അവർ അക്രമം കാട്ടുന്നതിന്റെ കാരണം
ഐക്യനാടുകളിൽ കൊളറാഡോയിലെ ഡെൻവറിൽ ഒരു കുട്ടി മാസം തികയാതെ ജനിച്ചു. കേവലം 27 ആഴ്ച പ്രായം. മൂന്നു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടിവന്ന കുട്ടി രക്ഷപ്പെട്ടു. അങ്ങനെ അവൻ മാതാപിതാക്കളുടെ കരങ്ങളിലെത്തി. എന്നാൽ മൂന്ന് ആഴ്ച കഴിഞ്ഞ് കുട്ടി വീണ്ടും ആശുപത്രിയിലായി. കാരണം? കുട്ടിയുടെ കരച്ചിൽ സഹിക്കാനാവാതെ പിതാവ് കുട്ടിയെ ശക്തമായി പിടിച്ചുലച്ചു. മസ്തിഷ്കത്തിന് കാര്യമായ തകരാറു പറ്റിയ കുട്ടിക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയും വൈകല്യം ബാധിക്കുകയും ചെയ്തു. അകാല ജനനവുമായി ബന്ധപ്പെട്ട ഗുരുതരമായ കുഴപ്പങ്ങളിൽനിന്നെല്ലാം ആധുനിക വൈദ്യശാസ്ത്രം കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും, പിതാവിന്റെ അക്രമത്തിൽനിന്ന് അവനെ രക്ഷിക്കാനായില്ല.
ഭൂമിയിലെ ഏറ്റവും അക്രമാസക്തമായ സ്ഥലങ്ങളിൽ ഒന്നാണ് ഭവനം. അവിടെ എണ്ണമറ്റ കുട്ടികൾ ദുഷ്പെരുമാറ്റത്തിന് ഇരയാകുന്നു, പ്രഹരിക്കപ്പെടുന്നു, അല്ലെങ്കിൽ വധിക്കപ്പെടുന്നു! ഐക്യനാടുകളിൽ മാത്രം മാതാപിതാക്കളുടെ അക്രമത്തിൽ ഓരോ വർഷവും ഏതാണ്ട് 5,000 കുട്ടികൾ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്! കുട്ടികൾ മാത്രമല്ല ഇതിന് ഇരകളാകുന്നത്. വേൾഡ് ഹെൽത്ത് മാഗസിൻ പറയുന്നതനുസരിച്ച്, ഐക്യനാടുകളിൽ, “ഗർഭധാരണ ശേഷിയുള്ള സ്ത്രീകളുടെ ശരീരഹാനിക്കുള്ള മുഖ്യ കാരണം ഭാര്യമാരുടെ നേർക്കുള്ള ദുഷ്പെരുമാറ്റം ആണ്.” മറ്റു നാടുകളിലോ? “[വികസ്വര രാജ്യങ്ങളിൽ] സർവേ ചെയ്യപ്പെട്ട സ്ത്രീകളിൽ മൂന്നിലൊന്നു മുതൽ പകുതിയോളം പേരും തങ്ങളുടെ ഇണകളിൽനിന്നു തല്ലുകൊള്ളുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.” അതേ, അക്രമത്തിന് കനത്ത വില ഒടുക്കേണ്ടിവരുന്നു, വിശേഷിച്ചും ഭവനത്തിൽ.
അനേകം ഭാര്യാഭർത്താക്കന്മാരും തങ്ങളുടെ വിയോജിപ്പുകൾ അക്രമത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നു. ചില രാജ്യങ്ങളിൽ, മാതാപിതാക്കളും അധ്യാപകരും കുട്ടികളോടു ദേഷ്യം പ്രകടിപ്പിക്കാൻ അക്രമം ഉപയോഗിക്കുന്നു. മുഠാളന്മാർ വെറുതെ രസത്തിനുവേണ്ടി ദുർബലരോട് അക്രമം കാട്ടുന്നു. മനുഷ്യർ ഇത്ര അക്രമാസക്തർ ആയിത്തീരുന്നത് എന്തുകൊണ്ട്?
ആളുകൾ അക്രമാസക്തർ ആയിത്തീരുന്നതിന്റെ കാരണം
മനുഷ്യർ പ്രകൃത്യാതന്നെ അക്രമാസക്തരാണെന്നു ചിലർ അവകാശപ്പെടുന്നു. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ ഐക്യനാടുകളിൽ പൊതുവേ കുറഞ്ഞിട്ടുണ്ടെങ്കിലും, യുവജനങ്ങൾക്കിടയിൽ അതു വർധിച്ചിരിക്കുന്നു. അക്രമത്തോടുള്ള താത്പര്യം വർധിച്ചിരിക്കുന്നു. മൂന്നു വലിയ ടെലിവിഷൻ ശൃംഖലകൾ അക്രമംനിറഞ്ഞ കഥകളുടെ എണ്ണം ഇരട്ടിയായും കൊലപാതക റിപ്പോർട്ടുകൾ മൂന്നിരട്ടിയായും വർധിപ്പിച്ചിരിക്കുന്നു. അതേ, കുറ്റകൃത്യങ്ങൾ ലാഭമുള്ള ഏർപ്പാടുതന്നെ! മനോരോഗ വിദഗ്ധൻ ആയ കാൾ മെനിഞ്ചർ പറയുന്നു: “നാം അക്രമത്തെ സഹിക്കുക മാത്രമല്ല, അതിനെ പത്രങ്ങളുടെ മുൻ പേജിൽതന്നെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. നമ്മുടെ ടെലിവിഷൻ പരിപാടികളിൽ മൂന്നിലൊന്നോ നാലിലൊന്നോ അതിനെ കുട്ടികളുടെ വിനോദത്തിനുവേണ്ടി ഉപയോഗിക്കുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നാം അതിനെ വെച്ചുപൊറുപ്പിക്കുക മാത്രമല്ല, ആസ്വദിക്കുകയുമാണ്!”
മസ്തിഷ്ക ജീവശാസ്ത്രവും പരിസ്ഥിതിയും മനുഷ്യന്റെ അക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സമീപകാല ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇല്ലിനോയ്സ് സർവകലാശാലയുടെ യുവജന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. മാർക്കസ് ജെ. ക്രൂസി പറയുന്നു: “കുട്ടികൾ അധികമധികം സമ്പർക്കത്തിൽ വന്നുകൊണ്ടിരിക്കുന്ന ഹാനികരമായ പരിസ്ഥിതികൾ അക്രമത്തെ ആളിക്കത്തിക്കുകയാണ് എന്നു ഞങ്ങളെല്ലാം നിഗമനം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. . . . പാരിസ്ഥിതിക സംഭവങ്ങൾ മസ്തിഷ്കത്തിൽ തന്മാത്രാ മാറ്റങ്ങൾ ഉണ്ടാക്കുന്നു. അത് അവരെ ചിന്താശൂന്യമായി, തിടുക്കത്തിൽ പ്രവർത്തിക്കാൻ ഇടയാക്കുന്നു.” മസ്തിഷ്കത്തിന്റെ ഉള്ളിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “കുടുംബ ഘടനയുടെ തകർച്ച, മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ വർധനവ്, മാറാത്ത ദാരിദ്ര്യം, നിരന്തരമായ മയക്കുമരുന്നു ദുരുപയോഗം” എന്നിങ്ങനെയുള്ള ഘടകങ്ങൾക്ക് “യഥാർഥത്തിൽ മസ്തിഷ്ക രാസഘടനയുടെ താളം തെറ്റിച്ച് അസാധ്യമെന്ന് അതുവരെ വിചാരിച്ചിരുന്ന അക്രമവാസന ഉളവാക്കാൻ കഴിയും.”
മസ്തിഷ്കത്തിലെ മാറ്റങ്ങളിലൊന്ന്, സെറാടൊണിൻ എന്ന മസ്തിഷ്ക രാസപദാർഥത്തിന്റെ അളവ് കുറയുന്നതാണ് എന്നു പറയപ്പെടുന്നു. അക്രമവാസനയെ തടയുന്നത് ഈ രാസപദാർഥമാണ് എന്നാണു കരുതപ്പെടുന്നത്. മദ്യത്തിന് മസ്തിഷ്കത്തിലെ സെറാടൊണിന്റെ അളവ് കുറയ്ക്കാനാകുമെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. അങ്ങനെ ഇത് അക്രമത്തിനും മദ്യത്തിന്റെ ദുരുപയോഗത്തിനും തമ്മിൽ ബന്ധമുണ്ടെന്ന പണ്ടേയുള്ള ധാരണയ്ക്ക് കുറച്ചൊക്കെ ശാസ്ത്രീയ അടിത്തറ നൽകിയിരിക്കുന്നു.
ഇന്ന് അക്രമം പെരുകിയിരിക്കുന്നതിനു മറ്റൊരു കാരണവും ഉണ്ട്. പ്രവചനങ്ങളുടെ ഒരു വിശ്വസനീയ ഗ്രന്ഥമായ ബൈബിൾ നമ്മോടു പറയുന്നു: “അന്ത്യനാളുകളിൽ പ്രയാസകരമായ സമയങ്ങൾ ഉണ്ടായിരിക്കും എന്ന് ഓർത്തുകൊൾക. ആളുകൾ സ്വാർഥരും അത്യാഗ്രഹികളും പൊങ്ങച്ചക്കാരും അഹങ്കാരികളും ആയിരിക്കും; . . . അവർ നിർദയരും കരുണയില്ലാത്തവരും ദൂഷകന്മാരും അക്രമാസക്തരും ഉഗ്രന്മാരും ആയിരിക്കും; അവർ നന്മയെ വെറുക്കും; അവർ വഞ്ചകരും വിവേകശൂന്യരും അഹങ്കാരത്താൽ ചീർത്തവരും ആയിരിക്കും . . . അത്തരക്കാരിൽനിന്ന് അകന്നു നിൽക്കുക.” (2 തിമൊഥെയൊസ് 3:1-5, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) അതേ, നാം ഇന്നു കാണുന്ന അക്രമം “അന്ത്യനാളുക”കളെ കുറിച്ചുള്ള ബൈബിൾ പ്രവചനത്തിന്റെ ഒരു നിവൃത്തി ആണ്.
മറ്റൊരു സംഗതിയും ഇക്കാലത്തെ വിശേഷാൽ അക്രമാസക്തമാക്കുന്നു. “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (വെളിപ്പാടു 12:12) സ്വർഗത്തിൽനിന്ന് പുറത്താക്കപ്പെട്ട പിശാചും അവന്റെ ഭൂതഗണങ്ങളും ഇപ്പോൾ തങ്ങളുടെ ഉഗ്രമായ ദുഷ്പ്രവൃത്തികളുമായി മനുഷ്യവർഗത്തെ ലക്ഷ്യമിട്ടിരിക്കുകയാണ്. “വായുവിന്റെ അധികാരത്തിന്റെ ഭരണാധിപൻ” എന്ന നിലയിൽ പിശാച് “അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവി”നെ സ്വാധീനിച്ച് ഭൂമിയെ അധികമധികം അക്രമാസക്തമായ സ്ഥലമാക്കിക്കൊണ്ടിരിക്കുന്നു.—എഫെസ്യർ 2:2, NW.
അപ്പോൾ, ഇന്നത്തെ ലോകത്തിലെ അക്രമാസക്തമായ “വായു”വിനെ നമുക്ക് എങ്ങനെ നേരിടാനാകും? അക്രമം കൂടാതെ നമുക്ക് എങ്ങനെ ഭിന്നതകൾ പരിഹരിക്കാനാകും?
[3-ാം പേജിലെ ആകർഷകവാക്യം]
ഭൂമിയിലെ ഏറ്റവും അക്രമാസക്തമായ സ്ഥലങ്ങളിൽ ഒന്നാണ് ഭവനം. അവിടെ എണ്ണമറ്റ കുട്ടികൾ ദുഷ്പെരുമാറ്റത്തിന് ഇരയാകുന്നു, പ്രഹരിക്കപ്പെടുന്നു, അല്ലെങ്കിൽ വധിക്കപ്പെടുന്നു!