നിങ്ങൾ യഹോവയുടെ സ്ഥാപനത്തെ വിലമതിക്കുന്നുവോ?
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു.”—യെശയ്യാവു 66:1.
1, 2. (എ) യഹോവയുടെ സ്ഥാപനത്തിന്റെ ഏതൊക്കെ ദൃശ്യ തെളിവുകൾ ചൂണ്ടിക്കാണിക്കാൻ നിങ്ങൾക്കു കഴിയും? (ബി) യഹോവ വസിക്കുന്നത് എവിടെയാണ്?
യഹോവയ്ക്ക് ഒരു സ്ഥാപനം ഉണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? എങ്കിൽ, എന്തുകൊണ്ടാണ് അങ്ങനെ വിശ്വസിക്കുന്നത്? നിങ്ങൾ ഇങ്ങനെ ഉത്തരം പറഞ്ഞേക്കാം: ‘ഞങ്ങൾക്ക് ഒരു രാജ്യഹാളുണ്ട്. മൂപ്പന്മാരുടെ ഒരു സംഘത്തോടു കൂടിയ സുസംഘടിതമായ ഒരു സഭയുണ്ട്. ഞങ്ങളെ പതിവായി സന്ദർശിക്കുന്ന ഒരു നിയുക്ത സർക്കിട്ട് മേൽവിചാരകനുണ്ട്. സംഘടിത സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ഞങ്ങൾ സംബന്ധിക്കുന്നു. ഞങ്ങളുടെ രാജ്യത്ത് വാച്ച് ടവർ സൊസൈറ്റിയുടെ ഒരു ബ്രാഞ്ച് ഓഫീസുണ്ട്. തീർച്ചയായും, ഇതും മറ്റു പല കാര്യങ്ങളും യഹോവയ്ക്കു പ്രവർത്തനനിരതമായ ഒരു സ്ഥാപനമുണ്ടെന്നതിന്റെ തെളിവാണ്.’
2 അത്തരം സംഗതികൾ ഒരു സ്ഥാപനം ഉണ്ട് എന്നതിനു തെളിവു നൽകുന്നവയാണ്. എന്നാൽ ഭൂമിയിലുള്ള കാര്യങ്ങൾ മാത്രമേ നാം കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുള്ളുവെങ്കിൽ, യഹോവയുടെ സ്ഥാപനത്തെക്കുറിച്ച് സമഗ്രമായ ഗ്രാഹ്യം നമുക്കു ഉണ്ടായിരിക്കുകയില്ല. ഭൂമി തന്റെ പാദപീഠം മാത്രമാണെന്ന് യഹോവ യെശയ്യാവിനോടു പറഞ്ഞു. എന്നാൽ അവന്റെ സിംഹാസനം സ്വർഗമാണ്. (യെശയ്യാവു 66:1) ഏത് ‘സ്വർഗ’ത്തെയാണ് യഹോവ പരാമർശിച്ചത്? നമ്മുടെ അന്തരീക്ഷത്തെയാണോ? ശൂന്യാകാശത്തെയാണോ? മറ്റേതെങ്കിലും ജീവമണ്ഡലത്തെയാണോ? “വിശുദ്ധിയും മഹത്വവുമുള്ള” യഹോവയുടെ “വാസസ്ഥല”ത്തെക്കുറിച്ച് യെശയ്യാവ് സംസാരിക്കുന്നു. സങ്കീർത്തനക്കാരൻ ആ സ്വർഗത്തെ “അവൻ വസിക്കുന്ന സ്ഥാപിത സ്ഥല”മെന്നു വർണിക്കുന്നു. അതിനാൽ, യെശയ്യാവു 66:1-ലെ “സ്വർഗ്ഗം” പരാമർശിക്കുന്നത് യഹോവയ്ക്കു പരമാധികാരമുള്ള അല്ലെങ്കിൽ ആത്യന്തികമായ സ്ഥാനമുള്ള അദൃശ്യ ആത്മമണ്ഡലത്തെയാണ്.—യെശയ്യാവു 63:15; സങ്കീർത്തനം 33:13, 14, NW.
3. നമുക്കു സംശയങ്ങളെ എങ്ങനെ മറികടക്കാൻ കഴിയും?
3 അതുകൊണ്ട്, നാം വാസ്തവത്തിൽ യഹോവയുടെ സ്ഥാപനത്തെ മനസ്സിലാക്കാനും വിലമതിക്കാനും ആഗ്രഹിക്കുന്നെങ്കിൽ, സ്വർഗത്തിലേക്കു നോക്കേണ്ടതുണ്ട്. അക്കാര്യത്തിൽ ചിലരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമുണ്ട്. യഹോവയുടെ സ്വർഗീയ സ്ഥാപനം അദൃശ്യമായിരിക്കുന്നതിനാൽ വാസ്തവത്തിൽ അതു സ്ഥിതി ചെയ്യുന്നുവെന്ന് എങ്ങനെ അറിയാൻ കഴിയും? ചിലരാകട്ടെ ‘എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?’ എന്നു ചിന്തിച്ചുകൊണ്ട് സന്ദേഹത്തിന്റെ നീർച്ചുഴിയിൽ അകപ്പെടുക പോലും ചെയ്യുന്നു. വിശ്വാസത്തിന് എങ്ങനെ സംശയത്തെ മറികടക്കാൻ കഴിയും? ദൈവവചനം ഉത്സാഹപൂർവം വ്യക്തിപരമായി പഠിക്കുന്നതും ക്രിസ്തീയ യോഗങ്ങളിൽ പതിവായി ഹാജരാകുന്നതും പങ്കെടുക്കുന്നതും ഇക്കാര്യത്തിലെ രണ്ടു മുഖ്യ സംഗതികളാണ്. അപ്പോൾ നമുക്കു സത്യത്തിന്റെ വെളിച്ചത്തിൽ സംശയം ദൂരീകരിക്കാൻ സാധിക്കും. സംശയങ്ങൾ ഉണ്ടായിരുന്ന മറ്റു ദൈവദാസന്മാരും ഉണ്ടായിരുന്നിട്ടുണ്ട്. എലീശായുടെ ദാസന്റെ കാര്യമെടുക്കാം. സിറിയയുടെ രാജാവ് ഇസ്രായേലിനെ ആക്രമിച്ചതാണ് സന്ദർഭം.—യോഹന്നാൻ 20:24-29; യാക്കോബ് 1:5-8 ഇവ താരതമ്യം ചെയ്യുക.
സ്വർഗീയ സൈന്യങ്ങളെ കണ്ട ഒരുവൻ
4, 5. (എ) എലീശായുടെ ദാസന്റെ പ്രശ്നം എന്തായിരുന്നു? (ബി) എലീശായുടെ പ്രാർഥനയോട് യഹോവ എങ്ങനെ പ്രതികരിച്ചു?
4 എലീശായെ പിടിക്കാനായി ഒരു കനത്ത സൈന്യത്തെതന്നെ സിറിയയുടെ രാജാവ് ദോഥാനിലേക്ക് അയച്ചു. എലീശായുടെ ദാസൻ രാവിലെ ഉണർന്ന് പുറത്തിറങ്ങി നോക്കിയപ്പോൾ—ഒരുപക്ഷേ, മധ്യപൂർവദേശ രീതിയിൽ നിർമിച്ച അവരുടെ വീടിന്റെ പരന്ന മേൽത്തട്ടിൽ ശുദ്ധവായു ശ്വസിക്കാൻ കയറിയതാകാം അവൻ—ഞെട്ടിപ്പോയി! കുതിരകളും യുദ്ധരഥങ്ങളും അടങ്ങിയ ഒരു മുഴു സിറിയൻ സൈന്യംതന്നെ ദൈവത്തിന്റെ പ്രവാചകനെ പിടിക്കാനായി കാത്തുനിൽക്കുന്നു. ആ ദാസൻ എലീശായോട് ഇങ്ങനെ നിലവിളിച്ചു പറഞ്ഞു: “അയ്യോ യജമാനനേ, നാം എന്തു ചെയ്യും”? ‘നമ്മോടു കൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികമാകുന്നു’ എന്ന് വ്യക്തമായും ശാന്തസ്വരത്തിൽ, ബോധ്യത്തോടെ എലീശാ പ്രതികരിച്ചു. ‘അവർ എവിടെ? എനിക്കു കാണാൻ കഴിയുന്നില്ലല്ലോ!’ എന്ന് ആ ദാസൻ അതിശയിച്ചിട്ടുണ്ടാകാം. ചിലപ്പോൾ അതായിരിക്കാം നമ്മുടെ പ്രശ്നവും—സ്വർഗീയ സൈന്യങ്ങളെ ഗ്രാഹ്യക്കണ്ണുകൾകൊണ്ട് കാണാൻ, ദർശിക്കാൻ നാം പരാജയപ്പെടുന്നുണ്ടാകാം.—2 രാജാക്കന്മാർ 6:8-16; എഫെസ്യർ 1:18.
5 തന്റെ ദാസന്റെ കണ്ണു തുറപ്പിക്കാൻ എലീശാ പ്രാർഥിച്ചു. പിന്നെ എന്താണു സംഭവിച്ചത്? “യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശായുടെ ചുററും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.” (2 രാജാക്കന്മാർ 6:17) അതേ, ദൈവത്തിന്റെ പ്രവാചകനെ രക്ഷിക്കാനായി നിൽക്കുന്ന സ്വർഗീയ സംഘങ്ങളെ, ദൂതസൈന്യങ്ങളെ അവൻ കണ്ടു. ഇപ്പോൾ അവന് എലീശായുടെ ബോധ്യം മനസ്സിലാക്കാൻ കഴിഞ്ഞു.
6. യഹോവയുടെ സ്വർഗീയ സ്ഥാപനത്തെക്കുറിച്ച് നമുക്ക് എങ്ങനെ ഉൾക്കാഴ്ച നേടാൻ കഴിയും?
6 എലീശായുടെ ദാസന്റേതിനു സമാനമായ ഒരു ഗ്രാഹ്യ പ്രശ്നം നമുക്കു ചിലപ്പോൾ ഉണ്ടാകാറുണ്ടോ? ചില ദേശങ്ങളിൽ നമുക്കോ ക്രിസ്തീയ വേലയ്ക്കോ ഭീഷണിയായി നിലകൊള്ളുന്ന സാഹചര്യങ്ങളുടെ ഭൗതിക വശം മാത്രമേ നാം കാണുന്നുള്ളോ? എങ്കിൽ നമുക്കു വെളിച്ചം പകർന്നേക്കാവുന്ന ഒരു പ്രത്യേക ദർശനം നാം പ്രതീക്ഷിക്കേണ്ടതുണ്ടോ? ഇല്ല. കാരണം, എലീശായുടെ ദാസനില്ലാതിരുന്ന ചില സംഗതികൾ നമുക്കുണ്ട്—അനേക ദർശനങ്ങൾ അടങ്ങിയിരിക്കുന്ന ബൈബിൾ. അതിനു സ്വർഗീയ സ്ഥാപനത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നമുക്കു പ്രദാനം ചെയ്യാൻ കഴിയും. നമ്മുടെ ചിന്തയും ജീവിതരീതിയും നേരെയാക്കുന്നതിനുള്ള മാർഗനിർദേശക തത്ത്വങ്ങൾ അതു നൽകുന്നു. എന്നിരുന്നാലും, നാം വിവേകത്തിനായി അന്വേഷിക്കാനും യഹോവയുടെ ക്രമീകരണത്തോടു വിലമതിപ്പ് നട്ടുവളർത്താനും ശ്രമിക്കേണ്ടതുണ്ട്. വ്യക്തിപരമായ പഠനം, പ്രാർഥന, ധ്യാനം എന്നീ കാര്യങ്ങളാൽ നമുക്ക് അതു ചെയ്യാനാകും.—റോമർ 12:12, 13; ഫിലിപ്പിയർ 4:6; 2 തിമൊഥെയൊസ് 3:14-17.
ഗ്രഹിക്കുന്നതിനായി പഠിക്കൽ
7. (എ) വ്യക്തിപരമായ ബൈബിൾ പഠനത്തിന്റെ കാര്യത്തിൽ ചിലർക്ക് എന്തു പ്രശ്നം ഉണ്ടായിരിക്കാം? (ബി) വ്യക്തിപരമായ പഠനം ശ്രമത്തിനു തക്ക മൂല്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
7 ഒരിക്കലും സ്കൂളിൽ പോയിട്ടില്ലാത്തവരെയോ പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തവരെയോ പോലുള്ള അനേകരെ സംബന്ധിച്ചിടത്തോളവും വ്യക്തിപരമായ പഠനം ആസ്വാദ്യമായ ഒരു സംഗതിയല്ല. എങ്കിലും, ഗ്രാഹ്യക്കണ്ണുകൾകൊണ്ടു നാം യഹോവയുടെ സ്ഥാപനത്തെ കാണാനും വിലമതിക്കാനും ആഗ്രഹിക്കുന്നു എങ്കിൽ, പഠിക്കാനുള്ള ആഗ്രഹം നാം നട്ടുവളർത്തണം. പാകം ചെയ്യാതെ ഒരു സ്വാദിഷ്ട ഭോജനം നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയുമോ? രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിൽ ധാരാളം ജോലികൾ ഉൾപ്പെട്ടിരിക്കുന്നതായി ഒരു പാചകക്കാരൻ നിങ്ങളോടു പറയും. എന്നാൽ, അതു തിന്നുതീർക്കാൻ അര മണിക്കൂറോ അതിൽ താഴെയോ സമയം മതി. നേരേമറിച്ച്, വ്യക്തിപരമായ പഠനത്തിന്റെ പ്രയോജനങ്ങൾ ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കുന്നവയാണ്. വരുത്താൻ കഴിയുന്ന പുരോഗതി ദർശിക്കുമ്പോൾ, വ്യക്തിപരമായ പഠനത്തെ ക്രമേണ ആസ്വാദ്യമായ ഒരു അനുഭവം ആക്കിത്തീർക്കാൻ നമുക്കു കഴിയും. നാം, നമുക്കും നമ്മുടെ പഠിപ്പിക്കലിനും നിരന്തര ശ്രദ്ധ കൊടുക്കണമെന്നും പരസ്യ വായനയ്ക്കു നമ്മെത്തന്നെ അർപ്പിക്കണമെന്നും അപ്പോസ്തലനായ പൗലൊസ് സമുചിതമായി പറഞ്ഞു. നിരന്തര ശ്രമം അനിവാര്യമാണ്. എന്നാൽ പ്രയോജനങ്ങൾ നിത്യമായിരിക്കാം.—1 തിമൊഥെയൊസ് 4:13-16.
8. എങ്ങനെയുള്ള മനോഭാവമാണ് സദൃശവാക്യങ്ങൾ ശുപാർശ ചെയ്യുന്നത്?
8 പുരാതന കാലത്തെ ജ്ഞാനിയായ ഒരു മനുഷ്യൻ പറഞ്ഞു: “മകനേ [അല്ലെങ്കിൽ, മകളേ], ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 2:1-5.
9. (എ) “ദൈവപരിജ്ഞാന”ത്തോടുള്ള താരതമ്യത്തിൽ സ്വർണത്തിന്റെ മൂല്യം എത്രയുണ്ട്? (ബി) സൂക്ഷ്മപരിജ്ഞാനം നേടുന്നതിന് ഏത് ഉപകരണങ്ങൾ നമുക്ക് ആവശ്യമാണ്?
9 ഉത്തരവാദിത്വം എവിടെയാണു കിടക്കുന്നതെന്നു നിങ്ങൾക്ക് അറിയാമോ? ‘നീ, എങ്കിൽ’ എന്ന പദപ്രയോഗം അതിൽ ആവർത്തിച്ചു വരുന്നുണ്ട്. ‘അതിനെ നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ’ എന്ന പ്രയോഗം ശ്രദ്ധിക്കുക. ദക്ഷിണാഫ്രിക്കയിലും ബൊളീവിയയിലും മെക്സിക്കോയിലും മറ്റു രാജ്യങ്ങളിലുമൊക്കെ നൂറ്റാണ്ടുകളായി വെള്ളിക്കും സ്വർണത്തിനും വേണ്ടി ഖനനം നടത്തിയിട്ടുള്ള ഖനിവേലക്കാരെക്കുറിച്ചു ചിന്തിച്ചുനോക്കുക. വിലയേറിയ ആ ലോഹങ്ങൾ കിട്ടാൻ വേണ്ടി പിക്കാസും കോരികയും ഉപയോഗിച്ച് പാറ കുഴിച്ചുകൊണ്ട് അവർ കഠിനമായി അധ്വാനിച്ചു. അവർ സ്വർണത്തിനു വളരെയധികം മൂല്യം കൽപ്പിച്ചിരുന്നു. അതുകൊണ്ട് അവർ യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള ഒരു ഖനിയിൽ 591 കിലോമീറ്റർ ദൂരത്തിൽ തുരങ്കങ്ങൾ കുഴിച്ചു, അവർ കുത്തനെ 1.5 കിലോമീറ്റർ താഴേക്കു പോലും കുഴിച്ചുചെന്നു—സ്വർണം കണ്ടെത്തുന്നതിനു വേണ്ടി മാത്രം. എന്നാൽ, നിങ്ങൾക്കു സ്വർണം ഭക്ഷിക്കാനാകുമോ? സ്വർണം കുടിക്കാനാകുമോ? മരുഭൂമിയിൽ വിശപ്പും ദാഹവും മൂലം മരിക്കുകയാണെങ്കിൽ അതിനു നിങ്ങളെ സംരക്ഷിക്കാനാകുമോ? ഇല്ല, അതിന്റെ മൂല്യം കൽപ്പിതവും ഐച്ഛികവുമാണ്. വ്യക്തികൾക്ക് അനുസരിച്ച് അതിനു മാറ്റം വരുന്നു. പ്രതിദിനം അന്തർദേശീയ കമ്പോളത്തിൽ അതിന്റെ മൂല്യത്തിനു വ്യതിചലനം സംഭവിക്കുന്നു. എങ്കിലും, മനുഷ്യർ അതിനു വേണ്ടി മരിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് ആത്മീയ സ്വർണമായ “ദൈവപരിജ്ഞാനം” നേടുന്നത് എത്രയധികം ശ്രമത്തിനുതക്ക മൂല്യമുള്ള ഒരു സംഗതിയാണ്? ഒന്നു ചിന്തിച്ചുനോക്കൂ, അഖിലാണ്ഡത്തിന്റെ പരമാധികാരിയാം കർത്താവിനെക്കുറിച്ചുള്ള, അവന്റെ സ്ഥാപനത്തെക്കുറിച്ചുള്ള, അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം! ഇക്കാര്യത്തിൽ നമുക്ക് ആത്മീയ പിക്കാസും കോരികകളും ഉപയോഗിക്കാം. യഹോവയുടെ വചനത്തിലേക്കു കുഴിച്ചിറങ്ങിച്ചെല്ലാനും അതിന്റെ അർഥം ഗ്രഹിക്കാനും നമ്മെ സഹായിക്കുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളാണ് അവ.—ഇയ്യോബ് 28:12-19.
ഉൾക്കാഴ്ചയ്ക്കായി കുഴിക്കൽ
10. ദർശനത്തിൽ ദാനീയേൽ എന്താണ് കണ്ടത്?
10 യഹോവയുടെ സ്വർഗീയ സ്ഥാപനത്തെക്കുറിച്ചുള്ള അറിവു ലഭിച്ചുതുടങ്ങാൻ നമുക്ക് ആത്മീയമായി അൽപ്പം കുഴിക്കൽ നടത്താം. മർമപ്രധാനമായ ഒരു ഉൾക്കാഴ്ചയ്ക്കായി സിംഹാസനസ്ഥനായ, നാളുകളിൽ പുരാതനനെക്കുറിച്ചുള്ള ദാനീയേലിന്റെ ദർശനം നമുക്കു പരിശോധിക്കാം. ദാനീയേൽ ഇങ്ങനെ എഴുതുന്നു: “ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ [“നാളുകൾ സംബന്ധിച്ചു പുരാതനൻ,” NW] ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിർമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു. ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.” (ദാനീയേൽ 7:9, 10) യഹോവയെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുന്ന ആ ആയിരങ്ങൾ ആരായിരുന്നു? പുതിയലോക ഭാഷാന്തരത്തിന്റെ മാർജിനിലെ ‘പിക്കാസും കോരികയും’ പോലുള്ള റഫറൻസുകൾ നമ്മെ സങ്കീർത്തനം 68:17-ലേക്കും എബ്രായർ 1:14-ലേക്കും നയിക്കുന്നു. അതേ, ശുശ്രൂഷിച്ചു കൊണ്ടിരുന്നവർ സ്വർഗീയ ദൂതന്മാർ തന്നേ!
11. എലീശായുടെ വാക്കുകൾ മനസ്സിലാക്കാൻ ദാനീയേലിന്റെ ദർശനം നമ്മെ എങ്ങനെ സഹായിക്കുന്നു?
11 ദൈവം കൽപ്പിച്ചാക്കിയിരിക്കുന്ന വിശ്വസ്ത ദൂതന്മാരെയെല്ലാം താൻ കണ്ടുവെന്നു ദാനീയേലിന്റെ വിവരണം പറയുന്നില്ല. ഒരുപക്ഷേ ഇനിയും കോടികൾ കണ്ടേക്കാം. ‘നമ്മോടു കൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികമാകുന്നു’ എന്ന് എലീശായ്ക്കു പറയാൻ കഴിഞ്ഞത് എന്തുകൊണ്ടെന്ന് നമുക്കു തീർച്ചയായും മനസ്സിലാക്കാൻ കഴിയും. അവിശ്വസ്ത ദൂതന്മാരുടെ അതായത് ഭൂതങ്ങളുടെ പിന്തുണയുണ്ടായിരുന്ന സിറിയയിലെ രാജാവിന്റെ സൈന്യത്തെക്കാൾ അധികം വരുന്നതായിരുന്നു യഹോവയുടെ സ്വർഗീയ സൈന്യങ്ങൾ!—സങ്കീർത്തനം 34:7; 91:11.
12. ദൂതന്മാരെക്കുറിച്ച് കൂടുതൽ അറിയാൻ എങ്ങനെ കഴിയും?
12 ഈ ദൂതന്മാരെക്കുറിച്ച്, യഹോവയെ സേവിക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതൽ അറിയാൻ ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം. ദൂതൻ എന്നതിനുള്ള ഗ്രീക്കു പദത്തിൽനിന്ന് അവർ സന്ദേശവാഹകരാണെന്ന് നമുക്കറിയാം, കാരണം “സന്ദേശവാഹകൻ” എന്ന അർഥവും അതിനുണ്ട്. എന്നിരുന്നാലും, അവരുടെ ചുമതലകളിൽ അതിലും കൂടുതൽ കാര്യങ്ങൾ അടങ്ങിയിരിക്കുന്നു. അത് എന്താണെന്നു മനസ്സിലാക്കാൻ നാം കുഴിച്ചു നോക്കേണ്ടതുണ്ട്. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന പുസ്തകം നിങ്ങൾക്കുണ്ടെങ്കിൽ, അതിൽ “ദൂതന്മാർ” എന്ന ലേഖനം പഠിക്കാനാകും. അല്ലെങ്കിൽ, ദൂതന്മാരെക്കുറിച്ച് വീക്ഷാഗോപുരത്തിൽ വന്നിട്ടുള്ള മുൻലക്കങ്ങൾ പരിശോധിക്കാവുന്നതാണ്. ദൈവത്തിന്റെ ഈ സ്വർഗീയ ദാസന്മാരെക്കുറിച്ച് നിങ്ങൾ പഠിക്കുന്ന വിവരങ്ങൾ നിങ്ങളെ അമ്പരപ്പിക്കും. അവരുടെ പിന്തുണയെ നിങ്ങൾ വിലമതിക്കാനും ഇടയായിത്തീരും. (വെളിപ്പാടു 14:6, 7) എന്നിരുന്നാലും, ദൈവത്തിന്റെ സ്വർഗീയ സ്ഥാപനത്തിൽ ചില ആത്മജീവികൾ പ്രത്യേക ഉദ്ദേശ്യങ്ങൾക്കായി സേവിക്കുന്നു.
യെശയ്യാവു കണ്ടത്
13, 14. ദർശനത്തിൽ യെശയ്യാവ് എന്താണു കണ്ടത്, അത് അവനെ എങ്ങനെ ബാധിച്ചു?
13 ഇനി യെശയ്യാവിന്റെ ദർശനത്തിലേക്കു നമുക്ക് അൽപ്പം കുഴിച്ചിറങ്ങിച്ചെല്ലാം. 6-ാം അധ്യായത്തിന്റെ 1 മുതൽ 7 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്കു മതിപ്പു തോന്നേണ്ടതാണ്. ‘[യഹോവ] സിംഹാസനത്തിൽ ഇരിക്കുന്ന’തായും ‘സാറാഫുകൾ അവനു ചുറ്റും നിൽക്കുന്നതായും’ താൻ കണ്ടതായി യെശയ്യാവ് പറയുന്നു. അവർ യഹോവയുടെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ട് അവന്റെ മഹത്ത്വത്തെക്കുറിച്ചു വിളിച്ചുപറയുകയായിരുന്നു. ആ വിവരണത്തിന്റെ വായനതന്നെ നിങ്ങളെ ബാധിക്കേണ്ടതാണ്. യെശയ്യാവിന്റെ പ്രതികരണം എന്തായിരുന്നു? “അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ [ഷിയോളിൽ] നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.” ആ ദർശനം അവനിൽ എത്രയധികം മതിപ്പ് ഉളവാക്കിയെന്നോ! നിങ്ങളിലോ?
14 ഈ മഹത്തായ ദർശനം കണ്ടുനിൽക്കാൻ യെശയ്യാവിന് എങ്ങനെ കഴിഞ്ഞു? അപ്പോൾ ഒരു സാറാഫ് അവന്റെ രക്ഷയ്ക്കെത്തി ഇങ്ങനെ പറയുന്നതായി അവൻ വിശദീകരിക്കുന്നു: “നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു.” (യെശയ്യാവു 6:7) യെശയ്യാവിന് ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കാനും യഹോവയുടെ വാക്കുകൾക്കു ശ്രദ്ധ കൊടുക്കാനും കഴിഞ്ഞു. ഇപ്പോൾ, ഈ ഉന്നത നിലയിലുള്ള ആത്മജീവികളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ? എങ്കിൽ നിങ്ങൾ എന്തു ചെയ്യണം? കൂടുതൽ വിവരങ്ങൾക്കായി കുഴിക്കുക. ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉപകരണം വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) ആണ്. കൂടുതൽ വിശദാംശങ്ങൾ നൽകുന്ന അനേകം വിവരങ്ങളുടെ ഉറവിടം കണ്ടെത്താൻ അതിലെ പരാമർശങ്ങൾ ഉപയോഗിക്കുക.
യെഹെസ്കേൽ എന്താണു കണ്ടത്?
15. യെഹെസ്കേലിന്റെ ദർശനം ആശ്രയയോഗ്യമാണെന്ന് എന്തു സൂചിപ്പിക്കുന്നു?
15 അടുത്തതായി മറ്റൊരു തരം ആത്മസൃഷ്ടിയെക്കുറിച്ചു നമുക്കു പരിചിന്തിക്കാം. ബാബിലോനിൽ ബന്ദിയായിരിക്കെ യെഹെസ്കേലിനു പ്രചോദനാത്മകമായ ഒരു ദർശനം കാണുന്നതിനുള്ള പദവി ലഭിച്ചു. ബൈബിളിൽ യെഹെസ്കേൽ 1-ാം അധ്യായം തുറന്ന് ആദ്യത്തെ മൂന്നു വാക്യങ്ങൾ പരിശോധിക്കുക. ആ വിവരണം എങ്ങനെയാണു തുടങ്ങുന്നത്? ‘ഒരിക്കൽ, ഒരിടത്തുവെച്ച് . . . ’ എന്നു പറഞ്ഞുകൊണ്ടാണോ? അല്ല, ഏതോ പൗരാണിക സാങ്കൽപ്പിക കഥയല്ല അത്. 1-ാം വാക്യം ഇങ്ങനെ പ്രസ്താവിക്കുന്നു: “മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.” ഈ വാക്യത്തിൽ നിങ്ങൾ എന്താണു കാണുന്നത്? അതു കൃത്യമായ തീയതിയും കൃത്യമായ സ്ഥലവും നൽകുന്നു. ആ വിശദാംശങ്ങൾ വിരൽ ചൂണ്ടുന്നത് യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം വർഷമായ പൊ.യു.മു. 613-ലേക്കാണ്.
16. യെഹെസ്കേൽ എന്താണു കണ്ടത്?
16 യഹോവയുടെ കൈ യെഹെസ്കേലിന്റെമേൽ വന്നു, അരികുപട്ടകളിലെങ്ങും കണ്ണുകളുള്ള കൂറ്റൻ ചക്രങ്ങളുണ്ടായിരുന്ന ഒരു വലിയ സ്വർഗീയ രഥത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന യഹോവയുടെ ഭയജനകമായ ദർശനം അവൻ കാണാൻ തുടങ്ങി. ഇവിടെ നമുക്കു ലഭിക്കുന്ന രസകരമായ വിശദാംശം നാലു ജീവികളുടേതാണ്. അവയിലോരോന്നും ഓരോ ചക്രത്തിന്റെയും അടുക്കൽ നിൽക്കുന്നു. “അവയുടെ രൂപമോ: അവെക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു. ഓരോന്നിന്നു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. . . . അവയുടെ മുഖരൂപമോ; അവെക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകുമുഖവും ഉണ്ടായിരുന്നു.”—യെഹെസ്കേൽ 1:5, 6, 10.
17. കെരൂബുകളുടെ നാലു മുഖങ്ങൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
17 ആ നാലു ജീവികൾ എന്തായിരുന്നു? അവ കെരൂബുകൾ ആയിരുന്നുവെന്ന് യെഹെസ്കേൽതന്നെ നമ്മോടു പറയുന്നു. (യെഹെസ്കേൽ 10:1-3, 14) അവയ്ക്കു നാലു മുഖങ്ങൾ ഉണ്ടായിരുന്നത് എന്തുകൊണ്ട്? പരമാധികാരിയാം കർത്താവായ യഹോവയുടെ നാലു പ്രമുഖ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നതിന്. കഴുകന്റെ മുഖം ദീർഘ വീക്ഷണത്തോടെയുള്ള ജ്ഞാനത്തിന്റെ പ്രതീകമായിരുന്നു. (ഇയ്യോബ് 39:27-29) കാളയുടെ മുഖം പ്രതിനിധാനം ചെയ്തത് എന്താണ്? കഴുത്തിനും തോളുകൾക്കും അപാര ശക്തിയുള്ള ഒരു പോർക്കാള ഒരു കുതിരയെയും അതിന്റെ സവാരിക്കാരനെയും പൊക്കിയെറിഞ്ഞതായി റിപ്പോർട്ടുണ്ട്. തീർച്ചയായും, യഹോവയുടെ അപരിമേയ ശക്തിയുടെ പ്രതീകമാണ് കാള. ധീരമായ നീതിയുടെ ഒരു പ്രതീകമായി സിംഹത്തെ ഉപയോഗിച്ചിരിക്കുന്നു. ഒടുവിൽ, മനുഷ്യമുഖം സമുചിതമായി ദൈവസ്നേഹത്തെ പ്രതിനിധാനം ചെയ്യുന്നു. കാരണം, ബുദ്ധിപൂർവം ഈ ഗുണം പ്രകടമാക്കാൻ കഴിയുന്ന ഏക ഭൗമിക സൃഷ്ടി മനുഷ്യനാണ്.—മത്തായി 22:37, 39; 1 യോഹന്നാൻ 4:8.
18. അപ്പോസ്തലനായ യോഹന്നാൻ സ്വർഗീയ സ്ഥാപനത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുന്നത് എങ്ങനെ?
18 ആ ചിത്രം പൂർത്തിയാക്കാൻ നമ്മെ സഹായിക്കുന്ന മറ്റു ദർശനങ്ങളുമുണ്ട്. ബൈബിളിലെ വെളിപ്പാടു പുസ്തകത്തിൽ കൊടുത്തിരിക്കുന്ന യോഹന്നാന്റെ ദർശനങ്ങൾ അവയിൽ പെടുന്നു. യെഹെസ്കേലിനെപ്പോലെ, അവനും യഹോവ മഹത്ത്വമുള്ള സിംഹാസനത്തിൽ, കെരൂബുകളുടെ സാന്നിധ്യത്തിൽ ഇരിക്കുന്നതായി കണ്ടു. ആ കെരൂബുകൾ എന്താണു ചെയ്തുകൊണ്ടിരുന്നത്? യെശയ്യാവു 6-ാം അധ്യായത്തിലെ സാറാഫുകളുടെ ഉദ്ഘോഷം അവർ ആവർത്തിക്കുകയാണ്: “ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ [യഹോവ] പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.” (വെളിപ്പാടു 4:6-8) സിംഹാസനത്തിന്റെ അടുക്കൽ യോഹന്നാൻ ഒരു കുഞ്ഞാടിനെയും കാണുന്നു. അത് ആരെയായിരിക്കും പ്രതിനിധാനം ചെയ്യുന്നത്? ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവിനെത്തന്നെ.—വെളിപ്പാടു 5:13, 14.
19. ഈ അധ്യയനത്തിലൂടെ യഹോവയുടെ സ്ഥാപനത്തെക്കുറിച്ചു നിങ്ങൾ എന്തു മനസ്സിലാക്കി?
19 അതുകൊണ്ട്, ഈ ദർശനങ്ങൾ മുഖാന്തരം നാം എന്താണു കണ്ടത്? സ്വർഗീയ സ്ഥാപനത്തിന്റെ പരകോടിയിൽ യഹോവയാം ദൈവം ഇരിക്കുന്നു, അവന്റെ കൂടെ വചനം അല്ലെങ്കിൽ ലോഗോസ് ആയ യേശുക്രിസ്തുവെന്ന കുഞ്ഞാടും ഉണ്ട്. കൂടാതെ, സാറാഫുകളും കെരൂബുകളും ഉൾപ്പെട്ട സ്വർഗീയ ദൂതസംഘത്തെയും നാം കണ്ടു. യഹോവയുടെ ഉദ്ദേശ്യങ്ങൾക്കായി സേവിക്കുന്ന ബൃഹത്തായ ഒരു ഏകീകൃത സ്ഥാപനത്തിന്റെ ഭാഗമാണ് അവർ. ആ ഉദ്ദേശ്യങ്ങളിലൊന്ന് ഈ അന്ത്യകാലത്തു ലോകവ്യാപകമായി സുവാർത്ത ഘോഷിക്കുക എന്നതാണ്.—മർക്കൊസ് 13:10; യോഹന്നാൻ 1:1-3; വെളിപ്പാടു 14:6, 7.
20. അടുത്ത ലേഖനത്തിൽ ഏതു ചോദ്യത്തെക്കുറിച്ച് പരിചിന്തിക്കുന്നതായിരിക്കും?
20 അവസാനമായി, പരമാധികാരിയാം കർത്താവിന്റെ ഇഷ്ടം എങ്ങനെ ചെയ്യാൻ കഴിയുമെന്ന് പഠിക്കുന്നതിനായി തങ്ങളുടെ രാജ്യഹാളുകളിൽ കൂടിവരുന്ന യഹോവയുടെ സാക്ഷികൾ ഭൂമിയിലുണ്ട്. സാത്താന്റെയും സത്യത്തെ എതിർക്കുന്നവരുടെയും കൂടെ ഉള്ളതിനെക്കാൾ കൂടുതൽ പേർ നമ്മോടു കൂടെ ഉണ്ടെന്ന് തീർച്ചയായും നമുക്ക് ഇപ്പോൾ മനസ്സിലാക്കാൻ കഴിയും. എന്നാൽ ഈ ചോദ്യം അവശേഷിക്കുന്നു, രാജ്യ സുവാർത്ത പ്രസംഗിക്കുന്നതിനോടു ബന്ധപ്പെട്ട് ഈ സ്വർഗീയ സ്ഥാപനത്തിന് എന്താണു ചെയ്യാനുള്ളത്? അടുത്ത ലേഖനം അതും മറ്റു കാര്യങ്ങളും പരിചിന്തിക്കുന്നതായിരിക്കും.
പുനരവലോകനത്തിനുള്ള ചോദ്യങ്ങൾ
◻ യഹോവയുടെ സ്ഥാപനത്തെ വിലമതിക്കാൻ നാം എന്തു ഗ്രഹിക്കണം?
◻ എലീശായുടെ ദാസനുണ്ടായ അനുഭവം എന്ത്, പ്രവാചകൻ അവനെ എങ്ങനെ പ്രോത്സാഹിപ്പിച്ചു?
◻ വ്യക്തിപരമായ പഠനത്തെ നാം എങ്ങനെ വീക്ഷിക്കണം?
◻ ദാനീയേലും യെശയ്യാവും യെഹെസ്കേലും സ്വർഗീയ സ്ഥാപനത്തെക്കുറിച്ച് വിശദാംശങ്ങൾ നൽകുന്നത് എങ്ങനെ?
[13-ാം പേജിലെ ചിത്രം]
രുചികരമായി പാകം ചെയ്ത ആഹാരത്തെക്കാൾ വളരെ മൂല്യവത്താണ് വ്യക്തിപരമായ പഠനത്തിന്റെ പ്രയോജനങ്ങൾ
[15-ാം പേജിലെ ചിത്രം]
എലീശായുടെ പ്രാർഥനയ്ക്കുള്ള യഹോവയുടെ ഉത്തരം സ്വർഗീയ സൈന്യങ്ങളുടെ ഒരു ദർശനമായിരുന്നു