ദൈവമാർഗത്തിലുള്ള ജീവിതം പിന്തുടരാൻ ദൃഢചിത്തർ
“ദൈവമാർഗത്തിലുള്ള ജീവിതം” കൺവെൻഷനുകൾ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദം ആയിരുന്നു! ഒരു പ്രതിനിധിയുടെ വാക്കുകളിൽ പറഞ്ഞാൽ, കൺവെൻഷൻ “പ്രബോധനം, പ്രോത്സാഹനം, പ്രബുദ്ധത എന്നിവയ്ക്കുള്ള മഹത്തായ സമയം” ആയിരുന്നു.
“ആസ്വദിക്കാനും ധ്യാനിക്കാനും സംഗ്രഹിക്കാനും ഏറെ സംഗതികൾ ഉണ്ടായിരുന്നു” എന്നാണു മറ്റൊരാൾ പറഞ്ഞത്. നമുക്കിപ്പോൾ ആ പരിപാടിയെ കുറിച്ച് ഒരു അവലോകനം നടത്താം.
യേശുക്രിസ്തു—വഴിയും സത്യവും ജീവനും
ഇതായിരുന്നു കൺവെൻഷന്റെ ആദ്യ ദിവസത്തെ ആധാര വിഷയം. (യോഹന്നാൻ 14:6) ആദ്യത്തെ പ്രസംഗം കൺവെൻഷനിൽ നാം ഒരുമിച്ചു കൂടിവന്നിരിക്കുന്നതിന്റെ ഉദ്ദേശ്യം വിവരിച്ചു: ദൈവമാർഗത്തിലുള്ള ജീവിതത്തെ, ഉത്തമ ജീവിതമാർഗത്തെ കുറിച്ചു കൂടുതലായി പഠിപ്പിക്കപ്പെടുക. തന്റെ മാർഗത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു യഹോവ തന്റെ ജനത്തെ പഠിപ്പിക്കുന്നു. ഇത് അവൻ ബൈബിളിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെയും പരിശുദ്ധാത്മാവിലൂടെയും ചെയ്യുന്നു. (മത്തായി 24:45-47; ലൂക്കൊസ് 4:1; 2 തിമൊഥെയൊസ് 3:16) അഖിലാണ്ഡത്തിന്റെ പരമാധികാരിയാൽ പഠിപ്പിക്കപ്പെടുന്നത് എന്തൊരു പദവിയാണ്!
ആ ദിവസത്തെ ആധാര വിഷയത്തോടുള്ള ചേർച്ചയിൽ, മുഖ്യവിഷയ പ്രസംഗം അവതരിപ്പിക്കപ്പെട്ടു. “ക്രിസ്തുവിന്റെ മറുവില—രക്ഷയ്ക്കുള്ള ദൈവമാർഗം” എന്നായിരുന്നു അതിന്റെ ശീർഷകം. ദൈവമാർഗത്തിലുള്ള ജീവിതത്തോട് അനുരൂപപ്പെടുന്നതിൽ, യഹോവയുടെ ഉദ്ദേശ്യത്തിൽ യേശുക്രിസ്തുവിന്റെ സ്ഥാനം അംഗീകരിക്കുന്നതു ജീവത്പ്രധാനമാണ്. പ്രസംഗകൻ പറഞ്ഞു: “ഒരു മനുഷ്യന്റെ വിശ്വാസമോ പ്രവൃത്തികളോ എന്തുതന്നെ ആയാലും, യേശുക്രിസ്തുവിന്റെ മറുവിലയാഗം കൂടാതെ ആർക്കും ദൈവത്തിൽനിന്നു നിത്യജീവൻ നേടിയെടുക്കാൻ കഴിയുകയില്ല.” എന്നിട്ട് അദ്ദേഹം യോഹന്നാൻ 3:16 ഉദ്ധരിച്ചു. അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” ക്രിസ്തുവിന്റെ മറുവില യാഗത്തിൽ വിശ്വാസം പ്രകടമാക്കുന്നതിന് സത്യത്തെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം നമുക്ക് ആവശ്യമാണ്. കൂടാതെ നമ്മുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നതും അതു ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുന്നതും യേശുക്രിസ്തു വെച്ച മാതൃകയ്ക്കു ചേർച്ചയിൽ ജീവിക്കുന്നതും ആവശ്യമാണ്.—1 പത്രൊസ് 2:21.
“സ്നേഹത്തിന്റെ മാർഗം ഒരിക്കലും നിലച്ചുപോകുന്നില്ല” എന്ന ശീർഷകത്തിലുള്ള പ്രസംഗത്തോടെ ഉച്ചകഴിഞ്ഞുള്ള സെഷൻ ആരംഭിച്ചു. 1 കൊരിന്ത്യർ 13:4-8-ൽ രേഖപ്പെടുത്തിയിരിക്കുന്ന സ്നേഹത്തെ കുറിച്ചുള്ള പൗലൊസിന്റെ പ്രചോദനാത്മകമായ വിവരണത്തിന്റെ വാക്യാനുവാക്യ ചർച്ച ആയിരുന്നു ആ പ്രസംഗം. ആത്മത്യാഗപരമായ സ്നേഹം ക്രിസ്ത്യാനിത്വത്തിന്റെ മുഖമുദ്രയാണ് എന്നും ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം യഹോവ അംഗീകരിക്കുന്ന ആരാധനയുടെ അടിസ്ഥാന സവിശേഷതകളാണ് എന്നും സദസ്സ് അനുസ്മരിപ്പിക്കപ്പെട്ടു.
അടുത്തത്, “മാതാപിതാക്കളേ, കുട്ടികളിൽ ദൈവമാർഗം ഉൾനടുക” എന്ന ശീർഷകത്തിലുള്ള മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം ആയിരുന്നു. ദൈവവചനം വായിച്ചു പഠിക്കുന്നതിൽ നല്ല മാതൃക വെച്ചുകൊണ്ട് മാതാപിതാക്കൾക്ക് കുട്ടികളെ ദൈവത്തെ സേവിക്കുന്നതിനു സഹായിക്കാൻ കഴിയും. ക്രമമായ കുടുംബ അധ്യയനത്തിലൂടെ, കുടുംബത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി അതിനെ അനുരൂപപ്പെടുത്തിക്കൊണ്ട്, അവർക്കു കുട്ടികളിൽ സത്യം ഉൾനടാൻ കഴിയും. സഭാ പ്രവർത്തനങ്ങളിലും വയൽശുശ്രൂഷയിലും ഉൾപ്പെടാൻ കുട്ടികളെ സഹായിക്കുന്നതും പ്രധാനമാണ്. ഈ ദുഷ്ട ലോകത്തിൽ ദൈവഭയമുള്ള കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് വെല്ലുവിളിയാണെങ്കിലും, അങ്ങനെ ചെയ്യുന്നതു വലിയ പ്രതിഫലങ്ങൾ കരേറ്റും.
ഈ സിമ്പോസിയത്തെ തുടർന്ന്, “യഹോവ നിങ്ങളെ മാന്യമായ ഉപയോഗത്തിനായി രൂപപ്പെടുത്തട്ടെ” എന്ന പ്രസംഗമായിരുന്നു. ഒരു കുശവൻ മൺപാത്രങ്ങളെ രൂപപ്പെടുത്തുന്നതുപോലെ, തന്നെ സേവിക്കാൻ ആഗ്രഹിക്കുന്നവരെ ദൈവം രൂപപ്പെടുത്തുന്നു. (റോമർ 9:20, 21) ഇത് അവൻ തന്റെ വചനത്തിലൂടെയും തന്റെ സംഘടനയിലൂടെയും ബുദ്ധ്യുപദേശം പ്രദാനം ചെയ്തുകൊണ്ട് നിർവഹിക്കുന്നു. നാം നമ്മെത്തന്നെ ലഭ്യരാക്കുകയും അവസരങ്ങളോടു പ്രതികരിക്കുകയും നമ്മുടെ കാലടികളെ നേരെയാക്കുന്നതിനു യഹോവയെ അനുവദിക്കാൻ മനസ്സൊരുക്കം കാട്ടുകയും ചെയ്യുന്നെങ്കിൽ, നമ്മുടെ പ്രാപ്തികൾ മുഴുവനായി ഉപയോഗിക്കാൻ അവൻ നമ്മെ സഹായിക്കും.
വളരെ ആവേശകരമായ ഒരു പരിപാടിയായിരുന്നു അടുത്തത്—“മിഷനറി വയലിലെ സേവനം.” ഇപ്പോൾ ഭൂമിയിൽ ഉടനീളം 148 രാജ്യങ്ങളിലായി 2,390 ക്രിസ്തീയ ശുശ്രൂഷകർ മിഷനറി പദവിയിൽ സേവിക്കുന്നുണ്ട്. അവർ വിശ്വസ്തതയുടെയും തീക്ഷ്ണതയുടെയും ശ്രേഷ്ഠ മാതൃകകളാണ്, വിദേശ വയലുകളിൽ സേവിക്കുന്നതിനുള്ള പദവിയോട് അങ്ങേയറ്റം വിലമതിപ്പുള്ളവരാണ്. സാർവദേശീയ കൺവെൻഷനുകളിൽ, ഈ പരിപാടിയുടെ സമയത്ത് മിഷനറി ജീവിതത്തിന്റെ വെല്ലുവിളികളെയും സന്തോഷങ്ങളെയും കുറിച്ചു മിഷനറിമാർ സംസാരിച്ചു.
ഒന്നാം ദിവസത്തെ അവസാന പ്രസംഗത്തിന്റെ വിഷയം “മരണാനന്തരം ജീവിതം ഉണ്ടോ?” എന്നതായിരുന്നു. ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യവർഗത്തെ കുഴപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ് ഇത്. ഓരോ സമൂഹത്തിലെയും ആളുകൾ ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്. ഉത്തരങ്ങൾക്ക് ഒരു ക്ഷാമവുമില്ല; ആ ഉത്തരങ്ങളാകട്ടെ, അവ നൽകുന്നവരുടെ ആചാരങ്ങളെയും മതങ്ങളെയും പോലെ വൈവിധ്യമാർന്നതുമാണ്. എങ്കിലും ആളുകൾ സത്യം മനസ്സിലാക്കേണ്ട ആവശ്യമുണ്ട്.
തുടർന്ന് മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? എന്ന 32 പേജുള്ള വർണ ലഘുപത്രികയുടെ പ്രകാശനം പ്രസംഗകൻ അറിയിച്ചു. ഈ ലഘുപത്രിക ആത്മാവിന്റെ അമർത്യതയെ കുറിച്ചുള്ള പഠിപ്പിക്കൽ എവിടെനിന്നു വന്നുവെന്നു വിശദമാക്കുകയും അത് ഇന്നു ലോകത്തിലുള്ള മിക്കവാറും എല്ലാ മതങ്ങളുടെയും അടിസ്ഥാന വിശ്വാസമായിത്തീർന്നത് എങ്ങനെയെന്നു പ്രകടമാക്കുകയും ചെയ്യുന്നു. ആത്മാവ്, നാം മരിക്കുന്നതിന്റെ കാരണം, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു എന്നിവയെക്കുറിച്ചെല്ലാം ബൈബിൾ എന്തു പറയുന്നു എന്ന് അതു വ്യക്തവും ആകർഷകവുമായ വിധത്തിൽ വിശദമാക്കുന്നു. മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും എന്തു പ്രത്യാശയുണ്ട് എന്നും ഈ ലഘുപത്രിക പറയുന്നു. എല്ലായിടത്തുമുള്ള സത്യാന്വേഷകർക്ക് ഈ പ്രസിദ്ധീകരണം എന്തൊരു അനുഗ്രഹമായിരിക്കും!
നിങ്ങൾ നടക്കുന്ന വിധം സംബന്ധിച്ചു നിതാന്ത ജാഗ്രത പുലർത്തുക
കൺവെൻഷന്റെ രണ്ടാം ദിവസത്തിന് ഇത് എത്ര ഉചിതമായ വിഷയമായിരുന്നു! (എഫെസ്യർ 5:15) പ്രസംഗ-ശിഷ്യരാക്കൽ വേലയെ കേന്ദ്രീകരിച്ചുള്ളതായിരുന്നു രാവിലത്തെ പരിപാടി. ദിനവാക്യ ചർച്ചയെത്തുടർന്നുള്ള പ്രസംഗം “ജീവന്റെ മാർഗത്തിലേക്കു വരാൻ ആളുകളെ സഹായിക്കൽ” എന്ന ശീർഷകത്തിൽ ഉള്ളതായിരുന്നു. ഈ അടിയന്തിര വേല നിർവഹിക്കുന്നതിൽ, ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കുന്നതു പ്രധാനമാണ്. സത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒരു പദവിയും കടമയും ആണെന്നു തിരിച്ചറിയണം. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ മിക്കയാളുകളും ദൈവവചനത്തെ നിരാകരിച്ചു. എന്നാൽ എതിർപ്പിൻ മധ്യേയും ‘നിത്യജീവനായി ശരിയായ മനോനിലയുള്ളവർ’ ഉണ്ടായിരുന്നു. അവർ ‘വിശ്വാസികൾ ആയിത്തീരു’കയും ചെയ്തു. (പ്രവൃത്തികൾ 13:48, 50; 14:1-5) സമാനമായ സ്ഥിതിവിശേഷം ആണ് ഇന്നും. അനേകർ ബൈബിൾ സത്യത്തെ നിരാകരിക്കുന്നെങ്കിലും, അതിനോട് അനുകൂലമായി പ്രതികരിക്കുന്നവർക്കായുള്ള തിരച്ചിൽ നാം തുടരുകയാണ്.—മത്തായി 10:11-13.
ജീവന്റെ സന്ദേശവുമായി മറ്റുള്ളവരെ സമീപിക്കുന്നതിന്റെ വെല്ലുവിളി ചർച്ച ചെയ്യുന്നതായിരുന്നു തുടർന്നു കേട്ട പ്രസംഗം. ഇപ്പോൾ ആളുകളെ ഭവനങ്ങളിൽ കണ്ടെത്തുക പ്രയാസം ആയതുകൊണ്ട്, രാജ്യ സന്ദേശവുമായി പരമാവധി ആളുകളെ സമീപിക്കുന്നതിന് നാം ശ്രദ്ധയും സാമർഥ്യവും ഉള്ളവർ ആയിരിക്കേണ്ടതുണ്ട്. അനേകം നാടുകളിൽ, സുവാർത്തയുടെ പ്രസാധകർക്ക് ടെലിഫോൺ സാക്ഷീകരണത്തിലൂടെയും ബിസിനസ് പ്രദേശത്തെ പ്രസംഗ വേലയിലൂടെയും നല്ല ഫലങ്ങൾ ഉണ്ടാകുന്നുണ്ട്. അങ്ങനെ മറ്റു പ്രകാരത്തിൽ കണ്ടെത്താൻ പ്രയാസമായിട്ടുള്ളവരുടെ അടുക്കൽ അവർ സുവാർത്ത എത്തിക്കുന്നു.
“ക്രിസ്തു കൽപ്പിച്ചതെല്ലാം ശിഷ്യരെ പഠിപ്പിക്കൽ” എന്ന പ്രസംഗം നമ്മുടെ ശുശ്രൂഷയിൽ വൈദഗ്ധ്യമുള്ളവർ ആയിത്തീരുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടി. നാം മറ്റുള്ളവരിൽനിന്നു പഠിക്കുകയും സഭാ യോഗങ്ങളിൽനിന്നു ലഭിക്കുന്ന ഉത്കൃഷ്ടമായ പരിശീലനം ബാധകമാക്കുകയും ചെയ്യുമ്പോൾ, നമ്മുടെ പഠിപ്പിക്കൽ വൈദഗ്ധ്യത്തിനു മൂർച്ച കൂട്ടുന്നു. നാം നമ്മുടെ പഠിപ്പിക്കലിൽ വിദഗ്ധർ ആയിത്തീരുമ്പോൾ, ബൈബിൾ സത്യം മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്ന നമ്മുടെ വേലയിൽ നാം വർധിച്ച സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നു.
സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും അർഥം സംബന്ധിച്ച പ്രസംഗത്തോടെ രാവിലത്തെ സെഷൻ അവസാനിച്ചു. നാം ദൈവത്തിൽ പൂർണമായി ആശ്രയിക്കുകയും അവന്റെ ഹിതം നിവർത്തിക്കാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ അവൻ നമ്മെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും എന്നതായിരുന്നു പ്രസംഗകൻ പറഞ്ഞ ഒരാശയം. ജ്ഞാനിയായ മനുഷ്യൻ എഴുതി: “നിന്റെ എല്ലാവഴികളിലും അവനെ [ദൈവത്തെ] നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:6) സന്തോഷഭരിതമായ സ്നാപനം കൺവെൻഷന്റെ ഒരു സവിശേഷത ആയിരുന്നു, അനേകരും ദൈവമാർഗത്തിലുള്ള ജീവിതത്തോട് അനുരൂപപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്ന് അതു പ്രകടമാക്കി.
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്കുശേഷം, “അനന്തജീവന്റെ കാഴ്ചപ്പാടോടെ സേവിക്കൽ” എന്ന പ്രസംഗത്തോടെ ഉച്ചകഴിഞ്ഞുള്ള സെഷൻ ആരംഭിച്ചു. തന്നെ നിത്യമായി സേവിക്കുന്ന അനുസരണമുള്ള മനുഷ്യർ ഭൂമിയിൽ ഉണ്ടായിരിക്കുമെന്ന ദൈവോദ്ദേശ്യം നിവർത്തിക്കപ്പെടും. അപ്പോൾ നാം നിത്യതയുടെ കാഴ്ചപ്പാടോടെ നമ്മുടെ ചിന്തയും പദ്ധതികളും പ്രത്യാശകളും യഹോവയെ സേവിക്കുന്നതിൽ കേന്ദ്രീകരിക്കുന്നത് എത്ര ഉചിതമാണ്! “യഹോവയുടെ ദിവസം” മനസ്സിൽ അടുപ്പിച്ചുനിർത്താൻ ആഗ്രഹിക്കുമ്പോൾത്തന്നെ, നമ്മുടെ ലക്ഷ്യം ദൈവത്തെ നിത്യമായി സേവിക്കുകയാണെന്നത് അനുസ്മരിക്കുന്നതു മർമപ്രധാനമാണ്. (2 പത്രൊസ് 3:12, NW) യേശു ദൈവത്തിന്റെ പ്രതികാരം നടപ്പാക്കുന്ന കൃത്യസമയം നമുക്കറിയില്ലെന്നതു ജാഗ്രതയുള്ളവർ ആയിരിക്കാൻ നമ്മെ സഹായിക്കുന്നു. മാത്രമല്ല, അതു നാം യഹോവയെ സേവിക്കുന്നത് നിസ്വാർഥ ലക്ഷ്യങ്ങളോടെ ആണെന്നു തെളിയിക്കാൻ ദിവസേന നമുക്ക് അവസരങ്ങളും പ്രദാനം ചെയ്യുന്നു.
തുടർന്നു നടത്തപ്പെട്ട രണ്ടു പ്രസംഗങ്ങൾ എഫെസ്യർക്കുള്ള പൗലൊസിന്റെ ലേഖനത്തിന്റെ 4-ാമത്തെ അധ്യായം പരിശോധിക്കുന്നത് ആയിരുന്നു. പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്ന, ആത്മീയമായി യോഗ്യരായ പുരുഷന്മാരായ “മനുഷ്യരാം ദാനങ്ങ”ളെ ലഭിച്ചിരിക്കുന്നത് എന്തൊരു അനുഗ്രഹമാണ് എന്നതായിരുന്നു പരിചിന്തിക്കപ്പെട്ട ഒരു സംഗതി. ഈ മൂപ്പന്മാർ നമ്മുടെ ആത്മീയ പ്രയോജനത്തിനായി നമുക്കു ബുദ്ധ്യുപദേശവും മാർഗനിർദേശവും പ്രദാനം ചെയ്യുന്നു. “പുതിയ വ്യക്തിത്വം” ധരിക്കാനും പൗലൊസിന്റെ നിശ്വസ്ത ലേഖനം ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 4:8, 24, NW) ദൈവിക വ്യക്തിത്വത്തിൽ അനുകമ്പ, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ, സ്നേഹം എന്നിങ്ങനെയുള്ള ഗുണങ്ങൾ ഉണ്ടായിരിക്കും.—കൊലൊസ്സ്യർ 3:12-14.
നമ്മുടെ നടത്ത സംബന്ധിച്ചു നിതാന്ത ജാഗ്രത പുലർത്തുന്നതിൽ ലോകത്തിന്റെ കളങ്കമേൽക്കാതെ നമ്മെത്തന്നെ സൂക്ഷിക്കുന്നത് ഉൾപ്പെടുന്നു. ഇതായിരുന്നു അടുത്ത പ്രസംഗത്തിന്റെ വിഷയം. വിനോദം, സാമൂഹിക കൂടിവരവുകൾ, ഭൗതിക അനുധാവനങ്ങൾ എന്നിവയുടെ തിരഞ്ഞെടുപ്പിൽ സമനില ആവശ്യമാണ്. ലോകത്തിന്റെ കളങ്കമേൽക്കാതെ സൂക്ഷിക്കണമെന്ന യാക്കോബ് 1:27-ലെ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിലൂടെ, നാം ദൈവവുമായി നല്ല ബന്ധം ആസ്വദിക്കുന്നു. കൂടാതെ, നമുക്കു ശുദ്ധമായ മനസ്സാക്ഷിയും ഉണ്ടായിരിക്കും. നമുക്ക് ഉദ്ദേശ്യമുള്ള ജീവിതം നയിക്കാൻ കഴിയുമെന്നു മാത്രമല്ല നമുക്ക് സമാധാനവും ആത്മീയ സമൃദ്ധിയും ലഭിക്കുകയും നാം വളരെ നല്ല സഹകാരികളാൽ അനുഗ്രഹിക്കപ്പെടുകയും ചെയ്യും.
അടുത്തത് “യുവജനങ്ങളേ—ദൈവമാർഗം പിൻപറ്റുക” എന്ന ശീർഷകത്തിൽ മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം ആയിരുന്നു. ദൈവം തങ്ങളെ സ്നേഹിക്കുന്നുവെന്നും നിർമല ആരാധന ഉയർത്തിപ്പിടിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളെ വിലമതിക്കുന്നുവെന്നും മനസ്സിലാക്കിക്കൊണ്ട് അവനെ വിശ്വസ്തമായി സേവിക്കാൻ യുവജനങ്ങൾ തങ്ങളുടെ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കണം. ഗ്രഹണപ്രാപ്തികൾ വികസിപ്പിക്കുന്നതിനുള്ള ഒരു മാർഗം ദൈവവചനം ദിവസേന വായിക്കുകയും അതേ കുറിച്ചു ധ്യാനിക്കുകയും ചെയ്യുക എന്നതാണ്. ഇതു ചെയ്യുന്നെങ്കിൽ, നാം യഹോവയുടെ മാർഗങ്ങൾ അറിയാൻ ഇടവരുന്നു. (സങ്കീർത്തനം 119:9-11) മാതാപിതാക്കളിൽനിന്നും മൂപ്പന്മാരിൽനിന്നും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽനിന്നുമുള്ള പക്വതയുള്ള ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിലൂടെയും ഗ്രഹണപ്രാപ്തികൾ വികാസം പ്രാപിക്കുന്നു. തങ്ങളുടെ ഗ്രഹണ പ്രാപ്തികൾ ശരിയായ വിധത്തിൽ ഉപയോഗിച്ചുകൊണ്ട്, യുവജനങ്ങൾ ഭൗതിക വസ്തുക്കളോടുള്ള ആസക്തിയും അശുദ്ധ സംസാരവും അമിതമായ വിനോദവും ദൈവത്തിൽനിന്ന് അന്യപ്പെട്ടവരുടെ പ്രത്യേകതകളായി കണ്ട് അവയെ ഒഴിവാക്കുന്നു. ദൈവമാർഗത്തിലുള്ള ജീവിതം പിന്തുടർന്നുകൊണ്ട്, യുവജനങ്ങൾക്കും വൃദ്ധർക്കും യഥാർഥ വിജയം ആസ്വദിക്കാൻ കഴിയും.
“സ്രഷ്ടാവ്—അവന്റെ വ്യക്തിത്വവും മാർഗങ്ങളും” എന്നതായിരുന്നു അന്നത്തെ അവസാന പ്രസംഗത്തിന്റെ വിഷയം. ശതകോടിക്കണക്കിന് ആളുകൾക്ക് സ്രഷ്ടാവിനെ അറിയില്ലെന്നു പറഞ്ഞുകൊണ്ട് പ്രസംഗകൻ പ്രസ്താവിച്ചു: “ജീവിതത്തിന് യഥാർഥ അർഥം ഉണ്ടായിരിക്കുന്നതിന് നമ്മുടെ സ്രഷ്ടാവിനെ, വ്യക്തിയാം ദൈവത്തെ, അറിയണം; അവന്റെ വ്യക്തിത്വത്തെ അംഗീകരിക്കണം; അവന്റെ മാർഗങ്ങളുമായി സഹകരിക്കണം. . . . സ്രഷ്ടാവിനെ അംഗീകരിക്കാനും അവനോടുള്ള ബന്ധത്തിൽ അർഥം കണ്ടെത്താനും ആളുകളെ സഹായിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതായി നമ്മുടെ ലോകത്തെയും നമ്മെയും കുറിച്ചുള്ള വസ്തുതകൾ ഉണ്ട്.” തുടർന്ന് പ്രസംഗകൻ ജ്ഞാനിയും സ്നേഹസമ്പന്നനുമായ ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തിനുള്ള തെളിവുകൾ ചർച്ച ചെയ്തു. പ്രസംഗത്തിന്റെ അവസാനം നിങ്ങളെക്കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കപ്പെട്ടു.
“വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ”
ഇതായിരുന്നു കൺവെൻഷന്റെ മൂന്നാം ദിവസത്തേക്കുള്ള വിഷയം. (യെശയ്യാവു 30:21) യെഹെസ്കേലിന്റെ ആലയ ദർശനത്തെ കേന്ദ്രീകരിച്ചുള്ള മൂന്നു പ്രസംഗങ്ങൾ ഉൾപ്പെട്ട ഒരു പ്രചോദനാത്മകമായ സിമ്പോസിയത്തോടെ പരിപാടി ആരംഭിച്ചു. ഇന്നത്തെ ദൈവജനതയ്ക്ക് വലിയ അർഥമുള്ളതാണ് ഈ ദർശനം, കാരണം അത് നമ്മുടെ നാളിലെ നിർമല ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദർശനം ഗ്രഹിക്കുന്നതിനുള്ള മുഖ്യ സംഗതി ഇതാണ്: യഹോവയുടെ വലിയ ആത്മീയ ആലയം നിർമല ആരാധനയ്ക്കുള്ള അവന്റെ ക്രമീകരണത്തെ പ്രതിനിധാനം ചെയ്യുന്നു. ദർശനത്തിന്റെ സവിശേഷതകൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ, അഭിഷിക്ത ശേഷിപ്പിലെ സ്നേഹസമ്പന്നരായ മേൽവിചാരകന്മാരും പ്രഭുവർഗത്തിലെ ഭാവി അംഗങ്ങളും ചെയ്യുന്ന വേലയെ പിന്തുണച്ചുകൊണ്ടു തങ്ങൾ ചെയ്യുന്ന പ്രവർത്തനത്തെ കുറിച്ചു ശ്രോതാക്കൾ ആഴമായി ചിന്തിച്ചു.
രാവിലത്തെ സെഷന്റെ അവസാന ഭാഗം ഒരു ബൈബിൾ നാടകമായിരുന്നു. വിശേഷ വസ്ത്രങ്ങൾ അണിഞ്ഞെത്തിയ കഥാപാത്രങ്ങൾ അത് അത്യന്തം ആകർഷകമാക്കി. “കുടുംബങ്ങളേ—അനുദിന ബൈബിൾ വായന നിങ്ങളുടെ ജീവിതചര്യയാക്കുക!” എന്നായിരുന്നു നാടകത്തിന്റെ പേർ. ബാബിലോനിലെ നെബൂഖദ്നേസർ രാജാവ് പണിതുയർത്തിയ സ്വർണവിഗ്രഹത്തെ വണങ്ങാൻ വിസമ്മതിച്ച മൂന്ന് എബ്രായരുടെ വിശ്വാസത്തെയും ധൈര്യത്തെയും ചിത്രീകരിക്കുന്നതായിരുന്നു അത്. ബൈബിൾ ഒരു പുരാതന ചരിത്ര പുസ്തകം മാത്രമല്ലെന്നും മറിച്ച് അതിന്റെ ബുദ്ധ്യുപദേശം ഇന്ന് യുവജനങ്ങൾക്കും പ്രായമായവർക്കും യഥാർഥത്തിൽ പ്രയോജനപ്രദമാണെന്നും പ്രകടമാക്കുകയായിരുന്നു നാടകത്തിന്റെ ഉദ്ദേശ്യം.
ഉച്ചകഴിഞ്ഞപ്പോൾ പരസ്യപ്രസംഗത്തിനുള്ള സമയമായി. “നിത്യജീവനിലേക്കുള്ള ഒരേയൊരു മാർഗം” എന്നായിരുന്നു അതിന്റെ വിഷയം. പാപത്തിലേക്കും മരണത്തിലേക്കും മനുഷ്യവർഗം നിപതിച്ച ചരിത്രത്തിലേക്കു പോയിക്കൊണ്ട്, പ്രസംഗകൻ പിൻവരുന്ന ചിന്തോദ്ദീപകമായ വാക്കുകളോടെ ഉപസംഹരിച്ചു: “‘നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും’ എന്നു പറയുന്ന യെശയ്യാവു 30:21 ആയിരുന്നു കൺവെൻഷന്റെ ഇന്നത്തെ ആധാര വാക്യം. നാം ഈ ശബ്ദം എങ്ങനെയാണു കേൾക്കുന്നത്? ദൈവവചനമായ വിശുദ്ധ ബൈബിളിനു ശ്രദ്ധ നൽകിക്കൊണ്ടും അതിലൂടെയും ആധുനിക നാളിലെ ക്രിസ്തീയ സംഘടനയിലൂടെയും നമ്മുടെ മഹാ പ്രബോധനകനായ യഹോവയാം ദൈവം പ്രദാനം ചെയ്യുന്ന നിർദേശങ്ങൾ പിൻപറ്റിക്കൊണ്ടും. തീർച്ചയായും, ഇതു ചെയ്യുന്നതാണ് നിത്യജീവനിലേക്കുള്ള ഒരേയൊരു മാർഗം.”
ആ വാരത്തേക്കുള്ള വീക്ഷാഗോപുര അധ്യയന ലേഖനത്തിന്റെ സംഗ്രഹത്തിനുശേഷം “യഹോവയുടെ മാർഗത്തിൽ നടക്കുന്നതിൽ തുടരുക” എന്ന ശീർഷകത്തിലുള്ള അവസാനത്തെ പ്രസംഗം നടന്നു. മൊത്തം പരിപാടിയുടെ മുഖ്യാശയങ്ങൾ ഭാഗികമായി പുനരവലോകനം ചെയ്തശേഷം, പ്രസംഗകൻ ഒരു പ്രമേയം അവതരിപ്പിച്ചു. ദൈവമാർഗത്തിലുള്ള ജീവിതം തുടരാനുള്ള ദൃഢനിശ്ചയം പ്രകടമാക്കുന്നതായിരുന്നു പ്രമേയം.
ഈ പ്രചോദനാത്മക വാക്കുകളോടെ ആയിരുന്നു പ്രമേയം ഉപസംഹരിച്ചത്: “ഇന്ന് ഏറ്റവും മികച്ച ജീവിത രീതിക്ക് ആധാരം തിരുവെഴുത്തുപരമായ തത്ത്വങ്ങളും ബുദ്ധ്യുപദേശവും അനുശാസനവും അനുസരിച്ചു ജീവിക്കുന്നതാണെന്നും ഭാവിയിലെ യഥാർഥ ജീവന്റെമേൽ ഉറപ്പുള്ള ഒരു പിടി ഉണ്ടായിരിക്കുന്നതിന് അത് ഒരു നല്ല അടിസ്ഥാനം ആണെന്നും നമുക്കു ബോധ്യമുണ്ട്. സർവോപരി, യഹോവയെ നമ്മുടെ മുഴുഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ സ്നേഹിക്കുന്നതുകൊണ്ടാണ് നാം ഈ പ്രമേയം അവതരിപ്പിക്കുന്നത്!” സദസ്സിലുള്ള എല്ലാവരും ഉവ്വ് എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് തങ്ങളുടെ സമ്മതം പ്രകടമാക്കി.
[8-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങളെക്കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ് ഉണ്ടോ?
ഈ ശീർഷകത്തിലുള്ള പുതിയ പുസ്തകം സ്രഷ്ടാവ് ആയ യഹോവയുടെ അസ്തിത്വത്തിനുള്ള ശക്തമായ തെളിവുകൾ നിരത്തുകയും അവന്റെ ഗുണങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. ഉന്നത ലൗകിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളവരും ദൈവത്തിൽ വിശ്വസിക്കാത്തവരും ആയവർക്കു വേണ്ടിയാണ് ഇത് വിശേഷാൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 192 പേജുള്ള ഈ പുസ്തകം ഇപ്പോൾത്തന്നെ ദൈവവിശ്വാസികളായവരുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും അവന്റെ വ്യക്തിത്വത്തോടും വഴികളോടും വിലമതിപ്പ് ഉണ്ടാക്കുകയും ചെയ്യും.
നിങ്ങളെക്കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ് ഉണ്ടോ? എന്ന പുസ്തകത്തിന്റെ അവതരണ ശൈലി വ്യത്യസ്തമാണ്. ദൈവത്തിൽ വിശ്വസിക്കുന്നവരായ വായനക്കാരോടെന്ന പോലെയല്ല അതു കാര്യങ്ങൾ അവതരിപ്പിക്കുന്നത്. മറിച്ച്, അടുത്ത കാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും ധാരണകളും സ്രഷ്ടാവിന്റെ അസ്തിത്വത്തിന് തെളിവു നൽകുന്നത് എങ്ങനെ എന്ന് അതു ചർച്ച ചെയ്യുന്നു. “നിങ്ങളുടെ ജീവിതത്തിന് അർഥം കൈവരുത്താൻ എന്തിനു കഴിയും?” “നമ്മുടെ പ്രപഞ്ചം എങ്ങനെ ഉണ്ടായി?—വിവാദം,” “നിങ്ങൾ എത്ര അനുപമരാണ്!” എന്നിവ ചില അധ്യായങ്ങളുടെ ശീർഷകങ്ങൾ ആണ്. ബൈബിൾ ദിവ്യനിശ്വസ്തമാണ് എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതിന്റെ കാരണം പരിചിന്തിക്കുന്നതാണ് മറ്റ് അധ്യായങ്ങൾ. ബൈബിളിന്റെ ഒരു ആകമാന ചിത്രവും അതു പ്രദാനം ചെയ്യുന്നു, അതിലൂടെ അത് സ്രഷ്ടാവിന്റെ വ്യക്തിത്വവും മാർഗങ്ങളും വെളിപ്പെടുത്തുന്നു. ദൈവം ഇത്രയധികം കഷ്ടപ്പാടുകൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട് എന്നു ചർച്ച ചെയ്യുക മാത്രമല്ല ഈ പുസ്തകം ചെയ്യുന്നത്, അത് എന്നേക്കുമായി എങ്ങനെ അവസാനിക്കും എന്നും അതു വിശദമാക്കുന്നുണ്ട്.
[7-ാം പേജിലെ ചിത്രങ്ങൾ]
അനേകർ സ്നാപനമേറ്റു
[7-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായ എ. ഡി. ഷ്രോഡർ പുതിയ ലഘുപത്രിക പ്രകാശനം ചെയ്തു
[8, 9 പേജുകളിലെ ചിത്രങ്ങൾ]
അനുദിന ബൈബിൾ വായന പ്രോത്സാഹിപ്പിച്ച പുളകപ്രദമായ നാടകം