ക്രിസ്തീയ വിശ്വാസം പരിശോധിക്കപ്പെടും
“വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.”—2 തെസ്സലൊനീക്യർ 3:2.
1. വിശ്വാസം എല്ലാവർക്കുമില്ലെന്ന് ചരിത്രം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
ചരിത്രത്തിലുടനീളം, യഥാർഥ വിശ്വാസം പ്രകടമാക്കിയിട്ടുള്ള സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടായിരുന്നിട്ടുണ്ട്. “യഥാർഥ” എന്ന വിശേഷണം അനുയോജ്യമാണ്, എന്തെന്നാൽ ക്ഷണ വിശ്വാസം—ഈടുറ്റ അടിസ്ഥാനമോ കാരണമോ കൂടാതെ വിശ്വസിക്കാനുള്ള മനസ്സൊരുക്കം—പോലെയുള്ള, ഒരുതരം വിശ്വാസം ദശലക്ഷക്കണക്കിനുവരുന്ന മറ്റു ചിലർ പ്രകടമാക്കിയിട്ടുണ്ട്. മിക്കപ്പോഴും അത്തരം വിശ്വാസത്തിൽ സർവശക്തനായ യഹോവയുമായും അവന്റെ വെളിപ്പെടുത്തപ്പെട്ട വചനവുമായും യോജിപ്പിലല്ലാത്ത വ്യാജദൈവങ്ങളോ ആരാധനാരീതികളോ ഉൾപ്പെട്ടിരുന്നിട്ടുണ്ട്. അതുകൊണ്ട് പൗലൊസ് അപ്പോസ്തലൻ എഴുതി: “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.”—2 തെസ്സലൊനീക്യർ 3:2.
2. നമ്മുടെതന്നെ വിശ്വാസത്തെ പരിശോധിക്കുന്നത് ജീവത്പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2 എന്നാൽ കഴിഞ്ഞകാലത്ത് യഥാർഥ വിശ്വാസമുണ്ടായിരുന്ന ചിലരുണ്ടായിരുന്നുവെന്നും അത്തരക്കാർ ഇപ്പോഴുമുണ്ടെന്നും പൗലൊസിന്റെ പ്രസ്താവന സൂചിപ്പിക്കുന്നുണ്ട്. അത്തരം യഥാർഥ വിശ്വാസം—ദിവ്യ സത്യത്തെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനവുമായി യോജിപ്പിലുള്ള വിശ്വാസം—ഉണ്ടായിരിക്കാനും അതിനെ വളർത്താനും ഈ പത്രികയുടെ മിക്ക വായനക്കാരും ആഗ്രഹിക്കുന്നു. (യോഹന്നാൻ 18:37; എബ്രായർ 11:6) നിങ്ങളുടെ കാര്യത്തിൽ സംഗതി അങ്ങനെയാണോ? അങ്ങനെയെങ്കിൽ നിങ്ങളുടെ വിശ്വാസം പരിശോധിക്കപ്പെടുമെന്നു നിങ്ങൾ അംഗീകരിക്കേണ്ടതും അതിനായി തയ്യാറെടുക്കേണ്ടതും അത്യാവശ്യമാണ്. അങ്ങനെ പറയാൻ കഴിയുന്നതെന്തുകൊണ്ട്?
3, 4. വിശ്വാസത്തിന്റെ പരിശോധനകളുടെ കാര്യത്തിൽ നാം യേശുവിലേക്കു നോക്കേണ്ടതെന്തുകൊണ്ട്?
3 യേശുക്രിസ്തു നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണെന്നു നാം സമ്മതിക്കണം. വാസ്തവത്തിൽ, നമ്മുടെ വിശ്വാസത്തിനു പൂർത്തിവരുത്തുന്നവൻ എന്നാണ് ബൈബിൾ അവനെക്കുറിച്ചു പറയുന്നത്. യേശു പറഞ്ഞതും പ്രവർത്തിച്ചതുമായ സംഗതികൾ നിമിത്തമാണത്, വിശേഷിച്ചും അവൻ എപ്രകാരം പ്രവചനം നിവർത്തിച്ചുവെന്നതിനാൽ. മനുഷ്യർക്കു യഥാർഥ വിശ്വാസം ഉറപ്പിക്കാനുള്ള അടിസ്ഥാനത്തെ അവൻ ബലിഷ്ഠമാക്കി. (എബ്രായർ 12:2; വെളിപ്പാടു 1:1, 2) എന്നിട്ടും, യേശു “പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു”വെന്ന് നാം വായിക്കുന്നു. (എബ്രായർ 4:15) അതേ, യേശുവിന്റെ വിശ്വാസം പരിശോധിക്കപ്പെട്ടു. അതു നമ്മെ നിരുത്സാഹിതരാക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നതിനുപകരം ആശ്വസിപ്പിക്കുകയാണു വേണ്ടത്.
4 ഒരു ദണ്ഡനസ്തംഭത്തിൽ മരണത്തിൽ കലാശിച്ച വലിയ പീഡാനുഭവങ്ങളിലൂടെ കടന്നുപോയതിനാൽ യേശു “അനുസരണം പഠിച്ചു.” (എബ്രായർ 5:8) ഏതു പരിശോധനകൾ നേരിട്ടാലും മനുഷ്യർക്കു യഥാർഥ വിശ്വാസത്തോടെ ജീവിക്കാനാകുമെന്ന് അവൻ തെളിയിച്ചു. തന്റെ അനുഗാമികളെക്കുറിച്ച് യേശു പറഞ്ഞതു നാം ചിന്തിക്കുമ്പോൾ ഇതിനു പ്രത്യേക പ്രാധാന്യമുണ്ട്: “ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ.” (യോഹന്നാൻ 15:20) വാസ്തവത്തിൽ, നമ്മുടെ നാളിലെ തന്റെ അനുഗാമികളെക്കുറിച്ച് യേശു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.”—മത്തായി 24:9.
5. നമുക്കു പരിശോധനകൾ നേരിടുമെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നതെങ്ങനെ?
5 ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ദൈവഗൃഹത്തിൽ ന്യായവിധി തുടങ്ങി. തിരുവെഴുത്തുകൾ അതു മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും? നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?”—1 പത്രൊസ് 4:17, 18.
വിശ്വാസം പരിശോധിക്കപ്പെടുന്നു—എന്തുകൊണ്ട്?
6. പരിശോധിക്കപ്പെട്ട വിശ്വാസം അമൂല്യമായിരിക്കുന്നതെന്തുകൊണ്ട്?
6 ഒരുതരത്തിൽ പറഞ്ഞാൽ, പരിശോധിക്കപ്പെടാതെ വിശ്വാസത്തിന്റെ മൂല്യം തെളിയുന്നില്ല, അതിന്റെ ഗുണനിലവാരം അജ്ഞാതമായിരിക്കും. നിങ്ങൾക്ക് അതിനെ പണമാക്കി മാറ്റിയിട്ടില്ലാത്ത ഒരു ചെക്കിനോട് ഉപമിക്കാവുന്നതാണ്. ജോലി ചെയ്തതിന്റെയോ വസ്തുക്കൾ കൈമാറിയതിന്റെയോ പേരിൽ, അല്ലെങ്കിൽ ഒരു സമ്മാനമായി നിങ്ങൾക്ക് ഒരു ചെക്ക് കിട്ടിയിരിക്കാം. അതു വിലയുള്ളതായി തോന്നുമെങ്കിലും വാസ്തവത്തിൽ അങ്ങനെയാണോ? അതിൽ എഴുതിയിരിക്കുന്ന തുക പണമായി ലഭിക്കുമോ? അതുപോലെ, നമ്മുടെ വിശ്വാസം കേവലം കാണുന്നതിനെക്കാളോ പുറമേ അവകാശപ്പെടുന്നതിനെക്കാളോ ഉപരിയായിരിക്കണം. അതു സത്തും യഥാർഥ ഗുണവുമുള്ളതാണെന്നു തെളിയിക്കണമെങ്കിൽ പരിശോധിക്കപ്പെടണം. പരിശോധിക്കപ്പെടുമ്പോഴാണു നമ്മുടെ വിശ്വാസം ശക്തവും മൂല്യമുള്ളതുമാണെന്നു നാമറിയുന്നത്. ഒരു പരിശോധന നമ്മുടെ വിശ്വാസത്തിനു ശുദ്ധീകരണമോ ബലപ്പെടുത്തലോ ആവശ്യമായ മേഖലകൾ വെളിപ്പെടുത്തിയേക്കാം.
7, 8. നമ്മുടെ വിശ്വാസത്തിന്റെ പരിശോധനകൾ ഏത് ഉറവിൽനിന്നു വരുന്നു?
7 ദൈവം പീഡനവും വിശ്വാസത്തിന്റെ മറ്റു പരിശോധനകളും നമ്മുടെമേൽ അനുവദിക്കുന്നു. നാമിങ്ങനെ വായിക്കുന്നു: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ് 1:13) അത്തരം പരിശോധനകൾക്ക് ആരാണ് ഉത്തരവാദി, അല്ലെങ്കിൽ എന്താണ് കാരണം? അതു സാത്താനും ലോകവും നമ്മുടെ അപൂർണ ജഡവുമാണ്.
8 ലോകത്തിന്റെയും അതിന്റെ ചിന്തയുടെയും വഴികളുടെയുംമേൽ സാത്താൻ ശക്തമായ സ്വാധീനം ചെലുത്തുന്നുവെന്നു നാം സമ്മതിച്ചേക്കാം. (1 യോഹന്നാൻ 5:19) അവൻ ക്രിസ്ത്യാനികൾക്കെതിരെ പീഡനം ഇളക്കിവിടുന്നുവെന്നും ഒരുപക്ഷേ നമുക്കറിയാമായിരിക്കാം. (വെളിപ്പാടു 12:17) എന്നാൽ അതുപോലെതന്നെ മറ്റൊരു ബോധ്യം, നമ്മുടെ അപൂർണ ജഡത്തെ വശീകരിച്ച് ലൗകിക ആകർഷണങ്ങൾ നമ്മുടെ കൺമുമ്പിൽ പ്രദർശിപ്പിച്ചാൽ അതിനു വശംവദരായി നാം യഹോവയെ ധിക്കരിച്ച് അവന്റെ അംഗീകാരം നഷ്ടപ്പെടുത്തുമെന്ന പ്രതീക്ഷയിൽ നമ്മെ വഴിതെറ്റിക്കാൻ സാത്താൻ ശ്രമിക്കുന്നുവെന്ന ബോധ്യം, നമുക്കുണ്ടോ? തീർച്ചയായും, സാത്താന്റെ രീതികൾ നമ്മെ അതിശയിപ്പിക്കരുത്, കാരണം യേശുവിനെ പ്രലോഭിപ്പിക്കുന്നതിനും അവൻ അതേ തന്ത്രങ്ങൾതന്നെയാണ് ഉപയോഗിച്ചത്.—മത്തായി 4:1-11.
9. വിശ്വാസത്തിന്റെ മാതൃകകളിൽനിന്ന് നമുക്കെങ്ങനെ പ്രയോജനംനേടാം?
9 തന്റെ വചനത്തിലൂടെയും ക്രിസ്തീയ സഭയിലൂടെയും നമുക്ക് അനുകരിക്കാനാവുന്ന വിശ്വാസത്തിന്റെ നല്ല മാതൃകകൾ യഹോവ പ്രദാനം ചെയ്യുന്നു. “സഹോദരൻമാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ” എന്നു പൗലൊസ് അനുശാസിച്ചു. (ഫിലിപ്പിയർ 3:17) ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ദൈവദാസരിൽ ഒരുവനെന്ന നിലയിൽ, തനിക്കു നേരിട്ട വലിയ പരിശോധനകൾക്കു നടുവിലും പൗലൊസ് വിശ്വാസത്തിന്റെ പ്രവൃത്തികൾ നിർവഹിക്കുന്നതിൽ നേതൃത്വമെടുത്തു. 20-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോട് അടുക്കുന്ന ഇക്കാലത്തും സമാനമായ വിശ്വാസത്തിന്റെ മാതൃകകളുണ്ട്. എബ്രായർ 13:7-ലെ [NW] വാക്കുകൾ പൗലൊസ് എഴുതിയ നാളിലേതുപോലെതന്നെ ഇന്നും ബാധകമാണ്: “നിങ്ങളോടു ദൈവവചനം പ്രസംഗിച്ച് നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർക്കുവിൻ. അവരുടെ നടത്തയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ.”
10. സമീപ കാലങ്ങളിൽ നമുക്ക് വിശ്വാസത്തിന്റെ ശ്രദ്ധേയമായ ഏതു മാതൃകകളുണ്ട്?
10 അഭിഷിക്ത ശേഷിപ്പിന്റെ നടത്തയുടെ ഫലത്തെക്കുറിച്ചു നാം പരിചിന്തിക്കുകയാണെങ്കിൽ ആ അനുശാസനത്തിന്റെ പ്രസക്തി ഏറിവരും. നമുക്ക് അവരുടെ മാതൃക വിചിന്തനം ചെയ്യാനും അവരുടെ വിശ്വാസം അനുകരിക്കാനും കഴിയും. അവരുടേത് പരിശോധനകളിലൂടെ ശോധന ചെയ്യപ്പെട്ടിരിക്കുന്ന യഥാർഥ വിശ്വാസമാണ്. 1870-കളിലെ എളിയ തുടക്കത്തിൽനിന്ന്, ഒരു ലോകവ്യാപക ക്രിസ്തീയ സഹോദരവർഗമായി അതു വികാസം പ്രാപിച്ചിരിക്കുന്നു. അന്നുമുതലുള്ള അഭിഷിക്തരുടെ വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും ഫലമായി 55 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ ഇപ്പോൾ ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. തീക്ഷ്ണതയുള്ള സത്യാരാധകരുടെ ഇന്നത്തെ ആഗോള സഭ പരിശോധിക്കപ്പെട്ട വിശ്വാസത്തിന്റെ തെളിവാണ്.—തീത്തൊസ് 2:14.
1914-മായി ബന്ധപ്പെട്ട് വിശ്വാസം പരിശോധിക്കപ്പെട്ടു
11. സി. റ്റി. റസ്സലിനും സഹകാരികൾക്കും 1914 പ്രധാനപ്പെട്ടതായിരുന്നതെങ്ങനെ?
11 ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു വർഷങ്ങൾ മുമ്പുതന്നെ, ബൈബിൾ പ്രവചനത്തിൽ 1914 ഒരു നിർണായക വർഷമായിരിക്കുമെന്ന് ശേഷിപ്പ് ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. എന്നാൽ അവരുടെ ചില പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു. സംഭവിക്കാനിരുന്നതിനെക്കുറിച്ചുള്ള അവരുടെ വീക്ഷണം കുറ്റമറ്റതായിരുന്നില്ല. ഉദാഹരണത്തിന്, ബൃഹത്തായ ഒരു പ്രസംഗവേല അത്യാവശ്യമാണെന്ന് വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യ പ്രസിഡൻറായിരുന്ന സി. റ്റി. റസ്സലിനും അദ്ദേഹത്തിന്റെ സഹകാരികൾക്കും മനസ്സിലായി. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന് അവർ വായിച്ചിരുന്നു. (മത്തായി 24:14) എന്നാൽ, താരതമ്യേന ഒരു ചെറുകൂട്ടമായിരുന്ന അവർക്ക് അതെങ്ങനെ നിവർത്തിക്കാനാകുമായിരുന്നു?
12. റസ്സലിന്റെ സഹകാരികളിലൊരാൾ ബൈബിൾ സത്യത്തോടു പ്രതികരിച്ചതെങ്ങനെ?
12 റസ്സലിന്റെ ഒരു സഹകാരിയായിരുന്ന എ. എച്ച്. മാക്മില്ലന്റെമേൽ അതു ചെലുത്തിയ സ്വാധീനം പരിചിന്തിക്കുക. കാനഡയിൽ ജനിച്ച മാക്മില്ലന് 20-നോടടുത്ത പ്രായമുള്ളപ്പോഴാണ് യുഗങ്ങളുടെ നിർണയം [1886] എന്ന റസ്സലിന്റെ പുസ്തകം കയ്യിൽകിട്ടുന്നത്. (യുഗങ്ങളുടെ ദൈവിക നിർണയം എന്നും അറിയപ്പെടുന്ന ഈ പുസ്തകം പിന്നീട്, വ്യാപകമായി വിതരണംചെയ്യപ്പെട്ട വേദാധ്യയന പത്രികയുടെ 1-ാം വാല്യമായിത്തീർന്നു. സമയം സമീപിച്ചിരിക്കുന്നു [1889] എന്ന രണ്ടാം വാല്യം “ജാതികളുടെ കാലം” 1914-ൽ അവസാനിക്കുമെന്നു സൂചിപ്പിച്ചു. [ലൂക്കൊസ് 21:25]) അതു വായിക്കാനാരംഭിച്ച രാത്രിയിൽത്തന്നെ മാക്മില്ലൻ ഇങ്ങനെ ചിന്തിച്ചു: “കൊള്ളാം, ഇതിൽ സത്യമുണ്ടെന്നു തോന്നുന്നു!” 1900-ത്തിലെ വേനൽക്കാലത്ത്, ഇന്ന് യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്ന ബൈബിൾ വിദ്യാർഥികളുടെ ഒരു കൺവെൻഷനിൽവെച്ച് അദ്ദേഹം റസ്സലിനെ കണ്ടുമുട്ടി. താമസിയാതെ സ്നാപനമേറ്റ മാക്മില്ലൻ ന്യൂയോർക്കിലുള്ള സൊസൈറ്റിയുടെ ആസ്ഥാനത്ത് റസ്സൽ സഹോദരനുമൊത്ത് പ്രവർത്തനം ആരംഭിച്ചു.
13. മത്തായി 24:14-ന്റെ നിവൃത്തി സംബന്ധിച്ച് മാക്മില്ലനും മറ്റുള്ളവരും എന്തു പ്രശ്നം മനസ്സിലാക്കി?
13 തങ്ങളുടെ ബൈബിൾ വായനയിൽനിന്ന്, ഈ അഭിഷിക്ത ക്രിസ്ത്യാനികൾ 1914 ദൈവോദ്ദേശ്യത്തിൽ ഒരു വഴിത്തിരിവാണെന്നു സൂചിപ്പിച്ചു. എന്നാൽ മത്തായി 24:14-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ജാതികൾക്കായുള്ള പ്രസംഗവേല ശേഷിക്കുന്ന ഹ്രസ്വമായൊരു കാലയളവിൽ എങ്ങനെ നിവർത്തിക്കാനാകുമെന്ന് മാക്മില്ലനും മറ്റുള്ളവരും ചിന്തിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: “ഇതേക്കുറിച്ചു ഞാൻ റസ്സൽ സഹോദരനുമായി ഇടയ്ക്കിടെ ചർച്ചചെയ്തിരുന്നത് ഓർക്കുന്നു, അപ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു, ‘സഹോദരാ, ഈ ന്യൂയോർക്കിൽത്തന്നെ ജറുസലേമിലുള്ളതിലുമധികം യഹൂദരുണ്ട്. ഡൂബ്ലിനിലുള്ളതിലുമധികം ഐറിഷുകാർ ഇവിടെയുണ്ട്. റോമിലുള്ളതിലുമധികം ഇറ്റലിക്കാർ ഇവിടെയുണ്ട്. സന്ദേശവുമായി ഇവിടെയുള്ളവരെ സമീപിക്കുന്നത് ഫലത്തിൽ ലോകത്തെ സമീപിക്കലാണ്.’ എന്നാൽ അതു ഞങ്ങൾക്കു തൃപ്തികരമായി തോന്നിയില്ല. അങ്ങനെയാണ് ഫോട്ടോ നാടകത്തിന്റെ ആശയം ഉടലെടുത്തത്.”
14. 1914-നുമുമ്പ്, എന്തു ശ്രദ്ധേയമായ സംരംഭമാണ് ഏറ്റെടുത്തത്?
14 എന്തൊരു നൂതനാശയമായിരുന്നു “സൃഷ്ടിപ്പിൻ ഫോട്ടോ നാടക” സംരംഭം! ചലച്ചിത്രങ്ങളും കളർ ഗ്ലാസ് സ്ലൈഡുകളും ഗ്രാമഫോൺ റിക്കോർഡുകളിലെ ബൈബിൾ പ്രസംഗങ്ങളും സംഗീതവും ചേർത്തുള്ളൊരു പരിപാടിയായിരുന്നു അത്. 1913-ൽ, വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഐക്യനാടുകളിലെ അർക്കാൻസാസിലെ ഒരു കൺവെൻഷനെക്കുറിച്ചു പറയുകയുണ്ടായി: “ബൈബിൾ സത്യങ്ങൾ പഠിപ്പിക്കാൻ ചലച്ചിത്രങ്ങൾ ഉപയോഗിക്കാനുള്ള സമയമായെന്ന് ഐകകണ്ഠ്യേന തീരുമാനിക്കപ്പെട്ടു. . . . താൻ മൂന്നു വർഷമായി ഇത് വികസിപ്പിച്ചെടുക്കുന്നതിന്റെ പണിയിലായിരുന്നുവെന്നും മനോഹരമായ നൂറുകണക്കിനു ചിത്രങ്ങൾ ഇപ്പോൾ മിക്കവാറും തയ്യാറായിട്ടുണ്ടെന്നും അതു നിസ്സംശയമായും വൻപുരുഷാരത്തെ ആകർഷിക്കുകയും സുവിശേഷഘോഷണം നടത്തുകയും പൊതുജനത്തെ ദൈവവിശ്വാസത്തിലേക്കു തിരിഞ്ഞുവരാൻ സഹായിക്കുകയും ചെയ്യുമെന്ന് [റസ്സൽ] വിശദമാക്കി.”
15. “ഫോട്ടാ നാടകം”കൊണ്ടുണ്ടായ ഫലങ്ങളെന്തെല്ലാം?
15 1914 ജനുവരിയിലെ ഉദ്ഘാടനപ്രദർശനത്തിനുശേഷം “ഫോട്ടോ നാടകം” അതിൽ വിജയിക്കുകതന്നെ ചെയ്തു. 1914-ലെ വീക്ഷാഗോപുരത്തിൽനിന്നുള്ള (ഇംഗ്ലീഷ്) റിപ്പോർട്ടുകളാണ് താഴെ:
ഏപ്രിൽ 1: “രണ്ടു ഭാഗങ്ങൾ കണ്ടതിനുശേഷം ഒരു ശുശ്രൂഷകൻ പറഞ്ഞു, ‘സൃഷ്ടിപ്പിൻ ഫോട്ടോ നാടകത്തിന്റെ പകുതിയേ കണ്ടുള്ളൂവെങ്കിലും, ദൈവശാസ്ത്ര സെമിനാരിയിലെ എന്റെ ത്രിവത്സര കോഴ്സിൽ പഠിച്ചതിനെക്കാളധികം ബൈബിളിനെക്കുറിച്ച് ഞാനിപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.’ അതു കണ്ടതിനുശേഷം ഒരു യഹൂദൻ അഭിപ്രായപ്പെട്ടു, ‘ഞാൻ വന്നതിനെക്കാൾ ഭേദപ്പെട്ട ഒരു യഹൂദനായാണ് മടങ്ങുന്നത്.’ കുറെ കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളും നാടകം കണ്ട് വലിയ വിലമതിപ്പു പ്രകടമാക്കി. . . . നാടകത്തിന്റെ 12 പ്രതികളെ പൂർത്തിയായിട്ടുള്ളൂ . . . എന്നിട്ടും നാം ഇതിനോടകം മുപ്പത്തിയൊന്നു നഗരങ്ങളിൽ അതു പ്രദർശിപ്പിച്ചുകഴിഞ്ഞു. . . . ദിവസേന മുപ്പത്തയ്യായിരത്തിലധികംപേർ അത് കാണുകയും കേൾക്കുകയും പ്രശംസിക്കുകയും, അതിനെക്കുറിച്ച് ചിന്തിക്കുകയും അനുഗൃഹീതരാകുകയും ചെയ്യുന്നു.”
ജൂൺ 15: “പ്രസ്തുത ചിത്രം എന്നെ സത്യം പ്രചരിപ്പിക്കുന്നതിൽ കൂടുതൽ തീക്ഷ്ണമതിയാക്കുകയും സ്വർഗീയ പിതാവിനോടും നമ്മുടെ മൂത്ത സഹോദരനായ പ്രിയപ്പെട്ട യേശുവിനോടുമുള്ള സ്നേഹം വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു. സൃഷ്ടിപ്പിൻ ഫോട്ടോ നാടകത്തിന്മേലും അതിന്റെ അവതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന സകലരുടെമേലും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹത്തിനായി ഞാൻ ദിവസേന പ്രാർഥിക്കുന്നു. . . . അവനിൽ നിങ്ങളുടെ ദാസൻ, എഫ്. ഡബ്ള്യു. നോക്.—ഐയോവ.”
ജൂലൈ 15: “ഈ നഗരത്തിൽ പ്രസ്തുത ചിത്രം അതിശയകരമാംവിധം നല്ല മതിപ്പുളവാക്കിയത് കാണുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്, കർത്താവിന്റെതന്നെ തിരഞ്ഞെടുപ്പിൽ രത്നങ്ങളാണെന്നു തെളിവു നൽകുന്ന അനേകരെ കൂട്ടിച്ചേർക്കാൻ ലോകത്തിനുള്ള ഈ സാക്ഷ്യം ഉപയോഗിക്കപ്പെടുകയാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഫോട്ടോ നാടകാവതരണത്തിന്റെ ഫലമായി ഇപ്പോൾ ഇവിടെ ഈ കൂട്ടവുമായി സഹവസിക്കുന്ന ശുഷ്കാന്തിയുള്ള പല ബൈബിൾ വിദ്യാർഥികളെയും ഞങ്ങൾക്കറിയാം. . . . കർത്താവിൽ നിങ്ങളുടെ സഹോദരി, ഇമ എൽ. ബ്രിക്കർ.”
നവംബർ 15: “കിങ്സ്വേയിലെ, ലണ്ടൻ സംഗീത നാടകശാലയിലെ സൃഷ്ടിപ്പിൻ ഫോട്ടോ നാടകത്തിലൂടെ നൽകപ്പെടുന്ന മഹത്തായ സാക്ഷ്യത്തെക്കുറിച്ചു കേൾക്കുന്നത് നിങ്ങൾക്കു സന്തോഷമായിരിക്കുമെന്നു ഞങ്ങൾക്കുറപ്പുണ്ട്. സഹോദരങ്ങൾ ഏറെ ആസ്വദിക്കുന്ന ഈ പ്രദർശനത്തിന്റെ എല്ലാ വിശദാംശങ്ങളിലും കർത്താവിന്റെ മാർഗനിർദേശക കരങ്ങൾ അതിശയകരമാംവിധം ദൃശ്യമാണ് . . . എല്ലാത്തരം ആളുകളും എല്ലാത്തരം സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഞങ്ങളുടെ സദസ്സിലുണ്ടായിരുന്നു; അനേകം പുരോഹിതന്മാർ സദസ്സിലിരിക്കുന്നത് ഞങ്ങൾ കണ്ടു. ഒരു വികാരി . . . ഭാര്യാസമേതം വന്നു വീണ്ടും കാണാൻ ടിക്കറ്റ് ആവശ്യപ്പെട്ടു. ഒരു ചർച്ച് ഓഫ് ഇംഗ്ലണ്ട് റെക്ടർ പല പ്രാവശ്യം നാടകം കാണുകയും . . . തന്റെ അനേകം സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവരികയും ചെയ്തു. രണ്ടു ബിഷപ്പുമാരും പദവിനാമങ്ങളുള്ള അനേകം കുലീനരും സന്നിഹിതരായിരുന്നു.”
ഡിസംബർ 1: “നിങ്ങൾ മുഖാന്തരം ഞങ്ങൾക്കു ലഭിച്ച വലിയതും അമൂല്യവുമായ അനുഗ്രഹത്തിനു ഞാനും ഭാര്യയും നമ്മുടെ സ്വർഗീയ പിതാവിനോട് ആത്മാർഥമായി നന്ദി പറയുകയാണ്. സത്യം മനസ്സിലാക്കി സ്വന്തമാക്കുന്നതിനു കാരണമായത് നിങ്ങളുടെ മനോഹരമായ ഫോട്ടോ നാടകമായിരുന്നു. . . . നിങ്ങളുടെ വേദാധ്യയന പത്രികയുടെ ആറു വാല്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. അതു വലിയൊരു സഹായമാണ്.”
അന്നത്തെ പരിശോധനകളോടുള്ള പ്രതികരണം
16. 1914 വിശ്വാസത്തിന്റെ ഒരു പരിശോധന കൊണ്ടുവന്നതെന്തിന്?
16 എന്നാൽ 1914-ൽ തങ്ങൾ കർത്താവിനോടു ചേരുമെന്ന പ്രതീക്ഷ സഫലമാകാതിരുന്നപ്പോൾ അത്തരം ആത്മാർഥതയുള്ള സമർപ്പിത ക്രിസ്ത്യാനികൾ എന്തു ചെയ്തു? ആ അഭിഷിക്തർ അസാധാരണമാംവിധം പരിശോധനാത്മകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയി. 1914 നവംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) പ്രസ്താവിച്ചു: “നാമൊരു പരിശോധനാ കാലഘട്ടത്തിലാണെന്നു നമുക്ക് അനുസ്മരിക്കാം.” ഇതിനെക്കുറിച്ച്, യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (1993) എന്ന പുസ്തകം (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു: “1914 മുതൽ 1918 വരെയുള്ള വർഷങ്ങൾ തീർച്ചയായും ബൈബിൾ വിദ്യാർഥികൾക്ക് ‘ഒരു പരിശോധനാ കാലഘട്ട’മായിരുന്നു.” ഭാവിയിൽ ചെയ്യേണ്ടിയിരുന്ന വലിയ വേല ഏറ്റെടുക്കുന്നതിനുവേണ്ടി, തങ്ങളുടെ വിശ്വാസം ശോധന ചെയ്ത് ചിന്തയെ പുനഃക്രമീകരിക്കാൻ അവർ തയ്യാറാകുമായിരുന്നോ?
17. 1914-നുശേഷം ഭൂമിയിൽ ജീവിക്കുന്നതിനോട് വിശ്വസ്ത അഭിഷിക്തർ പ്രതികരിച്ചതെങ്ങനെ?
17 1916 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “[അഭിഷിക്തരുടെ] സഭയെ കൂട്ടിച്ചേർക്കുന്ന കൊയ്ത്തുവേല ജാതികളുടെ കാലം അവസാനിക്കുന്നതിനുമുമ്പ് തീരുമെന്നായിരുന്നു നാം വിഭാവന ചെയ്തത്; എന്നാൽ ബൈബിളിൽ അങ്ങനെയൊന്നും പറഞ്ഞിരുന്നില്ല. . . . കൊയ്ത്തുവേല തുടരുന്നതിൽ നാം ഖേദിക്കുന്നുവോ? . . . പ്രിയ സഹോദരങ്ങളേ, ഇപ്പോഴത്തെ നമ്മുടെ മനോഭാവം ദൈവത്തോടു കൃതജ്ഞത തുളുമ്പുന്നതായിരിക്കണം. അതായത്, നമുക്കു മനസ്സിലാകാനും നാം തിരിച്ചറിയാനുമായി അവൻ ഏതു മനോഹര സത്യം തന്നിരിക്കുന്നുവോ അതിനോടുള്ള നമ്മുടെ വിലമതിപ്പും ആ സത്യം മറ്റുള്ളവരെ അറിയിക്കാൻ സഹായിക്കുന്നതിലുള്ള നമ്മുടെ തീക്ഷ്ണതയും വർധിച്ചുവരുന്നതരം മനോഭാവമായിരിക്കണം അത്.” അവരുടെ വിശ്വാസം പരിശോധിക്കപ്പെട്ടു, എന്നാൽ അവർ ആ പരിശോധനയെ നേരിടുകയും വിജയകരമായി തരണംചെയ്യുകയും ചെയ്തു. എന്നാൽ വിശ്വാസത്തിന്റെ പരിശോധനകൾ നിരവധിയും വൈവിധ്യമാർന്നതുമായിരിക്കുമെന്ന ബോധം ക്രിസ്ത്യാനികളായ നമുക്കുണ്ടായിരിക്കണം.
18, 19. റസ്സൽ സഹോദരന്റെ മരണത്തിനുശേഷം താമസിയാതെ ദൈവജനത്തിന് വിശ്വാസത്തിന്റെ വേറെ ഏതെല്ലാം പരിശോധനകൾ നേരിട്ടു?
18 ഉദാഹരണത്തിന്, ചാൾസ് റ്റി. റസ്സലിന്റെ മരണത്തെത്തുടർന്ന് താമസിയാതെ മറ്റൊരു തരത്തിലുള്ള പരിശോധനയും ശേഷിപ്പിനു നേരിട്ടു. അത് അവരുടെ വിശ്വസ്തതയുടെയും വിശ്വാസത്തിന്റെയും ഒരു പരിശോധനയായിരുന്നു. മത്തായി 24:45-ലെ [NW] ‘വിശ്വസ്തനായ അടിമ’ ആരായിരുന്നു? അതു റസ്സൽ സഹോദരനാണെന്നു ചിലർ കരുതി. അവർ സംഘടനാപരമായ പുതിയ ക്രമീകരണത്തോടു സഹകരിക്കുന്നതു നിർത്തി. അടിമ അദ്ദേഹമായിരുന്നെങ്കിൽ, അദ്ദേഹം മരിച്ച സ്ഥിതിക്ക് സഹോദരങ്ങൾ ഇപ്പോൾ എന്തു ചെയ്യും? അവർ പുതുതായി നിയുക്തനായ ഏതെങ്കിലും വ്യക്തിയെ പിന്തുടരണമോ, അതോ ഒരു വ്യക്തിയെയല്ല, മറിച്ച് ക്രിസ്ത്യാനികളുടെ മുഴു സമൂഹത്തെയും ഒരുപാധിയായി, അല്ലെങ്കിൽ അടിമവർഗമായി യഹോവ ഉപയോഗിക്കുകയാണെന്ന് അംഗീകരിക്കാനുള്ള സമയമായിരുന്നോ അത്?
19 ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തിന്റെ പ്രേരണയാൽ ലൗകിക അധികാരികൾ യഹോവയുടെ സ്ഥാപനത്തിനെതിരെ ‘നിയമംവഴി ദുരിതമുണ്ടാക്കി’യപ്പോൾ 1918-ൽ സത്യക്രിസ്ത്യാനികളുടെമേൽ മറ്റൊരു പരിശോധനകൂടി വന്നു. (സങ്കീർത്തനം 94:20, പി.ഒ.സി. ബൈബിൾ) വടക്കേ അമേരിക്കയിലും യൂറോപ്പിലും ബൈബിൾ വിദ്യാർഥികൾക്കെതിരെ അക്രമാസക്തമായ പീഡനം അഴിച്ചുവിടപ്പെട്ടു. 1918 മേയ് 7-നു ജെ. എഫ്. റഥർഫോർഡിനും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളിൽ—എ. എച്ച്. മാക്മില്ലൻ ഉൾപ്പെടെ—പലർക്കുമെതിരെ യു.എസ്. ഫെഡറൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചപ്പോൾ, പുരോഹിതവർഗം ഇളക്കിവിട്ട എതിർപ്പ് ഏറ്റവും രൂക്ഷമായി. അവരുടെമേൽ വ്യാജമായി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു. തങ്ങൾ നിഷ്കളങ്കരാണെന്ന അവരുടെ അപേക്ഷ അധികാരികൾ അവഗണിച്ചു.
20, 21. മലാഖി 3:1-3-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, അഭിഷിക്തർക്കിടയിൽ ഏതു വേല ചെയ്യപ്പെട്ടു?
20 അന്നു തിരിച്ചറിഞ്ഞില്ലെങ്കിലും, മലാഖി 3:1-3-ൽ വിവരിച്ചിരിക്കുന്നതുപോലെ, ഒരു ശുദ്ധീകരണവേല ആരംഭിച്ചിരുന്നു: “അവൻ വരുന്നദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? [ഉടമ്പടി ദൂതൻ] ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.”
21 ഒന്നാം ലോകമഹായുദ്ധം അവസാനിക്കാറായപ്പോൾ, ബൈബിൾ വിദ്യാർഥികളിൽ ചിലർക്ക് വിശ്വാസത്തിന്റെ മറ്റൊരു പരിശോധന നേരിട്ടു—അവർ ലോകത്തിന്റെ സൈനിക കാര്യങ്ങളിൽ വ്യക്തമായ നിഷ്പക്ഷത പാലിക്കുമോ എന്നത്. (യോഹന്നാൻ 17:16; 18:36) ചിലർ പാലിച്ചില്ല. അതുകൊണ്ട് 1918-ൽ, തന്റെ ആരാധകരുടെ ചെറിയ കൂട്ടത്തെ ലൗകിക കളങ്കങ്ങളിൽനിന്നു ശുദ്ധീകരിക്കാനായി യഹോവ “ഉടമ്പടി ദൂത”നായ ക്രിസ്തുയേശുവിനെ തന്റെ ആത്മീയ ആലയ ക്രമീകരണത്തിലേക്ക് അയച്ചു. യഥാർഥ വിശ്വാസം പ്രകടമാക്കാൻ ദൃഢചിത്തരായിരുന്നവർ അനുഭവത്തിൽനിന്നു പഠിച്ച് പ്രസംഗവേലയിൽ സതീക്ഷ്ണം തുടർന്നുകൊണ്ട് മുന്നേറി.
22. വിശ്വാസത്തിന്റെ പരിശോധനകളോടുള്ള ബന്ധത്തിൽ, ഇനി എന്താണു പരിചിന്തിക്കാനുള്ളത്?
22 നാം പരിചിന്തിച്ച സംഗതികൾ കേവലം രസത്തിനുവേണ്ടിയുള്ള ഒരു ചരിത്രപഠനമായിരുന്നില്ല. അത് യഹോവയുടെ ലോകവ്യാപക സഭയുടെ ഇപ്പോഴത്തെ ആത്മീയ അവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ അടുത്ത ലേഖനത്തിൽ, നമുക്ക് ദൈവജനത്തിന് ഇന്ന് നേരിടുന്ന ഏതാനും വിശ്വാസ പരിശോധനകളെക്കുറിച്ച് പരിചിന്തിക്കുകയും അവയെ വിജയപ്രദമായി എങ്ങനെ നേരിടാനാകുമെന്ന് മനസ്സിലാക്കുകയും ചെയ്യാം.
നിങ്ങൾ ഓർമിക്കുന്നുവോ?
□ തങ്ങളുടെ വിശ്വാസം പരിശോധിക്കപ്പെടുമെന്ന് യഹോവയുടെ ജനം പ്രതീക്ഷിക്കേണ്ടതെന്തുകൊണ്ട്?
□ 1914-നുമുമ്പ് ദൈവസന്ദേശം പ്രചരിപ്പിക്കാൻ ഏതുതരം ശ്രമങ്ങൾ തുടങ്ങിയിരുന്നു?
□ “ഫോട്ടോ നാടകം” എന്തായിരുന്നു, അതിന്റെ ഫലങ്ങൾ എന്തെല്ലാമായിരുന്നു?
□ 1914-18 കാലഘട്ടത്തിലെ സംഭവങ്ങൾ അഭിഷിക്തർക്കു പരിശോധനയായി ഉതകിയതെങ്ങനെ?
[12-ാം പേജിലെ ചിത്രം]
“സഹസ്രാബ്ദവാഴ്ചയുടെ ഉദയം”—“വേദാധ്യയന പത്രിക” എന്നു പിൽക്കാലത്തു വിളിക്കപ്പെട്ട—പരമ്പരയുടെ സഹായത്തോടെ നവയുഗപ്പിറവിയോടടുത്ത് അനേകം നാടുകളിലും ആളുകൾ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു
[13-ാം പേജിലെ ചിത്രം]
റെക്കോർഡിങ്ങിനായുള്ള സി. റ്റി. റസ്സലിന്റെ ഒരു കത്തിന്റെ ആമുഖത്തിൽ അദ്ദേഹം പറഞ്ഞു: “‘സൃഷ്ടിപ്പിൻ ഫോട്ടോ നാടകം’ അവതരിപ്പിക്കുന്നത് ഐബിഎസ്എ—അന്തർദേശീയ ബൈബിൾ വിദ്യാർഥികളുടെ സംഘടന—ആണ്. മതപരവും ശാസ്ത്രീയവുമായ വിധങ്ങളിൽ ബൈബിളിനെ പിന്താങ്ങിക്കൊണ്ടുള്ള പൊതുജനപ്രബോധനമാണ് ഇതിന്റെ ലക്ഷ്യം”
[15-ാം പേജിലെ ചിത്രം]
ഡമിട്രിയസ് പാപാജൊർജ് “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിച്ചുകൊണ്ട് യാത്രചെയ്തു. പിന്നീട് ക്രിസ്തീയ നിഷ്പക്ഷതയുടെ പേരിൽ അദ്ദേഹം തടവിലാക്കപ്പെട്ടു