രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
സുവാർത്ത ഘോഷിക്കുന്നതിൽനിന്നു പിന്മാറരുത്
യൂറോപ്യൻ പര്യവേക്ഷകർ വെനെസ്വേല ഗൾഫും മറാകൈബോ തടാകവും ആദ്യം സന്ദർശിച്ചപ്പോൾ, തീരപ്രദേശത്തു മുഴുവൻ ആഴം കുറഞ്ഞ ജലത്തിനു മീതെ താങ്ങുതടികളിന്മേൽ പണിത കുടിലുകൾ നിറഞ്ഞിരുന്നു. ആളുകൾ തീരത്ത് ഉടനീളം വീടുകൾ പണിതിരുന്ന ഇറ്റലിയിലെ വെനീസിനെ കുറിച്ചുള്ള ഓർമകൾ ഉണർത്തുന്നത് ആയിരുന്നു ആ കാഴ്ച. അതുകൊണ്ട് സ്പാനിഷ് സംസാരിച്ചിരുന്ന ആ പര്യവേക്ഷകർ ആ സ്ഥലത്തിന് “കൊച്ചു വെനീസ്” എന്ന് അർഥം വരുന്ന വെനെസ്വേല എന്ന പേർ നൽകി.
ആ മനോഹര രാജ്യം ഇന്ന് മറ്റൊരു തരത്തിലുള്ള, ആത്മീയമായ, നിർമാണ പ്രവർത്തനത്തിന് ആതിഥ്യമരുളുന്നു. അവിടെ യഹോവയുടെ സാക്ഷികൾ ഉചിതമായ എല്ലാ അവസരങ്ങളിലും രാജ്യ വിത്ത് വിതയ്ക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടിരിക്കുന്നു. തത്ഫലമായുള്ള ആത്മീയ കൊയ്ത്ത്, “കൊയ്ത്തിന്റെ യജമാന”നായ യഹോവയാം ദൈവത്തിന് വളരെയേറെ സ്തുതി കൈവരുത്തുന്നു.—മത്തായി 9:37, 38.
ഒരു സഞ്ചാര മേൽവിചാരകൻ വടക്കു പടിഞ്ഞാറൻ വെനെസ്വേലയിലെ സുല്യാ സംസ്ഥാനത്തുള്ള ഒരു സഭ സന്ദർശിച്ചപ്പോൾ, അദ്ദേഹവും ഭാര്യയും അടുത്തുള്ള ഒരു ചെറിയ ദ്വീപായ റ്റോവാസ് സന്ദർശിക്കാൻ പ്രാദേശിക സാക്ഷികൾ ക്രമീകരണം ചെയ്തു. ഒരു ദ്വീപിലേക്ക് അതിരാവിലെയുള്ള കടത്തുബോട്ടിൽ കയറാൻ വരിയിൽ നിൽക്കവേ, ബോട്ടു ജോലിക്കാരിൽ ചിലരോടു സംസാരിക്കാമെന്നു സഞ്ചാര മേൽവിചാരകന്റെ ഭാര്യ മേരി ഒരു മുഴുസമയ പയനിയർ സഹോദരിയായ തന്റെ സഹകാരിയോടു നിർദേശിച്ചു. പയനിയർ സഹോദരി അതിനോടു യോജിച്ചു.
മേരി ഒരു മെക്കാനിക്കിനെ സമീപിച്ച് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം കാണിച്ചു. “ദൈവത്തിനു ബഹുമതി വരുത്തുന്ന ഒരു കുടുംബം കെട്ടിപ്പടുക്കൽ” എന്ന അധ്യായം അവർ അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. അദ്ദേഹം അതു വിലമതിച്ചതായി തോന്നി. പ്രസ്തുത പ്രസിദ്ധീകരണം ഉപയോഗിച്ച് സ്വന്തം വീട്ടിലിരുന്ന് അദ്ദേഹത്തിനു ബൈബിൾ പഠിക്കാമെന്ന് മേരി അദ്ദേഹത്തോടു പറഞ്ഞു. അദ്ദേഹം ആ പുസ്തകം സ്വീകരിച്ചു. ആരെങ്കിലും അദ്ദേഹത്തെ വീട്ടിൽ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു.
കുറച്ചു കാലം കഴിഞ്ഞ് ആ പ്രദേശത്ത് ഒരു പ്രത്യേക ഏകദിന സമ്മേളനം നടന്നു. ഭാര്യയോടും ചെറുപ്പക്കാരികളായ രണ്ടു പുത്രിമാരോടും ഒപ്പം സെനർ നാവാ എന്ന മെക്കാനിക്കിനെ അവിടെ കണ്ടെത്തിയപ്പോൾ മേരി എത്ര അതിശയിച്ചുപോയെന്നോ! ഭവന ബൈബിൾ അധ്യയനത്തെ കുറിച്ച് എന്തു വിചാരിക്കുന്നെന്ന് മേരി അദ്ദേഹത്തിന്റെ ഭാര്യയോടു ചോദിച്ചു. അവരുടെ ഉത്തരം കൂടുതൽ അതിശയകരമായിരുന്നു.
“ഞങ്ങൾ സത്യം മനസ്സിലാക്കിയിരിക്കുന്നതിൽ ഞാൻ യഹോവയ്ക്കു നന്ദി നൽകുന്നു,” അവർ പറഞ്ഞു. എന്നിട്ട് അവർ വിശദീകരിച്ചു. “നിങ്ങൾ എന്റെ ഭർത്താവിനോട് സംസാരിച്ചപ്പോൾ, അദ്ദേഹം എന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുടെ കൂടെ പോയതേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം ഒരു കടുത്ത മദ്യപാനിയും ആയിരുന്നു. ചില അവസരങ്ങളിൽ മദ്യപിച്ചു കഴിയുമ്പോൾ അദ്ദേഹം മോശമായി പെരുമാറുമായിരുന്നു. [ഞങ്ങളുടെ] ദ്വീപിലെ കൊച്ചു സമൂഹം ഇഷ്ടപ്പെടാത്ത ഒരു സംഗതിയായിരുന്നു അത്. അദ്ദേഹം ആത്മവിദ്യ ആചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അധ്യയനത്തിൽനിന്നും ലഭിച്ച ബൈബിൾ പരിജ്ഞാനം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തെ സഹായിച്ചിരിക്കുന്നു. എല്ലാ അശുദ്ധ നടപടികളും അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. ഈ മാറ്റങ്ങൾ നിമിത്തം കത്തോലിക്കരായ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കു വളരെയേറെ മതിപ്പ് ഉളവായിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ ഉത്തരവാദിത്വ ബോധമുള്ള ഒരു ഭർത്താവും പിതാവും ആയിരിക്കുന്നതിൽ അവർ സന്തുഷ്ടരാണ്.”
1996-ൽ സ്നാപനമേറ്റ സെനർ നാവാ ഇപ്പോൾ ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ ജെന്നി 1997-ൽ സ്നാപനമേറ്റു. ഈ ബോട്ട് മെക്കാനിക്കിൽ ഉണ്ടായ മാറ്റങ്ങളിൽ ഏറെ മതിപ്പു തോന്നി ടൗൺ മേയറും ഒരു ബൈബിൾ അധ്യയനം ആവശ്യപ്പെട്ടു. ആ പ്രഭാതത്തിൽ കടത്തു ബോട്ടിനു വേണ്ടി വരിയിൽ നിന്നപ്പോൾ സുവാർത്ത പ്രസംഗിക്കുന്നതിൽനിന്ന് പിന്മാറാതിരുന്നതിൽ ആ സഹോദരിമാർ എത്ര സന്തുഷ്ടരാണ്!
[7-ാം പേജിലെ ചിത്രം]
ഒരു ബോട്ട് മെക്കാനിക്കുമായി സുവാർത്ത പങ്കുവെച്ചത് സന്തോഷകരമായ ഫലങ്ങൾ ഉളവാക്കി