ദൈവത്തിന്റെ നീതിയിൽ നമുക്കുള്ള വിശ്വാസം ബലിഷ്ഠമാക്കൽ
“നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.”—സദൃശവാക്യങ്ങൾ 22:19.
1, 2. (എ) യഹോവയുടെ സാക്ഷികൾ യഹോവയിൽ വിശ്വാസം പ്രകടമാക്കുന്നത് എന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 22:19) (ബി) ചില വ്യക്തികൾ യഹോവയിലുള്ള തങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കേണ്ടതുണ്ടെന്ന് എന്തു സൂചിപ്പിക്കുന്നു?
സത്യ ക്രിസ്ത്യാനികൾ യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനത്താൽ അനുഗൃഹീതരാണ്. “വിശ്വസ്തനും വിവേകിയുമായ അടിമ” സ്നേഹപുരസ്സരം അവർക്ക് “തക്കസമയത്തെ” ആത്മീയ “ആഹാരം” പ്രദാനം ചെയ്യുന്നു. (മത്തായി 24:45, NW) അവർ നേടുന്ന പരിജ്ഞാനം അവർക്ക് ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നതിനുള്ള ഒരു ഈടുറ്റ അടിസ്ഥാനം പ്രദാനം ചെയ്യുന്നു. അങ്ങനെ, ഒരു കൂട്ടം എന്ന നിലയിൽ, യഹോവയുടെ സാക്ഷികൾ യഹോവയിലും അവന്റെ നീതിയിലും ആഴമായ വിശ്വാസം പ്രകടമാക്കുന്നു.
2 എന്നിരുന്നാലും, വ്യക്തികൾ എന്ന നിലയിൽ ചില സാക്ഷികൾ അത്തരം വിശ്വാസം ബലിഷ്ഠമാക്കേണ്ട ആവശ്യമുള്ളതായി കാണുന്നു. സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരിക്കുന്ന വിശദീകരണങ്ങളെ കുറിച്ച് സംശയം പ്രകടമാക്കുന്ന കത്തുകൾ സൊസൈറ്റിക്ക് ഇടയ്ക്കിടെ ലഭിക്കാറുണ്ട്. ഈ സംശയങ്ങൾ ചിലപ്പോൾ ഗ്രാഹ്യത്തിൽ വരുത്തിയ പൊരുത്തപ്പെടുത്തലുകളോടുള്ള ഒരു പ്രതികരണം ആയിട്ടായിരിക്കാം, അല്ലെങ്കിൽ അന്വേഷിക്കുന്ന ആളിനെ, വിശേഷിച്ചും വൈകാരികമായി ബാധിക്കുന്ന സംഗതികളെ കുറിച്ച് ആയിരിക്കാം.—യോഹന്നാൻ 6:60, 61 താരതമ്യം ചെയ്യുക.
3. യഹോവയുടെ വിശ്വസ്ത ദാസർക്കുപോലും എന്തു സംഭവിച്ചേക്കാം, എന്തുകൊണ്ട്?
3 യഹോവയുടെ യഥാർഥ ദാസർക്കും സഭാപ്രസംഗി 9:11 (NW) സത്യമായി ഭവിക്കുന്നു: “സൂര്യനു കീഴെ, വേഗതയുള്ളവർ ഓട്ടത്തിലോ വീരൻമാർ യുദ്ധത്തിലോ നേടുന്നില്ലെന്നും ജ്ഞാനികൾക്ക് ആഹാരമോ വിവേകികൾക്കു സമ്പത്തോ പരിജ്ഞാനികൾക്കു പ്രീതിയോ ലഭിക്കുന്നില്ലെന്നും കാണാൻ ഞാൻ തിരികെച്ചെന്നു. കാരണം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും അവർക്കെല്ലാം ഭവിക്കുന്നു.” ഇത് വ്യാപകമായ, അല്ലെങ്കിൽ ആത്മീയ അർഥത്തിൽ സത്യമാണെന്ന് തെളിഞ്ഞേക്കാവുന്നത് എങ്ങനെ? ബൈബിൾ ബുദ്ധ്യുപദേശങ്ങൾ ഉടനടി ബാധകമാക്കുന്ന, സത്യത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ ജ്ഞാനികളായ, സൂക്ഷ്മ പരിജ്ഞാനം നേടുന്നതിൽ തീക്ഷ്ണമതികളായ ക്രിസ്ത്യാനികളെ നിങ്ങൾക്ക് അറിയാമായിരിക്കും. എങ്കിലും, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” നിമിത്തം അപകടത്താലോ വാർധക്യത്താലോ ചിലരുടെ പ്രവർത്തനങ്ങൾ പരിമിതപ്പെട്ടിരിക്കാം. മരിക്കാതെ ദൈവത്തിന്റെ പുതിയ ലോകത്തിൽ പ്രവേശിക്കാനാകുമോ എന്ന കാര്യത്തിൽ അവർക്കിപ്പോൾ സംശയം തോന്നുന്നുണ്ടാകാം.
4, 5. യഹോവയുടെ നീതിയിൽ വിശ്വാസം നഷ്ടപ്പെടാൻ ക്രിസ്ത്യാനികൾക്ക് യാതൊരു കാരണവും ഇല്ലാത്തത് എന്തുകൊണ്ട്?
4 ഒരു ക്രിസ്ത്യാനിയുടെ വിവാഹിത ഇണ മരിക്കുമ്പോഴത്തെ വേദനയും നഷ്ടബോധവും വളരെ കഠിനമാണ്. ദമ്പതികൾ എന്ന നിലയിൽ അവർ ഒരുമിച്ച് വർഷങ്ങളോളം അല്ലെങ്കിൽ ചിലപ്പോൾ പതിറ്റാണ്ടുകളോളം യഹോവയെ സേവിച്ചിരിക്കാം. വിവാഹബന്ധം മരണത്തോടെ അവസാനിക്കുന്നു എന്നു ജീവിച്ചിരിക്കുന്ന ഇണയ്ക്ക് അറിയാം.a (1 കൊരിന്ത്യർ 7:39) ഇപ്പോൾ, തന്റെ വിശ്വാസത്തിന് ഇളക്കം തട്ടാതിരിക്കാൻ, അയാൾ തന്റെ വികാരങ്ങളെ നിയന്ത്രിച്ചേ മതിയാവൂ.—മർക്കൊസ് 16:8, NW; താരതമ്യം ചെയ്യുക.
5 ഒരു ഇണയുടെയോ മാതാവിന്റെയോ പിതാവിന്റെയോ കുട്ടിയുടെയോ ഒരു അടുത്ത ക്രിസ്തീയ സുഹൃത്തിന്റെയോ മരണത്തെ യഹോവയുടെ നീതിയിലുള്ള വിശ്വാസം പ്രകടമാക്കുന്നതിനുള്ള ഒരു അവസരമായി വീക്ഷിക്കുന്നത് എത്ര ജ്ഞാനപൂർവകമാണ്! വ്യക്തിപരമായ നഷ്ടം നേരിടുമ്പോൾ പോലും, യഹോവ അനീതി പ്രവർത്തിക്കുന്നില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. അതിജീവനത്തിലൂടെ ആയാലും പുനരുത്ഥാനത്തിലൂടെ ആയാലും നിത്യജീവൻ നേടുന്ന സകലരും സന്തുഷ്ടർ ആയിരിക്കുമെന്ന് നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്. ദൈവത്തെ കുറിച്ചു സങ്കീർത്തനക്കാരൻ പറയുന്നു: “നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു. യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു. യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.”—സങ്കീർത്തനം 145:16-19.
അനാവശ്യമായി കഷ്ടം സഹിച്ചുവെന്ന തോന്നലുകൾ
6, 7. (എ) കഴിഞ്ഞ കാലത്ത് കഷ്ടം സഹിച്ച ചില സാക്ഷികൾക്ക് ഇപ്പോൾ വ്യത്യസ്തമായ ഒരു ഗ്രാഹ്യമുള്ളത് എന്തുകൊണ്ട്? (ബി) അത്തരം കഷ്ടപ്പാട് മുമ്പ് അനുവദിച്ചതിൽ നാം യഹോവയെ അനീതിയുള്ളവനായി വീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
6 കഴിഞ്ഞ കാലത്ത്, ചില സാക്ഷികൾ ഒരു പ്രത്യേക പ്രവർത്തനത്തിൽനിന്ന് ഒഴിഞ്ഞുനിന്ന് നഷ്ടം സഹിച്ചുവെങ്കിലും ഇപ്പോൾ അവരുടെ മനഃസാക്ഷി അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നതിനെ വിലക്കുന്നില്ല. വർഷങ്ങൾക്കു മുമ്പ് പലരും ഒഴിഞ്ഞുനിന്നിരുന്ന ചില സിവിലിയൻ സേവനങ്ങളുടെ കാര്യം അതിന് ഉദാഹരണമാണ്. ഈ വ്യവസ്ഥിതി സംബന്ധിച്ച ക്രിസ്തീയ നിഷ്പക്ഷത ലംഘിക്കാതെതന്നെ ഇപ്പോൾ തനിക്ക് അത്തരം സേവനങ്ങളിൽ മനഃസാക്ഷിപൂർവം പങ്കെടുക്കാൻ കഴിയുമെന്ന് ഒരു സഹോദരൻ വിചാരിച്ചേക്കാം.
7 ഇപ്പോൾ ഭവിഷ്യത്തുകൾ ഒന്നുമില്ലാതെ ചെയ്യാൻ കഴിയുന്ന ഒരു സംഗതി മുമ്പ് നിരസിക്കുകവഴി കഷ്ടം അനുഭവിക്കാൻ അനുവദിച്ചത് യഹോവയുടെ ഭാഗത്തെ അനീതിയായിരുന്നോ? അത്തരം അനുഭവം ഉണ്ടായിട്ടുള്ള മിക്കവരും അങ്ങനെ ചിന്തിക്കുകയില്ല. മറിച്ച്, അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ തങ്ങൾ ഉറച്ച നിലപാടിൽ ദൃഢചിത്തരാണെന്നു പരസ്യമായും വ്യക്തമായും പ്രകടമാക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചതിൽ അവർ ആഹ്ലാദിക്കുന്നു. (ഇയ്യോബ് 27:5 താരതമ്യം ചെയ്യുക.) അല്ലെങ്കിൽത്തന്നെ മനഃസാക്ഷിയെ അനുസരിച്ചുകൊണ്ട് യഹോവയ്ക്കുവേണ്ടി ഒരു ഉറച്ച നിലപാട് എടുത്തതിൽ ഖേദിക്കാൻ എന്തിരിക്കുന്നു? തങ്ങൾ മനസ്സിലാക്കിയിരിക്കുന്നവിധം ക്രിസ്തീയ തത്ത്വങ്ങൾ വിശ്വസ്തതയോടെ ഉയർത്തിപ്പിടിച്ചുകൊണ്ട് അല്ലെങ്കിൽ മനഃസാക്ഷിയുടെ പ്രേരണകളോട് പ്രതികരിച്ചുകൊണ്ട്, അവർ യഹോവയുടെ സൗഹൃദത്തിനു യോഗ്യരാണെന്നു തെളിയിച്ചു. തീർച്ചയായും, സ്വന്തം മനഃസാക്ഷിയെ അലോസരപ്പെടുത്തുന്നതോ അല്ലെങ്കിൽ മറ്റുള്ളവർക്ക് ഇടർച്ച വരുത്താൻ സാധ്യതയുള്ളതോ ആയ ഒരു ഗതി ഒഴിവാക്കുന്നത് ജ്ഞാനപൂർവകമാണ്. ഇക്കാര്യത്തിൽ പൗലൊസ് അപ്പൊസ്തലൻ വെച്ച മാതൃകയെ കുറിച്ചു നമുക്കു ചിന്തിക്കാവുന്നതാണ്.—1 കൊരിന്ത്യർ 8:12, 13; 10:31-33.
8. മുമ്പു ന്യായപ്രമാണം പാലിച്ചിരുന്ന യഹൂദ ക്രിസ്ത്യാനികൾക്ക് യഹോവയുടെ നീതിയെ സംശയിക്കാൻ യാതൊരു കാരണവും ഇല്ലാതിരുന്നത് എന്തുകൊണ്ട്?
8 യഹോവയെ പ്രസാദിപ്പിക്കുന്നതിന്, യഹൂദന്മാർ പത്തു കൽപ്പനകളും കൂടുതലായ 600-ഓളം നാനാ നിയമങ്ങളും അനുസരിക്കേണ്ടിയിരുന്നു. പിൽക്കാലത്ത്, ക്രിസ്തീയ ക്രമീകരണം വന്നപ്പോൾ, യഹോവയെ സേവിക്കുന്നതിന് ഈ നിയമങ്ങൾ മേലാൽ, ജഡിക യഹൂദന്മാർക്കുപോലും, ആവശ്യമില്ലെന്നായി. അങ്ങനെ പരിച്ഛേദന, ശബത്താചരണം, മൃഗബലിയർപ്പണം, ചില ഭക്ഷണക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പല നിയമങ്ങളും കാലഹരണപ്പെട്ട നിയമങ്ങളിൽ പെടുന്നു. (1 കൊരിന്ത്യർ 7:19; 10:25; കൊലൊസ്സ്യർ 2:16, 17; എബ്രായർ 10:1, 11-14) ക്രിസ്ത്യാനികൾ ആയിത്തീർന്ന അപ്പൊസ്തലന്മാർ ഉൾപ്പെടെയുള്ള യഹൂദന്മാർ തങ്ങൾ ന്യായപ്രമാണ ഉടമ്പടിക്കു കീഴിൽ ആയിരുന്നപ്പോൾ അനുസരിക്കാൻ ബാധ്യസ്ഥരായിരുന്ന നിയമങ്ങളിൽനിന്നു മോചിതരാക്കപ്പെട്ടു. മുമ്പ് നിർബന്ധിതമായിരുന്ന സംഗതികൾ ഇപ്പോൾ ആവശ്യമില്ലാത്തതാക്കുന്ന ദൈവത്തിന്റെ ക്രമീകരണം അനീതി ഉള്ളതാണെന്ന് അവർ പരാതിപ്പെട്ടോ? ഇല്ല, യഹോവയുടെ ഉദ്ദേശ്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യം വർധിച്ചതിൽ അവർ ആഹ്ലാദിക്കുകയാണ് ചെയ്തത്.—പ്രവൃത്തികൾ 16:4, 5.
9. ചില സാക്ഷികളുടെ കാര്യത്തിൽ എന്തു സത്യമായിരുന്നിട്ടുണ്ട്, എന്നാൽ അവർക്കു ഖേദിക്കാൻ കാരണമില്ലാത്തത് എന്തുകൊണ്ട്?
9 ആധുനിക നാളിൽ, ചില സാക്ഷികൾ തങ്ങൾക്കു ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ സംഗതികൾ സംബന്ധിച്ച് വളരെ കർക്കശമായ വീക്ഷണഗതികൾ വെച്ചുപുലർത്തി. അതുകൊണ്ടുതന്നെ അവർക്ക് മറ്റുള്ളവരെക്കാൾ അധികം കഷ്ടപ്പെടേണ്ടിവന്നു. പിന്നീട്, പരിജ്ഞാനം വർധിച്ചപ്പോൾ, സംഗതികളെ കുറിച്ചുള്ള അവരുടെ വീക്ഷണങ്ങൾ മെച്ചപ്പെട്ടു. എന്നാൽ മുമ്പ് മനഃസാക്ഷിക്കു ചേർച്ചയിൽ പ്രവർത്തിച്ച് കൂടുതൽ കഷ്ടം സഹിച്ചതിൽ അവർ ഖേദിക്കേണ്ടിവരുന്നില്ല. യഹോവയോടുള്ള വിശ്വസ്തതയെപ്രതിയും ‘സകലവും സുവിശേഷം നിമിത്തം ചെയ്യുന്ന’തിനു വേണ്ടിയും അവർ കഷ്ടം സഹിക്കാൻ മനസ്സൊരുക്കം പ്രകടമാക്കി എന്നതുതന്നെ യഥാർഥത്തിൽ പ്രശംസനീയമാണ്. യഹോവ അത്തരം ദൈവഭക്തിയെ അനുഗ്രഹിക്കുന്നു. (1 കൊരിന്ത്യർ 9:23; എബ്രായർ 6:10) ഉൾക്കാഴ്ചയോടെ പത്രൊസ് അപ്പൊസ്തലൻ എഴുതി: “നന്മചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.”—1 പത്രൊസ് 2:20.
യോനായിൽനിന്നുള്ള പാഠം
10, 11. യോനാ യഹോവയിൽ അവിശ്വാസം പ്രകടമാക്കിയത് എങ്ങനെ: (എ) നീനെവേയിലേക്കു പോകുന്നതിനുള്ള നിയമനം ലഭിച്ചപ്പോൾ? (ബി) ദൈവം നീനെവേക്കാരെ നശിപ്പിക്കാഞ്ഞപ്പോൾ?
10 നീനെവേയിലേക്കു പോകാനുള്ള നിർദേശം ലഭിച്ചപ്പോൾ, യഹോവ തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തോടു യോനാ വിലമതിപ്പു പ്രകടമാക്കിയില്ല. അനുസരിക്കാൻ കൂട്ടാക്കാഞ്ഞതിന്റെ ഫലമായി ഒരു തിക്താനുഭവം നേരിട്ടപ്പോൾ, യോനായ്ക്കു സുബോധം തെളിഞ്ഞു. അങ്ങനെ തന്റെ തെറ്റു മനസ്സിലാക്കി അവൻ വിദേശ നിയമനം സ്വീകരിക്കുകയും ആസന്നമായ നാശത്തെക്കുറിച്ച് നീനെവേക്കാർക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. അപ്പോഴാണ് പ്രതീക്ഷിക്കാത്ത സംഭവം: നീനെവേക്കാർ അനുതാപം പ്രകടമാക്കി, അതോടെ നാശം വരുത്തേണ്ട എന്നു യഹോവ തീരുമാനിക്കുകയും ചെയ്തു.—യോനാ 1:1–3:10.
11 യോനായുടെ പ്രതികരണം എന്തായിരുന്നു? നീരസത്തോടെ അവൻ പ്രാർഥനയിൽ ദൈവത്തോടു പരാതിപ്പെട്ടു. അവന്റെ സങ്കടം ബോധിപ്പിക്കലിന്റെ ചുരുക്കം ഇതായിരുന്നു: ‘ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതല്ലേ ആദ്യംതന്നെ ഞാൻ നീനെവേയിലേക്കു പോകേണ്ടെന്നു വെച്ചത്. എന്നിട്ട് ഇപ്പഴോ, ഞാൻ എന്തെല്ലാം സഹിച്ചു. ഒരു വൻ മത്സ്യത്തിന്റെ വായിൽ അകപ്പെട്ടതിന്റെ ഭീകരതയും മാനക്കേടും; നാശം വരുന്നു എന്നു പറഞ്ഞ് ഞാൻ കഷ്ടപ്പെട്ട് നീനെവേക്കാർക്ക് മുന്നറിയിപ്പു കൊടുത്തു. ഫലമോ, ഇങ്ങനെയും! എന്റെ വേലയും കഷ്ടപ്പാടും എല്ലാം വെറുതെ! ഇതിലും നല്ലത് ഞാൻ മരിക്കുന്നതായിരുന്നു!’—യോനാ 4:1-3.
12. യോനായുടെ അനുഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
12 യോനായുടെ പരാതിയിൽ കഴമ്പുണ്ടായിരുന്നോ? തെറ്റു ചെയ്തവർ അനുതാപം പ്രകടമാക്കിയപ്പോൾ യഹോവ അവരോടു കരുണ കാണിച്ചത് അനീതിയായോ? വാസ്തവത്തിൽ, യോനാ ആഹ്ലാദിക്കുകയാണു വേണ്ടിയിരുന്നത്; പതിനായിരക്കണക്കിന് ആളുകളാണ് വധശിക്ഷയിൽനിന്ന് ഒഴിവായത്! (യോനാ 4:11) എന്നാൽ അവന്റെ അനാദരസൂചകവും പരാതിപ്പെടുന്നതുമായ മനോഭാവം തനിക്കു യഹോവയുടെ നീതിയിൽ ശക്തമായ വിശ്വാസമില്ല എന്നു പ്രകടമാക്കി. അവൻ തന്നെപ്പറ്റിത്തന്നെ അമിതമായി ചിന്തിച്ചു, മറ്റുള്ളവരെ കുറിച്ച് അത്യൽപ്പവും. നമുക്കും നമ്മുടെ വ്യക്തിപരമായ വികാരങ്ങൾക്കും രണ്ടാം സ്ഥാനം നൽകിക്കൊണ്ട് നമുക്കു യോനായിൽനിന്നു പഠിക്കാം. യഹോവയെ അനുസരിക്കുക, അവന്റെ സ്ഥാപനത്തിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ പിൻപറ്റുക, അവന്റെ തീരുമാനങ്ങൾ അംഗീകരിക്കുക എന്നിവയെല്ലാം ശരിയായ സംഗതികളാണെന്ന ബോധ്യം നമുക്കു നേടാം. “ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരും” എന്ന ബോധ്യം നമുക്ക് ഉണ്ടായിരിക്കാം.—സഭാപ്രസംഗി 8:12.
നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുന്നതിനുള്ള സമയം ഇപ്പോഴാണ്!
13. നമുക്ക് എല്ലാവർക്കും യഹോവയിലുള്ള വിശ്വാസം ബലിഷ്ഠമാക്കാൻ കഴിയുന്നതെങ്ങനെ?
13 യഹോവയിലുള്ള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുന്നത് ജ്ഞാനമാണ്. (സദൃശവാക്യങ്ങൾ 3:5-8) കൂടുതൽ വിശ്വാസമുള്ളവർ ആയിത്തീരാൻ നമ്മെ സഹായിക്കേണമേ എന്നു യഹോവയോടു പ്രാർഥിച്ചാൽ മാത്രം പോരാ. സൂക്ഷ്മ പരിജ്ഞാനം നേടുന്നതനുസരിച്ച് വിശ്വാസം വളരുന്നതുകൊണ്ട്, വ്യക്തിപരമായ ബൈബിൾ പഠനവും കൂടാതെ ബൈബിളിന്റെയും അതിനെ വിശദീകരിക്കുന്ന സാഹിത്യങ്ങളുടെയും വായനയും നമ്മുടെ ദിനചര്യയുടെ ഭാഗമാക്കണം. നല്ല തയ്യാറെടുപ്പോടെ ക്രിസ്തീയ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുന്നതും അവയിൽ ആകുന്നത്ര പങ്കുപറ്റുന്നതും ജീവത്പ്രധാനമാണ്. നയപൂർവം തടസ്സവാദങ്ങളെ മറികടന്നുകൊണ്ട് മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നതും യഹോവയിലും അവന്റെ വചനത്തിലുമുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. അങ്ങനെ നാം അവനുമായി ദിവസേന അടുത്തുവരും.
14. താമസിയാതെ ദൈവജനം യഹോവയിൽ പൂർവാധികം ശക്തമായ വിശ്വാസം പ്രകടമാക്കേണ്ട സ്ഥിതിവിശേഷത്തിൽ എത്താൻ പോകുന്നത് എന്തുകൊണ്ട്?
14 എക്കാലത്തെയും ഏറ്റവും വലിയ കഷ്ടത്തിന്റെ കാലം പെട്ടെന്നുതന്നെ പൊട്ടിപ്പുറപ്പെടും. (മത്തായി 24:21) അതു സംഭവിക്കുമ്പോൾ, ദൈവദാസർ യഹോവയുടെ നീതിയിലും അവന്റെ സ്ഥാപനം പ്രദാനം ചെയ്യുന്ന മാർഗനിർദേശത്തിലും പൂർവാധികം ശക്തമായ വിശ്വാസം പ്രകടമാക്കേണ്ടിവരും. ഒരു പ്രതീകാത്മകമായ വിധത്തിൽ, അപ്പോൾ അവർ ദൈവത്തിന്റെ ഈ കൽപ്പന ബോധ്യത്തോടെ അനുസരിക്കും: “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.” (യെശയ്യാവു 26:20) അവർ 232 രാജ്യങ്ങളിലായി 85,000-ത്തിലധികമുള്ള സഭകളുടെ സംരക്ഷണ വലയത്തിൽ ഇതിനോടകം പ്രവേശിച്ചിരിക്കുകയാണ്. ‘നിങ്ങളുടെ അറകളിൽ കടക്കുവിൻ’ എന്ന കൽപ്പനയിൽ കൂടുതലായി എന്തെല്ലാം ഉൾപ്പെട്ടിരുന്നേക്കാമെങ്കിലും, അതു നിവർത്തിക്കാൻ യഹോവ നമ്മെ സഹായിക്കുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.
15. 1998-ൽ വിശ്വാസത്തിന്റെ സംഗതിക്ക് ഊന്നൽ ലഭിച്ചിരിക്കുന്നതെങ്ങനെ, അത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
15 ഇപ്പോൾ നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുന്നത് അത്യന്താപേക്ഷിതമാണ്. നമ്മുടെ ക്രിസ്തീയ സഹോദരങ്ങളിലും യഹോവയുടെ സ്ഥാപനത്തിലും എല്ലാറ്റിലുമുപരി യഹോവയിൽത്തന്നെയും വിശ്വാസമില്ലെങ്കിൽ അതിജീവിക്കാനാകില്ല. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും” എന്ന തങ്ങളുടെ വാർഷിക വാക്യം 1998-ൽ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളിൽ അതേക്കുറിച്ചുള്ള സ്മരണ ആവർത്തിച്ച് ഉണർത്തുമെന്നുള്ളത് എത്രയോ ഉചിതമാണ്! (റോമർ 10:13, NW) അതു സംബന്ധിച്ച് നാം തുടർന്നും ഉറപ്പുള്ളവർ ആയിരിക്കണം. നമ്മുടെ വിശ്വാസത്തിൽ തീരെ ചെറിയ ഒരു വിള്ളലെങ്കിലും ഉണ്ടെങ്കിൽ, നാം അത് ഇപ്പോൾത്തന്നെ, ഇന്നുതന്നെ പരിഹരിക്കാൻ ശ്രമിക്കണം.
യഹോവയുടെ ന്യായവിധി നീതിനിഷ്ഠമായിരിക്കും
16. വളർത്തിയെടുക്കാത്തപക്ഷം വിശ്വാസത്തിന് എന്തു സംഭവിക്കും, നമുക്ക് അത് എങ്ങനെ തടയാനാകും?
16 എബ്രായർ 3:14-ൽ (NW) അഭിഷിക്ത ക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചിരിക്കുന്നു: “നമുക്ക് ആദ്യം ഉണ്ടായിരുന്ന വിശ്വാസം അവസാനത്തോളം മുറുകെപ്പിടിക്കുന്നെങ്കിൽ മാത്രമേ, നാം വാസ്തവത്തിൽ ക്രിസ്തുവിൽ പങ്കാളികൾ ആകുകയുള്ളൂ.” തത്ത്വത്തിൽ, ഈ വാക്കുകൾ ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികൾക്കും ബാധകമാണ്. വളർത്തിയെടുക്കാത്തപക്ഷം ആദ്യം ഉണ്ടായിരുന്ന വിശ്വാസം നഷ്ടമാകും. നാം സൂക്ഷ്മ പരിജ്ഞാനം ആർജിക്കുന്നതിൽ തുടരുകയും അങ്ങനെ നമ്മുടെ വിശ്വാസം അധിഷ്ഠിതമായിരിക്കുന്ന അടിസ്ഥാനത്തെ ബലിഷ്ഠമാക്കുകയും ചെയ്യുന്നത് എത്ര ജീവത്പ്രധാനമാണ്!
17. അതിജീവനത്തിന്റെ കാര്യത്തിൽ, യേശു ശരിയായി ന്യായം വിധിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
17 ക്രിസ്തു താമസിയാതെ എല്ലാ ജാതികളെയും പരിശോധിക്കുകയും “ഇടയൻ കോലാടുകളിൽനിന്നു ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, ആളുകളെ പരസ്പരം വേർതിരിക്കുക”യും ചെയ്യും. (മത്തായി 25:31-33, NW) അതിജീവനത്തിന് യോഗ്യർ ആരെല്ലാം എന്നു ക്രിസ്തു നീതിനിഷ്ഠമായി വിധിക്കുമെന്നതിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. യഹോവ അവന് “ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ” ജ്ഞാനവും ഉൾക്കാഴ്ചയും മറ്റ് അത്യാവശ്യ ഗുണങ്ങളും നൽകിയിരിക്കുന്നു. (പ്രവൃത്തികൾ 17:30, 31) നമ്മുടെ ബോധ്യം പിൻവരുന്ന പ്രകാരം പറഞ്ഞ അബ്രാഹാമിന്റേതുപോലെ ആയിരിക്കട്ടെ: “ഇങ്ങനെ [യഹോവ] ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?”—ഉല്പത്തി 18:25.
18. നമുക്ക് ഇപ്പോൾ അറിയില്ലാത്ത സംഗതികളെ കുറിച്ച് നാം അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
18 യഹോവയുടെ നീതിയിൽ പൂർണ വിശ്വാസമുണ്ടെങ്കിൽ, നാം പിൻവരുന്നതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി വിഷമിക്കേണ്ടതില്ല: ‘ശിശുക്കളും കൊച്ചുകുട്ടികളും എങ്ങനെ ന്യായംവിധിക്കപ്പെടും? അർമഗെദോൻ വരുമ്പോൾ സുവാർത്ത കേൾക്കാത്തവരായി നല്ലൊരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുകയില്ലേ? മാനസിക രോഗമുള്ളവരുടെ കാര്യമോ? . . . സംബന്ധിച്ചാണെങ്കിലോ?’ ഈ പ്രശ്നങ്ങൾ യഹോവ എങ്ങനെ പരിഹരിക്കുമെന്ന് ഇപ്പോൾ നമുക്ക് അറിയില്ലെന്നത് ശരിതന്നെ. എന്നാൽ അവൻ നീതിനിഷ്ഠവും കരുണാപൂർവകവുമായ വിധത്തിൽ അതു ചെയ്യും. അതേക്കുറിച്ചു നാം ഒരിക്കലും സംശയിക്കേണ്ടതില്ല. വാസ്തവത്തിൽ, നാം ഒരിക്കലും വിചാരിക്കാത്ത വിധത്തിൽ അവൻ അവ പരിഹരിക്കുന്നത് കണ്ട് നാം അതിശയിക്കുകയും ആഹ്ലാദിക്കുകയും ചെയ്തേക്കാം.—ഇയ്യോബ് 42:3; സങ്കീർത്തനം 78:11-16; 136:4-9; മത്തായി 15:31; ലൂക്കൊസ് 2:47 എന്നിവ താരതമ്യം ചെയ്യുക.
19, 20. (എ) ന്യായയുക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തെറ്റല്ലാത്തത് എന്തുകൊണ്ട്? (ബി) ആവശ്യമായ ഉത്തരങ്ങൾ യഹോവ എപ്പോൾ പ്രദാനം ചെയ്യും?
19 ചില വിരോധികൾ തെറ്റായി ആരോപിക്കാറുള്ളതുപോലെ, യഹോവയുടെ സ്ഥാപനം ആത്മാർഥമായ, സമയോചിതമായ ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല. (1 പത്രൊസ് 1:10-12) എന്നാൽ നാം ബാലിശമായ, ഊഹാപോഹപരമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്നു ബൈബിൾ നിർദേശിക്കുന്നുണ്ട്. (തീത്തൊസ് 3:9) ന്യായയുക്തമായ ചോദ്യങ്ങൾ ചോദിക്കുന്നതും തിരുവെഴുത്തുപരമായ ഉത്തരങ്ങൾക്കായി ദൈവവചനത്തിലും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലും തിരയുന്നതും നമ്മുടെ സൂക്ഷ്മ പരിജ്ഞാനത്തെ വർധിപ്പിക്കുകയും യഹോവയിലുള്ള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുകയും ചെയ്യും. സ്ഥാപനം യേശുവിന്റെ മാതൃക പിൻപറ്റുന്നു. ഉത്തരം പറയുന്നതിനുള്ള ഉചിതമായ സമയമായിട്ടില്ലാത്ത ചോദ്യങ്ങളെ കുറിച്ച് അവൻ അഭിപ്രായ പ്രകടനങ്ങൾ നടത്തിയില്ല. അവൻ പറഞ്ഞു: “ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.” (യോഹന്നാൻ 16:12) ആ ഘട്ടത്തിൽ തനിക്ക് അറിയില്ലാത്ത ചില സംഗതികൾ ഉണ്ടെന്നും അവൻ സമ്മതിക്കുകയുണ്ടായി.—മത്തായി 24:36.
20 യഹോവയ്ക്ക് ഇനിയും ഏറെ സംഗതികൾ വെളിപ്പെടുത്താനുണ്ട്. അതതു സമയത്തെ ആവശ്യങ്ങൾ നിറവേറ്റും വിധം തന്റെ ഉദ്ദേശ്യങ്ങൾ കൃത്യ സമയത്ത് യഹോവ വെളിപ്പെടുത്തും എന്ന ഉറപ്പോടെ അവനായി കാത്തിരിക്കുന്നത് എത്ര ജ്ഞാനപൂർവകമാണ്. യഹോവയുടെ ഉചിതമായ സമയത്ത്, അവന്റെ വഴികളെ കുറിച്ച് കൂടുതലായ ഉൾക്കാഴ്ച ലഭിക്കുന്നതിനുള്ള സന്തോഷം നമുക്ക് ഉണ്ടായിരിക്കുമെന്ന് ഉറപ്പു വിചാരിക്കാവുന്നതാണ്. അതേ, നാം യഹോവയിലും അവൻ ഉപയോഗിക്കുന്ന സ്ഥാപനത്തിലും പൂർണ വിശ്വാസം പ്രകടമാക്കുന്നെങ്കിൽ നമുക്കു പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും. സദൃശവാക്യങ്ങൾ 14:26 നമുക്ക് ഈ ഉറപ്പു നൽകുന്നു: “യഹോവാഭക്തന്നു ദൃഢധൈര്യം [“ശക്തമായ വിശ്വാസം,” NW] ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.”
[അടിക്കുറിപ്പുകൾ]
a 1967 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 638-ാം പേജും 1987 ജൂൺ 1 ലക്കത്തിന്റെ 30-ാം പേജും കാണുക.
നിങ്ങൾ എന്തു വിചാരിക്കുന്നു?
□ യഹോവയിലുള്ള നമ്മുടെ വിശ്വാസത്തിനു തുരങ്കം വെക്കാൻ തീവ്രവികാരങ്ങളെ അനുവദിക്കുന്നത് ബുദ്ധിശൂന്യമായിരിക്കുന്നത് എന്തുകൊണ്ട്?
□ യോനായുടെ അനുഭവത്തിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
□ ബൈബിൾ പഠനവും യോഗങ്ങളിൽ സംബന്ധിക്കുന്നതും വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
വ്യക്തിപരമായ നഷ്ടങ്ങൾ നേരിടുമ്പോൾപ്പോലും, യഹോവ നീതിയുള്ളവൻ ആണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും
[18-ാം പേജിലെ ചിത്രം]
യഹോവയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നുവെന്നു നിങ്ങൾക്ക് ഉറപ്പുണ്ടോ?