നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ പ്രായോഗികമൂല്യമുള്ളവയാണെന്നു നിങ്ങൾ കണ്ടെത്തിയോ? എങ്കിൽ പിൻവരുന്ന ചോദ്യങ്ങൾക്കൊണ്ട് നിങ്ങളുടെ ഓർമ പരിശോധിക്കരുതോ?
◻ “കർത്താവിന്റെ ദിവസ”വും “യഹോവയുടെ ദിവസ”വും തമ്മിലുള്ള വ്യത്യാസമെന്ത്? (വെളിപ്പാടു 1:10, NW; യോവേൽ 2:11)
വെളിപ്പാടു 1-22 അധ്യായങ്ങളിൽ വർണിച്ചിരിക്കുന്ന 16 ദർശനങ്ങളുടെയും യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചുള്ള ശിഷ്യന്മാരുടെ ചോദ്യത്തിന് ഉത്തരമായി യേശു പ്രവചിച്ച എല്ലാ അടിസ്ഥാന സംഭവങ്ങളുടെയും നിവൃത്തി “കർത്താവിന്റെ ദിവസ”ത്തിൽ ഉൾപ്പെടുന്നു. കർത്താവിന്റെ ദിവസത്തിലെ ഒരു നിർണായക ഘട്ടത്തിൽ, സാത്താന്റെ ദുഷിച്ച ലോകത്തിന്മേൽ യഹോവ ശീഘ്രന്യായവിധി നിർവഹിക്കുമ്പോൾ യഹോവയുടെ അതിഭയങ്കര ദിവസം പൊട്ടിപ്പുറപ്പെടും. (മത്തായി 24:3-14; ലൂക്കൊസ് 21:11)—12/15, പേജ് 11.
◻ മാകാര്യോസ് ബൈബിളിന്റെ ശ്രദ്ധേയമായ ചില സവിശേഷതകൾ ഏവ?
മാകാര്യോസ് ബൈബിളിൽ യഹോവ എന്ന നാമം 3,500 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. ഒരു റഷ്യൻ മതസാഹിത്യ പണ്ഡിതൻ ഇങ്ങനെ പറഞ്ഞു: “എബ്രായ പാഠത്തിന്റെ ഒരു വിശ്വസ്ത പരിഭാഷയാണത്, തർജമയുടെ ഭാഷ ശുദ്ധവും വിഷയത്തിനു ചേർന്നതുമാണ്.”—12/15, പേജ് 27.
◻ നമ്മെ സ്വതന്ത്രരാക്കുമെന്ന് യേശു പറഞ്ഞ “സത്യം” എന്താണ്? (യോഹന്നാൻ 8:32)
“സത്യം” എന്നതുകൊണ്ട് യേശു അർഥമാക്കിയത് ബൈബിളിൽ നമുക്കായി സൂക്ഷിച്ചിരിക്കുന്ന ദിവ്യനിശ്വസ്ത വിവരങ്ങളെയാണ്, വിശേഷിച്ചും ദൈവഹിതം സംബന്ധിച്ച വിവരങ്ങളെ.—1/1, പേജ് 3.
◻ ആരൊക്കെയാണ് ആധുനികകാല യേഹൂവും യോനാദാബും?
“ദൈവത്തിന്റെ യിസ്രായേ”ലായ അഭിഷിക്ത ക്രിസ്ത്യാനികളാൽ ഭൂമിയിൽ പ്രതിനിധാനം ചെയ്യപ്പെടുന്ന യേശുക്രിസ്തുവിനെ യേഹൂ ചിത്രീകരിക്കുന്നു. (ഗലാത്യർ 6:16; വെളിപ്പാടു 12:17) യേഹൂവിനെ കണ്ടുമുട്ടാനായി യോനാദാബ് വന്നതുപോലെ, സത്യാരാധനയ്ക്കുവേണ്ടിയുള്ള തങ്ങളുടെ നിലപാടിൽ യേശുവിന്റെ ഭൗമിക പ്രതിനിധികളെ പിന്തുണയ്ക്കാൻ ജനതകളിൽനിന്നുള്ള ഒരു “മഹാപുരുഷാരം” പുറത്തുവന്നിരിക്കുന്നു. (വെളിപ്പാടു 7:9, 10; 2 രാജാക്കന്മാർ 10:15)—1/1, പേജ് 13.
◻ ‘ദൈവത്തോടുകൂടെ നടക്കുക’ എന്നതിന്റെ അർഥമെന്ത്? (ഉല്പത്തി 5:24; 6:9)
തങ്ങൾക്കു ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടെന്നു തെളിവു നൽകുംവിധം പ്രവർത്തിച്ച ഹാനോക്കിനെയും നോഹയെയുംപോലെ പ്രവർത്തിക്കുന്നതിനെ അത് അർഥമാക്കുന്നു. യഹോവ കൽപ്പിച്ചത് അവർ ചെയ്യുകയും മനുഷ്യവർഗവുമായുള്ള അവന്റെ ഇടപെടലുകളിൽനിന്ന് അവനെക്കുറിച്ച് അവർക്കറിയാവുന്നതിനു ചേർച്ചയിൽ തങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്തു.—1/15, പേജ് 13.
◻ മരണസാധ്യതയെപ്രതി ഒരുവൻ മുൻകൂട്ടി ആസൂത്രണങ്ങൾ ചെയ്യേണ്ടത് എന്തുകൊണ്ട്?
ഒരർഥത്തിൽ, അത്തരം ക്രമീകരണങ്ങൾ ചെയ്യുന്നത് ഒരുവന്റെ കുടുംബത്തിനുള്ള ഒരു സമ്മാനമാണ്. അതു സ്നേഹത്തെ പ്രകടമാക്കുന്നു. മേലാൽ കുടുംബത്തോടൊപ്പം ഇല്ലാത്തപ്പോൾ പോലും ‘സ്വന്തകുടുംബക്കാർക്കു വേണ്ടി കരുതാ’നുള്ള ഒരുവന്റെ ആഗ്രഹം അതു പ്രകടമാക്കുന്നു. (തിമൊഥെയൊസ് 5:8)—1/15, പേജ് 22.
◻ “പഴയ ഉടമ്പടി” എന്തു നിർവഹിച്ചു? (2 കൊരിന്ത്യർ 3:14)
അത് പുതിയ ഉടമ്പടിയുടെ പൂർവ ദർശനങ്ങൾ പ്രദാനംചെയ്തു. അതിലെ ആവർത്തിച്ചുള്ള ബലികൾ, മനുഷ്യനു പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള വിടുതൽ എത്രകണ്ട് ആവശ്യമാണെന്നു പ്രകടമാക്കി. അത് “ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു ഗുരു”വായിരുന്നു. (ഗലാത്യർ 3:24, NW)—2/1, പേജ് 14.
◻ ഏതൊക്കെ വിധങ്ങളിലാണ് പുതിയ ഉടമ്പടി ശാശ്വതമായിരിക്കുന്നത്? (എബ്രായർ 13:20)
ഒന്നാമതായി, ന്യായപ്രമാണ ഉടമ്പടിയിൽനിന്നു വ്യത്യസ്തമായി അതൊരിക്കലും നീക്കംചെയ്യപ്പെടുകയില്ല. രണ്ടാമതായി, അതിന്റെ പ്രവർത്തനഫലങ്ങൾ ശാശ്വതമാണ്. മൂന്നാമതായി, ക്രിസ്തുവിന്റെ ആയിരം-വർഷ വാഴ്ചക്കാലത്ത് ദൈവരാജ്യത്തിലെ ഭൗമിക പ്രജകൾ പുതിയ ഉടമ്പടി ക്രമീകരണത്തിൽനിന്നു പ്രയോജനം നേടുന്നതിൽ തുടരും.—2/1, പേജ് 22.
◻ കൃതജ്ഞതയുള്ളവരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ ഏവ?
ഹൃദയത്തിൽ കൃതജ്ഞതയുണ്ടായിരിക്കുന്നതിന്റെ ഫലമായി അനുഭവപ്പെടുന്ന ഊഷ്മളത ഒരുവന്റെ സന്തുഷ്ടിയും സമാധാനവും വർധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 15:13, 15 താരതമ്യം ചെയ്യുക.) ഒരു ക്രിയാത്മക ഗുണമായ കൃതജ്ഞത ഒരുവനെ ദേഷ്യം, അസൂയ, നീരസം തുടങ്ങിയ നിഷേധാത്മക വികാരങ്ങളിൽനിന്നു സംരക്ഷിക്കുന്നു.—2/15, പേജ് 4.
◻ ആത്മജനനം പ്രാപിച്ചവർ ഏതെല്ലാം ഉടമ്പടികളിലേക്കാണ് എടുക്കപ്പെട്ടിരിക്കുന്നത്?
ആത്മീയ ഇസ്രായേലിലെ അംഗങ്ങളുമായി യഹോവ ഉണ്ടാക്കുന്ന പുതിയ ഉടമ്പടിയിലേക്കും തന്റെ അഭിഷിക്ത പദാനുഗാമികളുമായി യേശു ഉണ്ടാക്കുന്ന രാജ്യത്തിനായുള്ള ഉടമ്പടിയിലേക്കും. (ലൂക്കൊസ് 22:20, 28-30)—2/15, പേജ് 16.
◻ ഏതൊക്കെ മൂന്ന് ഉത്സവങ്ങളിൽ സംബന്ധിക്കാനാണ് ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നത്?
നീസാൻ 14-ലെ പെസഹയ്ക്കു തൊട്ടുപിന്നാലെയുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം; നീസാൻ 16 മുതലുള്ള 50-ാം ദിവസത്തെ വാരോത്സവം; കൂടാതെ ഏഴാം മാസത്തിലെ ഫലശേഖര ഉത്സവം, അഥവാ കൂടാരോത്സവം. (ആവർത്തനപുസ്തകം 16:1-15)—3/1, പേജുകൾ 8, 9.
◻ ക്രിസ്തീയ കൂടിവരവുകളിൽ സംബന്ധിക്കുന്നത് ഒരു പദവിയായിരിക്കുന്നതെന്തുകൊണ്ട്?
യേശു പറഞ്ഞു: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു.” (മത്തായി 18:20; 28:20) കൂടാതെ, ആത്മീയ പോഷിപ്പിക്കൽ നടക്കുന്ന ഒരു പ്രധാന മാർഗമാണ് സഭായോഗങ്ങളും വലിയ കൂടിവരവുകളും. (മത്തായി 24:45)—3/1, പേജ് 14.
◻ നിമ്രോദ് എന്ന പേരിന്റെ ഉത്ഭവമെന്ത്?
നിമ്രോദ് എന്ന പേര് ജനിച്ചപ്പോൾ നൽകപ്പെട്ടതല്ലെന്ന അഭിപ്രായക്കാരാണ് പല പണ്ഡിതന്മാരും. മറിച്ച്, അവന്റെ മത്സരസ്വഭാവം പ്രകടമായതിനുശേഷം പിൽക്കാലത്ത് ലഭിച്ചതാണ് ആ പേര് എന്ന് അവർ വിചാരിക്കുന്നു.—3/15, പേജ് 25.
◻ കുടുംബം മാനുഷ സമുദായത്തിന് എത്ര പ്രധാനമാണ്?
കുടുംബം മനുഷ്യ ജീവിതത്തിലെ അനിവാര്യ ഘടകമാണ്. കുടുംബ ക്രമീകരണം ദുർബലമാകുമ്പോൾ സമുദായങ്ങളുടെയും രാഷ്ട്രങ്ങളുടെയും ശക്തി ക്ഷയിക്കുന്നുവെന്നു ചരിത്രം പ്രകടമാക്കുന്നു. അതുകൊണ്ട് കുടുംബത്തിന് സമൂഹത്തിന്റെ കെട്ടുറപ്പിലും കുട്ടികളുടെയും ഭാവി തലമുറകളുടെയും ക്ഷേമത്തിലും നേരിട്ടുള്ള ഒരു സ്വാധീനമുണ്ട്.—4/1, പേജ് 6.
◻ ബൈബിൾ ദൈവത്തിന്റെ വചനമാണെന്നുള്ളതിന്റെ മൂന്നു തെളിവുകളേവ?
(1) അതു ശാസ്ത്രീയമായി കൃത്യതയുള്ളതാണ്; (2) ആധുനിക ജീവിതത്തിനു പ്രായോഗികമായ കാലാതീത തത്ത്വങ്ങൾ അതിലുണ്ട്; (3) ചരിത്രവസ്തുതകളാൽ സ്ഥിരീകരിക്കാവുന്ന, നിവൃത്തിയേറിയ ഖണ്ഡിതമായ പ്രവചനങ്ങൾ അതിലടങ്ങിയിരിക്കുന്നു.—4/1, പേജ് 15.