നിങ്ങളുടെ വിശ്വാസത്തിന്റെ ഗുണനിലവാരം—ഇപ്പോൾ പരിശോധിക്കപ്പെടുന്നു
“എന്റെ സഹോദരന്മാരേ, നിങ്ങൾക്കു വിവിധ പീഡാനുഭവങ്ങൾ നേരിടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധിക്കപ്പെട്ട ഗുണനിലവാരം സഹിഷ്ണുത ഉളവാക്കുന്നു എന്ന് അറിഞ്ഞുകൊണ്ട്, അതെല്ലാം സന്തോഷമായി ഗണിക്കുവിൻ.”—യാക്കോബ് 1:2, 3, NW.
1. ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന് പരിശോധനകൾ നേരിടുമെന്ന് പ്രതീക്ഷിക്കേണ്ടതെന്തുകൊണ്ട്?
സത്യ ക്രിസ്ത്യാനികൾക്കു കഷ്ടപ്പാടുകളോട് യാതൊരു പ്രതിപത്തിയുമില്ല, വേദനയിലോ അപമാനത്തിലോ അവരൊട്ടു സന്തോഷിക്കുന്നുമില്ല. എന്നിരുന്നാലും, യേശുവിന്റെ അർധസഹോദരനായ യാക്കോബിന്റെ മേൽപ്പറഞ്ഞ വാക്കുകൾ അവർ മനസ്സിൽപ്പിടിക്കുന്നു. ദൈവത്തിന്റെ നിലവാരങ്ങളോടു പറ്റിനിൽക്കുന്നതിനാൽ പീഡനവും മറ്റു ബുദ്ധിമുട്ടുകളും പ്രതീക്ഷിക്കാവുന്നതാണെന്ന് ക്രിസ്തു തന്റെ ശിഷ്യന്മാരോടു വ്യക്തമായി പറഞ്ഞിട്ടുണ്ട്. (മത്തായി 10:34; 24:9-13; യോഹന്നാൻ 16:33) എന്നിരുന്നാലും, അത്തരം പരിശോധനകളുടെ ഫലമായി സന്തോഷം ലഭിക്കുന്നതാണ്. അതെങ്ങനെ?
2. (എ) നമ്മുടെ വിശ്വാസത്തിന്റെ പരിശോധന സന്തുഷ്ടിയിൽ കലാശിക്കുന്നതെങ്ങനെ? (ബി) നമ്മുടെ കാര്യത്തിൽ സഹിഷ്ണുത അതിന്റെ പ്രവൃത്തി തികയ്ക്കുന്നതെങ്ങനെ?
2 പീഡാനുഭവങ്ങളോ വിശ്വാസത്തിന്റെ പരിശോധനകളോ നേരിടുമ്പോൾ നമുക്കു സന്തോഷം ലഭിക്കുന്നതിന്റെ ഒരു മുഖ്യ കാരണം അവയ്ക്കു നല്ല ഫലം ഉളവാക്കാൻ കഴിയുമെന്നതാണ്. യാക്കോബ് പറയുന്നതുപോലെ, പരിശോധനകളിലോ ബുദ്ധിമുട്ടുകളിലോ ധൈര്യസമേതം നിലകൊള്ളുന്നത് “സഹിഷ്ണുത ഉളവാക്കുന്നു.” ആ അമൂല്യ ക്രിസ്തീയ ഗുണം വികസിപ്പിച്ചെടുക്കുന്നതിൽനിന്നു നമുക്കു പ്രയോജനം നേടാവുന്നതാണ്. യാക്കോബ് എഴുതി: “നിങ്ങൾ ഒന്നിലും കുറവില്ലാതെ എല്ലാ അർഥത്തിലും തികഞ്ഞവരും കുറ്റമറ്റവരും ആകേണ്ടതിനു സഹിഷ്ണുതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.” (യാക്കോബ് 1:4, NW) സഹിഷ്ണുതയ്ക്ക് ചെയ്യാൻ ഒരു ജോലി, ഒരു “പ്രവൃത്തി” ഉണ്ട്. സമനിലയും പക്വതയുമുള്ള ക്രിസ്ത്യാനികളായിത്തീരാൻ സഹായിച്ചുകൊണ്ട് നമ്മെ എല്ലാ അർഥത്തിലും തികഞ്ഞവരാക്കുകയാണ് അതിന്റെ നിയമിത ജോലി. അതുകൊണ്ട് തിരുവെഴുത്തുപരമല്ലാത്ത മാർഗങ്ങൾ ഉപയോഗിച്ച് പരിശോധന പെട്ടെന്ന് അവസാനിപ്പിക്കാതെ, അതിന്റെ ഗതി സ്വാഭാവികമായിത്തന്നെ പൂർത്തിയാക്കാൻ അനുവദിക്കുക. അപ്പോൾ നമ്മുടെ വിശ്വാസം പരിശോധിക്കപ്പെട്ട് ശോധനചെയ്യപ്പെടും. സാഹചര്യങ്ങളുമായോ സഹ മനുഷ്യരുമായോ ഒത്തുപോകുന്ന കാര്യത്തിൽ നമുക്കു ക്ഷമയും അനുകമ്പയും ദയയും സ്നേഹവും കുറവാണെങ്കിൽ സഹിഷ്ണുതയ്ക്കു നമ്മെ കൂടുതൽ തികവുള്ളവരാക്കാൻ കഴിയും. അതേ, അതിന്റെ ക്രമം ഇതാണ്: പരിശോധന സഹിഷ്ണുത ഉളവാക്കുന്നു; സഹിഷ്ണുത ക്രിസ്തീയ ഗുണങ്ങൾ വർധിപ്പിക്കുന്നു; ഇവ സന്തുഷ്ടിക്കു കാരണമായിത്തീരുകയും ചെയ്യുന്നു.—1 പത്രൊസ് 4:14; 2 പത്രൊസ് 1:5-8.
3. പീഡാനുഭവങ്ങളോ വിശ്വാസത്തിന്റെ പരിശോധനകളോ ഭയന്ന് നാം പിന്മാറരുതാത്തതെന്തുകൊണ്ട്?
3 നമ്മുടെ വിശ്വാസത്തിന്റെ പരിശോധനകളെ നാം ഭയപ്പെടുകയോ അവയിൽനിന്നു പിന്മാറുകയോ ചെയ്യേണ്ടതില്ലാത്തതിന്റെ കാരണം പത്രൊസ് അപ്പോസ്തലനും പ്രദീപ്തമാക്കി. അവൻ എഴുതി: “അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.” (1 പത്രൊസ് 1:6, 7) ഈ വാക്കുകൾ ഇപ്പോൾ വിശേഷാൽ പ്രോത്സാഹജനകമാണ്, എന്തെന്നാൽ സ്തുതിയുടെയും മഹത്ത്വത്തിന്റെയും ബഹുമാനത്തിന്റെയും അതിജീവനത്തിന്റെയും സമയമായ “മഹോപദ്രവം” ചിലർ വിചാരിക്കുന്നതിനെക്കാളും നാം വിശ്വാസികളായിത്തീർന്ന സമയത്തെക്കാളും വളരെ അടുത്തെത്തിയിരിക്കുകയാണ്.—മത്തായി 24:21; റോമർ 13:11, 12.
4. താനും മറ്റ് അഭിഷിക്ത ക്രിസ്ത്യാനികളും അനുഭവിച്ച പരിശോധനകളെക്കുറിച്ച് ഒരു സഹോദരന് എന്തു തോന്നി?
4 മുൻലേഖനത്തിൽ, അഭിഷിക്ത ശേഷിപ്പ് 1914 മുതൽ അഭിമുഖീകരിച്ച പരിശോധനകൾ നാം പരിചിന്തിക്കുകയുണ്ടായി. ഇവ സന്തോഷത്തിന് അടിസ്ഥാനമായിരുന്നോ? ആ കഴിഞ്ഞ കാലത്തെക്കുറിച്ച് എ. എച്ച്. മാക്മില്ലന്റെ വീക്ഷണമിതായിരുന്നു: “സ്ഥാപനത്തിന്മേൽ അനേകം കഠിന പരിശോധനകൾ വരുന്നതും അതിലുള്ളവരുടെ വിശ്വാസം പരിശോധിക്കപ്പെടുന്നതും ഞാൻ കണ്ടിട്ടുണ്ട്. ദൈവാത്മാവിന്റെ സഹായത്തോടെ സ്ഥാപനം അവയെ അതിജീവിച്ച് തഴച്ചുവളരുന്നതിൽ തുടർന്നു. പുതിയ ചിന്തയെക്കുറിച്ച് അസ്വസ്ഥരാകുന്നതിനുപകരം, തിരുവെഴുത്തു സംഗതികളെക്കുറിച്ചുള്ള ഗ്രാഹ്യം വ്യക്തമാക്കിത്തരുന്നതിനുവേണ്ടി ക്ഷമാപൂർവം യഹോവയ്ക്കായി കാത്തിരിക്കുന്നതിലെ ജ്ഞാനം എനിക്കു ബോധ്യമായിട്ടുണ്ട്. . . . കാലക്രമത്തിൽ നമ്മുടെ വീക്ഷണങ്ങൾക്ക് എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവന്നാലും, അതു മറുവിലയാഗമെന്ന മഹത്തായ കരുതലിനും നിത്യജീവൻ സംബന്ധിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിനും മാറ്റം വരുത്തുകയില്ല. അതുകൊണ്ട്, പ്രതീക്ഷകൾ നിറവേറാത്തതിനാലോ വീക്ഷണങ്ങളിൽ മാറ്റം വരുത്തേണ്ടിവരുന്നതിനാലോ നമ്മുടെ വിശ്വാസം ദുർബലമാകാൻ അനുവദിക്കേണ്ട യാതൊരാവശ്യവുമില്ല.”—1966 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരം, (ഇംഗ്ലീഷ്) പേജ് 504.
5. (എ) ശേഷിപ്പ് പരിശോധനകൾ നേരിടുന്നതിന്റെ ഫലമായി എന്തു പ്രയോജനങ്ങളുണ്ട്? (ബി) പരിശോധനയുടെ ഈ സംഗതി ഇപ്പോൾ നമ്മിൽ താത്പര്യം ഉണർത്തേണ്ടതെന്തുകൊണ്ട്?
5 1914-19-ലെ പരിശോധനാ കാലഘട്ടത്തെ അതിജീവിച്ച അഭിഷിക്ത ക്രിസ്ത്യാനികൾ ലോകത്തിന്റെ ആധിപത്യ സ്വാധീനത്തിൽനിന്നും അനേകം ബാബിലോന്യ മതാചാരങ്ങളിൽനിന്നും സ്വതന്ത്രരാക്കപ്പെട്ടു. ദൈവത്തിനു സ്വമനസ്സാലെ സ്തുതിയാഗങ്ങൾ അർപ്പിച്ചും ഒരു ജനമെന്ന നിലയിൽ തങ്ങൾ അവന് സ്വീകാര്യരാണെന്ന ഉറപ്പോടെയും ആ ശേഷിപ്പ് ശുദ്ധീകരിക്കപ്പെട്ടവരും ശോധന ചെയ്യപ്പെട്ടവരുമായ ജനമെന്ന നിലയിൽ മുന്നേറിക്കൊണ്ടിരുന്നു. (യെശയ്യാവു 52:11; 2 കൊരിന്ത്യർ 6:14-18) ന്യായവിധി ദൈവഗൃഹത്തിൽ തുടങ്ങിയിരുന്നു, എന്നാൽ ഏതെങ്കിലുമൊരു നിശ്ചിത കാലഘട്ടത്തിൽ അത് അവസാനിക്കുമായിരുന്നില്ല. ദൈവജനത്തിന്റെ പരിശോധനയും പതിരുപാറ്റലും തുടരുകയാണ്. സമീപിച്ചുകൊണ്ടിരിക്കുന്ന “മഹോപദ്രവ”ത്തെ, “മഹാപുരുഷാര”ത്തിന്റെ ഭാഗമെന്ന നിലയിൽ അതിജീവിക്കാൻ പ്രത്യാശിക്കുന്നവരുടെയും വിശ്വാസം പരിശോധിക്കപ്പെടുകയാണ്. (വെളിപ്പാടു 7:9, 14) അഭിഷിക്ത ശേഷിപ്പിനു നേരിട്ടതിനോടു സമാനമായ വിധങ്ങളിലും മറ്റുമാണ് അവർ പരിശോധിക്കപ്പെടുന്നത്.
നിങ്ങൾ എങ്ങനെ പരിശോധിക്കപ്പെട്ടേക്കാം?
6. അനേകർക്കും നേരിട്ടിരിക്കുന്ന ഒരുതരം കഠിനമായ പരിശോധനയെന്ത്?
6 നേരിട്ടുള്ള ആക്രമണങ്ങളുടെ രൂപത്തിലുള്ള പരിശോധനകൾ അഭിമുഖീകരിക്കുന്നതിന്റെ വെല്ലുവിളിയെക്കുറിച്ച് അനേകം ക്രിസ്ത്യാനികൾ ചിന്തിച്ചിട്ടുണ്ട്. അവർ ഈ റിപ്പോർട്ട് അനുസ്മരിക്കുന്നു: “[യഹൂദ നേതാക്കന്മാർ] അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു. തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി.” (പ്രവൃത്തികൾ 5:40, 41) അനേകം യഹോവയുടെ സാക്ഷികളും പീഡകരിൽനിന്ന് മർദനങ്ങളും അതിനെക്കാൾ നിന്ദ്യമായ പെരുമാറ്റങ്ങളും യഥാർഥത്തിൽ അനുഭവിച്ചുവെന്ന് ദൈവജനത്തിന്റെ ആധുനിക ചരിത്രം, വിശേഷിച്ച് ലോകമഹായുദ്ധങ്ങളുടെ സമയത്തെ ചരിത്രം, വ്യക്തമാക്കുന്നു.
7. ആധുനികനാളിലെ ചില ക്രിസ്ത്യാനികൾ ഏതളവോളം വിശ്വാസം പ്രകടമാക്കിയിരിക്കുന്നു?
7 ക്രിസ്ത്യാനികൾ പീഡനത്തിന് ഇരയാകുന്നതിന്റെ കാര്യത്തിൽ, ലോകത്തിനു മുമ്പിൽ അഭിഷിക്ത ശേഷിപ്പെന്നോ ‘വേറെ ആടുകളിൽ’പ്പെട്ട മഹാപുരുഷാരമെന്നോ ഉള്ള വ്യത്യാസമില്ല. (യോഹന്നാൻ 10:16) വർഷങ്ങളിലൂടെ, ദൈവത്തോടുള്ള സ്നേഹവും അവനിലുള്ള വിശ്വാസവും ഹേതുവായി ഇരുകൂട്ടരും കഠിനമായി പരിശോധിക്കപ്പെടുകയും തടവിലാക്കപ്പെടുകയും, രക്തസാക്ഷിത്വം വരിക്കുകയുംപോലും ചെയ്തിട്ടുണ്ട്. അവരുടെ പ്രത്യാശ എന്തായാലും, രണ്ടു കൂട്ടർക്കും ദൈവാത്മാവ് ആവശ്യമായിരുന്നിട്ടുണ്ട്. (1996 ജൂൺ 15 ലക്കം വീക്ഷാഗോപുരം, പേജ് 31 താരതമ്യം ചെയ്യുക.) 1930-കളിലും 1940-കളിലും നാസി ജർമനിയിൽ, കുട്ടികളുൾപ്പെടെ അസാധാരണ വിശ്വാസം പ്രകടമാക്കിയ യഹോവയുടെ ദാസരായി അനേകരുണ്ടായിരുന്നു, അവരിൽ പലരും അങ്ങേയറ്റം പരിശോധിക്കപ്പെട്ടു. അടുത്തയിടെ, എത്യോപ്യ, എറിട്രിയ, ബുറുണ്ടി, മലാവി, മൊസാമ്പിക്ക്, സയർ, സിംഗപ്പൂർ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിൽ യഹോവയുടെ ജനം പീഡനം അനുഭവിച്ചിരിക്കുന്നു. ഈ വിധത്തിലുള്ള പരിശോധനകൾ ഇപ്പോഴും തുടരുന്നു.
8. നമ്മുടെ വിശ്വാസത്തിന്റെ പരിശോധനയിൽ മർദനത്തിന്റെ രൂപത്തിലുള്ള പീഡനം സഹിക്കുന്നതിനെക്കാളേറെ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു ആഫ്രിക്കൻ സഹോദരന്റെ അഭിപ്രായങ്ങൾ പ്രകടമാക്കുന്നതെങ്ങനെ?
8 എന്നിരുന്നാലും, നേരത്തെ കണ്ടതുപോലെ, കൂടുതൽ കുടിലമായ വിധത്തിലും നമ്മുടെ വിശ്വാസം പരിശോധിക്കപ്പെടുന്നുണ്ട്. ഈ പരിശോധനകളിൽ ചിലത് അത്ര നേരിട്ടുള്ളതല്ല, എളുപ്പം തിരിച്ചറിയാവുന്നതുമല്ല. പിൻവരുന്നതരം പരിശോധനകളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് പരിചിന്തിക്കുക. അംഗോളയിലെ ഒരു സഹോദരൻ. പത്തു മക്കൾ. ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങളുമായി സമ്പർക്കമില്ലാതെ ഒറ്റപ്പെട്ടുകിടന്നിരുന്ന ഒരു സഭയിൽ അദ്ദേഹത്തിനു കുറച്ചുകാലം കഴിച്ചുകൂട്ടേണ്ടിവന്നു. പിൽക്കാലത്ത് മറ്റുള്ളവർക്കു സഭ സന്ദർശിക്കുക സാധ്യമായി. കുടുംബത്തെ എങ്ങനെ പോറ്റിയെന്ന ചോദ്യത്തിന് ഉത്തരം പറയുക അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല, സ്ഥിതിഗതികൾ ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു എന്നു മാത്രമേ അദ്ദേഹം പറഞ്ഞുള്ളൂ. ദിവസം ഒരു നേരമെങ്കിലും മക്കൾക്കു ഭക്ഷണം കൊടുക്കാൻ കഴിഞ്ഞിരുന്നോ? അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “കഷ്ടിച്ച്, ഉള്ളതുകൊണ്ടു കഴിഞ്ഞുകൂടാൻ ഞങ്ങൾ പഠിച്ചു.” എന്നിട്ട് ബോധ്യം നിറഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു: “എന്നാൽ ഈ അന്ത്യനാളുകളിൽ ഇതുതന്നെയല്ലേ നാം പ്രതീക്ഷിക്കുന്നതും?” അത്തരം വിശ്വാസം ലോകത്തിൽ ശ്രദ്ധേയമാണ്, രാജ്യവാഗ്ദാനങ്ങൾ നിവൃത്തിയേറും എന്നതിൽ പൂർണവിശ്വാസമുള്ള വിശ്വസ്ത ക്രിസ്ത്യാനികൾക്കിടയിൽ അത് അസാധാരണമല്ല.
9. 1 കൊരിന്ത്യർ 11:3-നോടുള്ള ബന്ധത്തിൽ നാം പരിശോധിക്കപ്പെടുന്നതെങ്ങനെ?
9 ദിവ്യാധിപത്യ നടപടിക്രമങ്ങളോടുള്ള ബന്ധത്തിൽ മഹാപുരുഷാരവും പരിശോധിക്കപ്പെടുകയാണ്. ലോകവ്യാപക ക്രിസ്തീയ സഭ ദിവ്യതത്ത്വങ്ങൾക്കും ദിവ്യാധിപത്യ നിലവാരങ്ങൾക്കും അനുസൃതമായി നിയന്ത്രിക്കപ്പെടുന്നു. ഇതിനർഥം ആദ്യംതന്നെ, സഭയുടെ ശിരസ്സായി നിയമിതനായ യേശുക്രിസ്തുവിനെ നായകനെന്ന നിലയിൽ അംഗീകരിക്കണമെന്നാണ്. (1 കൊരിന്ത്യർ 11:3) ഐക്യത്തിൽ യഹോവയുടെ ഹിതം ചെയ്യുന്നതിനോടു ബന്ധപ്പെട്ട ദിവ്യാധിപത്യ നിയമനങ്ങളിലും തീരുമാനങ്ങളിലും നാം വിശ്വാസമർപ്പിക്കുമ്പോൾ അവനും അവന്റെ പിതാവിനും നാം മനസ്സൊരുക്കത്തോടെ കീഴ്പെടുന്നുവെന്നു പ്രകടമാക്കുന്നു. കൂടാതെ, ഓരോ പ്രാദേശിക സഭയിലും നേതൃത്വമെടുക്കുന്നതിനു നിയമിത പുരുഷന്മാരുണ്ട്. അവർ അപൂർണരാണ്, അവരുടെ കുറവുകൾ നാം പെട്ടെന്നു കണ്ടെത്തിയേക്കാം; എങ്കിലും അത്തരം മേൽവിചാരകന്മാരെ ആദരിക്കാനും അവർക്കു കീഴ്പെട്ടിരിക്കാനും നാം ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (എബ്രായർ 13:7, 17) ചിലപ്പോഴൊക്കെ അതു ദുഷ്കരമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? അതു നിങ്ങൾക്ക് യഥാർഥത്തിൽ ഒരു പരിശോധനയാണോ? ആണെങ്കിൽ, നിങ്ങളുടെ വിശ്വാസത്തിന്റെ ഈ പരിശോധനയിൽനിന്നു നിങ്ങൾ പ്രയോജനമനുഭവിക്കുന്നുണ്ടോ?
10. വയൽശുശ്രൂഷയോടുള്ള ബന്ധത്തിൽ നാം ഏതു പരിശോധന നേരിടുന്നു?
10 വയൽശുശ്രൂഷയിൽ ക്രമമായി ഏർപ്പെടാനുള്ള പദവിയോടും നിബന്ധനയോടുമുള്ള ബന്ധത്തിലും നാം നിരന്തരം പരിശോധിക്കപ്പെടുന്നുണ്ട്. ഈ പരിശോധനയിൽ വിജയിക്കണമെങ്കിൽ, ശുശ്രൂഷയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കുന്നതിൽ നാമമാത്ര പ്രസംഗത്തെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നുവെന്നു നാം തിരിച്ചറിയണം. തനിക്കുള്ളതു മുഴുവനും നൽകിയ ദരിദ്രയായ വിധവയെ പ്രശംസിച്ചുകൊണ്ട് യേശു പറഞ്ഞ വാക്കുകൾ അനുസ്മരിക്കുക. (മർക്കൊസ് 12:41-44) ‘എന്റെ വയൽശുശ്രൂഷയോടുള്ള ബന്ധത്തിൽ ഞാൻ സമാനമായി എന്നെത്തന്നെ നൽകുന്നുണ്ടോ?’ എന്നു നമുക്കെല്ലാവർക്കും സ്വയം ചോദിക്കാവുന്നതാണ്. നാമെല്ലാം ദിവസം മുഴുവനും യഹോവയുടെ സാക്ഷികളായിരിക്കുകയും ഏതൊരവസരത്തിലും നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കാൻ തയ്യാറായിരിക്കുകയും ചെയ്യേണ്ടതുണ്ട്.—മത്തായി 5:16.
11. ഗ്രാഹ്യം സംബന്ധിച്ചുള്ള മാറ്റങ്ങൾക്കോ നടത്ത സംബന്ധിച്ചുള്ള ബുദ്ധ്യുപദേശത്തിനോ ഒരു പരിശോധനയാകാൻ കഴിയുന്നതെങ്ങനെ?
11 ബൈബിൾ സത്യത്തിന്റെമേൽ ചൊരിയുന്ന വർധിച്ചുവരുന്ന പ്രകാശത്തോടും വിശ്വസ്ത അടിമവർഗം പ്രദാനംചെയ്യുന്ന ബുദ്ധ്യുപദേശത്തോടുമുള്ള വിലമതിപ്പിന്റെ അളവുമായി ബന്ധപ്പെട്ടും നാം പരിശോധിക്കപ്പെടുന്നുണ്ട്. (മത്തായി 24:45) ചിലപ്പോൾ ഇത് നമ്മുടെ വ്യക്തിപരമായ നടത്തയിൽ പൊരുത്തപ്പെടുത്തലുകൾ—സഭയിൽ നിലകൊള്ളാൻ ആഗ്രഹിക്കുന്നവർ പുകയിലയുടെ ഉപയോഗം നിർത്തണമെന്നതുപോലുള്ളവ—ആവശ്യമാക്കിയേക്കാം.a (2 കൊരിന്ത്യർ 7:1) ചിലപ്പോൾ ചില സംഗീതത്തോടോ മറ്റേതെങ്കിലും വിനോദരൂപത്തോടോ ഉള്ള നമ്മുടെ അഭിനിവേശത്തിന് കുറച്ചൊക്കെ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അംഗീകരിക്കുന്നത് ഒരു പരിശോധനയാകാം.b ബുദ്ധ്യുപദേശം ലഭിക്കുമ്പോൾ, അതിന്റെ ജ്ഞാനത്തെ നാം സംശയിക്കുമോ? അതോ നമ്മുടെ ചിന്താരീതികളെ കരുപ്പിടിപ്പിച്ച് പുതിയ ക്രിസ്തീയ വ്യക്തിത്വം ധരിക്കുന്നതിനു നമ്മെ സഹായിക്കാൻ നാം ദൈവാത്മാവിനെ അനുവദിക്കുമോ?—എഫെസ്യർ 4:20-24; 5:3-5.
12. ഒരുവൻ സ്നാപനമേറ്റതിനുശേഷം വിശ്വാസം ബലിഷ്ഠമാക്കുന്നതിന് എന്താവശ്യമാണ്?
12 പതിറ്റാണ്ടുകളായി, മഹാപുരുഷാരത്തിൽപ്പെട്ടവരുടെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു. സ്നാപനത്തിനുശേഷം, അവർ യഹോവയുമായുള്ള തങ്ങളുടെ ബന്ധം ബലിഷ്ഠമാക്കുന്നതിൽ തുടരുന്നു. ഇതിൽ ക്രിസ്തീയ സമ്മേളനത്തിൽ പങ്കെടുക്കൽ, രാജ്യഹാളിലെ ഏതാനും യോഗങ്ങളിൽ സംബന്ധിക്കൽ, വല്ലപ്പോഴും വയൽസേവനത്തിൽ പങ്കെടുക്കൽ എന്നിവയെക്കാളധികം ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തി ശാരീരികമായി വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനു പുറത്തായിരിക്കാം, എന്നാൽ അയാൾ യഥാർഥത്തിൽ അതിൽനിന്നു വിട്ടുപോന്നിട്ടുണ്ടോ? ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളെ പുച്ഛിക്കുന്ന മഹാബാബിലോന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന സംഗതികളോട് അയാൾ ഇപ്പോഴും പറ്റിച്ചേർന്നു നിൽക്കുന്നുവോ? ലൈംഗിക ധാർമികതയെയും വൈവാഹിക വിശ്വസ്തതയെയും അയാൾ നിസ്സാരമായി വീക്ഷിക്കുന്നുവോ? അയാൾ ആത്മീയ താത്പര്യങ്ങളെക്കാൾ പ്രാധാന്യം കൽപ്പിക്കുന്നത് വ്യക്തിപരവും ഭൗതികവുമായ താത്പര്യങ്ങൾക്കാണോ? അതേ, അയാൾ ലോകത്തിൽ കളങ്കരഹിതനായി നിലകൊള്ളുന്നുവോ?—യാക്കോബ് 1:27.
പരിശോധിക്കപ്പെട്ട വിശ്വാസത്തിൽനിന്നു പ്രയോജനമനുഭവിക്കുക
13, 14. സത്യാരാധനയിൽ വന്നതിനുശേഷം ചിലർ എന്തു ചെയ്തിരിക്കുന്നു?
13 മഹാബാബിലോനിൽനിന്നു നാം യഥാർഥത്തിൽ പലായനം ചെയ്യുകയും ലോകത്തിൽനിന്നു പുറത്തുവരികയും ചെയ്തിട്ടുണ്ടെങ്കിൽ, വിട്ടുപോന്നിരിക്കുന്ന സംഗതികളിലേക്കു നാം തിരിഞ്ഞു നോക്കരുത്. പിന്തിരിഞ്ഞു നോക്കുന്നെങ്കിൽ, ലൂക്കൊസ് 9:62-ൽ കാണുന്ന തത്ത്വത്തിനു ചേർച്ചയിൽ, നാം ദൈവരാജ്യത്തിന്റെ പ്രജയായിത്തീരാനുള്ള അവസരമായിരിക്കും നഷ്ടപ്പെടുത്തുന്നത്. യേശു പറഞ്ഞു: “കലപ്പെക്കു കൈ വെച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല.”
14 എന്നാൽ മുമ്പു ക്രിസ്ത്യാനികളായിത്തീർന്ന ചിലർ ഈ വ്യവസ്ഥിതിക്ക് അനുരൂപമാകാൻ സ്വയം അനുവദിച്ചിരിക്കുന്നു. അവർ ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിന്നില്ല. (2 പത്രൊസ് 2:20-22) ശ്രദ്ധ പതറിക്കുന്ന ലൗകിക കാര്യങ്ങൾ അവരുടെ താത്പര്യത്തെയും സമയത്തെയും അപഹരിച്ച് അവരുടെ പുരോഗതിയെ തടസ്സപ്പെടുത്തിയിരിക്കുന്നു. മനസ്സും ഹൃദയവും ദൈവരാജ്യത്തിലും അവന്റെ നീതിയിലും ശരിക്കും ഉറപ്പിച്ച് അവയെ ഒന്നാം സ്ഥാനത്തു നിർത്തുന്നതിനുപകരം അവർ ഭൗതികത്വ ലക്ഷ്യങ്ങളുടെ പിന്നാലെ പോയിരിക്കുന്നു. തങ്ങളുടെ ദുർബലവിശ്വാസത്തെയും മിതോഷ്ണാവസ്ഥയെയും തിരിച്ചറിഞ്ഞ് ദിവ്യബുദ്ധ്യുപദേശം തേടി തങ്ങളുടെ ഗതിക്കു മാറ്റം വരുത്താൻ പ്രചോദിതരാകുന്നില്ലെങ്കിൽ, യഹോവയും അവന്റെ സ്ഥാപനവുമായി അവർക്കുള്ള അമൂല്യ ബന്ധം നഷ്ടമാകാനാണു സാധ്യത.—വെളിപ്പാടു 3:15-19.
15. ദൈവത്തിനു സ്വീകാര്യരായി നിലകൊള്ളുന്നതിന് എന്താവശ്യമാണ്?
15 സ്വീകാര്യരായി തിരിച്ചറിയിക്കപ്പെടാനും അതിശീഘ്രം അടുത്തുകൊണ്ടിരിക്കുന്ന മഹോപദ്രവത്തെ അതിജീവിക്കാൻ യോഗ്യത നേടാനും നാം ‘കുഞ്ഞാടിന്റെ രക്തത്തിൽ’ അങ്കികൾ ‘അലക്കിവെളുപ്പി’ച്ചുകൊണ്ട് ശുദ്ധരായി നിലകൊള്ളണം. (വെളിപ്പാടു 7:9-14; 1 കൊരിന്ത്യർ 6:11) നാം ദൈവമുമ്പാകെ ശുദ്ധവും നീതിനിഷ്ഠവുമായ നില കാത്തു സൂക്ഷിക്കുന്നില്ലെങ്കിൽ, നമ്മുടെ വിശുദ്ധസേവനം സ്വീകാര്യമായിരിക്കുകയില്ല. തീർച്ചയായും, സഹിച്ചുനിൽക്കാനും ദൈവത്തിന്റെ അപ്രീതിക്കു പാത്രമാകാതിരിക്കാനും വിശ്വാസത്തിന്റെ പരിശോധിക്കപ്പെട്ട ഗുണനിലവാരം നമ്മെ പ്രാപ്തരാക്കുമെന്നു നാമോരോരുത്തരും തിരിച്ചറിയണം.
16. നുണപ്രചാരണങ്ങൾ ഏതെല്ലാം വിധങ്ങളിൽ നമ്മുടെ വിശ്വാസത്തിന് ഒരു പരിശോധനയായേക്കാം?
16 ചിലപ്പോഴൊക്കെ, വാർത്താമാധ്യമങ്ങളും ലൗകിക അധികാരികളും നമ്മെ കരിതേച്ചു കാണിക്കുകയും നമ്മുടെ ക്രിസ്തീയ വിശ്വാസങ്ങളെയും ജീവിതരീതിയെയും തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതു നമ്മെ വിസ്മയിപ്പിക്കരുത്, എന്തെന്നാൽ ‘നാം ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ ലോകം നമ്മെ വെറുക്കു’മെന്നു യേശു വ്യക്തമാക്കുന്നുണ്ട്. (യോഹന്നാൻ 17:14) നമ്മെ വിരട്ടി നിരുത്സാഹിതരാക്കി സുവാർത്തയെക്കുറിച്ചു നമുക്കു ലജ്ജ തോന്നാൻ സാത്താനാൽ അന്ധരാക്കപ്പെട്ടിരിക്കുന്നവരെ നാം അനുവദിക്കുമോ? സത്യത്തെക്കുറിച്ചുള്ള നുണപ്രചാരണങ്ങൾ നിമിത്തം നാം ക്രമമായി യോഗങ്ങളിൽ സംബന്ധിക്കുന്നതും പ്രസംഗവേലയിൽ ഏർപ്പെടുന്നതും നിറുത്തുമോ? അതോ, ഉറച്ചുനിന്ന് ധൈര്യം പ്രകടമാക്കി യഹോവയെയും അവന്റെ രാജ്യത്തെയും കുറിച്ചുള്ള സത്യം നിർബാധം പ്രഖ്യാപിച്ചുകൊണ്ടേയിരിക്കാൻ നാം കൂടുതൽ ദൃഢചിത്തരായിരിക്കുമോ?
17. വിശ്വാസം പ്രകടമാക്കുന്നത് തുടരാൻ നമ്മെ ഏത് ഉറപ്പിന് പ്രചോദിപ്പിക്കാനാകും?
17 നിവൃത്തിയേറിയ ബൈബിൾ പ്രവചനപ്രകാരം, നാം അന്ത്യകാലത്തിന്റെ നല്ലൊരു ഭാഗം പിന്നിട്ടിരിക്കുകയാണ്. നീതി വസിക്കുന്ന ഒരു പുതിയ ലോകത്തിനായുള്ള നമ്മുടെ ബൈബിളധിഷ്ഠിത പ്രതീക്ഷകൾ തീർച്ചയായും ആഹ്ലാദകരമായ ഒരു യാഥാർഥ്യമായിത്തീരും. ആ ദിവസം വരുന്നതുവരെ, നമുക്കെല്ലാം ദൈവവചനത്തിൽ അചഞ്ചലമായ വിശ്വാസം പ്രകടമാക്കി മുടക്കംകൂടാതെ രാജ്യസുവാർത്ത ലോകവ്യാപകമായി പ്രസംഗിച്ചുകൊണ്ട് നമ്മുടെ വിശ്വാസം തെളിയിക്കാം. ഓരോ വാരത്തിലും പുതുതായി സ്നാപനമേറ്റ് ശിഷ്യരായിത്തീരുന്ന ആയിരക്കണക്കിനാളുകളെക്കുറിച്ചു ചിന്തിക്കുക. ന്യായവിധി നടപ്പാക്കുന്ന കാര്യത്തിൽ യഹോവ ക്ഷമ പ്രകടമാക്കുന്നത് ഇനിയും അനേകമാളുകളുടെ രക്ഷയിൽ കലാശിക്കാനാണെന്നു മനസ്സിലാക്കാൻ അതു മതിയായ കാരണമല്ലേ? ജീവരക്ഷാകരമായ രാജ്യപ്രസംഗപ്രവർത്തനം തുടരാൻ ദൈവം അനുവദിച്ചിരിക്കുന്നതിൽ നാം സന്തുഷ്ടരല്ലേ? ദശലക്ഷക്കണക്കിനാളുകൾ സത്യം സ്വീകരിച്ച് തങ്ങളുടെ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതിൽ നമുക്ക് ആഹ്ലാദമില്ലേ?
18. യഹോവയെ സേവിക്കുന്നതിനോടുള്ള ബന്ധത്തിൽ നിങ്ങളുടെ ദൃഢനിശ്ചയമെന്ത്?
18 നമ്മുടെ വിശ്വാസത്തിന്റെ ഇപ്പോഴത്തെ പരിശോധന എത്ര കാലം നീളുമെന്നു നമുക്കു പറയാനാവില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്: ഇപ്പോഴത്തെ ദുഷ്ട ആകാശങ്ങളോടും ഭൂമിയോടും കണക്കുതീർക്കാൻ യഹോവയ്ക്ക് ഒരു നിശ്ചിത ദിവസമുണ്ട്. അതിനിടെ, നമ്മുടെ വിശ്വാസത്തിനു പൂർത്തിവരുത്തുന്നവനായ യേശു പ്രകടമാക്കിയ, പരിശോധിക്കപ്പെട്ട വിശ്വാസത്തിന്റെ അതിശ്രേഷ്ഠമായ ഗുണനിലവാരം അനുകരിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. പ്രായമേറിവരുന്ന അഭിഷിക്തശേഷിപ്പിന്റെയും നമ്മുടെ ഇടയിൽ സധൈര്യം നേതൃത്വമെടുക്കുന്ന മറ്റുള്ളവരുടെയും മാതൃക നമുക്കു പിൻപറ്റാം.
19. എന്ത് ഈ ലോകത്തെ ജയിച്ചടക്കുമെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്?
19 ആകാശമധ്യേ പറക്കുന്ന ദൂതനോടു സഹകരിച്ചുകൊണ്ട്, എല്ലാ ജാതികളോടും ഗോത്രങ്ങളോടും ഭാഷക്കാരോടും ജനങ്ങളോടും നിത്യസുവാർത്ത ഇടതടവില്ലാതെ പ്രഖ്യാപിക്കാൻ നാം ദൃഢചിത്തരായിരിക്കണം. “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു” എന്ന ദൂതപ്രഖ്യാപനം അവർ കേൾക്കട്ടെ. (വെളിപ്പാടു 14:6, 7) ആ ദിവ്യന്യായവിധി നിർവഹിക്കപ്പെടുമ്പോൾ, നമ്മുടെ വിശ്വാസത്തിന്റെ പരിശോധിക്കപ്പെട്ട ഗുണനിലവാരംകൊണ്ട് എന്തു ഫലമുണ്ടാകും? അത് ഇപ്പോഴത്തെ വ്യവസ്ഥിതിയിൽനിന്നു ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിലേക്കുള്ള മോചനമെന്ന മഹത്ത്വമാർന്ന വിജയമായിരിക്കുകയില്ലേ? നമ്മുടെ വിശ്വാസത്തിന്റെ പരിശോധനകൾ സഹിച്ചുനിൽക്കുകവഴി, യോഹന്നാൻ അപ്പോസ്തലൻ പറഞ്ഞതുപോലെ നമുക്കും പറയാനാകും: “ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.”—1 യോഹന്നാൻ 5:4.
[അടിക്കുറിപ്പുകൾ]
a വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1973 ജൂൺ 1 ലക്കത്തിന്റെ 336-43 പേജുകളും 1973 ജൂലൈ 1 ലക്കത്തിന്റെ 409-11 പേജുകളും കാണുക.
b വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 1983 ജൂലൈ 15 ലക്കത്തിന്റെ 27-31 പേജുകൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ നമ്മുടെ വിശ്വാസത്തിന്റെ പരിശോധനകൾ സന്തുഷ്ടിക്കു കാരണമായേക്കാവുന്നതെങ്ങനെ?
□ നമുക്കു നേരിട്ടേക്കാവുന്ന എളുപ്പം തിരിച്ചറിയപ്പെടാൻ സാധിക്കുകയില്ലാത്ത വിശ്വാസത്തിന്റെ പരിശോധനകളിൽ ചിലത് ഏവ?
□ നമ്മുടെ വിശ്വാസത്തിന്റെ പരിശോധനകൾ വിജയപ്രദമായി സഹിച്ചുനിന്നുകൊണ്ട് നമുക്കെങ്ങനെ പ്രയോജനമനുഭവിക്കാൻ സാധിക്കും?
[17-ാം പേജിലെ ചിത്രങ്ങൾ]
എ. എച്ച്. മാക്മില്ലൻ (മുന്നിൽ ഇടതുവശത്ത്), അദ്ദേഹവും വാച്ച് ടവർ സൊസൈറ്റിയുടെ അധികൃതരും അന്യായമായി തടവിലാക്കപ്പെട്ട സമയത്ത്
മിഷിഗണിലെ ഡിട്രൊയ്റ്റിലെ കൺവെൻഷനിൽ ഒരു പ്രതിനിധി എന്നനിലയിൽ, 1928
ജീവിത സായാഹ്നത്തിലും മാക്മില്ലൻ സഹോദരൻ വിശ്വാസം പ്രകടമാക്കുകയായിരുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
ഈ കുടുംബത്തെപ്പോലെ, ആഫ്രിക്കയിലെ അനേകം ക്രിസ്ത്യാനികളും വിശ്വാസത്തിന്റെ പരിശോധിക്കപ്പെട്ട ഗുണനിലവാരം പ്രകടമാക്കിയിരിക്കുന്നു