യഹോവയ്ക്കു സ്വീകാര്യമായ യാഗങ്ങൾ അർപ്പിക്കൽ
ഒരു കാലത്ത്, ഏദെൻ തോട്ടത്തിന്റെ കിഴക്കേ കവാടത്തിങ്കൽ വളരെ വിശേഷപ്പെട്ട ഒരു പ്രതിഭാസം കാണാമായിരുന്നു.a കാവൽ നിൽക്കുന്ന ശക്തരായ കെരൂബുകൾ. അപ്രതിരോധ്യരായ അവരുടെ സാന്നിധ്യവും തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയും ആരും അങ്ങോട്ടു പ്രവേശിക്കാൻ ധൈര്യപ്പെടരുത് എന്നു വ്യക്തമാക്കുന്നത് ആയിരുന്നു. രാത്രി സമയങ്ങളിൽ ആ വാളിന്റെ ഭയങ്കര ശോഭ ചുറ്റുമുള്ള വൃക്ഷങ്ങളിൽ പതിഞ്ഞിരിക്കാൻ ഇടയുണ്ട്. (ഉല്പത്തി 3:24) ആ കാഴ്ച ചേതോഹരം ആയിരുന്നിരിക്കാമെങ്കിലും കാഴ്ചക്കാർ നല്ല അകലം പാലിച്ചിരുന്നു.
കയീനും ഹാബെലും ആ സ്ഥലം പലപ്രാവശ്യം സന്ദർശിച്ചിരിക്കാൻ ഇടയുണ്ട്. തോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ടതിനുശേഷം ആദാമിനും ഹവ്വായ്ക്കും ജനിച്ച മക്കളായിരുന്ന അവർക്ക്, തങ്ങളുടെ മാതാപിതാക്കൾ ഒരിക്കൽ പാർത്തിരുന്ന, നല്ല നീരോട്ടമുള്ളതും ഹരിതസമൃദ്ധവും കായ്കനികൾ നിറഞ്ഞതുമായ പറുദീസയിലെ ജീവിതം സംബന്ധിച്ച് ഊഹാപോഹം നടത്താനേ സാധിക്കുമായിരുന്നുള്ളൂ. ഇപ്പോൾ ഏദെന്റെ ഏതെങ്കിലുമൊരു ഭാഗം കാണാൻ കഴിഞ്ഞാൽത്തന്നെ അത് ആരും കൃഷി ചെയ്യാത്തതും കാടുപിടിച്ചതുമായി കാണപ്പെട്ടിരുന്നു എന്നതിൽ തെല്ലും സംശയമില്ല.
തോട്ടത്തിൽ ആരും വേല ചെയ്യാത്തതും തങ്ങൾ അവിടെനിന്നു പുറത്താക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് ആദാമും ഹവ്വായും നിശ്ചയമായും മക്കളോടു പറഞ്ഞിട്ടുണ്ട്. (ഉല്പത്തി 2:17; 3:6, 23) കയീനും ഹാബെലിനും എത്രമാത്രം നിരാശ തോന്നിയിരിക്കണം! അവർക്കു തോട്ടം കാണാമായിരുന്നെങ്കിലും അതിൽ പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. അവർ പറുദീസയോടു വളരെ അടുത്ത് ആയിരുന്നെങ്കിലും വളരെ അകലെ ആയിരുന്നു. അവരെ അപൂർണത ബാധിച്ചിരുന്നു. അതു സംബന്ധിച്ച് കയീനോ ഹാബെലിനോ കാര്യമായി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
ദൈവവുമായുള്ള ബന്ധത്തിന്റെ വീക്ഷണത്തിൽ, അവരുടെ മാതാപിതാക്കൾ വിചാരിച്ചാൽ കാര്യങ്ങൾ മെച്ചപ്പെടുത്താൻ ആകുമായിരുന്നില്ല. ഹവ്വായെ ന്യായംവിധിച്ചുകൊണ്ടു ദൈവം പറഞ്ഞു: “നിന്റെ ആഗ്രഹം [“വാഞ്ഛ,” NW] നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” (ഉല്പത്തി 3:16) ആ പ്രവചനംപോലെതന്നെ, ഒരുപക്ഷേ ഭാര്യയെ പങ്കാളിയോ തുണയോ ആയി വീക്ഷിക്കാതെ, ആദാം ഇപ്പോൾ അവളുടെമേൽ ആധിപത്യം നടത്തിയിരിക്കണം. ഹവ്വായാണെങ്കിലോ, ഈ മനുഷ്യനിൽ അമിതമായ ആശ്രയത്വം പ്രകടമാക്കിയിരിക്കാം. അവളുടെ “വാഞ്ഛ”യെ “ഏകദേശം രോഗതുല്യമായ ഒരു ആഗ്രഹം” എന്നുപോലും വർണിക്കുന്ന ഭാഷ്യം ഉണ്ട്.
മാതാപിതാക്കളുടെ ഈ ദാമ്പത്യ അവസ്ഥ അവരോടുള്ള ആൺകുട്ടികളുടെ ആദരവിനെ എത്രമാത്രം ബാധിച്ചുവെന്നു ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും ആദാമും ഹവ്വായും കുട്ടികൾക്കു മോശമായ മാതൃക വെച്ചു എന്നതു വ്യക്തമാണ്.
വ്യത്യസ്ത വഴികൾ തിരഞ്ഞെടുക്കുന്നു
അവസാനം, ഹാബെൽ ഒരു ഇടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. (ഉല്പത്തി 4:2) തന്റെ മാതാപിതാക്കൾ ഏദെനിൽനിന്നു പുറത്താക്കപ്പെടുന്നതിനു മുമ്പു പ്രസ്താവിക്കപ്പെട്ട ആ മഹത്തായ പ്രവചനത്തെ കുറിച്ചു ധ്യാനിക്കാൻ ഇടയവേല ചെയ്യുന്നതിനിടയിൽ ഹാബെലിനു നിശ്ചയമായും ഏറെ സമയം ലഭിച്ചിരുന്നു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) സർപ്പത്തിന്റെ തല തകർക്കുന്ന സന്തതിയെ കുറിച്ചുള്ള ദൈവവാഗ്ദാനം എങ്ങനെ നിറവേറ്റപ്പെടും എന്നതിനെയും ഈ സന്തതിയുടെ കുതികാൽ എങ്ങനെ തകർക്കപ്പെടും എന്നതിനെയും കുറിച്ചു ഹാബെൽ ചിന്തിച്ചിരിക്കണം.
കുറച്ചു കാലം കഴിഞ്ഞപ്പോൾ, ഒരുപക്ഷേ പ്രായപൂർത്തിയായശേഷം, കയീനും ഹാബെലും യഹോവയ്ക്ക് ഓരോ യാഗങ്ങൾ അർപ്പിച്ചു. ഹാബെൽ ഒരു ഇടയൻ ആയിരുന്നതിനാൽ, അവൻ “ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ” ഒരു യാഗം അർപ്പിച്ചു. അതിൽനിന്നു വ്യത്യസ്തമായി, കയീൻ “നിലത്തെ അനുഭവത്തിൽനിന്നു [“കാർഷികവിളയിൽനിന്ന്,” ഓശാന] ഒരു യാഗം അർപ്പിച്ചു. യഹോവ ഹാബെലിന്റെ ബലിയിൽ പ്രസാദിച്ചു, എന്നാൽ “കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല.” (ഉല്പത്തി 4:3-5) എന്തുകൊണ്ട്?
ഹാബെൽ “ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ”നിന്നു യാഗം കഴിച്ചപ്പോൾ കയീൻ കേവലം “കാർഷികവിളയിൽനിന്ന്” യാഗം കഴിച്ചതുനിമിത്തമാകാം അങ്ങനെ സംഭവിച്ചത് എന്നു പറയുന്നവരുണ്ട്. എന്നാൽ കയീന്റെ യാഗവസ്തുവിനു ഗുണമേന്മ ഉണ്ടായിരുന്നോ എന്നതായിരുന്നില്ല പ്രശ്നം, എന്തെന്നാൽ യഹോവ “ഹാബെലിലും അവന്റെ വഴിപാടിലും” പ്രസാദിച്ചു എന്നും “കയീനിലും അവന്റെ വഴിപാടിലും” പ്രസാദിച്ചില്ല എന്നുമാണു വിവരണം പറയുന്നത്. അതുകൊണ്ട് മുഖ്യമായും ആരാധകന്റെ ഹൃദയനിലയാണ് യഹോവ നോക്കിയത്. അപ്പോൾ, യഹോവ എന്തു മനസ്സിലാക്കി? “വിശ്വാസത്താൽ” ഹാബെൽ യാഗം അർപ്പിച്ചുവെന്ന് എബ്രായർ 11:4 പറയുന്നു. അതുകൊണ്ട് വിശ്വാസം ഹാബെലിന്റെ ബലിയെ സ്വീകാര്യമാക്കി. എന്നാൽ കയീന് വിശ്വാസം ഉണ്ടായിരുന്നില്ലെന്നു വ്യക്തമാണ്.
ഹാബെലിന്റെ യാഗത്തിൽ രക്തം ചിന്തൽ ഉൾപ്പെട്ടിരുന്നു എന്നതു ശ്രദ്ധേയമാണ്. കുതികാൽ തകർക്കപ്പെടുന്ന ഒരു സന്തതിയെ കുറിച്ചുള്ള ദൈവ വാഗ്ദത്തം, ഒരു ജീവൻ ബലിയർപ്പിക്കുന്നത് ആവശ്യമാക്കിത്തീർക്കുമെന്ന് അവൻ ശരിയായിത്തന്നെ നിഗമനം ചെയ്തിരിക്കാം. അങ്ങനെ ഹാബെലിന്റെ യാഗം പാപപരിഹാരത്തിനുള്ള ഒരു യാചന ആയിരുന്നിരിക്കാം; തന്നെയുമല്ല ദൈവം തക്ക സമയത്ത് പാപങ്ങൾക്കു വേണ്ടിയുള്ള ഒരു പരിഹാര ബലി ഏർപ്പാടാക്കുമെന്ന വിശ്വാസവും അതു പ്രകടമാക്കി.
അതിനു നേർവിപരീതമായി, കാര്യമായ ചിന്തയൊന്നും കൂടാതെ ആയിരിക്കാം കയീൻ യാഗം അർപ്പിച്ചത്. “അവന്റെ യാഗം ദൈവത്തെ ഒരു ഗുണകർത്താവായി മാത്രം വീക്ഷിക്കുന്നതായിരുന്നു” എന്ന് 19-ാം നൂറ്റാണ്ടിലെ ഒരു ബൈബിൾ ഭാഷ്യകാരൻ അഭിപ്രായപ്പെട്ടു. “തനിക്കും സ്രഷ്ടാവിനും ഇടയിലുള്ള ബന്ധത്തിൽ യാതൊരു വിടവും ഇല്ലെന്നും പാപം ഏറ്റുപറയുകയോ പാപപരിഹാര ക്രമീകരണത്തിൽ ആശ്രയിക്കുകയോ ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും അതു വ്യക്തമായും വെളിപ്പെടുത്തി.”
കൂടാതെ, ആദ്യജാതൻ എന്ന നിലയിൽ, സാത്താൻ എന്ന സർപ്പത്തെ നശിപ്പിക്കാനുള്ള വാഗ്ദത്ത സന്തതി താൻ ആണെന്നു പോലും കയീൻ അഹങ്കാരപൂർവം കരുതിയിരിക്കാം. ഹവ്വായും അവനിൽ അത്തരമൊരു ആശാഭരിതമായ ആഗ്രഹം നട്ടുവളർത്തിയിരിക്കാം. (ഉല്പത്തി 4:1) കയീനും ഹവ്വായും പ്രതീക്ഷിച്ചിരുന്നത് ഇതായിരുന്നെങ്കിൽ, അതു തികച്ചും തെറ്റായിരുന്നു.
ഹാബെലിന്റെ യാഗത്തോടുള്ള തന്റെ അംഗീകാരം യഹോവ എങ്ങനെ പ്രകടമാക്കിയെന്നു ബൈബിൾ പ്രസ്താവിക്കുന്നില്ല. ആകാശത്തുനിന്ന് അഗ്നി ഇറങ്ങി യാഗവസ്തുവിനെ ദഹിപ്പിക്കുക ആയിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സംഗതി എങ്ങനെയായിരുന്നാലും, തന്റെ യാഗം നിരസിക്കപ്പെട്ടുവെന്നു മനസ്സിലായപ്പോൾ, “കയീന്നു ഏററവും കോപമുണ്ടായി, അവന്റെ മുഖം വാടി.” (ഉല്പത്തി 4:5) കയീൻ ദുരന്തത്തിലേക്കു കുതിക്കുകയായിരുന്നു.
യഹോവയുടെ ബുദ്ധ്യുപദേശവും കയീന്റെ പ്രതികരണവും
യഹോവ കയീനുമായി ന്യായവാദം ചെയ്തു. “നീ കോപത്താൽ ചൂടാകുന്നതും നിന്റെ മുഖം വാടിയിരിക്കുന്നതും എന്തുകൊണ്ട്?” എന്ന് അവൻ ചോദിച്ചു. ഇത് തന്റെ വികാരങ്ങളെയും ലക്ഷ്യങ്ങളെയും പരിശോധിക്കാൻ കയീനു നല്ല അവസരം പ്രദാനം ചെയ്തു. യഹോവ തുടർന്നു: “നീ നന്മ ചെയ്യുന്നതിലേക്കു തിരിയുന്നെങ്കിൽ, ആഹ്ലാദമുണ്ടാകയില്ലയോ? എന്നാൽ നീ നന്മ ചെയ്യുന്നതിലേക്കു തിരിയുന്നില്ലെങ്കിൽ, പാപം കവാടത്തിങ്കൽ പതുങ്ങിക്കിടക്കുന്നുണ്ട്, നിന്നോടാകുന്നു അതിന്റെ വാഞ്ഛ; നീ അതിനെ കീഴടക്കുമോ?”—ഉല്പത്തി 4:7, NW. (23-ാം പേജിലെ ചതുരം കാണുക.)
കയീൻ ശ്രദ്ധിച്ചില്ല. പകരം, അവൻ ഹാബെലിനെ വയലിലേക്കു കൂട്ടിക്കൊണ്ടുപോയി കൊന്നുകളയുകയാണു ചെയ്തത്. പിന്നീട്, ഹാബെൽ എവിടെ എന്നു യഹോവ ചോദിച്ചപ്പോൾ കയീൻ നുണ പറഞ്ഞുകൊണ്ട് ഒരു പാപംകൂടി ചെയ്യുകയാണുണ്ടായത്. പരുഷമായിത്തന്നെ അവൻ പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്ക്കാരനാണോ ഞാൻ?”—ഉല്പത്തി 4:8, 9, പി.ഒ.സി. ബൈബിൾ.
ഹാബെൽ വധിക്കപ്പെടുന്നതിനു മുൻപും ശേഷവും, കയീൻ “നന്മ ചെയ്യാ”ൻ കൂട്ടാക്കിയില്ല. പാപം തന്നെ കീഴടക്കാൻ കയീൻ അനുവദിച്ചു, ഇതിന്റെ പേരിൽ മനുഷ്യകുടുംബം വസിച്ചിരുന്ന മേഖലയിൽനിന്ന് അവൻ പുറത്താക്കപ്പെട്ടു. ഹാബെലിനെ കൊന്നതിന്റെ പേരിൽ കയീനെ കൊന്നുകൊണ്ട് ആരും അവനോടു പ്രതികാരം ചെയ്യാതിരിക്കാൻ ഒരു “അടയാളം”—ഒരുപക്ഷേ ഒരു പ്രധാന കൽപ്പന—വെക്കുകയും ചെയ്തു.—ഉല്പത്തി 4:15.
കയീൻ പിന്നീട് ഒരു നഗരം പണിത് അതിനു തന്റെ പുത്രന്റെ പേരിട്ടു. അവനെപ്പോലെ, അവന്റെ പിൻഗാമികളും അക്രമത്തിനു പേരുകേട്ടവർ ആയിത്തീർന്നു. അവസാനം, നോഹയുടെ നാളിലെ ജലപ്രളയം ദുഷ്ടമനുഷ്യരെയെല്ലാം തുടച്ചു നീക്കിയപ്പോൾ കയീന്റെ വംശവും അവസാനിച്ചു.—ഉല്പത്തി 4:17-24; 7:21-24.
വായിച്ചു രസിക്കാനുള്ള ഉദ്ദേശ്യത്തിലല്ല കയീനെയും ഹാബെലിനെയും കുറിച്ചുള്ള ബൈബിൾ വിവരണം സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. മറിച്ച്, അതു ‘നമ്മുടെ പ്രബോധനത്തിന്നായിട്ട് എഴുതിയിരിക്കുന്ന’താണ്, തന്നെയുമല്ല അത് ‘ഉപദേശത്തിനും ശാസനത്തിനും പ്രയോജനമുള്ളതും’ ആകുന്നു. (റോമർ 15:4, NW; 2 തിമൊഥെയൊസ് 3:17) ഈ വിവരണത്തിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
നമുക്കുള്ള പാഠം
കയീനെയും ഹാബെലിനെയും പോലെ, ഇന്നു ക്രിസ്ത്യാനികളോട് ദൈവത്തിന് ഒരു യാഗം—അക്ഷരീയമായ ഹോമയാഗം അല്ല, മറിച്ച് “അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം”—അർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. (എബ്രായർ 13:15) 230-ലധികം ദേശങ്ങളിൽ യഹോവയുടെ സാക്ഷികൾ ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചുകൊണ്ട് ഇതു ലോകവ്യാപമായ അളവിൽ ഇപ്പോൾ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 24:14) ആ വേലയിൽ നിങ്ങൾ പങ്കെടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—എബ്രായർ 6:10.
കയീന്റെയും ഹാബെലിന്റെയും യാഗങ്ങളുടെ കാര്യത്തിലെന്നപോലെ തന്നെ, പുറമെ കാണുന്നതനുസരിച്ചല്ല—ഉദാഹരണത്തിന്, നിങ്ങൾ ശുശ്രൂഷയിൽ എത്ര മണിക്കൂർ ചെലവഴിക്കുന്നു എന്നതനുസരിച്ചല്ല—നിങ്ങളുടെ യാഗം വിധിക്കപ്പെടുന്നത്. യഹോവ ഉള്ളിലേക്കു നോക്കുന്നു. അവൻ ‘ഹൃദയത്തെ ശോധനചെയ്യുന്നു’ എന്നു മാത്രമല്ല, ‘അന്തരംഗങ്ങളെയും’—ഒരുവന്റെ വ്യക്തിത്വത്തിലെ രൂഢമൂലമായ ചിന്തകളെയും വികാരങ്ങളെയും പ്രചോദനങ്ങളെയും—കൂടെ പരിശോധിക്കുന്നുവെന്ന് യിരെമ്യാവു 17:10 പറയുന്നു. അതുകൊണ്ട് അളവ് അല്ല, ആന്തരമാണ് യഥാർഥത്തിൽ കണക്കിലെടുക്കുന്നത്. വാസ്തവത്തിൽ, സ്നേഹത്താൽ പ്രചോദിതമായ ഒരു ഹൃദയത്തിൽനിന്ന് അർപ്പിക്കപ്പെടുന്ന യാഗം, വലിയതോ ചെറിയതോ ആയിരുന്നാലും, ദൈവത്തിനു വിലയേറിയതാണ്.—മർക്കൊസ് 12:41-44-നെ 14:3-9-മായി താരതമ്യം ചെയ്യുക.
അതേസമയം, കയീന്റെ അർധ മനസ്സോടെയുള്ള യാഗം അസ്വീകാര്യം ആയിരുന്നതുപോലെ, ന്യൂനതയുള്ള യാഗങ്ങൾ യഹോവ സ്വീകരിക്കുകയില്ലെന്നു നാം ഓർക്കണം. (മലാഖി 1:8, 13) നിങ്ങൾ നിങ്ങളുടെ പരമാവധി തനിക്കു നൽകണമെന്ന്, മുഴു ഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടുംകൂടെ തന്നെ സേവിക്കണമെന്ന്, യഹോവ ആവശ്യപ്പെടുന്നു. (മർക്കൊസ് 12:30) നിങ്ങൾ അതു ചെയ്യുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കു നിങ്ങളുടെ യാഗത്തെ സംതൃപ്തിയോടെ വീക്ഷിക്കാം. കാരണം പൗലൊസ് എഴുതി: “ഓരോരുത്തനും തന്റെ സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ, അപ്പോൾ അവനു തന്നേക്കുറിച്ചുതന്നെ ആഹ്ലാദത്തിനു കാരണമുണ്ടായിരിക്കും, മറേറയാളിനോടുള്ള താരതമ്യത്തിലല്ല.”—ഗലാത്യർ 6:4, NW.
കയീനും ഹാബെലും ഒരേ ചുറ്റുപാടിൽ വളർത്തപ്പെട്ടവർ ആയിരുന്നിട്ടും സമയവും സാഹചര്യങ്ങളും ഓരോരുത്തർക്കും അനുപമ സ്വഭാവ വിശേഷതകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്തു. കയീന്റെ മനോഭാവം അസൂയ, കലഹം, കോപാവേശം എന്നിവയാൽ അധികമധികം ജ്വലിക്കുകയായിരുന്നു.
അതിനു നേർവിപരീതമായി, ദൈവം ഹാബെലിനെ നീതിമാനായി അനുസ്മരിക്കുന്നു. (മത്തായി 23:35) എന്തു ത്യാഗം സഹിച്ചും ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ഹാബെലിന്റെ ദൃഢനിശ്ചയം, ആദാം, ഹവ്വാ, കയീൻ എന്നീ നന്ദികെട്ടവർ ഉൾപ്പെട്ട കുടുംബത്തിൽ അവനെ വ്യത്യസ്തനും മാതൃകാപുരുഷനും ആക്കി. ഹാബെൽ മരിച്ചെങ്കിലും അവൻ “സംസാരിച്ചുകൊണ്ടിരിക്കുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. അവൻ ദൈവത്തെ വിശ്വസ്തമായി സേവിച്ചതിന്റെ ചരിത്ര വിവരണം ബൈബിളിന്റെ അവിഭാജ്യ ഭാഗമായിരിക്കുന്നു. ദൈവത്തിനു സ്വീകാര്യമായ യാഗം തുടർച്ചയായി അർപ്പിച്ചുകൊണ്ട് നമുക്കു ഹാബെലിന്റെ മാതൃക പിൻപറ്റാം.—എബ്രായർ 11:4.
[അടിക്കുറിപ്പുകൾ]
a ആധുനിക ടർക്കിയുടെ കിഴക്കു ഭാഗത്തെ പർവത പ്രദേശത്ത് ആയിരിക്കാം ഏദെൻ തോട്ടം സ്ഥിതി ചെയ്തിരുന്നത് എന്നാണു ചിലർ അഭിപ്രായപ്പെടുന്നത്.
[23-ാം പേജിലെ ചതുരം/ചിത്രം]
ക്രിസ്തീയ ഉപദേഷ്ടാക്കൾക്ക് ഒരു മാതൃക
“നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?” ഈ ചോദ്യങ്ങളിലൂടെ, യഹോവ കയീനുമായി ദയാപൂർവം ന്യായവാദം നടത്തി. കയീൻ ബുദ്ധ്യുപദേശം സ്വീകരിക്കാനോ നിരസിക്കാനോ സ്വാതന്ത്ര്യമുള്ളവൻ ആയിരുന്നതിനാൽ, അവൻ കയീനെ മാറ്റത്തിനു നിർബന്ധിച്ചില്ല. (ആവർത്തനപുസ്തകം 30:19 താരതമ്യം ചെയ്യുക.) എന്നിരുന്നാലും, കയീന്റെ വഴിപിഴച്ച ഗതിയുടെ ഭവിഷ്യത്തുകൾ എന്തായിരിക്കുമെന്നു വിവരിക്കാൻ യഹോവ മടി കാണിച്ചില്ല. അവൻ കയീന് ഈ മുന്നറിയിപ്പു നൽകി: “നീ നന്മ ചെയ്യുന്നതിലേക്കു തിരിയുന്നില്ലെങ്കിൽ, പാപം കവാടത്തിങ്കൽ പതുങ്ങിക്കിടക്കുന്നുണ്ട്, നിന്നോടാകുന്നു അതിന്റെ വാഞ്ഛ.”—ഉല്പത്തി 4:6, 7, NW.
ഇത്ര ശക്തമായ ശാസന നൽകിയപ്പോഴും, ‘പ്രതീക്ഷയ്ക്കു വകയില്ലാത്തവൻ’ എന്ന മട്ടിലല്ല യഹോവ കയീനോട് ഇടപെട്ടത്. തന്റെ തെറ്റായ മാർഗങ്ങൾ ഉപേക്ഷിക്കുന്നെങ്കിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് അവൻ കയീനോടു പറഞ്ഞു. കൂടാതെ, മനസ്സുവെച്ചാൽ ഈ പ്രശ്നങ്ങൾ മറികടക്കാൻ കയീനു കഴിയും എന്ന ഉറപ്പും അവൻ പ്രകടമാക്കി. “നീ നന്മ ചെയ്യുന്നു എങ്കിൽ,” യഹോവ പറഞ്ഞു, “പ്രസാദമുണ്ടാകയില്ലയോ?” കലികയറി കൊല്ലാൻ ഒരുങ്ങിയിരിക്കുന്ന കയീനോട് അവൻ ചോദിച്ചു: ‘നീയോ അതിനെ കീഴട’ക്കുമോ?
ഇന്ന്, ക്രിസ്തീയ സഭയിലെ മൂപ്പന്മാർ യഹോവയുടെ മാതൃക അനുകരിക്കണം. 2 തിമൊഥെയൊസ് 4:2-ൽ (NW) പറഞ്ഞിരിക്കുന്നതുപോലെ, ഒരുവന്റെ വഴിപിഴച്ച ഗതിയുടെ ഭവിഷ്യത്തുകൾ വളച്ചുകെട്ടില്ലാതെ വിവരിച്ചുകൊണ്ട് അവർക്കു ചിലപ്പോഴൊക്കെ “ശാസിക്കുക”യും “ശകാരിക്കുക”യും ചെയ്യേണ്ടിവരും. അതേസമയം, മൂപ്പന്മാർ “ഉദ്ബോധിപ്പിക്കു”കയും ചെയ്യണം. പരക്കലിയോ എന്ന ഗ്രീക്കു പദത്തിന്റെ അർഥം “പ്രോത്സാഹിപ്പിക്കുക” എന്നാണ്. “അനുശാസനം മൂർച്ചയുള്ളതോ മയമില്ലാത്തതോ വിമർശനാത്മകമോ അല്ല” എന്ന് പുതിയ നിയമ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നു. “ആശ്വാസം അതിന്റെ മറ്റൊരു അർഥമായിരിക്കാം എന്ന വസ്തുത അതേ ആശയത്തിലേക്കുതന്നെ വിരൽചൂണ്ടുന്നു.”
ബന്ധപ്പെട്ട ഗ്രീക്കു പദമായ പരക്ലെറ്റൊസ് എന്നതിനു സഹായി എന്നോ നിയമകാര്യങ്ങളിലെ അഭിഭാഷകൻ എന്നോ അർഥമാക്കാൻ കഴിയുമെന്നതു ശ്രദ്ധേയമാണ്. അതുകൊണ്ട് കുറിക്കുകൊള്ളുന്ന ശാസന നൽകുമ്പോൾപ്പോലും, തങ്ങൾ ബുദ്ധ്യുപദേശം ആവശ്യമുള്ള വ്യക്തിയുടെ എതിരാളികൾ അല്ല, മറിച്ച് സഹായികൾ ആണ് എന്നു മൂപ്പന്മാർ ഓർക്കേണ്ടതാണ്. ബുദ്ധ്യുപദേശിക്കപ്പെടുന്ന വ്യക്തിക്കു പ്രശ്നത്തെ കീഴടക്കാൻ കഴിയും എന്ന ഉറപ്പു പ്രകടമാക്കിക്കൊണ്ട് മൂപ്പന്മാർ, യഹോവയെപ്പോലെ, ക്രിയാത്മക മനോഭാവം പുലർത്തണം.—ഗലാത്യർ 6:1 താരതമ്യം ചെയ്യുക.
എങ്ങനെയായാലും അവസാനം അനുശാസനം ബാധകമാക്കേണ്ടതു വ്യക്തിതന്നെയാണ്. (ഗലാത്യർ 6:5; ഫിലിപ്പിയർ 2:12) സ്രഷ്ടാവിന്റെതന്നെ ശാസന തള്ളിക്കളഞ്ഞ കയീനെപ്പോലെ, ചിലർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതിരുന്നേക്കാം. അപ്പോഴും, മൂപ്പന്മാർ ക്രിസ്തീയ ഉപദേഷ്ടാക്കൾക്കുള്ള പൂർണ മാതൃകയായ യഹോവയെ അനുകരിക്കുമ്പോൾ, തങ്ങൾ വ്യക്തികളെ സഹായിക്കാൻ ചെയ്യേണ്ടതു ചെയ്തിരിക്കുന്നു എന്ന് അവർക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.