യഹോവ നമ്മുടെ ശരണം ആയിരിക്കണം
“ഫലത്തിൽ, യഹോവതന്നെ നിങ്ങളുടെ ശരണമെന്നു തെളിയും.”—സദൃശവാക്യങ്ങൾ 3:26, NW.
1. അനേകരും ദൈവത്തിൽ ആശ്രയിക്കുന്നുവെന്ന് അവകാശപ്പെടുന്നെങ്കിലും, അവർ എല്ലായ്പോഴും അങ്ങനെ ചെയ്യുന്നില്ലെന്ന് എന്തു സൂചിപ്പിക്കുന്നു?
അമേരിക്കൻ ഐക്യനാടുകളുടെ പണത്തിന്മേൽ ഒരു സൂക്തം കാണാവുന്നതാണ്—“ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു.” എന്നാൽ ആ രാജ്യത്തോ മറ്റെവിടെയെങ്കിലുമോ ഈ പണം ഉപയോഗിക്കുന്ന എല്ലാവരും വാസ്തവത്തിൽ ദൈവത്തിൽ ആശ്രയിക്കുന്നുണ്ടോ? അതോ അവർ കൂടുതലും ആശ്രയിക്കുന്നത് പണത്തെത്തന്നെയാണോ? ആ രാജ്യത്തിന്റെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ പണത്തിൽ ആ വിധം ആശ്രയിക്കുന്നതും സ്നേഹവാനും തന്റെ ശക്തി ഒരിക്കലും ദുരുപയോഗിക്കാത്തവനും യാതൊരു അത്യാഗ്രഹവും ഇല്ലാത്തവനുമായ സർവശക്തനായ ഒരു ദൈവത്തിൽ ആശ്രയിക്കുന്നതും ഒത്തുപോകുന്ന സംഗതിയല്ല. വാസ്തവത്തിൽ, അവൻ ദ്രവ്യാഗ്രഹത്തെ വ്യക്തമായ ഭാഷയിൽ കുറ്റംവിധിക്കുകയാണ് ചെയ്യുന്നത്.—എഫെസ്യർ 5:5.
2. ധനത്തിന്റെ ശക്തി സംബന്ധിച്ച് സത്യക്രിസ്ത്യാനികൾക്ക് എന്തു മനോഭാവമാണ് ഉള്ളത്?
2 സത്യക്രിസ്ത്യാനികളുടെ ശരണം ദൈവത്തിലാണ്, “വഞ്ചനാത്മക ശക്തി”യുള്ള ധനത്തിലല്ല. (മത്തായി 13:22, NW) സന്തോഷം കൈവരുത്തുന്നതിനും ജീവൻ കാത്തുരക്ഷിക്കുന്നതിനും പണത്തിനുള്ള ശക്തി വളരെ പരിമിതമാണ് എന്ന് അവർ തിരിച്ചറിയുന്നു. എന്നാൽ അതുപോലെയല്ല സർവശക്തനായ ദൈവത്തിന്റെ ശക്തി. (സെഫന്യാവു 1:18) അതുകൊണ്ട്, ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നേ അരുളിച്ചെയ്തിരിക്കുന്നുവല്ലോ’ എന്ന അനുശാസനം എത്ര ജ്ഞാനപൂർവകമാണ്!—എബ്രായർ 13:5.
3. ആവർത്തനപുസ്തകം 31:6-ന്റെ സന്ദർഭം പൗലൊസ് ആ വാക്യം ഉദ്ധരിക്കുന്നതിന്മേൽ വെളിച്ചം വീശുന്നതെങ്ങനെ?
3 എബ്രായ ക്രിസ്ത്യാനികൾക്ക് ഈ വാക്കുകൾ എഴുതിയപ്പോൾ, പൗലൊസ് അപ്പൊസ്തലൻ മോശയെ ഉദ്ധരിക്കുകയായിരുന്നു. തന്റെ മരണത്തിനു തൊട്ടു മുമ്പ് മോശ ഇസ്രായേല്യർക്കു കൊടുത്ത പ്രബോധനത്തിൽ നിന്നുള്ള വാക്കുകൾ ആയിരുന്നു അവ. “ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.” (ആവർത്തനപുസ്തകം 31:6) സന്ദർഭം പ്രകടമാക്കുന്നത് ഭൗതിക ആവശ്യങ്ങൾക്കായി യഹോവയെ കേവലം ആശ്രയിക്കുന്നതിൽ ഉപരിയായി അവനിൽ ശരണം വെക്കാൻ മോശ പ്രോത്സാഹിപ്പിക്കുക ആയിരുന്നു എന്നാണ്. അത് എങ്ങനെ?
4. താൻ ആശ്രയയോഗ്യൻ ആണെന്നു ദൈവം ഇസ്രായേല്യർക്കു തെളിയിച്ചു കൊടുത്തത് എങ്ങനെ?
4 ഇസ്രായേലിന് മരുഭൂമിയിൽ അലഞ്ഞുനടക്കേണ്ടിവന്ന 40 വർഷവും യഹോവ അവരുടെ ഭൗതിക ആവശ്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റിയിരുന്നു. (ആവർത്തനപുസ്തകം 2:7; 29:4) അവൻ നേതൃത്വവും പ്രദാനം ചെയ്തു. അതിന്റെ ഒരു വിധം ഇസ്രായേല്യരെ വഴി നടത്തി “പാലും തേനും ഒഴുകുന്ന ദേശ”ത്തേക്കു നയിക്കാൻ പകൽ മേഘവും രാത്രി അഗ്നിയും ഉപയോഗിച്ചതായിരുന്നു. (പുറപ്പാടു 3:8; 40:36-38) വാഗ്ദത്ത ദേശത്ത് പ്രവേശിക്കുന്നതിനുള്ള തക്ക സമയം വന്നെത്തിയപ്പോൾ, യഹോവ മോശയുടെ പിൻഗാമിയായി യോശുവയെ തിരഞ്ഞെടുത്തു. ആ ദേശവാസികൾ ചെറുത്തുനിൽപ്പ് നടത്തുന്നതിനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ യഹോവ പതിറ്റാണ്ടുകളോളം തന്റെ ജനത്തിന്റെ സംരക്ഷണാർഥം അവരോടൊപ്പം പ്രയാണം ചെയ്തിരുന്നതിനാൽ, ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു. ആശ്രയിക്കാവുന്ന ഒരു ദൈവമാണ് യഹോവ എന്ന് ധരിക്കാൻ ഇസ്രായേല്യർക്കു തക്ക കാരണങ്ങൾ ഉണ്ടായിരുന്നു!
5. വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനു മുമ്പത്തെ ഇസ്രായേല്യരുടെ സ്ഥിതിവിശേഷവും ഇന്നത്തെ ക്രിസ്ത്യാനികളുടെ സ്ഥിതിവിശേഷവും സമാനമായിരിക്കുന്നത് എങ്ങനെ?
5 ഇന്ന് ക്രിസ്ത്യാനികൾ ഈ ദുഷ്ടലോകമാകുന്ന മരുഭൂമിയിലൂടെ ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. 40 വർഷത്തിൽ അധികമായി ഈ ഗതി പിന്തുടരുന്നവരും അക്കൂട്ടത്തിലുണ്ട്. അവർ ഇപ്പോൾ ദൈവത്തിന്റെ പുതിയ ലോകത്തിന്റെ കവാടത്തിങ്കൽ നിൽക്കുകയാണ്. എന്നാൽ മാർഗതടസ്സം സൃഷ്ടിക്കാൻ ശത്രുക്കളുണ്ട്. വാഗ്ദത്ത ദേശത്തെപ്പോലെ ആകാനിരിക്കുന്ന, പാലും തേനും ഒഴുകുന്ന ആ പുരാതന ദേശത്തെക്കാൾ മഹത്ത്വമുള്ളത് ആയിത്തീരാനിരിക്കുന്ന ദേശത്തേക്ക് പ്രവേശിക്കുന്നത് തടസ്സപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് പൗലൊസ് ഉദ്ധരിക്കുന്ന മോശയുടെ വാക്കുകൾ ഇന്നത്തെ ക്രിസ്ത്യാനികൾക്ക് എത്ര ഉചിതമാണ്: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല”! യഹോവയിൽ ശരണം വെച്ചുകൊണ്ട് പൂർണ വിശ്വാസത്തോടെ ശക്തരും ധൈര്യശാലികളുമായി നിലകൊള്ളുന്നവർക്ക് തീർച്ചയായും പ്രതിഫലം ഉണ്ട്.
പരിജ്ഞാനത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ ശരണം
6, 7. (എ) യഹോവയിൽ അബ്രാഹാമിന് ഉണ്ടായിരുന്ന വിശ്വാസത്തിന് പരിശോധന ആയിത്തീർന്നത് എന്ത്? (ബി) യിസ്ഹാക്കിനെ ബലി അർപ്പിക്കേണ്ടിയിരുന്ന സ്ഥലത്തേക്കു യാത്ര ചെയ്യവേ അബ്രാഹാമിന് എങ്ങനെ തോന്നിയിരിക്കാം?
6 ഒരു അവസരത്തിൽ, ഇസ്രായേല്യരുടെ പൂർവികനായ അബ്രാഹാമിന് തന്റെ പുത്രനായ യിസ്ഹാക്കിനെ ഹോമയാഗമായി അർപ്പിക്കാനുള്ള കൽപ്പന ലഭിച്ചു. (ഉല്പത്തി 22:2) അത് ഉടനടി അനുസരിക്കാൻ മനസ്സൊരുക്കം പ്രകടമാക്കുമാറ് യഹോവയിൽ അത്ര അചഞ്ചലമായ ശരണം ഉണ്ടായിരിക്കാൻ ആ സ്നേഹവാനായ പിതാവിനെ പ്രാപ്തനാക്കിയത് എന്തായിരുന്നു? എബ്രായർ 11:17-19 ഉത്തരം നൽകുന്നു: “വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു [“അർപ്പിച്ചതുപോലെയായി,” NW]. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു [“അർപ്പിക്കാൻ ഒരുങ്ങി,” NW]; മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേററവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.”
7 യാഗം അർപ്പിക്കേണ്ടിയിരുന്ന സ്ഥലത്ത് എത്തിച്ചേരാൻ അബ്രാഹാമിനും യിസ്ഹാക്കിനും മൂന്നു ദിവസം വേണ്ടിവന്നു എന്ന് ഓർക്കുക. (ഉല്പത്തി 22:4) തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത് ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ അബ്രാഹാമിന് ധാരാളം സമയം ഉണ്ടായിരുന്നു. അവന്റെ വികാരവിചാരങ്ങൾ നമുക്കു വിഭാവന ചെയ്യാൻ കഴിയുമോ? യിസ്ഹാക്കിന്റെ ജനനം അവരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായി കൈവന്ന, സന്തോഷത്തിനുള്ള ഒരു ഉറവ് ആയിരുന്നു. ദിവ്യ ഇടപെടലിന്റെ ആ തെളിവ് ലഭിച്ചതോടെ അബ്രാഹാമിനും അതുവരെ വന്ധ്യ ആയിരുന്ന ഭാര്യ സാറായ്ക്കും ദൈവത്തോട് ഉണ്ടായിരുന്ന അടുപ്പം വർധിച്ചു. തീർച്ചയായും അതിനുശേഷം അവർ യിസ്ഹാക്കിനും അവന്റെ പിൻഗാമികൾക്കും വരാനിരുന്ന ഭാവിയെ കുറിച്ച് ഓർത്ത് കഴിയുകയായിരുന്നു. ദൈവം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നതിന്റെ വീക്ഷണത്തിൽ, അവരുടെ സ്വപ്നങ്ങളെല്ലാം പെട്ടെന്നു പൊലിയാൻ പോകുകയായിരുന്നോ?
8. അബ്രാഹാമിന് ദൈവത്തെ കുറിച്ച് ഉണ്ടായിരുന്ന ഉറപ്പിൽ, ദൈവത്തിന് യിസ്ഹാക്കിനെ ഉയിർപ്പിക്കാൻ കഴിയും എന്നു കേവലം വിശ്വസിക്കുന്നതിലും അധികം ഉൾപ്പെട്ടിരുന്നതെങ്ങനെ?
8 എന്നാലും, ആത്മ മിത്രങ്ങൾക്കിടയിലേതുപോലെ, പരസ്പരമുള്ള വ്യക്തിപരമായ പരിജ്ഞാനത്തിൽ അധിഷ്ഠിതമായ ഉറപ്പ് അബ്രാഹാമിന് ഉണ്ടായിരുന്നു. “ദൈവത്തിന്റെ സ്നേഹിതൻ” എന്ന നിലയിൽ, അബ്രാഹാം “ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു.” (യാക്കോബ് 2:23) അബ്രാഹാമിന് യഹോവയെ കുറിച്ച് ഉണ്ടായിരുന്ന ഉറപ്പിൽ ദൈവത്തിന് യിസ്ഹാക്കിനെ ഉയിർപ്പിക്കാൻ കഴിയും എന്നു കേവലം വിശ്വസിക്കുന്നതിലും അധികം ഉൾപ്പെട്ടിരുന്നു. അബ്രാഹാമിന് എല്ലാ വസ്തുതകളും അറിയില്ലായിരുന്നെങ്കിലും, യഹോവ തന്നോട് ആവശ്യപ്പെടുന്നത് ഉചിതമായ സംഗതിയാണെന്ന ബോധ്യം അവനുണ്ടായിരുന്നു. അത്തരം ഒരു ആവശ്യം ഉന്നയിക്കുന്നതിൽ യഹോവയുടെ ഭാഗത്ത് നീതിയുണ്ടോ എന്നു സംശയിക്കാൻ അവന് ഒരു കാരണവും ഇല്ലായിരുന്നു. പിന്നെ, യിസ്ഹാക്ക് യാഗമായി വാസ്തവത്തിൽ വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് യഹോവയുടെ ദൂതൻ ഇടപെട്ടത് അബ്രാഹാമിന്റെ ഉറപ്പിന് ആക്കം കൂട്ടി.—ഉല്പത്തി 22:9-14.
9, 10. (എ) അബ്രാഹാം നേരത്തേതന്നെ യഹോവയിൽ വിശ്വാസം പ്രകടമാക്കിയത് എപ്പോൾ ആയിരുന്നു? (ബി) അബ്രാഹാമിൽനിന്നു നമുക്ക് പ്രധാനപ്പെട്ട എന്തു പാഠം പഠിക്കാൻ കഴിയും?
9 അതിന് ഏതാണ്ട് 25 വർഷം മുമ്പ്, അബ്രാഹാം യഹോവയുടെ നീതിയിൽ സമാനമായ ഉറപ്പ് പ്രകടമാക്കിയിരുന്നു. സൊദോമും ഗൊമോറയും നശിപ്പിക്കപ്പെടാൻ പോകുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്റെ മച്ചുനനായ ലോത്ത് ഉൾപ്പെടെ അവിടെ നീതിമാന്മാർ ആരെങ്കിലും പാർക്കുന്നുണ്ടെങ്കിൽ അവരുടെ ക്ഷേമത്തിൽ അവൻ സ്വാഭാവികമായും ഉത്കണ്ഠ പ്രകടമാക്കി. അബ്രാഹാം ദൈവത്തോട് അഭ്യർഥിച്ചുകൊണ്ടു പറഞ്ഞു: “ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?”—ഉല്പത്തി 18:25.
10 യഹോവ ഒരിക്കലും അനീതി പ്രവർത്തിക്കുകയില്ലെന്ന ബോധ്യം ഗോത്രപിതാവ് ആയ അബ്രാഹാമിന് ഉണ്ടായിരുന്നു. പിൽക്കാലത്ത് സങ്കീർത്തനക്കാരൻ പാടി: “യഹോവ തന്റെ എല്ലാ വഴികളിലും നീതിമാനും തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തനും ആകുന്നു.” (സങ്കീർത്തനം 145:17, NW) നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നത് നല്ലതാണ്: ‘യഹോവയുടെ നീതിയെ സംശയിക്കാതെ, അവൻ എനിക്കു നേരിടാൻ അനുവദിക്കുന്ന സംഗതികൾ ഞാൻ സ്വീകരിക്കുന്നുണ്ടോ? അവൻ അനുവദിക്കുന്നതെന്തും അവസാനം എന്റെയും മറ്റുള്ളവരുടെയും പ്രയോജനത്തിൽ കലാശിക്കുമെന്ന് എനിക്കു ബോധ്യമുണ്ടോ?’ ഉണ്ട് എന്ന് നമുക്ക് ഉത്തരം പറയാൻ കഴിയുന്നെങ്കിൽ, നാം അബ്രാഹാമിൽനിന്ന് ഒരു പ്രധാനപ്പെട്ട പാഠം പഠിച്ചിരിക്കുന്നു.
യഹോവയുടെ തിരഞ്ഞെടുപ്പുകളിൽ വിശ്വാസം പ്രകടമാക്കൽ
11, 12. (എ) ദൈവദാസരുടെ വിശ്വാസത്തിൽ എന്തുകൂടി അത്യാവശ്യമാണ്? (ബി) ചിലപ്പോഴൊക്കെ നമുക്ക് എന്ത് ഒരു പ്രശ്നമായേക്കാം?
11 യഹോവയെ തങ്ങളുടെ ശരണമായി വീക്ഷിക്കുന്നവർ തന്റെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിൽ യഹോവ ഉപയോഗിക്കുന്ന മനുഷ്യരിലും വിശ്വാസം പ്രകടമാക്കുന്നു. ഇസ്രായേല്യർക്ക് ഇത് മോശയിലും പിന്നീട് അവന്റെ പിൻഗാമിയായ യോശുവയിലും വിശ്വാസം പ്രകടമാക്കുന്നതിനെ അർഥമാക്കി. ആദിമ ക്രിസ്ത്യാനികൾക്ക് ഇത് യെരൂശലേം സഭയിലെ അപ്പൊസ്തലന്മാരിലും പ്രായമേറിയ പുരുഷന്മാരിലും വിശ്വാസം പ്രകടമാക്കുന്നതിനെ അർഥമാക്കി. ഇന്ന് നമുക്കാകട്ടെ അത് “തക്കസമയത്ത്” ആത്മീയ “ആഹാരം” നൽകുന്നതിന് നിയമിതമായിരിക്കുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”യിലും അതിലെ അംഗങ്ങളാൽ ഉണ്ടായിരിക്കുന്ന ഭരണസംഘത്തിലും വിശ്വാസം പ്രകടമാക്കുന്നതിനെ അർഥമാക്കുന്നു.—മത്തായി 24:45, NW.
12 വാസ്തവത്തിൽ, ക്രിസ്തീയ സഭയിൽ നേതൃത്വം എടുക്കുന്നവരിൽ നാം വിശ്വാസം പ്രകടമാക്കുന്നതുകൊണ്ടുള്ള പ്രയോജനം നമുക്കുതന്നെയാണ്. നമ്മോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല [“ദോഷകരമായിരിക്കും,” NW].”—എബ്രായർ 13:17.
യഹോവയുടെ തിരഞ്ഞെടുപ്പുകളെ സംശയിക്കാതിരിക്കുക
13. നേതൃത്വം എടുക്കാൻ നിയമിതർ ആയിരിക്കുന്നവരിൽ വിശ്വാസം ഉണ്ടായിരിക്കുന്നതിന് നമുക്ക് എന്തു കാരണം ഉണ്ട്?
13 യഹോവയുടെ ജനത്തിനിടയിൽ നേതൃത്വം എടുക്കുന്നവരിൽ വിശ്വാസം പ്രകടമാക്കുന്നതിൽ സമനിലയുള്ളവർ ആയിരിക്കാൻ ബൈബിൾ നമ്മെ സഹായിക്കുന്നു. നമുക്കു നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘മോശയ്ക്ക് എപ്പോഴെങ്കിലും തെറ്റു പറ്റിയോ? യേശു ആഗ്രഹിച്ചപ്രകാരം അപ്പൊസ്തലന്മാർ ക്രിസ്തുസമാന ഗുണങ്ങൾ എല്ലായ്പോഴും പ്രകടമാക്കിയോ?’ ഉത്തരങ്ങൾ വളരെ വ്യക്തമാണ്. യഹോവ തന്റെ ജനത്തെ നയിക്കാൻ വിശ്വസ്തരും അർപ്പിതരുമായ പുരുഷന്മാരെ തിരഞ്ഞെടുത്തു, എന്നാൽ അവർ അപൂർണ മനുഷ്യരായിരുന്നു. അതുപോലെ, ഇന്ന് മൂപ്പന്മാർ അപൂർണരാണെങ്കിലും, നാം അവരെ “ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവി”നാൽ നിയമിക്കപ്പെട്ടവരായി അംഗീകരിക്കേണ്ടതുണ്ട്. അവർ നമ്മുടെ പിന്തുണയും ആദരവും അർഹിക്കുന്നവരാണ്.—പ്രവൃത്തികൾ 20:28.
14. അഹരോനെയോ മിര്യാമിനെയോ തിരഞ്ഞെടുക്കുന്നതിനു പകരം യഹോവ മോശയെ തിരഞ്ഞെടുത്തതിൽ ശ്രദ്ധേയമായി എന്താണുള്ളത്?
14 അഹരോനു മോശയെക്കാൾ മൂന്നു വയസ്സ് കൂടുതൽ ഉണ്ടായിരുന്നു, എന്നാൽ അവർ രണ്ടുപേരെക്കാളും പ്രായക്കൂടുതൽ അവരുടെ സഹോദരി മിര്യാമിനായിരുന്നു. (പുറപ്പാടു 2:3, 4; 7:7) ഇനി, ഒഴുക്കോടെ സംസാരിക്കുന്ന കാര്യത്തിലോ, മോശയെക്കാൾ മികച്ചുനിന്നത് അഹരോൻ ആയിരുന്നു. അതുകൊണ്ട്, അവൻ തന്റെ സഹോദരന്റെ വക്താവായി സേവിക്കാൻ നിയമിതനായി. (പുറപ്പാടു 6:29–7:2) എന്നിട്ടും, ഇസ്രായേലിനെ നയിക്കുന്നതിന് യഹോവ ഏറ്റവും പ്രായമുള്ള മിര്യാമിനെയോ നല്ല വാക്സാമർഥ്യം ഉണ്ടായിരുന്ന അഹരോനെയോ തിരഞ്ഞെടുത്തില്ല. എല്ലാ വസ്തുതകളും സമയത്തിന്റെ ആവശ്യങ്ങളും പൂർണമായി കണക്കിലെടുത്തുകൊണ്ട് ആയിരുന്നു അവൻ മോശയെ തിരഞ്ഞെടുത്തത്. ഒരു വേള ഈ വ്യക്തമായ ഉൾക്കാഴ്ചയില്ലാതെ അഹരോനും മിര്യാമും പരാതിപ്പെട്ടു: “യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ.” യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയോട് അനാദരവ് പ്രകടമാക്കിയതിന്, സാധ്യതയനുസരിച്ച് ഇതിന്റെ മുഖ്യ കാരണക്കാരി ആയി വർത്തിച്ച മിര്യാമിനു ശിക്ഷ ലഭിച്ചു. അവളും അഹരോനും മോശയെ “ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായി” അംഗീകരിക്കേണ്ടതായിരുന്നു.—സംഖ്യാപുസ്തകം 12:1-3, 9-15.
15, 16. തനിക്കു യഹോവയിൽ വിശ്വാസമുണ്ടെന്നു കാലേബ് തെളിയിച്ചതെങ്ങനെ?
15 വാഗ്ദത്ത ദേശത്തെ ഒറ്റുനോക്കാൻ 12 പേരെ അയച്ചിട്ട് 10 പേരും കൊണ്ടുവന്നത് ദുർവാർത്ത ആയിരുന്നു. കനാന്യർ “അതികായന്മാർ” ആണെന്നു പറഞ്ഞുകൊണ്ട് അവർ ഇസ്രായേല്യരിൽ ഭയം ജനിപ്പിച്ചു. ഇതിന്റെ ഫലമായി ഇസ്രായേല്യർ “മോശെക്കും അഹരോന്നും വിരോധമായി പിറുപിറു”ത്തു. എന്നാൽ എല്ലാ ഒറ്റുനോട്ടക്കാരും മോശയിലും യഹോവയിലും വിശ്വാസക്കുറവു പ്രകടമാക്കിയില്ല. നാം ഇങ്ങനെ വായിക്കുന്നു: “എന്നാൽ കാലേബ് മോശെയുടെ മുമ്പകെ ജനത്തെ അമർത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു.” (സംഖ്യാപുസ്തകം 13:2, 25-33; 14:2) കാലേബിന്റെ ഉറച്ച നിലപാടുതന്നെ അവന്റെ സഹ ഒറ്റുനോട്ടക്കാരൻ ആയിരുന്ന യോശുവയും പ്രകടമാക്കി. തങ്ങൾ രണ്ടു പേരും യഹോവയെ ശരണം ആക്കിയിരിക്കുകയാണെന്ന് അവർ പ്രകടമാക്കി. കാരണം അവർ പറഞ്ഞു: “യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. . . . നിങ്ങൾ . . . ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; . . . നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.” (സംഖ്യാപുസ്തകം 14:6-9) യഹോവയിലുള്ള ഈ ശരണത്തിന് പ്രതിഫലം ലഭിച്ചു. അന്നു ജീവിച്ചിരുന്ന മുതിർന്നവരുടെ തലമുറയിൽ കാലേബിനും യോശുവയ്ക്കും ഏതാനും ലേവ്യർക്കും മാത്രമേ വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനുള്ള പദവി ലഭിച്ചുള്ളൂ.
16 ഏതാനും വർഷങ്ങൾക്കു ശേഷം കാലേബ് പറഞ്ഞു: “ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പററിനിന്നു. . . . മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചുതുമുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതുപോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; . . . എന്റെ ആരോഗ്യം അന്നത്തെപ്പോലെ തന്നേ ഇന്നും ഇരിക്കുന്നു.” (യോശുവ 14:6-11) കാലേബിന്റെ ക്രിയാത്മക മനോഭാവവും വിശ്വസ്തതയും ശാരീരിക പ്രാപ്തികളും ശ്രദ്ധിക്കുക. എന്നിട്ടും, യഹോവ മോശയുടെ പിൻഗാമിയായി കാലേബിനെ തിരഞ്ഞെടുത്തില്ല. ആ പദവി യോശുവയ്ക്കാണു നൽകിയത്. ആ തിരഞ്ഞെടുപ്പിനു യഹോവയ്ക്കു കാരണങ്ങൾ ഉണ്ടെന്നും അത് ഏറ്റവും നല്ല തിരഞ്ഞെടുപ്പ് ആണെന്നും നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്.
17. പത്രൊസ് ഉത്തരവാദിത്വത്തിന് അയോഗ്യനാണെന്ന തോന്നൽ ഉളവാക്കിയേക്കാവുന്ന സംഗതികൾ ഏവ?
17 പത്രൊസ് അപ്പൊസ്തലൻ തന്റെ യജമാനനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു. നിയമം കയ്യിലെടുക്കുന്ന രീതിയിൽ, വീണ്ടുവിചാരമില്ലാതെ അവൻ മഹാ പുരോഹിതന്റെ ഭൃത്യന്റെ ചെവി അറുത്തു. (മത്തായി 26:47-55, 69-75; യോഹന്നാൻ 18:10, 11) പത്രൊസ് ഭീരുവും സമനില ഇല്ലാത്തവനും പ്രത്യേക പദവികൾക്ക് അയോഗ്യനും ആണെന്ന് ചിലർ പറഞ്ഞേക്കാം. എന്നിട്ടും, രാജ്യത്തിന്റെ താക്കോലുകൾ ലഭിച്ചത്, മൂന്നു കൂട്ടർക്ക് സ്വർഗീയ വിളിയിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നതിനുള്ള പദവികൾ ലഭിച്ചത് ആർക്കായിരുന്നു? അത് പത്രൊസിനായിരുന്നു.—പ്രവൃത്തികൾ 2:1-41; 8:14-17; 10:1-48.
18. യൂദാ സൂചിപ്പിക്കുന്ന ഏതു തെറ്റ് ഒഴിവാക്കാൻ നാം ആഗ്രഹിക്കുന്നു?
18 നാം ബാഹ്യപ്രകൃതി നോക്കി വിധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഈ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. നാം യഹോവയിൽ ശരണം വെക്കുന്നെങ്കിൽ, നാം അവന്റെ തിരഞ്ഞെടുപ്പുകളെ സംശയിക്കുകയില്ല. അവന്റെ ഭൗമിക സഭയിലുള്ളവർ അപ്രമാദിത്വം അവകാശപ്പെടാത്ത അപൂർണരാണെങ്കിലും, അവൻ അവരെ ശക്തമായ വിധത്തിൽ ഉപയോഗിക്കുകയാണ്. യേശുവിന്റെ അർധസഹോദരനായ യൂദാ, “കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്ന” വ്യക്തികളെ കുറിച്ച്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പു നൽകി. (യൂദാ 8-10) ഒരിക്കലും നമുക്ക് അവരെപ്പോലെ ആകാതിരിക്കാം.
19. യഹോവയുടെ തിരഞ്ഞെടുപ്പുകളെ സംശയിക്കാൻ നമുക്കു യാതൊരു കാരണവും ഇല്ലാത്തത് എന്തുകൊണ്ട്?
19 ഒരു പ്രത്യേക സമയത്ത് തന്റെ ജനത്തെ താൻ ആഗ്രഹിക്കുന്ന വിധത്തിൽ നയിക്കാൻ ആവശ്യമായ പ്രത്യേക ഗുണങ്ങളുള്ള വ്യക്തികളെയാണ് വ്യക്തമായും യഹോവ തിരഞ്ഞെടുത്ത് ഉത്തരവാദിത്വ സ്ഥാനങ്ങളിലാക്കുന്നത്. ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളെ സംശയിക്കാതെ നാം ഈ വസ്തുത അംഗീകരിക്കാൻ ശ്രമിക്കണം. യഹോവ നമ്മെ വ്യക്തിപരമായി ആക്കിവെച്ചിരിക്കുന്ന സ്ഥാനങ്ങളിൽ നിന്നുകൊണ്ട് താഴ്മയോടെ സേവിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുകയും വേണം. അങ്ങനെ നാം യഹോവയെ നമ്മുടെ ശരണം ആക്കിയിരിക്കുന്നു എന്നു പ്രകടമാക്കും.—എഫെസ്യർ 4:11-16; ഫിലിപ്പിയർ 2:3.
യഹോവയുടെ നീതിയിൽ വിശ്വാസം പ്രകടമാക്കൽ
20, 21. ദൈവം മോശയോട് ഇടപെട്ട വിധത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
20 ചിലപ്പോഴൊക്കെ നാം നമ്മിൽത്തന്നെ അമിത വിശ്വാസവും യഹോവയിൽ വിശ്വാസക്കുറവും പ്രകടിപ്പിക്കുന്നതിനുള്ള പ്രവണത ഉള്ളവരാണെങ്കിൽ, നമുക്കു മോശയിൽനിന്നു പഠിക്കാൻ കഴിയും. 40 വയസ്സായപ്പോൾ, അവൻ സ്വന്ത ഹിതപ്രകാരം ഇസ്രായേല്യരെ ഈജിപ്ത്യ അടിമത്തത്തിൽനിന്നു രക്ഷിക്കാനായി പുറപ്പെട്ടു. നിസ്സംശയമായും അവന്റെ ശ്രമങ്ങൾ സദുദ്ദേശ്യപരം ആയിരുന്നെങ്കിലും, അത് ഇസ്രായേലിന് ഉടനടി വിമോചനം വരുത്തുകയോ അവന്റെതന്നെ അവസ്ഥയെ മെച്ചപ്പെടുത്തുകയോ ചെയ്തില്ല. വാസ്തവത്തിൽ, അവൻ പലായനം ചെയ്യാൻ നിർബന്ധിതനാകുകയാണ് ഉണ്ടായത്. ഒരു അന്യദേശത്ത് 40 വർഷത്തെ കഠിന പരിശീലനം ലഭിച്ചതിനു ശേഷമേ അവൻ മുമ്പ് ആഗ്രഹിച്ചിരുന്നത് ചെയ്യാൻ തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യനായുള്ളൂ. ആ സമയത്ത് അവനു യഹോവയുടെ പിന്തുണ സംബന്ധിച്ച് ഉറപ്പ് വിചാരിക്കാൻ കഴിയുമായിരുന്നു. കാരണം കാര്യങ്ങൾ യഹോവയുടെ സമയപ്പട്ടികയ്ക്കു ചേർച്ചയിൽ അവന്റെ ഹിതപ്രകാരം നടന്നത് അപ്പോൾ ആയിരുന്നു.—പുറപ്പാടു 2:11–3:10.
21 നമുക്ക് ഓരോരുത്തർക്കും സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘സംഗതികൾ ദ്രുതഗതിയിൽ ആക്കാനോ സ്വന്തമായ വിധത്തിൽ ചെയ്യാനോ ശ്രമിച്ചുകൊണ്ട് ഞാൻ ചിലപ്പോഴൊക്കെ യഹോവയ്ക്കും സഭയിലെ നിയമിത മൂപ്പന്മാർക്കും മുമ്പേ പോകാറുണ്ടോ? ചില പദവികളുടെ കാര്യത്തിൽ തന്നെ തഴഞ്ഞിരിക്കുകയാണെന്നു വിചാരിക്കാതെ, ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന പരിശീലന കാലഘട്ടത്തെ ഞാൻ മനസ്സോടെ അംഗീകരിക്കുന്നുണ്ടോ?’ അടിസ്ഥാനപരമായി, നാം മോശയിൽനിന്ന് ഒരു പ്രധാനപ്പെട്ട പാഠം പഠിച്ചിട്ടുണ്ടോ?
22. വലിയ ഒരു പദവി നഷ്ടപ്പെട്ടിട്ടും, മോശയ്ക്കു യഹോവയെ കുറിച്ച് എന്തു തോന്നി?
22 കൂടാതെ, നമുക്കു മോശയിൽനിന്ന് മറ്റൊരു പാഠവും പഠിക്കാം. അവൻ ചെയ്ത ഒരു തെറ്റിനെയും അതു മുഖാന്തരം അവനു നേരിട്ട ഭീമമായ നഷ്ടത്തെയും കുറിച്ചു സംഖ്യാപുസ്തകം 20:7-13 നമ്മോടു പറയുന്നു. അവന് ഇസ്രായേല്യരെ വാഗ്ദത്ത ദേശത്തേക്കു നയിക്കുന്നതിനുള്ള പദവി നഷ്ടമായി. അക്കാര്യത്തിൽ യഹോവയുടെ തീരുമാനം ന്യായമായില്ല എന്ന മട്ടിൽ അവൻ പ്രതികരിച്ചുവോ? ദൈവം തന്നോട് അന്യായമായി ഇടപെടുകയാണ്, അതിനാൽ താൻ ഇനി ഒന്നിനുമില്ല എന്ന മട്ടിൽ നിശ്ശബ്ദനായി ഒരു മൂലയിൽ ഒതുങ്ങിക്കൂടിയോ? യഹോവയുടെ നീതിയിൽ മോശയ്ക്കുള്ള വിശ്വാസം നഷ്ടമായോ? തന്റെ മരണത്തിനു മുമ്പ് മോശ ഇസ്രായേലിനോടു സംസാരിച്ച വാക്കുകളിൽനിന്ന് നമുക്ക് ഉത്തരം കണ്ടെത്താനാകും. യഹോവയെക്കുറിച്ചു മോശ പറഞ്ഞു: “അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ [“അന്യായമില്ലാത്തവൻ,” NW]; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്തകം 32:4) മോശ അവസാനംവരെ യഹോവയിലുള്ള തന്റെ വിശ്വാസം നിലനിർത്തി. നമ്മുടെ കാര്യമോ? യഹോവയിലും അവന്റെ നീതിയിലും ഉള്ള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുന്നതിന് നാം വ്യക്തിപരമായി നടപടികൾ കൈക്കൊള്ളുന്നുണ്ടോ? നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? നമുക്കു നോക്കാം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ യഹോവയിൽ വിശ്വാസം അർപ്പിക്കുന്നതിന് ഇസ്രായേല്യർക്ക് എന്തെല്ലാം കാരണങ്ങൾ ഉണ്ടായിരുന്നു?
□ വിശ്വാസത്തിന്റെ കാര്യത്തിൽ, അബ്രാഹാമിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
□ യഹോവയുടെ തിരഞ്ഞെടുപ്പുകളെ നാം സംശയിക്കരുതാത്തത് എന്തുകൊണ്ട്?
[13-ാം പേജിലെ ചിത്രം]
സഭയിൽ നേതൃത്വം എടുക്കുന്നവരെ ആദരിക്കുന്നതും യഹോവയിലുള്ള വിശ്വാസത്തിൽ ഉൾപ്പെടുന്നു