സമത്വത്തിന്റെ അനുധാവനം
അധമനെന്ന് തോന്നുന്നതിന് ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. “എന്റെ അയൽക്കാരനുള്ളത്ര മേൻമ എനിക്കുമുണ്ട്” എന്നത് ഒരു പതിവ് പറച്ചിൽ ആണ്. മേധാവിത്വഭാവം നമുക്ക് അരോചകമായി തോന്നാറില്ലേ? അടിസ്ഥാനപരമായി മററുള്ളവരോട് സമനാണ് താൻ എന്ന ബോധ്യം ഒരുവന് ആശ്വാസം പകരുന്നു. എങ്കിലും അനേകർ അനുഭവിച്ചറിഞ്ഞിരിക്കുന്നതുപോലെ സമത്വത്തെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കയും ചെയ്യുന്നത് അത് നേടിയെടുക്കുന്നതിനേക്കാൾ എളുപ്പമാണ്. പിൻവരുന്ന ദൃഷ്ടാന്തം പരിചിന്തിക്കുക.
വടക്കെ അമേരിക്കയിലെ ഇംഗ്ലീഷ് കോളനികൾ 1776-ൽ അവരുടെ സ്വയംഭരണാവകാശം പ്രഖ്യാപിച്ചു. അവരുടെ വിഖ്യാതമായ സ്വാതന്ത്ര്യ പ്രഖ്യാപനം “സർവ്വ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്നതിനെ “നഗ്നമായ സത്യങ്ങളിൽ” ഒന്നായി ഉദ്ഘോഷിച്ചു. “ജീവിതം സ്വാതന്ത്ര്യം സന്തുഷ്ടിയുടെ അനുധാവനം” എന്നിവ ആസ്വദിക്കുകയെന്നത് എല്ലാ പൗരൻമാരുടെയും അവകാശമാണ് എന്നവർ പ്രസ്താവിക്കുകയും ചെയ്തു.
ബ്രിട്ടനിൽ നിന്ന് 13 കോളനികൾ വേർപെട്ടപ്പോൾ അവയുടെ ജനസംഖ്യ ഏകദേശം 30 ലക്ഷം ആയിരുന്നു. ഇതിൽ 5 ലക്ഷത്തിലധികം പേർ അടിമകളായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം നിർത്തലാക്കാൻ ഏതാണ്ട് നൂറ് വർഷങ്ങളോളം എടുത്തു. ഈ പ്രഖ്യാപനത്തിന്റെ മുഖ്യ സൂത്രധാരകനായ തോമസ് ജെഫേഴ്സൺ തന്റെ ആയുഷ്ക്കാലം മുഴുവൻ ഒരു അടിമയുടമയായി കഴിഞ്ഞു. പ്രഖ്യാപനത്തിന്റെ ലക്ഷ്യങ്ങൾ ഉത്കൃഷ്ടങ്ങളായിരുന്നു, പക്ഷെ, ആ മൗലികമായ സമത്വം ഭാഗികമായിട്ടെങ്കിലും യാഥാർത്ഥ്യമായിത്തീരുന്നതിന് സമയം ആവശ്യമായിരുന്നു.
ഭൂമിയൊട്ടാകെ അനേകർ ഇന്നും വലിയ സ്വാതന്ത്ര്യനഷ്ടം അനുഭവിക്കുന്നു, അല്ലെങ്കിൽ അവർ വിവേചനത്തിന് ഇരയായിത്തീരുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ സകലവിധ അനീതികളെയും അസമത്വങ്ങളെയും നീക്കം ചെയ്യാൻ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവക്കുന്നു. സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള ഒരു ഐക്യരാഷ്ട്ര പ്രസിദ്ധീകരണം, ഒരു ഡസനിൽ കൂടുതൽ പ്രാവശ്യം തുല്യരായിരിക്കുന്നതിനെക്കുറിച്ചും സമത്വത്തിന്റെ ആവശ്യത്തെപ്പററിയും പരാമർശിക്കുന്നു. കണ്ടിടത്തോളം അത് ഇന്നും ഒരു അപ്രാപ്യ ലക്ഷ്യമായി അവശേഷിക്കുന്നു. എന്തുകൊണ്ട്?
സമത്വത്തിന് വിവിധ മുഖങ്ങളുണ്ട്, അതിനെ നിർവ്വചിക്കാൻ വിഷമവുമാണ് എന്നതാണ് പ്രശ്നം. ആളുകൾ തങ്ങളുടെ സാഹചര്യത്തിനനുസരിച്ച് ഭിന്നവിധങ്ങളിൽ സമത്വത്തിന് വേണ്ടി നോക്കുന്നു ആസ്ഥിതിക്ക് മനുഷ്യർ തുല്യരാണ് എന്ന് ഏതളവോളം നമുക്ക് പറയാനാവും? നമ്മുടെ സഹമനുഷ്യനുമായുള്ള സമത്വം സംബന്ധിച്ച് ഇന്നേക്കും ഭാവിയിലേക്കും നമുക്ക് ന്യായമായി എന്തു പ്രതീക്ഷിക്കാം?
സമത്വം—ഇന്നെത്ര യഥാർത്ഥം?
ഒരു പ്രഭുകുമാരനും ഒരു ദരിദ്രനും ഒരേ ദിവസം ഒരേ നഗരത്തിൽ ജനിച്ചേക്കാം പക്ഷെ സമ്പത്തിന്റെയും പദവികളുടെയും വെള്ളിക്കരണ്ടി സാദ്ധ്യതയനുസരിച്ച് ഒരുത്തനെ തുണക്കുമ്പോൾ മററവൻ ദാരിദ്ര്യത്തിന്റെ പിടിയിലാകുന്നു. സകല ആളുകളും തുല്യരായി ജനിക്കുന്നുവെന്ന് ഇന്ന് പറയാനാവാത്തതിന്റെ കേവലം ഒരു വശമാണിത്.
നാം ജീവിക്കുന്ന സമുദായത്തെയും അത് വർഷങ്ങളിലൂടെ വളർത്തിക്കൊണ്ടു വന്ന സമത്വത്തിന്റെ തോതിനെയും ആണ് അധികവും ആശ്രയിച്ചിരിക്കുന്നത്. ബ്രിട്ടാനിക്കാ വിശ്വവിജ്ഞാനകോശം അതു ഭംഗിയായി ഇങ്ങനെ സംഗ്രഹിക്കുന്നു.
“ധനവും അധികാരവും മററു മൂല്യങ്ങളും പങ്കുവക്കുന്നതിന് എല്ലാ സമൂഹങ്ങളും അവശ്യം ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. ഈ ക്രമീകരണങ്ങൾ വ്യക്തികൾക്കും സംഘങ്ങൾക്കും ഇടയിൽ എല്ലാ അളവിലുമുള്ള സമത്വവും അസമത്വവും പ്രദർശിപ്പിക്കുന്നു.”
ഏതു സമുദായത്തിലായാലും ഓരോ വ്യക്തിക്കും മററുള്ളവർക്കും നൽകുന്നതിനായി തന്റെ പക്കൽ മററാർക്കും ഇല്ലാത്ത എന്തെങ്കിലും ഉണ്ടായിരിക്കും. ചിലർ അങ്ങനെ എല്ലാവരുടെയും വ്യക്തിഗതമായ സിദ്ധികളെയും പ്രാപ്തികളെയും പ്രയോജനപ്പെടുത്തിക്കൊണ്ട് ധനവും ഉത്പാദന വിഭവങ്ങളും തുല്യമായി പങ്കിടുന്നതിന് ശ്രമിച്ചു. ഇതാണ് പിൻവരുന്ന കമ്യൂണിസ്ററ് ചൊല്ലിന് ആധാരം: “ഓരോരുത്തനിൽ നിന്നും അവനവന്റെ പ്രാപ്തികൾക്കൊത്തവണ്ണവും ഓരോരുത്തർക്കും അവരവരുടെ ആവശ്യത്തിന് തക്കവണ്ണവും.” കൂടാതെ: “ഓരോരുത്തനിൽ നിന്നും അവനവന്റെ പ്രാപ്തിക്കൊത്തവണ്ണവും ഓരോരുത്തർക്കും അവരവരുടെ ജോലിക്ക് തക്കവണ്ണവും.” അത്തരം തത്വശാസ്ത്രങ്ങൾക്ക് ഒരാകർഷകത്വം തോന്നിയേക്കാമെങ്കിലും സർവ്വമാനുഷ ഭരണ വ്യവസ്ഥിതികൾക്കും കീഴെ അസമത്വം നിലനിൽക്കുന്നു.
സമത്വത്തിന്റെ ആദർശം പുരോഗമിപ്പിക്കുന്നതിന് പകരം ചില രാഷ്ട്രീയ വ്യവസ്ഥിതികൾ സാങ്കൽപ്പികമായ വർഗ്ഗീയ അസമത്വത്തിൽ നിന്നും മുതലെടുപ്പ് നടത്താൻ തുനിയുന്നു എന്നതാണ് വാസ്തവം. ഒരു “വിശിഷ്ടജാതി” എന്ന നിലയിലുള്ള നാസികളുടെ അവകാശവാദത്തെക്കുറിച്ച് അനുസ്മരിക്കുക. പക്ഷെ ഒരു “വിശിഷ്ടജാതി” എന്നൊന്ന് ഉണ്ടെന്നുള്ള വാദത്തെ അന്നു മുതൽക്കേ വിലയിടിക്കുകയാണ് ചെയ്തിട്ടുള്ളത്. ശാരീരിക ലക്ഷണങ്ങളിലെ പ്രകടമായ വ്യത്യാസങ്ങളൊഴികെ ജാതികൾക്കിടയിലുള്ള പെരുമാററത്തിലെയും ബുദ്ധിശക്തിയിലെയും വ്യത്യാസങ്ങളുടെ സാദ്ധ്യത സ്ഥാപിക്കുക ബുദ്ധിമുട്ടായിത്തീരുന്നു എന്നതാണ് ബ്രട്ടാനിക്കാ വിശ്വവിജ്ഞാനകോശം വീണ്ടും ഉദ്ധരിക്കുമ്പോൾ നാം കാണുന്നത്. അത്തരം ജാതിസമത്വം അടിസ്ഥാനപരമാണ്.
വിദ്യാഭ്യാസവും പ്രാപ്തിയും
വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ സുലഭമായിരുന്നാൽ അതിന് ഒരു വലിയ സമത്വഹേതുവായി വർത്തിക്കാനും കഴിയും പക്ഷെ അത് എപ്പോഴും ഒത്തുവരുകയില്ല. മിക്ക രാജ്യങ്ങളിലും ക്ലേശിച്ചുണ്ടാക്കിയ പണം അടിസ്ഥാന വിദ്യാഭ്യാസത്തിനു തന്നെ ചെലവഴിച്ച് തീർക്കെണ്ടിവരുന്നു.
ഉദാഹരണത്തിന് ദക്ഷിണാർദ്ധഗോളത്തിലെ ഒരു രാജ്യത്ത് അക്ഷരാഭ്യാസമുള്ളവർ വെറും 20 ശതമാനം മാത്രമാണ്. അവിടങ്ങളിൽ ആദ്യത്തെ രണ്ടു കുട്ടികൾക്കു മാത്രം സാമാന്യം ഭേദമായ വിദ്യാഭ്യാസം നൽകിയിട്ട്, ശേഷമുള്ളവർക്ക് പക്ഷെ, കുടുംബത്തിന്റെ സാമ്പത്തിക ശേഷി അനുവദിക്കാത്തതുകൊണ്ട് യാതൊരു വിദ്യാഭ്യാസവും ലഭിക്കാതെ കഴിയുന്ന ഒരു കുടുംബത്തെ കാണുക അസാധാരണമല്ല. മററ് വികസ്വര രാജ്യങ്ങളും സമാനമായ പ്രശ്നങ്ങളെ നേരിടുന്നു.
ഈ സ്ഥിതിവിശേഷം അസമത്വത്തെ നിലനിർത്തുന്നു, കാരണം, നമ്മുടെ ആധുനിക സമുദായത്തിൽ പുരോഗതിക്കുള്ള സാദ്ധ്യത അഭ്യസ്തവിദ്യർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുന്നു. എങ്കിൽത്തന്നെയും ചില സർവ്വകലാശാലകളിൽനിന്നുള്ള ബിരുദങ്ങൾ മററുള്ളവയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ ആളുകൾ പ്രിയപ്പെടുന്നു. കാരണം അവ അധികം അന്തസ്സ് നേടിത്തരുന്നു. അതുകൊണ്ട് ഇന്നത്തെ അസമത്വങ്ങൾക്കുള്ള അവസാന ഉത്തരം ഒരിക്കലും വിദ്യാഭ്യാസം അല്ല.
മൗലിക അവകാശങ്ങൾ
മനുഷ്യർക്ക് എല്ലാവശങ്ങളിലും സർവ്വസമമായിരിക്കാൻ ഒരിക്കലും സാദ്ധ്യമല്ല എന്ന് ജനിതക ഘടകങ്ങൾ നിർണ്ണയം ചെയ്തേക്കാമെങ്കിലും ചില മൗലിക കാര്യങ്ങളിൽ സമത്വം നിലനിൽക്കണം എന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? പിൻവരുന്ന കാര്യങ്ങളിൽ പുരോഗതി കൈവരിക്കാൻ കഴിഞ്ഞാൽ മനുഷ്യവർഗ്ഗത്തിന് ഏറിയ ശ്രേയസ്സുണ്ടായേനെ.
ജാതി സമത്വം: ഒരു ജാതിയോ വർഗ്ഗമോ മറെറാന്നിൻമേൽ നിന്ദ കൽപ്പിക്കുന്ന പ്രവണതയെ എന്നെങ്കിലും അതിജീവിക്കാൻ നമുക്കെങ്ങനെ കഴിയും? നീരസങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വ്യക്തികളെ തുല്യരായി കണക്കാക്കിക്കൊണ്ട് അവർക്കർഹമായ മാന്യത നൽകുന്നത് ഉറപ്പുവരുത്താൻ എന്തുചെയ്യാൻ കഴിയും?
ഭക്തണം: പട്ടിണി കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ കാണുകയും വികലപോഷണമോ അതുമായി ബന്ധപ്പെട്ട ദീനമോ നിമിത്തം ദശലക്ഷങ്ങൾ ഓരോ വർഷവും മരണപ്പെടുന്നത് വായിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? ലോകജനസംഖ്യക്ക് മുഴുവൻ ആവശ്യമായ ഭക്ഷണമത്രയും ഇന്നുണ്ട് എന്നത് സ്ഥിരീകരിക്കപ്പെട്ട പരമാർത്ഥം ആണ്. അങ്ങനെയെങ്കിൽ അത്തരം യാതന ദുരീകരിക്കുന്നതിന് എന്തുകൊണ്ട് കൂടുതൽ നീതിപൂർവ്വകമായ പങ്കുവയ്പ്പ് ആയ്ക്കൂടാ?
ജോലി: തൊഴിലില്ലായ്മ ഹൃദയവേദനയും ഇച്ഛാഭംഗവും—ആത്മഹത്യപോലും വിളിച്ചുവരുത്തുന്നു. എല്ലാവർക്കും ഫലപ്രദമായ തൊഴിൽ നൽകുക സാദ്ധ്യമല്ലേ? എല്ലാവർക്കും തുല്യമായ തൊഴിൽ അവസരങ്ങൾ ഉണ്ടാകാൻ സാദ്ധ്യമല്ലേ?
വിദ്യാഭ്യാസം: നിരക്ഷരത നിർമ്മാർജ്ജനം ചെയ്യാൻ ആകുമാറ് സകലർക്കും കുറഞ്ഞത് അടിസ്ഥാന വിദ്യാഭ്യാസത്തിലേക്കെങ്കിലും പ്രവേശനം ഉണ്ടായിരിക്കേണ്ടതല്ലേ? പല തട്ടിലുള്ള ആളുകൾ തമ്മിലുള്ള വ്യത്യാസം വർദ്ധിപ്പിക്കുന്നതിന് പകരം (സമ്പന്നർ അധികം സമ്പന്നരും ദരിദ്രർ അധികം ദരിദ്രരും ആയിത്തീരുന്നത്) വിദ്യാഭ്യാസത്തിന് സകലരുടെയും സ്ഥിതി അഭിവൃദ്ധിപ്പെടുത്താൻ സാദ്ധ്യല്ലേ? വിദ്യാഭ്യാസത്തിൽ സാങ്കേതിക വിവരങ്ങളേക്കാൾ കവിഞ്ഞ് സൻമാർഗ്ഗ ബോധവും മാനുഷബന്ധങ്ങളുടെ ശ്രേഷ്ടതത്വങ്ങളും ഉൾക്കൊള്ളിച്ചാൽ അതങ്ങനെയാണെന്ന് വിശേഷാൽ തെളിയും.
തീർച്ചയായും സമത്വത്തിന്റെ അന്വേഷണത്തിന് ദീർഘദൂരം ഇനിയും പിന്നിടേണ്ടതുണ്ട് എന്ന് നിങ്ങൾ സമ്മതിക്കും! (w85 8/15)