സുവാർത്ത കൂടുതൽ ആളുകളുടെ പക്കലെത്തിക്കൽ
എന്റെ മാതൃരാജ്യത്തെ ആളുകളെക്കുറിച്ചു ചിന്തിച്ചപ്പോൾ, വാർത്താമാധ്യമങ്ങളിൽനിന്നു മാത്രമാണ് അവരിൽ മിക്കവരും യഹോവയുടെ സാക്ഷികളെക്കുറിച്ച് അറിയുന്നതെന്ന് എനിക്കു മനസ്സിലായി. അവർക്ക്, യഹോവയുടെ സാക്ഷികൾ ആരാണെന്നും അവരെന്തു വിശ്വസിക്കുന്നുവെന്നും അറിയാൻ കഴിയേണ്ടതിന് അവരെ സന്ദർശിക്കേണ്ടതുണ്ടെന്ന് ഞാൻ ചിന്തിച്ചു. എന്നാൽ എനിക്ക് എങ്ങനെ സഹായിക്കാനാകും? ഒരു ക്രിസ്തീയ മൂപ്പനായ ഭർത്താവ് എനിക്ക് ജ്ഞാനപൂർവകമായ മാർഗദർശനങ്ങളും നിർദേശങ്ങളും നൽകി.
ഉണരുക!യുടെ 1995 ജനുവരി 8 ലക്കത്തിൽ പ്രസിദ്ധീകരിച്ച “പ്രായോഗിക സഹായം നൽകുന്ന മാസികകൾ” എന്ന ലേഖനത്തിൽ ഞങ്ങളൊരു അടിസ്ഥാന ആശയം കണ്ടെത്തി. ഒരു സാക്ഷിയുടെ പ്രവർത്തനത്തെക്കുറിച്ച് ആ ലേഖനം പറയുന്നു: “മറ്റു സാക്ഷികൾ ഭവനത്തിൽ കൂട്ടിവെച്ചിരിക്കുന്ന ചില ഉണരുക! മാസികകളുടെ പഴയ പ്രതികൾ ശേഖരിക്കുന്നത് അവൾ ഒരു ലക്ഷ്യമാക്കിയിരിക്കയാണ്. എന്നിട്ട് ചില വിഷയങ്ങളിൽ പ്രത്യേക താത്പര്യം കാണിച്ചേക്കാൻ സാധ്യതയുള്ളതെന്ന് അവൾക്കു തോന്നുന്ന സ്ഥാപനങ്ങൾ അവൾ സന്ദർശിക്കുന്നു.”
ഭർത്താവിന്റെ സഹായത്തോടെ ഞാൻ പെട്ടെന്നുതന്നെ മാസികകളുടെ നൂറുകണക്കിനു പ്രതികൾ ശേഖരിച്ചു. ഞാൻ സന്ദർശിക്കാൻ ശ്രമിച്ച ആളുകൾക്കു പറ്റിയ വിവിധങ്ങളായ വിഷയങ്ങൾ അവയിൽനിന്നു തിരഞ്ഞെടുക്കാൻ എനിക്കു കഴിഞ്ഞു.
ടെലഫോൺ ഡയറക്ടറിയും പൊതു റെക്കോർഡുകളും നോക്കി ആശുപത്രികൾ, ചെറുപ്പക്കാരുടെ ഹോസ്റ്റലുകൾ, നേഴ്സിങ് ഹോമുകൾ എന്നിവയുടെ ഒരു ലിസ്റ്റ് ഞാൻ ഉണ്ടാക്കി. ശവസംസ്കാര നടത്തിപ്പുകാർ, സ്കൂൾ സൂപ്പർവൈസർമാരും ഉപദേശകരും, ഡോക്ടർമാർ, ജയിലുകളിലെയും കോടതികളിലെയും ഉദ്യോഗസ്ഥന്മാർ എന്നിവരെയും ഞാൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. കൂടാതെ, മദ്യാസക്തർക്കും മയക്കുമരുന്ന് അടിമകൾകും വേണ്ടിയുള്ള സ്ഥാപനങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, വികലാംഗർ, യുദ്ധത്തിന്റെ ഇരകൾ, പോഷകാഹാര ഗവേഷണം എന്നിവയ്ക്കായുള്ള സംഘടനകൾ തുടങ്ങിയവയുടെ ഡയറക്ടർമാരും ആ ലിസ്റ്റിലുണ്ടായിരുന്നു. ക്ഷേമപ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ, കുടുംബ കാര്യാദികൾ എന്നിവയോടു ബന്ധപ്പെട്ട ഓഫീസുകളിലെ മേധാവികളെയും ഞാൻ ഒഴിവാക്കിയില്ല.
ഞാൻ എന്തു പറയുമായിരുന്നു?
സന്ദർശനം നടത്തുമ്പോൾ ഞാൻ ആദ്യം ചെയ്തിരുന്ന സംഗതി ഞാൻ ആരാണെന്നു വ്യക്തമായി തിരിച്ചറിയിക്കുക എന്നതായിരുന്നു. എന്നിട്ട്, എന്റെ സന്ദർശനം ഏതാനും മിനിട്ടുകളേ എടുക്കുകയുള്ളുവെന്ന് ഞാൻ പറയുമായിരുന്നു.
മുഖ്യ അധികാരിയുമായി മുഖാമുഖം കാണുമ്പോൾ ഞാൻ ഇങ്ങനെ പറയുമായിരുന്നു: “ഞാനൊരു യഹോവയുടെ സാക്ഷിയാണ്. എന്നാൽ ഞാൻ ഇവിടെ വന്നിരിക്കുന്നത് ഒരു മതചർച്ച നടത്താനല്ല, അത് ഓഫീസ് സമയത്ത് ഉചിതമല്ലായിരിക്കുമല്ലോ.” മിക്കപ്പോഴും സാഹചര്യം അയവുള്ളതായിത്തീരുമായിരുന്നു. എന്നിട്ട്, പറയുന്ന കാര്യങ്ങൾ സാഹചര്യത്തിന് അനുയോജ്യമാക്കിക്കൊണ്ട്, ഞാൻ ഇങ്ങനെ തുടരുമായിരുന്നു: “എന്റെ സന്ദർശനത്തിന് രണ്ട് ഉദ്ദേശ്യങ്ങളാണുള്ളത്. ഒന്നാമതായി, നിങ്ങളുടെ ഓഫീസ് സംഘടിപ്പിക്കുന്ന വേലയോടുള്ള എന്റെ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുജനത്തിനുവേണ്ടി ആരെങ്കിലും തന്റെ സമയവും ഊർജവും ചെലവഴിക്കുമ്പോൾ അതിനെ നിസ്സാരമായെടുക്കരുതല്ലോ. നിങ്ങളുടെ ശ്രമം തീർച്ചയായും ശ്ലാഘനീയമാണ്.” ഈ വിധത്തിൽ ഒരു വ്യക്തിയെ സമീപിച്ച മിക്ക സന്ദർഭങ്ങളിലും അയാൾ ആശ്ചര്യം കൂറിയിട്ടുണ്ട്.
ഇപ്പോഴേക്കും സർവസാധ്യതയുമനുസരിച്ച്, എന്റെ സന്ദർശനത്തിന്റെ രണ്ടാമത്തെ ഉദ്ദേശ്യമെന്തായിരിക്കുമെന്ന ചിന്തയിലായിരിക്കും ആ വ്യക്തി. ഞാൻ ഇങ്ങനെ തുടരുമായിരുന്നു: “എന്റെ സന്ദർശനത്തിന്റെ രണ്ടാമത്തെ ഉദ്ദേശ്യം ഇതാണ്: സാർവദേശീയമായി പ്രസിദ്ധീകരിക്കപ്പെടുന്ന ഞങ്ങളുടെ ഉണരുക! മാസികയിൽനിന്ന് നിങ്ങളുടേതുപോലുള്ള ജോലിയെയും അതിനോടു ബന്ധപ്പെട്ട പ്രശ്നങ്ങളെയുംപറ്റി ചർച്ചചെയ്യുന്ന ഏതാനും ലേഖനങ്ങൾ ഞാൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ പ്രശ്നങ്ങളെ ഒരു സാർവദേശീയ മാസിക എങ്ങനെ വീക്ഷിക്കുന്നുവെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഈ പ്രതികൾ നിങ്ങൾക്കു തന്നിട്ടുപോകാൻ എനിക്കു സന്തോഷമുണ്ട്.” എന്റെ ശ്രമങ്ങളെ വിലമതിക്കുന്നുവെന്ന് മിക്കവരും എന്നോടു പറയുമായിരുന്നു.
അതിശയകരവും സന്തോഷകരവുമായ ഫലങ്ങൾ
ഞാൻ ഈവിധം സമീപിച്ചപ്പോൾ മിക്കവരും എന്നെ സൗഹാർദപൂർവം ശ്രദ്ധിച്ചു; 17-പേരിൽ ഒരാൾ വീതമേ എന്റെ സന്ദർശനം നിരസിച്ചുള്ളൂ. അതിശയകരവും സന്തോഷകരവുമായ അനേകം അനുഭവങ്ങൾ എനിക്കുണ്ടായി.
ദൃഷ്ടാന്തത്തിന്, നാലു പ്രാവശ്യത്തെ ശ്രമത്തിനും ക്ഷമാപൂർവകമായ കാത്തിരിപ്പിനും ശേഷം ഒരു ജില്ലാ സ്കൂൾ ഇൻസ്പെക്ടറെ കാണാൻ എനിക്കു കഴിഞ്ഞു. വളരെ തിരക്കുള്ള ആളായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹം വളരെ സൗഹാർദപൂർവം ഇടപെട്ടു, എന്നോട് അൽപ്പനേരം സംസാരിക്കുകയും ചെയ്തു. പോരാൻ നേരം അദ്ദേഹം എന്നോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ ശ്രമത്തെ ശരിക്കും വിലമതിക്കുന്നു, നിശ്ചയമായും ഞാൻ നിങ്ങളുടെ പ്രസിദ്ധീകരണം ശ്രദ്ധാപൂർവം വായിക്കും.”
മറ്റൊരവസരത്തിൽ ഒരു ജില്ലാ കോടതിയിലെ മധ്യവയസ്കനായ മുഖ്യ ന്യായാധിപനെ ഞാൻ സന്ദർശിച്ചു. ഞാൻ ഓഫീസിൽ പ്രവേശിച്ചപ്പോൾ തെല്ലൊരു ദേഷ്യത്തോടെ അദ്ദേഹം തന്റെ പേപ്പറുകളിൽനിന്ന് തല ഉയർത്തി നോക്കി.
“ചൊവ്വാഴ്ച രാവിലെ മാത്രമാണ് ഓഫീസ് സമയം, എന്തെങ്കിലും അറിയണമെങ്കിൽ അപ്പോഴാകാം,” അദ്ദേഹം പരുക്കൻ മട്ടിൽ പറഞ്ഞു.
“അനുചിതമായ സമയത്ത് വന്നതിൽ ക്ഷമചോദിച്ചുകൊള്ളട്ടെ” എന്ന് ഞാൻ ഉടനടി പ്രതിവചിച്ചു. എന്നിട്ട് കൂട്ടിച്ചേർത്തു, “മറ്റൊരു സമയത്തു വരാൻ എനിക്കു തീർച്ചയായും സന്തോഷമുണ്ട്. എന്നാൽ ഞാൻ വന്നിരിക്കുന്നത് ഔദ്യോഗിക കാര്യങ്ങൾക്കൊന്നുമല്ല.
അപ്പോൾ ന്യായാധിപൻ ആകാംക്ഷയുള്ളവനായി. എനിക്ക് എന്താണ് വേണ്ടതെന്ന് അദ്ദേഹം കുറേക്കൂടി മയത്തിൽ ചോദിച്ചു. ചൊവ്വാഴ്ച വരാമെന്നു ഞാൻ വീണ്ടും പറഞ്ഞു.
“ദയവായി, ഇരിക്കൂ,” അദ്ദേഹം നിർബന്ധിച്ചു. അതെന്നെ തികച്ചും അതിശയിപ്പിച്ചു. “നിങ്ങൾക്ക് എന്താണു വേണ്ടത്?”
ആവേശകരമായ ഒരു സംഭാഷണം നടന്നു. താൻ വളരെ തിരക്കായിരുന്നതു നിമിത്തം തുടക്കത്തിൽ പരുഷമായി ഇടപെട്ടതിന് അദ്ദേഹം ക്ഷമ ചോദിച്ചു.
“യഹോവയുടെ സാക്ഷികളോടുള്ള ബന്ധത്തിൽ ഞാൻ ഇഷ്ടപ്പെടുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ?” എന്ന് അൽപ്പനേരം കഴിഞ്ഞ് അദ്ദേഹം എന്നോടു ചോദിച്ചു. “അവർക്ക് അടിയുറച്ച തത്ത്വങ്ങളുണ്ട്. അവരതിൽനിന്നു പിന്മാറില്ല. ഹിറ്റ്ലർ പഠിച്ച പണിയെല്ലാം നോക്കി, എന്നിട്ടും സാക്ഷികൾ യുദ്ധത്തിനു പോയില്ല.”
ഞങ്ങൾ രണ്ടുപേർ ഒരു ഓഫീസിൽ പ്രവേശിച്ചപ്പോൾ അവിടെയുണ്ടായിരുന്ന സെക്രട്ടറിമാർ ഞങ്ങളെ തിരിച്ചറിഞ്ഞു. അപ്പോൾ എക്സിക്യൂട്ടീവ് സെക്രട്ടറി വെട്ടിത്തുറന്നു പറഞ്ഞു, “പ്രസിഡൻറ് ഒരു കക്ഷികളെയും ഒരിക്കലും സ്വീകരിക്കാറില്ല.”
“പക്ഷേ അദ്ദേഹം ഞങ്ങളെ സ്വീകരിക്കും, കാരണം ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്, പരാതിക്കാരല്ല. ഞങ്ങളുടെ സന്ദർശനം മൂന്നു മിനിറ്റിലധികം നീളുകയുമില്ല” എന്ന് ഞാൻ ശാന്തമായി മറുപടി പറഞ്ഞു. “യഹോവേ, ദയവായി ഇത് നന്നായി പര്യവസാനിക്കാൻ ഇടയാക്കേണമേ”യെന്ന് ഞാൻ നിശ്ശബ്ദമായി ഉള്ളുരുകി പ്രാർഥിച്ചു!
സെക്രട്ടറി നിസ്സംഗഭാവത്തോടെ പറഞ്ഞു, “എങ്കിൽ ആകട്ടെ, ഞാൻ ശ്രമിക്കാം.” അവർ നടന്നകന്നു. എനിക്ക് അനന്തമായി തോന്നിയ ഏതാണ്ട് രണ്ടു മിനിറ്റുകൾക്കു ശേഷം പ്രസിഡൻറിനോടൊപ്പം അവർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഞങ്ങളെയും കൂട്ടി യാതൊന്നും പറയാതെ രണ്ടു മുറികൾ കടന്ന് അദ്ദേഹം തന്റെ ഓഫീസിലേക്കു നടന്നു.
ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയതോടെ അദ്ദേഹം കൂടുതൽ കൂടുതൽ സൗഹാർദമുള്ളവനായി. ഉണരുക!യുടെ പ്രത്യേക ലക്കങ്ങൾ കാണിച്ചപ്പോൾ അദ്ദേഹം മനസ്സോടെ സ്വീകരിച്ചു. നമ്മുടെ വേലയുടെ ഉദ്ദേശ്യം സംബന്ധിച്ച് നല്ലൊരു സാക്ഷ്യം നൽകാൻ ലഭിച്ച ഈ അവസരത്തിന് ഞങ്ങൾ യഹോവയ്ക്കു നന്ദി പറഞ്ഞു.
ഉണ്ടായ അനേകം അതിശയകരമായ അനുഭവങ്ങളെക്കുറിച്ച് ഓർമിക്കുമ്പോൾ അപ്പോസ്തലനായ പത്രൊസ് പറഞ്ഞത് കൂടുതൽ പൂർണമായി വിലമതിക്കാൻ അതിടയാക്കുന്നു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) മനുഷ്യവർഗത്തെയും ഭൂമിയെയും സംബന്ധിച്ചുള്ള ദൈവോദ്ദേശ്യം അറിയാൻ എല്ലാ പശ്ചാത്തലങ്ങളിലും ഭാഷകളിലും സാമൂഹിക നിലവാരങ്ങളിലുമുള്ള ആളുകൾക്ക് അവസരം ലഭിക്കണമെന്നുള്ളതാണ് ദൈവേഷ്ടം.—സംഭാവന ചെയ്യപ്പെട്ടത്.