രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“ചന്തസ്ഥലത്തു ദിവസേന”
അപ്പോസ്തലനായ പൗലൊസ് രാജ്യസന്ദേശം വ്യാപിപ്പിക്കാൻ എല്ലാ അവസരങ്ങളും ഉപയോഗിച്ചു. അർഹതയുള്ളവരെ കണ്ടെത്താനായി അവൻ “പള്ളിയിൽവെച്ചു യെഹൂദന്മാരോടും . . . ചന്തസ്ഥലത്തു ദിവസേന കണ്ടവരോടും” ന്യായവാദം ചെയ്‌തു.—പ്രവൃത്തികൾ 17:17.
അത്തരം തീക്ഷ്‌ണത പൊ.യു. ഒന്നാം നൂറ്റാണ്ടു മുതൽതന്നെ യഹോവയുടെ സത്യാരാധകരുടെ ഒരു മുഖമുദ്രയാണ്. (മത്തായി 28:19, 20) ഇന്ന്, സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ എത്താൻ പരമാർഥ ഹൃദയികളെ തീക്ഷ്ണതയോടെ സഹായിക്കവേ, യഹോവയുടെ സാക്ഷികൾ സമാനമായി നാനാതരം രീതികൾ അവലംബിക്കുന്നു. (1 തിമൊഥെയൊസ് 2:3, 4) ഓസ്ട്രേലിയയിൽ നിന്നുള്ള പിൻവരുന്ന അനുഭവം ഇതു ദൃഷ്ടാന്തീകരിക്കുന്നു.
സിഡ്നിയിലെ ഒരു റെയിൽവേ സ്റ്റേഷനടുത്ത് വാരത്തിൽ അഞ്ചു ദിവസം ബൈബിൾ സാഹിത്യങ്ങളുടെ ഒരു ചെറിയ പ്രദർശനം നടത്തുന്നതിനു സിഡ്ഡും ഹാരൊൾഡും മാറിമാറി പ്രവർത്തിക്കുന്നു. ഇപ്പോൾ ഏതാണ്ട് അഞ്ചു വർഷമായി ഈ രീതിയിൽ അവർ ദൈവരാജ്യ സുവാർത്ത പങ്കുവെക്കുകയാണ്. 95 വയസ്സുള്ള സിഡ്ഡ് അഭിപ്രായപ്പെടുന്നു: “87 വയസ്സായ ശേഷം എനിക്കു കാർ ഓടിക്കാൻ വയ്യാതായി. ഞാൻ പരസ്യ സാക്ഷീകരണം ആസ്വദിച്ചിരുന്നതിനാൽ അത് എന്നെ വിഷമത്തിലാക്കി. ഒരു ദിവസം, കാട്ടൂംബയിലെ എക്കോ പോയിന്റ് എന്നറിയപ്പെടുന്ന ഒരു പ്രശസ്‌ത വിനോദ സഞ്ചാര കേന്ദ്രത്തിന്റെ സമീപത്തുവെച്ച് ഒരു ചിത്രകാരൻ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങൾ വിൽക്കുന്നതു കാണാനിടയായി. ആ ചിത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ഞാൻ ഇങ്ങനെ ആത്മഗതം ചെയ്‌തു, ‘എന്റെ സാക്ഷീകരണ ബാഗിൽ ഇതിലും നല്ല എത്രയോ ചിത്രങ്ങൾ ഉണ്ട്. അവയുടെ വിലയാകട്ടെ ഇതിലും എത്രയോ കുറവും!’ അതുകൊണ്ട്, ഒരു ചെറിയ പ്രദർശന പീഠം ഉണ്ടാക്കി, അത് ഒരു തിരക്കേറിയ സ്ഥലത്തു സ്ഥാപിച്ച്, യഹോവയുടെ സാക്ഷികൾ വിതരണം ചെയ്യുന്നതും മനോഹരമായ ചിത്രങ്ങൾ അടങ്ങിയതുമായ ബൈബിൾ സാഹിത്യം യാത്രക്കാർക്കു നൽകാൻ ഞാൻ തീരുമാനിച്ചു.
“നാലു വർഷം മുമ്പു ഞാൻ ഇതു സിഡ്നിയിലേക്കു മാറ്റി. അവിടെവെച്ച് ഹാരൊൾഡും എന്നോടൊപ്പം ചേർന്നു. ഞങ്ങൾ മാറിമാറി പ്രദർശന പീഠത്തിന്റെ സമീപത്തു നിൽക്കുകയും പ്രാദേശിക സഭയോടൊത്തു പ്രവർത്തിക്കുകയും ചെയ്യുന്നു.” ഇപ്പോൾ 83 വയസ്സുള്ള ഹാരൊൾഡ് പറയുന്നു: “തിങ്കളാഴ്‌ച മുതൽ വെള്ളിയാഴ്ച വരെ വീടുകളിൽ വളരെ കുറച്ച് ആളുകളേ കാണൂ. അതുകൊണ്ട് ഈ വിധത്തിൽ രാജ്യസന്ദേശം പങ്കുവെക്കുന്നത് ആളുകൾ ഉള്ളിടത്തു പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കുന്നു. സാധാരണമായി ഞങ്ങൾക്കു നല്ല ഫലങ്ങൾ ലഭിക്കാറുണ്ട്. ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ സാഹിത്യ സമർപ്പണങ്ങൾ തികച്ചും എടുത്തു പറയത്തക്കതാണ്.”
“കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾ നാലഞ്ച് സ്ഥലങ്ങളിൽ മാറിമാറി പ്രവർത്തിച്ചെങ്കിലും ആളുകൾക്കു ഞങ്ങളെ പെട്ടെന്നു പിടികിട്ടും,” സിഡ്ഡ് പറയുന്നു. “ചിലർ സാഹിത്യത്തിനായി ഞങ്ങളുടെ അടുക്കലേക്കു വരുന്നു. മറ്റു ചിലർക്കു വേണ്ടത് അവരുടെ സംശയങ്ങൾക്കുള്ള ഉത്തരമാണ്. ഇനിയും വേറേ ചിലരെ സംബന്ധിച്ചിടത്തോളം, അൽപ്പ നേരം സംസാരിക്കുക മാത്രമാണു ലക്ഷ്യം. എന്റെ മടക്ക സന്ദർശനത്തിലുള്ളവർ എന്റെ അടുത്തേക്കു വരുന്നത് അപ്പോൾ മാത്രമാണ്,” അദ്ദേഹം ചിരിക്കുന്നു.
“ധാരാളം ആളുകൾക്കു വാസ്തവത്തിൽ ബൈബിളിൽ താത്പര്യമുണ്ട്,” ഹാരൊൾഡ് കൂട്ടിച്ചേർക്കുന്നു. “ഞങ്ങളിൽ നിന്നു സാഹിത്യം സ്വീകരിച്ചതിന്റെയും ബൈബിളിൽ നിന്നു ഞങ്ങൾക്ക് ഉത്തരം നൽകാൻ കഴിഞ്ഞതിന്റെയും ഫലമായി ഒരു മാസം നാലു വ്യക്തികൾ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. അത്തരം അനുഭവങ്ങൾ ഞങ്ങൾക്കു വളരെ പ്രോത്സാഹനമേകുന്നു.”
സിഡ്ഡിനെയും ഹാരൊൾഡിനെയുംപോലെ, അപ്പോസ്തലനായ പൗലൊസിനെപ്പോലെ, തങ്ങളുടെ പക്കലുള്ള ജീവത്പ്രധാനമായ സന്ദേശം വ്യാപിപ്പിക്കാൻ എല്ലായിടത്തുമുള്ള യഹോവയുടെ സാക്ഷികൾ സാധ്യമായ ഏതു മാർഗവും അവലംബിക്കുന്നു. അങ്ങനെ, “സുവിശേഷം . . . ഭൂലോകത്തിൽ ഒക്കെയും” തുടർന്നും പ്രസംഗിക്കപ്പെടുകയാണ്.—മത്തായി 24:14.