എല്ലാ മനുഷ്യരും തുല്യരാണ്—എങ്ങനെ?
എല്ലാ രാഷ്ട്രങ്ങളിലും ഉള്ള സ്ത്രീപുരുഷൻമാർക്ക് അന്യോന്യം തുല്യരായി കാണുന്നതിനും—അതിനനുസരണം പ്രവർത്തിക്കുന്നതിനും സാധിക്കുമോ? ഈ വർത്തമാനകാല ലോകമാണ് നമുക്ക് കഴിഞ്ഞു കൂടാനുള്ളതെങ്കിൽ അതു സാദ്ധ്യമാകയില്ല. എങ്കിലും അത് സാദ്ധ്യമാണ് എന്ന് നമുക്ക് ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കാം. എന്തുകൊണ്ട്? കാരണം, വാസ്തവം അതാണ് എന്ന് തെളിയിച്ചിട്ടുള്ള ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ ഉണ്ട്.
സത്യക്രിസ്ത്യാനിത്വത്തെ സമത്വവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്നത് സുപരിചിതമാണ്. ഉദാഹരണത്തിന് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “നാം മേലാൽ യഹൂദൻമാരോ യവനൻമാരോ അടിമകളോ സ്വതന്ത്രരോ എന്നില്ല, കേവലം പുരുഷൻമാരോ സ്ത്രീകളോ എന്നുമില്ല, പിന്നെയോ നാമെല്ലാം ഒന്നാണ്—നാം ക്രിസ്ത്യാനികളാണ്.” (ഗലാത്യർ 3:28, ദ ലിവിംഗ് ബൈബിൾ) പക്ഷെ ഇതു വെറും ആദർശ ഭാഷണം മാത്രമാണോ? അസമത്വങ്ങൾ നിറഞ്ഞ ഒരു ലോകത്തായിരിക്കെ ആദിമക്രിസ്ത്യാനികളുടെയിടയിൽ ഇതെങ്ങനെ പ്രായോഗികമായി?
യേശു പഠിപ്പിച്ച സൗഹൃദം അവർ വികസിപ്പിച്ചപ്പോൾ അതു ലോകത്തിൻമേൽ ഉളവാക്കിയ ഫലം സംബന്ധിച്ച് വളരെയധികം എഴുതപ്പെട്ടിട്ടുണ്ട്. എബർ ഫാർഡ് ആവനോൾഡ് അപ്പോസ്തലൻമാരുടെ മരണശേഷമുള്ള ആദിമ ക്രിസ്ത്യാനികൾ എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:
“ക്രിസ്ത്യാനികൾ തങ്ങളുടെ സഹമനുഷ്യർ തങ്ങളുടേതുപോലുള്ള അതേ ഭാഗധേയത്തിനും അതേ വിളിക്കും പങ്കാളികളായ സഹോദരങ്ങൾ ആണെന്നവണ്ണം അവർക്ക് നൽകിയ തുല്യമായ മതിപ്പ് എല്ലാ കാര്യങ്ങളിലും സമത്വത്തിനും സഖിത്വത്തിനും വഴിതെളിച്ചു. ഈ സമഭാവന എല്ലാവർക്കും തുല്യ ബഹുമതിയിലും, ജോലി ചെയ്യാനുള്ള തുല്യ ബാദ്ധ്യതയിലും തുല്യ ജീവിതാവസരങ്ങളിലും കലാശിച്ചു. . . . അന്നാളിലെ ക്രിസ്ത്യാനികൾ അന്യോന്യം കാത്ത ആ സമഭാവന ജനനത്തിങ്കലെ പരിപൂർണ്ണതുല്യതയുടെ അടിസ്ഥാനത്തിൽ സ്നേഹത്തിൽ അധിഷ്ഠിതമായ സാമൂഹ്യ ഐക്യത്തിൽ പരിണമിച്ചു.”
ദൈവദത്തമായ ഐക്യത്തിന്റെ എത്ര ശ്രേഷ്ഠമായ തെളിവ്!
ഒരുമയുള്ള സമൂഹത്തിലെ തുല്യർ
ആദിമ ക്രിസ്തീയ സഭയിലെ വ്യക്തികൾക്ക് വിവിധ സ്വതസിദ്ധ കഴിവുകളും പ്രാപ്തികളും ഉണ്ടായിരുന്നു. ചിലർ സംഗീതത്തിൽ മികച്ചു നിന്നിരിക്കും. അതേ സമയം മററുള്ളവർക്ക് മികച്ച ഓർമ്മശക്തിയോ പേശീബലമോ ഉണ്ടായിരിന്നിരിക്കാം. അത്തരം വൈവിദ്ധ്യങ്ങൾക്ക് പുറമേ പരിശുദ്ധാത്മാവ് വൈവിദ്ധ്യമാർന്ന വശങ്ങളും പ്രാപ്തികളും പകർന്നു കൊടുത്തു, അവ പരസ്പര പൂരകങ്ങളായിരുന്നുവെങ്കിലും. പൗലോസിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ശരീരം ഒന്നും അതിന് അംഗങ്ങൾ പലതും ശരീരത്തിന്റെ അവയവങ്ങൾ എല്ലാം പലതായിരിക്കെ ശരീരം ഒന്നും ആയിരിക്കുന്നതു പോലെയത്രെ ക്രിസ്തുവും. യഹൂദൻമാരോ യവനരോ ദാസരോ സ്വതന്ത്രരോ ആകട്ടെ സത്യമായി നാമെല്ലാം ഒരേ ആത്മാവിനാൽ ഒരേ ശരീരത്തിലേക്ക് സ്നാനം ഏററിരിക്കുന്നു.” (1 കൊരിന്ത്യർ 12:11-13) സഭയെ നയിക്കുന്നവരെ പ്രവചനങ്ങളിൽ വർണ്ണിച്ചിരിക്കുന്നതുപോലെ വിവിധതരം “മനുഷ്യരാം ദാനങ്ങളെ” തന്നിട്ടുണ്ടെങ്കിലും എല്ലാവരും സുവിശേഷഘോഷകരായിരുന്നു.—എഫേസ്യർ 4:8; സങ്കീർത്തനങ്ങൾ 68:18.
മേൽവിചാരകൻമാർ ആത്മീയ പക്വത ഉള്ളവർ ആയിരുന്നു. അവരെ ഗ്രീക്ക് ഭാഷയിൽ എപ്പിസ്ക്കോപ്പോയ് എന്നു വിളിച്ചിരുന്നു. അതിന്റെ ക്രിയാരൂപമായ എപ്പിസ്ക്കോപ്പിയോ (മേൽവിചാരണ നടത്തുക) എന്ന പദത്തെക്കുറിച്ച് എഴുതവെ ഡബ്ലിയു. ഇ. വൈൻ പറയുന്നു: “ആ പദം ഉത്തരവാദിത്വത്തിലേക്കുള്ള പ്രവേശനത്തെ അല്ല പിന്നെയോ ഉത്തരവാദിത്തം നിവർത്തിക്കുന്നതിനെയാണ് ധ്വനിപ്പിക്കുന്നത്. അത് ഒരു സ്ഥാനത്തുവരുക എന്ന സംഗതിയല്ല പിന്നെയോ കർത്തവ്യങ്ങളുടെ നിർവ്വഹണമാണ്.” നിയമിതരായ ഈ മേൽവിചാരകൻമാരോട് കൂടെ പ്രവർത്തിക്കുന്നത് ഡയക്കേനോയ് എന്ന ഗ്രീക്ക് പദത്താൽ അർത്ഥമാക്കപ്പെടുന്ന “ശുശ്രൂഷകൻമാർ” “ശുശ്രൂഷാദാസൻമാർ” അഥവ “ഡിക്കൻമാർ” ആണ്.
ഈ പദം ദാസ്യവേലയോ പരിചാരകനെന്ന നിലയിൽ ചെയ്യുന്ന സൗജന്യസേവനമോ അനുഷ്ഠിക്കുന്ന ഒരു ദാസനെയാണ് പ്രാഥമികമായും സൂചിപ്പിക്കുന്നത്. ആ സേവനത്തിന്റെ സ്വഭാവത്തിന് പ്രത്യേകതയൊന്നും കൽപ്പിക്കാറില്ല.” ഏതു സ്ഥാനത്തിനായാലും സേവനപദവിയാണ് പ്രധാന സംഗതി. സ്ഥാനത്തിന് വലിയ മഹിമ കൽപ്പിച്ചിരുന്നില്ല കാരണം ദൈവത്തിന്റെ ആരാധകർ എന്ന നിലയിൽ അവർ തുല്യരായിരുന്നു. അവരെല്ലാം അവന്റെ ദാസൻമാർ ആയിരുന്നു.
യേശു തന്റെ അപ്പോസ്തലൻമാരായി തെരഞ്ഞെടുത്തത് 12 പുരുഷൻമാരെ ആയിരുന്നെങ്കിലും സ്ത്രീകളും അവനോടൊത്തുള്ള സഹവാസം ആസ്വദിച്ചു. അവരെല്ലാം സജീവരായിരുന്നു. മഗ്ദലനക്കാരത്തി മറിയ, യോഹന്ന ശൂശന്ന എന്നിവർ യേശുവിനെ ശുശ്രൂഷിച്ചതായും എടുത്തു പറയപ്പെട്ടിട്ടുണ്ട് ക്രി. വ. 33 ലെ പെന്തക്കോസ്ത് ദിവസം സ്ത്രീകൾക്കും പരിശുദ്ധാത്മാവിന്റെ വരങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടവർക്ക് തങ്ങളുടെ ക്രിസ്തീയ വിശ്വാസസത്യങ്ങൾ സംബന്ധിച്ച് സാക്ഷ്യം നൽകുന്നതിനും അന്യഭാഷകളിൽ സംസാരിക്കുന്നതിനും സാധിച്ചു. ക്രിസ്തീയ സഹോദരിമാർ പക്ഷെ സഭായോഗങ്ങളിൽ പഠിപ്പിക്കുന്ന കാര്യത്തിൽ നേതൃത്വം എടുത്തിരുന്നില്ല പിന്നെയോ പരസ്യമായി ദൈവവചനം പ്രസംഗിക്കുന്നതിൽ അവർ സഹോദരങ്ങളോടൊപ്പം പങ്കുപററി.—ലൂക്കോസ് 8:1-3; പ്രവൃത്തികൾ 1:14; 2:17, 18; 18:26.
കുറെക്കൂടി വ്യക്തിപരമായ നിലയിലും അന്യോന്യം സഹായിക്കുന്നതിൽ ക്രിസ്ത്യാനികൾ ഒരു കീഴ്വഴക്കം സൃഷ്ടിച്ചു. ഉദാഹരണത്തിന് യരൂശലേമിലെ സന്ദർശകർ ക്രി. വ. 33 ലെ പെന്തക്കോസ്ത് നാളിലെ അപ്പോസ്തലൻമാരുടെ അത്ഭുത ചെയ്തികളെ അറിയാൻ ഇടയായപ്പോൾ അവർ ഉദ്ദേശിച്ചതിലും അധികം നാൾ അവിടെ തങ്ങി അപ്പോൾ അവരുടെ ഭക്ഷണവും പണവും തീർന്നു. എങ്കിലും തിരുവെഴുത്ത് രേഖ ഇങ്ങനെ പ്രസ്താവിക്കുന്നു: “അവരുടെയിടയിൽ മുട്ടുള്ള ഒരുവനും ഉണ്ടായിരുന്നില്ല. എന്തെന്നാൽ വയലുകളും വീടുകളും കൈവശം ഉണ്ടായിരുന്നവരെല്ലാം അവയെ വിററു. വിററ വസ്തുക്കളുടെ മൂല്യം കൊണ്ടുവരുമായിരുന്നു, അപ്പോസ്തലൻമാരുടെ നേതൃത്വത്തിൽ സൗജന്യവിതരണം ചെയ്യുന്നതിനുവേണ്ടി ആയിരുന്നു അത്.” ആദിമ ക്രിസ്ത്യാനികളുടെ സ്നേഹവും സമഭാവനയും ഒരു പ്രായോഗിക യാഥാർത്ഥ്യം ആണെന്ന് തെളിയിക്കുന്ന എത്ര നല്ല ആത്മാവ്! “അവർക്കു സകലവും പൊതുവകയായിരുന്നു” എന്ന് പറയാനാവുമായിരുന്നു.—പ്രവൃത്തികൾ 4:32, 34, 35.
പ്രായോഗിക സമത്വം ഇന്ന്
വർത്തമാനകാല ലോകത്തിന്റെ വിഭാഗീയതകൾക്കും സാമൂഹിക ചട്ടക്കൂടുകൾക്കും മദ്ധ്യേ ആദിമ ക്രിസ്ത്യാനികളെ അനുകരിക്കാൻ ശ്രമിക്കുന്നത് എളുപ്പമായിരിക്കുകയില്ല. പക്ഷേ അങ്ങനെ ചെയ്യുകയെന്നത് എപ്പോഴും യഹോവയുടെ സാക്ഷികളുടെ ലക്ഷ്യം ആയിട്ടാണ് ഇരുന്നിട്ടുള്ളത്. അവർക്ക് ഗണ്യമായ വിജയം ഉണ്ടായിട്ടുണ്ടെന്നുള്ളത് സ്പഷ്ടമാണ്. കനേഡിയാനാ വിശ്വവിജ്ഞാനകോശം ഇങ്ങനെ കുറിക്കൊള്ളുന്നു:
“യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഒന്നും രണ്ടും നൂററാണ്ടുകളിലെ യേശുവും അപ്പോസ്തലൻമാരും ആചരിച്ചിരുന്ന പുരാതന ക്രിസ്ത്യാനിത്വത്തിന്റെ പുനരാവിർഭാവവും പുനഃസ്ഥിതീകരണവും ആണ്. . . . എല്ലാവരും സഹോദരങ്ങളാണ്.”
ഈ ക്രിസ്തീയ സാഹോദര്യം അത് 1900 വർഷങ്ങൾക്കു മുമ്പ് ചെയ്തിരുന്നതുപോലെ ഇന്ന് പ്രശ്നങ്ങളുള്ള സന്ദർഭങ്ങളിൽ പ്രായോഗിക സഹായം നൽകുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപതിൽ ഇററലിയുടെ ചില ഭാഗങ്ങൾ രൂക്ഷമായ ഭൂകമ്പത്തിന് ഇരയായപ്പോൾ അന്ന് സായാഹ്നത്തിൽ തന്നെ സാക്ഷികൾ തയ്യാറാക്കിയ വിഭവങ്ങളുടെ ആദ്യത്തെ ട്രക്ക്ലോഡ് ഭൂകമ്പ ബാധിത പ്രദേശത്ത് എത്തിച്ചേർന്നു. ഒരു ഔദ്യോഗിക റിപ്പോർട്ട് ഇങ്ങനെ വായിക്കുന്നു:
“അത്യാവശ്യ സഹായം എത്രപെട്ടെന്നാണ് എത്തിച്ചേർന്നത് എന്നു കണ്ട് സഹോദരൻമാർ ആശ്ചര്യപ്പെട്ടു. ഞങ്ങൾ ഉടനടി സ്വന്തം പാചകശാലയുണ്ടാക്കി. അവിടുന്ന് സഹോദരിമാർ പാകം ചെയ്ത ഭക്ഷണം ഓരോ ദിവസവും സഹോദരങ്ങൾക്ക് വിതരണം ചെയ്തു. ആ പട്ടണത്തിലെ മററു നിവാസികൾക്ക് സഹായം അതുവരെ ലഭിച്ചിട്ടില്ലായിരുന്നു. അവർ തങ്ങളാൽ ആകുന്നതുപോലെ സ്വയം കരുതൽ ചെയ്തു. തീർച്ചയായും സഹോദരൻമാർ സ്വാർത്ഥരല്ലായിരുന്നു. അവർ സാക്ഷികളല്ലാത്ത അനേകരുമായി ഭക്ഷണം പങ്കുവച്ചു.”
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിരണ്ട് ഓഗസ്ററിൽ സ്വാസിലാണ്ടിലെ രാജാവായ സെബുസാ 2-ാമന്റെ മരണത്തെത്തുടർന്ന് നടന്ന പരമ്പരാകതമായ ദുഃഖാചരണ ചടങ്ങുകളിൽ യഹോവയുടെ സാക്ഷികൾ പങ്കുപററാതിരുന്നത് നിമിത്തം അവർ പീഢനങ്ങൾക്ക് വിധേയരായിത്തീർന്നു. ബ്രിട്ടണിൽ രണ്ട് സാക്ഷികൾ (ഒരാൾ കറുത്തയാളും ഒരാൾ വെളുത്തയാളും) സ്വാസിലാൻറ് ഹൈക്കമ്മീഷനറുടെ മുമ്പാകെ ഈ സ്ഥിതിവിശേഷത്തിന് അറുതി വരുത്തുന്നതിന് ഒരു സംയുക്ത നിവേദനം സമർപ്പിച്ചു. അൽപ്പം നേരം ശ്രദ്ധിച്ചതിനും ശേഷം ആ സ്വാസി ഉദ്യോഗസ്ഥൻ വിദ്യാസമ്പന്നനും ഒരു ഓഫീസ് എക്സിക്ക്യൂട്ടിവുമായ കറുത്തസാക്ഷിയുടെ നേർക്ക് തിരിഞ്ഞ് ഇങ്ങനെ ചോദിച്ചു: “പക്ഷേ നിങ്ങൾ എന്തുകൊണ്ടിവിടെ വന്നിരിക്കുന്നു?” മറുപടി വന്നതു ഇങ്ങനെയാണ്: “എന്തുകൊണ്ടെന്നാൽ നിങ്ങളുടെ രാജ്യത്തുള്ള എന്റെ ക്രിസ്തീയ സഹോദരൻമാരുടെ ക്ഷേമത്തിൽ ഞാൻ ഉത്കണ്ഠാകുലനാണ്.” അത്രമാത്രം ധനാഢ്യനായ ഒരാൾക്ക് താൻ ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലാത്ത ഒരു രാജ്യത്ത് വസിക്കുന്ന ആഫ്രിക്കാക്കാരുമായ് സമഭാവന വച്ചു പുലർത്താൻ എങ്ങനെ കഴിയുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു.
നിങ്ങളുടെ പ്രാദേശിക രാജ്യഹാളിലോ ഒരു വലിയ സമ്മേളനത്തിലോ സംബന്ധിച്ചുകൊണ്ട് നിങ്ങൾക്കെന്തുകൊണ്ട് സ്വയം കണ്ടറിഞ്ഞുകൂടാ? നിങ്ങൾ പ്രായം കുറഞ്ഞയാളോ മുതിർന്നവനോ ആയിരുന്നാലും ധനികനോ ദരിദ്രനോ ആയിരുന്നാലും നിങ്ങൾക്കൊരു കോളേജ് വിദ്യാഭ്യാസം ഉണ്ടായിരുന്നാലും സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരുന്നാലും സ്കൂൾ വിദ്യാഭ്യാസം പോലും ഇല്ലാതിരുന്നാലും നിങ്ങൾക്ക് സ്വാഗതം അരുളുന്ന ഒരു സമുദായത്തെ നിങ്ങൾ കണ്ടെത്തും. ഓരോരുത്തരും സഹോദരനെന്നോ സഹോദരിയെന്നോ വിളിക്കപ്പെടുന്നു. ജാതി പശ്ചാത്തലം, സ്ഥാനമാനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തി അളക്കപ്പെടുന്നില്ല. ഓരോരുത്തരും അവരവരുടെ ക്രിസ്തീയ വ്യക്തിത്വത്തെയും ഗുണങ്ങളെയും പ്രതി വിലമതിക്കപ്പെടുന്നു.
നിയമിത മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ഉൾപ്പെടുന്ന പഠിപ്പിക്കൽ സമ്പ്രദായം ആദിമ ക്രിസ്തീയ സഭയുടെ ഘടനയിൽ അടിസ്ഥാനപ്പെട്ടതാണ്. സഭായോഗങ്ങൾ ലോകവ്യാപക സമത്വം, യോജിപ്പ് എന്നിവ പ്രതിഫലിപ്പിക്കുന്നു. ഒരു ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികൻ ഇങ്ങനെ അഭിപ്രായപ്പെട്ടു:
“ഓരോ യോഗവും ഔപചാരികമോ അനൗപചാരികമോ ആയിരുന്നാലും ഗഹനമായ പ്രബോധനത്തിന്റെ യോഗമാണ്. വീക്ഷാഗോപുര ലേഖനങ്ങൾ വായിച്ചുകൊണ്ടും ബൈബിൾ റഫറൻസുകൾ പരിശോധിച്ചുകൊണ്ടും തങ്ങൾക്ക് മുന്നറിവുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ കണ്ടുപിടിച്ചുകൊണ്ടും അംഗങ്ങൾ അവരുടെ ഞായറാഴ്ച യോഗങ്ങൾക്കുവേണ്ടി തയ്യാറാകാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. യോഗങ്ങളിൽ നല്ല സഭാപങ്കുപററൽ ഉണ്ട്. ലോകമെമ്പാടും ഒരേ പഠിപ്പിക്കൽ ഒരേ സമയം നടത്തപ്പെടുന്നു എന്ന അറിവ് അവർക്ക് പ്രോത്സാഹനം നൽകുന്നു.”
നിങ്ങൾ വീക്ഷാഗോപുരത്തിന്റെ ഈ ലക്കം എടുത്തുകൊണ്ട് രണ്ടാം പേജിൽ കാണിച്ചിരിക്കുന്ന തീയതികളിൽ ഒരു പ്രാദേശിക സഭയിൽ ചെന്നാൽ അത്തരം ഒരു ചർച്ച ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയും.
ചർച്ചകൾ മിക്കപ്പോഴും സഭയിലുള്ളവരുടെ പ്രത്യാശയെ സംബന്ധിച്ചുള്ളതായിരിക്കും. യുദ്ധങ്ങൾക്കറുതി വരുകയും ആളുകൾ അവരുടെ കഴിവുകൾ നിർമ്മാണപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് “അവരുടെ കൈകളുടെ പ്രവൃത്തി” വാസ്തവത്തിൽ അവർ ആസ്വദിക്കുകയും ചെയ്യുന്ന ഒരു പരദീസയിലെ ജീവിതം തന്നെ. അനുസരണമുള്ള എല്ലാ മനുഷ്യരും ദൈവരാജ്യത്തിന്റെ വാഴ്ചയിൻ കീഴെ ജീവിക്കും. എല്ലാവർക്കും സമൃദ്ധമായ ഭക്ഷണം ഒരു ഫലഭൂയിഷ്ഠമായ ഭൂമിപ്രദാനം ചെയ്യുന്നതുകൊണ്ട് പട്ടിണി പൊയ്പ്പോയിരിക്കും. ഭൂമിയിലെ സകല മനുഷ്യരും സകല നിവാസികളും ഒരുപോലെ പൂർണ്ണ ആരോഗ്യത്തിന്റെ ഓജസ്സ് ആസ്വദിക്കുന്നതുകൊണ്ട് രോഗത്തിന്റെ ബാധയും ഒരു കഴിഞ്ഞ കാലസംഗതി ആയിത്തീരും—യെശയ്യാവ് 2:4; 33:24; 65:22, 23; സെഖര്യാവ് 8:11, 12.
ക്രിസ്തീയസഭയുടെ ഇന്നത്തെ രൂപം ഭൗമീക പരദീസയിലേക്ക് കടന്നു ചെല്ലും എന്ന അറിവ് ഒരു യാഥാർത്ഥ്യം ആയിരിക്കുന്നതുപോലെ ഈ ക്രിസ്തീയ പ്രത്യാശയും ഒരു യാഥാർത്ഥ്യമാണ്. വർഗ്ഗീയവും ദേശീയവും ആയ എല്ലാ വേലിക്കെട്ടുകളെയും നീക്കം ചെയ്യുന്നതിന് ഇപ്പോൾത്തന്നെ സ്ഥാപിച്ചിരിക്കുന്ന ഈടുററ അടിസ്ഥാനം വിസ്തൃതമാക്കപ്പെടും നമുക്കുക്കെങ്ങനെ തീർച്ചയാക്കാം? എന്തുകൊണ്ടെന്നാൽ “എല്ലാ ജാതികളിൽ നിന്നും ഗോത്രങ്ങളിൽ നിന്നും ജനതകളിൽ നിന്നും ഭാഷകളിൽ നിന്നും” ഉള്ള ക്രിസ്ത്യാനികൾ യഹോവയാം ദൈവത്തിന്റെ ആരാധന തുടരും എന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നു. അവർക്കെല്ലാം തുല്യതയുള്ള ഒരു സ്ഥാനം ദൈവമുമ്പാകെ ഉണ്ടായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അവരിൽ ഒരുവൻ ആയിരിക്കാൻ കഴിയും—വെളിപ്പാട് 7:9, 10. (w85 8/15)
[7-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ നിങ്ങൾ സമത്വം നിരീക്ഷിക്കും