ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കൽ
മറ്റേതൊരു പുസ്തകത്തെക്കാളുമധികം ആളുകൾ വായിച്ചിട്ടുള്ളത് ബൈബിളാണ്. എന്നാൽ എത്രപേർ അതിലെ സന്ദേശത്തിൽ വിശ്വാസം പ്രകടമാക്കിയിട്ടുണ്ട്? “വിശ്വാസം എല്ലാവർക്കും ഇല്ല” എന്ന് ബൈബിൾതന്നെ വിശദീകരിക്കുന്നു. (2 തെസ്സലൊനീക്യർ 3:2) വ്യക്തമായും, നാം വിശ്വാസത്തോടെയല്ല ജനിക്കുന്നത്. അത് വളർത്തിയെടുക്കണം. കുറെ വിശ്വാസമുള്ളവർപോലും അതിനെ നിസ്സാരമായെടുക്കരുത്. വിശ്വാസം ക്ഷയിക്കുകയും നശിക്കുകയും ചെയ്യാവുന്നതാണ്. അതുകൊണ്ട് ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി’ തുടരാൻ ശ്രമമാവശ്യമാണ്.—തീത്തൊസ് 2:2.
അതുകൊണ്ട്, ‘ദൈവവചന വിശ്വാസം’ എന്നത് 1997/98-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ പ്രതിപാദ്യവിഷയമായി യഹോവയുടെ സാക്ഷികളുടെ ഭരണസംഘം തിരഞ്ഞെടുത്തത് നല്ല കാരണത്തോടെയാണ്. അങ്ങനെ ദശലക്ഷക്കണക്കിനു സാക്ഷികൾക്കും മറ്റുള്ളവർക്കും ദൈവവചനത്തിലുള്ള തങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കാൻവേണ്ടി ഒത്തുകൂടാൻ പദവി ലഭിച്ചു.
ദൈവവചനം സത്യമാകുന്നു—നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനവും
കൺവെൻഷന്റെ ആദ്യ ദിവസത്തെ വിഷയം അതായിരുന്നു. ഹാജരായിരുന്ന എല്ലാവരോടുമുള്ള അഭിനന്ദന വാക്കുകളോടെയായിരുന്നു തുടക്കം. കൺവെൻഷനിൽ സന്നിഹിതരായിരുന്നത് ബൈബിളിനോടുള്ള ആദരവിന്റെ ഒരു തെളിവായിരുന്നു. എന്നാൽ, നമ്മുടെ വിശ്വാസത്തിന്റെ ഗുണമേന്മ സംബന്ധിച്ച് ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു: ‘ആധികാരിക ഉറവിടമെന്ന നിലയിൽ ദൈവവചനം ഉപയോഗിച്ചുകൊണ്ട് നമ്മുടെ വിശ്വാസങ്ങൾക്കുവേണ്ടി പ്രതിവാദം പറവാൻ നാം പ്രാപ്തരാണോ? ബൈബിളിനെയോ യോഗങ്ങളെയോ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളെയോ നിസ്സാരമായി കാണാതെ നാം ആത്മീയ ഭക്ഷണത്തോടു വിലമതിപ്പു പ്രകടമാക്കുന്നുണ്ടോ? സ്നേഹം, സൂക്ഷ്മപരിജ്ഞാനം, വിവേകം എന്നിവയിൽ നാം വളരുന്നുണ്ടോ?’ “നമ്മെത്തന്നെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നതിനും നമുക്കു വ്യക്തിപരമായുള്ള വിശ്വാസത്തിന്റെ അളവും ഗുണനിലവാരവും പരിശോധിക്കുന്നതിനും നമ്മെ സഹായിക്കാനാണ് ‘ദൈവവചന വിശ്വാസ’ ഡിസ്ട്രിക്റ്റ് കൺവെൻഷൻ തയ്യാർ ചെയ്തിരിക്കുന്നത്” എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് സൂക്ഷ്മ ശ്രദ്ധനൽകാൻ പ്രസംഗകൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.
“കാഴ്ചയാൽ അല്ല, വിശ്വാസത്താൽ നടക്കുന്നു” എന്നതായിരുന്നു മുഖ്യവിഷയ പ്രസംഗത്തിന്റെ ശീർഷകം. (2 കൊരിന്ത്യർ 5:7, NW) “യഹോവയുടെ സാക്ഷികൾ ആയിത്തീരുന്നവരുടേത് അന്ധമായ വിശ്വാസമല്ല,” പ്രസംഗകൻ പറഞ്ഞു. അതെത്ര സത്യമാണ്! യഥാർഥ വിശ്വാസം അന്ധമല്ല. അത് യാഥാർഥ്യങ്ങളിൽ അധിഷ്ഠിതമാണ്. എബ്രായർ 11:1 പറയുന്നു: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” പ്രസംഗകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നാം ശരിക്കും വിശ്വാസത്താൽ നടക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, വേരുറച്ചൊരു വിശ്വാസം നമുക്ക് ആവശ്യമാണ്.” നാം വിശ്വാസത്താലാണ് നടക്കുന്നത്, കാഴ്ചയാലല്ല. തന്മൂലം യഹോവ തന്റെ ഉദ്ദേശ്യത്തിന്റെ ഓരോ വശങ്ങളും എപ്പോൾ എങ്ങനെ നിവർത്തിക്കുമെന്നതു സംബന്ധിച്ച വിശദമായ വിവരങ്ങൾ നമുക്കാവശ്യമില്ല. അവനെക്കുറിച്ച് നമുക്ക് ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങൾ, തന്റെ വാഗ്ദാനങ്ങൾ സ്നേഹപൂർവകവും നീതിപൂർവകവുമായി നിവർത്തിക്കാനുള്ള അവന്റെ ശക്തിയിൽ നമുക്ക് പരിപൂർണമായ ആത്മവിശ്വാസം പകരുന്നു.
“ക്രിസ്തീയ യുവജനങ്ങൾ—സഭയുടെ മർമപ്രധാനമായ ഒരു ഭാഗം” എന്ന പ്രസംഗം യുവജനങ്ങൾ യഹോവയ്ക്ക് എത്ര അമൂല്യരാണെന്ന് അവരെ ഓർമിപ്പിച്ചു. മുഴു ബൈബിളും വായിക്കുക, സമർപ്പണത്തിനും സ്നാപനത്തിനും വേണ്ടിയുള്ള നിബന്ധനകളിൽ എത്തിച്ചേരുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ പിന്തുടർന്നുകൊണ്ട് ആത്മീയമായി വളരാൻ അവർ പ്രോത്സാഹിപ്പിക്കപ്പെട്ടു. അനുബന്ധ വിദ്യാഭ്യാസം നേടണമോയെന്നുള്ളത് ഒരുവന്റെ മാതാപിതാക്കളുമായി ആലോചിച്ചു തീരുമാനിക്കേണ്ട ഒരു വ്യക്തിപരമായ കാര്യമാണ്. എന്നാൽ അത് ഏറ്റെടുക്കുന്നെങ്കിൽ, ദൈവത്തെ കൂടുതൽ ഫലപ്രദമായി സേവിക്കാൻ സജ്ജരാകുകയെന്നതായിരിക്കണം എല്ലായ്പോഴും അതിന്റെ ലക്ഷ്യം. നാം നമ്മുടെ വിശ്വാസത്തോടു ബന്ധപ്പെട്ട “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പാ”ക്കുമ്പോൾ ലൗകിക വിദ്യാഭ്യാസം പ്രയോജനകരമായ ഒരു ഉദ്ദേശ്യത്തിന് ഉപകരിക്കുന്നു.—ഫിലിപ്പിയർ 1:9, 10, NW.
“നിങ്ങൾ ആരുടെ നിലവാരങ്ങൾ പിൻപറ്റുന്നു” എന്ന പ്രതിപാദ്യവിഷയത്തോടുകൂടിയ, മൂന്നു പ്രസംഗങ്ങളുള്ള ഒരു സിമ്പോസിയമായിരുന്നു അടുത്തയിനം. ദൈവവചനത്തിലുള്ള വിശ്വാസം ബൈബിൾ നിലവാരങ്ങളോടു പറ്റിനിൽക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ക്രിസ്ത്യാനികൾ യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുന്നു. ദൃഷ്ടാന്തത്തിന്, അശ്ലീലവും ദൂഷണപരവുമായ സംസാരം അരുതെന്നു തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 4:31, 32) പ്രസംഗകൻ ചോദിച്ചു: “ശല്യം തോന്നുമ്പോൾ അല്ലെങ്കിൽ പ്രകോപിതനാകുമ്പോൾ, നിങ്ങൾ നിങ്ങളുടെ ഇണയുടെയോ കുട്ടികളുടെയോ നേർക്കു ദുഷിച്ച വാക്കുകൾ പറഞ്ഞ് അലറുന്നുണ്ടോ?” അത് തീർച്ചയായും അക്രിസ്തീയമായിരിക്കും. നമ്മുടെ വ്യക്തിപരമായ ആകാരം സംബന്ധിച്ചും ദൈവത്തിന് നിലവാരങ്ങളുണ്ട്. ക്രിസ്ത്യാനികൾക്കു “യോഗ്യമായ വസ്ത്രധാരണവും വിനയവും” ഉണ്ടായിരിക്കേണ്ടതാണ്. (1 തിമൊഥെയൊസ് 2:9, 10, NW) ‘വിനയം’ എന്ന പദത്തിന് ആത്മാഭിമാനം, ബഹുമാനബോധം, ഗൗരവസ്വഭാവം, മിതത്വം എന്നീ ആശയങ്ങളാണുള്ളത്. മറ്റുള്ളവരോടുള്ള സ്നേഹത്താൽ നാം പ്രചോദിപ്പിക്കപ്പെടുന്നു. ബൈബിൾ തത്ത്വങ്ങളാലും ഔചിത്യബോധത്താലും നാം നയിക്കപ്പെടുകയും ചെയ്യുന്നു.
തുടർന്നുള്ള രണ്ട് പ്രസംഗങ്ങളിൽ എബ്രായർ 3:7-15-ന്റെയും 4:1-16-ന്റെയും വാക്യാനുവാക്യ പരിചിന്തനം ഉൾപ്പെട്ടിരുന്നു. “പാപത്തിന്റെ ചതിയാൽ കഠിനപ്പെ”ടുന്നതിന്റെ അപകടത്തിനെതിരെ ഈ ബൈബിൾ ഭാഗങ്ങൾ നമുക്ക് മുന്നറിയിപ്പു നൽകുന്നു. (എബ്രായർ 3:13) പാപത്തിനെതിരായ പോരാട്ടത്തിൽ നമുക്കെങ്ങനെ വിജയിക്കാനാകും? യഹോവ തന്റെ വചനത്തിലൂടെ നമ്മെ സഹായിക്കുന്നു. തീർച്ചയായും, “ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തിചെലുത്തുന്നതും . . . ഹൃദയത്തിന്റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വിവേചിക്കാൻ പ്രാപ്തിയുള്ളതും ആകുന്നു.”—എബ്രായർ 4:12, NW.
ആദ്യ ദിവസത്തെ കൺവെൻഷനിലെ അവസാന പ്രസംഗം “സകലർക്കുംവേണ്ടിയുള്ള ഒരു ഗ്രന്ഥം” എന്നതായിരുന്നു. ബൈബിളിന്റെ ആധികാരികതയെയും കൃത്യതയെയും പ്രായോഗിക മൂല്യത്തെയും അത് വിശേഷവത്കരിച്ചു. സകലർക്കുംവേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന 32 പേജുള്ള പുതിയ ലഘുപത്രികയുടെ പ്രകാശനം പ്രസംഗകൻ അറിയിച്ചത് എത്ര പുളകപ്രദമായിരുന്നു! വിദ്യാസമ്പന്നരാണെങ്കിലും ബൈബിളിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലാത്ത ആളുകൾക്കുവേണ്ടിയാണ് ഈ പുതിയ പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്. ആ പ്രസംഗം ഈ വാക്കുകളോടെ അവസാനിച്ചു: “ആളുകൾ ദൈവത്തിന്റെ വചനം സ്വയം പരിശോധിക്കേണ്ടയാവശ്യമുണ്ട്. അവർ നേരിട്ടു പരിശോധിക്കുന്നെങ്കിൽ, ബൈബിൾ ഒരു അനുപമ ഗ്രന്ഥമാണെന്ന്, തീർച്ചയായും അത് സകലർക്കുംവേണ്ടിയുള്ള ഒരു ഗ്രന്ഥമാണെന്ന് അവർ മനസ്സിലാക്കുമെന്നു നമുക്കുറപ്പുണ്ട്!”
‘വിശ്വാസത്തിന്റെ പൂർത്തിവരുത്തുന്നവനെ’ അനുകരിക്കുക
കൺവെൻഷന്റെ രണ്ടാം ദിവസത്തെ വിഷയം നമ്മുടെ ‘വിശ്വാസത്തിന്റെ പൂർത്തിവരുത്തുന്നവ’നായ യേശുക്രിസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാം “അവന്റെ കാൽച്ചുവടു [അടുത്തു] പിന്തുട”രേണ്ടതുണ്ട്. (എബ്രായർ 12:2; 1 പത്രൊസ് 2:21) ക്രൈസ്തവ ലോകത്തിലെ അനേകരോടും ഇങ്ങനെ പറയപ്പെടുന്നു: ‘കർത്താവായ യേശുവിൽ വിശ്വസിക്കുക, നീ രക്ഷിക്കപ്പെടും!’ എന്നാൽ വിശ്വാസത്തിൽ അത്രമാത്രമേ ഉൾപ്പെട്ടിട്ടുള്ളോ? ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു’വെന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു. (യാക്കോബ് 2:26) അതുകൊണ്ട്, യേശുവിൽ വിശ്വസിക്കുന്നതിനു പുറമേ അവൻ ചെയ്ത പ്രവൃത്തികളും നാം ചെയ്യണം, വിശേഷിച്ചും ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയെന്ന വേല.
രാവിലത്തെ പരിപാടി സുവിശേഷവേലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പൗലൊസിനെപ്പോലെ, രക്ഷയുടെ സുവാർത്ത ഘോഷിക്കാൻ നാം ഉത്സാഹമുള്ളവരായിരിക്കണം. (റോമർ 1:14-16) യേശു എല്ലായിടത്തുമുള്ള ആളുകളോട് പ്രസംഗിച്ചു. നാം പതിവായി ഏർപ്പെടുന്ന വീടുതോറുമുള്ള ശുശ്രൂഷ ഫലങ്ങൾ കൈവരുത്തുന്നുവെങ്കിലും, നാം വീടുകൾ സന്ദർശിക്കുമ്പോൾ അനേകർ വീടുകളിൽ കാണാറില്ല. (പ്രവൃത്തികൾ 20:20) മിക്കവരും സ്കൂളിലോ ജോലിക്കോ ഷോപ്പിങ്ങിനോ പോയിരിക്കുകയാണ്, അല്ലെങ്കിൽ യാത്രയിലാണ്. അതുകൊണ്ട്, നാം പൊതു സ്ഥലങ്ങളിലും ആളുകളെ കണ്ടെത്താവുന്ന എല്ലായിടത്തും പ്രസംഗിക്കേണ്ടതുണ്ട്.
“സത്യത്തിൽ വേരുറച്ചവരും ഇളകാത്തവരും ആയിത്തീരുക” എന്ന പ്രസംഗം സ്നാപനമേൽക്കുന്ന അസംഖ്യം പുതിയ ശിഷ്യന്മാരെക്കുറിച്ച് നമ്മെ ഓർമിപ്പിച്ചു—അനുദിനം ശരാശരി 1,000-ത്തിലധികം പേർ! ഈ പുതിയവർ സത്യത്തിൽ വേരുറച്ചവരും ഇളകാത്തവരും ആയിത്തീരേണ്ടത് മർമപ്രധാനമാണ്. (കൊലൊസ്സ്യർ 2:6, 7) അക്ഷരീയ വേരുകൾ വെള്ളവും പോഷകങ്ങളും വലിച്ചെടുക്കുമ്പോൾത്തന്നെ സസ്യത്തിന് താങ്ങായും വർത്തിക്കുന്നുവെന്ന് പ്രസംഗകൻ വിശദീകരിച്ചു. സമാനമായി, നല്ല പഠന ശീലങ്ങളാലും ആരോഗ്യാവഹമായ സഹവാസത്താലും പുതിയ ശിഷ്യന്മാർക്ക് സത്യത്തിൽ ഇളകാത്തവരായിത്തീരാൻ കഴിയും.
ഈ ബുദ്ധ്യുപദേശം സ്നാപനാർഥികൾക്ക് വിശേഷാൽ സമുചിതമായിരുന്നു. അതേ, യേശുവിന്റെ ദൃഷ്ടാന്തത്തെ അനുകരിച്ചുകൊണ്ട്, കൺവെൻഷന്റെ രണ്ടാം ദിവസം വലിയൊരു കൂട്ടം പുതിയ ശിഷ്യന്മാർ സ്നാപനമേറ്റു. “ദൈവവചന വിശ്വാസം സ്നാപനത്തിലേക്കു നയിക്കുന്നു” എന്ന പ്രസംഗം, വെള്ളത്തിൽ പൂർണമായി ആഴ്ത്തപ്പെടുന്നത് തങ്ങളുടെ മുൻ സ്വാർഥലോലുപ ജീവിതഗതി സംബന്ധിച്ചു മരിക്കുന്നതിന്റെ ഉചിതമായ പ്രതീകമാണെന്ന് സ്നാപനാർഥികളെ ഓർമിപ്പിച്ചു. വെള്ളത്തിൽനിന്നു പൊന്തിവരുന്നത് അവർ ദൈവഹിതം ചെയ്യാൻ ജീവിപ്പിക്കപ്പെടുന്നതിനെ അർഥമാക്കുന്നു.
ബൈബിൾ പുസ്തകമായ യൂദായെ അധികരിച്ചുള്ളതായിരുന്നു “വിശ്വാസത്തിനുവേണ്ടി കഠിനപോരാട്ടം നടത്തുക” എന്ന പ്രസംഗം. അധാർമികത, മാത്സര്യം, വിശ്വാസത്യാഗം തുടങ്ങിയ ദോഷകരമായ സ്വാധീനങ്ങളെ ചെറുത്തുനിന്നുകൊണ്ട് നമ്മുടെ വിശ്വാസത്തെ സംരക്ഷിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെട്ടു. അടുത്തതായി, “നിങ്ങളുടെ കുടുംബത്തിനുവേണ്ടി കരുതുക” എന്ന പ്രസംഗം മാതാപിതാക്കളുടെ, വിശേഷിച്ചും പിതാക്കന്മാരുടെ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. കുടുംബത്തിന്റെ ആത്മീയവും ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നത് തിരുവെഴുത്തുപരമായ ഒരു കടമയാണ്. (1 തിമൊഥെയൊസ് 5:8) അതിന് സമയവും ആശയവിനിമയവും അടുപ്പവും ആവശ്യമാണ്. മക്കളെ സത്യത്തിൽ വളർത്തിക്കൊണ്ടുവരുന്നതിനു ക്രിസ്തീയ മാതാപിതാക്കൾ ചെയ്യുന്ന എല്ലാ കഠിനശ്രമങ്ങളിലും യഹോവയാം ദൈവം തീർച്ചയായും സംപ്രീതനാണ്.
“യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം” എന്ന തുടർന്നുവന്ന സിമ്പോസിയം ക്രിസ്തീയ യോഗങ്ങളോടുള്ള വിലമതിപ്പ് കെട്ടുപണിചെയ്തു. ഈ ലോകത്തിലെ ഉത്കണ്ഠകളിൽനിന്ന് അവ ആശ്വാസം പ്രദാനം ചെയ്യുന്നു. യോഗങ്ങളിൽ നമുക്ക് പ്രോത്സാഹന കൈമാറ്റത്തിനും സഹവിശ്വാസികളോടുള്ള സ്നേഹം പ്രകടമാക്കാനും അവസരമുണ്ട്. (എബ്രായർ 10:24, 25) അധ്യാപകരെന്നനിലയിലുള്ള നമ്മുടെ പ്രാപ്തികൾ വർധിപ്പിക്കാനും ദൈവോദ്ദേശ്യം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം ആഴമുള്ളതാക്കാനും യോഗങ്ങൾ നമ്മെ സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 27:17) സഭയിൽനിന്ന് നാം ഒരിക്കലും നമ്മെത്തന്നെ ഒറ്റപ്പെടുത്താതിരിക്കട്ടെ. നമുക്ക് യേശുവിന്റെ വാക്കുകൾ ഓർമിക്കാം: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു.”—മത്തായി 18:20.
ആ ദിവസത്തെ അവസാന പ്രസംഗം “നിങ്ങളുടെ വിശ്വാസത്തിന്റെ ഗുണനിലവാരം—ഇപ്പോൾ പരിശോധിക്കപ്പെടുന്നു” എന്നതായിരുന്നു. പരിശോധിക്കപ്പെടാത്ത വിശ്വാസത്തിന്റെ മൂല്യം തെളിയുന്നില്ല, അതിന്റെ ഗുണനിലവാരം അജ്ഞാതമായി തുടരുന്നു. അത് പണമാക്കി മാറ്റിയിട്ടില്ലാത്ത ഒരു ചെക്ക് പോലെയാണ്. അതിൽ കാണുന്ന തുകയുടെ മൂല്യം വാസ്തവത്തിൽ അതിനുണ്ടോ? സമാനമായി, നമ്മുടെ വിശ്വാസം സത്തും യഥാർഥ ഗുണവുമുള്ളതാണെന്നു തെളിയിക്കണമെങ്കിൽ അതു പരിശോധിക്കപ്പെടണം. (1 പത്രൊസ് 1:6, 7) പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “ചിലപ്പോഴൊക്കെ, വാർത്താമാധ്യമങ്ങളെയും അധികാരികളെയും കൂട്ടുപിടിച്ച് പുരോഹിതവർഗവും വിശ്വാസത്യാഗികളും നമ്മെ കരിതേച്ചു കാണിക്കുകയും നമ്മുടെ ക്രിസ്തീയ വിശ്വാസങ്ങളെയും ജീവിതരീതിയെയും തെറ്റായി ചിത്രീകരിക്കുകയും ചെയ്തേക്കാം. . . . നമ്മെ വിരട്ടി നിരുത്സാഹിതരാക്കി സുവാർത്തയെക്കുറിച്ചു നമുക്കു ലജ്ജ തോന്നാൻ സാത്താനാൽ അന്ധരാക്കപ്പെട്ടിരിക്കുന്നവരെ നാം അനുവദിക്കുമോ? സത്യത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങൾ നിമിത്തം നാം ക്രമമായി യോഗങ്ങളിൽ സംബന്ധിക്കുന്നതും പ്രസംഗവേലയിൽ ഏർപ്പെടുന്നതും നിർത്തുമോ? അതോ, ഉറച്ചുനിന്ന് ധൈര്യം പ്രകടമാക്കി യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ചുള്ള സത്യം എന്നും പ്രഖ്യാപിച്ചുകൊണ്ടേയിരിക്കാൻ നാം കൂടുതൽ ദൃഢനിശ്ചയം ചെയ്യുമോ?”
വിശ്വാസത്താൽ ജീവിക്കുക
കൺവെൻഷന്റെ മൂന്നാം ദിവസത്തെ വിഷയം പൗലൊസിന്റെ വാക്കുകളിൽ അധിഷ്ഠിതമായിരുന്നു: ‘എന്നാൽ ന്യായപ്രമാണത്താൽ ആരും ദൈവസന്നിധിയിൽ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നല്ലോ ഉള്ളതു.’ (ഗലാത്യർ 3:11) “നമ്മുടെ നാളിലേക്കുള്ള യോവേലിന്റെ പ്രാവചനിക വാക്കുകൾ” എന്ന സിമ്പോസിയമായിരുന്നു രാവിലത്തെ സവിശേഷതകളിലൊന്ന്. യോവേൽ പുസ്തകം നമ്മുടെ നാളിലേക്കു വിരൽചൂണ്ടുന്നു. അടിയന്തിരതാബോധത്തോടെ അത് ഇപ്രകാരം പറയുന്നു: “ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു.” (യോവേൽ 1:15) നിശ്ചയദാർഢ്യമുള്ള വെട്ടിക്കിളികളെപ്പോലെ, ഈ അന്ത്യകാലത്ത് അഭിഷിക്ത ക്രിസ്ത്യാനികൾ രാജ്യഘോഷണത്തിൽനിന്ന് തങ്ങളെ തടയാൻ യാതൊന്നിനെയും അനുവദിച്ചിട്ടില്ല.
പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യോവേൽ പുസ്തകം പ്രത്യാശയും പകരുന്നു: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേൽ 2:32) ഇതിന് യഹോവയുടെ നാമം ഉപയോഗിക്കുന്നതിനെക്കാൾ കൂടിയ അർഥമുണ്ട്. ഹൃദയംഗമമായ അനുതാപം ആവശ്യമാണ്. ദുഷ്പ്രവൃത്തി പൂർണമായും ഒഴിവാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. (യോവേൽ 2:12, 13) യഹൂദായിലെ യഹോശാഫാത്ത് രാജാവിന്റെ നാളിൽ മോവാബിനോടും അമ്മോനോടും സയീർ പർവതക്കാരോടുമുള്ള ബന്ധത്തിൽ യഹോവ ചെയ്തതുപോലെ, അവൻ പെട്ടെന്നുതന്നെ രാഷ്ട്രങ്ങളുടെമേൽ തന്റെ ന്യായവിധി നടപ്പാക്കുമെന്നതിനാൽ അമാന്തിച്ചുനിൽക്കാൻ സമയമില്ല.—2 ദിനവൃത്താന്തം 20:1-30; യോവേൽ 3:2, 12.
“യഹോവയ്ക്കായി കാത്തിരുന്നുകൊണ്ട് വിശ്വാസം പ്രകടമാക്കുക” എന്ന പ്രസംഗം എല്ലാവർക്കും പ്രോത്സാഹനമേകി. ഇപ്പോൾ, അന്ത്യത്തോട് വളരെ അടുത്തെത്തിയിരിക്കുന്നതിനാൽ യഹോവയുടെ നിവൃത്തിയേറിയ അനേകം പ്രവചനങ്ങളിലേക്കു നമുക്കു പിന്തിരിഞ്ഞു നോക്കാൻ കഴിയും. ഇനിയും നിവൃത്തിയേറാനുള്ള കാര്യങ്ങളിൽ നാം അതീവ താത്പര്യമുള്ളവരുമാണ്. ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളും സംഭവിക്കുമെന്ന് ഓർമിച്ചുകൊണ്ട് യഹോവയുടെ ജനം തുടർന്നും ക്ഷമയുള്ളവരായിരിക്കണം.—തീത്തൊസ് 2:12; 2 പത്രൊസ് 3:9, 10.
“നിങ്ങളുടെ കണ്ണു ലഘുവായി സൂക്ഷിക്കുക” എന്ന നാടകത്തോടെ രാവിലത്തെ പരിപാടികൾ സമാപിച്ചു. ഭൗതിക അനുധാവനങ്ങളെക്കുറിച്ചുള്ള നമ്മുടെ മനോഭാവം പരിശോധിക്കാൻ ആ യാഥാർഥ്യ ചിത്രീകരണം നമ്മെ പ്രോത്സാഹിപ്പിച്ചു. നാം എവിടെ ജീവിച്ചിരുന്നാലും, നമ്മുടെ ജീവിതം ഉത്കണ്ഠയിൽനിന്നു മുക്തമായിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ കണ്ണ് ലഘുവായി സൂക്ഷിക്കാനുള്ള, ദൈവരാജ്യത്തിൽ വ്യക്തമായി കേന്ദ്രീകരിക്കാനുള്ള, യേശുവിന്റെ ബുദ്ധ്യുപദേശം നാം പിൻപറ്റണം.—മത്തായി 6:22.
പരസ്യപ്രസംഗത്തിന് രസാവഹമായൊരു വിഷയമുണ്ടായിരുന്നു, “വിശ്വാസവും നിങ്ങളുടെ ഭാവിയും.” ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാനുഷ നേതാക്കന്മാർ അപ്രാപ്തരാണെന്നുള്ളതിന് അതു തെളിവു പ്രദാനംചെയ്തു. (യിരെമ്യാവു 10:23) മനുഷ്യ ചരിത്രം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു—കൂടുതൽ വ്യാപകവും ഹാനികരവുമായ അളവിൽത്തന്നെ. ഭാവിയെക്കുറിച്ച് യഹോവയുടെ സാക്ഷികൾക്ക് എന്താണ് തോന്നുന്നത്? വിശ്വസ്ത മനുഷ്യവർഗത്തിനു ദൈവരാജ്യത്തിൻ കീഴിൽ ശോഭനമായൊരു ഭാവിയുണ്ടെന്നു നാം വിശ്വസിക്കുന്നു. (മത്തായി 5:5) തന്റെ വചനത്തിൽ വിശ്വാസമുള്ള എല്ലാവരുടെയും പ്രയോജനത്തിനായി ദൈവം തന്റെ വാഗ്ദാനങ്ങൾ നിറവേറ്റും. അവന്റെ വചനം ഉദ്ബോധിപ്പിക്കുന്നു: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.”—യെശയ്യാവു 55:6.
നമ്മുടെ നാളിനെ മുന്നിൽക്കണ്ടുകൊണ്ട് യേശു മർമപ്രധാനമായൊരു ചോദ്യമുന്നയിച്ചു. അവൻ ചോദിച്ചു: “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ”? (ലൂക്കൊസ് 18:8) വിശ്വാസരഹിതവും ലൗകികവുമായ ഒരു ലോകത്താണു നാം ജീവിക്കുന്നതെങ്കിലും ദൈവവചനത്തിലുള്ള വിശ്വാസം നിലനിൽക്കുന്നുവെന്നതിനുള്ള സുസ്പഷ്ടമായ തെളിവ് കൺവെൻഷൻ പരിപാടി പ്രദാനം ചെയ്തത് എങ്ങനെയാണെന്നു പ്രകടമാക്കിക്കൊണ്ട് സമാപനപ്രസംഗത്തിൽ കൺവെൻഷൻ പരിപാടി പുനരവലോകനം ചെയ്തു.
ഇപ്പോഴും നമുക്ക് വ്യക്തിപരമായി ഇങ്ങനെ ചോദിക്കാം: ‘ദൈവത്തിലും അവന്റെ വചനത്തിലും അചഞ്ചലമായ വിശ്വാസമുള്ളവരുടെ കൂട്ടത്തിലാണോ ഞാൻ?’ ആ ചോദ്യത്തിന് ഉവ്വ് എന്ന് ഉത്തരം പറയാൻ “ദൈവവചന വിശ്വാസ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ നമ്മെ സഹായിക്കണം. യഹോവയിലും അവന്റെ വചനമായ ബൈബിളിലുമുള്ള നമ്മുടെ വിശ്വാസത്തെ അവൻ ബലിഷ്ഠമാക്കുന്നതിൽ നാം അവനോട് എത്ര നന്ദിയുള്ളവരാണ്!
[24-ാം പേജിലെ ചിത്രങ്ങൾ]
ആയിരക്കണക്കിന് പ്രതിനിധികൾക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് നിരവധി സ്വമേധയാസേവകർ സസന്തോഷം ജോലിചെയ്തു
[25-ാം പേജിലെ ചിത്രം]
ഭരണസംഘത്തിലെ എൽ. എ. സ്വിംഗിൾ പുതിയ ലഘുപത്രിക പ്രകാശനം ചെയ്യുന്നു
[25-ാം പേജിലെ ചിത്രം]
ലോകവ്യാപകമായി ഇതുപോലുള്ള വലിയ സ്റ്റേഡിയങ്ങൾ ഉപയോഗിച്ചു
[26-ാം പേജിലെ ചിത്രം]
യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി ഒട്ടേറെപ്പേർ സ്നാപനമേറ്റു
[27-ാം പേജിലെ ചിത്രം]
കൺവെൻഷനിൽ പങ്കെടുത്തവർ സന്തോഷത്തോടെ രാജ്യഗീതങ്ങൾ ആലപിച്ചു. ഉൾച്ചിത്രം: “നിങ്ങളുടെ കണ്ണു ലഘുവായി സൂക്ഷിക്കുക” എന്ന നാടകം