നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കും?
10 അബ്രാഹാം ദൈവവുമായി സംസാരിച്ചു; ഇതായിരുന്നു അവന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കിയ മൂന്നാമത്തെ സംഗതി. പ്രാർഥിക്കുന്നതിനുള്ള പദവി യേശുക്രിസ്തുവിലൂടെ ഉപയോഗിച്ചുകൊണ്ട് ഇന്നു നമുക്കും യഹോവയോടു സംസാരിക്കാൻ കഴിയും. (യോഹന്നാൻ 14:6; എഫെസ്യർ 6:18) നിരന്തരം പ്രാർഥിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്ന ഒരു ഉപമ പറഞ്ഞതിനുശേഷം ആയിരുന്നു യേശു ഈ ചോദ്യം ചോദിച്ചത്: “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ”? (ലൂക്കൊസ് 18:8) വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന പ്രാർഥന ചിന്താശൂന്യമോ യാന്ത്രികമോ ആയിരിക്കുകയില്ല. അതു വളരെ വളരെ അർഥസമ്പുഷ്ടം ആയിരിക്കും. ഉദാഹരണത്തിന്, നമുക്കു പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടതുള്ളപ്പോഴോ നാം വലിയ സമ്മർദത്തിൻകീഴിൽ ആയിരിക്കുമ്പോഴോ ഹൃദയംഗമമായ പ്രാർഥന മർമപ്രധാനമാണ്.—ലൂക്കൊസ് 6:12, 13; 22:41-44.
11. (എ) ദൈവത്തോടു ഹൃദയം തുറന്നു സംസാരിച്ചപ്പോൾ അബ്രാഹാം ബലിഷ്ഠനാക്കപ്പെട്ടത് എങ്ങനെ? (ബി) അബ്രാഹാമിന്റെ അനുഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
11 അബ്രാഹാം വൃദ്ധനായിക്കൊണ്ടിരുന്നു, യഹോവ അവനു വാഗ്ദത്ത സന്തതിയെ നൽകിയുമില്ല. അപ്പോൾ അവൻ തന്റെ ഉത്കണ്ഠ ദൈവത്തെ അറിയിച്ചു. യഹോവ അവനെ ആശ്വസിപ്പിച്ചു. ഫലമോ? അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” എന്നിട്ട്, തന്റെ ആശ്വാസ വചനങ്ങൾ സ്ഥിരീകരിക്കുന്നതിനായി യഹോവ ഒരു അടയാളം പ്രദാനം ചെയ്തു. (ഉല്പത്തി 15:1-18) നാം ഹൃദയം തുറന്നു യഹോവയോടു പ്രാർഥിക്കുകയും അവന്റെ വചനമായ ബൈബിളിലെ അവന്റെ ഉറപ്പുകൾ കൈക്കൊള്ളുകയും പൂർണ വിശ്വാസത്തോടെ അവനെ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ നമ്മുടെ വിശ്വാസത്തെയും ബലിഷ്ഠമാക്കും.—മത്തായി 21:22; യൂദാ 20, 21.
12, 13. (എ) യഹോവയുടെ മാർഗനിർദേശം പിൻപറ്റിയപ്പോൾ അബ്രാഹാം അനുഗ്രഹിക്കപ്പെട്ടത് എങ്ങനെ? (ബി) ഏതുതരം അനുഭവങ്ങൾ നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കും?
12 അബ്രാഹാമിന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കിയ നാലാമത്തെ സംഗതി, അവൻ ദൈവത്തിന്റെ മാർഗനിർദേശം പിൻപറ്റിയപ്പോൾ യഹോവ അവനു നൽകിയ പിന്തുണ ആയിരുന്നു. പിടിച്ചടക്കാനെത്തിയ രാജാക്കന്മാരിൽനിന്നു ലോത്തിനെ രക്ഷിക്കാൻ അബ്രാഹാം പുറപ്പെട്ടപ്പോൾ, യഹോവ അവനു വിജയം നൽകി. (ഉല്പത്തി 14:16, 20) തന്റെ സന്തതി അവകാശപ്പെടുത്താനിരുന്ന ദേശത്തു പ്രവാസിയെപ്പോലെ പാർത്തിരുന്ന സമയത്ത് യഹോവ അബ്രാഹാമിനെ ഭൗതികമായി അനുഗ്രഹിച്ചു. (ഉല്പത്തി 14:21-23 താരതമ്യം ചെയ്യുക.) യിസ്ഹാക്കിനു യോജിച്ച ഒരു ഭാര്യയെ കണ്ടെത്തുന്നതിനുള്ള അവന്റെ ഗൃഹവിചാരകന്റെ ശ്രമങ്ങളുടെമേൽ യഹോവയുടെ വഴിനടത്തിപ്പ് ഉണ്ടായിരുന്നു. (ഉല്പത്തി 24:10-27) അതേ, യഹോവ ‘അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചു.’ (ഉല്പത്തി 24:1) തത്ഫലമായി അവന്റെ വിശ്വാസം വളരെ ശക്തമാകുകയും യഹോവ അവനെ ‘എന്റെ സ്നേഹിതൻ’ എന്നു വിളിക്കുമാറ് യഹോവയാം ദൈവവുമായി അവനു വളരെ അടുത്ത ബന്ധമുണ്ടാകുകയും ചെയ്തു.—യെശയ്യാവു 41:8; യാക്കോബ് 2:23.
13 ഇന്നു നമുക്ക് അത്തരം ശക്തമായ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയുമോ? കഴിയും. അബ്രാഹാമിനെപ്പോലെ, നാം യഹോവയുടെ കൽപ്പനകൾ അനുസരിച്ചുകൊണ്ട് അവനെ പരീക്ഷിക്കുന്നെങ്കിൽ, അവൻ നമ്മെയും അനുഗ്രഹിക്കും. അതു നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്യും. ഉദാഹരണത്തിന്, 1998 സേവനവർഷ റിപ്പോർട്ടിലേക്ക് ഒന്നു കണ്ണോടിച്ചു നോക്കുക. സുവാർത്ത പ്രസംഗിക്കുന്നതിനുള്ള അവന്റെ കൽപ്പന അനുസരിച്ചപ്പോൾ അനേകരും അത്ഭുതകരമാംവിധം അനുഗ്രഹിക്കപ്പെട്ടു എന്ന് അതു പ്രകടമാക്കുന്നു.—മർക്കൊസ് 13:10.
ഇന്നു വിശ്വാസത്തിന്റെ തെളിവ്
14. രാജ്യ വാർത്ത നമ്പർ 35-ന്റെ വിതരണത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നത് എങ്ങനെ?
14 ദശലക്ഷക്കണക്കിനു സാക്ഷികളുടെ തീക്ഷ്ണതയും ഉത്സാഹവും ഹേതുവായി 1997 ഒക്ടോബറിൽ രാജ്യ വാർത്ത നമ്പർ 35 ലോകവ്യാപകമായി വിതരണം ചെയ്തത് ഒരു വമ്പിച്ച വിജയമായിരുന്നു. അതിന്റെ നല്ലൊരു ഉദാഹരണമാണ് ഘാനയിൽ സംഭവിച്ചത്. 4 ഭാഷകളിലായി ഏകദേശം 25 ലക്ഷം പ്രതികൾ അവിടെ വിതരണം ചെയ്യപ്പെട്ടു. അതിന്റെ ഫലമായി ഏകദേശം 2,000 ബൈബിൾ അധ്യയനങ്ങൾക്കുള്ള അപേക്ഷകൾ ലഭിച്ചു. സൈപ്രസിൽ രാജ്യ വാർത്ത വിതരണത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു സാക്ഷികൾ തങ്ങളെ ഒരു പുരോഹിതൻ പിന്തുടരുന്നതായി ശ്രദ്ധിച്ചു. അൽപ്പം കഴിഞ്ഞ്, അവർ രാജ്യ വാർത്തയുടെ ഒരു പ്രതി അദ്ദേഹത്തിനു നൽകി. അതിനോടകംതന്നെ ഒരു പ്രതി ലഭിച്ചിരുന്ന അദ്ദേഹം പറഞ്ഞു: “ഇതിലെ സന്ദേശം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതു തയ്യാറാക്കിയവർക്ക് എന്റെ അഭിനന്ദനങ്ങൾ.” ഡെൻമാർക്കിൽ രാജ്യ വാർത്തയുടെ 15 ലക്ഷം പ്രതികൾ വിതരണം ചെയ്യപ്പെട്ടു. നല്ല ഫലങ്ങളും ഉണ്ടായി. പബ്ലിക് റിലേഷൻസിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീ പറഞ്ഞു: “സകലർക്കും വേണ്ടിയുള്ള ഒരു സന്ദേശമാണ് ഈ ലഘുലേഖയിൽ ഉള്ളത്. ഇത് എളുപ്പം മനസ്സിലാക്കാവുന്നതും പ്രചോദനാത്മകവും ആണ്. കൂടുതൽ അറിയാനുള്ള ആഗ്രഹം ഉളവാക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് ഉദ്ദേശിച്ച ഫലംതന്നെ ഉണ്ടാകും!”
15. ആളുകളെ കണ്ടുമുട്ടുന്നിടത്തെല്ലാം അവരോടു പ്രസംഗിക്കുന്നതിനുള്ള ശ്രമത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു എന്ന് ഏതെല്ലാം അനുഭവങ്ങൾ പ്രകടമാക്കുന്നു?
15 1998-ൽ ആളുകളോട് അവരുടെ ഭവനങ്ങളിൽവെച്ചു മാത്രമല്ല, കണ്ടുമുട്ടുന്ന ഏതു സ്ഥലത്തുവെച്ചും പ്രസംഗിക്കുന്നതിനുള്ള ശ്രമം നടത്തുകയുണ്ടായി. ഐവറി കോസ്റ്റിൽ ഒരു മിഷനറി ദമ്പതികൾ തുറമുഖത്തെ 322 കപ്പലുകളിൽ സന്ദർശനം നടത്തി. അവർ 247 പുസ്തകങ്ങളും 2,284 മാസികകളും 500 ലഘുപത്രികകളും നൂറുകണക്കിനു ലഘുലേഖകളും കൂടാതെ യാത്രയ്ക്കിടയിൽ കപ്പൽജോലിക്കാർക്കു കാണുന്നതിനുവേണ്ടി വീഡിയോകളും സമർപ്പിച്ചു. കാനഡയിൽ ഒരു സാക്ഷി ഒരു വാഹന-ബോഡി നിർമാണ ഷോപ്പിൽ ചെന്നു. ഉടമ താത്പര്യം പ്രകടമാക്കി, തുടർന്ന് അവിടെ നാലര മണിക്കൂറോളം ചെലവഴിച്ച ആ സഹോദരന് ഇടപാടുകാർ വന്നും പോയുമിരുന്നതിനാൽ ഒരു മണിക്കൂറോളമേ സാക്ഷ്യം കൊടുക്കാൻ കഴിഞ്ഞുള്ളൂ. അവസാനം, രാത്രി 10 മണിക്ക് ഒരു അധ്യയനം ക്രമീകരിച്ചു. അധ്യയനം തുടങ്ങാൻ ചിലപ്പോഴൊക്കെ അർധരാത്രിയോളം കാത്തിരിക്കേണ്ടിവരുമായിരുന്നു. വെളുപ്പിന് 2 മണിവരെ അധ്യയനം നീണ്ടുപോയ സന്ദർഭങ്ങളുമുണ്ട്. അധ്യയന സമയം വെല്ലുവിളിപരം ആയിരുന്നെങ്കിലും, നല്ല ഫലമുണ്ടായി. യോഗങ്ങൾക്കു സംബന്ധിക്കാനായി ഞായറാഴ്ചകളിൽ ഷോപ്പ് അടച്ചിടാൻ ആ മനുഷ്യൻ തീരുമാനിച്ചു. അദ്ദേഹവും കുടുംബവും നന്നായി പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.
16. ആവശ്യം ലഘുപത്രികയും പരിജ്ഞാനം പുസ്തകവും പ്രസംഗ-പഠിപ്പിക്കൽ വേലയിൽ നല്ല സ്വാധീനം ചെലുത്തുന്ന ഉപകരങ്ങളാണെന്ന് ഏതെല്ലാം അനുഭവങ്ങൾ പ്രകടമാക്കുന്നു?
16 ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകവും പ്രസംഗ-പഠിപ്പിക്കൽ വേലയിൽ നല്ല സ്വാധീനം ചെലുത്തുന്ന ഉപകരണങ്ങളായി തുടരുകയാണ്. ഇറ്റലിയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരു കന്യാസ്ത്രീ രാജ്യ വാർത്തയുടെ ഒരു പ്രതി സ്വീകരിച്ചു. അടുത്ത ദിവസം, ആവശ്യം ലഘുപത്രിക വെച്ചുനീട്ടിയപ്പോൾ അവർ അതും സ്വീകരിച്ചു. ദിവസേന ബസ് സ്റ്റോപ്പിൽവെച്ച് അവരുമായി പത്തു പതിനഞ്ചു മിനിറ്റുനേരം ബൈബിൾ അധ്യയനം നടത്തി. ഒന്നര മാസം കഴിഞ്ഞ് അവർ മഠം ഉപേക്ഷിച്ച് ഗ്വാട്ടിമാലയിലെ വീട്ടിലേക്കു പോയി അവിടെ അധ്യയനം തുടരാൻ തീരുമാനിച്ചു. ഇനി മലാവിയിൽനിന്നുള്ള ഒരു അനുഭവം. മുടങ്ങാതെ പള്ളിയിൽ പോകുമായിരുന്ന ഭക്തയായ ലോബീനാ എന്ന സ്ത്രീ തന്റെ പുത്രിമാർ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ആകെ അസ്വസ്ഥയായി. ഇനി ആ പെൺകുട്ടികളാണെങ്കിലോ, സാധിക്കുമ്പോഴൊക്കെ അമ്മയോടു ബൈബിൾ സത്യങ്ങളെ കുറിച്ചു സംസാരിക്കാനും തുടങ്ങി. 1997 ജൂണിൽ, ലോബീനാ പരിജ്ഞാനം പുസ്തകം കാണാനിടയായി. “നയിക്കുന്ന പരിജ്ഞാനം” എന്ന പ്രയോഗത്തിൽ അവർക്കു താത്പര്യം തോന്നി. ജൂലൈയിൽ അവർ ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു. ആഗസ്റ്റിൽ അവർ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുകയും മുഴു പരിപാടിയും സസൂക്ഷ്മം ശ്രദ്ധിക്കുകയും ചെയ്തു. ആ മാസത്തിന്റെ അവസാനമായപ്പോഴേക്കും പള്ളി വിട്ടുപോരുകയും തുടർന്ന് പ്രസാധികയായി യോഗ്യത നേടുകയും ചെയ്ത അവർ 1997 നവംബറിൽ സ്നാപനമേറ്റു.
17, 18. സൊസൈറ്റിയുടെ വീഡിയോകൾ വ്യക്തികളെ ആത്മീയ സംഗതികൾ “കാണാൻ” സഹായിക്കുന്നതിൽ പ്രയോജനപ്രദമെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
17 സൊസൈറ്റിയുടെ വീഡിയോകൾ അനേകരെ ആത്മീയ കാര്യങ്ങൾ “കാണാൻ” സഹായിച്ചിരിക്കുന്നു. അനൈക്യം കണ്ടതിനെത്തുടർന്ന് മൗറീഷ്യസിൽ ഒരു മനുഷ്യൻ തന്റെ പള്ളി ഉപേക്ഷിച്ചു. ദിവ്യബോധനത്താൽ ഏകീകൃതർ എന്ന വീഡിയോ ഉപയോഗിച്ചുകൊണ്ട് ഒരു മിഷനറി അദ്ദേഹത്തെ യഹോവയുടെ സാക്ഷികളുടെ ഐക്യം കാണിച്ചുകൊടുത്തു. അതിൽ മതിപ്പു തോന്നിയ ആ മനുഷ്യൻ പറഞ്ഞു: “നിങ്ങൾ യഹോവയുടെ സാക്ഷികൾ ഇപ്പോൾത്തന്നെ ഒരു പറുദീസയിൽ ആണല്ലോ!” അദ്ദേഹം ബൈബിളധ്യയനം സ്വീകരിച്ചു. ജപ്പാനിലെ ഒരു സഹോദരി തന്റെ അവിശ്വാസിയായ ഭർത്താവിനെ യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന എന്ന വീഡിയോ കാണിച്ചുകൊടുത്തു. തത്ഫലമായി അദ്ദേഹം ക്രമമുള്ള ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു. ദിവ്യബോധനത്താൽ ഏകീകൃതർ എന്ന വീഡിയോ കണ്ടതോടെ അദ്ദേഹത്തിന് ഒരു യഹോവയുടെ സാക്ഷി ആയിത്തീരണമെന്ന ആഗ്രഹമായി. ബൈബിൾ—വസ്തുതയുടെയും പ്രവചനത്തിന്റെയും ഒരു പുസ്തകം എന്ന ശീർഷകത്തിലുള്ള പരമ്പരയിലെ മൂന്നു വീഡിയോകൾ കണ്ടത് ബൈബിൾ തത്ത്വങ്ങൾ തന്റെ ജീവിതത്തിൽ ബാധകമാക്കാൻ അദ്ദേഹത്തെ സഹായിച്ചു. അവസാനം, യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ സാത്താന്റെ ആക്രമണങ്ങൾക്കെതിരെ യഹോവ തന്റെ ജനത്തെ ബലിഷ്ഠമാക്കുന്നു എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. 1997 ഒക്ടോബറിൽ ആ മനുഷ്യൻ സ്നാപനമേറ്റു.
18 കഴിഞ്ഞ സേവനവർഷം ആസ്വദിച്ച അനേകമനേകം അനുഭവങ്ങളിൽ ഏതാനും ചിലതു മാത്രമാണ് ഇവ. യഹോവയുടെ സാക്ഷികൾക്കു സജീവമായ വിശ്വാസം ഉണ്ട് എന്നും അവരുടെ പ്രവർത്തനത്തെ അനുഗ്രഹിച്ചുകൊണ്ട് യഹോവ ആ വിശ്വാസത്തെ ബലിഷ്ഠമാക്കുകയാണ് എന്നും അവ പ്രകടമാക്കുന്നു.—യാക്കോബ് 2:17.
ഇന്നു വിശ്വാസം നട്ടുവളർത്തുക
19. (എ) നാം ഇന്ന് അബ്രാഹാമിനെക്കാൾ മെച്ചമായ സ്ഥാനത്തായിരിക്കുന്നത് എങ്ങനെ? (ബി) യേശുവിന്റെ ബലിമരണത്തിന്റെ സ്മാരക ആഘോഷത്തിന് കഴിഞ്ഞ വർഷം എത്ര പേർ കൂടിവന്നു? (സി) ഏതെല്ലാം രാജ്യങ്ങളിൽ കഴിഞ്ഞ വർഷത്തെ സ്മാരക ആഘോഷ ഹാജർ മികച്ചതായിരുന്നു? (12-15 പേജുകളിലെ ചാർട്ട് കാണുക.)
19 അനേക വിധങ്ങളിൽ നാം ഇന്ന് അബ്രാഹാമിനെക്കാൾ മെച്ചമായ സ്ഥാനത്താണ്. അബ്രാഹാമിനോടുള്ള തന്റെ എല്ലാ വാഗ്ദാനങ്ങളും യഹോവ നിവർത്തിച്ചു എന്നു നമുക്കറിയാം. അബ്രാഹാമിന്റെ സന്തതി കനാൻദേശം അവകാശമാക്കി, അവർ ഒരു മഹാജാതി ആയിത്തീരുകയും ചെയ്തു. (1 രാജാക്കന്മാർ 4:20; എബ്രായർ 11:12) കൂടാതെ, അബ്രാഹാം ഹാരാൻ വിട്ടുപോന്ന് ഏകദേശം 1,971 വർഷം കഴിഞ്ഞപ്പോൾ അവന്റെ ഒരു പിൻഗാമിയായ യേശു സ്നാപക യോഹന്നാനാൽ വെള്ളത്തിൽ സ്നാപനമേൽക്കുകയും പിന്നെ യഹോവയാൽ പരിശുദ്ധാത്മാവിൽ സ്നാപനമേറ്റ് പൂർണമായ, ആത്മീയമായ അർഥത്തിൽ മിശിഹ—അബ്രാഹാമിന്റെ സന്തതി—ആയിത്തീരുകയും ചെയ്തു. (മത്തായി 3:16, 17; ഗലാത്യർ 3:16) തന്നിൽ വിശ്വാസം പ്രകടമാക്കുന്നവർക്കായി യേശു പൊ.യു. 33 നീസാൻ 14-ാം തീയതി തന്റെ ജീവനെ ഒരു മറുവിലയായി അർപ്പിച്ചു. (മത്തായി 20:28; യോഹന്നാൻ 3:16) അവനിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോൾ തങ്ങളെത്തന്നെ അനുഗ്രഹിക്കാൻ സാധിക്കുന്നു. കഴിഞ്ഞ വർഷം നീസാൻ 14-ന്, ഈ മഹത്തായ സ്നേഹപ്രവൃത്തിയുടെ സ്മാരക ആഘോഷത്തിന് 1,38,96,312 പേർ ഒരുമിച്ചുകൂടി. മഹാ വാഗ്ദാന പാലകനായ യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തിന് എത്ര ശക്തമായ തെളിവ്!
20, 21. ഒന്നാം നൂറ്റാണ്ടിൽ എല്ലാ ജാതികളിൽ നിന്നുമുള്ള ആളുകൾ അബ്രാഹാമിന്റെ സന്തതി മുഖാന്തരം തങ്ങളെത്തന്നെ അനുഗ്രഹിച്ചത് എങ്ങനെ, ആളുകൾ ഇന്നു തങ്ങളെത്തന്നെ അനുഗ്രഹിക്കുന്നത് എങ്ങനെ?
20 ഒന്നാം നൂറ്റാണ്ടിൽ, എല്ലാ ജാതികളിൽനിന്നുമായി അനേകർ—ആദ്യം ജഡിക ഇസ്രായേലിൽനിന്നുള്ളവർ—അബ്രാഹാമിന്റെ ഈ സന്തതിയിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട് ദൈവത്തിന്റെ അഭിഷിക്ത പുത്രന്മാർ, അതായത് “ദൈവത്തിന്റെ” പുതിയ, ആത്മീയ “യിസ്രായേലി”ന്റെ അംഗങ്ങൾ, ആയിത്തീർന്നു. (ഗലാത്യർ 3:26-29; 6:16; പ്രവൃത്തികൾ 3:25, 26) ദൈവരാജ്യത്തിലെ സഹഭരണാധിപന്മാർ എന്ന നിലയിൽ അവർക്കു സ്വർഗത്തിലെ അമർത്യ ആത്മജീവന്റെ ഉറപ്പുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. 1,44,000 പേർ മാത്രമേ ഈ വിധത്തിൽ അനുഗ്രഹിക്കപ്പെടുകയുള്ളൂ. അവരുടെ ഒരു ശേഷിപ്പ് ഇപ്പോഴും ഇവിടെയുണ്ട്. (വെളിപ്പാടു 5:9, 10; 7:4) കഴിഞ്ഞ വർഷം, സ്മാരകാഘോഷ വേളയിൽ പ്രതീകങ്ങളിൽ പങ്കെടുത്തുകൊണ്ട്, 8,756 പേർ തങ്ങൾ ഇക്കൂട്ടത്തിൽ പെട്ടവർ ആണെന്ന വിശ്വാസത്തിനു തെളിവു നൽകി.
21 ഇന്ന് യഹോവയുടെ സാക്ഷികളിൽ മിക്കവാറും എല്ലാവരും വെളിപ്പാടു 7:9-17-ൽ പ്രവചിക്കപ്പെട്ടിരിക്കുന്ന “മഹാപുരുഷാര”ത്തിൽപ്പെട്ടവർ ആണ്. അവർ യേശുവിലൂടെ തങ്ങളെത്തന്നെ അനുഗ്രഹിക്കുന്നതുകൊണ്ട്, അവർക്കു പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ ഉണ്ട്. (വെളിപ്പാടു 21:3-5) ഇവർ ഒരു “മഹാ” പുരുഷാരംതന്നെ എന്നതിനുള്ള തെളിവാണ് 1998-ൽ പ്രസംഗവേലയിൽ പങ്കെടുത്ത 58,88,650 പേർ. റഷ്യയും യൂക്രെയിനും ആദ്യമായി 1,00,000-ത്തിലധികം പ്രസാധകരുടെ എണ്ണം കൈവരിച്ചതായുള്ള റിപ്പോർട്ടു വിശേഷാൽ പുളകപ്രദമായിരുന്നു. ഐക്യനാടുകളുടെ കാര്യവും ശ്രദ്ധേയമാണ്. ആഗസ്റ്റിൽ അവിടെ 10,40,283 പ്രസാധകർ റിപ്പോർട്ടു ചെയ്തു! ഇവ കഴിഞ്ഞ വർഷം 1,00,000-ത്തിലധികം പ്രസാധകർ റിപ്പോർട്ടു ചെയ്ത 19 രാജ്യങ്ങളിൽ മൂന്നെണ്ണം മാത്രമേ ആകുന്നുള്ളൂ.
ഉടൻ നിവർത്തിക്കാനിരിക്കുന്ന പ്രത്യാശ
22, 23. (എ) നാം ഇന്നു നമ്മുടെ ഹൃദയങ്ങളെ സ്ഥിരമാക്കേണ്ടത് എന്തുകൊണ്ട്? (ബി) നാം അബ്രാഹാമിനെപ്പോലെ ആണെന്നും മറിച്ച് പൗലൊസ് പരാമർശിച്ച വിശ്വാസരഹിതരെപ്പോലെ അല്ലെന്നും എങ്ങനെ തെളിയിക്കാം?
22 യഹോവയുടെ വാഗ്ദാനങ്ങളുടെ നിവൃത്തിയിൽ നാം എത്രകണ്ട് മുന്നേറിയിരിക്കുന്നു എന്ന് സ്മാരക ആഘോഷങ്ങളിൽ സംബന്ധിച്ചവർ അനുസ്മരിപ്പിക്കപ്പെടുകയുണ്ടായി. 1914-ൽ, യേശു ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവ് ആയി വാഴിക്കപ്പെട്ടപ്പോൾ രാജ്യാധികാരത്തിൽ ഉള്ള അവന്റെ സാന്നിധ്യം ആരംഭിച്ചു. (മത്തായി 24:3; വെളിപ്പാടു 11:15) അതേ, അബ്രാഹാമിന്റെ സന്തതി ഇപ്പോൾ സ്വർഗത്തിൽ വാഴ്ച നടത്തുകയാണ്! തന്റെ നാളിലെ ക്രിസ്ത്യാനികളോട് യാക്കോബ് പറഞ്ഞു: “നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത [“സാന്നിധ്യം,” NW] സമീപിച്ചിരിക്കുന്നു.” (യാക്കോബ് 5:8) ആ സാന്നിധ്യം ഇപ്പോൾ ഒരു യാഥാർഥ്യം ആണ്! നമ്മുടെ ഹൃദയങ്ങളെ സ്ഥിരമാക്കുന്നതിന് എത്രയധികം കാരണങ്ങൾ!
23 ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ഉള്ള നമ്മുടെ വിശ്വാസം നമ്മുടെ ക്രമമായ ബൈബിൾ പഠനത്തിലൂടെയും അർഥവത്തായ പ്രാർഥനയിലൂടെയും നിരന്തരം ബലിഷ്ഠമാക്കപ്പെടട്ടെ. യഹോവയുടെ വചനം അനുസരിച്ചുകൊണ്ട് നമുക്കു തുടർന്നും അവന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാം. അങ്ങനെ നമുക്ക് പൗലൊസ് സൂചിപ്പിച്ച, വിശ്വാസത്തെ ദുർബലമാകാനും കെട്ടുപോകാനും അനുവദിച്ച ആളുകളെപ്പോലെ അല്ല, മറിച്ച് അബ്രാഹാമിനെപ്പോലെ ആയിത്തീരാം. നമ്മുടെ അതിപരിശുദ്ധ വിശ്വാസത്തിൽനിന്നു നമ്മെ യാതൊന്നും വേർപെടുത്തുകയില്ല. (യൂദാ 20) 1999 എന്ന സേവന വർഷത്തിലും തുടർന്ന് അനന്ത ഭാവിയിലും യഹോവയുടെ എല്ലാ ദാസരുടെയും കാര്യത്തിൽ ഇതു സത്യമായിരിക്കട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു.
നിങ്ങൾക്ക് അറിയാമോ?
□ നമുക്ക് ഇന്നു ദൈവത്തെ ശ്രദ്ധിക്കാൻ കഴിയുന്നത് എങ്ങനെ?
□ ദൈവത്തോടുള്ള അർഥവത്തായ പ്രാർഥനകളിൽനിന്ന് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
□ നാം യഹോവയുടെ മാർഗനിർദേശം അനുസരിച്ചു പ്രവർത്തിക്കുന്നെങ്കിൽ, നമ്മുടെ വിശ്വാസം എങ്ങനെ ബലിഷ്ഠമാക്കപ്പെടും?
□ വാർഷിക റിപ്പോർട്ടിലെ (12-15 പേജുകൾ) എന്തെല്ലാം വിവരങ്ങൾ നിങ്ങൾ വിശേഷാൽ ശ്രദ്ധിച്ചിരിക്കുന്നു?
[12-15 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ 1998 സേവനവർഷത്തിലെ ലോകവ്യാപക റിപ്പോർട്ട്
(For fully formatted text, see publication.)
[16-ാം പേജിലെ ചിത്രം]
നാം യഹോവയുടെ വചനം ശ്രദ്ധിക്കുന്നെങ്കിൽ, അവന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കപ്പെടും
[18-ാം പേജിലെ ചിത്രം]
നാം ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കപ്പെടുന്നു