നമ്മുടെ ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുക
1 “1965 മുതൽ ഞാൻ നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വായിച്ചുകൊണ്ടാണിരിക്കുന്നത്. വായിക്കുമ്പോൾ ഞാൻ ബൈബിൾ എടുത്തുനോക്കാറുണ്ട്. നിങ്ങളുടെ സാഹിത്യങ്ങളിലെ സകലതും ബൈബിളിനോട് ഒത്തുവരുന്നു. ദൈവത്തെയും യേശുവിനെയുംകുറിച്ചുള്ള യഥാർഥ സത്യം അറിയാൻ ഞാൻ എല്ലായ്പോഴും ആഗ്രഹിച്ചിരുന്നു. നിങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും ബൈബിളിൽനിന്നും ഞാൻ യഥാർഥ ഉത്തരങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന് എനിക്കു സത്യസന്ധമായി പറയാൻ കഴിയും.” ഇത് യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തേക്ക് ഒരാൾ എഴുതിയതാണ്. അതേ കത്തിൽ അദ്ദേഹം ഒരു ബൈബിളധ്യയനം ആവശ്യപ്പെടുകയും ചെയ്തു.
2 വിലമതിപ്പുള്ള ആ വ്യക്തിയെപ്പോലെ ലോകവ്യാപകമായി ലക്ഷക്കണക്കിന് ആളുകൾ “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ബൈബിൾ പഠന സഹായികൾ വിലമതിക്കുന്നു. (മത്താ. 24:45, NW) “സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാ”ൻ ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കുന്നതിനായി വർഷംതോറും വളരെയധികം സാഹിത്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. (1 തിമൊ. 2:4) നമ്മുടെ ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ നമുക്ക് എങ്ങനെ ജ്ഞാനപൂർവം ഉപയോഗിക്കാനാകും?
3 പാഴാക്കാതിരിക്കുക: ഉപയോഗിക്കാവുന്നതിലേറെ സാഹിത്യങ്ങൾ കുറെക്കാലംകൊണ്ട് നാം കുന്നുകൂട്ടാൻ ഇടയുണ്ട്. വിലയേറിയ ഈ പ്രസിദ്ധീകരണങ്ങൾ പാഴാക്കുന്നത് ഒഴിവാക്കാൻ നമുക്ക് എന്തു ചെയ്യാനാകും? ശുശ്രൂഷയിൽ ഉപയോഗിക്കുന്നതിനായി സാഹിത്യങ്ങൾ എടുക്കുമ്പോൾ വിവേചന ഉപയോഗിക്കേണ്ടതുണ്ട്. നാം ഉപയോഗിക്കാൻ പോകുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ കൂടുതൽ പ്രതികൾ കൈപ്പറ്റുന്നതിനു പകരം ഒന്നോ രണ്ടോ പ്രതികൾ ആദ്യം എടുക്കുകയും അവ സമർപ്പിച്ചശേഷം മാത്രം കൂടുതലായ ഏതാനും പ്രതികൾകൂടെ എടുത്തുവെക്കുകയും ചെയ്യാവുന്നതാണ്. അങ്ങനെ വീട്ടിൽ സാഹിത്യങ്ങളുടെ വലിയൊരു ശേഖരം കുന്നുകൂടുന്നതു തടയാനാകും. സമാനമായി, സമർപ്പിക്കാത്ത കുറെയധികം മാസികകൾ കൈവശം ഉണ്ടെങ്കിൽ മാസികയുടെ ഓർഡർ കുറയ്ക്കുന്നതു നന്നായിരിക്കും.
4 സ്റ്റോക്ക് അധികം ഉണ്ടെങ്കിൽ: സഭയിൽ ചില പ്രസിദ്ധീകരണങ്ങൾ വളരെയധികം സ്റ്റോക്ക് ഉണ്ടെങ്കിൽ അധികമുള്ളവ സമീപത്തുള്ള മറ്റു സഭകൾക്ക് ഉപയോഗിക്കാനാകുമോയെന്ന് സാഹിത്യ ഏകോപകന് അന്വേഷിക്കാവുന്നതാണ്. പ്രസാധകർക്ക് പഴയ പ്രസിദ്ധീകരണങ്ങൾ അവിശ്വാസികളായ കുടുംബാംഗങ്ങൾക്കും ബൈബിൾ വിദ്യാർഥികൾക്കും മറ്റുള്ളവർക്കും നൽകാവുന്നതാണ്. സഭയുമായി പുതുതായി സഹവസിക്കുന്നവർ തങ്ങളുടെ ദിവ്യാധിപത്യ ലൈബ്രറിക്കായി പഴയ പ്രസിദ്ധീകരണങ്ങൾ ലഭിക്കാൻ ആഗ്രഹിച്ചേക്കാം.
5 നമ്മുടെ സാഹിത്യങ്ങൾ അവയുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ നാം ആഗ്രഹിക്കുന്നു, അതായത് ആത്മാർഥഹൃദയരായ ആളുകളെ യഹോവയുടെ മഹത്തായ ഉദ്ദേശ്യത്തെക്കുറിച്ചു പഠിക്കാൻ സഹായിക്കുക എന്ന ലക്ഷ്യം. ജനക്കൂട്ടങ്ങളെ അത്ഭുതകരമായി പോഷിപ്പിച്ചശേഷം മിച്ചംവന്ന ആഹാരം യേശു പാഴാക്കാതിരുന്നതുപോലെ ലഭ്യമായിരിക്കുന്ന മൂല്യവത്തായ ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ ഏറ്റവും മെച്ചമായി ഉപയോഗിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. (യോഹ. 6:11-13) നമ്മുടെ പ്രസിദ്ധീകരണങ്ങൾ നമ്മുടെ അലമാരയിലോ ബാഗിലോ ഇരുന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന ജീവരക്ഷാകരമായ സന്ദേശം നീതിസ്നേഹികളായ ആളുകളുടെ ഹൃദയങ്ങളെ സ്പർശിക്കുകയില്ല. അതുകൊണ്ട് ശുശ്രൂഷയ്ക്കായി സാഹിത്യങ്ങൾ എടുക്കുമ്പോൾ ന്യായബോധം പ്രകടമാക്കുക, മറ്റുള്ളവർക്കു പ്രയോജനപ്പെടേണ്ടതിന് അവ ജ്ഞാനപൂർവം ഉപയോഗിക്കുക.—ഫിലി. 4:5, NW.
[അധ്യയന ചോദ്യങ്ങൾ]
1, 2. പലരും നമ്മുടെ സാഹിത്യങ്ങളെ എങ്ങനെ കണക്കാക്കുന്നു, അത് ഏതു ചോദ്യം ഉയർത്തുന്നു?
3. സാഹിത്യം പാഴാക്കുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാം?
4. സഭയിൽ സ്റ്റോക്ക് അധികമുള്ള പ്രസിദ്ധീകരണങ്ങളുടെ കാര്യത്തിൽ എന്തു ചെയ്യാവുന്നതാണ്?
5. നമ്മുടെ സാഹിത്യങ്ങളോട് നമുക്ക് എങ്ങനെ വിലമതിപ്പു പ്രകടമാക്കാം?