‘ചെയ്യേണ്ടതേ ഞങ്ങൾ ചെയ്തിട്ടുള്ളൂ’
ജോർജ് കൗച് പറഞ്ഞപ്രകാരം
രാവിലെ വയൽ ശുശ്രൂഷയിൽ പങ്കെടുത്ത ശേഷം, എന്റെ സഹപ്രവർത്തകൻ കഴിക്കാനായി രണ്ടു സാൻവിച്ച് എടുത്തു. അതു കഴിച്ചശേഷം വലിക്കാനായി ഞാൻ ഒരു സിഗരറ്റ് എടുത്തു. “താങ്കൾ സത്യത്തിലായിട്ട് എത്ര കാലമായി?” അദ്ദേഹം ചോദിച്ചു. “ഇന്നലെയാണ് ഞാൻ ആദ്യമായി യോഗത്തിനു ഹാജരാകുന്നത്,” ഞാൻ പറഞ്ഞു.
യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള പിറ്റ്സ്ബർഗിനു കിഴക്ക് 50 കിലോമീറ്റർ മാറി അവെൻമോർ എന്ന കൊച്ചു പട്ടണത്തിന് അടുത്തുള്ള ഒരു കൃഷിസ്ഥലത്ത് 1917 മാർച്ച് 3-ന് ആയിരുന്നു ഞാൻ ജനിച്ചത്. അവിടെ ആയിരുന്നു എന്നെയും എന്റെ നാലു സഹോദരന്മാരെയും പെങ്ങളെയും മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്നത്.
മതപരമായ കാര്യങ്ങളിൽ ഞങ്ങൾക്കു വലിയ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. ഒരു കാലത്ത് എന്റെ മാതാപിതാക്കൾ പള്ളിയിൽ പോകുമായിരുന്നു. എന്നാൽ അവർ അതു നിർത്തി, അന്നു ഞങ്ങൾ വളരെ ചെറുപ്പമായിരുന്നു. എങ്കിലും ഞങ്ങൾ സ്രഷ്ടാവിൽ വിശ്വസിച്ചിരുന്നു. തന്നെയുമല്ല, ബൈബിളിൽ കാണുന്ന അടിസ്ഥാന തത്ത്വങ്ങൾ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരുന്നു.
മാതാപിതാക്കളിൽനിന്ന് എനിക്കു ലഭിച്ച അത്യുത്തമ പരിശീലനം ഉത്തരവാദിത്വം ഏറ്റെടുത്ത് എങ്ങനെ നിറവേറ്റാം എന്നതു സംബന്ധിച്ചായിരുന്നു. കൃഷിയിടത്തിലെ ജീവിതം എന്നുപറഞ്ഞാൽ അതാണ്. എന്നാൽ അധ്വാനിക്കുക മാത്രമായിരുന്നില്ല ഞങ്ങളുടെ ജീവിതം. ബാസ്കറ്റ് ബോളും ബെയ്സ് ബോളും കളിക്കുന്നതും കുതിര സവാരി, നീന്തൽ തുടങ്ങിയ ആരോഗ്യാവഹമായ വിനോദങ്ങളും ഞങ്ങൾ ആസ്വദിച്ചിരുന്നു. അക്കാലത്തു പണം വളരെ കമ്മിയായിരുന്നു. എങ്കിലും കൃഷിയിടത്തിലെ ജീവിതം ഉല്ലാസഭരിതമായിരുന്നു. ഒരു മുറി മാത്രമുള്ള ഒരു സ്കൂളിലായിരുന്നു ഞങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം. ഹൈസ്കൂൾ വിദ്യാഭ്യാസമാകട്ടെ പട്ടണത്തിലെ ഒരു സ്കൂളിലും.
ഒരു ദിവസം രാത്രിയിൽ കൂട്ടുകാരനുമൊത്തു ഞാൻ പട്ടണത്തിലൂടെ നടക്കുകയായിരുന്നു. അപ്പോൾ ഒരു സുന്ദരി പെൺകുട്ടി തന്റെ വീട്ടിൽനിന്ന് ഇറങ്ങിവന്ന് എന്റെ കൂട്ടുകാരനോടു ഹലോ പറഞ്ഞു. ഫേൺ പ്രൂ എന്ന ആ പെൺകുട്ടിയെ അവൻ എനിക്കു പരിചയപ്പെടുത്തി. ഹൈസ്കൂളിന് അടുത്തായിരുന്നു അവളുടെ താമസം, അതു സൗകര്യമായി. മിക്കപ്പോഴും അവളുടെ വീടിന്റെ അടുത്തുകൂടി പോകുമ്പോൾ, അവൾ വെളിയിൽ ജോലി ചെയ്യുന്നതു കാണാമായിരുന്നു. അവൾ ശരിക്കും ഒരു കഠിനാധ്വാനി ആയിരുന്നു. അത് എന്നിൽ നല്ല മതിപ്പ് ഉളവാക്കി. ഉറ്റ ചങ്ങാതിമാർ ആയിത്തീർന്ന ഞങ്ങൾ അനുരാഗബദ്ധരായി. 1936 ഏപ്രിലിൽ ഞങ്ങളുടെ വിവാഹവും നടന്നു.
ബൈബിൾ സത്യവുമായുള്ള സമ്പർക്കം
ഞാൻ ജനിക്കുന്നതിനു മുമ്പ്, പട്ടണത്തിൽ ഒരു വൃദ്ധ താമസിച്ചിരുന്നു. അവരുടെ മതത്തെപ്രതി ആളുകൾ അവരോടു മോശമായി പെരുമാറിയിരുന്നു. എന്നാൽ ശനിയാഴ്ചകളിൽ കടയിൽ പോകവേ, എന്റെ അമ്മ അവരെ സന്ദർശിച്ചു വീടു വൃത്തിയാക്കുകയും അത്യാവശ്യ കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തിരുന്നു. അവരുടെ മരണംവരെ അമ്മ അതു തുടർന്നു. ആ സ്ത്രീയോടു വളരെ ദയാപുരസ്സരം ഇടപെട്ടതിനാൽ യഹോവ അമ്മയെ അനുഗ്രഹിച്ചു എന്നാണു ഞാൻ കരുതുന്നത്. അവർ ഒരു ബൈബിൾ വിദ്യാർഥിനി ആയിരുന്നു. യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.
കുറെ നാളുകൾക്കു ശേഷം, എന്റെ ആന്റിയുടെ ഇളയ മകൾ പെട്ടെന്നു മരിച്ചു. പള്ളിയിൽനിന്ന് ആന്റിക്ക് വലിയ ആശ്വാസമൊന്നും ലഭിച്ചില്ല. എന്നാൽ ബൈബിൾ വിദ്യാർഥിനി ആയിരുന്ന ഒരു അയൽക്കാരി ആശ്വാസമേകി. ഒരു വ്യക്തി മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന് അവർ ആന്റിക്കു വിശദീകരിച്ചു കൊടുത്തു. (ഇയ്യോബ് 14:13-15; സഭാപ്രസംഗി 9:5, 10) അതു വളരെ ആശ്വാസപ്രദം ആയിരുന്നു. തുടർന്ന്, പുനരുത്ഥാന പ്രത്യാശയെപ്പറ്റി ആന്റി എന്റെ അമ്മയോടു സംസാരിച്ചു. അത് അമ്മയുടെ താത്പര്യം ഉണർത്തി. ബാല്യത്തിൽതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതും മരിക്കുമ്പോൾ ഒരു വ്യക്തിക്ക് എന്തു സംഭവിക്കുന്നു എന്ന് അറിയാനുള്ള ഉത്കടമായ ആഗ്രഹവും ആയിരുന്നു അതിനു കാരണം. അനൗപചാരികമായി സാക്ഷീകരിക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ആ അനുഭവം എന്നെ പഠിപ്പിച്ചു.
1930-കളിൽ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡ് സഹോദരന്റെ ഞായറാഴ്ച രാവിലെ തോറുമുള്ള റേഡിയോ പ്രഭാഷണങ്ങൾ അമ്മ ശ്രദ്ധിച്ചു തുടങ്ങി. ഞങ്ങൾ താമസിച്ചിരുന്ന പ്രദേശത്തു സാക്ഷികൾ വീടുതോറുമുള്ള വേല ആരംഭിച്ചതും ആ വർഷങ്ങളിലാണ്. കൊണ്ടുനടക്കാവുന്ന ഒരു ഗ്രാമഫോൺ മുറ്റത്തെ മരത്തണലിൽ വെച്ചിട്ട് റഥർഫോർഡ് സഹോദരന്റെ റെക്കോർഡു ചെയ്ത പ്രഭാഷണങ്ങൾ അവർ കേൾപ്പിക്കുമായിരുന്നു. ആ പ്രഭാഷണങ്ങളും വീക്ഷാഗോപുരം, സുവർണ യുഗം (ഇപ്പോൾ ഉണരുക!) മാസികകളും അമ്മയുടെ താത്പര്യം അണയാതെ സൂക്ഷിച്ചു.
ഏതാനും വർഷങ്ങൾക്കു ശേഷം 1938-ൽ, ഏതാണ്ട് 25 കിലോമീറ്റർ അകലെയുള്ള ഒരു സ്വകാര്യ ഭവനത്തിൽ സംഘടിപ്പിച്ച പ്രത്യേക യോഗത്തിനു ക്ഷണിച്ചുകൊണ്ടുള്ള ഒരു പോസ്റ്റുകാർഡ് വീക്ഷാഗോപുര വരിക്കാർക്ക് അയയ്ക്കുകയുണ്ടായി. ആ യോഗത്തിൽ സംബന്ധിക്കാൻ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഫേണും ഞാനും എന്റെ രണ്ടു സഹോദരന്മാരും അമ്മയോടൊപ്പം അവിടേക്കു പോയി. യഹോവയുടെ സാക്ഷികളുടെ സഞ്ചാര മേൽവിചാരകന്മാർ ആയിരുന്ന ജോൺ ബൂത്തും ചാൾസ് ഹെസ്ലറും പന്ത്രണ്ടോളം വരുന്ന സദസ്സിനു മുമ്പാകെ പ്രസംഗങ്ങൾ നടത്തി. അതിനു ശേഷം അവർ പിറ്റേന്നു രാവിലത്തെ ശുശ്രൂഷയിൽ പങ്കെടുക്കാനായി ഒരു കൂട്ടത്തെ സംഘടിപ്പിച്ചു തുടങ്ങി. അവരോടൊപ്പം പോകാൻ ആരും തയ്യാറായില്ല. അതിനാൽ ഹെസ്ലർ സഹോദരൻ എന്നോടായി ചോദിച്ചു: “നിനക്ക് ഞങ്ങളോടൊപ്പം പോന്നുകൂടെ?” അവരുടെ പദ്ധതി എന്താണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാൽ അവരെ സഹായിക്കാതിരിക്കുന്നതിന് എനിക്കു കാരണമൊന്നും ഇല്ലായിരുന്നു.
ഏതാണ്ട് ഉച്ചവരെ ഞങ്ങൾ വീടുതോറും പോയി. അപ്പോഴാണ് ഹെസ്ലർ സഹോദരൻ തന്റെ പക്കൽ ഉണ്ടായിരുന്ന രണ്ടു സാൻവിച്ച് പുറത്തെടുത്തത്. പള്ളി നടയിലിരുന്ന് ഞങ്ങൾ അതു കഴിച്ചുതുടങ്ങി. എന്നാൽ വലിക്കാനായി സിഗരറ്റ് എടുത്തപ്പോഴാണ് ഞാൻ ഒരു യോഗത്തിനു മാത്രമേ സംബന്ധിച്ചിട്ടുള്ളു എന്ന് അദ്ദേഹം അറിയുന്നത്. അന്ന് അദ്ദേഹത്തിന്റെ അത്താഴം ഞങ്ങളുടെ വീട്ടിൽ ആയിരുന്നു. ഒരു ബൈബിൾ ചർച്ചയ്ക്കായി അയൽക്കാരെ ക്ഷണിക്കാൻ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. പത്തോളം പേർ വന്നെത്തി. അത്താഴ ശേഷം അദ്ദേഹം ഞങ്ങൾക്ക് ഒരു ബൈബിൾ അധ്യയനം നടത്തുകയും വന്നെത്തിയവർക്കായി ഒരു പ്രസംഗം നടത്തുകയും ചെയ്തു. എല്ലാ വാരത്തിലും ഒരു ബൈബിൾ അധ്യയനം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഞങ്ങളുടെ അയൽക്കാർക്ക് അതു സമ്മതമല്ലായിരുന്നു. എങ്കിലും ഒരു പ്രതിവാര ഭവന ബൈബിൾ അധ്യയനം ഉണ്ടായിരിക്കാൻ ഞാനും ഫേണും ക്രമീകരണം ചെയ്തു.
സത്യത്തിൽ പുരോഗമിക്കുന്നു
പെട്ടെന്നുതന്നെ ഞാനും ഫേണും വയൽ ശുശ്രൂഷയിൽ പങ്കെടുത്തു തുടങ്ങി. ഒരിക്കൽ, കാറിന്റെ പിൻസീറ്റിലിരുന്ന് ഞങ്ങൾ സിഗരറ്റു കത്തിച്ചതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ എന്റെ സഹോദരൻ ഞങ്ങളോടായി ഇങ്ങനെ പറഞ്ഞു: “സാക്ഷികൾ വലിക്കുകയില്ലെന്നാണല്ലോ എന്റെ അറിവ്.” ഉടനടി ഫേൺ തന്റെ കൈയിലിരുന്ന സിഗരറ്റ് പുറത്തേക്ക് എറിഞ്ഞു. ഞാനാകട്ടെ എന്റേതു വലിച്ചുതീർത്തു. പുകവലി ഇഷ്ടമായിരുന്നെങ്കിലും പിന്നീടൊരിക്കലും ഞങ്ങൾ വലിച്ചിട്ടില്ല.
1940-ൽ ഞങ്ങൾ സ്നാപനമേറ്റു. തുടർന്ന് ഞങ്ങൾ സംബന്ധിച്ച ഒരു യോഗത്തിൽ പയനിയറിങ്—മുഴുസമയ പ്രസംഗവേല—ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ലേഖനം ചർച്ച ചെയ്യുകയുണ്ടായി. വീട്ടിലേക്കു മടങ്ങവേ ഒരു സഹോദരൻ ഇങ്ങനെ ചോദിച്ചു: “താങ്കൾക്കും ഫേണിനും പയനിയറിങ് ചെയ്തുകൂടേ? നിങ്ങൾക്കു യാതൊരു തടസ്സവും ഇല്ലല്ലോ.” അദ്ദേഹത്തോടു വിയോജിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. അങ്ങനെ ഞങ്ങൾ സ്വയം ലഭ്യമാക്കി. ഞാൻ ജോലിസ്ഥലത്ത് 30 ദിവസം മുമ്പ് അറിയിപ്പു കൊടുത്തു. പയനിയറിങ് ചെയ്യാനായി ഞങ്ങൾ ക്രമീകരണം ചെയ്തു.
എവിടെയാണ് സേവിക്കേണ്ടത് എന്ന് അറിയാനായി ഞങ്ങൾ വാച്ച് ടവർ സൊസൈറ്റിയുമായി ബന്ധപ്പെട്ടു. തുടർന്ന് ഞങ്ങൾ മേരിലാൻഡിലെ ബാൾട്ടിമോറിലേക്കു താമസം മാറ്റി. പയനിയർമാർക്കായി അവിടെ ഒരു ഭവനം ഉണ്ടായിരുന്നു. വാടകയ്ക്കും ഭക്ഷണത്തിനുമായി മാസം 10 ഡോളർ ആയിരുന്നു ചെലവ്. ഞങ്ങളുടെ പക്കൽ കുറച്ചു സമ്പാദ്യം ഉണ്ടായിരുന്നു. അതുകൊണ്ട് അർമഗെദോൻവരെ അനായാസം കഴിഞ്ഞുകൂടാമെന്നാണു ഞങ്ങൾ കരുതിയിരുന്നത്. (വെളിപ്പാടു 16:14, 16) ഏതായാലും അർമഗെദോൻ തൊട്ടുമുമ്പിലാണ് എന്നായിരുന്നു ഞങ്ങളുടെ ചിന്ത. അതുകൊണ്ട് പയനിയറിങ് ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വീടും വസ്തുവകകളുമെല്ലാം ഉപേക്ഷിച്ചു.
1942 മുതൽ 1947 വരെ ഞങ്ങൾ ബാൾട്ടിമോറിൽ പയനിയർമാരായി സേവനം അനുഷ്ഠിച്ചു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളോടുള്ള എതിർപ്പ് ആ വർഷങ്ങളിൽ മൂർധന്യത്തിൽ എത്തിയിരുന്നു. ബൈബിൾ വിദ്യാർഥികളുടെ വീടുകളിലേക്കു ഞങ്ങളുടെ കാറിൽ പോകുന്നതിനു പകരം മറ്റാരെങ്കിലും ഞങ്ങളെ അവിടെ എത്തിക്കുമായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ കാറിന്റെ ചക്രത്തിന് ആരും അള്ളുവെച്ചില്ല. അത്തരം എതിർപ്പ് ആരും ഇഷ്ടപ്പെടുന്നില്ല. എങ്കിലും ഞങ്ങൾ എല്ലായ്പോഴും വയൽ ശുശ്രൂഷ ആസ്വദിച്ചിരുന്നു എന്ന് എനിക്കു പറയാനാകും. കർത്താവിന്റെ വേല അൽപ്പം ആവേശകരമായി നിവർത്തിക്കാൻ ആയിരുന്നു വാസ്തവത്തിൽ ഞങ്ങളുടെ ആഗ്രഹം.
ഞങ്ങളുടെ സമ്പാദ്യമെല്ലാം പെട്ടെന്നുതന്നെ തീർന്നു. വസ്ത്രങ്ങളും പാദരക്ഷകളും കീറിപ്പറിഞ്ഞു. കാറിന്റെ ചക്രങ്ങൾ തേഞ്ഞുതീർന്നു. രണ്ടു മൂന്നു പ്രാവശ്യം ഞങ്ങൾക്കു നീണ്ടുനിന്ന അസുഖം ബാധിച്ചു. സേവനത്തിൽ തുടരുന്നത് എളുപ്പമല്ലായിരുന്നു. എന്നാൽ അതു നിറുത്തുന്നതിനെ കുറിച്ച് ഞങ്ങൾ ആലോചിച്ചതേയില്ല, അതിനെ കുറിച്ചു സംസാരിച്ചതു പോലുമില്ല. പയനിയർ വേലയിൽ തുടരാൻ തക്കവണ്ണം ഞങ്ങൾ ഞങ്ങളുടെ ജീവിത ചെലവുകൾ വെട്ടിച്ചുരുക്കി.
നിയമന മാറ്റങ്ങൾ
1947-ൽ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ നടന്ന കൺവെൻഷനിൽ ഞങ്ങൾ സംബന്ധിച്ചു. അവിടെ വെച്ച്, സഞ്ചാര മേൽവിചാരകന്മാരായി സഭകൾ സന്ദർശിക്കുന്നതിനും സഹായിക്കുന്നതിനും ഞങ്ങളെ നിയമിച്ചു കൊണ്ടുള്ള ഒരു കത്ത് എനിക്കും എന്റെ സഹോദരനായ വില്യമിനും ലഭിച്ചു. സഞ്ചാര വേലയ്ക്കായി ഞങ്ങൾക്ക് അതുവരെ യാതൊരു പ്രത്യേക പരിശീലനവും ലഭിച്ചിരുന്നില്ല. എങ്കിലും ഞങ്ങൾ നിയമനം സ്വീകരിച്ചു. തുടർന്നുള്ള ഏഴു വർഷങ്ങളിൽ, ഞാനും ഫേണും ഒഹായോ, മിഷിഗൺ, ഇൻഡ്യാനാ, ഇല്ലിനോയ്സ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ സേവിച്ചു. 1954-ൽ, മിഷനറിമാരെ പരിശീലിപ്പിക്കുന്ന ഗിലെയാദ് സ്കൂളിന്റെ 24-ാം ക്ലാസ്സിൽ സംബന്ധിക്കുന്നതിനു ഞങ്ങൾക്കു ക്ഷണം ലഭിച്ചു. അവിടെവെച്ച് ഫേണിനു പോളിയോ പിടിപെട്ടു. സന്തോഷകരമെന്നു പറയട്ടെ, അവൾ പൂർണമായി സുഖം പ്രാപിച്ചു. തുടർന്ന് ന്യൂയോർക്കിലും കണെറ്റിക്കട്ടിലും സഞ്ചാരവേല ചെയ്യാനായി ഞങ്ങളെ നിയമിച്ചു.
കണെറ്റിക്കട്ടിലെ സ്റ്റാംഫോർഡിൽ സേവിക്കവേ, തന്നോടും ഭാര്യ ഓഡ്രിയോടും ഒപ്പം വാരാന്തം ചെലവഴിക്കാനായി വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായ നാഥാൻ എച്ച്. നോർ സഹോദരൻ ഞങ്ങളെ ക്ഷണിച്ചു. മാട്ടിറച്ചിയും മറ്റു വിഭവങ്ങളും സഹിതമുള്ള ഒന്നാന്തരം ഒരു അത്താഴം അവർ ഞങ്ങൾക്കായി ഒരുക്കി. ഞങ്ങൾക്കു നേരത്തേതന്നെ അവരെ പരിചയമുണ്ടായിരുന്നു. ഞങ്ങളുമൊത്തുള്ള സഹവാസത്തിനും അത്താഴത്തിനും പുറമേ അദ്ദേഹത്തിന്റെ മനസ്സിൽ മറ്റെന്തോ ഉള്ളതായി ഞാൻ മനസ്സിലാക്കി. അന്നു വൈകുന്നേരം അദ്ദേഹം എന്നോടു ചോദിച്ചു: “ബെഥേലിലേക്കു വരുന്നതു സംബന്ധിച്ച് സഹോദരന്റെ അഭിപ്രായം എന്താ?”
“ഞാനെന്തു പറയാനാണു സഹോദരാ; ബെഥേൽ ജീവിതത്തെ കുറിച്ച് കാര്യമായൊന്നും എനിക്കറിയില്ല,” ഞാൻ മറുപടി പറഞ്ഞു.
ആഴ്ചകളോളം അതെക്കുറിച്ച് ആലോചിച്ചശേഷം, ഞങ്ങൾ ബെഥേലിൽ വരാനാണ് സഹോദരന്റെ താത്പര്യമെങ്കിൽ അതിനു സമ്മതമാണെന്ന് ഞങ്ങൾ നോർ സഹോദരനോടു പറഞ്ഞു. 1957 ഏപ്രിൽ 27-നു ബെഥേലിൽ എത്താൻ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പിറ്റേ ആഴ്ച ഞങ്ങൾക്കു കിട്ടി. അന്നു ഞങ്ങളുടെ 21-ാം വിവാഹ വാർഷികം ആയിരുന്നു.
ബെഥേലിലെ ആദ്യ ദിവസംതന്നെ എന്റെ നിയമനം സംബന്ധിച്ച് നോർ സഹോദരൻ വ്യക്തമായ നിർദേശങ്ങൾ തന്നു. അദ്ദേഹം എന്നോടു പറഞ്ഞു: “സഹോദരൻ മേലാൽ ഒരു സർക്കിട്ട് ദാസനല്ല. സഹോദരൻ ഇവിടെ വന്നിരിക്കുന്നതു ബെഥേലിൽ വേല ചെയ്യാനാണ്. താങ്കൾക്കു ചെയ്യാനുള്ള ഏറ്റവും പ്രധാനപ്പെട്ട വേലയാണ് ഇത്. ഇവിടെവെച്ചു ലഭിക്കുന്ന പരിശീലനം പ്രയോജനപ്പെടുത്താനായി സഹോദരൻ സമയവും ഊർജവും വിനിയോഗിക്കാനാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സഹോദരൻ ഇവിടെ താമസിക്കാനാണ് ഞങ്ങളുടെ ആഗ്രഹം.”
അർഥവത്തായ ബെഥേൽ ജീവിതം
മാസികാ ഡിപ്പാർട്ടുമെന്റിലും മെയിലിങ് ഡിപ്പാർട്ടുമെന്റിലും ആയിരുന്നു എന്റെ ആദ്യ നിയമനം. അതിനുശേഷം ഏതാണ്ട് മൂന്നു വർഷം കഴിഞ്ഞപ്പോൾ തന്റെ ഓഫീസിൽ വരാൻ നോർ സഹോദരൻ എന്നോടു പറഞ്ഞു. ഹോം ഡിപ്പാർട്ടുമെന്റിൽ വേല ചെയ്യുന്നതിനാണു വാസ്തവത്തിൽ എന്നെ ബെഥേലിലേക്കു ക്ഷണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ വളച്ചുകെട്ടില്ലാത്തവ ആയിരുന്നു, “ബെഥേലിലെ ഹോം ഡിപ്പാർട്ട്മെന്റ് മുന്നോട്ടു കൊണ്ടുപോകേണ്ടത് താങ്കളാണ്.”
ബെഥേൽ ഹോമിന്റെ മേൽനോട്ടം, കൃഷിയിടത്തിൽ വെച്ച് മാതാപിതാക്കൾ പഠിപ്പിച്ച പാഠങ്ങൾ എന്നെ അനുസ്മരിപ്പിച്ചു. ബെഥേൽ ഹോം ഒരു സാധാരണ വീടുപോലെയാണ്. അവിടെ വസ്ത്രം നനയ്ക്കേണ്ടതുണ്ട്, ആഹാരം പാകം ചെയ്യേണ്ടതുണ്ട്, പാത്രം കഴുകേണ്ടതുണ്ട്, കിടക്ക ശരിയാക്കേണ്ടതുണ്ട്, അങ്ങനെ പലതും ചെയ്യേണ്ടതുണ്ട്. ബെഥേൽ ഉല്ലാസകരമായ ഒരു ജീവിതസ്ഥലം, അതായത് ഒരുവനു തന്റെ വീടാണെന്നു പറയാൻ കഴിയുന്ന ഒന്നാക്കി മാറ്റാനാണ് ഹോം ഡിപ്പാർട്ടുമെന്റ് ശ്രമിക്കുന്നത്.
ബെഥേലിലെ പ്രവർത്തന വിധങ്ങളിൽനിന്ന് കുടുംബങ്ങൾക്കു വളരെയധികം കാര്യങ്ങൾ പഠിക്കാനാകുമെന്നാണ് ഞാൻ കരുതുന്നത്. പ്രഭാതത്തിൽ വളരെ നേരത്തേതന്നെ ഞങ്ങൾ ഉറക്കമുണരുന്നു. ഒരു ദൈനംദിന ബൈബിൾ തിരുവെഴുത്തു പരിചിന്തിച്ചുകൊണ്ട് ആത്മീയ കാര്യാദികളോടെയാണു ഞങ്ങൾ ഓരോ ദിവസവും ആരംഭിക്കുന്നത്. ഞങ്ങൾ നല്ലവണ്ണം അധ്വാനിക്കാനും സമനിലയോടു കൂടിയതെങ്കിലും തിരക്കുപിടിച്ച ഒരു ജീവിതം നയിക്കാനുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിലർ വിചാരിക്കുന്നതു പോലെ, ബെഥേൽ ഒരു സന്ന്യാസ ആശ്രമമല്ല. ഒരു പട്ടികാനുസൃത ജീവിത രീതി നിമിത്തം വളരെയധികം കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്കു സാധിക്കുന്നു. പിന്നീട് കുടുംബത്തിലെയും ക്രിസ്തീയ സഭയിലെയും ഉത്തരവാദിത്വങ്ങൾ സ്വീകരിക്കാൻ ഇവിടെവെച്ചു ലഭിച്ച പരിശീലനം തങ്ങൾക്കു സഹായമേകിയതായി നിരവധി സഹോദരങ്ങൾ പറഞ്ഞിട്ടുണ്ട്.
ബെഥേലിലേക്കു വരുന്ന യുവപ്രായക്കാരായ സഹോദരീസഹോദരന്മാരെ ശുചീകരണം, തുണികഴുകൽ തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിലോ ഫാക്ടറിയിൽ വേല ചെയ്യുന്നതിനോ നിയമിച്ചേക്കാം. അത്തരം കായിക അധ്വാനം തരംതാണതാണെന്നും അന്തസ്സിനു നിരക്കാത്തതാണെന്നും നാം വിശ്വസിക്കാൻ ലോകം ആഗ്രഹിച്ചേക്കാം. എന്നാൽ, ഞങ്ങളുടെ കുടുംബത്തിന്റെ ഉചിതവും സന്തുഷ്ടവുമായ നടത്തിപ്പിന് അത്തരം ജോലികൾ അനിവാര്യമാണെന്നു ബെഥേലിലെ യുവപ്രായക്കാർ മനസ്സിലാക്കുന്നു.
യഥാർഥ സന്തുഷ്ടിക്കു സ്ഥാനമാനങ്ങൾ കൂടിയേതീരൂ എന്ന ആശയത്തെയും ലോകം പ്രോത്സാഹിപ്പിച്ചേക്കാം. അതു ശരിയല്ല. നമ്മുടെ നിയമനം നിവർത്തിക്കുന്നതിലൂടെ ‘ചെയ്യേണ്ടതേ നാം ചെയ്യുന്നുള്ളൂ.’ കൂടാതെ നമുക്കു യഹോവയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. (ലൂക്കൊസ് 17:10) യഹോവയുടെ ഹിതം നിവർത്തിക്കുകയും രാജ്യതാത്പര്യങ്ങൾ പുരോഗമിപ്പിക്കുകയുമാണ് നമ്മുടെ വേലയുടെ ലക്ഷ്യം എന്ന് ഓർക്കുന്നെങ്കിൽ മാത്രമേ യഥാർഥ സംതൃപ്തിയും സന്തോഷവും നമുക്ക് ആസ്വദിക്കാനാകൂ. അതു മനസ്സിൽ പിടിക്കുന്ന പക്ഷം, ഏതൊരു നിയമനവും ആസ്വാദ്യവും സംതൃപ്തിദായകവും ആയിരിക്കും.
വികസനത്തിൽ പങ്കുപറ്റുകയെന്ന പദവി
ഞങ്ങൾ ബെഥേലിൽ വരുന്നതിന് ഏതാണ്ട് ഒരു ദശാബ്ദം മുമ്പ്, അതായത് 1942-ൽ, ഒഹായോയിലെ ക്ലീവ്ലാൻഡിൽവെച്ചു നടന്ന കൺവെൻഷനിൽ “സമാധാനം—അതിനു നിലനിൽക്കാനാകുമോ?” എന്ന വിഷയത്തിൽ നോർ സഹോദരൻ ഒരു പ്രസംഗം നടത്തി. അന്നു നടന്നുകൊണ്ടിരുന്ന രണ്ടാം ലോക മഹായുദ്ധം അവസാനിക്കുമെന്നും തുടർന്ന് സമാധാനം ഉണ്ടാകുമെന്നും അതു വർധിച്ച ഒരു പ്രസംഗ പരിപാടിക്കു കളമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ 1943-ൽ, മിഷനറിമാരെ പരിശീലിപ്പിക്കാനുള്ള ഗിലെയാദ് സ്കൂളും സഹോദരന്മാരുടെ പരസ്യപ്രസംഗ പ്രാപ്തി വർധിപ്പിക്കാനുള്ള ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളും സ്ഥാപിക്കപ്പെട്ടു. കൂടാതെ വലിയ കൺവെൻഷനുകളും സംഘടിപ്പിക്കപ്പെട്ടു. ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കൺവെൻഷനുകൾ ആയിരുന്നു 1950-കളിലെ പ്രമുഖ കൂടിവരവുകൾ. 1950-ലും 1953-ലും അവിടെ നടന്ന കൺവെൻഷനുകളിൽ എട്ടു ദിവസത്തേക്കുവീതം പതിനായിരക്കണക്കിന് ആളുകളെ പാർപ്പിക്കാൻ ഉതകിയ വൻ ട്രെയിലർ സിറ്റി ക്രമീകരിക്കുന്നതിൽ സഹായിക്കാനുള്ള അവസരം എനിക്കു ലഭിച്ചു.
1958-ലെ ഏറ്റവും വലിയ കൺവെൻഷൻ ഉൾപ്പെടെയുള്ള ഈ കൂടിവരവുകൾക്കു ശേഷം രാജ്യപ്രസാധകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി. ഇതു ബെഥേലിലെ ഞങ്ങളുടെ പ്രവർത്തനത്തെ നേരിട്ടു ബാധിച്ചു. 1960-കളുടെ അവസാനത്തിലും 1970-കളുടെ ആരംഭത്തിലും, വേലക്കാരെ പാർപ്പിക്കാനായി ഞങ്ങൾക്കു കൂടുതൽ സ്ഥലവും മുറികളും ആവശ്യമായിവന്നു. വർധിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ കുടുംബത്തെ താമസിപ്പിക്കാനായി കൂടുതൽ കിടപ്പു മുറികളും അടുക്കളകളും, ഭോജന ശാലകളും ആവശ്യമായി വന്നു.
ഫാക്ടറി മേൽവിചാരകനായ മാക്സ് ലാർസൺ സഹോദരനോടും എന്നോടും വികസനത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ നോർ സഹോദരൻ ആവശ്യപ്പെട്ടു. 1957-ൽ ഞാൻ ബെഥേലിൽ വന്നപ്പോൾ 500-ഓളം അംഗങ്ങൾ ഉണ്ടായിരുന്നു. ഒരു വലിയ കെട്ടിടത്തിലായിരുന്നു അന്ന് എല്ലാവരും താമസിച്ചിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ സമീപത്തുള്ള മൂന്നു വലിയ ഹോട്ടലുകളും—ടവേഴ്സ്, സ്റ്റാൻഡിഷ്, ബോസെർറ്റ്—നിരവധി ചെറിയ അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും സൊസൈറ്റി വാങ്ങി പുതുക്കിയെടുത്തു. 1986-ൽ, മാർഗരറ്റ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന സ്ഥലം സൊസൈറ്റി വാങ്ങി. തുടർന്ന് അത് ഏതാണ്ട് 250 പേർക്കു താമസിക്കാവുന്ന ഒരു നല്ല പുത്തൻ കെട്ടിടമാക്കി മാറ്റി. പിന്നീട് 1990-കളുടെ ആരംഭത്തിൽ, കൂടുതലായി 1,000 ജോലിക്കാരെ പാർപ്പിക്കാനായി ഒരു 30 നില കെട്ടിടം നിർമിച്ചു. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ 3,300-ലധികം അംഗങ്ങൾക്കു പാർപ്പിടവും ആഹാരവും പ്രദാനം ചെയ്യാൻ ബ്രുക്ലിൻ ബെഥേലിൽ സൗകര്യങ്ങളുണ്ട്.
ബ്രുക്ലിൻ ബെഥേലിൽനിന്ന് ഏതാണ്ട് 160 കിലോമീറ്റർ അകലെയായി, ന്യൂയോർക്കിലെ വാൾക്കിലിലും സ്ഥലം വാങ്ങുകയുണ്ടായി. 1960-കളുടെ അവസാനം മുതൽ, താമസത്തിനായുള്ള കെട്ടിടങ്ങളും വലിയ അച്ചടിശാലയും അവിടെ നിർമിക്കുകയുണ്ടായി. ഇപ്പോൾ ഞങ്ങളുടെ ബെഥേൽ കുടുംബത്തിലെ 1,200-ഓളം അംഗങ്ങൾ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത് അവിടെയാണ്. 1980-ൽ, ന്യൂയോർക്ക് നഗരത്തിന് അടുത്തായി, ഹൈവേ സൗകര്യമുള്ള 600 ഏക്കറോളം സ്ഥലം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. വസ്തു ഇടപാടുകാരൻ ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചു: “അത്തരം ഒരു സ്ഥലം എവിടെ കിട്ടാനാണ്? അതൊന്നും നടക്കാൻ പോകുന്നില്ല.” എന്നാൽ പിറ്റേ ദിവസം രാവിലെ ഫോണിലൂടെ അദ്ദേഹം പറഞ്ഞു: “നിങ്ങൾക്കു വേണ്ട സ്ഥലം ഞാൻ കണ്ടിട്ടുണ്ട്.” ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രം എന്നാണ് ഇന്ന് അത് അറിയപ്പെടുന്നത്. അവിടെ വ്യത്യസ്ത സ്കൂളുകൾ നടത്തപ്പെടുന്നു. 1,300-ലധികം ശുശ്രൂഷകരുള്ള ഒരു കുടുംബവും അവിടെയുണ്ട്.
ഞാൻ പഠിച്ച പാഠങ്ങൾ
മറ്റുള്ളവരിൽ നിന്നു വിലയേറിയ ബുദ്ധ്യുപദേശം സ്വാഗതം ചെയ്യാൻ കഴിവുള്ള ഒരു വ്യക്തിയാണ് ഒരു നല്ല മേൽവിചാരകൻ എന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ബെഥേൽ മേൽവിചാരകൻ എന്ന നിലയിൽ നടപ്പാക്കാൻ എനിക്കു പദവി ലഭിച്ച മിക്ക ആശയങ്ങളും മറ്റുള്ളവരുടെ നിർദേശങ്ങൾ ആയിരുന്നു.
ഞാൻ ബെഥേലിൽ വന്നപ്പോൾ നിരവധി അംഗങ്ങൾ, ഇന്ന് ഞാൻ ആയിരിക്കുന്നതു പോലെ, പ്രായമുള്ളവർ ആയിരുന്നു. അവരിൽ മിക്കവരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. പ്രായംചെന്ന് മരിച്ച അവരുടെ സ്ഥാനത്ത് ആരാണ് ഇപ്പോൾ സേവിക്കുന്നത്? ഏറ്റവും പ്രാപ്തിയുള്ളവരല്ല മിക്കപ്പോഴും അവരുടെ സ്ഥാനത്ത് വരുന്നത്. മറിച്ച്, തങ്ങളുടെ നിയമനം വിശ്വസ്തതയോടെ നിറവേറ്റുന്ന, തങ്ങളെത്തന്നെ ലഭ്യമാക്കുന്ന വ്യക്തികളാണ് ആ സ്ഥാനത്തു സേവിക്കുന്നത്.
അനുസ്മരിക്കാനുള്ള മറ്റൊരു പ്രധാന ഘടകം ഒരു നല്ല ഭാര്യ ഉണ്ടായിരിക്കുന്നതിന്റെ പ്രയോജനമാണ്. ദിവ്യാധിപത്യ നിയമനങ്ങൾ നിവർത്തിക്കുന്നതിൽ എന്റെ പ്രിയ ഭാര്യയായ ഫേണിന്റെ പിന്തുണ ഒരു വലിയ സഹായം ആയിരുന്നിട്ടുണ്ട്. ഭാര്യമാർ തങ്ങളുടെ നിയമനങ്ങളിൽ ആനന്ദം കണ്ടെത്തുന്നു എന്ന് ഉറപ്പു വരുത്താനുള്ള ചുമതല ഭർത്താക്കന്മാർക്കുണ്ട്. ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന എന്തെങ്കിലുമൊക്കെ ആസൂത്രണം ചെയ്യാനായി ഞാൻ ശ്രമിക്കുന്നു. അതു വളരെ ചെലവേറിയത് ആയിരിക്കണം എന്നില്ല. പതിവു ദിനചര്യയിൽനിന്നുള്ള ഒരു മാറ്റമാണ് വേണ്ടത്. ഭാര്യയെ സന്തുഷ്ടയാക്കുന്ന കാര്യങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്വം ഭർത്താവിനാണ് ഉള്ളത്. ഭാര്യയോടൊപ്പം ചെലവഴിക്കുന്ന സമയം വളരെ വിലപിടിച്ചതും പെട്ടെന്നു തീർന്നു പോകുന്നതുമാണ്. അതുകൊണ്ട് അദ്ദേഹം അത് ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
യേശു പ്രതിപാദിച്ച അന്ത്യനാളുകളിൽ ജീവിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. മുഴു മാനവ ചരിത്രത്തിലെയും ഏറ്റവും അതിശയകരമായ സമയമാണ് ഇത്. വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ലോകത്തിനായി കർത്താവ് തന്റെ സ്ഥാപനത്തെ ഒരുക്കുന്നത് എങ്ങനെയെന്നു വിശ്വാസ നേത്രങ്ങൾകൊണ്ട് കാണുന്നതിനും ഗ്രഹിക്കുന്നതിനും നാം പ്രാപ്തരാണ്. യഹോവയുടെ സേവനത്തിലെ എന്റെ ജീവിത കാലത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, ഈ സ്ഥാപനത്തെ മുന്നോട്ടു നയിക്കുന്നത് മനുഷ്യരല്ല യഹോവയാണ് എന്ന് എനിക്കു കാണാൻ കഴിയുന്നു. നാം കേവലം അവന്റെ ദാസന്മാർ മാത്രമാണ്. ആയതിനാൽ, മാർഗനിർദേശത്തിനായി നാം എല്ലായ്പോഴും അവനിലേക്കാണു നോക്കേണ്ടത്. ചെയ്യേണ്ടത് എന്താണെന്ന് അവൻ വ്യക്തമാക്കി കഴിഞ്ഞാൽ നാം അതു മനസ്സോടെ അനുസരിക്കുകയും സഹകരിക്കുകയും മാത്രമേ വേണ്ടൂ.
സ്ഥാപനത്തോടു പൂർണമായി സഹകരിക്കുക. അപ്പോൾ നിങ്ങളുടെ ജീവിതം കൃതാർഥവും സന്തുഷ്ടവും ആയിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. നിങ്ങളുടെ പദവി—പയനിയറിങോ സർക്കിട്ട് വേലയോ ഒരു പ്രസാധകനായി സഭയോടൊത്തു സേവിക്കുന്നതോ ബെഥേൽ സേവനമോ മിഷനറി വേലയോ—എന്തുതന്നെ ആയിരുന്നാലും നൽകപ്പെട്ടിരിക്കുന്ന മാർഗനിർദേശങ്ങൾ അനുസരിക്കുക, നിങ്ങളുടെ നിയമനത്തോടു വിലമതിപ്പുള്ളവർ ആയിരിക്കുക. ലഭിക്കുന്ന ഏതൊരു നിയമനവും യഹോവയുടെ സേവനത്തിലെ ഓരോ ദിവസവും ആസ്വദിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക. ചിലപ്പോൾ നിങ്ങൾ ക്ഷീണിതനോ നിരുത്സാഹിതനോ ആയേക്കാം, നിങ്ങൾക്കു കൂടുതൽ അധ്വാനിക്കേണ്ടി വന്നേക്കാം. അപ്പോഴാണ് നിങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചതിന്റെ ഉദ്ദേശ്യം നിങ്ങൾ ഓർക്കേണ്ടത്. നിങ്ങളുടെ ഹിതമല്ല, അവന്റെ ഹിതം ചെയ്യാനാണ് നിങ്ങൾ സ്വയം സമർപ്പിച്ചത്.
ഞാൻ എന്റെ ജോലി ആസ്വദിക്കാത്ത ഒരു ദിവസം പോലുമില്ല. എന്താണ് അതിന്റെ കാരണം? കാരണമിതാണ്: യഹോവയ്ക്കു നാം മുഴുദേഹിയോടെ സ്വയം സമർപ്പിക്കുമ്പോൾ, ‘ചെയ്യേണ്ടതേ നമ്മൾ ചെയ്തിട്ടുള്ളൂ’ എന്ന് അറിയുന്നതിന്റെ സംതൃപ്തി നമുക്ക് ഉണ്ടായിരിക്കും.
[19-ാം പേജിലെ ചിത്രം]
ബാൾട്ടിമോറിലെ പയനിയറിങ്, വർഷം 1946
[19-ാം പേജിലെ ചിത്രം]
ഫേണുമൊത്ത് ട്രെയിലർ സിറ്റിയിൽ, വർഷം 1950
[19-ാം പേജിലെ ചിത്രം]
മാസികാ ഡിപ്പാർട്ട്മെന്റ്
[19-ാം പേജിലെ ചിത്രം]
ട്രെയിലർ സിറ്റി, വർഷം 1950
[22-ാം പേജിലെ ചിത്രം]
ഓഡ്രിയും നാഥാൻ നോറുമൊത്ത്
[23-ാം പേജിലെ ചിത്രം]
ന്യൂയോർക്കിലെ പാറ്റേഴ്സണ് അടുത്തുള്ള വാച്ച് ടവർ വിദ്യാഭ്യാസ കേന്ദ്രം
[24-ാം പേജിലെ ചിത്രം]
ഫേണുമൊത്ത് ഇന്ന്