അവർ തങ്ങൾക്കുതന്നെ ഒരു പ്രശസ്തമായ പേരുണ്ടാക്കിയില്ല
കുപ്രസിദ്ധ ബാബേൽ ഗോപുരത്തിന്റെ നിർമാതാക്കളുടെ വ്യക്തിപരമായ പേരുകളെക്കുറിച്ചു ബൈബിൾ ഒന്നും പറയുന്നില്ല. വിവരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക [“പ്രശസ്തമായ പേരുമുണ്ടാക്കുക,” NW] എന്നു അവർ പറഞ്ഞു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ഉല്പത്തി 11:4.
“അവർ” ആരായിരുന്നു? പ്രളയാനന്തരം ഏതാണ്ട് 200 വർഷംകഴിഞ്ഞാണ് ഈ സംഭവം നടന്നത്. അപ്പോഴേക്കും ഏതാണ്ട് 800 വയസ്സുണ്ടായിരുന്ന നോഹ ആയിരക്കണക്കിനു വരുന്ന തന്റെ സന്തതിപരമ്പരകളോടൊപ്പം ജീവിക്കുകയായിരുന്നു. അവർക്കെല്ലാം ഒരേ ഭാഷയായിരുന്നു. താമസവും ഒരുമിച്ച്, പ്രളയാനന്തരം അവനും പുത്രന്മാരും പാർപ്പുറപ്പിച്ച അതേ പൊതുവായ മേഖലയിൽത്തന്നെ. (ഉല്പത്തി 11:1) കുറെക്കഴിഞ്ഞ്, ഈ വിപുല ജനതതിയുടെ ഒരു ഭാഗം കിഴക്കോട്ടു യാത്ര ചെയ്തു, “ശിനാർദേശത്തു ഒരു സമഭൂമി കണ്ടു.”—ഉല്പത്തി 11:2.
സമ്പൂർണ പരാജയം
ഈ സമഭൂമിയിൽവെച്ചായിരുന്നു പ്രസ്തുത കൂട്ടം ദൈവത്തിനെതിരെ മത്സരിക്കാൻ തീരുമാനിച്ചത്. അതെങ്ങനെ? “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറ”യാൻ ആദ്യ മനുഷ്യദമ്പതികളോടു കൽപ്പിച്ചുകൊണ്ട് യഹോവയാം ദൈവം തന്റെ ഉദ്ദേശ്യം പ്രസ്താവിച്ചിരുന്നു. (ഉല്പത്തി 1:28) ഇത് പ്രളയാനന്തരം നോഹയോടും അവന്റെ പുത്രന്മാരോടും ആവർത്തിക്കപ്പെട്ടു. ദൈവം അവരോടു കൽപ്പിച്ചു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെററു പെരുകുവിൻ.” (ഉല്പത്തി 9:7) യഹോവയുടെ നിർദേശത്തിന് എതിരായി, “ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാ”തിരിപ്പാൻ ആളുകൾ ഒരു നഗരം പണിതു.
തങ്ങൾക്കുതന്നെ “ഒരു പ്രശസ്തമായ പേരുമുണ്ടാക്കുക”യെന്ന ലക്ഷ്യത്തിൽ ആ ജനം ഒരു ഗോപുരം പണിയാനുമാരംഭിച്ചു. എന്നാൽ പ്രതീക്ഷയ്ക്കു വിപരീതമായി, അവർക്കു ഗോപുരംപണി പൂർത്തിയാക്കാനായില്ല. യഹോവ ഭാഷ കലക്കിയതിനാൽ അവർക്കു പരസ്പരം മനസ്സിലാകാത്ത സ്ഥിതിവിശേഷം സംജാതമായി എന്നു ബൈബിൾരേഖ പറയുന്നു. “അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു” എന്നു നിശ്വസ്ത വിവരണം പറയുന്നു.—ഉല്പത്തി 11:7, 8.
ഈ സംരംഭത്തിന്റെ സമ്പൂർണ പരാജയം എടുത്തുകാണിക്കുന്നതാണ് പണിക്കാരുടെ പേരുകൾ ഒരിക്കലും “പ്രശസ്ത”മോ പ്രസിദ്ധമോ ആയില്ലെന്ന വസ്തുത. വാസ്തവത്തിൽ, അവരുടെ പേരുകൾ അജ്ഞാതമാണ്, അവ മനുഷ്യചരിത്രത്തിൽനിന്നു തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. എന്നാൽ നോഹയുടെ പ്രപൗത്രനായ നിമ്രോദിന്റെ കാര്യമോ? ദൈവത്തിനെതിരായ ഈ മത്സരത്തിന്റെ നായകൻ അവനായിരുന്നില്ലേ? അവന്റെ പേര് പ്രസിദ്ധമല്ലേ?
നിമ്രോദ്—അഹങ്കാരിയായ മത്സരി
നിസ്സംശയമായും, നിമ്രോദ് ആ മത്സര സംഘത്തിന്റെ തലവനായിരുന്നു. ഉല്പത്തി 10-ാം അധ്യായം അവനെ പരിചയപ്പെടുത്തുന്നത് “യഹോവയ്ക്കെതിരായ ഒരു നായാട്ടുവീരൻ” എന്നാണ്. (ഉല്പത്തി 10:9, NW) “അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു”വെന്നും തിരുവെഴുത്തുകൾ പറയുന്നു. (ഉല്പത്തി 10:8) നിമ്രോദ് ഒരു യോദ്ധാവ്, ഒരു അക്രമി ആയിരുന്നു. പ്രളയത്തിനുശേഷം അവൻ സ്വയം രാജാവായി അവരോധിച്ച് ആദ്യത്തെ മനുഷ്യ ഭരണാധിപൻ ആയിത്തീർന്നു. നിമ്രോദ് ഒരു നിർമാതാവുമായിരുന്നു. ബാബേൽ ഉൾപ്പെടെ എട്ടു നഗരങ്ങൾ അവനാണു പണിതതെന്നു ബൈബിൾ പറയുന്നു.—ഉല്പത്തി 10:10-12.
അതുകൊണ്ട്, ദൈവത്തിന്റെ എതിരാളിയും ഒരു ബാബേൽ രാജാവും നഗരങ്ങളുടെ നിർമാതാവുമായ നിമ്രോദ് നിശ്ചയമായും ബാബേൽ ഗോപുരത്തിന്റെ നിർമാണത്തിൽ പങ്കെടുത്തു. അവൻ തനിക്കുതന്നെ ഒരു പ്രശസ്തമായ പേരുണ്ടാക്കിയോ? നിമ്രോദ് എന്ന പേരിനെക്കുറിച്ച്, പൗരസ്ത്യഭാഷാവിദഗ്ധനായ ഇ. എഫ്. സി. റോസൻമുള്ളർ എഴുതി: “‘അവൻ മത്സരിച്ചു,’ ‘കൂറുമാറ്റം നടത്തി’ എന്നർഥമുള്ള എബ്രായ വാക്കിൽ [മരധ്] നിന്നാണ് അവനു പേരു ലഭിച്ചിരിക്കുന്നത്.” “പൗരസ്ത്യദേശക്കാർ പല പ്രമുഖ വ്യക്തികളെയും അവർക്കു മരണാനന്തരം നൽകപ്പെട്ട പേര് ഉപയോഗിച്ചാണ് പലപ്പോഴും പരാമർശിച്ചിരുന്നത്. അവരുടെ പേരും അവർ ചെയ്ത സംഗതികളും തമ്മിൽ ചിലപ്പോൾ കാണപ്പെടുന്ന വിസ്മയാവഹമായ ചേർച്ചയ്ക്ക് ആധാരം അതാണ്” എന്നു റോസൻമുള്ളർ വിശദീകരിക്കുന്നു.
ജനിച്ചപ്പോൾ ഇട്ട പേരല്ല നിമ്രോദ് എന്ന അഭിപ്രായക്കാരാണ് പല പണ്ഡിതന്മാരും. മറിച്ച്, അവന്റെ മത്സരസ്വഭാവം പ്രകടമായതിനുശേഷം പിൽക്കാലത്ത് ലഭിച്ചതാണ് ആ പേര് എന്ന് അവർ വിചാരിക്കുന്നു. ഉദാഹരണത്തിന്, സി. എഫ്. കിൽ പ്രസ്താവിക്കുന്നു: “‘നാം മത്സരിക്കും’ [മരധ്] എന്നതിൽനിന്നു വരുന്ന നിമ്രോദ് എന്ന പേരുതന്നെ ദൈവത്തിനെതിരെ ഏതോ തരത്തിലുള്ള അക്രമാസക്ത ചെറുത്തുനിൽപ്പിനെ സൂചിപ്പിക്കുന്നു. ആ പേര് സ്വഭാവവിശേഷതയിൽ അത്രയ്ക്ക് അടിസ്ഥാനപ്പെട്ടിരിക്കുന്നതുകൊണ്ട് അത് അവന്റെ സമകാലികർ നൽകിയതും പിന്നീട് വ്യക്തിനാമമായിത്തീർന്നതുമായിരിക്കാനേ വഴിയുള്ളൂ.” ജേക്കബ് പെരിസൊനിയസ് എന്ന ചരിത്രകാരന്റെ ഒരു അടിക്കുറിപ്പിൽനിന്ന് കിൽ ഉദ്ധരിക്കുന്നു: “നിഷ്ഠുരനായ നായാട്ടുകാരനെന്ന നിലയിൽ, കൂട്ടാളികളുമൊത്തു നടക്കുന്ന ഈ മനുഷ്യൻ [നിമ്രോദ്], ശേഷിക്കുന്നവരെയും മത്സരത്തിലേക്ക് ഇളക്കിവിടാനായി എല്ലായ്പോഴും ‘നിമ്രോദ്, നിമ്രോദ്’ അതായത് ‘നമുക്കു മത്സരിക്കാം! നമുക്കു മത്സരിക്കാം! എന്ന് ആവർത്തിച്ചുപറഞ്ഞിരിക്കാമെന്നു ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട്, പിൽക്കാലത്ത് മറ്റുള്ളവർ, മോശപോലും, ആ വാക്ക് അവന്റെ വ്യക്തിപരമായ നാമമാക്കി.
വ്യക്തമായും, നിമ്രോദ് തനിക്കുതന്നെ ഒരു പ്രശസ്തമായ പേരുണ്ടാക്കിയില്ല. ജനിച്ചപ്പോൾ ഇട്ട പേര് അജ്ഞാതമായിത്തന്നെയിരിക്കുന്നുവെന്നു വ്യക്തമാണ്. അവന്റെ അനുഗാമികളുടെ പേരുകൾക്കു സംഭവിച്ചതുപോലെ, അവന്റെ പേരും ചരിത്രത്തിൽനിന്നു തുടച്ചുനീക്കപ്പെട്ടു. തന്റെ പേരു നിലനിർത്താൻ അവനു സന്തതിപോലുമുണ്ടായിരുന്നില്ല. മഹത്ത്വവും പ്രശസ്തിയും ലഭിക്കുന്നതിനുപകരം, അവൻ കുപ്രസിദ്ധിയിൽ പുതഞ്ഞുകിടക്കുന്നു. നിമ്രോദ് എന്ന പേര്, യഹോവയാം ദൈവത്തെ മൂഢമായി വെല്ലുവിളിച്ച അഹങ്കാരിയായ മത്സരി എന്ന സ്ഥിരമേൽവിലാസം അവനു നൽകിയിരിക്കുന്നു.