കുഷ്ഠരോഗിയായ എന്റെ ജീവിതം—സന്തോഷകരവും ആത്മീയമായി അനുഗൃഹീതവും
ഐസയ ആഡാഗ്ബോണ പറഞ്ഞപ്രകാരം
നൈജീരിയയിലെ അക്കുറെയിലാണ് ഞാൻ വളർന്നത്. എന്റെ കുടുംബം ചേന, വാഴ, കസാവ, കൊക്കോ എന്നിവ കൃഷിചെയ്തിരുന്നു. എന്നെ സ്കൂളിൽ വിടാൻ പിതാവിന് ഇഷ്ടമില്ലായിരുന്നു. അദ്ദേഹം എന്നോടു പറഞ്ഞു: “നീ ഒരു കൃഷിക്കാരനാണ്. ചേനക്കൃഷിക്ക് വായന അറിയേണ്ട ആവശ്യമൊന്നുമില്ല.”
എങ്കിലും, വായന പഠിക്കാൻ ഞാൻ ആഗ്രഹിച്ചു. വൈകുന്നേരങ്ങളിൽ, ഒരു സ്വകാര്യ അധ്യാപകൻ ചില കുട്ടികളെ പഠിപ്പിച്ചിരുന്ന ഒരു വീടിന്റെ ജനാലയ്ക്ക് അടുത്തുപോയിനിന്ന് അദ്ദേഹം പഠിപ്പിക്കുന്നത് ഞാൻ ശ്രദ്ധിക്കുമായിരുന്നു. അത് 1940-ൽ ആയിരുന്നു. അന്ന് എനിക്ക് 12 വയസ്സുണ്ട്. ആ കുട്ടികളുടെ പിതാവ് എന്നെ കണ്ടാൽ, ആക്രോശിച്ചുകൊണ്ട് പുറകെവന്ന് എന്നെ ഓടിക്കുമായിരുന്നു. പക്ഷേ ഞാൻ വീണ്ടും വീണ്ടും തിരിച്ചുചെല്ലുമായിരുന്നു. ചിലപ്പോൾ അധ്യാപകൻ വരാത്തസമയത്ത് ആ കുട്ടികൾ പഠിക്കുമ്പോൾ ഞാൻ അവരുടെ പുസ്തകങ്ങളിലേക്ക് ഒളിഞ്ഞുനോക്കുമായിരുന്നു. ചിലയവസരങ്ങളിൽ അവർ എനിക്ക് പുസ്തകങ്ങൾ കടം തന്നിരുന്നു. അങ്ങനെയാണ് ഞാൻ വായിക്കാൻ പഠിച്ചത്.
ഞാൻ ദൈവജനത്തോടൊപ്പം ചേരുന്നു
ഒരിക്കൽ എനിക്കൊരു ബൈബിൾ കിട്ടി. കിടക്കാൻ പോകുന്നതിനു മുമ്പ് ഞാൻ അതു പതിവായി വായിച്ചിരുന്നു. യേശുവിന്റെ അനുഗാമികൾ ദ്വേഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് പറയുന്ന മത്തായി 10-ാം അധ്യായം ഒരു രാത്രിയിൽ ഞാൻ വായിച്ചു.
യഹോവയുടെ സാക്ഷികൾ എന്റെ വീട്ടിൽ വന്നപ്പോൾ അവരോടു മോശമായിട്ടാണ് പെരുമാറിയിട്ടുള്ളതെന്ന് ഞാൻ ഓർമിച്ചു. യേശു പറഞ്ഞ ആളുകൾ ഇവരായിരിക്കാമെന്നു ചിന്തിക്കാൻ അതെന്നെ പ്രേരിപ്പിച്ചു. അടുത്ത തവണ സാക്ഷികൾ സന്ദർശിച്ചപ്പോൾ ഞാൻ അവരിൽനിന്ന് ഒരു മാസിക വാങ്ങി. അവരോടൊപ്പം സഹവസിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പരിഹാസപാത്രമായിത്തീർന്നു. പക്ഷേ ആളുകൾ എന്നെ എത്രകണ്ട് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചുവോ ഞാൻ സത്യമതം കണ്ടെത്തിയിരിക്കുന്നുവെന്ന ബോധ്യവും തന്മൂലമുള്ള സന്തോഷവും അത്രകണ്ട് വർധിച്ചു.
എന്റെ പ്രദേശത്തുള്ള മറ്റു മതസമൂഹങ്ങളിൽനിന്നു വ്യത്യസ്തമായി സാക്ഷികൾ പ്രാദേശിക പുറജാതി മതത്തിന്റെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും തങ്ങളുടെ ആരാധനയുമായി കൂട്ടിക്കലർത്തിയിരുന്നില്ലെന്നുള്ളതാണ് അവരെക്കുറിച്ച് എന്നിൽ ഏറ്റവുമധികം മതിപ്പുളവാക്കിയ സംഗതി. ദൃഷ്ടാന്തത്തിന്, എന്റെ കുടുംബം ആംഗ്ലിക്കൻ പള്ളിയിൽ പോയിരുന്നെങ്കിലും യോരുബാ ദൈവമായ ഒഗുണിനുള്ള ഒരു വേദിക എന്റെ പിതാവിനുണ്ടായിരുന്നു.
പിതാവിന്റെ മരണശേഷം ഞാൻ ആ വേദിക അവകാശമാക്കണമെന്നതായിരുന്നു സമ്പ്രദായം. ബൈബിൾ വിഗ്രഹാരാധനയെ കുറ്റംവിധിക്കുന്നുവെന്ന് അറിയാമായിരുന്നതുകൊണ്ട് എനിക്കത് വേണ്ടായിരുന്നു. യഹോവയുടെ സഹായത്താൽ ആത്മീയമായി പുരോഗതി പ്രാപിച്ച് 1954-ൽ ഞാൻ സ്നാപനമേറ്റു.
കുഷ്ഠരോഗം പിടിപെടുന്നു
ആ വർഷത്തിന്റെ ആരംഭത്തിൽ, എന്റെ കാൽപ്പാദത്തിൽ നീരുണ്ടെന്നും സ്പർശനശക്തിയില്ലെന്നും ഞാൻ മനസ്സിലാക്കി. ചുട്ടുപഴുത്ത കൽക്കരിയുടെ മീതെ നടന്നാലും യാതൊരു വേദനയും ഇല്ലായിരുന്നു. കുറച്ചുനാൾ കഴിഞ്ഞ്, എന്റെ നെറ്റിയിലും ചുണ്ടുകളിലും മങ്ങിയ ചുവപ്പുനിറമുള്ള വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. കുഴപ്പമെന്താണെന്ന് എനിക്കോ കുടുംബത്തിലെ മറ്റുള്ളവർക്കോ മനസ്സിലായില്ല; കരപ്പനാണെന്നാണ് ഞങ്ങൾ വിചാരിച്ചത്. രോഗശമനം തേടി ഞാൻ 12 നാട്ടുവൈദ്യന്മാരുടെ അടുക്കൽ പോയി. അതു കുഷ്ഠരോഗമാണെന്ന് ഒടുവിൽ അവരിലൊരാൾ ഞങ്ങളോടു പറഞ്ഞു.
അതെന്തൊരു ആഘാതമായിരുന്നു! ഞാനാകെ അസ്വസ്ഥനായി. എനിക്കു നല്ല ഉറക്കം ലഭിച്ചില്ല. ഞാൻ പേടിസ്വപ്നങ്ങൾ കണ്ടു. എന്നാൽ ബൈബിൾ സത്യത്തെക്കുറിച്ചുള്ള എന്റെ അറിവും യഹോവയിലുള്ള ആശ്രയവും ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ എന്നെ സഹായിച്ചു.
ഞാൻ ഒരു വെളിച്ചപ്പാടത്തിയുടെ അടുത്തുപോയി ബലി അർപ്പിച്ചാൽ രോഗം ഭേദമാകുമെന്ന് ആളുകൾ അമ്മയോടു പറഞ്ഞു. അത്തരമൊരു പ്രവൃത്തി യഹോവയെ അപ്രീതിപ്പെടുത്തുമെന്നു മനസ്സിലാക്കിയ ഞാൻ അവിടെപ്പോകാൻ വിസമ്മതിച്ചു. എന്റെ നിലപാടിൽ മാറ്റമില്ലെന്നു മനസ്സിലാക്കിയ അമ്മയുടെ സുഹൃത്തുക്കൾ, ഒരു കോളാക്കുരു എന്റെ നെറ്റിയിൽ തൊട്ടിട്ട് എനിക്കുവേണ്ടി ബലികളിൽ ഉപയോഗിക്കാനായി അത് വെളിച്ചപ്പാടത്തിക്കു സമ്മാനിക്കാൻ അമ്മയോടു നിർദേശിച്ചു. എന്നാൽ അതിൽ പങ്കുകൊള്ളാൻ ഞാൻ ആഗ്രഹിച്ചില്ല, ഞാനത് അമ്മയോടു പറയുകയും ചെയ്തു. പുറജാതി മതത്തിൽ എന്നെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ഒടുവിൽ അമ്മ ഉപേക്ഷിച്ചു.
ഞാൻ ആശുപത്രിയിൽ പോയപ്പോഴേക്കും, കുഷ്ഠം എന്നെ ആഴമായി ബാധിച്ചു കഴിഞ്ഞിരുന്നു. ശരീരമാസകലം വ്രണങ്ങളുണ്ടായിരുന്നു. ആശുപത്രിയിൽവെച്ച് അവർ എനിക്കു മരുന്നുകൾ തന്നു. ക്രമേണ എന്റെ ത്വക്ക് പൂർവസ്ഥിതി പ്രാപിച്ചു.
ഞാൻ മരിച്ചെന്ന് അവർ വിചാരിച്ചു
പക്ഷേ അത് എന്റെ പ്രശ്നങ്ങളുടെ അവസാനമായിരുന്നില്ല. എന്റെ വലതുകാൽപ്പാദത്തിന് കഠിനമായ രോഗബാധയുണ്ടായി. 1962-ൽ അത് മുറിച്ചു മാറ്റേണ്ടിവന്നു. ഓപ്പറേഷനുശേഷം വൈദ്യസംബന്ധമായ സങ്കീർണതകളുണ്ടായിരുന്നു. ഞാൻ ജീവിക്കുമെന്ന് ഡോക്ടർമാർ കരുതിയില്ല. വെള്ളക്കാരനായ ഒരു മിഷനറി പുരോഹിതൻ അന്ത്യകൂദാശ നൽകാൻ വന്നു. എനിക്ക് സംസാരിക്കാൻപോലും കഴിയുമായിരുന്നില്ല. എന്നാൽ, ഞാൻ ഒരു യഹോവയുടെ സാക്ഷിയാണെന്ന് ഒരു നേഴ്സ് അദ്ദേഹത്തോടു പറഞ്ഞു.
ആ പുരോഹിതൻ എന്നോടു ചോദിച്ചു: “സ്വർഗത്തിൽ പോകാൻ കഴിയേണ്ടതിന് മാറ്റം വരുത്തി ഒരു കത്തോലിക്കനായിത്തീരാൻ നിനക്ക് ആഗ്രഹമുണ്ടോ?” അതുകേട്ട് ഞാൻ ഉള്ളാലെ ചിരിച്ചു. മറുപടി പറയാനുള്ള ശക്തിക്കായി ഞാൻ യഹോവയോടു പ്രാർഥിച്ചു. “ഇല്ല!” എന്ന് വളരെ പണിപ്പെട്ട് എനിക്കു പറയാൻ കഴിഞ്ഞു. പുരോഹിതൻ തിരിഞ്ഞ്, നടന്നകന്നു.
ഞാൻ മരിച്ചെന്ന് ആശുപത്രി ജീവനക്കാർ വിചാരിച്ച ഘട്ടത്തോളം എന്റെ അവസ്ഥ വഷളായി. അവർ എന്റെ മുഖം ഒരു ഷീറ്റുകൊണ്ട് മൂടി. എന്നാൽ, ഞാൻ മരിച്ചെന്ന് ഒരു ഡോക്ടറോ നേഴ്സോ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടായിരുന്നതിനാൽ അവർ എന്നെ മോർച്ചറിയിലേക്കു കൊണ്ടുപോയില്ല. ഡോക്ടർമാർ ആരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. നേഴ്സുമാരെല്ലാം ഒരു പാർട്ടിക്ക് പോയിരിക്കുകയുമായിരുന്നു. അതുകൊണ്ട് രാത്രിമുഴുവനും അവരെന്നെ വാർഡിൽ ഇട്ടു. മരിച്ചെന്നു കരുതി എന്നെ മൂടിയിട്ടിരുന്നതിനാൽ, അടുത്ത പ്രഭാതത്തിൽ ഡോക്ടർ പരിശോധനയ്ക്കു വന്നപ്പോൾ ആരും എന്റെ കിടക്കയ്ക്ക് അടുത്തു വന്നില്ല. ഒടുവിൽ, ഷീറ്റിന് അടിയിലുള്ള “മൃതദേഹം” ചലിക്കുന്നത് ആരുടെയോ ശ്രദ്ധയിൽപ്പെട്ടു!
ഒടുവിൽ ഞാൻ സുഖം പ്രാപിച്ചു, 1963 ഡിസംബറിൽ അവരെന്നെ തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ അബിയോകുറ്റാ കുഷ്ഠരോഗ ആശുപത്രി പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റി. അന്നുമുതൽ എന്റെ ജീവിതം അവിടെയായി.
എന്റെ പ്രസംഗത്തിന് എതിർപ്പ്
പുനരധിവാസകേന്ദ്രത്തിൽ എത്തിയപ്പോൾ അവിടെ ഏകദേശം 400 കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. ഞാനായിരുന്നു ഏക സാക്ഷി. ഞാൻ സൊസൈറ്റിക്ക് എഴുതി. ഞാനുമായി സമ്പർക്കം പുലർത്താൻ അക്കോമോജ് സഭയ്ക്ക് നിർദേശം നൽകിക്കൊണ്ട് അവർ താമസംവിനാ പ്രതികരിച്ചു. അതുകൊണ്ട് എനിക്ക് ഒരിക്കലും സഹോദരന്മാരുമായി ബന്ധം പുലർത്താൻ സാധിക്കാതെ വന്നിട്ടില്ല.
പുനരധിവാസകേന്ദ്രത്തിൽ വന്നയുടനെ ഞാൻ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങി. ആ പ്രദേശത്തെ പാസ്റ്റർക്ക് അതത്ര രസിച്ചില്ല. അദ്ദേഹം എന്നെക്കുറിച്ച് ക്യാമ്പിന്റെ ചുമതലയുള്ള വെൽഫെയർ ഓഫീസർക്കു റിപ്പോർട്ടു ചെയ്തു. പ്രായംചെന്ന ഒരു ജർമൻകാരനായിരുന്നു വെൽഫെയർ ഓഫീസർ. ബൈബിൾ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസമോ സാക്ഷ്യപത്രമോ ഇല്ലാത്തതിനാൽ എനിക്ക് പഠിപ്പിക്കാനവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു; എനിക്ക് യോഗ്യതയില്ലാത്തതിനാൽ ഞാൻ ആളുകളെ ബൈബിൾ തെറ്റായി പഠിപ്പിക്കുമായിരുന്നുപോലും. പഠിപ്പിക്കൽ തുടർന്നാൽ എന്നെ പുനരധിവാസകേന്ദ്രത്തിൽനിന്നു പുറത്താക്കുകയും വൈദ്യചികിത്സ നിഷേധിക്കുകയും ചെയ്യുമായിരുന്നു. മറുപടിയായി യാതൊന്നും പറയാൻ അദ്ദേഹം എന്നെ അനുവദിച്ചില്ല.
അടുത്തതായി, ആരും എന്റെ കൂടെ ബൈബിൾ പഠിക്കരുതെന്ന് അദ്ദേഹം നിർദേശം നൽകി. തത്ഫലമായി, താത്പര്യം കാണിച്ചിരുന്നവർ എന്റെ അടുത്ത് വരാതായി.
ജ്ഞാനവും മാർഗനിർദേശവും തേടിക്കൊണ്ട് ഞാൻ വിവരം പ്രാർഥനയിൽ യഹോവയെ അറിയിച്ചു. അടുത്ത ഞായറാഴ്ച ഞാൻ പുനരധിവാസകേന്ദ്രത്തിലെ ബാപ്റ്റിസ്റ്റ് പള്ളിയിൽ പോയി, എന്നാൽ ഞാൻ അവരുടെ മത ശുശ്രൂഷകളിൽ പങ്കെടുത്തില്ല. ശുശ്രൂഷയ്ക്കിടയിൽ, സന്നിഹിതരായിരിക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കാൻ ഒരു അവസരമുണ്ടായിരുന്നു. ഞാൻ കൈ ഉയർത്തി ചോദിച്ചു: “എല്ലാ നല്ലയാളുകളും സ്വർഗത്തിൽ പോകുകയും എല്ലാ ചീത്തയാളുകളും മറ്റെവിടെയോ പോകുകയും ചെയ്യുന്നെങ്കിൽ, പിന്നെയെന്തുകൊണ്ടാണ് നിവസിക്കപ്പെടാനാണ് ദൈവം ഭൂമിയെ ഉണ്ടാക്കിയതെന്ന് യെശയ്യാവു 45:18 പറയുന്നത്?”
കൂടിയിരുന്നവരുടെ ഇടയിൽ വളരെ അടക്കം പറച്ചിലുണ്ടായി. ദൈവത്തിന്റെ വഴികൾ നമുക്കു നിർണയിക്കാൻ സാധ്യമല്ലെന്ന് മിഷനറിയായ പാസ്റ്റർ ഒടുവിൽ പറഞ്ഞു. അപ്പോൾ, 1,44,000 പേർ സ്വർഗത്തിൽ പോകുമെന്നും ദുഷ്ടന്മാർ നശിക്കുമെന്നും നീതിമാന്മാർ ഭൂമിയിൽ എന്നേക്കും ജീവിക്കുമെന്നും കാണിക്കുന്ന തിരുവെഴുത്തുകൾ വായിച്ചുകൊണ്ട് ഞാൻ സ്വന്തം ചോദ്യത്തിന് ഉത്തരം നൽകി.—സങ്കീർത്തനം 37:10, 11; വെളിപ്പാടു 14:1, 4.
ഉത്തരത്തിനുള്ള അഭിനന്ദനമായി എല്ലാവരും കൈയ്യടിച്ചു. അപ്പോൾ പാസ്റ്റർ പറഞ്ഞു: “ഒരിക്കൽക്കൂടെ കയ്യടിക്കുക, കാരണം ഇയാൾക്കു ബൈബിൾ ശരിക്കുമറിയാം.” ശുശ്രൂഷയ്ക്കുശേഷം ചിലർ എന്റെ അടുത്തുവന്ന് പറഞ്ഞു: “താങ്കൾക്ക് പാസ്റ്ററിനെക്കാൾ അറിവുണ്ട്!”
എന്നെ പുറത്താക്കാനുള്ള സമ്മർദം തുടരുന്നു
അതോടെ പീഡനം ഗണ്യമായി കുറഞ്ഞു. ബൈബിൾ പഠിക്കാനായി ആളുകൾ വീണ്ടും എന്റെയടുത്തുവന്നു. എന്നിരുന്നാലും, എന്നെ പുറത്താക്കാൻ വെൽഫെയർ ഓഫീസറുടെമേൽ സമ്മർദം ചെലുത്തുന്ന എതിരാളികൾ അപ്പോഴുമുണ്ടായിരുന്നു. ആ പള്ളിശുശ്രൂഷയ്ക്കു ശേഷം ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ അടുത്തുവിളിച്ചു ചോദിച്ചു: “നീ എന്തുകൊണ്ടാണ് തുടർന്നും പ്രസംഗിക്കുന്നത്? എന്റെ രാജ്യത്ത് ആളുകൾക്ക് യഹോവയുടെ സാക്ഷികളെ ഇഷ്ടമല്ല, ഇവിടെയും അങ്ങനെയാണ്. നീ എന്തിനാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത്? നിന്നെ പുറത്താക്കാൻ എനിക്കു കഴിയുമെന്നു നിനക്കറിയില്ലേ?”
ഞാൻ ഇങ്ങനെ പ്രതിവചിച്ചു: “പപ്പാ, മൂന്നു കാരണങ്ങളാൽ ഞാൻ താങ്കളെ ആദരിക്കുന്നു. ഒന്നാമത്തെ കാരണം, താങ്കൾക്ക് എന്നെക്കാൾ പ്രായമുണ്ട്, നരച്ച മുടിയുള്ളവരെ ആദരിക്കണമെന്ന് ബൈബിൾ നമ്മോടു പറയുന്നു. ഞങ്ങളെ സഹായിക്കുന്നതിനു സ്വന്തം രാജ്യംവിട്ട് താങ്കൾ ഇവിടെ വന്നിരിക്കുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. താങ്കൾ ദയാലുവും ഔദാര്യമുള്ളവനും ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നവനും ആണെന്നുള്ളത് മൂന്നാമത്തെ കാരണവും. എന്നാൽ, എന്നെ പുറത്താക്കാൻ താങ്കൾക്ക് എന്ത് അവകാശമുണ്ടെന്നാണ് താങ്കൾ കരുതുന്നത്? ഈ രാജ്യത്തെ പ്രസിഡൻറ് യഹോവയുടെ സാക്ഷികളെ പുറത്താക്കുന്നില്ല. ഈ പ്രദേശത്തെ പരമ്പരാഗത ഭരണാധികാരി ഞങ്ങളെ പുറത്താക്കുന്നില്ല. താങ്കൾ എന്നെ ഈ ക്യാമ്പിൽനിന്ന് ആട്ടിയോടിച്ചാലും യഹോവ എനിക്കുവേണ്ടി കരുതും.”
മുമ്പൊരിക്കലും ഞാൻ അദ്ദേഹത്തോട് അപ്രകാരം തുറന്നടിച്ച് സംസാരിച്ചിട്ടില്ല. അതു ഫലമുളവാക്കിയെന്ന് എനിക്കു മനസ്സിലായി. ഒരക്ഷരം മിണ്ടാതെ അദ്ദേഹം നടന്നകന്നു. പിന്നീട് ഒരുവൻ എന്നെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ ഇച്ഛാഭംഗത്തോടെ അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: “ഈ പ്രശ്നത്തിൽ ഞാൻ മേലാൽ ഇടപെടാൻ പോകുന്നില്ല. അവന്റെ പ്രസംഗത്തോടുള്ള ബന്ധത്തിൽ നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവനുമായി ചർച്ച ചെയ്യുക!”
സാക്ഷരതാ ക്ലാസ്സ്
ക്യാമ്പിലെ ബാപ്റ്റിസ്റ്റ് പള്ളിയിൽ സംബന്ധിച്ചിരുന്നവരിൽനിന്ന് എന്റെ പ്രസംഗത്തോടുള്ള എതിർപ്പ് തുടർന്നു. അപ്പോൾ എനിക്കൊരു ആശയം തോന്നി. എനിക്ക് ഒരു സാക്ഷരതാ ക്ലാസ്സ് തുടങ്ങാൻ പറ്റുമോയെന്ന് ഞാൻ വെൽഫെയർ ഓഫീസറോടു പോയി ചോദിച്ചു. എത്ര ശമ്പളം വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, സൗജന്യമായി പഠിപ്പിച്ചുകൊള്ളാമെന്നു ഞാൻ പറഞ്ഞു.
അവർ ഒരു ക്ലാസ്സ് മുറിയും ബ്ലാക്ക് ബോർഡും ചോക്കും തന്നു. അങ്ങനെ ഞാൻ ചില അന്തേവാസികളെ പഠിപ്പിക്കാൻ തുടങ്ങി. എല്ലാ ദിവസവും ഞങ്ങൾ ക്ലാസ്സുകൾ നടത്തി. ആദ്യത്തെ 30 മിനിട്ടുനേരം വായിക്കാൻ പഠിപ്പിക്കും. എന്നിട്ട് ഞാൻ ബൈബിളിൽനിന്നുള്ള ഒരു കഥ പറഞ്ഞ് വിശദീകരിക്കും. അതിനുശേഷം ഞങ്ങൾ ആ വിവരണം ബൈബിളിൽനിന്നു വായിക്കും.
നിമോറ്റാ എന്നു പേരുള്ള ഒരു സ്ത്രീയായിരുന്നു ഒരു വിദ്യാർഥിനി. ആത്മീയ കാര്യങ്ങളിൽ അവൾക്ക് ആഴമായ താത്പര്യമുണ്ടായിരുന്നു. അവൾ പള്ളിയിലും മോസ്ക്കിലും മതപരമായ ചോദ്യങ്ങൾ ചോദിക്കുമായിരുന്നു. അവളുടെ ചോദ്യങ്ങൾക്ക് അവിടെ ഉത്തരം ലഭിച്ചില്ല. അതുകൊണ്ട് എന്നോടു ചോദിക്കാനായി അവൾ വരുമായിരുന്നു. ഒടുവിൽ അവൾ തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് സ്നാപനമേറ്റു. 1966-ൽ ഞങ്ങൾ വിവാഹിതരായി.
ഇന്ന് ഞങ്ങളുടെ സഭയിലുള്ള മിക്കവരും എഴുതാനും വായിക്കാനും പഠിച്ചത് ആ സാക്ഷരതാ ക്ലാസ്സിലാണ്. ആ ക്ലാസ്സിന്റെ കാര്യം നിർദേശിക്കാനുള്ള ജ്ഞാനമൊന്നും എനിക്കില്ലായിരുന്നു. തീർച്ചയായും യഹോവയുടെ അനുഗ്രഹം പ്രകടമായിരുന്നു. പ്രസംഗിക്കുന്നതിൽനിന്ന് എന്നെ തടയാൻ അതിനുശേഷം ആരും ശ്രമിച്ചിട്ടില്ല.
ക്യാമ്പിൽ ഒരു രാജ്യഹാൾ
ഞാനും നിമോറ്റായും വിവാഹിതരായ കാലത്ത്, ഞങ്ങൾ നാലു പേർ വീക്ഷാഗോപുര അധ്യയനത്തിന് പതിവായി കൂടിവന്നിരുന്നു. കുഷ്ഠരോഗികളുടെ മുറിവുകൾ കഴുകുന്ന മുറിയിലാണ് ഒരു വർഷത്തോളം ഞങ്ങൾ കൂടിവന്നിരുന്നത്. അപ്പോഴേക്കും എന്റെ സുഹൃത്തായിത്തീർന്നിരുന്ന വെൽഫെയർ ഓഫീസർ എന്നോടു പറഞ്ഞു: “നിങ്ങൾ ഒരു ചികിത്സാമുറിയിൽ നിങ്ങളുടെ ദൈവത്തെ ആരാധിക്കുന്നതു നന്നല്ല.”
ഒഴിഞ്ഞുകിടന്നിരുന്ന മരപ്പണിക്കാരന്റെ ഷെഡ്ഡിൽ ഞങ്ങൾക്ക് ഒരുമിച്ചുകൂടാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കാലക്രമത്തിൽ ആ ഷെഡ് ഒരു രാജ്യഹാളായി മാറ്റപ്പെട്ടു. പട്ടണത്തിലുള്ള സഹോദരന്മാരുടെ സഹായത്താൽ 1992-ൽ ഞങ്ങൾ അതിന്റെ പണി പൂർത്തിയാക്കി. 24-ാം പേജിലെ ചിത്രത്തിൽ കാണാവുന്നതുപോലെ, ഞങ്ങളുടെ ഹാൾ കോൺക്രീറ്റ് തറയും നല്ലൊരു മേൽക്കൂരയുമുള്ള, സിമൻറിട്ട് പെയിൻറടിച്ച, ഉറപ്പുള്ള കെട്ടിടമാണ്.
കുഷ്ഠരോഗികളോടു പ്രസംഗിക്കുന്നു
33 വർഷമായി എന്റെ വയൽസേവന പ്രദേശം കുഷ്ഠരോഗ പുനരധിവാസകേന്ദ്രമാണ്. കുഷ്ഠരോഗികളോട് പ്രസംഗിക്കുന്നത് എങ്ങനെയുള്ളൊരു അനുഭവമാണ്? ഇവിടെ ആഫ്രിക്കയിൽ, മിക്കയാളുകളും വിശ്വസിക്കുന്നത് എല്ലാം ദൈവത്തിൽനിന്നു വരുന്നുവെന്നാണ്. അതുകൊണ്ട് അവർക്കു കുഷ്ഠരോഗം പിടിപെടുമ്പോൾ, ദൈവം ഏതോ വിധത്തിൽ അതിന് ഉത്തരവാദിയാണെന്ന് അവർ വിശ്വസിക്കുന്നു. ചിലർ തങ്ങളുടെ അവസ്ഥ സംബന്ധിച്ച് തികഞ്ഞ വിഷാദത്തിലാണ്. മറ്റു ചിലർ കോപാകുലരാണ്. അവരിങ്ങനെ പറയുന്നു: “സ്നേഹവാനും കരുണാസമ്പന്നനുമായ ഒരു ദൈവത്തെക്കുറിച്ച് ഞങ്ങളോടു സംസാരിക്കരുത്. അത് സത്യമായിരുന്നെങ്കിൽ ഈ രോഗം ഭേദമാകുമായിരുന്നു!” അപ്പോൾ ഞങ്ങൾ, ‘ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുന്നില്ല’ എന്നു പറയുന്ന യാക്കോബ് 1:13 വായിച്ച് അതെക്കുറിച്ച് ന്യായവാദം ചെയ്യും. അടുത്തതായി ഞങ്ങൾ, ആളുകൾക്ക് രോഗം ബാധിക്കാൻ യഹോവ അനുവദിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കുകയും ആരും രോഗികളായിരിക്കുകയില്ലാത്ത പറുദീസാ ഭൂമിയെക്കുറിച്ചുള്ള വാഗ്ദാനത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ചെയ്യും.—യെശയ്യാവു 33:24.
അനേകർ സുവാർത്തയോട് അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. ഞാൻ ഈ ക്യാമ്പിൽ വന്നതുമുതൽ, സമർപ്പിച്ച് സ്നാപനമേൽക്കാൻ കുഷ്ഠരോഗികളായ 30 പേരെ സഹായിക്കുന്നതിന് യഹോവ എന്നെ ഉപയോഗിച്ചിരിക്കുന്നു. രോഗം ഭേദമായശേഷം പലരും തങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയിരിക്കുന്നു, ചിലർ മരിച്ചുപോയി. ഇപ്പോൾ ഞങ്ങൾക്ക് 18 രാജ്യപ്രസാധകരുണ്ട്, ഏകദേശം 25 പേർ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നു. മൂപ്പന്മാരായി ഞങ്ങൾ രണ്ടുപേർ സേവിക്കുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഒരു ശുശ്രൂഷാദാസനും ഒരു നിരന്തരപയനിയറുമുണ്ട്. ഇപ്പോൾ ഈ ക്യാമ്പിൽ അനേകർ യഹോവയെ വിശ്വസ്തമായി സേവിക്കുന്നത് കാണുമ്പോൾ ഞാൻ എത്ര സന്തുഷ്ടനാണ്! ഇവിടെ വന്നപ്പോൾ, ഞാൻ ഒറ്റയ്ക്കായിരിക്കുമെന്ന് ഭയപ്പെട്ടു. എന്നാൽ യഹോവ എന്നെ അത്ഭുതകരമായി അനുഗ്രഹിച്ചിരിക്കുന്നു.
എന്റെ സഹോദരന്മാരെ സേവിക്കുന്നതിലെ സന്തോഷം
1960 മുതൽ ഏകദേശം അഞ്ചു വർഷം മുമ്പുവരെ ഞാൻ കുഷ്ഠരോഗത്തിന് മരുന്നു കഴിച്ചു. ഇപ്പോൾ ഞാൻ സഭയിലെ മറ്റുള്ളവരെപ്പോലെ പൂർണമായും സുഖം പ്രാപിച്ചിരിക്കുന്നു. കുഷ്ഠം അതിന്റെ അടയാളങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്. എന്റെ കാൽമുട്ടിനു താഴേക്കുള്ള ഭാഗം നഷ്ടമായി, കൈകൾ നിവർക്കാനും സാധ്യമല്ല. എങ്കിലും രോഗം ഭേദമായി.
സുഖം പ്രാപിച്ച സ്ഥിതിക്ക്, എന്തുകൊണ്ടാണ് ക്യാമ്പു വിട്ട് വീട്ടിലേക്കു മടങ്ങിപ്പോകാത്തതെന്ന് ചിലർ ചോദിച്ചിട്ടുണ്ട്. ഞാൻ ഇവിടെ തുടരുന്നതിന് പല കാരണങ്ങളുണ്ട്. എന്നാൽ പ്രധാന കാരണം, ഇവിടെയുള്ള സഹോദരന്മാരെ തുടർന്നും സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നതാണ്. ഞാൻ തിരിച്ചുപോയാൽ എന്റെ കുടുംബം എനിക്കു തന്നേക്കാവുന്ന എന്തിനെയും വെല്ലുന്നതാണ് യഹോവയുടെ ആടുകളെ പരിപാലിക്കുന്നതിലുള്ള സന്തോഷം.
ഞാൻ കുഷ്ഠരോഗിയാണെന്നു മനസ്സിലാക്കുന്നതിനു മുമ്പ് യഹോവയെ മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞതിൽ ഞാൻ വളരെയേറെ കൃതജ്ഞതയുള്ളവനാണ്. അല്ലായിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനേ. വർഷങ്ങളോളം വളരെയധികം പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ എന്നെ നിലനിർത്തിയതു മരുന്നായിരുന്നില്ല—അത് യഹോവയായിരുന്നു. കഴിഞ്ഞകാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഞാൻ സന്തോഷവാനാണ്; ദൈവരാജ്യത്തിൻകീഴിലുള്ള ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഞാൻ അതിലേറെ സന്തോഷിക്കുന്നു.
[25-ാം പേജിലെ ചതുരം]
കുഷ്ഠരോഗ വസ്തുതാ പത്രം
അത് എന്താണ്?
1873-ൽ ആർമ്യൂവർ ഹാൻസൻ കണ്ടുപിടിച്ച ഒരു ബാസില്ലസ് രോഗാണു ഉളവാക്കുന്ന രോഗമാണ് ആധുനികകാല കുഷ്ഠരോഗം. അദ്ദേഹത്തിന്റെ സേവനത്തിനുള്ള അംഗീകാരമെന്നനിലയിൽ ഡോക്ടർമാർ കുഷ്ഠരോഗത്തെ ഹാൻസൻസ് രോഗം എന്നും വിളിക്കുന്നു.
നാഡികൾ, അസ്ഥികൾ, കണ്ണ്, മറ്റു ചില അവയവങ്ങൾ എന്നിവയ്ക്ക് പ്രസ്തുത ബാസില്ലസ് ക്ഷതമേൽപ്പിക്കുന്നു. സ്പർശന ശക്തി നഷ്ടപ്പെടുന്നു, വിശേഷിച്ചും കൈകാലുകളിൽ. നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ, ഈ രോഗം മുഖത്തെയും മറ്റ് അവയവങ്ങളെയും അങ്ങേയറ്റം വിരൂപമാക്കിയേക്കാം. അപൂർവമായേ അതു മരണത്തിനിടയാക്കുന്നുള്ളൂ.
അതിനു പ്രതിവിധിയുണ്ടോ?
ലഘുവായ കുഷ്ഠം പിടിപെടുന്നവർ ചികിത്സയൊന്നുമില്ലാതെ തന്നെ സുഖം പ്രാപിക്കുന്നു. കൂടുതൽ ഗുരുതരമായ കേസുകൾ ഔഷധങ്ങൾകൊണ്ട് സുഖപ്പെടുത്താവുന്നതാണ്.
ആദ്യത്തെ കുഷ്ഠരോഗ നിവാരണ ഔഷധം രംഗത്തുവന്നത് 1950-കളിലാണ്. കുഷ്ഠരോഗാണുക്കൾ ചെറുത്തുനിൽപ്പുശേഷി കൈവരിച്ചതിനാൽ സാവധാനം പ്രവർത്തിക്കുന്ന ആ ഔഷധം ക്രമേണ ഫലപ്രദമല്ലാതായിത്തീർന്നു. പിന്നീട് പുതിയ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തു. 1980-കളുടെ ആരംഭംമുതൽ ബഹു ഔഷധ ചികിത്സ (Multi-Drug Therapy, എംഡിറ്റി) ലോകമെമ്പാടും അംഗീകൃത ചികിത്സാരീതിയായിത്തീർന്നു. ഈ ചികിത്സാരീതിയിൽ മൂന്ന് ഔഷധങ്ങൾ—ഡാപ്സോൺ, റിഫാംപിസിൻ, ക്ലോഫാസിമിൻ—ഒരുമിച്ച് ഉപയോഗിക്കുന്നു. എംഡിറ്റി രോഗാണുക്കളെ കൊല്ലുന്നുവെങ്കിലും ഉണ്ടായ കുഴപ്പങ്ങൾ സുഖപ്പെടുത്തുകയില്ല.
ഈ രോഗം സുഖപ്പെടുത്തുന്നതിൽ എംഡിറ്റി അത്യന്തം ഫലപ്രദമാണ്. തത്ഫലമായി, 1985-ൽ 1.2 കോടിയായിരുന്ന കുഷ്ഠരോഗികളുടെ എണ്ണം 1996 പകുതിയായപ്പോഴേക്കും 13 ലക്ഷമായി കുത്തനെ കുറഞ്ഞു.
ഇത് എത്രമാത്രം പകരുന്നതാണ്?
കുഷ്ഠരോഗം വളരെവേഗം പടർന്നു പിടിക്കുന്ന ഒന്നല്ല. മിക്കയാളുകളുടെയും പ്രതിരോധ വ്യവസ്ഥ ഇതിനെ ചെറുക്കാൻ കഴിയുന്നത്ര ശക്തമാണ്. രോഗബാധയുള്ളവരുമായി ദീർഘകാലം അടുത്ത സമ്പർക്കം പുലർത്തുന്നവർക്കാണ് സാധാരണമായി ഇതു പകരുന്നത്.
ബാസില്ലസ് രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത് എങ്ങനെയാണെന്ന് ഡോക്ടർമാർക്കു കൃത്യമായി അറിയില്ല. എന്നാൽ ത്വക്കിലൂടെയും നാസാരന്ധ്രങ്ങളിലൂടെയുമാണ് അത് ഉള്ളിൽ കടക്കുന്നതെന്ന് അവർ കരുതുന്നു.
ഭാവി പ്രതീക്ഷകൾ
2000-ാം ആണ്ടോടെ കുഷ്ഠരോഗത്തെ “ഒരു പൊതുജനാരോഗ്യ പ്രശ്നമെന്നനിലയിൽ നിർമാർജനം” ചെയ്യാൻ ലക്ഷ്യമിട്ടിരിക്കുന്നു. ഏതൊരു ജനസമൂഹത്തിലും കുഷ്ഠരോഗികളുടെ എണ്ണം 10,000-ത്തിന് ഒന്ന് എന്ന പരിധി കവിയുകയില്ലെന്നാണ് അതിന്റെ അർഥം. ദൈവരാജ്യത്തിൻ കീഴിൽ ഇത് പൂർണമായും തുടച്ചുനീക്കപ്പെടും—യെശയ്യാവു 33:24.
ഉറവിടങ്ങൾ: ലോകാരോഗ്യ സംഘടന; കുഷ്ഠരോഗ നിവാരണ സംഘടനകളുടെ സാർവദേശീയ ഫെഡറേഷൻ; മാൻസൺസ് ഉഷ്ണമേഖലാ രോഗങ്ങൾ (ഇംഗ്ലീഷ്), 1996-ലെ പതിപ്പ്.
[27-ാം പേജിലെ ചതുരം]
ഇന്നത്തെ കുഷ്ഠരോഗം ബൈബിൾ കാലങ്ങളിലേതുതന്നെയാണോ?
വൈദ്യശാസ്ത്ര പാഠപുസ്തകങ്ങൾ ഇന്ന് കുഷ്ഠരോഗത്തെ വ്യക്തമായ ഭാഷയിൽ നിർവചിക്കുന്നു. ഉൾപ്പെട്ടിരിക്കുന്ന സൂക്ഷ്മാണുവിന്റെ ശാസ്ത്രീയ നാമം മൈക്കോബാക്ടീരിയം ലെപ്രേ എന്നാണ്. ബൈബിൾ തീർച്ചയായും ഒരു വൈദ്യശാസ്ത്ര പാഠപുസ്തകമല്ല. മിക്ക ബൈബിൾ പരിഭാഷകളിലും “കുഷ്ഠരോഗം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിനും എബ്രായ പദത്തിനും വ്യാപകമായ അർഥമാണുള്ളത്. ദൃഷ്ടാന്തത്തിന്, ബൈബിളിലെ കുഷ്ഠരോഗം മനുഷ്യരിൽ മാത്രമല്ല വസ്ത്രത്തിലും വീടുകളിലും കാണാൻകഴിയുന്ന ലക്ഷണങ്ങൾ ഉളവാക്കിയിരുന്നു. അത് ബാസില്ലസ് രോഗാണുക്കൾക്കു ചെയ്യാൻ കഴിയുന്ന ഒന്നല്ല.—ലേവ്യപുസ്തകം 13:2, 47; 14:34, 35.
മാത്രവുമല്ല ഇന്ന് മനുഷ്യരിൽ കുഷ്ഠരോഗത്തെ തിരിച്ചറിയിക്കുന്ന ലക്ഷണങ്ങൾ, ബൈബിൾ കാലങ്ങളിലെ കുഷ്ഠരോഗത്തിന്റെ വിവരണവുമായി കൃത്യമായി യോജിക്കുന്നില്ല. കാലം കടന്നുപോകുന്നതോടെ രോഗങ്ങളുടെ സ്വഭാവം മാറുന്നുവെന്ന വസ്തുതയായിരിക്കാം അതിനു കാരണമെന്നു ചിലർ അഭിപ്രായപ്പെടുന്നു. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന കുഷ്ഠരോഗം എം. ലെപ്രേ നിമിത്തമുള്ളതോ അല്ലാത്തതോ ആയ ഒരു കൂട്ടം രോഗങ്ങളെ വർണിക്കുന്നുവെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു.
കുഷ്ഠരോഗം എന്നു സാധാരണമായി പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്, എബ്രായ പദങ്ങൾ “ഒരേ രോഗത്തെയോ രോഗങ്ങളുടെ ഗണത്തെയോ പരാമർശിക്കാവുന്നതാണ്. . . . ഈ രോഗം നാം ഇന്ന് കുഷ്ഠമെന്നു വിളിക്കുന്നതുതന്നെയാണോയെന്നു സംശയമാണ്. എന്നാൽ പ്രസ്തുത രോഗത്തെ കൃത്യമായ വിധത്തിൽ വൈദ്യശാസ്ത്രം തിരിച്ചറിയിക്കുന്നുവെന്ന സംഗതി [യേശുവും ശിഷ്യന്മാരും കുഷ്ഠരോഗികളെ] സൗഖ്യമാക്കിയതു സംബന്ധിച്ച വിവരണങ്ങളെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തലിനെ ബാധിക്കുന്നില്ല” എന്ന് പുതിയ നിയമത്തിന്റെ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു.
[24-ാം പേജിലെ ചിത്രം]
കുഷ്ഠരോഗ ക്യാമ്പിലെ രാജ്യഹാളിനു വെളിയിൽ സഭാംഗങ്ങൾ
[26-ാം പേജിലെ ചിത്രം]
ഐസയ ആഡാഗ്ബോണയും ഭാര്യ നിമോറ്റായും