ക്രിസ്തുമസ്സിൽ ക്രിസ്തു വിസ്മരിക്കപ്പെട്ടിരിക്കുന്നുവോ?
“എനിക്ക് ഒരിക്കലും ക്രിസ്തുമസ്സ് കാലത്തെ ഉത്സവത്തിമിർപ്പിനെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് യേശുവിന്റെ ജീവിതത്തോടും പഠിപ്പിക്കലിനോടും യാതൊരു ബന്ധവുമില്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.”—മോഹൻദാസ് കെ. ഗാന്ധി.
അനേകരും ഗാന്ധിജിയോടു വിയോജിക്കുമെന്ന് ഉറപ്പാണ്. ‘ഹിന്ദുവായ ഒരു രാഷ്ട്രതന്ത്രജ്ഞന് ഒരു ക്രിസ്തീയ വിശേഷദിവസത്തെ കുറിച്ച് യഥാർഥത്തിൽ എന്ത് അറിയാം?’ എന്ന് അവർ ചോദിച്ചേക്കാം. ക്രിസ്തുമസ്സ് ലോകമെമ്പാടും ആഘോഷിക്കപ്പെടുകയും എല്ലാ സംസ്കാരങ്ങളെയും സ്വാധീനിക്കുകയും ചെയ്തിരിക്കുന്നു എന്നത് സത്യംതന്നെ. ലോകവ്യാപകമായി ഈ ആഘോഷം ഓരോ ഡിസംബറിലും നടത്തുന്നതായി കാണുന്നു.
ഉദാഹരണത്തിന്, ഏകദേശം 14 കോടി 5 ലക്ഷം ഏഷ്യക്കാർ—കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് കൂടുതലായി 4 കോടി ആളുകൾ—ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. “ഉത്സവത്തിമിർപ്പ്” എന്നതിനാൽ ഗാന്ധിജി ഉദ്ദേശിച്ചത് ആധുനിക നാളിലെ ക്രിസ്തുമസ്സിന്റെ ലൗകിക വശം, അതായത് നാം കാണാറുള്ളതുപോലെ, സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ആളുകൾ കാണിക്കുന്ന കമ്പം, ആണെങ്കിൽ ആഘോഷത്തിന്റെ ഏറ്റവും മുന്തിയ വശം അതാണെന്നു പറയാതെ വയ്യാ. ഏഷ്യാവീക്ക് മാഗസിൻ പറയുന്നു: “ഹോങ്കോംഗിലെ ഉത്സവ ലൈറ്റുകളും ബീജിങ്ങിലെ ഹോട്ടലുകളിലുള്ള കൂറ്റൻ ക്രിസ്തുമസ്സ് ട്രീകളും സിംഗപ്പൂർ പട്ടണങ്ങളിലെ പുൽക്കൂടുകളും ഉൾപ്പെട്ട ഏഷ്യയിലെ ക്രിസ്തുമസ്സ് മിക്കവാറും ഒരു ലൗകിക (ചെറുകിട വിൽപ്പനയുമായി ബന്ധപ്പെട്ട) സംഗതി ആണ്.”
ആധുനിക നാളിലെ ക്രിസ്തുമസ്സ് ആഘോഷങ്ങളിൽ ക്രിസ്തു വിസ്മരിക്കപ്പെട്ടിരിക്കുന്നുവോ? ഡിസംബർ 25 യേശുവിന്റെ ജന്മദിനമാണെന്നും അത് മതപരമായി ആഘോഷിക്കണമെന്നും റോമൻ കത്തോലിക്കാ സഭ പൊ.യു. 4-ാം നൂറ്റാണ്ടിൽ നിശ്ചയിച്ചു. അന്നു മുതൽ അത് ഔദ്യോഗികമായി ആഘോഷിച്ചുവരികയാണ്. എന്നാൽ ഐക്യനാടുകളിൽ ഈയിടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ, 33 ശതമാനം ആളുകളേ ക്രിസ്തുമസ്സിന്റെ ഏറ്റവും പ്രധാന വശമായി ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചു കരുതുന്നുള്ളൂ.
നിങ്ങൾ എന്തു വിചാരിക്കുന്നു? പരസ്യങ്ങളുടെ കുത്തൊഴുക്ക്, സമ്മാനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്ക്, വൃക്ഷങ്ങൾ അലങ്കരിക്കൽ, പാർട്ടി നടത്തൽ, അവയിൽ സംബന്ധിക്കൽ, ആശംസാ കാർഡുകൾ അയയ്ക്കൽ ഇങ്ങനെ എല്ലാംകൂടി ആകുമ്പോൾ യേശു വിസ്മരിക്കപ്പെടുന്നു എന്നു നിങ്ങൾക്ക് ചിലപ്പോൾ തോന്നാറുണ്ടോ?
യേശു ജനിച്ച പശ്ചാത്തലം പ്രകടമാക്കുന്ന പുൽക്കൂട് ഉണ്ടാക്കി പ്രദർശിപ്പിക്കുന്നതാണ് ക്രിസ്തുമസ്സിലേക്ക് ക്രിസ്തുവിനെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു മാർഗം എന്ന് അനേകർ വിചാരിക്കുന്നതായി തോന്നുന്നു. പുൽത്തൊട്ടിയിൽ കിടക്കുന്ന ഉണ്ണിയേശു തൊട്ടടുത്തു നിൽക്കുന്ന മറിയം, യോസേഫ്, ഏതാനും ആട്ടിടയന്മാർ, “മൂന്നു ജ്ഞാനികൾ,” അല്ലെങ്കിൽ “മൂന്നു രാജാക്കന്മാർ,” ഏതാനും സന്ദർശകർ എന്നിവരുടെയും കുറെ വളർത്തു മൃഗങ്ങളുടെയും പ്രതിമകൾ നിങ്ങൾ കണ്ടിരിക്കാം. ഈ പുൽക്കൂടുകൾ ക്രിസ്തുമസ്സിന്റെ യഥാർഥ അർഥത്തെ കുറിച്ച് ആളുകളെ അനുസ്മരിപ്പിക്കാൻ ഉപകരിക്കുന്നു എന്നാണ് പൊതുവായ ധാരണ. യു.എസ്. കാത്തലിക് പറയുന്നപ്രകാരം, “പുൽക്കൂട് ഏതെങ്കിലും ഒരു സുവിശേഷത്തിൽ ഉള്ളതിനെക്കാൾ മികച്ചതും വികസിതവുമായ ചിത്രം നൽകുന്നു, വിശദാംശങ്ങൾക്ക് ചരിത്ര സ്വഭാവമില്ലെന്ന് സൂചിപ്പിക്കുന്നെങ്കിലും.”
എന്നിരുന്നാലും, ബൈബിളിലെ സുവിശേഷ വിവരണങ്ങൾക്ക് ചരിത്ര സ്വഭാവമില്ല എന്ന് പുൽക്കൂട് ചിത്രീകരണം എങ്ങനെയാണു സൂചിപ്പിക്കുന്നത്? വിദഗ്ധമായി ചായമടിച്ചിട്ടുള്ള കൊച്ചുശിൽപ്പങ്ങൾ ക്രിസ്തുവിന്റെ ജനനത്തിന് ഒരു ഐതിഹ്യത്തിന്റെയോ കെട്ടുകഥയുടെയോ പരിവേഷം കൊടുക്കുന്നുണ്ടെന്നു സമ്മതിക്കണം. 13-ാം നൂറ്റാണ്ടിൽ ഒരു സന്ന്യാസി അവതരിപ്പിച്ച ഈ പുൽക്കൂടു രംഗം ആദ്യമൊക്കെ ആർഭാടരഹിതമായിരുന്നു. ഇന്ന്, ഈ വിശേഷദിവസവുമായി ബന്ധപ്പെട്ട മറ്റനേകം സംഗതികളെപ്പോലെ, പുൽക്കൂടു സാമഗ്രികളുടെ നിർമാണം വലിയ ബിസിനസ്സ് ആയിരിക്കുന്നു. ഇറ്റലിയിലെ നേപ്പിൾസിൽ, വർഷത്തിലുടനീളം പുൽക്കൂട് അഥവാ പ്രസ്സെപി സാമഗ്രികൾ വിൽക്കുന്ന കടകളുടെ നിരകൾ കാണാം. കൂടുതൽ പ്രശസ്തമായ ശിൽപ്പങ്ങളിൽ ചിലത് സുവിശേഷ വിവരണങ്ങളിലെ കഥാപാത്രങ്ങളുടേത് അല്ല, മറിച്ച് ഡയാനാ രാജകുമാരി, മദർ തെരേസ, വസ്ത്ര ഡിസൈനർ ജാനീ വെർസാച്ചേ എന്നിവരെ പോലുള്ള ആധുനികകാല പ്രശസ്തരുടേത് ആണ്. ചിലയിടങ്ങളിലെ പ്രസ്സെപി സാമഗ്രികൾ ചോക്കലേറ്റ്, പാസ്റ്റ, കടൽകക്ക എന്നിവയാൽ നിർമിക്കുന്നവയാണ്. അത്തരം പ്രദർശനങ്ങളിൽ ചരിത്ര സ്വഭാവം കാണുക ദുഷ്കരമായിരിക്കുന്നത് എന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.
അപ്പോൾ, അത്തരം പുൽക്കൂട് രംഗങ്ങൾക്ക് “ഏതെങ്കിലും ഒരു സുവിശേഷത്തിൽ ഉള്ളതിനെക്കാൾ മികച്ചതും വികസിതവുമായ ചിത്രം നൽകാൻ കഴിയു”ന്നത് എങ്ങനെ? സുവിശേഷ വിവരണങ്ങൾ യഥാർഥത്തിൽ ചരിത്ര വസ്തുതകൾ അല്ലേ? യേശു ഒരു യഥാർഥ, ചരിത്ര പുരുഷനായിരുന്നു എന്ന് കടുത്ത സന്ദേഹവാദികൾപോലും സമ്മതിച്ചേപറ്റൂ. അതുകൊണ്ട് ഏതെങ്കിലും ഒരു സമയത്ത് അവൻ ഒരു യഥാർഥ ശിശുവായി, ഒരു യഥാർഥ സ്ഥലത്തു ജനിച്ചിരിക്കണം. കേവലം പുൽക്കൂട് സാമഗ്രികളിൽ സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടല്ലാതെ, അവന്റെ ജനനം സംബന്ധിച്ചുള്ള സംഭവങ്ങളുടെ ഒരു വികസിത ചിത്രം ലഭിക്കാൻ മികച്ച ഒരു വിധം ഉണ്ടായിരിക്കണം!
വാസ്തവത്തിൽ അങ്ങനെയൊരു വിധം ഉണ്ട്. രണ്ടു ചരിത്രകാരന്മാർ യേശുവിന്റെ ജനനത്തെ കുറിച്ചു തനതു വിവരങ്ങൾ എഴുതിയിട്ടുണ്ട്. ക്രിസ്തുമസ്സ് കാലത്ത് ക്രിസ്തു മിക്കവാറും അവഗണിക്കപ്പെടുന്നു എന്നു നിങ്ങൾക്കു ചിലപ്പോഴൊക്കെ തോന്നുന്നെങ്കിൽ, ഈ വിവരണങ്ങൾ എന്തുകൊണ്ടു സ്വയം പരിശോധിച്ചുകൂടാ? അതിൽ, നിങ്ങൾ ഐതിഹ്യമോ കെട്ടുകഥയോ അല്ല, മറിച്ച് സുന്ദരമായ ഒരു വിവരണം—ക്രിസ്തുവിന്റെ ജനനത്തെ കുറിച്ചുള്ള ഒരു യഥാർഥ വിവരണം—കാണും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
3-6, 8, 9 പേജുകളിലെ ബോർഡർ: Fifty Years of Soviet Art