മനുഷ്യരുടെ അടിമകളോ ദൈവത്തിന്റെ ദാസന്മാരോ?
“യഹോവയുടെ സാക്ഷികൾ ഏറെക്കുറെ പ്രശംസിക്കപ്പെടേണ്ടവരാണ്.” സെർ, ഗ്രൂബ്ലർ, എന്തൂസിയാസ്റ്റെൻ (ദാർശനികർ, പര്യാലോചകർ, ഉത്സാഹഭരിതർ) എന്ന ജർമൻ പുസ്തകം അപ്രകാരം പ്രസ്താവിക്കുന്നു. സാക്ഷികളുടെ കുറ്റം കണ്ടുപിടിക്കാനുള്ള പ്രവണത ഒട്ടൊക്കെ ഉണ്ടെങ്കിലും, അതിപ്രകാരം സമ്മതിച്ചു പറയുന്നു: “ഇടത്തരക്കാരുടെ ജീവിത ശൈലിയുള്ള അവർ പൊതുവേ നിഷ്കളങ്കരായി ജീവിക്കുന്നു. അവർ ജോലിയിൽ ഉത്സാഹമുള്ളവരും മനസ്സാക്ഷിയുള്ളവരുമാണ്, അവർ ശാന്തരായ പൗരന്മാരും വിശ്വസ്ത നികുതിദായകരുമാണ്. ഭ്രാന്തമായ ധനസമ്പാദനത്തിൽനിന്ന് അവർ ഒഴിഞ്ഞിരിക്കുന്നു. . . . കൺവെൻഷനുകളിലെ അവരുടെ അച്ചടക്കം പ്രശംസനീയമാണ്. അവരുടെ ആത്മത്യാഗ മനോഭാവം മറ്റേതൊരു മതസമൂഹത്തിന്റേതിനോടും തുല്യമാണ്; ശുശ്രൂഷയുടെ കാര്യത്തിലാണെങ്കിൽ അവർ മറ്റെല്ലാവരെക്കാളും മികച്ചു നിൽക്കുന്നു. എന്നാൽ നമ്മുടെ നാളിലെ മറ്റെല്ലാ ക്രിസ്തീയ സഭകളെയും കൂട്ടങ്ങളെയുംകാൾ അവരെ ശ്രേഷ്ഠരാക്കുന്നത്, എല്ലാ സാഹചര്യങ്ങളിലും എല്ലാ അപകടങ്ങൾക്കു മധ്യേയും തങ്ങളുടെ ഉപദേശങ്ങൾ ഘോഷിക്കാനുള്ള അവരിൽ മിക്കവരുടെയും ഒട്ടും ഭഞ്ജിക്കാനാകാത്ത തീരുമാനമാണ്.”a
വസ്തുനിഷ്ഠമായ അത്തരം വിലയിരുത്തൽ ഉണ്ടെങ്കിലും, യഹോവയുടെ സാക്ഷികളെ തികച്ചും വ്യത്യസ്തമായ ഒരു വിധത്തിൽ ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നു. പതിറ്റാണ്ടുകളായി, ലോകത്തിനു ചുറ്റുമുള്ള മിക്ക രാജ്യങ്ങളിലും സാക്ഷികൾ യാതൊരു ബാഹ്യ ഇടപെടലും കൂടാതെ തങ്ങളുടെ മതപരമായ ശുശ്രൂഷകൾ പരസ്യമായി നടത്തിയിട്ടുണ്ട്. കോടിക്കണക്കിന് ആളുകൾക്ക് അവരെ അറിയാം, അവരോട് ആദരവുമുണ്ട്. കൂടാതെ, തങ്ങളുടെ മതം ആചരിക്കാനുള്ള അവകാശം സാക്ഷികൾക്കുണ്ടെന്നുള്ളതിനോട് അവർ യോജിക്കുകയും ചെയ്യുന്നു. പിന്നെ എന്തുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ ആരാണെന്നുള്ളതു സംബന്ധിച്ച് ചില സംശയങ്ങൾ ഉള്ളത്?
അടുത്തയിടെ മറ്റു ചില മതവിഭാഗങ്ങൾ ശിശുദ്രോഹം, കൂട്ട ആത്മഹത്യ, ഭീകരപ്രവർത്തനം എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ളതാകാം ഒരു സംശയകാരണം. തീർച്ചയായും അത്തരം വഴിപിഴച്ച പ്രവർത്തനങ്ങൾ എല്ലായിടത്തുമുണ്ട്, മതഭക്തിയുള്ളവരുടെ ഇടയിൽ മാത്രമല്ല. എന്നിരുന്നാലും, മതത്തിന്റെ കാര്യത്തിൽ അനേകർ സംശയാലുക്കളായിരിക്കുന്നു, ചിലർ ശത്രുതപോലും വെച്ചുപുലർത്തുന്നു.
മനുഷ്യരെ പിന്തുടരുന്നതിന്റെ അപകടങ്ങൾ
“ഒരു വ്യതിരിക്ത ഉപദേശത്തോടോ നേതാവിനോടോ പറ്റിനിൽക്കുന്ന ഒരു കൂട്ടം” എന്ന് “മതവിഭാഗ”ത്തെ നിർവചിച്ചിരിക്കുന്നു. സമാനമായി ഒരു “ഭക്തിപ്രസ്ഥാന”ത്തിൽപ്പെട്ടവർ “ഒരു വ്യക്തിയോടോ ആശയത്തോടോ വസ്തുവിനോടോ വലിയ ഭക്തി”യുള്ളവരാണ്. മാനുഷ നേതാക്കന്മാരോടും അവരുടെ ആശയങ്ങളോടും ശക്തമായി പറ്റിനിൽക്കുന്ന അംഗങ്ങൾ ഏതു മതസമൂഹത്തിലായാലും മനുഷ്യരുടെ അടിമകളായിത്തീരുന്നതിന്റെ അപകടത്തിലാണ്. ഒരു നേതാവിനെ കേന്ദ്രീകരിച്ചുള്ള ശക്തമായ ബന്ധം വൈകാരികവും ആത്മീയവുമായി അനാരോഗ്യകരമായ ആശ്രയത്വത്തിലേക്കു നയിച്ചേക്കാവുന്നതാണ്. വിഭാഗീയചിന്താഗതി നിറഞ്ഞ അത്തരമൊരു സാഹചര്യത്തിൽ വ്യക്തി ശൈശവംമുതൽ വളർത്തപ്പെടുമ്പോൾ അപകടം കൂടുതൽ ഗുരുതരമായേക്കാം.
മതത്തെക്കുറിച്ച് അത്തരം ഉത്കണ്ഠയുള്ളവർക്ക് ആശ്രയയോഗ്യമായ വിവരങ്ങൾ ആവശ്യമാണ്. അംഗങ്ങളെ അടിമപ്പെടുത്തുന്ന, അവരുടെമേൽ നിയന്ത്രണാധികാരം പ്രയോഗിക്കുന്ന, അവരുടെ സ്വാതന്ത്ര്യത്തെ അനാവശ്യമായി പരിമിതപ്പെടുത്തുന്ന, ഒരു കൂട്ടമെന്നനിലയിൽ അവരെ പൊതുസമൂഹത്തോടു പൊരുത്തപ്പെടാത്തവരാക്കുന്ന ഒരു മത സംഘടനയിൽപ്പെട്ടവരാണ് യഹോവയുടെ സാക്ഷികളെന്ന് ചിലരോടു പറയപ്പെട്ടിട്ടുണ്ടാകാം.
അത്തരം ഉത്കണ്ഠ അടിസ്ഥാനരഹിതമാണെന്ന് യഹോവയുടെ സാക്ഷികൾക്കറിയാം. അതുകൊണ്ട്, അതിനെക്കുറിച്ചു സ്വയം പരിശോധിച്ചുനോക്കാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു. ശ്രദ്ധാപൂർവകമായ വിചിന്തനത്തിനു ശേഷം സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരുക. യഹോവയുടെ സാക്ഷികൾ അവർ അവകാശപ്പെടുന്നതുപോലെ ദൈവത്തിന്റെ ദാസന്മാരാണോ അതോ വാസ്തവത്തിൽ മനുഷ്യരുടെ അടിമകളാണോ? അവരുടെ ബലത്തിന്റെ ഉറവേതാണ്? 12-23 പേജുകളിൽ കൊടുത്തിരിക്കുന്ന രണ്ട് ലേഖനങ്ങൾ അത്തരം ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരങ്ങൾ നൽകും.
[അടിക്കുറിപ്പുകൾ]
a 1950-ലെ ആദ്യ പതിപ്പിൽ മുകളിലത്തെ പ്രസ്താവനയില്ല. 1982-ലെ പരിഷ്കരിച്ച പതിപ്പിൽ അതു പ്രത്യക്ഷപ്പെട്ടത്, യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒരു മെച്ചപ്പെട്ട ഗ്രാഹ്യം നേടാനുള്ള പ്രവണതയുണ്ടെന്നു വെളിപ്പെടുത്തുന്നു.