വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മത്തായി 17:20 പറയുന്നത് അനുസരിച്ച്, ദീനബാധിതനായ ഒരു ബാലനെ അപ്പൊസ്തലന്മാർക്കു ‘തങ്ങളുടെ അൽപ്പവിശ്വാസം നിമിത്തം’ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. എന്നാൽ മർക്കൊസ് 9:29-ൽ അവരുടെ അപ്രാപ്തിയെ പ്രാർഥനയുടെ ആവശ്യകതയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. വ്യത്യസ്ത സുവിശേഷ വിവരണങ്ങളിൽ വ്യത്യസ്ത കാരണങ്ങൾ നൽകിയിരിക്കുന്നത് എന്തുകൊണ്ട്?
വാസ്തവത്തിൽ, ആ രണ്ടു വിവരണങ്ങൾ പരസ്പര വിരുദ്ധമല്ല, മറിച്ച് പരസ്പര പൂരകങ്ങളാണ്. നമുക്ക് ആദ്യം മത്തായി 17:14-20 നോക്കാം. തന്റെ പുത്രന് അപസ്മാര രോഗമാണെന്നും ശിഷ്യന്മാർക്ക് അവനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഒരുവൻ അറിയിച്ചു. അപ്പോൾ ബാലനെ ബാധിച്ചിരുന്ന ഭൂതത്തെ പുറത്താക്കിക്കൊണ്ട് യേശു അവനെ സുഖപ്പെടുത്തി. തങ്ങൾക്ക് ഭൂതത്തെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടെന്നു ശിഷ്യന്മാർ ചോദിച്ചു. മത്തായിയുടെ വിവരണം അനുസരിച്ച് യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല.”
ഇനി മർക്കൊസ് 9:14-29-ലേക്കു തിരിയാം. അവിടെ നാം കൂടുതൽ വിശദാംശങ്ങൾ കാണുന്നു. ഉദാഹരണത്തിന്, ഈ സംഭവത്തിൽ, അപസ്മാരം പോലെയുള്ള രോഗബാധ ഒരു ദുഷ്ടാത്മാവ് വരുത്തിയതാണെന്ന വിശദാംശം മർക്കൊസ് 9:17 നൽകുന്നു. യേശു അപസ്മാര രോഗികളെ കൂടാതെ ഭൂതബാധിതരെയും സുഖപ്പെടുത്തിയെന്നു ബൈബിളിന്റെ മറ്റു ഭാഗങ്ങളിൽ പറയുന്നത് ശ്രദ്ധേയമാണ്. (മത്തായി 4:24) ഈ അസാധാരണ സാഹചര്യത്തിൽ, ‘ഊമനും ചെകിടനുമായ ആത്മാവ്,’ അതായത് ഒരു ദുഷ്ടാത്മാവ് ആയിരുന്നു രോഗമൂർച്ഛയ്ക്ക് ഇടയാക്കിയിരുന്നത്. വൈദ്യനായ ലൂക്കൊസും അതു സ്ഥിരീകരിക്കുന്നു. (ലൂക്കൊസ് 9:39; കൊലൊസ്സ്യർ 4:14) മർക്കൊസ് 9:18-ലെ, “[ഭൂതം] അവനെ എവിടെവെച്ചു പിടിച്ചാലും” എന്ന പ്രയോഗം ശ്രദ്ധിക്കുക. അതുകൊണ്ട്, നിരന്തരമല്ല മറിച്ച് വല്ലപ്പോഴും മാത്രമാണ് ഭൂതം ആ ബാലനെ ശല്യപ്പെടുത്തിയിരുന്നത്. എന്നിട്ടും, ശിഷ്യന്മാർക്ക് ആ ഭൂതത്തെ പുറത്താക്കി ബാലനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. എന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ യേശു പ്രതിവചിച്ചു: “പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല.”
എന്നാൽ, മർക്കൊസിന്റെ വിവരണം ശ്രദ്ധാപൂർവം വായിക്കുമ്പോൾ, മത്തായി രേഖപ്പെടുത്തുന്നതുമായി അതിന് യാതൊരു വൈരുദ്ധ്യവും ഇല്ലെന്നു കാണാവുന്നതാണ്. മർക്കൊസ് 9:19-ൽ, യേശു ആ തലമുറയുടെ വിശ്വാസരാഹിത്യത്തിൽ ദുഃഖം പ്രകടിപ്പിച്ചതായി നാം വായിക്കുന്നു. “വിശ്വസിക്കുന്നവന്നു സകലവും കഴിയും” എന്ന് അവൻ ബാലന്റെ പിതാവിനോടു പറഞ്ഞെന്ന് 23-ാം വാക്യം രേഖപ്പെടുത്തുന്നു. അതുകൊണ്ട് മർക്കൊസും വിശ്വാസത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ കൊടുക്കുന്നു. 29-ാം വാക്യത്തിൽ മർക്കൊസ് കൂടുതലായ വിശദാംശം നൽകുന്നത് യുക്തം തന്നെയാണ്. പ്രാർഥനയെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങൾ മർക്കൊസ് കൂട്ടിച്ചേർക്കുന്നു, എന്നാൽ മത്തായിയോ ലൂക്കൊസോ അത് ഉൾപ്പെടുത്തുന്നില്ല.
അപ്പോൾ നമുക്കെന്തു പറയാനാകും? 12 അപ്പൊസ്തലന്മാരും 70 ശിഷ്യന്മാരും മറ്റു സന്ദർഭങ്ങളിൽ ദുഷ്ടാത്മാക്കളെ പുറത്താക്കി. (മർക്കൊസ് 3:15; 6:13; ലൂക്കൊസ് 10:17) എന്നാൽ ഈ സംഭവത്തിൽ ശിഷ്യന്മാർക്ക് അതിനു കഴിഞ്ഞില്ല. എന്തുകൊണ്ട്? വ്യത്യസ്ത വിവരണങ്ങളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ നാം സമന്വയിപ്പിക്കുന്നെങ്കിൽ, ഈ കേസിൽ അവർ അതു ചെയ്യാൻ വേണ്ടവണ്ണം സജ്ജരായിരുന്നില്ലെന്നു നാം നിഗമനം ചെയ്യണം. ഒരുപക്ഷേ ഉൾപ്പെട്ടിരുന്ന ഭൂതത്തിന്റെ പ്രത്യേകത ആയിരുന്നിരിക്കാം ഒരു ഭാഗികമായ പ്രശ്നം. കാരണം ഭൂതങ്ങൾക്കു വ്യത്യസ്തമായ വ്യക്തിത്വങ്ങളും താത്പര്യങ്ങളും പ്രാപ്തികൾപോലും ഉണ്ടായിരിക്കാമെന്നു തോന്നുന്നു. ഈ ഭൂതത്തിന്റെ കാര്യത്തിൽ, വിശേഷാൽ ശക്തമായ വിശ്വാസവും ദൈവത്തിന്റെ സഹായത്തിനു വേണ്ടിയുള്ള ഉത്കടമായ പ്രാർഥനയും ആവശ്യമായിരുന്നു. തീർച്ചയായും, യേശുവിന് അത്തരം വിശ്വാസമുണ്ടായിരുന്നു. പ്രാർഥന കേൾക്കുന്നവനായ തന്റെ പിതാവിന്റെ പിന്തുണയും അവനുണ്ടായിരുന്നു. (സങ്കീർത്തനം 65:2) അവനു ബാലനെ സുഖപ്പെടുത്താൻ കഴിയുമായിരുന്നു എന്നു മാത്രമല്ല അവൻ അപ്രകാരം ചെയ്യുകയും ചെയ്തു.