പ്രായോഗിക സഹായം നൽകുന്ന മാസികകൾ
“പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനായി കഴിഞ്ഞ രണ്ടു വർഷങ്ങളിലായി പ്രത്യേകിച്ചു നിങ്ങൾ ഞങ്ങൾക്കു തന്നുകൊണ്ടിരിക്കുന്ന അത്ഭുതകരവും പ്രായോഗികവുമായ ലേഖനങ്ങൾക്കു വളരെയധികം നന്ദി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. അവയിൽ ചിലതു ലഭിച്ചപ്പോൾ ഞാൻ അക്ഷരാർഥത്തിൽ കരഞ്ഞുപോകുകയും യഹോവയ്ക്കു നന്ദി പറയുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ സത്യത്തിലുള്ള നമ്മുടെ വളരെയധികം സുഹൃത്തുക്കൾക്ക് ഇത്തരം വിവരങ്ങളുടെ അടിയന്തിരാവശ്യമുണ്ട്. കുട്ടികളോടുള്ള ദുഷ്പെരുമാററം, മദ്യപാനികളുള്ള കുടുംബങ്ങളിൽ വളരൽ, ബലാൽസംഗം, ഭവനത്തിലെ അക്രമം എന്നീ വിഷയങ്ങൾ ചർച്ചചെയ്ത ലക്കങ്ങളെക്കുറിച്ചാണ് ഞാൻ പരാമർശിക്കുന്നത്.”—ലിൻഡ ഡബ്ലിയു. എസ്., ഇൻഡ്യാനാ, യു.എസ്.എ.
വാച്ച്ടവർ സൊസൈററി പ്രസിദ്ധീകരിക്കുന്നതും യഹോവയുടെ സാക്ഷികൾ ലോകമൊട്ടാകെ വിതരണം ചെയ്യുന്നതുമായ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഉള്ളടക്കം സംബന്ധിച്ച് കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾക്കു ലഭിച്ചിട്ടുള്ള അനേകം പ്രോത്സാഹജനകമായ കത്തുകളിലൊന്നിന്റെ ആമുഖ വാക്കുകളാണ് ഇവ.
120 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന വീക്ഷാഗോപുരത്തിന്റെ ഓരോ ലക്കത്തിന്റെയും വിതരണം 1,60,00,000-ത്തിലധികം പ്രതികളാണെന്നും ഉണരുക!യുടെ വിതരണം 75 ഭാഷകളിൽ ഏതാണ്ട് 1,30,00,000 ആണെന്നും മനസ്സിലാക്കുമ്പോൾ ഈ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ലോകവ്യാപക സ്വാധീനം നമുക്കു മനസ്സിലാകും. വീടുതോറുമുള്ള ശുശ്രൂഷയിലും അനൗപചാരിക സാക്ഷീകരണത്തിലുമാണ് യഹോവയുടെ സാക്ഷികൾ അവ പൊതുജനങ്ങൾക്കു സമർപ്പിക്കുന്നത്. കടയിൽപ്പോകുമ്പോൾ, വണ്ടിക്കു പെട്രോൾ അടിക്കുമ്പോൾ, ബസ്സിലോ തീവണ്ടിയിലോ വിമാനത്തിലോ യാത്രചെയ്യുമ്പോൾ ഇങ്ങനെ പുറത്തുപോകുമ്പോഴുള്ള അനൗപചാരിക സന്ദർഭങ്ങളെ അഥവാ ദൈനംദിന ജീവിതത്തിലെ ഉചിതമായ മറേറതെങ്കിലും സമയത്തെയാണ് ഇതു പരാമർശിക്കുന്നത്. എന്നാൽ മാസികകൾ സമർപ്പിക്കുന്നതിനുള്ള നൂതനവും വിജയകരവുമായ മററുചില മാർഗങ്ങൾ ചില സാക്ഷികൾ കണ്ടെത്തിയിരിക്കുന്നു. അവ പരീക്ഷിച്ചുനോക്കാൻ നിങ്ങളും ആഗ്രഹിച്ചേക്കാം.
തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിക്കൽ
ഒരു സാക്ഷിയുടെ ഫലകരമായ പ്രവർത്തനങ്ങളെപ്പററി ഒരു സഞ്ചാര ശുശ്രൂഷകൻ ഇപ്രകാരം എഴുതി: “മററു സാക്ഷികൾ ഭവനത്തിൽ കൂട്ടിവെച്ചിരിക്കുന്ന ചില ഉണരുക! മാസികകളുടെ പഴയ പ്രതികൾ ശേഖരിക്കുന്നത് അവൾ ഒരു ലക്ഷ്യമാക്കിയിരിക്കയാണ്. എന്നിട്ട് ചില വിഷയങ്ങളിൽ പ്രത്യേക താത്പര്യം കാണിച്ചേക്കാൻ സാധ്യതയുള്ളതെന്ന് അവൾക്കു തോന്നുന്ന സ്ഥാപനങ്ങൾ അവൾ സന്ദർശിക്കുന്നു.” ഏതെല്ലാം തരത്തിലുള്ള സ്ഥാപനങ്ങളാണ് അവൾ സന്ദർശിച്ചിരിക്കുന്നത്?
“സാമൂഹിക സേവന സ്ഥാപനങ്ങൾ, ഗർഭച്ഛിദ്ര വിരുദ്ധ കേന്ദ്രങ്ങൾ, കുടുംബാസൂത്രണ സ്ഥാപനങ്ങൾ, മനോരോഗ ചികിത്സകർ, മനഃശാസ്ത്രജ്ഞർ, പൊലീസ് ഡിപ്പാർട്ടുമെൻറുകൾ, പ്രൊബേഷൻ ആഫീസുകൾ, മദ്യമയക്കുമരുന്നു ദുരുപയോഗ കേന്ദ്രങ്ങൾ, കുട്ടികളോടുള്ള ദുഷ്പെരുമാററത്തിന്റെ ചികിത്സാ, പ്രതിരോധ കേന്ദ്രങ്ങൾ, (മനുഷ്യക്ഷേമപ്രവർത്തകരെ ലക്ഷ്യംവെച്ചുകൊണ്ട്) സുഖക്ഷേമ ഡിപ്പാർട്ടുമെൻറുകൾ, പ്രവിശ്യാ ആരോഗ്യ ഡിപ്പാർട്ടുമെൻറുകൾ, ഡേ കെയർ സെൻററുകൾ, സ്കൂളുകൾ, സമ്മർദമനുഭവിക്കുന്നവരെ ചികിത്സിക്കുന്ന ആശുപത്രി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് അവൾ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഒരിക്കൽ അവൾ ഒരു സിററി മേയറെയും സന്ദർശിച്ചു.” അവൾക്ക് എന്തു വിജയമാണു ലഭിച്ചിട്ടുള്ളത്?
“ആറുമാസം മുമ്പ് ഈ അസാധാരണ വയലിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട് ഇതിനോടകം അവൾ പ്രത്യേക വിഷയങ്ങളിലുള്ള 1,784 പഴയ ലക്കങ്ങൾ സമർപ്പിച്ചിരിക്കുന്നു!”
ഈ സാക്ഷി ഉദ്യോഗസ്ഥരെ സന്ദർശിക്കുന്ന വിധം എങ്ങനെയാണ്? അവൾ പറയുന്നു: “ഈ ആളുകൾ ദിവസവും കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ മാസികകൾ അവതരിപ്പിച്ചിരുന്നു എന്ന വസ്തുത ഒഴിച്ചാൽ സന്ദർശനങ്ങളുടെ ഇത്രയും വിജയത്തിനു കാരണം ഞങ്ങൾ ഔദ്യോഗിക രീതിയിൽ വസ്ത്രധാരണം ചെയ്തു ചെന്നു എന്നുള്ളതാണ്.” നമുക്ക് ശുഭാപ്തിവിശ്വാസത്തോടുകൂടിയ ബിസിനസ്സ് സമീപനവും യോജിച്ച രീതിയിലുള്ള വസ്ത്രധാരണവും ചമയവും ഉണ്ടായിരിക്കുന്ന പക്ഷം ഉദ്യോഗസ്ഥർ തീർച്ചയായും നമ്മെ ആദരിക്കും.
അവൾ തന്റെ വിവരണം ഇപ്രകാരം തുടരുന്നു: “ഞങ്ങൾ ഗർഭച്ഛിദ്രം (1993, മേയ് 22) സംബന്ധിച്ച ഉണരുക! കൊടുക്കുകയായിരുന്നു. അതുകൊണ്ട് ഒരു ഗർഭച്ഛിദ്ര വിരുദ്ധ കേന്ദ്രം സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചു. അശ്രദ്ധമായി ഗർഭച്ഛിദ്രം നടത്തിക്കൊടുത്തതു സംബന്ധിച്ച ഒരു വാർത്തയിൽ സംഭാഷണം ആരംഭിച്ചിട്ട് ഞാൻ ആ മാസികയിലേക്കു ശ്രദ്ധ ക്ഷണിച്ചു. കൂടാതെ വീക്ഷാഗോപുരവും കാണിച്ചു. ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക കൂടി സമർപ്പിക്കത്തക്കവിധം അത്രമാത്രം നല്ല ഒരു സംഭാഷണം ഞങ്ങൾ തമ്മിൽ അന്നു നടന്നു. അവർ അതെല്ലാം ആകാംക്ഷയോടെ സ്വീകരിച്ചു.” അടുത്തതായി അവൾ പോയത് കുടുംബാസൂത്രണ കേന്ദ്രത്തിലേക്കാണ്. അവിടെയും അവൾക്കു സമാനമായ വിജയം ഉണ്ടായി.a
ഈ രീതിയിൽ മുൻകൈ എടുത്താൽ അതിന് ക്രിയാത്മകബന്ധങ്ങളുടെ സദാ വർധിച്ചുകൊണ്ടിരിക്കുന്ന ഒരു വലയത്തെ സൃഷ്ടിക്കാൻ കഴിയും. നമ്മുടെ മാസികകളിലെ ഗവേഷണത്തിലും വിശിഷ്ടമായ എഴുത്തു ശൈലിയിലും ഉദ്യോഗസ്ഥരായ ആളുകൾക്കു മിക്കപ്പോഴും മതിപ്പുതോന്നാറുണ്ടെന്ന് ലഭിക്കുന്ന കത്തുകളിൽനിന്നു ഞങ്ങൾക്കു മനസ്സിലാകുന്നുണ്ട്. ദക്ഷിണ അമേരിക്കയിലെ സുരിനാം പോലെയുള്ള ചില രാജ്യങ്ങളിൽ വിദ്യാർഥികളും അധ്യാപകരും മുഖ്യ വിദ്യാഭ്യാസ മാസികയായി ഉണരുക! ഉപയോഗിക്കത്തക്കവിധം ഈ സംഗതി അത്രമാത്രം സത്യമാണ്. സാക്ഷികൾക്ക് അവിടെ മാസികാ സമർപ്പണങ്ങളുടെ ഒരു ഉയർന്ന നിരക്കുണ്ട്. താത്പര്യക്കാർ ഓരോ ലക്കവും വരാൻ കൊതിയോടെ കാത്തിരിക്കുന്നു.
“സ്ത്രീകൾ—ആദരവ് അർഹിക്കുന്നു” എന്ന വിഷയം സംബന്ധിച്ച ഉണരുക! ലക്കത്തിലെ ഭാഗങ്ങൾ പദാനുപദം ഒരു റേഡിയോ സ്റേറഷൻ ഉദ്ധരിച്ചതായി നൈജീരിയയിൽനിന്നുള്ള ഒരു റിപ്പോർട്ടു പറഞ്ഞു. (1992 ജൂലൈ 8, ഇംഗ്ലീഷ്) അത് എന്താണു സൂചിപ്പിക്കുന്നത്? റേഡിയോ, ടിവി സ്റേറഷനുകളിലെ ഡയറക്ടർമാർക്കു മാസികകൾ വിജയകരമായി സമർപ്പിക്കാൻ കഴിയുമെന്ന്. ഓരോ ലക്കവും പഠിക്കുകയും അഭിഭാഷകർ, അധ്യാപകർ, ഉപദേശകർ, പൊലീസുകാർ, നഴ്സുമാർ, ഡോക്ടർമാർ, മറേറതെങ്കിലും തൊഴിൽ രംഗത്തുള്ളവർ എന്നിങ്ങനെ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്ന വിഷയത്തിൽ ആ പ്രദേശത്തു വിദഗ്ധരായിരിക്കുന്നവരെ കണ്ടുപിടിക്കുകയും ചെയ്യേണ്ട ആവശ്യമേയുള്ളൂ.
മറെറാരു സാക്ഷി വ്യത്യസ്തമായ ഒരു സമീപനം ഉപയോഗിച്ചു. അവൾ ഇപ്രകാരം ചോദിച്ചുകൊണ്ട് അവതരണം തുടങ്ങി: “നിങ്ങൾക്ക് ക്വിസ്സ് ഇഷ്ടമാണോ? മിക്കയാളുകൾക്കും ഇഷ്ടമാണ്. ‘നിങ്ങൾ എപ്പോഴെങ്കിലും ആശ്ചര്യപ്പെട്ടിട്ടുണ്ടോ?’ എന്ന തലക്കെട്ടിൻ കീഴിൽ ഉണരുക!യുടെ ഈ ലക്കത്തിൽ (ജനുവരി 8, 1994 അല്ലെങ്കിൽ സെപ്ററംബർ 8, 1994) ഒരെണ്ണമുണ്ട്. ചോദ്യങ്ങൾക്കുള്ള നിങ്ങളുടെ ഉത്തരങ്ങൾ എഴുതാമല്ലോ. ആ ഉത്തരങ്ങൾ ബൈബിൾ ഉത്തരങ്ങളുമായി ഒത്തുനോക്കാൻ ഞാൻ മറെറാരു ദിവസം മടങ്ങിവരാം.” ഈ രീതിയെ അടിസ്ഥാനമാക്കി അവൾ രസകരമായ അനേകം സംഭാഷണങ്ങൾ നടത്തി. അനേകം ബൈബിളധ്യയനങ്ങൾക്കു തുടക്കമിടുകയും ചെയ്തു.
നിങ്ങൾ സംസാരിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥന് ആകർഷകമായേക്കാവുന്ന വിഷയങ്ങളുള്ള അടുത്തകാലത്തെ ലക്കങ്ങൾ കാണിക്കുകയെന്നതാണു മറെറാരു പ്രായോഗിക നിർദേശം. നേരത്തെ പരാമർശിച്ച ലിൻഡയ്ക്ക് വ്യത്യസ്ത രീതിയിലുള്ള പഠന പദ്ധതികൾ ഉപയോഗിക്കുന്ന ഒരു സ്കൂളിലെ കാര്യനിർവാഹക അഥവാ ഉപദേശകയുമായി പിൻവരുന്ന അനുഭവം ഉണ്ടായി. “ആ മാസികകൾ ഞാൻ അവരുടെ കയ്യിൽ കൊടുത്തപ്പോൾ ‘സമ്മർദം അനുഭവിക്കുന്ന കുട്ടികൾ’ എന്ന തലക്കെട്ടു കണ്ടിട്ട് അവർ പറഞ്ഞു: ‘ഇന്നു ദൈവം നിങ്ങളെ ഇവിടെ അയച്ചതാണ്!’ കുട്ടികൾക്കു സമ്മർദം ഒഴിവാക്കാൻ കഴിയുന്ന വിധം സംബന്ധിച്ച് അവർക്ക് ആ ദിവസം തന്നെ ഒരു ഭാഗം പഠിപ്പിക്കാനുണ്ടായിരുന്നു. നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകത്തെ പരസ്യപ്പെടുത്തിക്കൊണ്ടുള്ള മാസികയുടെ പുറകിലത്തെ പേജിലെ അനുഭവം കണ്ടപ്പോൾ അവർ അതിന്റെ ഒരു പ്രതി ആവശ്യപ്പെട്ടു. ഞാൻ ആ പുസ്തകത്തിൽനിന്ന് ആത്മഹത്യയെപ്പററിയുള്ള ഒരു ഉദ്ധരണി കാണിക്കാൻ ഇടയായി. അപ്പോൾ അവർ ഇപ്രകാരം പറഞ്ഞു: ‘ദൈവം നിങ്ങളെ ഇവിടെ അയച്ചതാണെന്ന് എനിക്കിപ്പോൾ മനസ്സിലായി!’ ജീവിക്കാൻ ആഗ്രഹമില്ലാത്ത ഒരു ആൺകുട്ടിക്ക് അവൾ ബുദ്ധ്യുപദേശം കൊടുത്തതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അവനു കൊടുക്കാൻ അവളുടെ പക്കൽ കൂടുതൽ വിവരങ്ങളുണ്ട്.”
മുൻകൈ എടുക്കുന്ന രീതിയും തയ്യാറാകലും അതോടൊപ്പം ക്രിയാത്മക മനോഭാവവും ഉണ്ടെങ്കിൽ ആശ്വാസത്തിന്റെ ദൈവവചനവുമായി നമുക്ക് വളരെയധികം ആളുകളുടെ പക്കൽ എത്തിച്ചേരാനാവും. അപ്പോസ്തലനായ പൗലോസ് എഴുതിയതുപോലെ: “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:3, 4.
[അടിക്കുറിപ്പുകൾ]
a തന്റെ അവതരണങ്ങളിൽ ഗർഭച്ഛിദ്ര വിഷയത്തിന്റെ രാഷ്ട്രീയ വശങ്ങൾ സംബന്ധിച്ച് അവൾ ശ്രദ്ധാപൂർവം നിഷ്പക്ഷയായിത്തന്നെ നിലകൊണ്ടു. ദൈവരാജ്യത്തിന്റെ പ്രഘോഷണം എന്ന തങ്ങളുടെ മുഖ്യ ജോലിയിൽനിന്നു യഹോവയുടെ സാക്ഷികൾ വ്യതിചലിക്കില്ല.
[23-ാം പേജിലെ ചിത്രം]
സാമൂഹിക സേവന സ്ഥാപനങ്ങൾക്ക് ആവശ്യമായ പ്രായോഗിക വിവരങ്ങൾ മാസികകളിലുണ്ട്
[24-ാം പേജിലെ ചിത്രം]
വീക്ഷാഗോപുരവും ഉണരുക!യും അനേക സാഹചര്യങ്ങളിൽ വാഗ്ദാനം ചെയ്യാൻ കഴിയും