അവർ യഹോവയുടെ ഹിതം ചെയ്തു
പൗലൊസ് പ്രമുഖരുടെ മുമ്പാകെ സധൈര്യം സാക്ഷീകരിക്കുന്നു
ആരണ്ടു പുരുഷന്മാർ തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമായിരുന്നു. ഒരാൾ കിരീടധാരി; മറ്റേയാൾ ചങ്ങല ബന്ധിതൻ. ഒരാൾ രാജാവ്; മറ്റേയാൾ ജയിൽപുള്ളി. രണ്ടു വർഷത്തെ ജയിൽവാസത്തിനു ശേഷം, അപ്പൊസ്തലനായ പൗലൊസ് യഹൂദ ഭരണാധിപനായ ഹെരോദാവ് അഗ്രിപ്പാ രണ്ടാമന്റെ മുമ്പാകെ ഹാജരായി. രാജാവ് രാജ്ഞിയായ ബെർന്നീക്കയോടൊത്ത് “വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടുംകൂടെ വിചാരണമണ്ഡപത്തിൽ” അദ്ദേഹം എത്തി. (പ്രവൃത്തികൾ 25:23) “സാധ്യതയനുസരിച്ച്, നൂറുകണക്കിന് ആളുകൾ അവിടെ സന്നിഹിതരായിരുന്നു” എന്ന് ഒരു പരാമർശ ഗ്രന്ഥം പ്രസ്താവിക്കുന്നു.
പുതിയ ഗവർണറായ ഫെസ്തൊസ് ആയിരുന്നു ഈ കൂടിക്കാഴ്ച ഏർപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മുൻഗാമി ആയിരുന്ന ഫേലിക്സ്, പൗലൊസ് തടവിൽ കഷ്ടമനുഭവിക്കുന്നതിൽ സന്തോഷിച്ചിരുന്നു. എന്നാൽ പൗലൊസിന് എതിരെയുള്ള ആരോപണങ്ങളുടെ സത്യതയെ ഫെസ്തൊസ് ചോദ്യം ചെയ്തു. കേസ് കൈസറുടെ മുമ്പാകെ അവതരിപ്പിക്കുന്നതിന് ആവശ്യപ്പെടത്തക്കവണ്ണം തന്റെ നിരപരാധിത്വം സംബന്ധിച്ച് പൗലൊസ് വളരെ ബോധ്യമുള്ളവനായിരുന്നു! പൗലൊസിന്റെ കേസ് അഗ്രിപ്പാ രാജാവിൽ ആകാംക്ഷ ഉണർത്തി. “ആ മമനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ഫെസ്തൊസ് ഉടനടി അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഈ അസാധാരണ തടവുപുള്ളിയെപ്പറ്റി രാജാവ് എന്തു വിചാരിക്കും എന്ന് അദ്ദേഹം അമ്പരന്നിരിക്കാം.—പ്രവൃത്തികൾ 24:27–25:22.
പിറ്റേ ദിവസം, നിരവധി പ്രമുഖർ അടങ്ങിയ ഒരു സദസ്സിനു മുമ്പാകെ പൗലൊസ് ഹാജരായി. “ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു, വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കേണമെന്നു അപേക്ഷിക്കുന്നു,” പൗലൊസ് അഗ്രിപ്പായോടു പറഞ്ഞു.—പ്രവൃത്തികൾ 26:2, 3.
പൗലൊസിന്റെ ധീര പ്രതിവാദം
ക്രിസ്ത്യാനികളുടെ ഒരു പീഡകൻ എന്നനിലയിലുള്ള തന്റെ കഴിഞ്ഞകാലത്തെ കുറിച്ചാണ് പൗലൊസ് അഗ്രിപ്പായോട് ആദ്യം സംസാരിച്ചത്. താൻ അവരെ “ദൂഷണം പറവാൻ നിർബന്ധിക്കയും . . . അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു” എന്നു പൗലൊസ് പ്രസ്താവിച്ചു. തനിക്കു ലഭിച്ച ശ്രദ്ധേയമായ ദർശനത്തെ കുറിച്ചും അവൻ വർണിക്കുന്നു. പുനരുത്ഥാനം ചെയ്യപ്പെട്ട യേശു ആ ദർശനത്തിൽ അവനോട് ഇങ്ങനെ ചോദിച്ചു: “നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു.”a—പ്രവൃത്തികൾ 26:4-14.
തുടർന്ന്, ‘കണ്ടതും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതും’ സംബന്ധിച്ചു സകല ജനതകളിലുമുള്ള ആളുകൾക്കു സാക്ഷ്യം കൊടുക്കാൻ യേശു ശൗലിനെ നിയോഗിച്ചു. തന്റെ നിയമനം നിവർത്തിക്കാൻ താൻ കഠിനപ്രയത്നം ചെയ്തെന്നു പൗലൊസ് പ്രസ്താവിച്ചു. എങ്കിലും, “ഇതുനിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽവെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു” എന്ന് പൗലൊസ് അഗ്രിപ്പായോടു പറഞ്ഞു. അഗ്രിപ്പാവിനു യഹൂദ മതത്തിലുള്ള താത്പര്യത്തിന് ഇണങ്ങുംവിധം, തന്റെ സാക്ഷീകരണത്തിൽ “പ്രവാചകന്മാരും മോശയും” മിശിഹായുടെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് “പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല” എന്ന് അവൻ ഊന്നിപ്പറഞ്ഞു.—പ്രവൃത്തികൾ 26:15-23.
എന്നാൽ ഫെസ്തൊസ് ഇടയ്ക്കു കയറി പറഞ്ഞു. “വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു” എന്ന് അദ്ദേഹം പ്രസ്താവിച്ചു. അതിനു പൗലൊസ്: “രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്.” തുടർന്ന് പൗലൊസ് അഗ്രിപ്പായോടു പറഞ്ഞു: “രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണിൽ നടന്നതല്ല.”—പ്രവൃത്തികൾ 26:24-26.
പിന്നെ പൗലൊസ് അഗ്രിപ്പായെ നേരിട്ട് സംബോധന ചെയ്തു. “അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ?” ഈ ചോദ്യം അഗ്രിപ്പാവിനെ അസ്വസ്ഥനാക്കിയെന്നതിൽ സംശയമില്ല. എന്തായാലും അദ്ദേഹത്തിനു തന്റെ പ്രതിച്ഛായ നിലനിർത്തേണ്ടിയിരുന്നു. പൗലൊസ് പറഞ്ഞതിനോടു യോജിക്കുന്ന പക്ഷം, അത് ഫെസ്തൊസ് “ഭ്രാന്ത്” എന്നു വിളിച്ചതിനെ പിന്താങ്ങുന്നതായി അർഥമാക്കുമായിരുന്നു. അഗ്രിപ്പായുടെ വിമുഖത മനസ്സിലാക്കിയ പൗലൊസ് തന്റെ ചോദ്യത്തിനു സ്വയം ഉത്തരം നൽകി. “വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു,” അവൻ പ്രസ്താവിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ഇപ്പോൾ അഗ്രിപ്പാ സംസാരിക്കാൻ തുടങ്ങുന്നു. എന്നാൽ അവൻ കാര്യങ്ങൾ വ്യക്തമാക്കുന്നില്ല. “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു” എന്ന് അദ്ദേഹം പൗലൊസിനോടു പറഞ്ഞു.—പ്രവൃത്തികൾ 26:27, 28.
അഗ്രിപ്പായുടെ അവ്യക്തമായ ഈ പ്രസ്താവന ഉപയോഗിച്ചുകൊണ്ട് പൗലൊസ് ശക്തമായ ഒരു ആശയം വ്യക്തമാക്കി. “നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികംകൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു” എന്ന് അവൻ പറഞ്ഞു.—പ്രവൃത്തികൾ 26:29.
മരണശിക്ഷയോ ജയിൽവാസമോ അർഹിക്കുന്ന യാതൊരു കുറ്റവും അഗ്രിപ്പായും ഫെസ്തൊസും പൗലൊസിൽ കണ്ടില്ല. എങ്കിലും, തന്റെ കേസ് കൈസരുടെ മുമ്പാകെ അവതരിപ്പിക്കാനുള്ള അവന്റെ അപേക്ഷ അവർക്കു തള്ളിക്കളയാനാകുന്നില്ല. അതുകൊണ്ടാണ് അഗ്രിപ്പാ ഫെസ്തൊസിനോട് ഇങ്ങനെ പറഞ്ഞത്: “കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു.”—പ്രവൃത്തികൾ 26:30-32.
നമുക്കുള്ള പാഠം
പ്രമുഖരുടെ മുമ്പാകെ സുവിശേഷം അവതരിപ്പിച്ച പൗലൊസിന്റെ രീതി നമുക്കൊരു നല്ല മാതൃകയാണ്. അഗ്രിപ്പാ രാജാവിനോടുള്ള സംസാരത്തിൽ പൗലൊസ് വിവേകം പ്രകടമാക്കി. അഗ്രിപ്പാവിനും ബെർന്നീക്കയ്ക്കും അപകീർത്തിഹേതു ആയിരുന്ന അവരുടെ സാഹചര്യങ്ങളെ കുറിച്ച് പൗലൊസിന് അറിയാമായിരുന്നു എന്നതിൽ സംശയമില്ല. അവരുടേത് ഒരു അഗമ്യ ബന്ധമായിരുന്നു. കാരണം, ബെർന്നീക്ക യഥാർഥത്തിൽ അഗ്രിപ്പായുടെ പെങ്ങളായിരുന്നു. എന്നാൽ ഈ അവസരത്തിൽ ധാർമികതയെ കുറിച്ച് സംസാരിക്കാൻ പൗലൊസ് തുനിഞ്ഞില്ല. മറിച്ച്, തനിക്കും അഗ്രിപ്പാവിനും യോജിപ്പുള്ള ആശയങ്ങൾക്കാണ് അവൻ ഊന്നൽ കൊടുത്തത്. കൂടാതെ, പണ്ഡിത പരീശനായ ഗമാലിയേലിന്റെ പക്കൽനിന്നു പൗലൊസിനു പരിശീലനം ലഭിച്ചിരുന്നെങ്കിലും, യഹൂദ ആചാരങ്ങളിൽ അഗ്രിപ്പാവിന് അവഗാഹം ഉണ്ടായിരുന്നു എന്ന് അവൻ സമ്മതിച്ചു. (പ്രവൃത്തികൾ 22:3) സദാചാരപരമായ കാര്യങ്ങളിൽ അഗ്രിപ്പാ വീഴ്ച വരുത്തിയെങ്കിലും, പൗലൊസ് അദ്ദേഹത്തോട് ആദരവോടെ സംസാരിച്ചു. കാരണം അഗ്രിപ്പാ ഒരു അധികാര സ്ഥാനം വഹിച്ചിരുന്നു.—റോമർ 13:7.
വിശ്വാസത്തെ കുറിച്ച് സധൈര്യം സാക്ഷീകരിക്കുമ്പോൾ നമ്മുടെ ലക്ഷ്യം ശ്രോതാക്കളുടെ അശുദ്ധ ആചാരങ്ങളെ തുറന്നു കാണിക്കുകയോ അപലപിക്കുകയോ അല്ല. മറിച്ച്, സത്യം സ്വീകരിക്കുക അവർക്ക് എളുപ്പമാകത്തക്കവണ്ണം നമുക്കു പൊതുവായുള്ള പ്രത്യാശകൾക്കു പ്രാധാന്യം കൽപ്പിച്ചുകൊണ്ട് സുവാർത്തയുടെ ക്രിയാത്മക വശങ്ങൾക്ക് നാം ഊന്നൽ നൽകേണ്ടതുണ്ട്. പ്രായം ചെന്നവരോടും അധികാരികളോടും സംസാരിക്കുമ്പോൾ, നാം അവരുടെ സ്ഥാനം മാനിക്കേണ്ടതുണ്ട്. (ലേവ്യപുസ്തകം 19:32) അപ്രകാരം നമുക്ക്, “ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന്നു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു” എന്നു പ്രസ്താവിച്ച പൗലൊസിനെ അനുകരിക്കാനാകും.—1 കൊരിന്ത്യർ 9:22.
[അടിക്കുറിപ്പ്]
a “മുള്ളിന്റെ നേരെ ഉതെക്കുന്നത്” എന്ന പ്രയോഗം, മൃഗത്തെ തെളിക്കാനുള്ള മുനയുള്ള വടിക്കിട്ട് തൊഴിച്ച് സ്വയം ഹാനി വരുത്തിവെക്കുന്ന ഒരു കാളയുടെ ചെയ്തിയെ വർണിക്കുന്നു. സമാനമായി, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിലൂടെ ശൗൽ തനിക്കുതന്നെ ഹാനി വരുത്തുക ആയിരുന്നു. കാരണം, ദൈവത്തിന്റെ പിന്തുണയുള്ള ഒരു ജനത്തിന് എതിരെ ആയിരുന്നു അവൻ പോരാടിയിരുന്നത്.