ദൈവത്തോടു കൂടെ നടക്കൽ—ആദ്യ ചുവടുകൾ
“ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.”—യാക്കോബ് 4:8.
1, 2. യഹോവയെ സേവിക്കുന്നത് വലിയ പദവിയാണെന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?
ആമനുഷ്യൻ വർഷങ്ങളോളം തടവിൽ യാതന അനുഭവിക്കുക ആയിരുന്നു. അപ്പോഴാണ് ദേശത്തെ ഭരണാധിപന്റെ മുമ്പാകെ ഹാജരാകാൻ അവന് ഉത്തരവു ലഭിച്ചത്. പെട്ടെന്ന് പലതും സംഭവിച്ചു. ഭൂമിയിലെ ഏറ്റവും ശക്തനായ ചക്രവർത്തിക്കു സേവനം അനുഷ്ഠിക്കുന്ന സ്ഥാനത്ത് താൻ നിയമിക്കപ്പെട്ടിരിക്കുന്നതായി താമസിയാതെ ആ തടവുകാരൻ മനസ്സിലാക്കി. വളരെയധികം ഉത്തരവാദിത്വം ഉണ്ടായിരുന്ന, ആളുകൾ അങ്ങേയറ്റം ബഹുമാനിച്ചിരുന്ന ഒരു സ്ഥാനത്താണ് ആ മുൻ തടവുകാരൻ നിയമിതനായത്. ഒരിക്കൽ പാദങ്ങൾ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന ആ മനുഷ്യൻ—യോസേഫ്—ഇപ്പോൾ ഒരു രാജാവിന്റെ കൂടെ നടന്നു!—ഉല്പത്തി 41:14, 39-43; സങ്കീർത്തനം 105:17, 19.
2 ഇന്ന്, ഈജിപ്തിലെ ഫറവോനെക്കാൾ വലിയ ഒരുവനെ സേവിക്കുന്നതിനുള്ള അവസരം മനുഷ്യർക്കുണ്ട്. അഖിലാണ്ഡ പരമാധികാരിയായ അവൻ തന്നെ സേവിക്കാൻ ഏവരെയും ക്ഷണിക്കുന്നു. സർവശക്തിയുള്ള ദൈവമായ യഹോവയെ സേവിക്കുന്നതും അവനുമായി ഒരു ഉറ്റ ബന്ധം വളർത്തിയെടുക്കുന്നതും എന്തൊരു വിസ്മയകരമായ പദവിയാണ്! തിരുവെഴുത്തുകളിൽ, ഗംഭീരമായ ശക്തിയെയും മഹത്ത്വത്തെയും അതുപോലെതന്നെ പ്രശാന്തതയെയും സൗന്ദര്യത്തെയും അഭികാമ്യതയെയും അവനോടു ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നതു കാണാം. (യെഹെസ്കേൽ 1:26-28; വെളിപ്പാടു 4:1-3) അവന്റെ എല്ലാ ഇടപെടലുകളിലും സ്നേഹം വ്യാപരിക്കുന്നു. (1 യോഹന്നാൻ 4:8) അവൻ ഒരിക്കലും വ്യാജം പറയുന്നില്ല. (സംഖ്യാപുസ്തകം 23:19) തന്നോടു വിശ്വസ്തത പുലർത്തുന്നവരെ അവൻ ഒരിക്കലും നിരാശപ്പെടുത്തുന്നുമില്ല. (സങ്കീർത്തനം 18:25, NW) അവന്റെ നീതിയുള്ള നിലവാരങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ നമുക്ക് ഇപ്പോൾ സന്തുഷ്ടവും അർഥവത്തുമായ ജീവിതം ആസ്വദിക്കാൻ കഴിയും, അതുപോലെ നിത്യജീവന്റെ പ്രത്യാശ ഉണ്ടായിരിക്കാനും കഴിയും. (യോഹന്നാൻ 17:3) അത്തരം അനുഗ്രഹങ്ങളോടും പദവികളോടും വിദൂരമായി പോലും സാമ്യമുള്ള യാതൊന്നും ഒരു മാനുഷ ഭരണാധിപനും നൽകുന്നില്ല.
3. ഏത് അർഥത്തിലാണ് നോഹ ‘ദൈവത്തോടുകൂടെ നടന്നത്’?
3 ദീർഘകാലം മുമ്പ്, ദൈവത്തിന്റെ ഹിതത്തിനും ഉദ്ദേശ്യത്തിനും ചേർച്ചയിൽ ജീവിക്കാൻ ഗോത്രപിതാവായ നോഹ തീരുമാനിച്ചു. അവനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.” (ഉല്പത്തി 6:9) തീർച്ചയായും, മനുഷ്യർ ആരും “ദൈവത്തെ . . . ഒരുനാളും കണ്ടിട്ടില്ല” എന്നതിനാൽ നോഹ അക്ഷരീയമായ അർഥത്തിലല്ല യഹോവയോടു കൂടെ നടന്നത്. (യോഹന്നാൻ 1:18) മറിച്ച്, ദൈവം ആവശ്യപ്പെട്ടത് അവൻ ചെയ്തു എന്ന അർഥത്തിലാണ് അവൻ ദൈവത്തോടു കൂടെ നടന്നത്. നോഹ തന്റെ ജീവിതം ദൈവഹിതം ചെയ്യുന്നതിന് ഉഴിഞ്ഞുവെച്ചതിനാൽ ഊഷ്മളവും ഉറ്റതുമായ ഒരു ബന്ധം സർവശക്തനായ ദൈവവുമായി ആസ്വദിച്ചു. നോഹയെപ്പോലെ ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ യഹോവയുടെ ബുദ്ധ്യുപദേശത്തിനും പ്രബോധനത്തിനും ചേർച്ചയിൽ ജീവിച്ചുകൊണ്ട് ‘ദൈവത്തോടുകൂടെ നടക്കുന്നു.’ എങ്ങനെയാണ് ഒരു വ്യക്തി അത്തരം ഒരു ഗതി ആരംഭിക്കുന്നത്?
സൂക്ഷ്മ പരിജ്ഞാനം അനിവാര്യം
4. യഹോവ തന്റെ ജനത്തെ പ്രബോധിപ്പിക്കുന്നത് എങ്ങനെ?
4 യഹോവയോടൊത്ത് നടക്കുന്നതിനു നാം ആദ്യം അവനെ അറിയേണ്ടതുണ്ട്. പ്രവാചകനായ യെശയ്യാവ് ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും. അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.” (യെശയ്യാവു 2:2, 3) അതേ, യഹോവയുടെ വഴികളിൽ നടക്കാൻ ശ്രമിക്കുന്നവരെയെല്ലാം അവൻ പ്രബോധിപ്പിക്കുമെന്ന ഉറപ്പ് നമുക്ക് ഉണ്ടായിരിക്കാൻ കഴിയും. യഹോവ തന്റെ വചനമായ ബൈബിൾ പ്രദാനം ചെയ്തിരിക്കുന്നു എന്നു മാത്രമല്ല, അതു മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അവൻ ആ സഹായം നൽകുന്ന ഒരു വിധം “വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരമാണ്. (മത്തായി 24:45-47, NW) ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ, ക്രിസ്തീയ യോഗങ്ങൾ, സൗജന്യ ഭവന ബൈബിൾ അധ്യയന ക്രമീകരണം തുടങ്ങിയവ മുഖാന്തരം ആത്മീയ പ്രബോധനം നൽകാൻ യഹോവ ‘വിശ്വസ്ത അടിമ’യെ ഉപയോഗിക്കുന്നു. പരിശുദ്ധാത്മാവ് മുഖാന്തരവും തന്റെ വചനം മനസ്സിലാക്കാൻ ദൈവം തന്റെ ജനത്തെ സഹായിക്കുന്നു.—1 കൊരിന്ത്യർ 2:10-16.
5. തിരുവെഴുത്തു സത്യം വളരെ അമൂല്യമായിരിക്കുന്നത് എന്തുകൊണ്ട്?
5 ബൈബിൾ സത്യത്തിനു നാം പണം നൽകുന്നില്ലെങ്കിലും അത് അമൂല്യമാണ്. നാം ദൈവത്തിന്റെ വചനം പഠിക്കുമ്പോൾ ദൈവത്തെക്കുറിച്ചുതന്നെ—അവന്റെ നാമത്തെക്കുറിച്ച്, വ്യക്തിത്വത്തെക്കുറിച്ച്, ഉദ്ദേശ്യത്തെക്കുറിച്ച്, അവൻ മനുഷ്യരോട് ഇടപെടുന്ന വിധത്തെക്കുറിച്ച്—പഠിക്കുന്നു. മാത്രമല്ല, നാം ഇവിടെ ആയിരിക്കുന്നത് എന്തുകൊണ്ട്? ദൈവം യാതന അനുവദിക്കുന്നത് എന്തുകൊണ്ട്? ഭാവി എന്തു വെച്ചുനീട്ടുന്നു? നാം വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്? മരണാനന്തരം ജീവിതം ഉണ്ടോ? എന്നിങ്ങനെയുള്ള ജീവിതത്തിലെ അടിസ്ഥാന ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഒരു വിമോചന ഫലത്തോടെ നാം മനസ്സിലാക്കുകയും ചെയ്യുന്നു. തന്നെയുമല്ല, നമ്മെ സംബന്ധിച്ച ദൈവഹിതം എന്താണ് എന്ന്, അതായത്, അവനെ പൂർണമായി പ്രസാദിപ്പിക്കാൻ നാം എങ്ങനെ ജീവിക്കണം എന്ന് നാം പഠിക്കുന്നു. ദൈവത്തിന്റെ വ്യവസ്ഥകൾ ന്യായയുക്തവും അതനുസരിച്ച് ജീവിക്കുമ്പോൾ അവ അത്ഭുതകരമാംവിധം പ്രയോജനപ്രദവും ആണെന്ന് നാം മനസ്സിലാക്കുന്നു. ദൈവത്തിന്റെ പ്രബോധനം ഇല്ലാതെ അത്തരം കാര്യങ്ങൾ നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കുകയില്ല.
6. ഏതു ഗതി പിൻപറ്റാനാണു ബൈബിളിന്റെ സൂക്ഷ്മ പരിജ്ഞാനം നമ്മെ പ്രാപ്തരാക്കുന്നത്?
6 ബൈബിൾ സത്യം ശക്തിയുള്ളതാണ്, ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്താൻ അതു പ്രേരിപ്പിക്കുന്നു. (എബ്രായർ 4:12) തിരുവെഴുത്തു പരിജ്ഞാനം സമ്പാദിക്കുന്നതിനു മുമ്പ് നമുക്ക് “ഈ ലോകത്തിന്റെ വ്യവസ്ഥിതിക്ക് അനുസൃതമായി” മാത്രമേ നടക്കാൻ കഴിഞ്ഞിരുന്നുള്ളൂ. (എഫെസ്യർ 2:2, NW) എന്നാൽ, “യഹോവയെ പൂർണമായി പ്രസാദിപ്പിക്കുമാറ് അവനു യോഗ്യമായി നടക്കാൻ” നമുക്കു കഴിയത്തക്കവണ്ണം വ്യത്യസ്തമായ ഒരു ഗതി ദൈവവചനത്തെ കുറിച്ചുള്ള പരിജ്ഞാനം നമുക്കു കാട്ടിത്തരുന്നു. (കൊലൊസ്സ്യർ 1:10, NW) മുഴു അഖിലാണ്ഡത്തിലും വെച്ച് ഏറ്റവും സുപ്രധാന വ്യക്തിയായ യഹോവയുടെ കൂടെ നടക്കുന്നതിൽ ആദ്യ ചുവടുകൾ വെക്കുന്നത് എന്തൊരു സന്തോഷമാണ്!—ലൂക്കൊസ് 11:28.
രണ്ടു പ്രധാന ചുവടുകൾ—സമർപ്പണം, സ്നാപനം
7. നാം ദൈവവചനം പഠിക്കുമ്പോൾ മനുഷ്യ നേതൃത്വം സംബന്ധിച്ച എന്തു സത്യം വ്യക്തമാകുന്നു?
7 നമ്മുടെ ബൈബിൾ ഗ്രാഹ്യം വർധിക്കുമ്പോൾ മനുഷ്യ കാര്യാദികളും നമ്മുടെതന്നെ ജീവിതവും ദൈവവചനത്തിന്റെ ആത്മീയ വെളിച്ചത്തിൽ നാം പരിശോധിക്കാൻ തുടങ്ങുന്നു. അങ്ങനെ ഒരു സുപ്രധാന സത്യം വെളിവായി വരുന്നു. ദീർഘകാലം മുമ്പ്, പ്രവാചകനായ യിരെമ്യാവ് പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ ആ സത്യം പ്രകടമായി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) മനുഷ്യർക്ക്—നമുക്ക് എല്ലാവർക്കും—ദൈവത്തിന്റെ മാർഗനിർദേശം ആവശ്യമാണ്.
8. (എ) ദൈവത്തിനു സമർപ്പണം നടത്താൻ ആളുകളെ പ്രേരിപ്പിക്കുന്നത് എന്ത്? (ബി) ക്രിസ്തീയ സമർപ്പണം എന്നാൽ എന്ത്?
8 ഈ സുപ്രധാന വസ്തുതയെക്കുറിച്ചു മനസ്സിലാക്കുന്നത് യഹോവയുടെ മാർഗനിർദേശം തേടാൻ നമ്മെ പ്രേരിപ്പിക്കുന്നു. ദൈവത്തോടുള്ള സ്നേഹമാകട്ടെ നമ്മുടെ ജീവിതം അവനു സമർപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിനു സമർപ്പണം നടത്തുക എന്നതിന്റെ അർഥം, പ്രാർഥനയിൽ അവനെ സമീപിച്ച് ശേഷിക്കുന്ന ജീവിതകാലം അവനെ സേവിക്കുകയും അവന്റെ വഴികളിൽ വിശ്വസ്തമായി നടക്കുകയും ചെയ്തുകൊള്ളാമെന്ന് സഗൗരവം വാഗ്ദാനം ചെയ്യുക എന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ, ദൈവേഷ്ടം ചെയ്യാനുള്ള ദൃഢനിശ്ചയത്തോടെ യഹോവയ്ക്കു തന്നെത്തന്നെ അർപ്പിച്ച യേശുവിന്റെ മാതൃകയായിരിക്കും നാം അനുകരിക്കുന്നത്.—എബ്രായർ 10:7.
9. വ്യക്തികൾ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നത് എന്തുകൊണ്ട്?
9 തനിക്കു സമർപ്പണം നടത്താൻ യഹോവയാം ദൈവം ഒരിക്കലും ആരുടെമേലും സമ്മർദം ചെലുത്തുകയോ ആരെയും നിർബന്ധിക്കുകയോ ചെയ്യുന്നില്ല. (2 കൊരിന്ത്യർ 9:7 താരതമ്യം ചെയ്യുക.) മാത്രമല്ല, പെട്ടെന്നുള്ള ഒരു തോന്നലിൽ ആരെങ്കിലും തന്റെ ജീവിതം ദൈവത്തിനു സമർപ്പിക്കാനും അവൻ പ്രതീക്ഷിക്കുന്നില്ല. സ്നാപനം ഏൽക്കുന്നതിനു മുമ്പുതന്നെ ഒരുവൻ ശിഷ്യൻ ആയിരിക്കണം. അതിനു വേണ്ടി പരിജ്ഞാനം നേടാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. (മത്തായി 28:19, 20) ‘തങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി ബുദ്ധിയോടെ [“ന്യായബോധത്തോടെ,” NW] സമർപ്പിക്കാൻ’ അതിനകം സ്നാപനമേറ്റിരുന്ന വ്യക്തികളോട് പൗലൊസ് അഭ്യർഥിച്ചു. (റോമർ 12:1) സമാനമായ ന്യായബോധം പ്രകടമാക്കിക്കൊണ്ടാണ് നാം യഹോവയാം ദൈവത്തിനു സമർപ്പണം നടത്തുന്നത്. ഉൾപ്പെട്ടിരിക്കുന്ന കാര്യം എന്താണെന്നു പഠിക്കുകയും അതു ശ്രദ്ധാപൂർവം വിലയിരുത്തുകയും ചെയ്തശേഷം നാം സ്വമനസ്സാലെയും സന്തോഷത്തോടെയും ദൈവത്തിനു നമ്മുടെ ജീവിതം സമർപ്പിക്കുന്നു.—സങ്കീർത്തനം 110:3.
10. സമർപ്പണം സ്നാപനത്തോട് ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
10 ദെവത്തിന്റെ വഴികളിൽ നടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം പ്രാർഥനയിൽ സ്വകാര്യമായി ദൈവത്തെ അറിയിച്ച ശേഷം നാം അടുത്ത ചുവടു വെക്കുന്നു. ജല സ്നാപനത്തിലൂടെ നാം നമ്മുടെ സമർപ്പണത്തെ പരസ്യമാക്കുന്നു. ദൈവഹിതം ചെയ്യാൻ നാം ഉറച്ചിരിക്കുന്നു എന്നതിന്റെ ഒരു പരസ്യ പ്രഖ്യാപനമാണ് അത്. തന്റെ ഭൗമിക ശുശ്രൂഷയുടെ തുടക്കത്തിൽ യേശു യോഹന്നാനാൽ സ്നാപനമേറ്റുകൊണ്ട് നമുക്ക് ഒരു മാതൃക വെച്ചിരിക്കുന്നു. (മത്തായി 3:13-17) പിന്നീട്, ശിഷ്യരെ ഉളവാക്കാനും അവരെ സ്നാപനപ്പെടുത്താനും യേശു തന്റെ അനുഗാമികളെ നിയോഗിച്ചു. അതുകൊണ്ട്, യഹോവയോടു കൂടെ നടക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും സ്വീകരിക്കേണ്ട സുപ്രധാന ചുവടുകളാണ് സമർപ്പണവും സ്നാപനവും.
11, 12. (എ) സ്നാപനത്തെ വിവാഹ ചടങ്ങിനോടു താരതമ്യം ചെയ്യാവുന്നത് എങ്ങനെ? (ബി) യഹോവയുമായുള്ള നമ്മുടെ ബന്ധത്തിലും ഒരു ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിലും എന്തു സമാനത കാണാവുന്നതാണ്?
11 സമർപ്പിച്ച് യേശുക്രിസ്തുവിന്റെ ഒരു ശിഷ്യൻ ആയിത്തീരുന്നത് വിവാഹം കഴിക്കുന്നതിനോട് ഒട്ടൊക്കെ സമാനമാണ്. പല ദേശങ്ങളിലും, വിവാഹ ദിവസത്തിനു മുമ്പായി പല ചുവടുകളുമുണ്ട്. ഒരു പുരുഷനും സ്ത്രീയും കണ്ടുമുട്ടുന്നു, അടുത്തറിയുന്നു, പ്രേമത്തിലാകുന്നു. പിന്നെ വിവാഹനിശ്ചയം. സ്വകാര്യമായി കൈക്കൊണ്ട—വിവാഹം കഴിച്ച് ഭാര്യാഭർത്താക്കന്മാരായി ജീവിക്കാനുള്ള—ഒരു തീരുമാനത്തെ വിവാഹ ചടങ്ങ് പരസ്യമാക്കുന്നു. ആ പ്രത്യേക ബന്ധത്തിനു പരസ്യമായ നാന്ദി കുറിക്കുന്നതാണ് വിവാഹ ചടങ്ങ്. ആ തീയതി ദാമ്പത്യ ബന്ധത്തിന്റെ തുടക്കത്തെ കുറിക്കുന്നു. സമാനമായി, യഹോവയുമായുള്ള സമർപ്പിത ബന്ധത്തിൽ നടക്കുന്നതിന് അർപ്പിക്കപ്പെട്ട ഒരു ജീവിതത്തിന്റെ തുടക്കത്തെ കുറിക്കുന്നതാണു സ്നാപനം.
12 സമാനമായ മറ്റൊരു സംഗതി പരിചിന്തിക്കുക. വിവാഹ ശേഷം, ഭർത്താവും ഭാര്യയും തമ്മിലുള്ള സ്നേഹം വളർന്ന് പക്വത പ്രാപിക്കുന്നു. തങ്ങളുടെ ബന്ധത്തെ അരക്കിട്ടുറപ്പിക്കാൻ വിവാഹ ഇണകൾ ഇരുവരും തങ്ങളുടെ ദാമ്പത്യ ബന്ധം നിലനിർത്താനും ബലപ്പെടുത്താനും നിസ്വാർഥം പരിശ്രമിക്കേണ്ടതുണ്ട്. നാം ദൈവവുമായി ഒരു വിവാഹ ബന്ധത്തിൽ പ്രവേശിക്കുന്നില്ലെങ്കിലും, സ്നാപന ശേഷം യഹോവയുമായുള്ള ഉറ്റ ബന്ധം നിലനിർത്താൻ ശ്രമിക്കേണ്ടതുണ്ട്. അവന്റെ ഹിതം ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങളെ അവൻ കാണുകയും വിലമതിക്കുകയും അതുപോലെതന്നെ അവൻ നമ്മോട് അടുത്തു വരുകയും ചെയ്യുന്നു. “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന് ശിഷ്യനായ യാക്കോബ് എഴുതി.—യാക്കോബ് 4:8.
യേശുവിന്റെ ചുവടുകളിൽ നടക്കൽ
13. ദൈവത്തോടു കൂടെ നടക്കുന്നതിൽ ആരുടെ മാതൃകയാണു നാം അനുകരിക്കേണ്ടത്?
13 യഹോവയോടു കൂടെ നടക്കുന്നതിന്, യേശുക്രിസ്തു വെച്ച മാതൃകയോടു നാം പൊരുത്തപ്പെടേണ്ടതുണ്ട്. അപ്പൊസ്തലനായ പത്രൊസ് എഴുതി: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ് 2:21) യേശു പൂർണനും നാം അപൂർണരും ആയതിനാൽ അവൻ വെച്ച മാതൃക യാതൊരു കുറവുമില്ലാതെ പിൻപറ്റാൻ നമുക്കു കഴിയില്ല. എന്നിരുന്നാലും, നാം നമ്മുടെ പരമാവധി ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. സമർപ്പിത ക്രിസ്ത്യാനികൾ അനുകരിക്കാൻ ശ്രമിക്കേണ്ട, യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും അഞ്ചു വശങ്ങൾ നമുക്കു പരിചിന്തിക്കാം.
14. ദൈവവചനം അറിയുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
14 ദൈവവചനം സംബന്ധിച്ച് സൂക്ഷ്മവും സമഗ്രവുമായ പരിജ്ഞാനം യേശുവിന് ഉണ്ടായിരുന്നു. തന്റെ ശുശ്രൂഷക്കാലത്തു യേശു കൂടെക്കൂടെ എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചു. (ലൂക്കൊസ് 4:4, 8) നിശ്ചയമായും, അക്കാലത്തെ ദുഷ്ട മതനേതാക്കന്മാരും തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചു. (മത്തായി 22:23, 24) എന്നാൽ വ്യത്യാസം ഇതായിരുന്നു: യേശു തിരുവെഴുത്തുകളുടെ അർഥം മനസ്സിലാക്കി തന്റെ ജീവിതത്തിൽ അതു പ്രാവർത്തികമാക്കി. നിയമം ആവശ്യപ്പെടുന്നത് മാത്രമല്ല, അതിന്റെ അന്തഃസത്ത കൂടി അവൻ മനസ്സിലാക്കി. യേശുവിന്റെ മാതൃക പിൻപറ്റുന്ന നാമും ദൈവവചനം മനസ്സിലാക്കാനും അതിന്റെ അന്തഃസത്ത മനസ്സിലാക്കാനും ശ്രമിക്കണം. അങ്ങനെ ചെയ്യുമ്പോൾ നാം ‘സത്യവചനം ശരിയായി കൈകാര്യം ചെയ്യുന്ന,’ ദിവ്യാംഗീകാരം ഉള്ള പ്രവർത്തകർ ആയിത്തീർന്നേക്കാം.—2 തിമൊഥെയൊസ് 2:15, NW.
15. ദൈവത്തെക്കുറിച്ചു സംസാരിക്കുന്നതിൽ യേശു എങ്ങനെ മാതൃക വെച്ചു?
15 യേശുക്രിസ്തു തന്റെ സ്വർഗീയ പിതാവിനെക്കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചു. ദൈവവചനം സംബന്ധിച്ച പരിജ്ഞാനം യേശു തന്നിൽത്തന്നെ ഒതുക്കി നിർത്തിയില്ല. ശത്രുക്കൾ പോലും അവനെ ‘ഗുരു’ എന്നാണ് അഭിസംബോധന ചെയ്തത്. കാരണം, പോയ സ്ഥലത്തെല്ലാം അവൻ യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു സംസാരിച്ചു. (മത്തായി 12:38) യേശു ആലയപ്രദേശത്തും യഹൂദ പള്ളികളിലും പട്ടണങ്ങളിലും ഗ്രാമപ്രദേശത്തും പരസ്യമായി പ്രസംഗിച്ചു. (മർക്കൊസ് 1:39; ലൂക്കൊസ് 8:1, NW; യോഹന്നാൻ 18:20) അവൻ അനുകമ്പയോടും ദയയോടും കൂടെ പഠിപ്പിച്ചു, താൻ സഹായിച്ചവരോട് അവൻ സ്നേഹം കാണിക്കുകയും ചെയ്തു. (മത്തായി 4:23) യേശുവിന്റെ മാതൃക അനുകരിക്കുന്നവർ യഹോവയെയും അവന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയും കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാൻ അനേകം സ്ഥലങ്ങളും മാർഗങ്ങളും കണ്ടെത്തുന്നു.
16. യഹോവയെ ആരാധിക്കുന്ന തന്റെ സഹ മനുഷ്യരുമായി യേശുവിന് എങ്ങനെയുള്ള ഒരു ബന്ധം ഉണ്ടായിരുന്നു?
16 യഹോവയെ ആരാധിച്ച മറ്റുള്ളവരോട് യേശുവിന് അടുത്ത ഒരു ബന്ധം തോന്നിയിരുന്നു. ഒരു സന്ദർഭത്തിൽ യേശു ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരിക്കെ അവന്റെ അമ്മയും അവിശ്വാസികളായ സഹോദരന്മാരും അവനോടു സംസാരിക്കാൻ വന്നു. അതേക്കുറിച്ച് ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരൻമാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ എന്റെ സഹോദരൻമാർ ആർ എന്നു ചോദിച്ചു. ശിഷ്യൻമാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും സഹോദരൻമാരും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.” (മത്തായി 12:47-50) യേശു തന്റെ കുടുംബത്തെ തള്ളിക്കളഞ്ഞുവെന്ന് ഇത് അർഥമാക്കുന്നില്ല. കാരണം, അവൻ അങ്ങനെ ചെയ്തില്ല എന്ന് തുടർന്നുള്ള സംഭവങ്ങൾ തെളിയിക്കുന്നു. (യോഹന്നാൻ 19:25-27) എന്നിരുന്നാലും, യേശുവിനു സഹ വിശ്വാസികളോട് ഉണ്ടായിരുന്ന സ്നേഹത്തെ ഈ വിവരണം ഊന്നിപ്പറയുന്നു. സമാനമായി ഇന്ന്, ദൈവത്തോടു കൂടെ നടക്കുന്നവർ യഹോവയുടെ മറ്റു ദാസന്മാരുടെ സഖിത്വം തേടുകയും അവരെ കൂടുതൽ പ്രിയത്തോടെ സ്നേഹിക്കുകയും ചെയ്യുന്നു.—1 പത്രൊസ് 4:8.
17. സ്വർഗീയ പിതാവിന്റെ ഹിതം ചെയ്യുന്നതു സംബന്ധിച്ച് യേശുവിന്റെ മനോഭാവം എന്തായിരുന്നു, അതു നമ്മെ എങ്ങനെ ബാധിക്കണം?
17 ദൈവേഷ്ടം ചെയ്യുകവഴി യേശു തന്റെ സ്വർഗീയ പിതാവിനോടു സ്നേഹം പ്രകടമാക്കി. യേശു സകലത്തിലും യഹോവയെ അനുസരിച്ചു. “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 4:34) ‘ഞാൻ എല്ലായ്പോഴും [ദൈവത്തിനു] പ്രസാദമുള്ളതു ചെയ്യുന്നു’ എന്നും ക്രിസ്തു പറഞ്ഞു. (യോഹന്നാൻ 8:29) യേശു തന്റെ സ്വർഗീയ പിതാവിനെ വളരെ സ്നേഹിച്ചു. അതുകൊണ്ട്, അവൻ “തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയർ 2:8) തത്ഫലമായി, യഹോവ കഴിഞ്ഞാൽപ്പിന്നെ ഏറ്റവും അധികാരവും മഹത്ത്വവും ഉള്ള രണ്ടാം സ്ഥാനത്തേക്ക് യേശുവിനെ ഉയർത്തിക്കൊണ്ട് യഹോവ അവനെ അനുഗ്രഹിച്ചു. (ഫിലിപ്പിയർ 2:9-11) ദൈവത്തിന്റെ കൽപ്പനകൾ പാലിച്ചുകൊണ്ടും അവന്റെ ഹിതം ചെയ്തുകൊണ്ടും യേശുവിനെപ്പോലെ നാം ദൈവത്തോടുള്ള സ്നേഹം പ്രകടമാക്കുന്നു.—1 യോഹന്നാൻ 5:3.
18. പ്രാർഥനയുടെ കാര്യത്തിൽ യേശു എന്ത് ദൃഷ്ടാന്തം വെച്ചു?
18 യേശു പ്രാർഥനാനിരതൻ ആയിരുന്നു. അവൻ സ്നാപനമേറ്റ സമയത്ത് പ്രാർഥിച്ചു. (ലൂക്കൊസ് 3:21) 12 അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുന്നതിന്റെ തലേ രാത്രി മുഴുവനും അവൻ പ്രാർഥിച്ചു. (ലൂക്കൊസ് 6:12, 13) എങ്ങനെ പ്രാർഥിക്കണമെന്ന് യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (ലൂക്കൊസ് 11:1-4) മരിക്കുന്നതിന്റെ തലേ രാത്രി യേശു തന്റെ ശിഷ്യന്മാർക്കു വേണ്ടിയും അവരോടൊത്തും പ്രാർഥിച്ചു. (യോഹന്നാൻ 17:1-26) യേശുവിന്റെ ജീവിതത്തിലെ ഒരു സുപ്രധാന ഘടകമായിരുന്നു പ്രാർഥന. നമ്മുടെ ജീവിതത്തിലും അത് അങ്ങനെ ആയിരിക്കണം. കാരണം, നാം അവന്റെ അനുഗാമികൾ ആണ്. പ്രാർഥനയിൽ അഖിലാണ്ഡ പരമാധികാരിയോടു സംസാരിക്കുന്നത് എന്തൊരു പദവിയാണ്! മാത്രമല്ല, യഹോവ പ്രാർഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. കാരണം യോഹന്നാൻ ഇങ്ങനെ എഴുതി: “അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.”—1 യോഹന്നാൻ 5:14, 15.
19. (എ) യേശുവിന്റെ ഏതെല്ലാം ഗുണങ്ങളാണു നാം അനുകരിക്കേണ്ടത്? (ബി) യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചു പഠിക്കുന്നതിൽനിന്ന് ഏതെല്ലാം വിധങ്ങളിൽ നാം പ്രയോജനം നേടുന്നു?
19 യേശുക്രിസ്തുവിന്റെ ഭൗമിക ജീവിതവും ശുശ്രൂഷയും അടുത്തു പരിശോധിക്കുന്നതിൽനിന്ന് വളരെ കാര്യങ്ങൾ പഠിക്കാനുണ്ട്! യേശു പ്രകടമാക്കിയ ഗുണങ്ങളെക്കുറിച്ചു ചിന്തിക്കുക: സ്നേഹം, അനുകമ്പ, ദയ, ദൃഢത, സമനില, ന്യായബോധം, താഴ്മ, ധൈര്യം, നിസ്വാർഥത. നാം യേശുവിനെക്കുറിച്ച് എത്രയധികം പഠിക്കുന്നുവോ അത്രയധികം വർധിക്കുന്നു അവന്റെ വിശ്വസ്ത അനുഗാമികൾ ആയിത്തീരാനുള്ള നമ്മുടെ ആഗ്രഹം. യേശുവിനെ കുറിച്ചുള്ള പരിജ്ഞാനം നമ്മെ യഹോവയോട് അടുപ്പിക്കുകയും ചെയ്യുന്നു. എന്തായിരുന്നാലും, തന്റെ സ്വർഗീയ പിതാവിന്റെ പൂർണതയുള്ള പ്രതിഫലനം ആയിരുന്നു യേശു. യഹോവയോട് ഉറ്റ ബന്ധം ഉണ്ടായിരുന്നതിനാൽ അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.”—യോഹന്നാൻ 14:9.
നിങ്ങളെ ബലപ്പെടുത്താൻ ദൈവത്തിൽ ആശ്രയിക്കുക
20. യഹോവയോടൊത്ത് നടക്കുന്നതിൽ എങ്ങനെ ആത്മവിശ്വാസം കൈവരിക്കാം?
20 കുട്ടികൾ നടക്കാൻ പഠിക്കുമ്പോൾ അവരുടെ ചുവടുകൾ ഉറപ്പില്ലാത്തവ ആയിരിക്കും. ആത്മവിശ്വാസത്തോടെ നടക്കാൻ അവർ പഠിക്കുന്നത് എങ്ങനെയാണ്? പരിശീലനത്താലും സ്ഥിരോത്സാഹത്താലും മാത്രം. കൊള്ളാം, യഹോവയോടൊത്തു നടക്കുന്നവർ ഉറപ്പുള്ള, സ്ഥിരമായ ചുവടുകളോടെ നടക്കാൻ ശ്രമിക്കുന്നു. അതിനും സമയവും സ്ഥിരോത്സാഹവും ആവശ്യമാണ്. ദൈവത്തോടൊത്തു നടക്കുന്നതിൽ സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യം പൗലൊസ് ചൂണ്ടിക്കാട്ടി. അവൻ ഇപ്രകാരം എഴുതി: “ഒടുവിൽ സഹോദരന്മാരേ, ദൈവപ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ—നിങ്ങൾ നടക്കുന്നതുപോലെ തന്നേ—ഇനിയും അധികം വർദ്ധിച്ചുരേണ്ടതിന്നു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.”—1 തെസ്സലൊനീക്യർ 4:1.
21. നാം യഹോവയോടു കൂടെ നടക്കുമ്പോൾ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും?
21 നാം ദൈവത്തിനു സമ്പൂർണമായി അർപ്പിതർ ആണെങ്കിൽ, അവനോടൊത്തു നടക്കുന്നതിൽ അവൻ നമ്മെ സഹായിക്കും. (യെശയ്യാവു 40:29-31) ഈ ലോകത്തിനു തരാനുള്ള യാതൊന്നും, ദൈവം തന്നോടൊത്തു നടക്കുന്നവരുടെ മേൽ ചൊരിയുന്ന അനുഗ്രഹങ്ങൾക്കു തുല്യമല്ല. ‘ശുഭകരമായി പ്രവർത്തിപ്പാൻ നമ്മെ അഭ്യസിപ്പിക്കയും നാം പോകേണ്ടുന്ന വഴിയിൽ നമ്മെ നടത്തുകയും ചെയ്യുന്ന ദൈവമാണ്’ അവൻ. ‘നാം അവന്റെ കല്പനകളെ കേട്ടനുസരിച്ചാൽ, നമ്മുടെ സമാധാനം നദിപോലെയും നമ്മുടെ നീതി സമുദ്രത്തിലെ തിരപോലെയും ആകും.’ (യെശയ്യാവു 48:17, 18) ദൈവത്തോടൊത്തു നടക്കാനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ടും വിശ്വസ്തമായി നടന്നുകൊണ്ടും നമുക്ക് അവനുമായി എന്നേക്കും സമാധാനം ആസ്വദിക്കാൻ കഴിയും.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
□ സത്യദൈവത്തോടു കൂടെ നടക്കുന്നത് ഒരു ബഹുമതി ആയിരിക്കുന്നത് എന്തുകൊണ്ട്?
□ യഹോവയോടു കൂടെ നടക്കുന്നതിൽ പഠനം, സമർപ്പണം, സ്നാപനം എന്നിവ ആദ്യ ചുവടുകൾ ആയിരിക്കുന്നത് എന്തുകൊണ്ട്?
□ യേശുവിന്റെ ചുവടുകൾ നമുക്കു പിന്തുടരാവുന്നത് എങ്ങനെ?
□ യഹോവയോടു കൂടെ നടക്കുമ്പോൾ അവൻ നമ്മെ ശക്തീകരിക്കും എന്ന് നാം അറിയുന്നത് എങ്ങനെ?
[13-ാം പേജിലെ ചിത്രങ്ങൾ]
പഠനം, സമർപ്പണം, സ്നാപനം എന്നിവ ദൈവത്തോടു കൂടെ നടക്കുന്നതിലെ ആദ്യ ചുവടുകളാണ്