അസമത്വം—യാതനകൾ നിയന്ത്രിക്കൽ
മനുഷ്യൻ അതിയായി വാഞ്ഛിക്കുന്ന സമത്വം സ്രഷ്ടാവ് പെട്ടെന്നുതന്നെ സാക്ഷാത്കരിക്കും. അതുവരെ, നമ്മെയും നമ്മുടെ കുടുംബങ്ങളെയും ബാധിക്കുന്ന അസമത്വത്തിന്റെ യാതന നിയന്ത്രിക്കാനുള്ള പടികളെങ്കിലും നമുക്കു സ്വീകരിക്കാം. ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേല അഭിപ്രായപ്പെട്ടതുപോലെ, “ഒരുവനെ മറ്റൊരുവനിൽ നിന്നു വ്യത്യസ്തനാക്കുന്ന സംഗതി, നമുക്കു നൽകപ്പെട്ടവയല്ല, ഉള്ളതിൽ നിന്നും നാം ഉണ്ടാക്കിയെടുക്കുന്നവയാണ്.”
അദ്ദേഹത്തിന്റെ വാക്കുകൾ സത്യമെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ജന്മനാ ലഭിച്ചതു തുച്ഛമായിരുന്നെങ്കിലും, തങ്ങൾക്കുണ്ടായിരുന്നത് ഉപയോഗപ്പെടുത്തിക്കൊണ്ട്, കഴിവുറ്റ സമപ്രായക്കാരിൽ നിന്നു തങ്ങളെ വ്യതിരിക്തരാക്കുന്ന വിജയങ്ങൾ കൊയ്ത സ്ത്രീപുരുഷന്മാർ കുറച്ചൊന്നുമല്ല ഉള്ളത്. നേരെ മറിച്ച്, ജന്മനാ വളരെ ലഭിച്ച വ്യക്തികൾ തങ്ങൾക്കുള്ളതു ധൂർത്തടിച്ച്, തങ്ങളുടെ കഴിവുകൾ പൂർണമായി വിനിയോഗിക്കാൻ പരാജയപ്പെട്ട കേസുകളുമുണ്ട്.
നിങ്ങൾക്കുള്ളത് പരമാവധി പ്രയോജനപ്പെടുത്തുക!
ബൈബിൾ പഠനത്തിലൂടെ ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ച പരിജ്ഞാനം നേടാൻ ആളുകളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്കു സന്തോഷമേ ഉള്ളൂ. എന്നുവരികിലും, ബൈബിളിലുള്ള വിവരങ്ങളിൽ നിന്നു പ്രയോജനം നേടുന്നതിന് ആളുകൾ സാക്ഷരർ ആയിരിക്കണമെന്ന് അവർ തിരിച്ചറിയുന്നു. അക്കാരണത്താൽ, യഹോവയുടെ സാക്ഷികൾ പതിനായിരക്കണക്കിന് ആളുകളെ എഴുത്തും വായനയും പഠിപ്പിച്ചിട്ടുണ്ട്. അതിൽ ഒരു പശ്ചിമ ആഫ്രിക്കൻ രാജ്യത്തെ 23,000 പേരും (1990-കളുടെ മധ്യത്തിലെ കണക്ക്) ഉൾപ്പെടും. യഹോവയുടെ സാക്ഷികൾ അനുഷ്ഠിക്കുന്ന നല്ല സാമൂഹിക സേവനത്തെ പരാമർശിച്ചുകൊണ്ട് സാൻ ഫ്രാൻസിസ്കോ എക്സാമിനർ ഇങ്ങനെ എഴുതി: “നിങ്ങൾക്ക് അവരെ മാതൃകാ പൗരന്മാരായി കരുതാവുന്നതാണ്. അവർ കൃത്യമായി നികുതികൾ അടയ്ക്കുന്നു, രോഗികളെ പരിപാലിക്കുന്നു, നിരക്ഷരതയ്ക്കെതിരെ പോരാടുന്നു.”
കൂടാതെ, പ്രസംഗ പരിശീലന പരിപാടിയിലൂടെ, പൊതുവേദികളിൽ ഒഴുക്കോടെ സംസാരിക്കാൻ പ്രാപ്തരായ നല്ല പ്രാസംഗികരായിത്തീരാൻ യഹോവയുടെ സാക്ഷികൾ ലക്ഷക്കണക്കിനാളുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സാരമായ സംസാര വൈകല്യം ഉണ്ടായിരുന്നവരും ഈ ആയിരങ്ങളിൽ പെടുന്നു. ദക്ഷിണാഫ്രിക്കയിലെ ഒരാളുടെ കാര്യമെടുക്കാം. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “എന്റെ കടുത്ത വിക്ക് നിമിത്തം ഞാൻ എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി. മിക്കപ്പോഴും എനിക്കുവേണ്ടി സംസാരിക്കാൻ ഞാൻ വേറെ ആരെയെങ്കിലും ആശ്രയിച്ചിരുന്നു. . . . ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ ചേർന്ന എനിക്ക് ഒരു ചെറിയ സദസ്സിന്റെ മുമ്പാകെ ബൈബിൾ വായന നടത്തേണ്ടിവന്നു . . . നിയമിത സമയത്തു പരിപാടി തീർക്കാൻ പറ്റാത്തവിധം അത്രയ്ക്കു ഗുരുതരമായിരുന്നു അപ്പോഴത്തെ എന്റെ വിക്ക് . . . യോഗത്തിനു ശേഷം [ബുദ്ധിയുപദേശകൻ] എനിക്കു ദയാപുരസ്സരം പ്രായോഗിക നിർദേശങ്ങൾ തന്നു. ഉറക്കെ വായിച്ചു ശീലിക്കാൻ അദ്ദേഹം എന്നോടു പറഞ്ഞു. ഓരോ ദിവസവും ബൈബിളും വീക്ഷാഗോപുരം മാസികയും ഉറക്കെ വായിച്ചുകൊണ്ട് ഞാൻ അതു ചെയ്തു.” ഈ വ്യക്തി ഇപ്പോൾ നൂറുകണക്കിന്, എന്തിന് ആയിരക്കണക്കിന്, ആളുകളുള്ള സദസ്സിനു മുമ്പാകെ പരസ്യ പ്രസംഗങ്ങൾ നടത്തുന്ന അളവോളം പുരോഗമിച്ചിരിക്കുന്നു.
സഹോദരങ്ങൾക്കിടയിൽ സമത്വം ആസ്വദിക്കൽ
വിദ്യാഭ്യാസം, ആരോഗ്യ രക്ഷ, സാമ്പത്തിക-സാമൂഹിക നില എന്നിവയുടെ കാര്യത്തിൽ യഹോവയുടെ സാക്ഷികളുടെ ഇടയിലെ സാഹചര്യങ്ങൾക്കു വളരെയധികം വ്യത്യാസമുണ്ട്. എന്നാൽ ഈ വ്യത്യാസങ്ങൾ അവർ ജീവിക്കുന്ന ലോകത്തിലെ അപൂർണ അവസ്ഥകളുടെ ഒരു പ്രതിഫലനം മാത്രമാണ്. മറ്റു മതവിഭാഗങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായി, അവരുടെ ഇടയിൽ നിന്ന് വർഗീയ, സാമൂഹിക, സാമ്പത്തിക മുൻവിധികൾ ഏതാണ്ട് പൂർണമായിത്തന്നെ ഇല്ലായ്മ ചെയ്യപ്പെട്ടിട്ടുണ്ട്.
ബൈബിളിൽ നിന്നു പഠിച്ചതു ബാധകമാക്കാൻ തങ്ങളാലാവതു ചെയ്യുന്നതു നിമിത്തമാണ് അവർക്ക് അതിനു കഴിഞ്ഞിരിക്കുന്നത്. പിൻവരുന്നവ പോലുള്ള ബൈബിൾ തത്ത്വങ്ങൾ അവർ മുഴുഹൃദയാ സ്വീകരിക്കുന്നു: “മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) “ദൈവത്തിന്നു മുഖപക്ഷമില്ല . . . ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.”—റോമർ 12:17, 18; 1 തിമൊഥെയൊസ് 6:17-19-ഉം യാക്കോബ് 2:5, 9-ഉം കൂടി കാണുക.
ഐക്യം ഉന്നമിപ്പിക്കുന്ന ഈ ബൈബിൾ തത്ത്വങ്ങളോട് അടുത്തു പറ്റിനിൽക്കുന്നതിനാൽ, തങ്ങൾക്കിടയിൽ വർഗീയമോ സാമൂഹികമോ സാമ്പത്തികമോ ആയ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലുള്ള യാതൊരു വിധ അസമത്വങ്ങളും വെച്ചുകൊണ്ടിരിക്കാൻ യഹോവയുടെ സാക്ഷികൾ അനുവദിക്കുന്നില്ല. ഉദാഹരണത്തിന്, ക്രിസ്തീയ സഭയിലെ സേവന പദവികൾ ആർക്കു നൽകണം എന്ന തീരുമാനത്തിൽ ഈ ഘടകങ്ങൾക്ക് ഒരു പങ്കുമില്ല. പഠിപ്പിക്കലും മേൽവിചാരണയും പോലുള്ള ഉത്തരവാദിത്വ സ്ഥാനങ്ങൾ ആത്മീയ യോഗ്യതകളെ അടിസ്ഥാനമാക്കി മാത്രമാണു നൽകുന്നത്.—1 തിമൊഥെയൊസ് 3:1-13; തീത്തൊസ് 1:5-9.
മുൻവിധി നിറഞ്ഞ ഒരു ലോകത്തിലെ അസമത്വങ്ങൾ സഹിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം, തങ്ങളെ സ്രഷ്ടാവിന്റെ മുമ്പാകെ തുല്യ നിലയുള്ള സഹോദരീ സഹോദരന്മാരായി വീക്ഷിക്കുന്ന ആളുകൾ ഉണ്ടായിരിക്കുന്നത് എത്രയോ നവോന്മേഷപ്രദമാണ്! മാർട്ടിനയുടെ അനുഭവം അതാണു തെളിയിക്കുന്നത്. പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയശേഷം, അവൾ വളർന്നുവന്നത് അമ്മ മാത്രമുള്ള, പാവപ്പെട്ട ഒരു കുടുംബത്തിലാണ്. ഒരു സാമൂഹിക ഭ്രഷ്ടയോട് എന്നപോലെയാണ് ആളുകൾ അവളോട് ഇടപെട്ടിരുന്നത്. ആത്മാഭിമാനം നഷ്ടപ്പെട്ട അവൾ മറ്റുള്ളവരുമായി ഒത്തുപോകാൻ ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി. അവളിൽ ഒരു നിസ്സംഗ മനോഭാവം വളർന്നുവന്നു. എന്നിരുന്നാലും അവൾ ബൈബിൾ പഠിച്ച് ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നപ്പോഴാണ് കാര്യങ്ങൾക്കു മാറ്റം ഭവിച്ചത്. അവൾ ഇങ്ങനെ പറയുന്നു: “ഇപ്പോഴും എനിക്ക് നിഷേധാത്മക ചിന്തയോടു പോരാടേണ്ടതുണ്ടെങ്കിലും, പ്രശ്നങ്ങളെ മെച്ചമായി കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. എന്റെ ആത്മാഭിമാനം മെച്ചപ്പെട്ടു, കൂടുതൽ ആത്മവിശ്വാസത്തോടെ എനിക്കു സംസാരിക്കാനും കഴിയുന്നു. സത്യം എനിക്ക് ഒരു ഉത്തരവാദിത്വബോധം പകർന്നുതന്നിരിക്കുന്നു. യഹോവ എന്നെ സ്നേഹിക്കുന്നുവെന്നും ആസ്വദിക്കാൻ തക്ക അത്ര മൂല്യമുള്ള ഒന്നാണ് ജീവിതം എന്നും എനിക്ക് ഇപ്പോൾ ബോധ്യമായിരിക്കുന്നു.”
ഒരു സാർവദേശീയ ക്രിസ്തീയ സമൂഹമെന്ന നിലയിൽ യഹോവയുടെ സാക്ഷികൾ 230-ലധികം രാജ്യങ്ങളിൽ ഒരളവുവരെ സമത്വം ആസ്വദിക്കുന്നു. അത് ഇന്നത്തെ ലോകത്തിൽ അനന്യസാധാരണമാണ്. മറ്റ് ഏതെങ്കിലും ഒരു മതസംഘടനയ്ക്ക് തെളിവുകളുടെ പിൻബലത്തോടെ സമാനമായി അവകാശപ്പെടാനാകുമോ?
തീർച്ചയായും യഹോവയുടെ സാക്ഷികൾ യാഥാർഥ്യബോധം ഉള്ളവരാണ്. അപൂർണ വ്യവസ്ഥിതിയിൽ ആയിരിക്കുന്നതിനാൽ, നൂറ്റാണ്ടുകളിലുടനീളം മാനുഷ അസമത്വം ഇല്ലായ്മ ചെയ്യാൻ പരിശ്രമിച്ചു പരാജയപ്പെട്ട മറ്റാളുകളെക്കാൾ അധികമൊന്നും തങ്ങൾക്കു ചെയ്യാനാവില്ല എന്ന് അവർ സമ്മതിക്കുന്നു. എന്നിരുന്നാലും, തങ്ങളുടെ ഇടയിൽ അസമത്വത്തിന്റെ കടുത്ത യാതനകൾ നിയന്ത്രിക്കാൻ വളരെ കാര്യങ്ങൾ ചെയ്തിരിക്കുന്നു എന്നത് അവർക്കു സന്തോഷമേകുന്നു. ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള അടിയുറച്ച വിശ്വാസത്തോടെ, നീതി കളിയാടുന്ന, മേലാൽ അസമത്വം ഇല്ലാതിരിക്കുന്ന ഒരു ലോകത്തിനായി അവർ പ്രത്യാശാപൂർവം കാത്തിരിക്കുന്നു.
അതേ, സ്രഷ്ടാവ് ആദിയിൽ മനുഷ്യർക്കു വേണ്ടി ഉദ്ദേശിച്ചിരുന്ന “മാന്യതയിലും അവകാശങ്ങളിലും” ഉള്ള സമത്വം അനുസരണമുള്ള എല്ലാവർക്കും പെട്ടെന്നുതന്നെ ലഭിക്കും. എത്ര നല്ല ആശയം! അത് യാഥാർഥ്യമാകുകതന്നെ ചെയ്യും!
[7-ാം പേജിലെ ചിത്രം]
പതിനായിരക്കണക്കിന് ആളുകളെ എഴുത്തും വായനയും പഠിപ്പിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ നിരക്ഷരതയ്ക്കെതിരെ പോരാടുന്നു
[8-ാം പേജിലെ ചിത്രം]
വർഗീയ, സാമൂഹിക, സാമ്പത്തിക മുൻവിധികൾ ഇല്ലായ്മ ചെയ്യാൻ ബൈബിൾ സത്യം സഹായിക്കുന്നു