വർധിച്ച പ്രവർത്തനത്തിന്റെ കവാടത്തിങ്കൽ
“അവരുടെ ഇടയിൽ മത്സരം ഇല്ലായിരുന്നു. എല്ലാവരുടെയും ആഗ്രഹം എല്ലാവരും ജയിക്കണം എന്നായിരുന്നു” എന്ന് വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 105-ാം ക്ലാസ്സിലെ സഹ വിദ്യാർഥികളെ കുറിച്ച് റിച്ചാർഡും ലൂസിയയും പറഞ്ഞു. “ഞങ്ങൾ വളരെ വിഭിന്നരാണ്. എങ്കിലും, ഓരോ വിദ്യാർഥിയും ഞങ്ങൾക്കു വളരെ വിലപ്പെട്ട വ്യക്തിയാണ്.” ക്ലാസ്സിലെ സഹവിദ്യാർഥിയായ ലോവെൽ അതിനോടു യോജിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ഇടയിലെ നാനാത്വമാണ് ഞങ്ങളെ പരസ്പരം അടുപ്പിച്ചിരിക്കുന്നത്.”
1998 സെപ്റ്റംബർ 12-ന് ബിരുദം നേടിയ വിദ്യാർഥികൾ വാസ്തവത്തിൽ ഭിന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. രാജ്യ പ്രസാധകരുടെ ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിലാണ് അവരിൽ ചില വിദ്യാർഥികൾ പയനിയറിങ് നടത്തിയിരുന്നത്; മറ്റു ചിലരാകട്ടെ, സ്വന്ത പ്രദേശത്തും. സ്കൂളിൽ സംബന്ധിക്കുന്നതിനു മുമ്പ് മാറ്റ്സിനും റോസ്-മാരിക്കും തങ്ങളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ വളരെയധികം ശ്രമം ചെയ്യേണ്ടതായി വന്നു. വിദ്യാർഥികളിൽ പലരും ബാല്യകാലം മുതലേ മിഷനറി സേവനത്തെക്കുറിച്ചു ചിന്തിച്ചിരുന്നു. ഒരു ദമ്പതികളാണെങ്കിൽ 12 പ്രാവശ്യം അപേക്ഷ അയച്ചു; 105-ാമത്തെ ക്ലാസ്സിലേക്കു ക്ഷണം ലഭിച്ചതിൽ അവർ എത്ര സന്തുഷ്ടരായിരുന്നെന്നോ!
20 ആഴ്ചത്തെ തീവ്ര പരിശീലന കാലം പെട്ടെന്നു കടന്നുപോയി. അവസാനത്തെ എഴുത്തു പരീക്ഷയുടെയും വാചിക റിപ്പോർട്ടിന്റെയും സമയം ആയപ്പോഴാണ് തങ്ങളുടെ ക്ലാസ്സ് ഇത്ര വേഗം തീർന്നല്ലോ എന്നു വിദ്യാർഥികൾ തിരിച്ചറിഞ്ഞത്. ഒടുവിൽ ബിരുദദാന ദിവസം വന്നെത്തി.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായ ആൽബർട്ട് ഷ്രോഡർ ആയിരുന്നു പരിപാടിയുടെ അധ്യക്ഷൻ. മുമ്പു ഗിലെയാദ് ബിരുദം നേടിയ 7,000-ത്തിലധികം പേരേപ്പോലെ അവർ “ബൈബിൾ വിദ്യാഭ്യാസ രംഗത്തെ വർധിച്ച പ്രവർത്തനത്തിന്റെ കവാടത്തിങ്കൽ” ആണ് നിലകൊള്ളുന്നത് എന്ന് അദ്ദേഹം അവരെ അനുസ്മരിപ്പിച്ചു. ദീർഘകാലം മിഷനറിമാരായി പ്രവർത്തിച്ചിരുന്നവർ സാർവദേശീയ കൺവെൻഷനുകളോടു ബന്ധപ്പെട്ട് ലോക ആസ്ഥാനം സന്ദർശിച്ചപ്പോൾ അവരുമായി സഹവസിക്കുന്നതിനുള്ള അപൂർവ അവസരവും വിദ്യാർഥികൾക്ക് ആ ഗ്രീഷ്മകാലത്തു ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് ഷ്രോഡർ സഹോദരൻ ബെഥേൽ പ്രവർത്തന കമ്മിറ്റിയിലെ മാക്സ് ലാർസനെ പരിചയപ്പെടുത്തി. അദ്ദേഹം “നിത്യജീവനിലേക്കു നയിക്കുന്ന വിദ്യാഭ്യാസം” എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. ‘ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുന്നു, ബുദ്ധിമാൻ സദുപദേശം [“വിദഗ്ധ മാർഗനിർദേശം,” NW] സമ്പാദിക്കുന്നു’ എന്നു പ്രസ്താവിക്കുന്ന സദൃശവാക്യങ്ങൾ 1:5 ലാർസൻ സഹോദരൻ ഉദ്ധരിച്ചു. ഫലപ്രദനായ മിഷനറി ആയിരിക്കുന്നതിനു വൈദഗ്ധ്യം ആവശ്യമാണ്. വൈദഗ്ധ്യമുള്ളവർ രാജാക്കന്മാരുടെ മുമ്പാകെ നിൽക്കുന്നു. (സദൃശവാക്യങ്ങൾ 22:29) അഞ്ചു മാസത്തെ പരിശീലനത്തിനു ശേഷം, ഏറ്റവും വലിയ രാജാക്കന്മാരായ യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും പ്രതിനിധാനം ചെയ്യാൻ വിദ്യാർഥികൾ സജ്ജരായിക്കഴിഞ്ഞിരുന്നു.
അടുത്തതായി, സേവന വിഭാഗത്തിലെ ഡേവിഡ് ഓൾസൺ “യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുക” എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിച്ചു. അദ്ദേഹം ഇങ്ങനെ ചോദിച്ചു: “ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ അപൂർണ മനുഷ്യർക്ക് എന്തു ചെയ്യാൻ കഴിയും?” ഉത്തരമോ? അവർക്കു വിശ്വസ്തതയോടും അർപ്പണ മനോഭാവത്തോടും സന്തോഷത്തോടും കൂടെ സേവിക്കാൻ കഴിയും. ആളുകൾ തന്നെ സേവിക്കുന്നത് ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. സന്തോഷത്തോടെ ദൈവഹിതം ചെയ്യുമ്പോൾ നാം അവന്റെ ഹൃദയത്തെ പ്രമോദിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) 104-ാമത്തെ ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഒരു മിഷനറി ദമ്പതികളിൽനിന്നുള്ള കത്ത് ഓൾസൺ സഹോദരൻ വായിച്ചു കേൾപ്പിച്ചു. അവർ തങ്ങളുടെ പുതിയ നിയമനം ആസ്വദിക്കുന്നുണ്ടോ? തങ്ങളുടെ സഭയെക്കുറിച്ച് അവർ ഇങ്ങനെ എഴുതി: “ഇവിടെ ഏകദേശം 140 പ്രസാധകർ ഉണ്ട്. ശരാശരി യോഗഹാജർ 250-നും 300-നും ഇടയ്ക്കാണ്. ഏറ്റവും മികച്ചതു വയൽസേവനമാണ്. ഞങ്ങൾ ഇരുവർക്കും നാല് അധ്യയനങ്ങൾ വീതമുണ്ട്. ചിലർ യോഗങ്ങൾക്കു വരുന്നുണ്ട്.”
ഭരണസംഘത്തിലെ ലൈമൻ സ്വിംഗൾ “നിങ്ങളുടെ അനുഗ്രഹങ്ങൾ വിലയിരുത്താനുള്ള ഒരു സമയം” എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. ഗിലെയാദ് പരിശീലനം വിദ്യാർഥികൾക്ക് അനവധി അനുഗ്രഹങ്ങൾ കൈവരുത്തിയിരുന്നു. തങ്ങളുടെ അറിവും യഹോവയുടെ സംഘടനയോടുള്ള വിലമതിപ്പും വർധിപ്പിക്കാനും താഴ്മ പോലുള്ള സുപ്രധാന ഗുണങ്ങൾ വളർത്തിയെടുക്കാനും അതു വിദ്യാർഥികളെ സഹായിച്ചു. “പ്രബോധനം ശ്രദ്ധിക്കാനായി ഇവിടെ വരുന്നതുതന്നെ താഴ്മ ഉളവാക്കുന്ന ഒരു അനുഭവമാണ്” എന്ന് സ്വിംഗൾ സഹോദരൻ പറഞ്ഞു. “യഹോവയെ മഹത്ത്വപ്പെടുത്താൻ കുറെക്കൂടി സജ്ജരായിട്ടായിരിക്കും നിങ്ങൾ ഇവിടെനിന്നു പോകുന്നത്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
“വലിയ സന്തോഷം ഉള്ളതിനാൽ എന്തിന് ആകുലപ്പെടണം?” എന്നതായിരുന്നു ഭരണസംഘത്തിലെ മറ്റൊരു അംഗമായ ഡാനിയേൽ സിഡ്ലിക്ക് നടത്തിയ പ്രസംഗത്തിന്റെ ശീർഷകം. പ്രശ്നങ്ങൾ പൊന്തിവരുമ്പോൾ തിരുവെഴുത്തുകളിൽനിന്നു മാർഗനിർദേശം തേടാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. അത് എങ്ങനെ ചെയ്യാമെന്നു മത്തായി 6-ാം അധ്യായത്തിലെ ചില വാക്യങ്ങൾ ഉപയോഗിച്ച് സിഡ്ലിക്ക് സഹോദരൻ ദൃഷ്ടാന്തീകരിച്ചു. വിശ്വാസക്കുറവ് ഉണ്ടെങ്കിൽ ഭക്ഷണം, വസ്ത്രം എന്നിവ പോലുള്ള ഭൗതിക സംഗതികൾ സംബന്ധിച്ച് ഉത്കണ്ഠ തോന്നിയേക്കാം. എന്നാൽ, നമുക്ക് എന്താണ് ആവശ്യമുള്ളത് എന്ന് യഹോവയ്ക്ക് അറിയാം. (മത്തായി 6:25, 30) ഉത്കണ്ഠപ്പെടുന്നത് ഓരോ ദിവസത്തെയും പ്രശ്നങ്ങൾ വർധിപ്പിക്കുകയേ ഉള്ളൂ. (മത്തായി 6:34) നേരേമറിച്ച്, കുറെയൊക്കെ ആസൂത്രണം നമുക്ക് ആവശ്യമാണ്. (ലൂക്കൊസ് 14:28 താരതമ്യം ചെയ്യുക.) “ഭാവിയെക്കുറിച്ചു ജ്ഞാനപൂർവം ചിന്തിക്കരുത് എന്നല്ല യേശു പറയുന്നത്, മറിച്ച് അതേക്കുറിച്ചു ജ്ഞാനരഹിതമായി ഉത്കണ്ഠപ്പെടരുത് എന്നാണ്,” സിഡ്ലിക്ക് സഹോദരൻ വിശദീകരിച്ചു. “ഉത്കണ്ഠ ഒഴിവാക്കാനുള്ള ഒന്നാന്തരം മരുന്നുകളിൽ ഒന്നാണ് പ്രവർത്തനം. ഉത്കണ്ഠ തോന്നുമ്പോൾ, സത്യത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നതു നല്ലതാണ്.”
അധ്യാപകർ നൽകിയ വിടവാങ്ങൽ ഉപദേശം
അതേത്തുടർന്ന് ഗിലെയാദ് അധ്യാപക സമിതിയിലെ മൂന്ന് അംഗങ്ങൾ പ്രസംഗിച്ചു. ആദ്യം പ്രസംഗിച്ചത് കാൾ ആഡംസ് ആയിരുന്നു. വിഷയം, “നിങ്ങൾ യഹോവയ്ക്ക് എന്തു തിരികെ കൊടുക്കും?” ആ പ്രസംഗം 116-ാം സങ്കീർത്തനത്തെ അധികരിച്ചുള്ളതായിരുന്നു—ആ സങ്കീർത്തനം ആയിരുന്നിരിക്കാം തന്റെ മരണത്തിന്റെ തലേ രാത്രി യേശു ആലപിച്ചത്. (മത്തായി 26:30, NW അടിക്കുറിപ്പ്) “യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” എന്നു പാടിയപ്പോൾ യേശുവിന്റെ മനസ്സിലൂടെ കടന്നുപോയത് എന്താണ്? (സങ്കീർത്തനം 116:12) തനിക്കായി യഹോവ ഒരുക്കിയ പൂർണതയുള്ള ശരീരത്തെക്കുറിച്ച് അവൻ ഒരുപക്ഷേ ധ്യാനിക്കുകയായിരുന്നിരിക്കാം. (എബ്രായർ 10:5) പിറ്റേന്ന്, തന്റെ സ്നേഹത്തിന്റെ ആഴം തെളിയിച്ചുകൊണ്ട് യേശു തന്റെ ശരീരം യാഗമായി അർപ്പിക്കുമായിരുന്നു. 105-ാം ക്ലാസ്സിലെ വിദ്യാർഥികൾ കഴിഞ്ഞ അഞ്ചു മാസമായി യഹോവയുടെ നന്മ ആസ്വദിച്ചിരുന്നു. ഇനി, മിഷനറിമാരായുള്ള തങ്ങളുടെ നിയമനങ്ങൾ നന്നായി നിവർത്തിച്ചുകൊണ്ട് ദൈവത്തോടുള്ള തങ്ങളുടെ സ്നേഹം അവർ പ്രകടമാക്കേണ്ടിയിരുന്നു.
രണ്ടാമതു പ്രസംഗിച്ചത് ഗിലെയാദ് അധ്യാപകനായ മാർക്ക് നൂമാർ ആയിരുന്നു. “ശരിയായതു ചെയ്യുന്നതിൽ തുടരുവിൻ” എന്ന ബുദ്ധ്യുപദേശമാണ് അദ്ദേഹം വിദ്യാർഥികൾക്കു നൽകിയത്. ഈജിപ്തിലേക്ക് ഒരു അടിമയായി വിൽക്കപ്പെട്ടശേഷം യോസേഫിന് 13 വർഷം നീതിരഹിതമായ പെരുമാറ്റം സഹിക്കേണ്ടിവന്നു. മറ്റുള്ളവരുടെ തെറ്റുകൾ തന്നെ നിഷ്ക്രിയനാക്കാൻ അവൻ അനുവദിച്ചോ? ഇല്ല, അവൻ ശരിയായതു ചെയ്യുന്നതിൽ തുടർന്നു. പിന്നീട്, ദൈവത്തിന്റെ നിയമിത സമയം വന്നപ്പോൾ യോസേഫ് തന്റെ പീഡാനുഭവങ്ങളിൽനിന്നു വിടുവിക്കപ്പെട്ടു. താമസിയാതെ, തടവിൽ കഴിഞ്ഞിരുന്ന അവന്റെ ജീവിതം രാജകൊട്ടാരത്തിലായി. (ഉല്പത്തി 37-50 അധ്യായങ്ങൾ) അധ്യാപകൻ തന്റെ വിദ്യാർഥികളോടു ചോദിച്ചു: “മിഷനറി നിയമനത്തിലെ നിങ്ങളുടെ പ്രതീക്ഷകൾ സഫലമായില്ലെങ്കിൽ, നിങ്ങൾ വേല നിർത്തുമോ? നിങ്ങൾ നൈരാശ്യത്തിനു വഴിപ്പെടുമോ? അതോ, യോസേഫിനെപ്പോലെ സഹിച്ചുനിൽക്കുമോ?”
ഒടുവിൽ, ഗിലെയാദ് സ്കൂൾ രജിസ്ട്രാറായ വാലസ് ലിവറൻസ് വിദ്യാർഥികളുമായുള്ള ഒരു സജീവ ചർച്ചയ്ക്ക് ആധ്യക്ഷം വഹിച്ചു. പ്രസ്തുത ചർച്ചയുടെ വിഷയം “രാജാവിനെയും രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ” എന്നതായിരുന്നു. വീടുകളിലും കടകളിലും തെരുവുകളിലും പ്രസംഗിച്ചതിന്റെ അനുഭവങ്ങൾ വിദ്യാർഥികളിൽ ചിലർ വിവരിച്ചു. തങ്ങളുടേതല്ലാത്ത ഭാഷകൾ സംസാരിക്കുന്നവരോടു സാക്ഷീകരണം നടത്തിയ വിധത്തെ കുറിച്ചായിരുന്നു വേറെ ചിലർക്കു പറയാനുണ്ടായിരുന്നത്. വ്യത്യസ്ത മതപശ്ചാത്തലങ്ങളിൽ പെട്ടവരോട് എങ്ങനെ പ്രസംഗിക്കാമെന്നു മറ്റു ചിലർ കാണിച്ചു. മിഷനറി വയലിലെ ശുശ്രൂഷയിൽ പൂർണമായ ഒരു പങ്ക് ഉണ്ടായിരിക്കുന്നതിൽ ബിരുദധാരികൾ എല്ലാവരും വലിയ താത്പര്യം പ്രകടമാക്കി.
സന്തുഷ്ടരായ ദീർഘകാല മിഷനറിമാർ
അതിനുശേഷം, റോബർട്ട് വോളൻ “മിഷനറി സേവനത്തിന്റെ സന്തുഷ്ട ഫലങ്ങൾ” എന്ന ശീർഷകത്തിലുള്ള ഭാഗം അവതരിപ്പിച്ചു. അനുഭവസമ്പത്തുള്ള മിഷനറിമാരുമൊത്ത് അടുത്ത കാലത്ത് വളരെ നല്ല സഹവാസം ആസ്വദിക്കാൻ കഴിഞ്ഞ ഹെഡ്ക്വാർട്ടേഴ്സ് സ്റ്റാഫിലെ നാലു സഹോദരന്മാരുമായി നടത്തിയ അഭിമുഖങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. പുതിയൊരു ഭാഷ പഠിക്കുന്നതും മറ്റൊരു സംസ്കാരത്തോട് പൊരുത്തപ്പെടുന്നതും വ്യത്യസ്തമായ കാലാവസ്ഥയുമായി ഇണങ്ങിപ്പോകുന്നതുമൊക്കെ അത്ര എളുപ്പമല്ലെന്ന് ആ മിഷനറിമാർ സമ്മതിക്കുകയുണ്ടായി. കൂടാതെ, അവർക്കു ഗൃഹാതുരത്വത്തെ തരണം ചെയ്യേണ്ടതായും വന്നു. ചിലപ്പോഴൊക്കെ അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. ഇതെല്ലാം ഉണ്ടായിട്ടും ആ മിഷനറിമാർ ക്രിയാത്മക മനോഭാവം നിലനിർത്തി, അവരുടെ സ്ഥിരോത്സാഹം അനുഗ്രഹിക്കപ്പെടുകയും ചെയ്തു. ചിലർ അനവധി പേർക്ക് യഹോവയെ കുറിച്ചുള്ള പരിജ്ഞാനം പകർന്നുകൊടുത്തിരിക്കുന്നു. മറ്റു ചിലർ തങ്ങൾ പ്രവർത്തിക്കുന്ന ദേശത്തെ രാജ്യവേലയുടെ ആകമാന വികസനത്തിനു നാനാ വിധങ്ങളിൽ സംഭാവന ചെയ്തിരിക്കുന്നു.
ഏറ്റവും അവസാനം പ്രസംഗിച്ചത് ഭരണസംഘത്തിലെ ഒരു അംഗമായ ക്യാരി ബാർബർ ആയിരുന്നു. “ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷൻ പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ പുനരവലോകനം ചെയ്ത അദ്ദേഹം സദസ്യരോട് ഇങ്ങനെ ചോദിച്ചു: “യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെ കൺവെൻഷൻ പരിപാടി എങ്ങനെ സ്വാധീനിച്ചു?” തുടർന്ന്, ദൈവമാർഗത്തിൽ നടക്കുന്നതിന്റെ അനുഗ്രഹ ഫലങ്ങളും ലോകമാർഗം പിൻപറ്റുന്നവർക്ക് ഉണ്ടാകുന്ന വിപത്കരമായ പരിണതിയും അദ്ദേഹം വിപരീത താരതമ്യം ചെയ്തു. മെരീബായിൽവെച്ച് മോശ ചെയ്ത ലംഘനത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം മുന്നറിയിപ്പു നൽകി: “വർഷങ്ങളോളം വിശ്വസ്തമായി സേവിച്ചാൽ പോലും തന്റെ നീതിനിഷ്ഠമായ നിയമങ്ങളെ ഒരുവൻ ചെറുതായി ലംഘിക്കുന്നത് യഹോവ നിസ്സാരമായി വീക്ഷിക്കുന്നില്ല.” (സംഖ്യാപുസ്തകം 20:2-13) എല്ലാ ദൈവദാസന്മാരും തങ്ങളുടെ അമൂല്യമായ സേവനപദവിയിൽ സുദൃഢമായ ഒരു പിടി നിലനിർത്തുമാറാകട്ടെ!
വിദ്യാർഥികൾക്ക് ഡിപ്ലോമ സ്വീകരിക്കുന്നതിനുള്ള സമയം ആഗതമായി. അപ്പോൾ, തങ്ങൾക്കു ലഭിച്ച പരിശീലനത്തോടുള്ള വിലമതിപ്പിന്റെ ഒരു കത്ത് ക്ലാസ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു വിദ്യാർഥി വായിച്ചു. സമാപന ഗീതത്തോടും ഹൃദയംഗമമായ പ്രാർഥനയോടും കൂടെ ബിരുദദാന പരിപാടി അവസാനിച്ചു. എന്നാൽ, 105-ാം ക്ലാസ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു തുടക്കം മാത്രമായിരുന്നു. കാരണം, ആ പുതിയ മിഷനറിമാർ “വർധിച്ച പ്രവർത്തനത്തിന്റെ കവാടത്തിങ്കൽ” നിൽക്കുകയായിരുന്നു.
[23-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധീകരിച്ച രാജ്യങ്ങൾ: 9
നിയമിക്കപ്പെട്ട രാജ്യങ്ങൾ: 17
വിദ്യാർഥികൾ: 48
ദമ്പതിമാർ: 24
ശരാശരി പ്രായം: 33
സത്യത്തിലെ ശരാശരി വർഷം: 16
മുഴുസമയ ശുശ്രൂഷയിലെ ശരാശരി വർഷം: 12
[24-ാം പേജിലെ ചതുരം]
അവർ മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുത്തു
“ചെറുപ്പമായിരുന്നപ്പോൾ, പയനിയറിങ് ചെയ്യാൻ എനിക്ക് യാതൊരു ഉദ്ദേശ്യവും ഇല്ലായിരുന്നു,” 105-ാം ക്ലാസ്സിലെ ബിരുദധാരിയായ ബെൻ പറയുന്നു. അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “പ്രത്യേക കഴിവുകളും പറ്റിയ സാഹചര്യങ്ങളും ഉള്ളവർക്കു മാത്രമുള്ളതാണ് പയനിയറിങ് എന്നു ഞാൻ കരുതി. എന്നാൽ വയൽസേവനത്തോടുള്ള പ്രിയം വളർത്തിയെടുക്കാൻ ഞാൻ പഠിച്ചു. പയനിയറിങ് ചെയ്യുക എന്നതിന്റെ അർഥം ശുശ്രൂഷയിൽ കൂടുതലായ പങ്ക് ഉണ്ടായിരിക്കുക എന്നതാണെന്നു ഞാൻ ഒരിക്കൽ മനസ്സിലാക്കി. എനിക്കു പയനിയറിങ് ചെയ്യാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്.”
“ഞങ്ങളുടെ വീട്ടിലുള്ളവർ മുഴുസമയ ദാസന്മാരെ അത്യധികം ആദരിച്ചിരുന്നു,” ലൂസിയ വിവരിക്കുന്നു. മിഷനറിമാർ ഓരോ പ്രാവശ്യവും തന്റെ സഭ സന്ദർശിച്ചപ്പോൾ ഉണ്ടായ ഉത്സാഹത്തിമർപ്പിനെ കുറിച്ച് അവൾ ഓർക്കുന്നു. “എന്റെ വളർച്ചയുടെ നാളുകളിൽ ഞാൻ മുഴുസമയ ശുശ്രൂഷയെ എന്റെ ലക്ഷ്യമാക്കിയിരുന്നു” എന്ന് അവൾ പറയുന്നു.
15 വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട തിയൊഡിസ് പറയുന്നു: “അന്നു സഭ എനിക്ക് ആശ്വാസമേകി. അതുകൊണ്ട്, ‘എന്റെ വിലമതിപ്പ് എങ്ങനെ പ്രകടമാക്കാൻ കഴിയും?’ എന്നു ഞാൻ സ്വയം ചോദിച്ചു.” മുഴുസമയ സേവനത്തിലും തുടർന്ന് ഇപ്പോൾ മിഷനറി വേലയിലും പ്രവേശിക്കുന്നതിലേക്ക് അതു വഴിയൊരുക്കി.
[25-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടുന്ന 105-ാം ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക് എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തേക്ക് പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) സാംപ്സൺ, എം.; ബ്രൗൺ, ഐ.; ഹെഗ്ലി, ജി.; അബൂയെൻ, ഇ.; ദേബ്വ, എം.; പൂർഥിയെ, പി. (2) കാസാം, ജി.; ലിൻബർഗ്, ആർ.; ദാപ്പൂസോ, എ.; ടെയ്ലർ, സി.; ലഫെവ്ര, കെ.; വോക്കർ, എസ്. (3) ബേക്കർ, എൽ.; പെല്ലസ്, എം.; വോഗൺ, ഇ.; ബ്യോണ, സി.; ആസ്പ്ലന്റ്, ജെ.; ഹൈല, ജെ. (4) പൂർഥിയെ, റ്റി.; വിറ്റിക്കർ, ജെ.; പാൽമെർ, എൽ.; നോർട്ടൺ, എസ്.; ഗേറിങ്, എം.; ഹൈല, ഡബ്ലിയു. (5) വോക്കർ, ജെ.; ബ്യോണ, എ.; ഗ്രൂൺവെൽഡ്, സി.; വാഷിംഗ്ടൺ, എം.; വിറ്റിക്കർ, ഡി.; അബൂയെൻ, ജെ. (6) ഗേറിങ്, ഡബ്ലിയു.; വാഷിംഗ്ടൺ, കെ.; പെല്ലസ്, എം.; ദേബ്വ, ആർ.; ഹെഗ്ലി, റ്റി.; ആസ്പ്ലന്റ്, ഒ. (7) വോഗൺ, ബി.; ലഫെവ്ര, ആർ.; ടെയ്ലർ, എൽ.; ബ്രൗൺ, റ്റി.; ഗ്രൂൺവെൽഡ്, ആർ.; പാൽമെർ, ആർ. (8) നോർട്ടൺ, പി.; സാംപ്സൺ, റ്റി.; ബേക്കർ, സി.; ലിൻബർഗ്, എം.; കാസാം, എം.; ദാപ്പൂസോ, എം.