ഒടുവിൽ—എല്ലാവർക്കും നീതി
“പീഡിത ശബ്ദങ്ങൾക്ക്, ആകുല ശബ്ദങ്ങൾക്ക്, കേൾക്കപ്പെടുമെന്ന ആശ നശിച്ച ശബ്ദങ്ങൾക്ക് നൂതന വിധങ്ങളിൽ ശ്രദ്ധ നൽകാൻ ഞങ്ങൾ പരിശ്രമിക്കും. . . . എല്ലാവരും ദൈവ മുമ്പാകെ തുല്യ മാന്യതയോടെ ജനിക്കുന്നതു പോലെതന്നെ മനുഷ്യന്റെ മുമ്പാകെയും എല്ലാവരും തുല്യ മാന്യതയോടെ ജനിക്കുന്നുവെന്ന് ഒടുവിൽ ഉറപ്പു വരുത്താനായി ഭരണഘടനയിൽ എഴുതിയിരിക്കുന്നതിനു ജീവൻ നൽകുക എന്നതാണ് ശേഷിക്കുന്ന കാര്യം.”—1969 ജനുവരി 20-ന്, തന്റെ സ്ഥാനാരോഹണ പ്രസംഗത്തിൽ യു.എസ്. പ്രസിഡന്റ് റിച്ചാർഡ് മിൽഹൗസ് നിക്സൺ പറഞ്ഞത്.
രാജാക്കന്മാരും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും അധികാരം ഏറ്റെടുക്കുമ്പോൾ നീതിയെക്കുറിച്ചു സംസാരിക്കാൻ ചായ്വ് ഉള്ളവരാണ്. ഐക്യനാടുകളിലെ ഒരു മുൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ അതിന് ഒരു അപവാദമായിരുന്നില്ല. പക്ഷേ, കാര്യങ്ങളെ ചരിത്രത്തിന്റെ നിഷ്പക്ഷ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ വാചാലമായ വാക്കുകൾക്കു തിളക്കം നഷ്ടപ്പെടുന്നു. ‘ഭരണഘടനയ്ക്കു ജീവൻ നൽകാനാകുമെന്ന്’ പ്രതിജ്ഞ എടുത്തെങ്കിലും, നിക്സൺ പിന്നീട് നിയമ ലംഘനത്തിനു കുറ്റക്കാരനായി കാണപ്പെടുകയും അധികാരം വെച്ചൊഴിയാൻ നിർബന്ധിതനാകുകയും ചെയ്തു. മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ‘പീഡിതവും ആകുലവും ആശയറ്റതുമായ ശബ്ദങ്ങൾ’ കേൾക്കപ്പെടാനായി മുറവിളി കൂട്ടുകയാണ്.
സദുദ്ദേശ്യമുള്ള അസംഖ്യം നേതാക്കന്മാർ കണ്ടെത്തിയിട്ടുള്ളതു പോലെ, അത്തരം ശബ്ദങ്ങൾ കേട്ട് സങ്കടങ്ങൾക്കു പരിഹാരം വരുത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ‘എല്ലാവർക്കും നീതി’ എന്നത് വഴുതിമാറുന്ന ഒരു ലക്ഷ്യമാണെന്നു തെളിഞ്ഞിരിക്കുന്നു. എന്നിരുന്നാലും അനേകം നൂറ്റാണ്ടുകൾക്കു മുമ്പ്, നമ്മുടെ ശ്രദ്ധ അർഹിക്കുന്ന ഒരു വാഗ്ദാനം—നീതിയെക്കുറിച്ചുള്ള ഒരു അതുല്യ വാഗ്ദാനം—നൽകപ്പെട്ടു.
താൻതന്നെ തിരഞ്ഞെടുക്കുന്ന ഒരു ‘ദാസനെ’ അയയ്ക്കുമെന്ന് ദൈവം തന്റെ പ്രവാചകനായ യെശയ്യാവിലൂടെ തന്റെ ജനത്തിന് ഉറപ്പു കൊടുത്തു. യഹോവ അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ ആത്മാവിനെ അവനു നൽകി; അവൻ ജനതകൾക്കു നീതി പ്രദാനം ചെയ്യും.” (യെശയ്യാവു 42:1-3, പി.ഒ.സി. ബൈ.) സകല ജനതകൾക്കും നിലനിൽക്കുന്ന നീതിയെ അർഥമാക്കുന്ന അത്തരം ഒരു സമഗ്രമായ പ്രഖ്യാപനം നടത്താൻ ഒരു മാനുഷ ഭരണാധിപനും ധൈര്യപ്പെടില്ല. ഈ വാഗ്ദാനം ആശ്രയ യോഗ്യമാണോ? അത്തരം ഒരു അസാധാരണ നേട്ടം എന്നെങ്കിലും കൈവരിക്കാനാകുമോ?
നമുക്ക് ആശ്രയിക്കാവുന്ന ഒരു വാഗ്ദാനം
ഒരു വാഗ്ദാനം എത്രമാത്രം ആശ്രയ യോഗ്യമാണ് എന്നത് അതു നൽകുന്ന ആളിനെ ആശ്രയിച്ചിരിക്കുന്നു. ഈ കാര്യത്തിൽ, തന്റെ “ദാസൻ” ലോകവ്യാപകമായി നീതി സംസ്ഥാപിക്കുമെന്നു പ്രഖ്യാപിക്കുന്നത് സർവശക്തനായ ദൈവമല്ലാതെ മറ്റാരുമല്ല. രാഷ്ട്രീയക്കാരിൽ നിന്നു വ്യത്യസ്തനായി, യഹോവ ഒരിക്കലും ലാഘവ ബുദ്ധിയോടെ വാഗ്ദാനങ്ങൾ നൽകാറില്ല. ‘അവനു ഭോഷ്ക്കു പറവാൻ കഴിയി’ല്ലെന്നു ബൈബിൾ നമുക്ക് ഉറപ്പു തരുന്നു. (എബ്രായർ 6:18) “ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും” എന്ന് ദൈവം ദൃഢമായി പ്രഖ്യാപിക്കുന്നു.—യെശയ്യാവു 14:24.
ദൈവം തിരഞ്ഞെടുത്തിരിക്കുന്ന ‘ദാസനായ’ യേശുക്രിസ്തുവിന്റെ ചരിത്രവും ആ വാഗ്ദാനത്തിലുള്ള നമ്മുടെ ഉറപ്പിനെ ദൃഢീകരിക്കുന്നു. നീതി സംസ്ഥാപിക്കുന്നവൻ നീതി ഇഷ്ടപ്പെടുകയും നീതിക്കു ചേർച്ചയിൽ ജീവിക്കുകയും വേണം. “നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും” ചെയ്ത ഒരു മനുഷ്യൻ എന്ന നിലയിൽ യേശുവിന് ഒരു കറയറ്റ ചരിത്രമാണ് ഉള്ളത്. (എബ്രായർ 1:9) അവൻ പറഞ്ഞ കാര്യങ്ങളും ജീവിച്ച വിധവും മാത്രമല്ല മരിച്ച വിധം പോലും അവൻ ശരിക്കും നീതിമാനായ ഒരു മനുഷ്യൻ ആയിരുന്നു എന്നു തെളിയിച്ചു. പ്രത്യക്ഷത്തിൽ, യേശുവിന്റെ വിചാരണയ്ക്കും വധത്തിനും സാക്ഷ്യം വഹിച്ച ഒരു റോമൻ സൈനിക ഉദ്യോഗസ്ഥൻ ഇങ്ങനെ പറയാൻ പ്രേരിതനായി: “ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു.”—ലൂക്കൊസ് 23:47.
സ്വയം നീതിനിഷ്ഠനായി ജീവിച്ചതിനു പുറമേ, തന്റെ നാളിൽ കൊടികുത്തി വാണിരുന്ന അനീതിയെ യേശു ചെറുക്കുകയും ചെയ്തു. അവൻ അതു ചെയ്തത് അട്ടിമറിയിലൂടെയോ വിപ്ലവത്തിലൂടെയോ ആയിരുന്നില്ല, മറിച്ച് ശ്രദ്ധിക്കുമായിരുന്ന എല്ലാവരെയും യഥാർഥ നീതി പഠിപ്പിച്ചുകൊണ്ടായിരുന്നു. യഥാർഥ ന്യായവും നീതിയും പ്രവർത്തിക്കേണ്ടത് എങ്ങനെ എന്നതിന്റെ വിദഗ്ധമായ ഒരു വിശദീകരണമാണ് അവന്റെ ഗിരിപ്രഭാഷണം.—മത്തായി 5-7 അധ്യായങ്ങൾ.
യേശു താൻ പ്രസംഗിച്ചതു നടപ്പാക്കി. യഹൂദ സമൂഹത്തിൽ “തൊട്ടുകൂടാത്തവർ” ആയിരുന്ന ഹതഭാഗ്യരായ കുഷ്ഠരോഗികളെ അവൻ പുച്ഛിച്ചു തള്ളിയില്ല. മറിച്ച്, അവൻ അവരുമായി സംസാരിച്ചു, അവരെ തൊടുകയും സൗഖ്യമാക്കുകയും പോലും ചെയ്തു. (മർക്കൊസ് 1:40-42) ദരിദ്രരും മർദിതരും ഉൾപ്പെടെ അവൻ കണ്ടുമുട്ടിയ എല്ലാവരും അവനു വിലപ്പെട്ടവർ ആയിരുന്നു. (മത്തായി 9:36) “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും,” അവൻ അവരോടു പറഞ്ഞു.—മത്തായി 11:28.
സർവോപരി, തന്നെ ദുഷിപ്പിക്കാനോ പ്രകോപിപ്പിക്കാനോ തനിക്കു ചുറ്റുമുള്ള അനീതിയെ അവൻ അനുവദിച്ചില്ല. അവൻ തിന്മയ്ക്കു പകരം തിന്മ ചെയ്തില്ല. (1 പത്രൊസ് 2:22, 23) അതികഠിനമായ വേദന അനുഭവിച്ചപ്പോൾ പോലും, തന്നെ സ്തംഭത്തിൽ തറച്ച പടയാളികൾക്കു വേണ്ടി അവൻ തന്റെ സ്വർഗീയ പിതാവിനോടു പ്രാർഥിച്ചു. “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്ന് അവൻ യാചിച്ചു. (ലൂക്കൊസ് 23:34) തീർച്ചയായും അവൻ ‘നീതി എന്താണെന്ന് ജനതകൾക്കു വ്യക്തമാക്കി കൊടുത്തു.’ (മത്തായി 12:18, NW) നീതിനിഷ്ഠമായ ഒരു ലോകം സ്ഥാപിക്കാനുള്ള ദൈവത്തിന്റെ ആഗ്രഹത്തിന്, അവന്റെ സ്വന്തം പുത്രന്റെ ജീവിക്കുന്ന ദൃഷ്ടാന്തത്തെക്കാൾ വലിയ എന്തു തെളിവാണുള്ളത്?
അനീതിയെ മറികടക്കാവുന്നതാണ്
അനീതിയെ മറികടക്കാനാകും എന്നതിന്റെ ജീവിക്കുന്ന ഒരു തെളിവ് ഇന്നു ലോകത്തിൽ ലഭ്യമാണ്. മുൻവിധി, പക്ഷപാതം, വർഗീയവാദം, അക്രമം എന്നിവയെ കീഴടക്കാൻ വ്യക്തിപരമായും സംഘടനാപരമായും യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. പിൻവരുന്ന ദൃഷ്ടാന്തം പരിഗണിക്കുക.
പെഡ്റോa താമസിച്ചിരുന്നത് സ്പെയിനിലെ ബസ്ക്വൂ കൺട്രിയിൽ ആയിരുന്നു. തന്റെ നാട്ടിൽ നീതി കൊണ്ടുവരാനുള്ള ഏക മാർഗം അട്ടിമറി പ്രവർത്തനം ആണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനായി അദ്ദേഹം ഒരു ഭീകര പ്രവർത്തക സംഘടനയിൽ അംഗമായി. സംഘടന അദ്ദേഹത്തിനു ഫ്രാൻസിൽ അർധസൈനിക പരിശീലനം നൽകി. പരിശീലനം പൂർത്തിയായപ്പോൾ, ഒരു ഭീകര പ്രവർത്തക സംഘം രൂപീകരിച്ച് പൊലീസ് ക്വാർട്ടേഴ്സുകൾ തകർക്കാൻ അദ്ദേഹത്തോട് ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ സംഘം സ്ഫോടക വസ്തുക്കൾ നിർമിച്ചുകൊണ്ടിരുന്നപ്പോൾ പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. അദ്ദേഹം 18 മാസം ജയിലിൽ കഴിഞ്ഞുകൂടി. എന്നാൽ, നിരാഹാര സത്യാഗ്രഹം നടത്തുകയും ഒരിക്കൽ തന്റെ കണങ്കൈ മുറിക്കുകയും ചെയ്തുകൊണ്ട് ജയിൽ അഴികൾക്കു പിന്നിലും അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്നു.
താൻ നീതിക്കുവേണ്ടി പോരാടുകയാണെന്നു പെഡ്റോ കരുതി. പിന്നീട്, അദ്ദേഹം യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാൻ ഇടയായി. പെഡ്റോ ജയിലിൽ ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ജയിൽ മോചിതൻ ആയപ്പോൾ, സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കാൻ ഭാര്യ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ആ അവസരം വളരെയേറെ ആസ്വദിച്ചതിനാൽ ഒരു ബൈബിൾ അധ്യയനം ആവശ്യപ്പെട്ടു. തന്റെ വീക്ഷണഗതിയിലും ജീവിത രീതിയിലും വലിയ മാറ്റങ്ങൾ വരുത്താൻ അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒടുവിൽ 1989-ൽ പെഡ്റോയും ഭാര്യയും സ്നാപനമേറ്റു.
“ഒരു ഭീകര പ്രവർത്തകനായുള്ള എന്റെ ജീവിത കാലത്ത് വാസ്തവത്തിൽ ഞാൻ ആരെയും കൊന്നിട്ടില്ല. അതിന് ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്,” പെഡ്റോ പറയുന്നു. “ആളുകൾക്ക് യഥാർഥ സമാധാനത്തിന്റെയും നീതിയുടെയും സന്ദേശം, അതായത് ദൈവരാജ്യത്തിന്റെ സുവാർത്ത, നൽകാനായി ഞാൻ ഇപ്പോൾ ദൈവാത്മാവിന്റെ വാളായ ബൈബിൾ ഉപയോഗിക്കുന്നു.” ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരു മൂപ്പനായി സേവിക്കുന്ന പെഡ്റോ, താൻ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന അതേ ക്വാർട്ടേഴ്സുകൾ കുറച്ചുകാലം മുമ്പ് സന്ദർശിക്കുകയുണ്ടായി. എന്നാൽ അവിടെ താമസിക്കുന്ന കുടുംബങ്ങളോട് സമാധാന സന്ദേശം പ്രസംഗിക്കാൻ ആയിരുന്നു ഇത്തവണ അദ്ദേഹം അവിടെ പോയത്.
നീതിനിഷ്ഠമായ ഒരു ലോകത്തിനു വേണ്ടിയുള്ള വാഞ്ഛ നിമിത്തമാണ് യഹോവയുടെ സാക്ഷികൾ ഈ മാറ്റങ്ങൾ വരുത്തുന്നത്. (2 പത്രൊസ് 3:13) അത്തരം ഒരു ലോകം ആനയിക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ അടിയുറച്ചു വിശ്വസിക്കവേതന്നെ, നീതിയോടുള്ള യോജിപ്പിൽ ജീവിക്കേണ്ടതു തങ്ങളുടെ കടമയാണെന്ന് അവർ തിരിച്ചറിയുന്നു. നമ്മുടെ കടമ നാം നിർവഹിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു എന്നു ബൈബിൾ നമുക്കു വ്യക്തമായി കാണിച്ചു തരുന്നു.
നീതിയുടെ വിത്തു വിതയ്ക്കൽ
അനീതിയെ അഭിമുഖീകരിക്കുമ്പോൾ, “നീതിയുടെ ദൈവം എവിടെ?” എന്നു നിലവിളിക്കാൻ നമുക്കു തോന്നിയേക്കാം എന്നതു സത്യമാണ്. മലാഖിയുടെ നാളിലെ യഹൂദന്മാർ അങ്ങനെ ശക്തമായി പരാതിപ്പെട്ടു. (മലാഖി 2:17, പി.ഒ.സി. ബൈ.) ദൈവം അവരുടെ പരാതി കാര്യമായി എടുത്തോ? നേരേമറിച്ചാണ് സംഭവിച്ചത്. അത് അവനെ “അസഹ്യപ്പെടുത്തി.” കാരണം, മറ്റു തെറ്റുകൾക്കു പുറമേ, പ്രായമായ തങ്ങളുടെ ഭാര്യമാരെ നിസ്സാരമായ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വിവാഹമോചനം നടത്തിക്കൊണ്ട് അവർ അവരോടു വഞ്ചനാപരമായി ഇടപെടുകയായിരുന്നു. ‘ഉടമ്പടിയനുസരിച്ച് അവരുടെ ഭാര്യമാരും സഖിമാരും ആയിരുന്നിട്ടും അവർ അവിശ്വസ്തത കാണിച്ച അവരുടെ യൗവനത്തിലെ ഭാര്യ’മാരുടെ കാര്യത്തിൽ തനിക്കുള്ള താത്പര്യം യഹോവ പ്രകടിപ്പിച്ചു.—മലാഖി 2:14, പി.ഒ.സി. ബൈ.
നാം തന്നെ ന്യായരഹിതമായി പെരുമാറുന്നെങ്കിൽ, നമുക്ക് അനീതിക്ക് എതിരെ നിയമാനുസൃതം പരാതിപ്പെടാൻ കഴിയുമോ? നേരേമറിച്ച്, ഹൃദയത്തിൽ നിന്നു മുൻവിധിയും വർഗീയവാദവും പിഴുതെറിയുകയും എല്ലാവരോടും നിഷ്പക്ഷരും സ്നേഹമുള്ളവരും ആയിരിക്കുകയും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കുകയും ചെയ്തുകൊണ്ട് യേശുവിനെ അനുകരിക്കാൻ നാം ശ്രമിക്കുമ്പോൾ, നീതിയെ സ്നേഹിക്കുന്നു എന്നു നാം പ്രകടമാക്കുകയാണ്.
നീതി കൊയ്യണമെങ്കിൽ ‘നീതി വിതെയ്ക്കാ’ൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (ഹോശേയ 10:12) എത്ര നിസ്സാരമായി കാണപ്പെട്ടാലും, അനീതിയുടെ മേലുള്ള ഓരോ വിജയവും പ്രധാനപ്പെട്ടതാണ്. ബെർമിൻഹാം തടവറയിൽനിന്നുള്ള കത്തിൽ (ഇംഗ്ലീഷ്) മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എഴുതിയതു പോലെ “എവിടെയുള്ള അനീതിയും എല്ലായിടത്തുമുള്ള നീതിക്കു ഭീഷണിയാണ്.” പെട്ടെന്നുതന്നെ വരാൻ പോകുന്ന തന്റെ നീതിനിഷ്ഠമായ പുതിയ ലോകം അവകാശമാക്കാൻ ദൈവം തിരഞ്ഞെടുക്കുന്നത് “നീതി അന്വേഷി”ക്കുന്ന ആളുകളെയാണ്.—സെഫന്യാവു 2:3.
മാനുഷ വാഗ്ദാനങ്ങളുടെ ഇളകുന്ന അടിസ്ഥാനത്തിന്മേൽ നമുക്കു നമ്മുടെ പ്രത്യാശ പടുത്തുയർത്താൻ സാധിക്കില്ല. എന്നാൽ നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിന്റെ വാക്കു നമുക്ക് ആശ്രയിക്കാൻ കഴിയും. ദൈവരാജ്യം വരാൻ വേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കാൻ യേശു തന്റെ അനുഗാമികളോടു പറഞ്ഞത് അതുകൊണ്ടാണ്. (മത്തായി 6:9, 10) ആ രാജ്യത്തിന്റെ നിയമിത രാജാവായ യേശു, ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കും. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.’—സങ്കീർത്തനം 72:12, 13.
വ്യക്തമായും അനീതി ശാശ്വതമല്ല. മുഴു ഭൂമിയുടെ മേലുമുള്ള ക്രിസ്തുവിന്റെ ഭരണം അനീതിയെ എന്നേക്കുമായി കീഴടക്കും. തന്റെ പ്രവാചകനായ യിരെമ്യാവിലൂടെ അതു സംബന്ധിച്ച് ദൈവം നമുക്ക് ഇങ്ങനെ ഉറപ്പുതരുന്നു: “ഞാൻ ചെയ്ത വാഗ്ദാനം ഞാൻ നിവർത്തിക്കുന്ന കാലം വരുന്നു . . . ആ കാലത്ത് ഞാൻ ദാവീദിന്റെ നീതിമാനായൊരു സന്തതിയെ രാജാവായി തിരഞ്ഞെടുക്കും. ആ രാജാവ് ദേശത്തെങ്ങും നീതിയും ന്യായവും നടത്തും.”—യിരെമ്യാവു 33:14, 15, ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം
[അടിക്കുറിപ്പുകൾ]
a യഥാർഥ പേര് അല്ല.