നിങ്ങൾക്ക് “അനുസരണമുള്ള ഒരു ഹൃദയം” ഉണ്ടോ?
പുരാതന ഇസ്രായേലിന്റെ രാജാവ് ആയപ്പോൾ, താൻ അതിന് അപര്യാപ്തനാണെന്ന് ശലോമോനു തോന്നി. അതുകൊണ്ട് അവൻ ദൈവത്തോട് ജ്ഞാനവും വിവേകവും നൽകാൻ അപേക്ഷിച്ചു. (2 ദിനവൃത്താന്തം 1:10) ശലോമോൻ പ്രാർഥിച്ചു: “നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ നീ നിന്റെ ദാസന് അനുസരണമുള്ള ഒരു ഹൃദയം നൽകേണമേ.” (1 രാജാക്കന്മാർ 3:9, NW) ശലോമോന് “അനുസരണമുള്ള ഒരു ഹൃദയം” ഉണ്ടായിരുന്നെങ്കിൽ, അവൻ ദിവ്യ നിയമങ്ങളും തത്ത്വങ്ങളും പിൻപറ്റുകയും യഹോവയുടെ അനുഗ്രഹം അനുഭവിക്കുകയും ചെയ്യുമായിരുന്നു.
അനുസരണമുള്ള ഹൃദയം ഒരു ഭാരമല്ല, മറിച്ച് അത് സന്തോഷത്തിന്റെ ഉറവ് ആണ്. യോഹന്നാൻ അപ്പൊസ്തലൻ എഴുതി: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കലപ്നകൾ ഭാരമുള്ളവയല്ല.” (1 യോഹന്നാൻ 5:3) തീർച്ചയായും, നാം ദൈവത്തെ അനുസരിക്കണം. കാരണം, യഹോവ നമ്മുടെ മഹാ സ്രഷ്ടാവ് ആണ്. ഭൂമിയും അതിലുള്ള സകലതും—വെള്ളിയും പൊന്നുമെല്ലാം—അവന്റേതാണ്. അതുകൊണ്ട്, ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കാൻ സാമ്പത്തിക വിഭവങ്ങൾ ഉപയോഗിക്കാൻ അവൻ നമ്മെ അനുവദിക്കുന്നുണ്ടെങ്കിലും, ഭൗതികമായി എന്തെങ്കിലും അവനു നൽകാൻ യഥാർഥത്തിൽ നമുക്കാവില്ല. (1 ദിനവൃത്താന്തം 29:14) നാം യഹോവയെ സ്നേഹിക്കണമെന്നും തന്റെ ഹിതം ചെയ്തുകൊണ്ട് തന്നോടൊപ്പം നടക്കണമെന്നും അവൻ പ്രതീക്ഷിക്കുന്നു.—മീഖാ 6:8.
ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏതെന്ന് യേശുവിനോടു ചോദിച്ചപ്പോൾ, അവൻ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ദേഹിയോടും പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കൽപ്പന.” (മത്തായി 22:36-38, NW) ആ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗം ദൈവത്തെ അനുസരിക്കുകയാണ്. അതുകൊണ്ട് യഹോവ അനുസരണമുള്ള ഒരു ഹൃദയം നൽകണമെന്നത് നമ്മുടെ ഓരോരുത്തരുടെയും പ്രാർഥന ആയിരിക്കണം.
അവർക്ക് അനുസരണമുള്ള ഒരു ഹൃദയം ഉണ്ടായിരുന്നു
അനുസരണമുള്ള ഹൃദയം ഉണ്ടായിരുന്നവരുടെ അനേകം ദൃഷ്ടാന്തങ്ങൾ ബൈബിളിൽ ഉണ്ട്. ഉദാഹരണത്തിന്, ജീവൻ സംരക്ഷിക്കുന്നതിന് ഒരു പടുകൂറ്റൻ പെട്ടകം നിർമിക്കാൻ യഹോവ നോഹയോട് ആവശ്യപ്പെട്ടു. ഇത് 40-ഓ 50-ഓ വർഷങ്ങൾ ആവശ്യമായിവന്ന ഒരു ബൃഹത്തായ സംരംഭമായിരുന്നു. ഇന്നു ലഭ്യമായിട്ടുള്ള ശക്തമായ ആധുനിക ഉപകരണങ്ങളെല്ലാം ഉപയോഗപ്പെടുത്തിയാണെങ്കിലും, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന അത്തരം ഒരു പടുകൂറ്റൻ പെട്ടകം നിർമിക്കുന്നതിന് നല്ല എഞ്ചിനീയറിങ് വൈദഗ്ധ്യം ആവശ്യമാണ്. മാത്രമല്ല, തന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്ത ഒരു ജനത്തിന് നോഹ മുന്നറിയിപ്പും നൽകണമായിരുന്നു. എന്നാൽ അവൻ എല്ലാ വിശദാംശങ്ങളും അനുസരിച്ചു. ബൈബിൾ പറയുന്നു: “അങ്ങനെ തന്നേ അവൻ ചെയ്തു.” (ഉല്പത്തി 6:9, 22; 2 പത്രൊസ് 2:5) അനേകം വർഷത്തെ വിശ്വസ്തമായ അനുസരണത്തിലൂടെ നോഹ യഹോവയോടുള്ള തന്റെ സ്നേഹം പ്രകടമാക്കി. നമുക്ക് എല്ലാവർക്കും എത്ര നല്ല മാതൃക!
ഗോത്രപിതാവായ അബ്രാഹാമിന്റെ കാര്യവും പരിചിന്തിക്കുക. കൽദയ ദേശത്തെ സമ്പദ്സമൃദ്ധമായ ഊർ നഗരത്തിൽനിന്നും ഒരു അജ്ഞാത ദേശത്തേക്കു പോകാൻ ദൈവം അവനോടു കൽപ്പിച്ചു. അബ്രാഹാം ഒന്നും ചോദിച്ചില്ല. അനുസരിച്ചു. (എബ്രായർ 11:8) ശേഷം ജീവിതകാലം, അവനും കുടുംബവും കൂടാരങ്ങളിൽ പാർത്തു. ദേശത്ത് അനേകം വർഷങ്ങൾ പരദേശിയായി പാർത്തുകഴിഞ്ഞപ്പോൾ യഹോവ അവനെയും അനുസരണമുള്ള അവന്റെ ഭാര്യയെയും ഇസ്ഹാക്ക് എന്നു പേരുള്ള പുത്രനെ നൽകി അനുഗ്രഹിച്ചു. തന്റെ വാർധക്യത്തിൽ ജനിച്ച ഈ പുത്രനെ 100 വയസ്സ് എത്തിയ അബ്രാഹാം എത്രമാത്രം സ്നേഹിച്ചിരിക്കണം! ഏതാനും വർഷം കഴിഞ്ഞപ്പോൾ, ഇസ്ഹാക്കിനെ ഒരു ഹോമയാഗം ആയി അർപ്പിക്കാൻ യഹോവ അബ്രാഹാമിനോട് ആവശ്യപ്പെട്ടു. (ഉല്പത്തി 22:1, 2) അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ഓർക്കുന്നതുപോലും അബ്രാഹാമിനെ വേദനിപ്പിച്ചിരിക്കണം. എന്നിരുന്നാലും, അവൻ അനുസരിക്കാൻതന്നെ തീരുമാനിച്ചു. എന്തെന്നാൽ അവൻ യഹോവയെ സ്നേഹിക്കുകയും ദൈവം ഇസ്ഹാക്കിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിട്ടാണെങ്കിലും വാഗ്ദത്ത സന്തതി അവനിലൂടെ വരുമെന്നു വിശ്വസിക്കുകയും ചെയ്തിരുന്നു. (എബ്രായർ 11:17-19) എന്നിരുന്നാലും, അബ്രാഹാം തന്റെ പുത്രനെ കൊല്ലാൻ ആഞ്ഞപ്പോൾ, യഹോവ അവനെ തടഞ്ഞു, എന്നിട്ടു പറഞ്ഞു: “നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്ക കൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.” (ഉല്പത്തി 22:12) അനുസരണം നിമിത്തം, ദൈവഭക്തനായ അബ്രാഹാം “ദൈവത്തിന്റെ സ്നേഹിതൻ” എന്ന് അറിയപ്പെടാൻ ഇടയായി.—യാക്കോബ് 2:23.
അനുസരണത്തിന്റെ കാര്യത്തിൽ നമുക്കുള്ള ഏറ്റവും മികച്ച മാതൃക യേശുക്രിസ്തു ആണ്. തന്റെ മനുഷ്യപൂർവ അസ്തിത്വത്തിൽ, സ്വർഗത്തിൽ തന്റെ പിതാവിനെ അനുസരണപൂർവം സേവിക്കുന്നതിൽ അവൻ ആനന്ദം കണ്ടെത്തി. (സദൃശവാക്യങ്ങൾ 8:22-31) മനുഷ്യൻ എന്ന നിലയിൽ യേശു, യഹോവയുടെ ഹിതം നിവർത്തിക്കുന്നതിൽ എല്ലായ്പോഴും ആനന്ദിച്ചുകൊണ്ട് അവനെ സകലത്തിലും അനുസരിച്ചു. (സങ്കീർത്തനം 40:8; എബ്രായർ 10:9) അങ്ങനെ, യേശുവിന് സത്യസന്ധമായിത്തന്നെ ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു . . . എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല.” (യോഹന്നാൻ 8:28, 29) അവസാനം, യഹോവയുടെ പരമാധികാരം സംസ്ഥാപിക്കുന്നതിനും അനുസരണമുള്ള മനുഷ്യവർഗത്തെ വീണ്ടെടുക്കുന്നതിനും യേശു, ഏറ്റവും നിന്ദാകരവും വേദനാനിർഭരവുമായ മരണം വരിച്ചുകൊണ്ട്, മനസ്സോടെ തന്റെ ജീവൻ നൽകി. നിശ്ചയമായും, അവൻ “തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയർ 2:8) അനുസരണമുള്ള ഹൃദയം പ്രകടമാക്കുന്നതിൽ എത്ര നല്ല മാതൃക!
ഭാഗിക അനുസരണം മതിയായിരിക്കുന്നില്ല
ദൈവത്തോട് അനുസരണമുള്ളവർ എന്ന് അവകാശപ്പെട്ടിട്ടുള്ള എല്ലാവരും വാസ്തവത്തിൽ ദൈവത്തെ അനുസരിക്കുന്നവർ ആയിരുന്നില്ല. പുരാതന ഇസ്രായേലിലെ ശൗൽ രാജാവിന്റെ കാര്യം പരിചിന്തിക്കുക. ദുഷ്ടന്മാരായ അമാലേക്യരെ തുടച്ചുനീക്കണമെന്ന് ദൈവം അവനോട് കൽപ്പിച്ചു. (1 ശമൂവേൽ 15:1-3) ശൗൽ അവരെ ഒരു ജാതി എന്ന നിലയിൽ നശിപ്പിച്ചെങ്കിലും, അവൻ അവരുടെ രാജാവിനെയും കുറെ ആടുമാടുകളെയും സംരക്ഷിച്ചു. ശമൂവേൽ ചോദിച്ചു: “നീ യഹോവയുടെ കല്പന അനുസരിക്കാ”ഞ്ഞത് എന്തുകൊണ്ട്? മറുപടിയായി ശൗൽ പറഞ്ഞു: “[ഇസ്രായേൽ] ജനം ശപഥാർപ്പിത വസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്നു എടുത്തു . . . യഹോവെക്കു യാഗംകഴിപ്പാൻ കൊണ്ടുവന്നിരിക്കുന്നു.” സമ്പൂർണ അനുസരണം ഊന്നിപ്പറഞ്ഞുകൊണ്ട് ശമൂവേൽ പറഞ്ഞു: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു. മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.” (1 ശമൂവേൽ 15:17-23) അനുസരണമുള്ള ഒരു ഹൃദയം ഇല്ലാതിരുന്നതിനാൽ എന്തെന്തു നഷ്ടങ്ങളാണു ശൗലിന് നേരിട്ടത്!
അനുസരണമുള്ള ഹൃദയത്തിനായി പ്രാർഥിച്ച ജ്ഞാനിയായ ശലോമോൻപോലും യഹോവയെ അനുസരിക്കുന്നതിൽ തുടർന്നില്ല. ദിവ്യഹിതത്തിനു വിപരീതമായി, അവൻ പുറജാതി സ്ത്രീകളെ വിവാഹം കഴിച്ചു. അവർ അവനെക്കൊണ്ട് ദൈവത്തിനെതിരെ പാപം ചെയ്യിച്ചു. (നെഹെമ്യാവു 13:23, 26) അനുസരണമുള്ള ഹൃദയം പ്രകടമാക്കുന്നതിൽ തുടരാഞ്ഞതു നിമിത്തം ശലോമോനു ദിവ്യപ്രീതി നഷ്ടമായി. ഇത് നമുക്ക് എന്തൊരു മുന്നറിയിപ്പാണ്!
ഇത് യഹോവ തന്റെ മനുഷ്യ ദാസരിൽനിന്ന് പൂർണത ആവശ്യപ്പെടുന്നുവെന്ന് അർഥമാക്കുന്നില്ല. “നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:14) ചിലപ്പോഴൊക്കെ നമുക്കു തെറ്റുകൾ സംഭവിക്കും എന്ന് ഉറപ്പാണ്, എന്നാൽ നമുക്കു യഥാർഥത്തിൽ ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഹൃദയംഗമമായ ആഗ്രഹമുണ്ടോ എന്നു കാണാൻ ദൈവത്തിനു സാധിക്കും. (2 ദിനവൃത്താന്തം 16:9) നാം മാനുഷ അപൂർണത നിമിത്തം തെറ്റു ചെയ്യുകയും എന്നാൽ അതേക്കുറിച്ച് അനുതപിക്കുകയും ചെയ്യുന്നെങ്കിൽ, യഹോവ ‘ധാരാളമായി ക്ഷമിക്കും’ എന്ന ഉറപ്പോടെ, ക്രിസ്തുവിന്റെ മറുവില യാഗത്തിന്റെ അടിസ്ഥാനത്തിൽ നമുക്കു പാപമോചനം തേടാവുന്നതാണ്. (യെശയ്യാവു 55:7; 1 യോഹന്നാൻ 2:1, 2) നമുക്ക് ആത്മീയ സൗഖ്യവും ആരോഗ്യാവഹമായ വിശ്വാസവും അനുസരണമുള്ള ഹൃദയവും ഉണ്ടാകാൻ കഴിയേണ്ടതിന് സ്നേഹസമ്പന്നരായ ക്രിസ്തീയ മൂപ്പന്മാരുടെ സഹായവും ആവശ്യമായിരുന്നേക്കാം.—തീത്തൊസ് 2:2; യാക്കോബ് 5:13-15.
നിങ്ങളുടെ അനുസരണം എത്ര സമ്പൂർണമാണ്?
യഹോവയുടെ ദാസന്മാർ എന്ന നിലയിൽ, നമുക്ക് അനുസരണമുള്ള ഒരു ഹൃദയം ഉണ്ടെന്ന് നമ്മിൽ മിക്കവർക്കും നിസ്സംശയമായും തോന്നിയേക്കാം. നാം ഇങ്ങനെ ന്യായവാദം ചെയ്തേക്കാം: ഞാൻ രാജ്യപ്രസംഗ വേലയിൽ പങ്കെടുക്കുന്നില്ലേ? നിഷ്പക്ഷത പോലുള്ള വലിയ സംഗതികളിൽ ഞാൻ ഉറച്ചു നിൽക്കുന്നില്ലേ? പൗലൊസ് അപ്പൊസ്തലൻ ഉദ്ബോധിപ്പിച്ചതുപോലെ, ഞാൻ ക്രമമായി ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നില്ലേ? (മത്തായി 24:14; 28:19, 20; യോഹന്നാൻ 17:16; എബ്രായർ 10:24, 25) ശരിയാണ്, യഹോവയുടെ ജനം ഒരു കൂട്ടം എന്ന നിലയിൽ അത്തരം പ്രധാനപ്പെട്ട സംഗതികളിൽ ഹൃദയപൂർവകമായ അനുസരണം പ്രകടമാക്കുന്നുണ്ട്.
എന്നാൽ അനുദിന ജീവിതത്തിലെ, ഒരുപക്ഷേ അപ്രധാനം എന്നു തോന്നുന്ന സംഗതികളിലെ, നമ്മുടെ പ്രവർത്തന രീതിയെ കുറിച്ചോ? യേശു പ്രസ്താവിച്ചു: “അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതികെട്ടവൻ.” (ലൂക്കൊസ് 16:10) അതുകൊണ്ട്, നാം ഓരോരുത്തരും നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നത് നല്ലതാണ്: നിസ്സാര കാര്യങ്ങളിൽ, അല്ലെങ്കിൽ മറ്റുള്ളവരുടെ അറിവിൽപ്പെടാത്ത സംഗതികളിൽ, എനിക്ക് അനുസരണമുള്ള ഒരു ഹൃദയം ഉണ്ടോ?
മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടാത്തപ്പോൾ, തന്റെ വീട്ടിനുള്ളിൽ ആയിരിക്കുമ്പോൾ പോലും, താൻ ‘ഹൃദയനിർമലതയോടെ പ്രവർത്തിച്ചു’ എന്ന് സങ്കീർത്തനക്കാരൻ പ്രകടമാക്കി. (സങ്കീർത്തനം 101:2, NW) നിങ്ങളുടെ വീട്ടിൽ ഇരുന്ന് നിങ്ങൾ ടിവി ഓൺ ചെയ്ത് ഒരു ചലച്ചിത്രം കാണാൻ തുടങ്ങുന്നു എന്നിരിക്കട്ടെ. ഒരുപക്ഷേ അവിടെ നിങ്ങളുടെ അനുസരണം പരിശോധിക്കപ്പെട്ടേക്കാം. ചലച്ചിത്രത്തിൽ അശ്ലീല രംഗങ്ങൾ കടന്നുവന്നേക്കാം. ഇക്കാലത്ത് ഇത്തരം ചലച്ചിത്രങ്ങൾ സാധാരണമാണ് എന്ന് യുക്തിവിചാരം നടത്തിക്കൊണ്ട് നിങ്ങൾ അതു കണ്ടുകൊണ്ടിരിക്കുമോ? അതോ ‘പരസംഗവും അശുദ്ധിയും നിങ്ങളുടെ ഇടയിൽ പരാമർശിക്കപ്പെടുക പോലും അരുത്’ എന്ന തിരുവെഴുത്തു കൽപ്പന ബാധകമാക്കാൻ നിങ്ങളുടെ അനുസരണമുള്ള ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുമോ? (എഫെസ്യർ 5:3-5, NW) നല്ല രസമുള്ള കഥയാണെങ്കിൽപ്പോലും, നിങ്ങൾ ടിവി ഓഫ് ചെയ്യുമോ? അല്ലെങ്കിൽ അക്രമാസക്തമായ രംഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾ ചാനൽ മാറ്റുമോ? “യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും [“അക്രമം ഇഷ്ടപ്പെടുന്നവനെയും,” NW] അവന്റെ ഉള്ളം വെറുക്കുന്നു,” സങ്കീർത്തനക്കാരൻ പാടി.—സങ്കീർത്തനം 11:5.
അനുസരണമുള്ള ഹൃദയം അനുഗ്രഹങ്ങൾ കൈവരുത്തുന്നു
തീർച്ചയായും, നാം യഥാർഥത്തിൽ ഹൃദയത്തിൽനിന്ന് ദൈവത്തെ അനുസരിക്കുന്നുണ്ടോ എന്നു നമ്മെത്തന്നെ പരിശോധിച്ച് പുരോഗതി വരുത്താൻ കഴിയുന്ന അനേകം മേഖലകൾ ജീവിതത്തിൽ ഉണ്ട്. യഹോവയെ പ്രസാദിപ്പിക്കാനും അവന്റെ വചനമായ ബൈബിളിൽ അവൻ നമ്മോടു പറയുന്നതു ചെയ്യാനും അവനോടുള്ള സ്നേഹം നമ്മെ പ്രേരിപ്പിക്കണം. യഹോവയുമായി നല്ലൊരു ബന്ധം നിലനിർത്തുന്നതിന് അനുസരണമുള്ള ഒരു ഹൃദയം നമ്മെ സഹായിക്കും. നിശ്ചയമായും, നാം തികഞ്ഞ അനുസരണമുള്ളവർ ആണെങ്കിൽ, ‘നമ്മുടെ വായിലെ വാക്കുകളും നമ്മുടെ ഹൃദയത്തിലെ ധ്യാനവും യഹോവയ്ക്കു പ്രസാദമായിരിക്കും.’—സങ്കീർത്തനം 19:14.
യഹോവ നമ്മെ സ്നേഹിക്കുന്നതുകൊണ്ട്, നമ്മുടെ പ്രയോജനത്തിനായി അവൻ നമ്മെ അനുസരണം പഠിപ്പിക്കുന്നു. ദിവ്യ പഠിപ്പിക്കലുകൾക്ക് മുഴു ഹൃദയത്തോടെ ശ്രദ്ധ നൽകിക്കൊണ്ട് നാം വളരെയധികം പ്രയോജനം അനുഭവിക്കുന്നു. (യെശയ്യാവു 48:17, 18) അതുകൊണ്ട്, നമ്മുടെ സ്വർഗീയ പിതാവ് തന്റെ വചനത്തിലൂടെയും തന്റെ ആത്മാവിലൂടെയും തന്റെ സ്ഥാപനത്തിലൂടെയും പ്രദാനം ചെയ്യുന്ന സഹായം നമുക്കു സന്തോഷത്തോടെ സ്വീകരിക്കാം. “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്ന് പിറകിൽനിന്ന് ഒരു ശബ്ദം കേൾക്കുന്നതുപോലെ അത്ര നന്നായി നാം പഠിപ്പിക്കപ്പെടുന്നു. (യെശയ്യാവു 30:21) ബൈബിൾ, ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ, സഭായോഗങ്ങൾ എന്നിവയിലൂടെ യഹോവ നമ്മെ പഠിപ്പിക്കുമ്പോൾ, നമുക്കു ശ്രദ്ധിക്കുകയും പഠിക്കുന്നത് ബാധകമാക്കുകയും “സകലത്തിലും അനുസരണമുള്ള”വർ ആയിരിക്കുകയും ചെയ്യാം.—2 കൊരിന്ത്യർ 2:9.
അനുസരണുള്ള ഒരു ഹൃദയത്തിന്റെ ഫലമായി ഏറെ സന്തുഷ്ടിയും അനുഗ്രഹങ്ങളും ലഭിക്കും. നാം യഹോവയാം ദൈവത്തെ നന്നായി പ്രസാദിപ്പിക്കുന്നുവെന്നും അവന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്നുവെന്നും അറിയുന്നതുകൊണ്ട്, അതു നമുക്കു മനസ്സമാധാനം കൈവരുത്തും. (സദൃശവാക്യങ്ങൾ 27:11) നാം തെറ്റു ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, അനുസരണമുള്ള ഹൃദയം നമുക്ക് ഒരു സംരക്ഷണമായി ഉതകും. അതിന് തീർച്ചയായും, നാം നമ്മുടെ സ്വർഗീയ പിതാവിനെ അനുസരിക്കുകയും ഇങ്ങനെ പ്രാർഥിക്കുകയും വേണം: “നിന്റെ ദാസന് അനുസരണമുള്ള ഒരു ഹൃദയം നൽകേണമേ.”
[29-ാം പേജിലെ ചിത്രത്തിന് കടപ്പാട]
From the Self-Pronouncing Edition of the Holy Bible, containing the King James and the Revised versions