‘ഹൃദയപൂർവം അനുസരിക്കാൻ’ മറ്റുള്ളവരെ സഹായിക്കുക
1 യഹോവയെ സ്വീകാര്യമായി ആരാധിക്കാൻ അനുസരണം കൂടിയേ തീരൂ. (ആവ. 12:28; 1 പത്രൊ. 1:14-16) “ദൈവത്തെ അറിയാത്തവർക്കും . . . സുവിശേഷം അനുസരിക്കാത്തവർക്കും” പെട്ടെന്നുതന്നെ ദൈവത്തിന്റെ ന്യായവിധി ഉണ്ടാകും. (2 തെസ്സ. 1:7) ദൈവവചനം പഠിപ്പിക്കുന്ന കാര്യങ്ങൾ “ഹൃദയപൂർവ്വം അനുസരി”ക്കാൻ നമുക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാം?—റോമ. 6:17.
2 വിശ്വാസവും സ്നേഹവും വളർത്തിയെടുക്കാൻ സഹായിക്കുന്നതിനാൽ: അനുസരണം വിശ്വാസവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. “നിത്യദൈവത്തിന്റെ നിയോഗപ്രകാര”മുള്ള “വിശ്വാസത്തിന്റെ [“വിശ്വാസത്താലുള്ള,” NW] അനുസരണ”ത്തെക്കുറിച്ചു പൗലൊസ് അപ്പൊസ്തലൻ സംസാരിച്ചു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (റോമർ 16:24) വിശ്വാസത്തിന്റെ നിരവധി ദൃഷ്ടാന്തങ്ങൾ എബ്രായർ 11-ാം അധ്യായത്തിൽ കാണാം. അവയിൽ പലതും യഹോവയുടെ വെളിപ്പെടുത്തപ്പെട്ട ഇഷ്ടത്തിനു ചേർച്ചയിലുള്ള പ്രവർത്തനം ഉൾപ്പെട്ടതാണ്. (എബ്രാ. 11:7, 8, 17) നേരെ മറിച്ച്, അനുസരണക്കേട് അവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. (യോഹ. 3:36; എബ്രാ. 3:18, 19) അനുസരിക്കാൻ പ്രേരിപ്പിക്കുന്നതരം വിശ്വാസം വളർത്തിയെടുക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് ദൈവവചനം ഉപയോഗിക്കുന്നതിലുള്ള വൈദഗ്ധ്യം നാം വികസിപ്പിക്കേണ്ടതുണ്ട്.—2 തിമൊ. 2:15; യാക്കോ. 2:14, 17.
3 അനുസരണം ദൈവത്തോടുള്ള സ്നേഹത്തോടും ബന്ധപ്പെട്ടിരിക്കുന്നു. (ആവ. 5:10; 11:1, 22; 30:16) “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) എന്ന് 1 യോഹന്നാൻ 5:3 പറയുന്നു. യഹോവയോടു സ്നേഹം വളർത്തിയെടുക്കാൻ ബൈബിൾ വിദ്യാർഥികളെ നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും? അധ്യയന വേളയിൽ, യഹോവയുടെ ഗുണങ്ങളോടുള്ള അവരുടെ വിലമതിപ്പ് ഊട്ടിവളർത്താനുള്ള അവസരങ്ങൾ കണ്ടെത്തുക. ദൈവത്തെ സംബന്ധിച്ച നിങ്ങളുടെ സ്വന്തം വികാരങ്ങൾ വെളിപ്പെടുത്തുക. യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കുക. യഹോവയെ ഹൃദയപൂർവം അനുസരിക്കാൻ മറ്റെല്ലാറ്റിനുപരിയായി അവനോടുള്ള സ്നേഹം നമ്മെയും മറ്റുള്ളവരെയും സഹായിക്കും.—മത്താ. 22:37.
4 നമ്മുടെ മാതൃകയാൽ: സുവിശേഷം അനുസരിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാർഗം നമ്മുടെതന്നെ മാതൃകയാണ്. എന്നിരുന്നാലും “അനുസരണമുള്ള ഒരു ഹൃദയം” നട്ടുവളർത്തുന്നതിന് നമ്മുടെ ഭാഗത്തു നിരന്തര ശ്രമം ആവശ്യമാണ്. (1 രാജാ. 3:9, NW; സദൃ. 4:23) ഇതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? ക്രമമായി ബൈബിൾ വായിച്ചുകൊണ്ടും യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടും നിങ്ങളുടെ ഹൃദയങ്ങളെ ആത്മീയമായി പോഷിപ്പിക്കുക. (സങ്കീ. 1:1, 2; എബ്രാ. 10:24, 25) സത്യാരാധനയെ മുഴുഹൃദയാ പിന്തുണയ്ക്കുന്നവരുമായുള്ള സഹവാസം തിരഞ്ഞെടുക്കുക. (സദൃ. 13:20) പ്രദേശത്തുള്ളവരെ സഹായിക്കാനുള്ള ആത്മാർഥമായ ആഗ്രഹത്തോടെ വയൽശുശ്രൂഷയിൽ ക്രമമായി പങ്കുചേരുക. നല്ല ഒരു ഹൃദയം വികസിപ്പിക്കുന്നതിൽ നമ്മെ നയിക്കാൻ യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക. (സങ്കീ. 86:11) അധാർമികവും അക്രമാസക്തവും ആയ വിനോദങ്ങൾപോലെ ഹൃദയത്തെ ദുഷിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. ദൈവത്തോടു നിങ്ങളെ കൂടുതൽ അടുപ്പിക്കുന്നതും അവനുമായുള്ള നിങ്ങളുടെ ബന്ധത്തെ ശക്തമാക്കുന്നതും ആയ കാര്യങ്ങളിൽ ഏർപ്പെടുക.—യാക്കോ. 4:7, 8.
5 യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ അവൻ തന്റെ പുരാതന ജനത്തെ സമൃദ്ധമായി അനുഗ്രഹിക്കുമെന്ന് അവർക്ക് ഉറപ്പുകൊടുത്തു. (ആവ. 28:1, 2) സമാനമായി ഇന്നു യഹോവ, “തന്നെ അനുസരിക്കുന്നവ”രുടെമേൽ സമൃദ്ധമായി അനുഗ്രഹം ചൊരിയുന്നു. (പ്രവൃ. 5:32) ആയതിനാൽ നമ്മുടെ പഠിപ്പിക്കലിനാലും മാതൃകയാലും ഹൃദയപൂർവം അനുസരിക്കാൻ മറ്റുള്ളവരെ നമുക്കു സഹായിക്കാം.
[അധ്യയന ചോദ്യങ്ങൾ]
1. തന്റെ ആരാധകരിൽനിന്നു യഹോവ എന്താണു പ്രതീക്ഷിക്കുന്നത്?
2. ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
3. (എ) അനുസരണം സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) യഹോവയോടു സ്നേഹം വളർത്തിയെടുക്കാൻ നമുക്കു ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം?
4. (എ) നമ്മുടെ മാതൃക പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) “അനുസരണമുള്ള ഒരു ഹൃദയം” നട്ടുവളർത്താൻ നാം എന്തു ചെയ്യണം?
5. അനുസരണമുള്ളവർക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നതെങ്ങനെ?