എന്താണ്—തൽമൂദ്?
“തൽമൂദ് നിസ്സംശയമായും എക്കാലത്തെയും അതിശ്രേഷ്ഠ സാഹിത്യ സൃഷ്ടികളിൽ ഒന്നാണ്.”—ദ യൂണിവേഴ്സൽ ജൂയിഷ് എൻസൈക്ലോപീഡിയ.
“മാനവരാശിയുടെ ബൗദ്ധിക നേട്ടങ്ങളിൽ ഒന്നാണ് [തൽമൂദ്]. മനസ്സിലാക്കാൻ സുക്ഷ്മശ്രദ്ധ ആവശ്യമായ, അർഥസമ്പുഷ്ടവും ദുർഗ്രഹവുമായ അത് ഒന്നര സഹസ്രാബ്ദകാലം അതിസമർഥ മനസ്സുകളെ തിരക്കുള്ളതാക്കി നിർത്തി.”—യഹൂദ പണ്ഡിതനും ഗ്രന്ഥകാരനുമായ ജേക്കബ് നൊയിസ്നർ.
“യഹൂദ ജീവിതധാരയുടെ ആത്മീയവും ബൗദ്ധികവുമായ മുഴു ചട്ടക്കൂടിനെയും പിന്താങ്ങുന്ന [യഹൂദമതത്തിന്റെ] നെടുംതൂണാണ് തൽമൂദ്.”—തൽമൂദ്യ പണ്ഡിതനും റബ്ബിയുമായ ആഡിൻ സ്റ്റൈൻസോൾട്ട്സ്.
തൽമൂദിനു നൂറ്റാണ്ടുകളായി യഹൂദരുടെമേൽ ഗണ്യമായ സ്വാധീനമുണ്ടായിരുന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും മുകളിൽ ഉദ്ധരിച്ച പ്രശംസകളിൽനിന്നു വ്യത്യസ്തമായി, തൽമൂദ് അപലപിക്കപ്പെടുകയും “നിഗൂഢതയുടെയും കൂടിക്കുഴഞ്ഞ ആശയങ്ങളുടെയും ഒരു സമുദ്ര”മെന്നു വിളിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പിശാചിന്റെ ദൈവദൂഷണപരമായ കൃതിയെന്നു പോലും അതിനെ വിളിച്ചിട്ടുണ്ട്. പാപ്പായുടെ ആജ്ഞപ്രകാരം അത് ആവർത്തിച്ചാവർത്തിച്ച് സെൻസർ ചെയ്യുകയും കണ്ടുകെട്ടുകയും യൂറോപ്പിലെ പൊതുസ്ഥലങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്രയധികം തർക്കത്തിനു വഴിതെളിച്ചിട്ടുള്ള ഈ കൃതി വാസ്തവത്തിൽ എന്താണ്? യഹൂദ കൃതികളിൽ തൽമൂദിനെ അനന്യസാധാരണമാക്കുന്നത് എന്താണ്? എന്തിനാണ് അത് എഴുതപ്പെട്ടത്? യഹൂദമതത്തിൽ അത് ഇത്രയധികം പ്രഭാവം ചെലുത്തിയത് എങ്ങനെ? യഹൂദരല്ലാത്തവരെ സംബന്ധിച്ചിടത്തോളം അതിന് എന്തെങ്കിലും അർഥമുണ്ടോ?
പൊ.യു. 70-ൽ യെരൂശലേമിലെ ആലയം നശിപ്പിക്കപ്പെട്ടതിനെ തുടർന്നുവന്ന 150 വർഷക്കാലയളവിൽ ഇസ്രായേലിലെമ്പാടുമുണ്ടായിരുന്ന റബ്ബിമാരായ ഗുരുക്കന്മാരുടെ വിദ്യാപീഠങ്ങൾ യഹൂദപാരമ്പര്യം നിലനിർത്തുന്നതിന് ഒരു പുതിയ അടിസ്ഥാനം തേടി. അവർ സംവാദം നടത്തി തങ്ങളുടെ അലിഖിത നിയമത്തിന്റെ വ്യത്യസ്ത പാരമ്പര്യങ്ങൾ സമന്വയിപ്പിച്ചു. ആ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് അവർ യഹൂദമതത്തിനു പുത്തൻ പരിധികളും വ്യവസ്ഥകളും വെച്ചു. ഒരു ആലയമില്ലാതെതന്നെ വിശുദ്ധിയുള്ള അനുദിന ജീവിതത്തിനു മാർഗനിർദേശം നൽകുകയും ചെയ്തു. ഈ പുതിയ ആത്മീയ ചട്ടക്കൂട് മിഷ്നായിൽ വിവരിച്ചിരുന്നു. പൊ.യു. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജൂഡാ ഹനസിയാണ് അതു സമാഹരിച്ചത്.a
ബൈബിൾ സംബന്ധമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ വേരൂന്നാൻ ശ്രമിക്കാതെ മിഷ്നാ അതിൽത്തന്നെ സമ്പൂർണമായിരുന്നു. അതിന്റെ ചർച്ചാരീതിയും എബ്രായശൈലിയും അനന്യസാധാരണവും ബൈബിൾ പാഠത്തിൽനിന്നു വ്യത്യസ്തവുമായിരുന്നു. മിഷ്നായിൽ ഉദ്ധരിച്ചിരിക്കുന്ന റബ്ബിമാരുടെ തീരുമാനങ്ങൾ എല്ലായിടത്തുമുള്ള യഹൂദരുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുമായിരുന്നു. ജേക്കബ് നൊയിസ്നർ വാസ്തവത്തിൽ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മിഷ്നാ ഇസ്രായേലിന്റെ ഭരണഘടനയായി ഉതകി. . . . അത് അതിന്റെ നിയമങ്ങളോടുള്ള യോജിപ്പും പൊരുത്തവും ആവശ്യപ്പെട്ടു.”
മിഷ്നായിൽ ഉദ്ധരിച്ചിരിക്കുന്ന ഗുരുക്കന്മാരുടെ അധികാരം വെളിപ്പെടുത്തപ്പെട്ട തിരുവെഴുത്തിനു തുല്യമാണോയെന്ന് ആരെങ്കിലും ചോദ്യം ചെയ്താലോ? മിഷ്നായിൽ കാണപ്പെടുന്ന റ്റാനായിമിന്റെ (അലിഖിത നിയമോപദേഷ്ടാക്കളുടെ) ഉപദേശങ്ങൾ എബ്രായ തിരുവെഴുത്തുകളുമായി പൂർണ യോജിപ്പിലാണെന്ന് റബ്ബിമാർ കാട്ടിക്കൊടുക്കണമായിരുന്നു. കൂടുതലായ ഭാഷ്യം ആവശ്യമായിവന്നു. മിഷ്നാ വിശദീകരിച്ചുകൊടുക്കുകയും അതിനെ ന്യായീകരിക്കുകയും അത് സീനായ് മലയിൽ മോശയ്ക്കു നൽകിയ ന്യായപ്രമാണത്തിൽനിന്ന് ഉണ്ടായതാണെന്നു തെളിയിക്കുകയും ചെയ്യേണ്ടത് ആവശ്യമായി അവർക്കു തോന്നി. അലിഖിത നിയമത്തിന്റെയും ലിഖിത നിയമത്തിന്റെയും സ്വഭാവവും ഉദ്ദേശ്യവും ഒന്നുതന്നെയാണെന്നു തെളിയിക്കാൻ തങ്ങൾ നിർബന്ധിതരാണെന്ന് റബ്ബിമാർക്കു തോന്നി. യഹൂദമതം സംബന്ധിച്ചുള്ള അന്തിമ വാക്കായിരിക്കുന്നതിനു പകരം മിഷ്നാ മതചർച്ചയ്ക്കും സംവാദത്തിനുമുള്ള ഒരു പുതിയ അടിസ്ഥാനമായിത്തീർന്നു.
തൽമൂദിന്റെ സൃഷ്ടി
ഈ പുതിയ വെല്ലുവിളി ഏറ്റെടുത്ത റബ്ബിമാർ മിഷ്നായുടെ ആമോറായിം—“വ്യാഖ്യാതാക്കൾ” അഥവാ “വിശദമാക്കുന്നവർ”—എന്നറിയപ്പെട്ടിരുന്നു. ഓരോ വിദ്യാപീഠവും ഒരു പ്രമുഖ റബ്ബിയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. പണ്ഡിതന്മാരുടെയും വിദ്യാർഥികളുടെയും ഒരു കൊച്ചുസംഘം വർഷത്തിലുടനീളം ചർച്ച നടത്തിയിരുന്നു. എന്നാൽ അതിപ്രധാന ചർച്ചകൾ വർഷത്തിൽ രണ്ടു പ്രാവശ്യമാണ് നടത്തിയിരുന്നത്. ആദാർ, ഏലൂൽ എന്നീ മാസങ്ങളിലായിരുന്നു അവ. ആ മാസങ്ങളിൽ കൃഷിപ്പണികൾ കുറവായിരുന്നു, തന്നെയുമല്ല നൂറുകണക്കിനോ ആയിരക്കണക്കിനോ പേർക്ക് ആ ചർച്ചകളിൽ സംബന്ധിക്കാൻ കഴിയുമായിരുന്നുതാനും.
ആഡിൻ സ്റ്റൈൻസോൾട്ട്സ് ഇങ്ങനെ വിശദീകരിക്കുന്നു: “വിദ്യാപീഠത്തിന്റെ തലവൻ കസേരയിലോ പ്രത്യേകമായ വിരിപ്പിലോ ഇരുന്ന് ആധ്യക്ഷ്യം വഹിക്കും. അദ്ദേഹത്തിന് അഭിമുഖമായി മുൻനിരയിൽ പ്രമുഖ പണ്ഡിതന്മാർ ഇരിക്കും. അവർക്കൊപ്പം അദ്ദേഹത്തിന്റെ സഹകാരികളോ സമർഥരായ വിദ്യാർഥികളോ ഉണ്ടായിരിക്കും. അവർക്കു പിന്നിലായി മറ്റു പണ്ഡിതന്മാരും ഇരിക്കും. . . . [പ്രാധാന്യമനുസരിച്ച്] സൂക്ഷ്മമായി നിർവചിച്ചിരിക്കുന്ന മേൽക്കോയ്മയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുപ്പിന്റെ ക്രമം.” മിഷ്നായുടെ ഒരു ഭാഗം ആവർത്തിച്ചാവർത്തിച്ച് ഉരുവിടുമായിരുന്നു. എന്നിട്ട് ഈ ഭാഗം റ്റാനായിം സമാഹരിച്ചതും മിഷ്നായുടെ ഭാഗമല്ലാത്തതുമായ സമാന്തരമോ അനുബന്ധമോ ആയ വിവരങ്ങളുമായി താരതമ്യം ചെയ്യും. അങ്ങനെ വിശകലനപ്രക്രിയ തുടങ്ങുകയായി. ചോദ്യങ്ങൾ ഉന്നയിച്ചും വിരുദ്ധാശയങ്ങൾ അപഗ്രഥിച്ചും ഉപദേശങ്ങൾ തമ്മിലുള്ള ആന്തരിക പൊരുത്തം കണ്ടെത്തുമായിരുന്നു. റബ്ബിമാരുടെ ഉപദേശങ്ങളെ പിന്താങ്ങുന്നതിന് എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള തെളിവുവാക്യങ്ങൾ ആധാരമായി എടുത്തിരുന്നു.
സൂക്ഷ്മ സ്വഭാവമുള്ളതായിരുന്നെങ്കിലും, ഈ ചർച്ചകൾ തീവ്രവും ചിലപ്പോൾ പ്രക്ഷുബ്ധവുമായിരുന്നു. സംവാദത്തിനിടയിൽ റബ്ബിമാരുടെ വായിൽനിന്നു വരുന്ന “തീപ്പൊരി” പ്രയോഗങ്ങളെക്കുറിച്ചു തൽമൂദിൽ ഉദ്ധരിച്ചിരിക്കുന്ന ഒരു പണ്ഡിതൻ പറയുകയുണ്ടായി. (ഹ്യൂലിൻ 137ബി, ബാബിലോണിയൻ തൽമൂദ്) ആ നടപടിക്രമങ്ങളെക്കുറിച്ച് സ്റ്റൈൻസോൾട്ട്സ് ഇങ്ങനെ പറയുന്നു: “വിദ്യാപീഠത്തിന്റെ തലവൻ അല്ലെങ്കിൽ പ്രസംഗകനായ ഗുരു പ്രശ്നങ്ങൾ സംബന്ധിച്ച് സ്വന്തം വ്യാഖ്യാനങ്ങൾ നൽകും. സദസ്സിലിരിക്കുന്ന പണ്ഡിതന്മാർ മറ്റ് ഉറവിടങ്ങളുടെയും ഭാഷ്യകർത്താക്കളുടെയും തങ്ങളുടെതന്നെ യുക്തിപരമായ നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തിനു നേരെ ചോദ്യശരങ്ങളെറിയും. ചിലപ്പോൾ സംവാദം ഹ്രസ്വനേരമേ കാണൂ. ചില പ്രത്യേക ചോദ്യങ്ങൾക്കു കണിശവും വ്യക്തവുമായ പ്രതികരണം നൽകേണ്ടിയിരുന്നു. വേറെ ചില കേസുകളിൽ മറ്റു പണ്ഡിതന്മാർ പകരനിർദേശങ്ങൾ നൽകും. അങ്ങനെ വമ്പിച്ച ഒരു സംവാദം തുടങ്ങുകയായി.” സദസ്സിലിരിക്കുന്ന ആർക്കും യഥേഷ്ടം പങ്കെടുക്കാമായിരുന്നു. ഈ ചർച്ചകളിൽ വ്യക്തമാക്കിയ വിവാദവിഷയങ്ങൾ മറ്റു പണ്ഡിതന്മാരുടെ വിശകലനത്തിനായി മറ്റു വിദ്യാപീഠങ്ങളിലേക്ക് അയയ്ക്കുമായിരുന്നു.
എങ്കിലും, ഈ ചർച്ചകൾ നിയമങ്ങളെക്കുറിച്ചുള്ള അന്തമില്ലാത്ത സംവാദങ്ങളായിരുന്നില്ല. യഹൂദരുടെ മതപരമായ ജീവിതത്തോടു ബന്ധപ്പെട്ട വ്യവസ്ഥകളെയും ചട്ടങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന നിയമപരമായ കാര്യങ്ങൾ ഹാലാക്ക എന്നു വിളിക്കപ്പെടുന്നു. “പോകുക” എന്നർഥമുള്ള എബ്രായ ധാതുവിൽനിന്നു വരുന്ന ഈ പദം ‘ഒരുവൻ അനുസരിച്ചുപോകേണ്ട ജീവിതഗതി’യെ സൂചിപ്പിക്കുന്നു. മറ്റുള്ള എല്ലാക്കാര്യങ്ങളും—റബ്ബിമാരെയും ബൈബിൾ കഥാപാത്രങ്ങളെയും കുറിച്ചുള്ള കഥകളും ജ്ഞാനമൊഴികളും വിശ്വാസത്തെയും തത്ത്വചിന്തയെയും കുറിച്ചുള്ള ആശയങ്ങളും—ഹഗാദ എന്നാണു വിളിക്കപ്പെടുന്നത്. “പറയുക” എന്നർഥമുള്ള എബ്രായ ധാതുവിൽനിന്നു വരുന്നതാണ് ആ പദം. റബ്ബിമാരുടെ സംവാദങ്ങളിൽ ഹാലാക്കയും ഹഗാദയും ഇഴകോർത്തുകിടന്നിരുന്നു.
തൽമൂദിന്റെ ലോകം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ മോറിസ് ആഡ്ലർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ജ്ഞാനിയായ ഒരു അധ്യാപകൻ ഇടയ്ക്കു കയറി ദീർഘവും ദുഷ്കരവുമായ ഒരു നിയമ ചർച്ചയെ അത്ര ദുഷ്കരമല്ലാത്തതും കൂടുതൽ പ്രോത്സാഹജനകവുമായ ഒരു വിഷയത്തിലേക്കു തിരിച്ചുവിടുമായിരുന്നു. . . . അങ്ങനെ, കെട്ടുകഥയും ചരിത്രവും, സമകാലികശാസ്ത്രവും നാടോടിക്കഥകളും, ബൈബിൾസംബന്ധമായ വിശദീകരണങ്ങളും ജീവിതകഥകളും, മതപ്രസംഗവും ദൈവശാസ്ത്രവും തുന്നിച്ചേർത്തിരിക്കുന്നതായി നാം കണ്ടെത്തുന്നു. വിദ്യാപീഠത്തിലെ രീതികൾ സംബന്ധിച്ച് പരിചയമില്ലാത്ത ഒരാൾക്ക് അത് അസംഘടിതമായ വിവരങ്ങളുടെ ഒരു വിചിത്ര സഞ്ചയമായേ തോന്നൂ.” വിദ്യാപീഠത്തിലെ പണ്ഡിതന്മാരെ സംബന്ധിച്ചാണെങ്കിൽ, അത്തരം വിഷയവ്യതിയാനങ്ങളെല്ലാം ഉദ്ദേശ്യത്തോടെ ഉള്ളതായിരുന്നുവെന്ന് മാത്രമല്ല ചർച്ചാവിഷയത്തോടു ബന്ധപ്പെട്ടതുമായിരുന്നു. റബ്ബിമാരുടെ വിദ്യാപീഠങ്ങളിൽ നിർമാണത്തിലിരുന്ന ഒരു പുത്തൻ ഘടനയുടെ നിർമാണക്കല്ലുകളായിരുന്നു ഹാലാക്കയും ഹഗാദയും.
രണ്ടു തൽമൂദുകളുടെ സൃഷ്ടി
പിന്നീട്, റബ്ബിമാരുടെ പാലസ്തീനിലെ പ്രമുഖ കേന്ദ്രം തിബെര്യാസിലേക്കു മാറ്റി. സെഫോരിസ്, കൈസര്യ, ലിഡ്ഡ എന്നിവിടങ്ങളിൽ മറ്റ് പ്രമുഖ വിദ്യാപീഠങ്ങൾ സ്ഥാപിക്കപ്പെട്ടു. സാമ്പത്തികാവസ്ഥയ്ക്കു നേരിട്ട തകർച്ച, നിരന്തരമായ രാഷ്ട്രീയ അസ്ഥിരത, ഒടുവിൽ വിശ്വാസത്യാഗികളായ ക്രിസ്ത്യാനികളിൽനിന്നുണ്ടായ സമ്മർദവും പീഡനവും യഹൂദന്മാർ ധാരാളമുണ്ടായിരുന്ന കിഴക്കുള്ള മറ്റൊരു കേന്ദ്രത്തിലേക്ക്—ബാബിലോണിയയിലേക്ക്—കുടിയേറാൻ വഴിതെളിച്ചു.
പാലസ്തീൻ വിദ്യാപീഠങ്ങളിലെ പ്രമുഖ റബ്ബിമാരുടെ കീഴിൽ പഠിക്കുന്നതിനായി ബാബിലോണിയയിൽനിന്നുള്ള വിദ്യാർഥികൾ നൂറ്റാണ്ടുകളായി പാലസ്തീനിലേക്കു വന്നിരുന്നു. അവരിൽപ്പെട്ട ഒരുവനായിരുന്നു ആബ ബെൻ ഇബോ. അദ്ദേഹം ആബ ആരിക്കാ—പൊക്കമുള്ള ആബ എന്നർഥം—എന്നും വിളിക്കപ്പെടുന്നു. പിന്നീട് വെറും റാബ് എന്നു വിളിക്കപ്പെടാനിടയായി. അദ്ദേഹം ജൂഡാ ഹനസിയുടെ കീഴിൽ പഠിച്ചതിനുശേഷം പൊ.യു. 219-ൽ ബാബിലോണിയയിലേക്കു മടങ്ങിപ്പോയി. ബാബിലോണിയയിലെ യഹൂദസമൂഹത്തെ സംബന്ധിച്ചിടത്തോളം ആത്മീയ പ്രാധാന്യം സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു അത്. പണ്ഡിതന്മാർ കുറവാണെങ്കിലും അനേകം യഹൂദന്മാരുള്ള ഒരു പ്രദേശമായ സൂറയിൽ അദ്ദേഹം ഒരു വിദ്യാപീഠം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഖ്യാതി നിമിത്തം 1,200 വിദ്യാർഥികൾ അവിടെ പതിവായി വന്നിരുന്നു. ആദാർ, ഏലൂൽ എന്നീ യഹൂദമാസങ്ങളിൽ വേറെയും ആയിരങ്ങൾ അവിടെ വരുമായിരുന്നു. റാബിന്റെ പ്രമുഖ സമകാലികനായ സാമുവൽ, നെഹാർഡിയയിൽ ഒരു വിദ്യാപീഠം സ്ഥാപിച്ചു. പൂംബെഡിഥായിലും മെഹോസായിലും മറ്റു പ്രധാനപ്പെട്ട വിദ്യാപീഠങ്ങൾ രൂപംകൊണ്ടു.
ഇപ്പോൾ പാലസ്തീനിലേക്കു പോകേണ്ട ആവശ്യമില്ലാതായി. കാരണം, ഒരുവനു ബാബിലോണിലെ മഹാപണ്ഡിതന്മാരുടെ കീഴിൽ പഠിക്കാൻ കഴിയുമായിരുന്നു. ഒരു വ്യത്യസ്ത പാഠമായുള്ള മിഷ്നായുടെ രൂപവത്കരണം ബാബിലോന്യ വിദ്യാപീഠങ്ങളിൽനിന്നുള്ള സമ്പൂർണ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കി. പാലസ്തീനിലും ബാബിലോണിയയിലും അവലംബിച്ചുപോന്നത് വ്യത്യസ്ത പഠനരീതികളും സമ്പ്രദായങ്ങളുമായിരുന്നെങ്കിലും, തുടർച്ചയായുള്ള ആശയവിനിമയവും അധ്യാപകർ ഈ രണ്ടു വിദ്യാപീഠങ്ങളിലും മാറിമാറി പഠിപ്പിച്ചതും അവയുടെ ഐക്യം കാത്തുസൂക്ഷിച്ചു.
പൊ.യു. നാലാം നൂറ്റാണ്ടിന്റെ അവസാനത്തിലും അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പാലസ്തീനിലുള്ള യഹൂദന്മാരെ സംബന്ധിച്ചിടത്തോളം അവസ്ഥ വളരെ ദുഷ്കരമായിരുന്നു. ഉദിച്ചുയർന്ന വിശ്വാസത്യാഗിയായ ക്രൈസ്തവലോകത്തിന്റെ കീഴിലെ വിലക്കുകളും പീഡനവും നിമിത്തം പൊ.യു. 425-നോടടുത്ത് സെൻഹെദ്രിമും നസിയുടെ (ഗോത്രപിതാവിന്റെ) സ്ഥാനവും നീക്കം ചെയ്യപ്പെടുന്നതിലേക്കു നയിച്ചു. അതുകൊണ്ട് പാലസ്തീനിയൻ ആമോറായിം പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഈ വിദ്യാപീഠങ്ങളിലെ സംവാദങ്ങളുടെ സംഗ്രഹം ഒറ്റ കൃതിയിലാക്കി ഏകീകരിക്കാൻ തുടങ്ങി. പൊ.യു. നാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ധൃതിപിടിച്ച് സമാഹരിച്ച ഈ കൃതി പാലസ്തീനിയൻ തൽമൂദ്b എന്നറിയപ്പെട്ടു.
പാലസ്തീനിലെ വിദ്യാപീഠങ്ങൾക്ക് അപക്ഷയം സംഭവിച്ചുകൊണ്ടിരുന്നപ്പോൾ ബാബിലോണിയയിലെ ആമോറായിം അവരുടെ കഴിവുകളുടെ പാരമ്യത്തിൽ എത്തുകയായിരുന്നു. ആബയെയും റാബായും സംവാദതലത്തെ സങ്കീർണവും നിഗൂഢവുമായ തർക്കത്തിലെത്തിച്ചു. പിന്നീട് തൽമൂദിന്റെ വിശകലനത്തിന് ആ രീതി ഒരു മാതൃകയായിത്തീർന്നു. അതിനുശേഷം, സൂറയിലെ വിദ്യാപീഠത്തിന്റെ തലവനായ ആഷി (പൊ.യു. 371-427) സംവാദങ്ങളുടെ രേഖകൾ സമാഹരിച്ച് എഡിറ്റ് ചെയ്യാൻ തുടങ്ങി. “അസംഘടിതമായി കിടന്നിരുന്ന അലിഖിത വിവരസഞ്ചയം വിസ്മരിക്കപ്പെട്ടു പോകുന്നതിന്റെ അപകടത്തെ ഭയന്നാണ്” അദ്ദേഹം അങ്ങനെ ചെയ്തതെന്ന് സ്റ്റൈൻസോൾട്ട്സ് പറയുന്നു.
വിവരങ്ങളുടെ ഈ മഹാസഞ്ചയം ഒരു മനുഷ്യനോ ഒരു തലമുറയ്ക്കോ ഏകീകരിക്കാൻ കഴിയുന്നതിലും അധികമായിരുന്നു. പൊ.യു. അഞ്ചാം നൂറ്റാണ്ടിൽ ആമോറായിം കാലഘട്ടം ബാബിലോണിയയിൽ അസ്തമിച്ചു. എങ്കിലും, ബാബിലോണിയൻ തൽമൂദിന്റെ അവസാന പണി, സാബോറായിം—ഈ അരാമ്യ പദത്തിന്റെ അർഥം “വിശദമാക്കുന്നവർ” അഥവാ “അഭിപ്രായമുള്ളവർ” എന്നാണ്—എന്നു വിളിക്കപ്പെട്ട ഒരു കൂട്ടമാളുകൾ പൊ.യു. ആറാം നൂറ്റാണ്ടുവരെ ചെയ്തുപോന്നു. അവസാനമായി പരിഷ്കരിച്ചവർ പരസ്പരബന്ധമില്ലാത്ത ഭാഗങ്ങളെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന റബ്ബിമാരുടെ സംവാദത്തോടു കൂട്ടിച്ചേർത്തു. അങ്ങനെ, മറ്റെല്ലാ യഹൂദ ലിഖിതങ്ങളിൽനിന്നും ബാബിലോണിയൻ തൽമൂദിനെ വിശേഷതരമാക്കി നിർത്തുന്ന ശൈലിയും ഘടനയും അതിനു നൽകി.
തൽമൂദ് എന്താണു നേടിയത്?
എബ്രായ തിരുവെഴുത്തുകൾ വന്ന അതേ ഉറവിൽനിന്നുതന്നെയാണു മിഷ്നായും വന്നിരിക്കുന്നതെന്നു തെളിയിക്കുന്നതിന് തൽമൂദിന്റെ റബ്ബിമാർ കച്ചകെട്ടിയിറങ്ങി. എന്തിന്? ജേക്കബ് നൊയിസ്നർ ഇപ്രകാരം പറയുന്നു: “പ്രഖ്യാപിത വിവാദവിഷയം മിഷ്നായ്ക്കുള്ള സ്ഥാനമായിരുന്നു. എന്നാൽ കാതലായ സംഗതി ഗുരുവിന്റെതന്നെ അധികാരമായിരുന്നു.” ഈ അധികാരം അരക്കിട്ടുറപ്പിക്കുന്നതിനായി മിഷ്നായുടെ ഓരോ വരിയും, ചിലപ്പോൾ ഓരോ വാക്കുപോലും, പരിശോധിക്കുകയും വെല്ലുവിളിക്കുകയും വിശദീകരിക്കുകയും ഒരേ രീതിയിൽ അനുരൂപമാക്കുകയും ചെയ്തു. ഈ വിധത്തിൽ റബ്ബിമാർ “മിഷ്നായുടെ കേന്ദ്രാശയത്തെ ഒന്നിൽനിന്ന് മറ്റൊന്നിലേക്കു തിരിച്ചുവിട്ടു” എന്ന് നൊയിസ്നർ അഭിപ്രായപ്പെടുന്നു. പൂർണമായ കൃതിയെന്ന നിലയിൽ ഉളവാക്കപ്പെട്ടതാണെങ്കിലും, മിഷ്നായെ കീറിമുറിക്കുകയുണ്ടായി. ഈ പ്രക്രിയയിൽ അതു പുനഃസൃഷ്ടിക്കപ്പെടുകയും പുനർനിർവചിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ഈ പുതിയ കൃതി—തൽമൂദ്—റബ്ബിമാരുടെ ഉദ്ദേശ്യത്തിനുതകി. അത് അപഗ്രഥനത്തിനുള്ള നിയമങ്ങൾ വെച്ചു. റബ്ബിമാരെപ്പോലെ ചിന്തിക്കാൻ അത് ജനങ്ങളെ പഠിപ്പിച്ചു. തങ്ങളുടെ പഠനരീതിയും അപഗ്രഥനവും ദൈവത്തിന്റെ മനസ്സിനെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് റബ്ബിമാർ വിശ്വസിച്ചിരുന്നു. തൽമൂദിന്റെ പഠനംതന്നെ ശ്രദ്ധാകേന്ദ്രമായി, അത് ഒരുതരം ആരാധനയായി. ദൈവത്തിന്റെ അനുരൂപത്തിലുള്ളതെന്ന് കരുതപ്പെടുന്ന മനസ്സിനെ ഉപയോഗിക്കുന്ന രീതിയാണ് അത്. വരും തലമുറകളും ഇതേ രീതിയിൽ തൽമൂദിനെ അപഗ്രഥിക്കുമായിരുന്നു. ഫലമോ? ചരിത്രകാരനായ സെസിൽ റോത്ത് എഴുതുന്നു: “തൽമൂദ് . . . തങ്ങളെ മറ്റുള്ളവരിൽനിന്നു വേർതിരിച്ചുനിർത്തുന്ന സവിശേഷമായ പ്രത്യേകതകൾ [യഹൂദന്മാർക്ക്] നൽകി. മാറ്റം വരുത്താനും ഏകീകൃതമായി നിലകൊള്ളാനുമുള്ള ശ്രദ്ധേയമായ ശക്തിയും അതു പകർന്നു. അതിലെ ചിന്തകൾ അവരുടെ ബുദ്ധിയെ കൂർമമാക്കി, മാനസികമായ . . . സൂക്ഷ്മത അവർക്കു പകർന്നു. . . . മധ്യയുഗങ്ങളിൽ പീഡിപ്പിക്കപ്പെട്ട ഒരു യഹൂദന് തൽമൂദ് രക്ഷപ്പെടുന്നതിനുള്ള ഒരു ലോകമായിരുന്നു . . . തന്റെ ദേശം നഷ്ടപ്പെട്ടിരിക്കുമ്പോൾ, തന്നോടൊപ്പം കൊണ്ടുപോകാൻ അത് അവന് ഒരു പിതൃദേശമായി ഉതകി.”
റബ്ബിമാരുടെ ചിന്ത മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ തീർച്ചയായും തൽമൂദ് പ്രഭാവമുള്ളതായിരുന്നു. എന്നാൽ യഹൂദരും യഹൂദരല്ലാത്തവരും പരിചിന്തിക്കേണ്ട ചോദ്യമിതാണ്, തൽമൂദ് സത്യമായും ദൈവത്തിന്റെ മനസ്സിനെയാണോ പ്രതിഫലിപ്പിക്കുന്നത്?—1 കൊരിന്ത്യർ 2:11-16.
[അടിക്കുറിപ്പുകൾ]
a മിഷ്നായുടെ വികാസത്തെയും അതിലടങ്ങിയിരിക്കുന്ന കാര്യങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1997 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിൽ വന്ന “മിഷ്നായും ദൈവം മോശയ്ക്കു നൽകിയ ന്യായപ്രമാണവും” എന്ന ലേഖനം കാണുക.
b പാലസ്തീനിയൻ തൽമൂദ് പരക്കെ അറിയപ്പെടുന്നത് യെരൂശലേം തൽമൂദ് എന്നാണ്. എങ്കിലും ആ പേര് തെറ്റാണ്. കാരണം, ആമോറായിമുകളുടെ കാലഘട്ടത്തിന്റെ ഏറിയ സമയത്തും യെരൂശലേമിൽ യഹൂദന്മാർക്കു പ്രവേശനമില്ലായിരുന്നു.
[31-ാം പേജിലെ ചതുരം]
രണ്ട് തൽമൂദുകൾ—അവയുടെ ആശയപ്പൊരുത്തം എങ്ങനെ?
“തൽമൂദ്” എന്ന എബ്രായ പദത്തിന്റെ അർഥം “അധ്യയനം” അഥവാ “പഠനം” എന്നാണ്. മിഷ്നാ പഠിക്കാനും അപഗ്രഥിക്കാനും പാലസ്തീനിലെയും ബാബിലോണിയയിലെയും ആമോറായിം ഇറങ്ങിത്തിരിച്ചു. രണ്ടു തൽമൂദുകളും (പാലസ്തീനിയൻ തൽമൂദും ബാബിലോണിയൻ തൽമൂദും) ഇതിൽ പെടുന്നുണ്ട്, എന്നാൽ അവ എങ്ങനെ പൊരുത്തപ്പെടുന്നു? ജേക്കബ് നൊയിസ്നർ ഇപ്രകാരം എഴുതുന്നു: “ആദ്യത്തെ തൽമൂദ് തെളിവുകളെ അപഗ്രഥിക്കുന്നു, രണ്ടാമത്തേത് നിഗമനങ്ങളെക്കുറിച്ചു ഗവേഷണം ചെയ്യുന്നു. ആദ്യത്തേത് അതിന്റെ വിഷയത്തിന്റെ പരിധികൾക്കുള്ളിൽ പൂർണമായി നിലകൊള്ളുന്നു, രണ്ടാമത്തേത് അവയെയെല്ലാം വളരെയധികം കവിഞ്ഞുപോകുന്നു.”
ബാബിലോണിയൻ തൽമൂദിനു കൂടുതൽ വ്യാപകവും സമഗ്രവുമായ പരിഷ്കരണം നടത്തിയപ്പോൾ അതിന്റെ വലുപ്പം കൂടിയെന്നു മാത്രമല്ല, അതിലെ ചിന്തയും അപഗ്രഥനവും കൂടുതൽ സൂക്ഷ്മതയുള്ളതായിത്തീരുകയും ചെയ്തു. “തൽമൂദ്” എന്നു പരാമർശിക്കുമ്പോൾ സാധാരണ ബാബിലോണിയൻ തൽമൂദിനെയാണ് ഉദ്ദേശിക്കുന്നത്. നൂറ്റാണ്ടുകളായി ഏറ്റവും കൂടുതൽ പഠനവിധേയമായിട്ടുള്ളതും ഭാഷ്യമെഴുതപ്പെട്ടിട്ടുള്ളതും ഈ തൽമൂദാണ്. നൊയിസ്നറുടെ അഭിപ്രായത്തിൽ പാലസ്തീനിയൻ “തൽമൂദ് മികവുറ്റ ഒരു കൃതിയാണ്.” ബാബിലോണിയൻ തൽമൂദാകട്ടെ “പ്രതിഭാസമ്പന്നമായ ഒരു കൃതിയും.”