യഹോവയെ പ്രസാദിപ്പിക്കുന്നത് എന്റെ മുഖ്യ താത്പര്യം
തിയോഡൊറസ് നിറോസ് പറഞ്ഞപ്രകാരം
ഞാൻ കിടന്ന ജയിൽമുറിയുടെ വാതിൽ മലർക്കെ തുറക്കപ്പെട്ടു. അപ്പോൾ ഒരു ഓഫീസർ വിളിച്ചു ചോദിച്ചു: “ആരാണീ നിറോസ്?” അതു ഞാനാണ് എന്നു പറഞ്ഞപ്പോൾ അദ്ദേഹം കൽപ്പിച്ചു: “എഴുന്നേൽക്കെടാ, ഞങ്ങൾ നിന്നെ കൊല്ലാൻ പോകുകയാണ്.” ഗ്രീസിലെ കൊരിന്തിലുള്ള ഒരു സൈനിക പാളയത്തിലായിരുന്നു ആ സംഭവം, വർഷം 1952. എന്റെ ജീവൻ തുലാസ്സിൽ തൂങ്ങുന്ന ആ അവസ്ഥ സംജാതമായത് എങ്ങനെയാണ്? അതു വിശദീകരിക്കുന്നതിനു മുമ്പ് എന്റെ പശ്ചാത്തലത്തെ കുറിച്ചു ചില കാര്യങ്ങൾ ഞാൻ പറയാം.
എന്റെ പിതാവ് ബൈബിൾ വിദ്യാർഥികളുമായി (അന്ന് യഹോവയുടെ സാക്ഷികൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) സമ്പർക്കത്തിൽ വന്നത് 1925-ൽ ആണെന്നു തോന്നുന്നു. താമസിയാതെ അദ്ദേഹം അവരിൽ ഒരാൾ ആയിത്തീർന്നു. അദ്ദേഹത്തിന് എട്ടു കൂടപ്പിറപ്പുകൾ ഉണ്ടായിരുന്നു. തന്റെ വിശ്വാസങ്ങൾ അദ്ദേഹം അവർക്കും പകർന്നു കൊടുത്തു, അവരെല്ലാവരും ബൈബിൾ സത്യം സ്വീകരിക്കുകയും ചെയ്തു. അതുപോലെ, അദ്ദേഹത്തിന്റെ മാതാപിതാക്കളും. പിന്നീട്, അദ്ദേഹം വിവാഹിതനായി. തുടർന്ന്, 1929-ൽ ഗ്രീസിലെ ആഗ്രിന്യോയിൽ ഞാൻ ജനിച്ചു.
ഗ്രീസിനെ സംബന്ധിച്ചിടത്തോളം അതിഭയങ്കര കാലഘട്ടം ആയിരുന്നു അത്! ജനറൽ മെറ്റാക്സാസിന്റെ ക്രൂര സ്വേച്ഛാധിപത്യ ഭരണമായിരുന്നു അതിനു സംഭാവന ചെയ്ത ഒരു ഘടകം. മാത്രമല്ല, 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. താമസിയാതെ നാസികൾ രാജ്യത്തെ കീഴടക്കി. എവിടെയും രോഗവും പട്ടിണിയും. ചീർത്ത ശവശരീരങ്ങൾ ചെറിയ ഉന്തുവണ്ടികളിൽ കൊണ്ടുപോകുന്നതു കാണാമായിരുന്നു. ലോകത്തിലെ ദുഷ്ടത വളരെ പ്രകടമായിരുന്നു, അതുപോലെതന്നെ ദൈവരാജ്യം വരേണ്ടതിന്റെ ആവശ്യവും.
സേവനത്തിന് അർപ്പിച്ച ജീവിതം
1942 ആഗസ്റ്റ് 20-ന് തെസ്സലോനിക്ക നഗരത്തിനു വെളിയിൽ ഞങ്ങൾ ഒരു യോഗത്തിനായി കൂടിവന്നിരിക്കുകയായിരുന്നു. ബ്രിട്ടീഷ് പോർവിമാനങ്ങൾ നഗരത്തിൽ ബോംബുവർഷം നടത്തുന്നത് ഞങ്ങളെ കാട്ടിത്തന്നുകൊണ്ട്, ‘നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതിരിക്കാനുള്ള’ ഉദ്ബോധനം അനുസരിച്ചതിനാൽ നാം സംരക്ഷിക്കപ്പെട്ടുവെന്ന് അധ്യക്ഷ മേൽവിചാരകൻ ഊന്നിപ്പറഞ്ഞു. (എബ്രായർ 10:24, 25) തുടർന്ന്, സ്നാപന ചടങ്ങിനായി ഞങ്ങൾ ഒരു സമുദ്രതീരത്തു കൂടിവന്നു. സ്നാപനാർഥികളിൽ ഞാനും ഉണ്ടായിരുന്നു. വെള്ളത്തിൽനിന്നു കയറിവന്ന ഞങ്ങൾ നിരയായി നിന്നു, ക്രിസ്തീയ സഹോദരങ്ങൾ ഒരു ഗീതം ആലപിച്ചു. അതിൽ ഞങ്ങൾ കൈക്കൊണ്ട തീരുമാനത്തെ അവർ ശ്ലാഘിച്ചു. എന്തൊരു അവിസ്മരണീയ ദിനം!
താമസിയാതെ, മറ്റൊരു ആൺകുട്ടിയും ഞാനും വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ പൊലീസ് ഞങ്ങളെ പിടിച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കമ്മ്യൂണിസ്റ്റുകാർ ആയിട്ടാണ് ഞങ്ങളെ വീക്ഷിക്കുന്നതെന്നും ഞങ്ങളുടെ പ്രസംഗവേല നിരോധിച്ചിരിക്കുകയാണെന്നും പറഞ്ഞുകൊണ്ട് അവർ ഞങ്ങളെ തല്ലി. എന്നിട്ടു പറഞ്ഞു: “വിഡ്ഢികളേ, യഹോവ തന്നെയാണ് സ്റ്റാലിൻ!”
അപ്പോഴേക്കും ഗ്രീസിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുകയായിരുന്നു. കമ്മ്യൂണിസ്റ്റുവിരുദ്ധ ജ്വരം ആളിക്കത്തിയിരുന്നു. പിറ്റേന്ന് കുറ്റവാളികളെ പോലെ ഞങ്ങളെ വിലങ്ങുവെച്ചു സ്വന്തം വീടുകൾക്കു മുന്നിലൂടെ നടത്തിക്കൊണ്ടു പോയി. എന്നാൽ, എനിക്കു നേരിട്ട പരിശോധനകൾ അതു മാത്രമായിരുന്നില്ല.
സ്കൂളിൽ വിശ്വാസത്തിന്റെ പരിശോധനകൾ
1944-ന്റെ തുടക്കത്തിൽ ഞാനൊരു വിദ്യാർഥി ആയിരുന്നു. തെസ്സലോനിക്ക അപ്പോഴും നാസികളുടെ അധീനതയിൽ ആയിരുന്നു. ഒരു ദിവസം സ്കൂളിൽ വെച്ച്, ഞങ്ങളുടെ മതപ്രൊഫസറായ ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതൻ ആ ദിവസം പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ച് എന്നോടു ചോദിക്കുമെന്നു പറഞ്ഞു. അപ്പോൾ, “അവൻ ഒരു ഓർത്തഡോക്സ് ക്രിസ്ത്യാനി അല്ല” എന്നു മറ്റു കുട്ടികൾ വിളിച്ചുപറഞ്ഞു.
“പിന്നെ, അവൻ ആരാണ്?” പ്രൊഫസർ ചോദിച്ചു.
“ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്,” ഞാൻ മറുപടി പറഞ്ഞു.
“ചെമ്മരിയാടുകൾക്കു നടുവിൽ ഒരു ചെന്നായ്” എന്ന് അലറിക്കൊണ്ട് അയാൾ എന്റെ കരണത്തടിച്ചു.
‘ചെന്നായെ ഒരു ചെമ്മരിയാട് ആക്രമിക്കുകയോ?’ ഞാൻ ഉള്ളിൽ ചോദിച്ചുപോയി.
ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഞങ്ങൾ 350-ഓളം പേർ ഉച്ചഭക്ഷണത്തിനായി മേശയ്ക്കരികെ ഇരിക്കുകയായിരുന്നു. അപ്പോൾ സൂപ്പർവൈസർ പറഞ്ഞു: “ഇന്ന് നിറോസ് ആണ് പ്രാർഥിക്കുന്നത്.” യേശു തന്റെ അനുഗാമികളെ പഠിപ്പിച്ച, മത്തായി 6:9-13-ൽ രേഖപ്പെടുത്തിയിരിക്കുന്ന, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർഥനയാണു ഞാൻ ചൊല്ലിയത്. അത് ആ സൂപ്പർവൈസർക്കു പിടിച്ചില്ല. അതുകൊണ്ട്, ഇരുന്നിടത്തുനിന്ന് അദ്ദേഹം കോപിഷ്ഠനായി ചോദിച്ചു: “നീ എന്തിനാണ് അങ്ങനെ പ്രാർഥിച്ചത്?”
“കാരണം, ഞാനൊരു യഹോവയുടെ സാക്ഷിയാണ്,” ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹവും എന്റെ കരണത്തടിച്ചു. പിന്നീട് ആ ദിവസംതന്നെ മറ്റൊരു അധ്യാപകൻ എന്നെ ഓഫീസിലേക്കു വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു: “നന്നായിരിക്കുന്നു നിറോസ്, നീ വിശ്വസിക്കുന്നതിനോടു പറ്റിനിൽക്കുക. അതിൽനിന്നു പിന്മാറരുത്.” “ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകൾ പറഞ്ഞുകൊണ്ട് പിതാവ് അന്നു രാത്രി എനിക്കു പ്രോത്സാഹനമേകി.—2 തിമൊഥെയൊസ് 3:12.
ഞാൻ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ, ജീവിതത്തിൽ ഏതു ഗതി തിരഞ്ഞെടുക്കണമെന്ന് എനിക്കു തീരുമാനിക്കേണ്ടി വന്നു. ഗ്രീസിലെ ആഭ്യന്തര കലാപം നിമിത്തം ക്രിസ്തീയ നിഷ്പക്ഷത സംബന്ധിച്ച പ്രശ്നങ്ങൾ എനിക്കു നേരിട്ടു. (യെശയ്യാവു 2:4; മത്തായി 26:52) ഒടുവിൽ, 1952-ന്റെ തുടക്കത്തിൽ, എന്നെ 20 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു. ഗ്രീസിന്റെ ചരിത്രത്തിലെ ദുഷ്കരമായ ആ കാലഘട്ടത്തിൽ ആയുധമേന്താൻ ഞാൻ കൂട്ടാക്കാഞ്ഞതായിരുന്നു കാരണം.
ക്രിസ്തീയ നിഷ്പക്ഷത പരിശോധിക്കപ്പെടുന്നു
മെസലൊങ്ങിയോണിലെയും കൊരിന്തിലെയും സൈനിക പാളയങ്ങളിൽ കിടക്കേണ്ടി വന്നപ്പോൾ, രാഷ്ട്രീയ കാരണങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു പട്ടാളക്കാരൻ ആയിത്തീരാൻ എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല എന്നു സൈനിക കമാൻഡർമാരോടു വിശദീകരിക്കുന്നതിനുള്ള അവസരം എനിക്കു ലഭിച്ചു. 2 തിമൊഥെയൊസ് 2:3 ചൂണ്ടിക്കാട്ടിക്കൊണ്ട് ഞാൻ വിശദീകരിച്ചു: “ഞാൻ ഇപ്പോൾത്തന്നെ യേശുവിന്റെ ഒരു ഭടനാണ്.” എന്റെ തീരുമാനം പുനഃപരിശോധിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ കേവലം ഒരു നിമിഷം കൊണ്ടല്ല ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്, മറിച്ച് ഗൗരവമായ പരിചിന്തനത്തിനു ശേഷമാണെന്നും അതു ദൈവത്തിന്റെ ഹിതം ചെയ്യാൻ ഞാൻ അവനു സമർപ്പണം നടത്തിയിരിക്കുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും ഞാൻ വിശദീകരിച്ചു.
തത്ഫലമായി, എനിക്കു നിർബന്ധിത വേല ചെയ്യേണ്ടിവന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ എനിക്ക് ആഹാരം തന്നിരുന്നുള്ളൂ. അങ്ങനെ 20 ദിവസം കഴിച്ചുകൂട്ടി. ഉറക്കം സിമന്റ് തറയിലായിരുന്നു. രണ്ടു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു ജയിൽമുറിയിലാണ് എന്നെ ഇട്ടിരുന്നത്. ആ മുറിയിൽ എന്നോടൊപ്പം മറ്റു രണ്ട് സാക്ഷികളും ഉണ്ടായിരുന്നു! കൊരിന്തിൽ ഞാൻ തടവിൽ കഴിയുന്ന ആ സമയത്താണു വധിക്കാനായി എന്നെ വിളിച്ചത്.
വധനിർവഹണ സ്ഥലത്തേക്കു പോയപ്പോൾ ഓഫീസർ എന്നോടു ചോദിച്ചു: “നിനക്ക് എന്തെങ്കിലും പറയാനുണ്ടോ?”
“ഇല്ല,” ഞാൻ പ്രതിവചിച്ചു.
“നീ വീട്ടിലേക്കു കത്ത് എഴുതുന്നില്ലേ?”
“ഇല്ല,” ഞാൻ വീണ്ടും മറുപടി പറഞ്ഞു. “ഞാൻ വധിക്കപ്പെട്ടേക്കാമെന്ന് അവർക്ക് അറിയാം.”
ഞങ്ങൾ മുറ്റത്ത് എത്തി. ഒരു മതിലിൽ ചാരിനിൽക്കാൻ എന്നോടു കൽപ്പിച്ചു. എന്നിട്ട്, വെടിവെക്കാൻ കൽപ്പിക്കുന്നതിനു പകരം ഓഫീസർ പട്ടാളക്കാർക്കു നൽകിയ ഉത്തരവ് “അവനെ ഉള്ളിലേക്കു കൊണ്ടുപോകൂ” എന്നതായിരുന്നു. അത് എന്റെ നിശ്ചയദാർഢ്യത്തെ പരീക്ഷിക്കാൻ നടത്തിയ ഒരു തന്ത്രം ആയിരുന്നു.
പിന്നീട്, മാക്രോണിസോസ് ദ്വീപിലേക്ക് എന്നെ അയച്ചു. ബൈബിൾ അല്ലാതെ മറ്റൊരു സാഹിത്യവും ഉപയോഗിക്കാൻ അവിടെ എനിക്ക് അനുവാദം ഇല്ലായിരുന്നു. 13 സാക്ഷികളെ പാർപ്പിച്ചിരുന്ന ഒരു ചെറിയ വീടിന് അടുത്തായി കുറ്റവാളികളായ 500-ഓളം തടവുകാരെ ഇട്ടിരുന്നു. എന്നിട്ടും, എങ്ങനെയോ ഒളിച്ചുകടത്തിയ സാഹിത്യങ്ങൾ ഞങ്ങൾക്കു ലഭിച്ചിരുന്നു. ഉദാഹരണത്തിന്, ഒരു ദിവസം എനിക്ക് ഒരു പെട്ടി ലൂക്കൂമ്യ (പ്രസിദ്ധമായ ഒരുതരം മിഠായി) അയച്ചുതരുകയുണ്ടായി. ലൂക്കൂമ്യയുടെ സ്വാദ് നോക്കാൻ ജിജ്ഞാസുക്കളായ പരിശോധകർ ആ പെട്ടിയുടെ അടിയിൽ ഒളിച്ചുവെച്ചിരുന്ന വീക്ഷാഗോപുരം മാസിക കണ്ടില്ല. “പട്ടാളക്കാർ ലൂക്കൂമ്യ ഭക്ഷിച്ചു, ഞങ്ങളാകട്ടെ വീക്ഷാഗോപുരം ‘ഭക്ഷിച്ചു’” എന്ന് ഒരു സാക്ഷി പറഞ്ഞു.
മതം മനുഷ്യനു വേണ്ടി എന്തു ചെയ്തിരിക്കുന്നു? (ഇംഗ്ലീഷ്) എന്ന പേരിൽ ആയിടെ പുറത്തിറക്കിയ പുസ്തകത്തിന്റെ ഒരു കോപ്പി ഞങ്ങൾക്കു ലഭിച്ചു. ഇംഗ്ലീഷ് അറിയാമായിരുന്ന സാക്ഷിയായ ഒരു തടവുകാരൻ അതു പരിഭാഷപ്പെടുത്തി. ഞങ്ങൾ ഒന്നിച്ച് വീക്ഷാഗോപുരം പഠിക്കുകയും യോഗങ്ങൾ രഹസ്യമായി നടത്തുകയും ചെയ്തു. ഞങ്ങൾ ജയിലിനെ വീക്ഷിച്ചത് ആത്മീയത ബലിഷ്ഠമാക്കാൻ അവസരം നൽകുന്ന ഒരു സ്കൂൾ പോലെയാണ്. എല്ലാറ്റിനുമുപരി, ഞങ്ങൾക്കു സന്തോഷം പകർന്നത് ഞങ്ങളുടെ വിശ്വസ്ത ഗതി ദൈവത്തെ പ്രസാദിപ്പിക്കുന്നു എന്ന അറിവായിരുന്നു.
എനിക്ക് ഏറ്റവും ഒടുവിൽ കിടക്കേണ്ടി വന്നത് പൂർവ പെലപ്പനീസസിലെ ടിറിന്തായിലുള്ള ജയിലിൽ ആയിരുന്നു. ഒരു സഹതടവുകാരനുമായി ഞാൻ ബൈബിൾ അധ്യയനം നടത്തവേ ഒരു കാവൽക്കാരൻ എന്നെ സസൂക്ഷ്മം നിരീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വർഷങ്ങൾക്കു ശേഷം, ആ കാവൽക്കാരനെ തെസ്സലോനിക്കയിൽ വെച്ചു കണ്ടത് എന്നിൽ എത്ര വിസ്മയം ജനിപ്പിച്ചുവെന്നോ! അപ്പോഴേക്കും അദ്ദേഹം ഒരു സാക്ഷി ആയിത്തീർന്നിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഒരു മകന് ജയിലിൽ പോകേണ്ടിവന്നു. കാവൽക്കാരനായല്ല, മറിച്ച് തടവുകാരനായി. ഞാൻ തടവിലായ അതേ കാരണത്താലാണ് അവനും തടവിലായത്.
മോചനാനന്തരം വീണ്ടുമുള്ള പ്രവർത്തനം
എന്നെ 20 വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചെങ്കിലും, മൂന്നു വർഷമേ എനിക്കു ജയിലിൽ കിടക്കേണ്ടി വന്നുള്ളൂ. പുറത്തു വന്നപ്പോൾ ഏഥൻസിൽ താമസമാക്കാൻ ഞാൻ തീരുമാനിച്ചു. എന്നിരുന്നാലും, ഒരുതരം ശ്വാസകോശ സ്തരവീക്കം എനിക്കു പിടിപെട്ടു. തന്മൂലം, തെസ്സലോനിക്കയിലേക്കു മടങ്ങാൻ ഞാൻ നിർബന്ധിതനായി. രണ്ടു മാസത്തോളം എനിക്കു കിടക്കയിൽത്തന്നെ കഴിയേണ്ടിവന്നു. പിന്നീട് കൂലാ എന്നു പേരുള്ള ഒരു സുന്ദരിയെ ഞാൻ കണ്ടുമുട്ടി. 1959-ൽ ഞങ്ങൾ വിവാഹിതരായി. അവൾ 1962-ൽ ഒരു പയനിയറായി—മുഴുസമയ ശുശ്രൂഷകരായ യഹോവയുടെ സാക്ഷികളെ അങ്ങനെയാണു വിളിക്കുന്നത്—സേവിക്കാൻ തുടങ്ങി. മൂന്ന് വർഷം കഴിഞ്ഞ് ഞാനും പയനിയർ സേവനത്തിൽ പ്രവേശിച്ചു.
1965 ജനുവരിയിൽ സർക്കിട്ട് വേലയ്ക്കുള്ള നിയമനം ഞങ്ങൾക്കു ലഭിച്ചു. സഭകൾ സന്ദർശിച്ച് സഹോദരങ്ങളെ ആത്മീയമായി ബലപ്പെടുത്തുന്ന വേലയാണ് അത്. ആ ഗ്രീഷ്മകാലത്ത്, ഓസ്ട്രിയയിലെ വിയെന്നയിൽ നടന്ന ആദ്യത്തെ വലിയ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാനുള്ള പദവിയും ഞങ്ങൾക്കു ലഭിച്ചു. അത് ഗ്രീസിൽ ഞങ്ങൾ നടത്തിയ കൺവെൻഷനുകളിൽനിന്നു വ്യത്യസ്തമായിരുന്നു, അവിടെ ഞങ്ങൾ വനത്തിൽ രഹസ്യമായാണ് അവ നടത്തിയിരുന്നത്. കാരണം, ഞങ്ങളുടെ വേല നിരോധിക്കപ്പെട്ടിരുന്നു. 1965 അവസാനിക്കാറായപ്പോഴേക്കും, ഏഥൻസിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിക്കാൻ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. എന്നാൽ എന്റെ ബന്ധുക്കളിൽ ചിലരുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ 1967-ൽ ഞങ്ങൾക്കു തെസ്സലോനിക്കയിലേക്കു മടങ്ങേണ്ടിവന്നു.
കുടുംബ ഉത്തരവാദിത്വങ്ങൾ നോക്കുന്നതിനോടൊപ്പം സുവിശേഷ പ്രവർത്തനത്തിലും ഞങ്ങൾ വളരെ തിരക്കോടെ ഏർപ്പെട്ടു. ദൈവത്തിന്റെ സംഘടനയുടെ ആകർഷകത്വവും അതിലുള്ളവരുടെ സ്നേഹവും ഐക്യവും ദൈവത്തോടുള്ള അനുസരണവും സംബന്ധിച്ച് ഒരിക്കൽ ഞാൻ എന്റെ മച്ചുനനായ കൊസ്റ്റാസിനോടു സംസാരിച്ചു. അവൻ പറഞ്ഞു: “ദൈവം ഉണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതുതന്നെ.” ദൈവം ഉണ്ടോ എന്നു പരിശോധിക്കാനുള്ള ക്ഷണം അവൻ സ്വീകരിച്ചു. 1969 ആഗസ്റ്റിൽ ജർമനിയിലെ ന്യൂറംബർഗിൽ നടക്കാനിരുന്ന യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനിൽ സംബന്ധിക്കുന്ന കാര്യം ഞാൻ അവനോടു പറഞ്ഞു. ആഗ്രഹിക്കുന്നപക്ഷം അവനും ഞങ്ങളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന അവന്റെ സുഹൃത്തായ ആലെക്കോസിനും അതിൽ സംബന്ധിക്കാൻ കഴിയുമോ എന്ന് അവൻ തിരക്കി.
ന്യൂറംബർഗിൽ നടന്ന കൺവെൻഷൻ അസാധാരണമായ ഒന്നായിരുന്നു! ഹിറ്റ്ലർ തന്റെ സൈനിക വിജയങ്ങൾ ആഘോഷിച്ച ഒരു കൂറ്റൻ സ്റ്റേഡിയത്തിലാണ് ആ കൺവെൻഷൻ നടത്തപ്പെട്ടത്. അത്യുച്ച ഹാജർ 1,50,000 ആയി ഉയർന്നു. എല്ലാ പരിപാടികളിലും യഹോവയുടെ ആത്മാവിന്റെ ഒഴുക്കു പ്രകടമായിരുന്നു. അധികം താമസിയാതെ, കൊസ്റ്റാസും ആലെക്കോസും സ്നാപനമേറ്റു. ഇരുവരും ഇപ്പോൾ ക്രിസ്തീയ മൂപ്പന്മാരായി സേവിക്കുന്നു. അവരുടെ കുടുംബാംഗങ്ങളും സാക്ഷികളാണ്.
ഒരു താത്പര്യക്കാരിയുമായി ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. നമ്മുടെ വിശ്വാസങ്ങൾ പരിശോധിച്ചുനോക്കാൻ താൻ ആഗ്രഹിക്കുന്നതായി അവരുടെ ഭർത്താവ് പറഞ്ഞു. അധികം താമസിയാതെ, ഗ്രീക്ക് ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞനായ ഒരു മിസ്റ്റർ സാക്കൊസിനെ സംവാദത്തിനായി താൻ ക്ഷണിച്ചിട്ടുണ്ടെന്ന് അയാൾ എന്നെ അറിയിച്ചു. ഞങ്ങൾ ഇരുവരോടും ചില ചോദ്യങ്ങൾ ചോദിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നു. സാക്കൊസ് ഒരു വൈദികനോടൊപ്പം സംവാദത്തിന് എത്തിച്ചേർന്നു. ഞങ്ങൾ സന്ദർശിച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞുകൊണ്ടു തുടങ്ങി, “എന്റെ മൂന്നു ചോദ്യങ്ങൾക്കു മിസ്റ്റർ സാക്കൊസ് ഉത്തരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഞങ്ങൾ ചർച്ചകൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന ബൈബിൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു, “ഒന്നാമത്തെ ചോദ്യം: ഇതൊരു യഥാർഥ ബൈബിൾ ആണോ, അതോ സാക്ഷികളുടേതോ?” അത് ഒരു ആധികാരിക ഭാഷാന്തരമാണെന്നു മിസ്റ്റർ സാക്കൊസ് മറുപടി നൽകി. യഹോവയുടെ സാക്ഷികൾ “ബൈബിൾ സ്നേഹികൾ” ആണെന്നും അദ്ദേഹം പറഞ്ഞു.
അപ്പോൾ വീട്ടുകാരൻ തുടർന്നു ചോദിച്ചു, “രണ്ടാമത്തെ ചോദ്യം: യഹോവയുടെ സാക്ഷികൾ ധാർമികനിഷ്ഠ ഉള്ളവരാണോ?” വാസ്തവത്തിൽ അയാളുടെ ഉദ്ദേശ്യം തന്റെ ഭാര്യ സഹവസിക്കുന്ന ആളുകൾ എങ്ങനെയുള്ളവരാണ് എന്ന് അറിയുകയായിരുന്നു. അവർ നിശ്ചയമായും ധാർമികനിഷ്ഠ ഉള്ളവർ ആണെന്ന് ആ ദൈവശാസ്ത്രജ്ഞൻ മറുപടി നൽകി.
“ഇനി, മൂന്നാമത്തെ ചോദ്യം,” വീട്ടുകാരൻ തുടർന്നു, “യഹോവയുടെ സാക്ഷികൾക്കു ശമ്പളം കിട്ടുന്നുണ്ടോ?” “ഇല്ല,” ദൈവശാസ്ത്രജ്ഞന്റെ മറുപടി വന്നു.
“എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിക്കഴിഞ്ഞതിനാൽ ഞാൻ തീരുമാനമെടുത്തിരിക്കുന്നു,” ആ വീട്ടുകാരൻ ഒടുവിൽ പറഞ്ഞു. ബൈബിൾ പഠനം തുടർന്ന അദ്ദേഹം താമസിയാതെ ഒരു യഹോവയുടെ സാക്ഷിയായി സ്നാപനമേറ്റു.
സമ്പന്നവും പ്രതിഫലദായകവുമായ ഒരു ജീവിതം
1976-ൽ ഞാൻ വീണ്ടും സർക്കിട്ട് മേൽവിചാരകനായി സേവിക്കാൻ തുടങ്ങി. ഏതാണ്ട് ആറു വർഷം കഴിഞ്ഞപ്പോൾ, പുതിയ രീതിയിലുള്ള ഒരു സുവാർത്താ ഘോഷണ രീതിക്ക്—തെരുവു സാക്ഷീകരണത്തിന്—നേതൃത്വം കൊടുക്കുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. അതിനു ശേഷം, അതായത് 1991 ഒക്ടോബറിൽ, ഞാനും ഭാര്യയും പ്രത്യേക പയനിയർമാരായി സേവിക്കാൻ തുടങ്ങി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ എനിക്കു നാലു ഘട്ടങ്ങളുള്ള ഒരു ബൈപാസ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നു. അതു വിജയിച്ചു എന്നു പറയുന്നതിൽ സന്തോഷമുണ്ട്. എനിക്ക് ഇപ്പോൾ നല്ല ആരോഗ്യമുണ്ട്. മുഴുസമയ സുവിശേഷ വേല വീണ്ടും തുടങ്ങാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. തെസ്സലോനിക്കയിലുള്ള ഒരു സഭയിൽ ഞാൻ ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്നു. അതുപോലെതന്നെ വൈദ്യസഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിന് പ്രാദേശിക ആശുപത്രി ഏകോപന സമിതിയിലും ഞാൻ പ്രവർത്തിക്കുന്നുണ്ട്.
എന്റെ ജീവിതത്തിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, നമ്മുടെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് എത്ര സംതൃപ്തികരമാണ് എന്നു ഞാൻ തിരിച്ചറിയുന്നു. “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്ന ഹൃദ്യമായ ക്ഷണം വളരെ നേരത്തേതന്നെ സ്വീകരിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) യഹോവയുടെ സംഘടനയിലേക്കു വരുന്ന ആത്മാർഥതയുള്ള ആളുകളുടെ എണ്ണം വർധിച്ചു കാണുന്നതിൽ എന്റെ ഹൃദയം അത്യധികം സന്തോഷിക്കുന്നു. ആളുകളെ സ്വതന്ത്രരാക്കുന്ന ബൈബിൾ സത്യം പങ്കുവെച്ചുകൊണ്ടു നീതിനിഷ്ഠമായ പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രതീക്ഷ മറ്റുള്ളവർക്കു പകർന്നുകൊടുക്കുന്നത് തീർച്ചയായും ഒരു പദവിയാണ്!—യോഹന്നാൻ 8:32; 2 പത്രൊസ് 3:13.
മുഴുസമയ ശുശ്രൂഷ തങ്ങളുടെ ലാക്കാക്കാനും യഹോവയ്ക്കു തങ്ങളുടെ കഴിവിന്റെ പരമാവധി നൽകാനുമാണ് ഞങ്ങൾ അവന്റെ ദാസരായ യുവജനങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. വാസ്തവമായും, ഒരുവന് ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും മെച്ചമായ ജീവിതം യഹോവയിൽ ആശ്രയിക്കുന്നതും അവന്റെ ഹൃദയത്തെ പ്രസാദിപ്പിക്കുന്നതിൽ വലിയ സന്തോഷം കണ്ടെത്തുന്നതുമാണ്!—സദൃശവാക്യങ്ങൾ 3:5; സഭാപ്രസംഗി 12:1.
[21-ാം പേജിലെ ചിത്രങ്ങൾ]
(ഇടത്തുനിന്ന് വലത്തേക്ക്)
ബെഥേലിലെ അടുക്കളയിൽ ജോലി ചെയ്യുന്നു, വർഷം 1965
സുവാർത്താ ഘോഷണം നിരോധിക്കപ്പെട്ടിരുന്ന 1970-ൽ ഒരു പ്രസംഗം നടത്തുന്നു
എന്റെ ഭാര്യയോടൊപ്പം, വർഷം 1959
[23-ാം പേജിലെ ചിത്രങ്ങൾ]
ഭാര്യ കൂലായോടൊപ്പം