വിശുദ്ധ സേവന പദവികളെ അതിയായി വിലമതിക്കൽ
വിശുദ്ധ സേവന പദവികൾ വിലകുറച്ചു കാണാനുള്ളവയല്ല. പുരാതന യഹൂദയിലെ പുരോഹിതന്മാർ യഹോവയുടെ ആലയവുമായി ബന്ധപ്പെട്ട തങ്ങളുടെ പദവികളോടു നിസ്സംഗതാ മനോഭാവം പ്രകടിപ്പിച്ചപ്പോൾ, അവൻ അവരെ ശക്തമായി താക്കീതുചെയ്തു. (മലാഖി 1:6-14) കൂടാതെ, വിശുദ്ധ സേവനത്തോടുള്ള ബന്ധത്തിൽ തങ്ങൾ സ്വീകരിച്ചിരുന്ന ഉത്തരവാദിത്വങ്ങളെ വിലകുറച്ചു കാണാൻ ചില ഇസ്രായേല്യർ നാസീർ വ്രതക്കാരെ പ്രേരിപ്പിച്ചപ്പോൾ, പാപികളായ ആ ഇസ്രായേല്യരെ യഹോവ ശാസിച്ചു. (ആമോസ് 2:11-16, NW) സത്യക്രിസ്ത്യാനികളും വിശുദ്ധ സേവനത്തിൽ ഏർപ്പെടുന്നു. അവർ അതിനെ ഗൗരവമായി വീക്ഷിക്കുകയും ചെയ്യുന്നു. (റോമർ 12:1) ഈ വിശുദ്ധ സേവനത്തിന് അനേകം വശങ്ങളുണ്ട്. അവയെല്ലാം പ്രാധാന്യം അർഹിക്കുന്നവയുമാണ്.
ഭൂമിയിൽ ആയിരുന്നപ്പോൾ യേശു തന്റെ അനുഗാമികളെ ദൈവരാജ്യത്തിന്റെ ഘോഷകരാകാൻ പരിശീലിപ്പിച്ചു. ക്രമേണ അവരുടെ സന്ദേശം ഭൂമിയുടെ അറ്റങ്ങളോളം എത്തുമായിരുന്നു. (മത്തായി 28:19, 20; പ്രവൃത്തികൾ 1:8) ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാന നാളുകളിൽ ഈ പ്രസംഗ പ്രവർത്തനം കൂടുതൽ അടിയന്തിരതയോടെ നിർവഹിക്കപ്പെടുകയാണ്.
യഹോവയുടെ സാക്ഷികളായ എല്ലാവരും ഈ വേലയിൽ പങ്കുപറ്റുന്നു. പയനിയർമാരെന്ന നിലയിൽ അപ്രകാരം പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ലക്ഷക്കണക്കിന് ആളുകൾ സന്തോഷിക്കുന്നു. ലോക വ്യാപക വേലയിലെ സുപ്രധാന ആവശ്യങ്ങൾ നിവർത്തിക്കാനായി ആയിരങ്ങൾ വിശുദ്ധ സേവനത്തിന്റെ വിവിധ മേഖലകളിൽ—ബെഥേലിലെ പ്രത്യേക മുഴുസമയ സേവനം, സർക്കിട്ട്-ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർ ആയുള്ള സഞ്ചാര വേല, മിഷനറി സേവനം തുടങ്ങിയവയിൽ—സ്വയം ലഭ്യമാക്കിയിരിക്കുന്നു. അത്തരം പ്രത്യേക സേവനത്തിൽ തുടരാൻ ആഗ്രഹിക്കുന്നവരുടെ ഭാഗത്ത് ഇത് എന്ത് അർഥമാക്കുന്നു?
അടിയന്തിര കുടുംബ ആവശ്യങ്ങൾ സംജാതമാകുമ്പോൾ
പ്രത്യേക മുഴുസമയ സേവനം സ്വീകരിക്കുന്നതിനു മുമ്പ്, ഒരു വ്യക്തി മിക്കപ്പോഴും തന്റെ ജീവിതത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്. എന്നാൽ എല്ലാവർക്കും അതു ചെയ്യുക സാധ്യമല്ല. ഒരു വ്യക്തിക്ക് അതിനോടകംതന്നെ ഉള്ള തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങൾ അതിനു തടസ്സമായേക്കാം. പ്രത്യേക സേവനത്തിൽ ആയിരിക്കുന്നവർ അടിയന്തിര കുടുംബ ആവശ്യങ്ങൾ, ഒരുപക്ഷേ പ്രായമായ മാതാപിതാക്കളോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുമ്പോൾ എന്തു സംഭവിക്കുന്നു? പിൻവരുന്നതു പോലുള്ള ബൈബിൾ തത്ത്വങ്ങളും ബുദ്ധ്യുപദേശങ്ങളും ആവശ്യമായ മാർഗനിർദേശം പ്രദാനം ചെയ്യുന്നു.
യഹോവയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റി ആയിരിക്കണം നമ്മുടെ മുഴു ജീവിതവും പടുത്തുയർത്തപ്പെടേണ്ടത്. (സഭാപ്രസംഗി 12:13; മർക്കൊസ് 12:28-30) നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന വിശുദ്ധ കാര്യാദികൾ അതിയായി വിലമതിക്കപ്പെടേണ്ടവയാണ്. (ലൂക്കൊസ് 1:74, 75, NW; എബ്രായർ 12:16, NW) താൻ മുൻഗണന കൊടുത്തിരുന്ന കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടിയിരുന്ന ഒരു മനുഷ്യനോട് അയാൾ ദൈവരാജ്യ ഘോഷണത്തിൽ പൂർണമായി വ്യാപൃതനാകേണ്ടതുണ്ടെന്ന് ഒരിക്കൽ യേശു പ്രസ്താവിച്ചു. തന്റെ പിതാവിന്റെ മരണംവരെ അത്തരം പ്രവർത്തനങ്ങൾ മാറ്റിവെക്കാൻ ആയിരുന്നു അയാളുടെ ഉദ്യമം എന്നതു സ്പഷ്ടം. (ലൂക്കൊസ് 9:59, 60) അതേസമയം, തന്റെ സകല സമ്പാദ്യവും ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് “തന്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെ”യ്യാതിരിക്കുന്ന വ്യക്തികളുടെ തെറ്റായ ചിന്താഗതിയെ യേശു തുറന്നു കാണിക്കുകയും ചെയ്തു. (മർക്കൊസ് 7:9-13) മാതാപിതാക്കളും വല്യമ്മ വല്യപ്പന്മാരും ഉൾപ്പെടെ, “തനിക്കുള്ളവർക്കു” വേണ്ടി കരുതാനുള്ള ഗൗരവമായ ഉത്തരവാദിത്വത്തെ അപ്പൊസ്തലനായ പൗലൊസും വ്യക്തമാക്കി.—1 തിമൊഥെയൊസ് 5:3-8.
അടിയന്തിര ആവശ്യങ്ങൾ ഉയർന്നു വരുമ്പോൾ, പരിപാലനമേകാനായി പ്രത്യേക സേവനത്തിലുള്ളവർ തങ്ങളുടെ നിയമനം ഉപേക്ഷിക്കേണ്ടതുണ്ട് എന്ന് ഇത് അർഥമാക്കുന്നുണ്ടോ? ഇതിനുള്ള ഉത്തരത്തിൽ അനേകം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ ഇതൊരു വ്യക്തിപരമായ തീരുമാനമാണ്. (ഗലാത്യർ 6:5) തങ്ങളുടെ നിയമനത്തെ പ്രിയങ്കരമായി കരുതിയിരുന്നെങ്കിലും, മാതാപിതാക്കൾക്ക് ആവശ്യമായ സഹായം നൽകാനായി അവരോടൊപ്പം ആയിരിക്കാൻ തീരുമാനിച്ചവർ ചുരുക്കമല്ല. എന്തുകൊണ്ട്? അവരുടെ അവസ്ഥ വളരെ നിർണായകം ആയിരുന്നേക്കാം, സഹായമേകാൻ കഴിയുന്ന മറ്റൊരു കുടുംബാംഗം ഇല്ലായിരുന്നേക്കാം, ആവശ്യമായിരുന്നതു പ്രദാനം ചെയ്യാൻ പ്രാദേശിക സഭയ്ക്കു കഴിയാതെ വന്നിരിക്കാം. സഹായം പ്രദാനം ചെയ്യവേ, പയനിയറിങ് ചെയ്യാൻ ചിലർക്കു സാധിച്ചിരിക്കുന്നു. കുടുംബത്തിന്റെ ആവശ്യത്തിനായി കരുതിയ ശേഷം, വീണ്ടും പ്രത്യേക മുഴുസമയ സേവനത്തിൽ പ്രവേശിക്കാൻ മറ്റു ചിലർക്കു സാധിച്ചിട്ടുണ്ട്. എന്നാൽ, മിക്ക കേസുകളിലും പ്രശ്നം മറ്റു വിധങ്ങളിൽ കൈകാര്യം ചെയ്യുക സാധ്യമായിരുന്നിട്ടുണ്ട്.
ഉത്തരവാദിത്വം വഹിക്കൽ
അടിയന്തിര ആവശ്യങ്ങൾ ഉയർന്നു വന്നപ്പോൾ, തങ്ങളുടെ നിയമനം ഉപേക്ഷിക്കാതെ തന്നെ അത്തരം കാര്യാദികൾക്കു ശ്രദ്ധ കൊടുക്കാൻ പ്രത്യേക മുഴുസമയ സേവനത്തിലുള്ള ചിലർക്കു സാധിച്ചിരിക്കുന്നു. അനേകം ദൃഷ്ടാന്തങ്ങളിൽ ചിലതു പരിചിന്തിക്കുക.
യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തു സേവിക്കുന്ന ഒരു ദമ്പതികൾ ബെഥേൽ സേവനത്തിൽ പ്രവേശിച്ചത് 1978-ൽ ആയിരുന്നു. അതിനുമുമ്പ് അവർ സർക്കിട്ട് വേലയിലും ഡിസ്ട്രിക്റ്റ് വേലയിലും പങ്കുപറ്റിയിരുന്നു. ദിവ്യാധിപത്യ സ്ഥാപനത്തിൽ ഭാരിച്ച ഉത്തരവാദിത്വം ഉൾപ്പെട്ട ഒരു നിയമനമാണ് ആ സഹോദരൻ നിർവഹിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും സഹായം ആവശ്യമായി വന്നു. പരിചരണമേകാനായി ഈ ബെഥേൽ ദമ്പതികൾ വർഷത്തിൽ മൂന്നോ നാലോ പ്രാവശ്യം മാതാപിതാക്കളെ സന്ദർശിച്ചിരിക്കുന്നു. മാതാപിതാക്കളെ സന്ദർശിച്ച് തിരിച്ചു വരുന്നതിന് അവർ ഏതാണ്ട് 3,500 കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടതുണ്ട്. മാതാപിതാക്കളുടെ ആവശ്യത്തിന് അവർ സ്വന്തമായി ഒരു വീടു പണിതു കൊടുത്തു. അടിയന്തിര വൈദ്യസഹായം പ്രദാനം ചെയ്യുന്നതിനായും അവർ അവരെ സന്ദർശിച്ചിരിക്കുന്നു. വാസ്തവത്തിൽ, ഈ ഉത്തരവാദിത്വം നിറവേറ്റാനായാണ് കഴിഞ്ഞ 20 വർഷമായി അവർ തങ്ങളുടെ മുഴു അവധിയും ചെലവഴിച്ചിരിക്കുന്നത്. അവർ മാതാപിതാക്കളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നാൽ തങ്ങളുടെ വിശുദ്ധ സേവനത്തിന്റെ പദവികളെയും അവർ വിലമതിക്കുന്നു.
സഞ്ചാര വേലയിൽ 36 വർഷം സേവിച്ചശേഷമാണ് മറ്റൊരു സഹോദരനു തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിപരമായ സാഹചര്യങ്ങളിലൊന്ന് എന്ന് അദ്ദേഹം വർണിക്കുന്ന ഒരു പ്രശ്നം നേരിടേണ്ടി വന്നത്. അദ്ദേഹത്തിന്റെ 85 വയസ്സുണ്ടായിരുന്ന അമ്മായിയമ്മയ്ക്കു പരസഹായം ആവശ്യമായി വന്നു. യഹോവയുടെ ഒരു വിശ്വസ്ത ദാസി ആയിരുന്ന അവർ തങ്ങളോടൊപ്പം താമസിക്കുന്നതു സൗകര്യപ്രദമല്ലെന്ന് അവരുടെ മിക്ക മക്കളും കരുതി. സഞ്ചാര മേൽവിചാരകനും ഭാര്യയും തങ്ങളുടെ സേവനം ഉപേക്ഷിച്ച് കുടുംബത്തിനായി അമ്മയുടെ പരിചരണം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഒരു ബന്ധു അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ദമ്പതികൾ തങ്ങളുടെ വിലയേറിയ സേവനം വിട്ടുകളഞ്ഞില്ല. അതേസമയം അവർ അമ്മയുടെ ആവശ്യങ്ങൾക്കു നേരെ കണ്ണടച്ചതുമില്ല. തുടർന്നുള്ള ഒമ്പതു വർഷം മിക്കപ്പോഴും അമ്മ അവരോടൊപ്പമായിരുന്നു താമസിച്ചത്. ആദ്യം സഞ്ചരിക്കുന്ന ഒരു ഭവനത്തിലായിരുന്നു അവരുടെ താമസം. തുടർന്ന്, ഓരോ സർക്കിട്ടും പ്രദാനം ചെയ്ത അപ്പാർട്ടുമെന്റുകളിൽ അവർ താമസിച്ചു. സ്നേഹമസൃണമായ മുഴുസമയ പരിചരണം പ്രദാനം ചെയ്യാനായി ഭാര്യ അമ്മയോടൊപ്പം തങ്ങിയപ്പോൾ, ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകൻ ആയിരുന്ന സഹോദരൻ തന്റെ നിയമനം നിവർത്തിക്കാനായി യാത്ര ചെയ്തുകൊണ്ടിരുന്നു. ഓരോ ആഴ്ചയും ഞായറാഴ്ചത്തെ യോഗങ്ങൾക്കു ശേഷം, അവരെ സഹായിക്കാനായി അദ്ദേഹം ദീർഘദൂര യാത്രകൾ തന്നെ നടത്തിയിരുന്നു. സാഹചര്യം മനസ്സിലാക്കിയ നിരവധി പേർ അവരുടെ പ്രവർത്തനത്തോട് ആഴമായ വിലമതിപ്പു പ്രകടമാക്കി. ക്രമേണ മറ്റു കുടുംബാംഗങ്ങളും കുറേ സഹായിക്കാൻ മനസ്സൊരുക്കം കാട്ടി. തങ്ങളുടെ പ്രത്യേക മുഴുസമയ സേവന പദവിയോട് അടുത്തു പറ്റിനിന്നതുകൊണ്ട് ആത്മത്യാഗികളായ ഈ ദമ്പതികളുടെ സേവനത്തിൽനിന്ന് യഹോവയുടെ ആയിരക്കണക്കിനു ദാസന്മാർ പ്രയോജനം നേടുന്നു.
കുടുംബാംഗങ്ങളുടെ സഹകരണത്തോടെ
പ്രത്യേക മുഴുസമയ സേവനത്തിന്റെ മൂല്യത്തെ കുടുംബാംഗങ്ങൾ വിലമതിക്കുന്ന പക്ഷം, തങ്ങളിൽ ചിലർക്കെങ്കിലും ഈ പദവിയിൽ പങ്കുപറ്റത്തക്കവണ്ണം അവർ സഹകരിച്ചേക്കാം.
കുടുംബ സഹകരണത്തിന്റെ അത്തരം മനോഭാവം പശ്ചിമാഫ്രിക്കയിൽ മിഷനറിമാരായി സേവിക്കുന്ന കാനഡക്കാരായ ഒരു ദമ്പതികൾക്കു പ്രയോജനം ചെയ്തു. ഒന്നും സംഭവിക്കുകയില്ല എന്നു വിചാരിച്ചുകൊണ്ട്, അടിയന്തിര ആവശ്യം ഉണ്ടാകുന്നതുവരെ അവർ കൈയുംകെട്ടിയിരുന്നില്ല. വിദേശ സേവനത്തിനുള്ള ഒരുക്കമെന്ന നിലയിൽ വാച്ച് ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദിൽ പ്രവേശിക്കുന്നതിനു മുമ്പ്, രോഗിയോ അബലയോ ആകുന്നപക്ഷം അമ്മയ്ക്കു പരിചരണമേകുന്നതു സംബന്ധിച്ച് സഹോദരൻ തന്റെ അനുജനുമായി കൂടിയാലോചിച്ചു. അമ്മയോടു സ്നേഹവും അതുപോലെതന്നെ മിഷനറി സേവനത്തിന്റെ മൂല്യത്തോടു വിലമതിപ്പും പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുജൻ പറഞ്ഞു: “എനിക്കു പിള്ളേരും കുടുംബവും ഒക്കെ ഉണ്ട്. അധികം ദൂരേയ്ക്കു പോകുന്നതിനോ ജ്യേഷ്ഠനെപ്പോലെ ഒരു മിഷനറി ആകുന്നതിനോ എനിക്കു സാധിക്കില്ല. അതുകൊണ്ട് മമ്മിക്ക് എന്തെങ്കിലും സംഭവിക്കുന്നപക്ഷം ഞാൻ നോക്കിക്കൊള്ളാം.”
തെക്കേ അമേരിക്കയിൽ മിഷനറിമാരായി സേവിക്കുന്ന ഒരു ദമ്പതികൾക്ക്, സഹോദരിയുടെ പ്രായമായ അമ്മയ്ക്കു പരിചരണമേകുന്നതിൽ ഭാര്യാ വീട്ടുകാരിൽനിന്നു വളരെയധികം സഹായം ലഭിച്ചു. മിഷനറി സഹോദരിയുടെ ജ്യേഷ്ഠത്തിക്ക് ഒരു മാരക രോഗം പിടിപെടുന്നതുവരെ അവരും ഭർത്താവും അമ്മയ്ക്കു വേണ്ടി കരുതി. അതിനു ശേഷമോ? ഏത് ഉത്കണ്ഠയും നീക്കുന്നതിന്, സഹോദരീ ഭർത്താവ് ഇങ്ങനെ എഴുതി: “ഞാനും എന്റെ കുട്ടികളും ജീവനോടിരിക്കുന്ന കാലത്തോളം നിങ്ങൾ മിഷനറി സേവനം നിർത്തേണ്ടതില്ല.” മിഷനറി സഹോദരിയുടെ ഒരു അനുജത്തിയും ഭർത്താവും വീടുവിട്ട് പരിചരണമേകാനായി അമ്മയുടെ വീട്ടിലേക്കു മാറിത്താമസിച്ചപ്പോൾ കൂടുതൽ സഹായം ലഭ്യമായി. അമ്മയുടെ മരണംവരെ അവർ സഹായമേകി. എത്ര നല്ല സഹകരണ മനോഭാവം! അവർ എല്ലാവരും മിഷനറി സേവനത്തിനു പിന്തുണയേകുന്നതിൽ സഹായിക്കുകയായിരുന്നു.
യഹോവയ്ക്കു സൗജന്യമായി നൽകുന്ന മാതാപിതാക്കൾ
മാതാപിതാക്കൾ വിശുദ്ധ സേവനത്തോടു മിക്കപ്പോഴും മുന്തിയ വിലമതിപ്പു പ്രകടമാക്കുന്നു. യഹോവയെ ബഹുമാനിക്കാനായി മാതാപിതാക്കൾക്ക് അർപ്പിക്കാൻ കഴിയുന്ന ഏറ്റവും വിലയേറിയ സമ്പത്ത് അവരുടെ കുട്ടികളാണ്. (സദൃശവാക്യങ്ങൾ 3:9) അനേകം ക്രിസ്തീയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ മുഴുസമയ സേവനത്തിൽ പ്രവേശിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അവരിൽ ചിലർക്ക്, തന്റെ പുത്രനായ ശമൂവേലിനെ “എന്നേക്കും” അതായത്, അവന്റെ “ജീവിതകാലമത്രയും” യഹോവയെ സേവിക്കാനായി നൽകിയ ഹന്നായുടെ വികാരമാണ് ഉള്ളത്.—1 ശമൂവേൽ 1:22, 28, ഓശാന ബൈ.
അത്തരം മനോഭാവം പ്രകടമാക്കിയ ഒരു മാതാവ് ആഫ്രിക്കയിലുള്ള തന്റെ മകൾക്ക് എഴുതി: “നിനക്കുള്ള വിലയേറിയ പദവിക്കായി ഞങ്ങൾ യഹോവയോടു നന്ദി പറയുന്നു. നിന്നെ കുറിച്ചുള്ള ഞങ്ങളുടെ പ്രതീക്ഷ നീ നിറവേറ്റി.” മറ്റൊരു അവസരത്തിൽ അവർ പറഞ്ഞു: “നിന്നെ പിരിഞ്ഞിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങൾ അനുഭവിക്കണം എന്നതു ശരിതന്നെ. എന്നാൽ യഹോവ നിനക്കായി കരുതുന്നതു കാണുന്നത് എത്ര സന്തോഷകരമാണ്!”
വൃദ്ധ മാതാപിതാക്കൾക്ക് ആവശ്യമായ പരിപാലനം പ്രദാനം ചെയ്യുന്നതിൽ നേരിട്ട നിരവധി സാഹചര്യങ്ങൾ പുനരവലോകനം ചെയ്തശേഷം ഇക്വഡോറിലുള്ള ഒരു മിഷനറി ഇങ്ങനെ എഴുതി: “എനിക്കും ഭാര്യയ്ക്കും ലഭിച്ചിരിക്കാവുന്ന ഏറ്റവും ശക്തമായ പിന്തുണ പപ്പായുടെ പ്രാർഥന ആയിരുന്നു എന്നാണു ഞാൻ കരുതുന്നത്. പപ്പായുടെ മരണശേഷം മമ്മി ഞങ്ങളോടു പറഞ്ഞു: ‘നിയമനത്തിൽ തുടരാൻ നിങ്ങളെ രണ്ടുപേരെയും അനുവദിക്കേണം എന്നു പപ്പാ യഹോവയുടെ പ്രാർഥിക്കാത്ത ഒറ്റ ദിവസം പോലുമില്ല.’”
യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള ഒരു വൃദ്ധ ദമ്പതികൾ തങ്ങളുടെ ഒരു മകൻ മുഴുസമയ സേവനം ആസ്വദിക്കുന്നതിൽ വളരെ സന്തോഷിച്ചു. അമ്മ മരിച്ചപ്പോൾ ആ മകനും ഭാര്യയും സ്പെയിനിൽ ആയിരുന്നു. പിതാവിനു പരിചരണമേകാൻ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടെന്നു കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കു തോന്നി. എന്നാൽ ലൗകിക ജോലിയും കുട്ടികളെ വളർത്തുന്നതു പോലുള്ള കാര്യാദികളും നിമിത്തം തങ്ങൾക്ക് ആ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ല എന്നാണ് അവർ കരുതിയത്. അതുകൊണ്ട്, പ്രത്യേക മുഴുസമയ സേവനത്തിൽ ആയിരുന്ന ഈ ദമ്പതികൾ മടങ്ങിവന്ന് പിതാവിനെ പരിചരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 79-ാം വയസ്സിലും പിതാവിനു നല്ല ആരോഗ്യം ഉണ്ടായിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിനു വ്യക്തമായ ആത്മീയ വീക്ഷണവും ഉണ്ടായിരുന്നു. ഒരു കുടുംബ യോഗത്തിൽവെച്ച്, മറ്റംഗങ്ങൾ തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിച്ചശേഷം, ഈ പിതാവ് എഴുന്നേറ്റു നിന്ന് ദൃഢതയോടെ ഇങ്ങനെ പ്രസ്താവിച്ചു: “അവർ സ്പെയിനിലേക്കു മടങ്ങിപ്പോയി തങ്ങളുടെ വേല തുടരാനാണ് എന്റെ ആഗ്രഹം.” അവർ അങ്ങനെ ചെയ്തു. എന്നാൽ അവർ അദ്ദേഹത്തെ കാര്യമായ വിധങ്ങളിൽ സഹായിക്കുകയും ചെയ്തു. ഇപ്പോൾ അവർ സ്പെയിനിൽ സർക്കിട്ട് വേല ആസ്വദിക്കുന്നു. ആ കുടുംബ യോഗത്തിനു ശേഷം മറ്റു കുടുംബാംഗങ്ങൾ ഈ ദമ്പതികളുടെ വിദേശ സേവനത്തോടു വിലമതിപ്പു കാണിച്ചിരിക്കുന്നു. പല വർഷങ്ങൾക്കു ശേഷം മറ്റൊരു മകൻ പിതാവിനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുകയും അദ്ദേഹത്തിന്റെ മരണംവരെ പരിചരിക്കുകയും ചെയ്തു.
യു.എസ്.എ.-യിലെ പെൻസിൽവേനിയയിൽ, 40-തോളം വർഷം പയനിയറായി സേവിച്ച ഒരു അഭിഷിക്ത സഹോദരന്റെ ഭാര്യയ്ക്കു ഗുരുതരമായ രോഗം പിടിപെട്ടു മരിച്ചപ്പോൾ അദ്ദേഹത്തിന് 90-ലധികം വയസ്സുണ്ടായിരുന്നു. അനേകം ആത്മീയ മക്കളെ കൂടാതെ അദ്ദേഹത്തിന് ഒരു മകനും മൂന്നു പുത്രിമാരും ഉണ്ടായിരുന്നു. തന്റെ ഭർത്താവിനോടൊപ്പം മിഷനറി വേലയിലും സഞ്ചാര വേലയിലും ബെഥേലിലും മറ്റുമായി 40-ലധികം വർഷമായി മുഴുസമയം സേവിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഒരു മകൾ. ആവശ്യമായ പരിപാലനം പ്രദാനം ചെയ്യത്തക്കവണ്ണം കാര്യാദികൾ ക്രമീകരിക്കാൻ ഈ സഹോദരി സഹായിച്ചു. അദ്ദേഹത്തെ യോഗങ്ങൾക്കായി രാജ്യഹാളിലേക്കു കൊണ്ടുപോകാനും പ്രാദേശിക സഹോദരന്മാർ സഹായിച്ചു. പിന്നീട് തന്റെ ഭർത്താവിന്റെ മരണശേഷം, പിതാവിനെ പരിചരിക്കാനായി താൻ ബെഥേൽ സേവനം ഉപേക്ഷിക്കണമോ എന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു. വിശുദ്ധ കാര്യങ്ങളോട് അദ്ദേഹത്തിന് അതിയായ വിലമതിപ്പുണ്ട്. തന്റെ ആവശ്യങ്ങൾ മറ്റു വിധങ്ങളിൽ നടന്നുകൊള്ളും എന്ന് അദ്ദേഹം വിചാരിച്ചു. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ മറുപടി കൊടുത്തു: “നിനക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ സംഗതിയാണ് അത്. അതിനായി ഞാൻ നിന്നെ അനുവദിക്കുന്നപക്ഷം അത് അതിലും മോശമായിരിക്കും.”
പിന്തുണയേകുന്ന സഭകൾ
പ്രത്യേക മുഴുസമയ സേവനത്തിൽ ഉള്ളവരുടെ പ്രായമേറിയ മാതാപിതാക്കൾക്കായി കരുതുന്നതിൽ ചില സഭകൾ നല്ല സഹായം പ്രദാനം ചെയ്തിരിക്കുന്നു. അത്തരം സേവനത്തിൽ അനേക വർഷങ്ങൾ ചെലവഴിച്ച ആളുകളെ സഭ വിശേഷാൽ വിലമതിക്കുന്നു. തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് അവരെ ഒഴിവുള്ളവരാക്കുക സാധ്യമല്ലെങ്കിലും, അവരുടെ പ്രത്യേക നിയമനങ്ങളിൽ തുടരത്തക്കവണ്ണം ഭാരം ലഘൂകരിക്കാൻ ഇത്തരം സഭകൾ വളരെയധികം യത്നിക്കുന്നു.
ജർമനിയിൽ നിന്നുള്ള ഒരു ദമ്പതികൾ 17 വർഷത്തോളമായി വിദേശത്തു സേവിക്കുകയായിരുന്നു. കൂടുതൽ സമയവും സഞ്ചാര വേലയിൽ ആയിരുന്നു അവർ. അപ്പോഴാണ് അദ്ദേഹത്തിന്റെ അമ്മയുടെ ആവശ്യങ്ങൾ വർധിച്ചത്. അതിനുശേഷം ഓരോ വർഷവും, അമ്മയ്ക്കു സഹായമേകാൻ അവർ തങ്ങളുടെ അവധി ഉപയോഗിച്ചു. സാക്ഷികളായ അയൽക്കാരും സ്നേഹപുരസ്സരമായ സഹായം പ്രദാനം ചെയ്തു. മുഴുസമയ സേവനത്തിൽ ഏർപ്പെടുന്ന ഈ ദമ്പതികൾ ഒരു അടിയന്തിര ഘട്ടത്തിൽ അമ്മയെ പരിചരിക്കവേ, അവരെ കാണാനായി പ്രാദേശിക സഭയിലെ മൂപ്പന്മാർ ക്രമീകരണം ചെയ്തു. അമ്മയ്ക്കുവേണ്ടി ഈ ദമ്പതികൾ ക്രമമായി ചെയ്യുന്നതു സംബന്ധിച്ച് അവർ തികച്ചും ബോധമുള്ളവർ ആയിരുന്നു. അവരുടെ പ്രത്യേക സേവനത്തിന്റെ മൂല്യത്തെയും ഈ മൂപ്പന്മാർ വിലമതിച്ചിരുന്നു. അതുകൊണ്ട്, അമ്മയ്ക്കു പരിചരണമേകാനായി ഒരു നിർദിഷ്ട പദ്ധതി അവർ വിശദീകരിച്ചു. എന്നിട്ട് അവർ ഇങ്ങനെ പറഞ്ഞു: “നിയമനത്തോടൊപ്പം നിങ്ങൾ ചെയ്യുന്നതിലധികം ചെയ്യാൻ നിങ്ങൾക്കു സാധ്യമല്ല; സ്പെയിനിലെ നിങ്ങളുടെ നിയമനത്തിൽ തുടരത്തക്കവണ്ണം ഞങ്ങൾ നിങ്ങളെ സഹായിക്കും.” കഴിഞ്ഞ ഏഴു വർഷമായി ഈ മൂപ്പന്മാർ സഹായിക്കുന്നതിൽ തുടരുകയാണ്.
സമാനമായി, 1967 മുതൽ സെനെഗലിൽ സേവിക്കുന്ന ഒരു സഹോദരനു തന്റെ പിതാവിന്റെ താമസസ്ഥലത്തുള്ള സഭയിൽനിന്ന് സ്നേഹപുരസ്സരമായ നല്ല പിന്തുണ ലഭിച്ചു. ഒരു പ്രതിസന്ധി ഉളവായപ്പോൾ ഈ സഹോദരൻ സ്നേഹമയിയായ തന്റെ ഭാര്യയുടെ മനസ്സാലെയുള്ള സഹകരണത്തോടെ, മാതാപിതാക്കളെ സഹായിക്കാനായി ഐക്യനാടുകളിലേക്കു തനിച്ച് യാത്രചെയ്തു. മാസങ്ങളോളം അവിടെ തങ്ങേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. സാഹചര്യം വളരെ ക്ലേശകരമായിരുന്നു. എന്നാൽ തനിക്കു ചെയ്യാൻ കഴിഞ്ഞത് അദ്ദേഹം ചെയ്തപ്പോൾ, സഹായിക്കാനായി സഭ രംഗത്തുവന്നു. അങ്ങനെ അദ്ദേഹത്തിനു തന്റെ മിഷനറി സേവനത്തിൽ തുടരാനായി. ഏതാണ്ട് 18 വർഷം, എണ്ണമറ്റ വിധങ്ങളിൽ സഭ അവരെ—ആദ്യം പിതാവിനെയും (സഹായിച്ചവരിൽ പലരെയും അദ്ദേഹം തിരിച്ചറിഞ്ഞുപോലുമില്ല) പിന്നെ മാതാവിനെയും—സ്നേഹപൂർവം സഹായിച്ചു. അതു മകനെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവുള്ളവനാക്കിയോ? ഇല്ല; തന്റെ കഴിവിന്റെ പരമാവധി സഹായം പ്രദാനം ചെയ്യാനായി അദ്ദേഹം മിക്കപ്പോഴും സെനെഗലിൽനിന്നു യാത്ര ചെയ്യുകയും തന്റെ അവധി അതിനായി ചെലവഴിക്കുകയും ചെയ്തു. എന്നാൽ, കഠിനാധ്വാനികളായ ഒരു ദമ്പതികളെ സെനെഗലിൽ പ്രത്യേക മുഴുസമയ സേവനത്തിൽ തുടരാൻ സഹായിക്കുന്നതിൽ തങ്ങൾക്ക് ഒരു പങ്കുണ്ട് എന്നറിയുന്നതിന്റെ സന്തോഷം ആ സഭയിലെ മിക്കവർക്കും ഉണ്ട്.
സുവിശേഷത്തിനു വേണ്ടി സകലതും വിടുന്നവർക്ക് സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും കുട്ടികളെയും നൂറു മടങ്ങായി ലഭിക്കുമെന്ന് യേശു പ്രസ്താവിക്കുകയുണ്ടായി. (മർക്കൊസ് 10:29, 30) യഹോവയുടെ ദാസന്മാരുടെ ഇടയിൽ ഇതു തീർച്ചയായും സത്യമാണ്. മാതാപിതാക്കളെച്ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നു മാതാപിതാക്കളുടെ സഭയിലുള്ള രണ്ടു സാക്ഷികൾ പറഞ്ഞപ്പോൾ, ഇപ്പോൾ പശ്ചിമാഫ്രിക്കയിലെ ബെനിനിൽ സേവിക്കുന്ന ഒരു ദമ്പതികൾ ഇത് ഒരു പ്രത്യേക വിധത്തിൽ അനുഭവിച്ചറിഞ്ഞു. ആ സാക്ഷികൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളുടെ മാതാപിതാക്കൾ ഞങ്ങളുടെയും മാതാപിതാക്കളാണ്.”
അതേ, വിശുദ്ധ സേവനത്തിന്റെ പദവികളെ അതിയായി വിലമതിക്കുന്നു എന്ന് നമുക്ക് അനേകം വിധങ്ങളിൽ പ്രകടമാക്കാനാകും. എന്നാൽ ഇത് കൂടുതൽ തികവോടെ ചെയ്യാൻ നിങ്ങൾക്കു സാധിക്കുമോ?
[26-ാം പേജിലെ ചിത്രങ്ങൾ]
പ്രത്യേക മുഴുസമയ സേവനത്തിനായി അവർ സ്വയം ലഭ്യമാക്കിയിരിക്കുന്നു