വർഗവേർതിരിവുകളില്ലാത്ത ഒരു സമൂഹം യഥാർഥത്തിൽ സാധ്യമോ?
“സകല മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന . . . സ്വയംസിദ്ധമായ സത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു.” ചരിത്രപ്രധാനമായ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ഒരു വാചകത്തിന്റെ ഭാഗമാണ് അത്. ആ പ്രഖ്യാപനത്തിൽ ഒപ്പിട്ട വ്യക്തികളിൽ ഒരാളാണ് ഐക്യനാടുകളുടെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്ന ജോൺ ആഡംസ്. എങ്കിലും, ആളുകൾ യഥാർഥത്തിൽ തുല്യരാണോ എന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയം ഉണ്ടായിരുന്നു. കാരണം, അദ്ദേഹം ഇപ്രകാരം എഴുതി: “മനസ്സിലെയും ശരീരത്തിലെയും അസമത്വം മനുഷ്യപ്രകൃതത്തിന്റെ ഭാഗമായി സർവശക്തനായ ദൈവം സ്ഥാപിച്ചിരിക്കുന്നതിനാൽ, ഏതെങ്കിലും പദ്ധതിക്കോ നയത്തിനോ അതിനെ ഇല്ലാതാക്കാൻ കഴിയുകയില്ല.” അതിൽനിന്നു വ്യത്യസ്തമായി, മൂന്നു കാര്യങ്ങളിൽ അധിഷ്ഠിതമാക്കി സമത്വസുന്ദരമായ ഒരു സമൂഹത്തെ വിഭാവന ചെയ്യാൻ ബ്രിട്ടീഷ് ചരിത്രകാരനായ എച്ച്. ജി. വെൽസിനു കഴിഞ്ഞു. പൊതുവായ അതേസമയം ശുദ്ധവും നിർമലവുമായ ഒരു ആഗോള മതം, സാർവത്രിക വിദ്യാഭ്യാസ പരിപാടി, സായുധ സേനകളുടെ അഭാവം എന്നിവയാണ് ആ മൂന്നു കാര്യങ്ങൾ.
വെൽസ് സ്വപ്നം കണ്ട സമത്വസുന്ദരമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ ചരിത്രത്തിന് ഇന്നുവരെയും കഴിഞ്ഞിട്ടില്ല. മനുഷ്യരുടെ ഇടയിൽ അസമത്വം നിലനിൽക്കുന്നു, വർഗവേർതിരിവ് സമൂഹത്തിൽ രൂക്ഷമായി തുടരുന്നു. ഈ വേർതിരിവ് സമൂഹത്തിനു മൊത്തത്തിൽ പ്രയോജനങ്ങൾ കൈവരുത്തിയിട്ടുണ്ടോ? ഇല്ല. വർഗവേർതിരിവ് ആളുകളെ ഭിന്നിപ്പിച്ചിരിക്കുന്നു; അത് ഈർഷ്യക്കും വിദ്വേഷത്തിനും, ഹൃദയവേദനയ്ക്കും രക്തച്ചൊരിച്ചിലിനും ഇടയാക്കിയിരിക്കുന്നു. ഒരിക്കൽ ആഫ്രിക്കയിലും ഓസ്ട്രേലിയയിലും വടക്കേ അമേരിക്കയിലും നിലനിന്നിരുന്ന വെള്ളക്കാരുടെ മേധാവിത്വം മറ്റുള്ളവർക്കു വളരെയേറെ ദുരിതങ്ങൾ വരുത്തിവെച്ചു. വാൻഡിമെൻസ് ലാൻഡിലെ (ഇപ്പോഴത്തെ ടാസ്മാനിയ) ആദിവാസികളെ കൂട്ടക്കൊല ചെയ്തത് അതിൽ ഉൾപ്പെടുന്നു. യൂറോപ്പിൽ, യഹൂദന്മാരുടെ കൂട്ടക്കുരുതിയുടെ മുന്നോടിയായി അവരെ താഴ്ന്നവരായി വർഗീകരിച്ചിരുന്നു. കുലീനരുടെ സമ്പദ്സമൃദ്ധിയും താഴേക്കിടയിലുള്ളവരുടെയും ഇടത്തരക്കാരുടെയും ഇടയിൽ നിലനിന്നിരുന്ന അതൃപ്തിയുമാണ് 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിലേക്കും 20-ാം നൂറ്റാണ്ടിലെ റഷ്യൻ ബോൾഷേവിക് വിപ്ലവത്തിലേക്കും നയിച്ചത്.
പണ്ടു ജീവിച്ചിരുന്ന ജ്ഞാനിയായ ഒരു മനുഷ്യൻ ഇപ്രകാരം എഴുതി: ‘മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരിക്കുന്നു.’ (സഭാപ്രസംഗി 8:9, NW) അധികാരം നടത്തുന്നത് വ്യക്തികൾ ആയിരുന്നാലും വർഗങ്ങൾ ആയിരുന്നാലും, ആ ജ്ഞാനിയുടെ വാക്കുകൾ വളരെ സത്യമാണ്. ഒരു കൂട്ടം ആളുകൾ മറ്റൊരു കൂട്ടത്തിന്റെമേൽ അധികാരം നടത്തുമ്പോൾ അതിന്റെ പരിണതഫലം തീർച്ചയായും ദുരിതവും യാതനയും ആയിരിക്കും.
ദൈവമുമ്പാകെ എല്ലാവരും തുല്യർ
ചില വിഭാഗക്കാർ മറ്റു വിഭാഗക്കാരെക്കാൾ ജന്മനാ ശ്രേഷ്ഠരാണോ? ദൈവത്തിന്റെ വീക്ഷണത്തിൽ അല്ല. ‘ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി’ എന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 17:26) തന്നെയുമല്ല, സ്രഷ്ടാവ് “പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.” (ഇയ്യോബ് 34:19) സകല മനുഷ്യരും പരസ്പരം ബന്ധമുള്ളവരാണ്; ദൈവമുമ്പാകെ അവരെല്ലാം തുല്യരാണ്.
ഒരാൾ മരിക്കുമ്പോൾ, താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്ന അയാളുടെ സകല അവകാശവാദവും ഇല്ലാതാകുന്നു എന്നോർക്കുക. പ്രാചീന ഈജിപ്തുകാർ അതു വിശ്വസിച്ചിരുന്നില്ല. ഫറവോൻ മരിക്കുമ്പോൾ, മൃതശരീരത്തോടൊപ്പം അവർ വളരെ വിലപിടിച്ച വസ്തുക്കൾ ശവകുടീരത്തിൽ അടക്കം ചെയ്യുമായിരുന്നു. മരണാനന്തരം ഫറവോൻ തന്റെ ഉയർന്ന സ്ഥാനം തുടർന്നും വഹിക്കുമ്പോൾ അദ്ദേഹത്തിന് ആസ്വദിക്കാനുള്ളതായിരുന്നു ആ വസ്തുക്കൾ. അദ്ദേഹത്തിന് അതിനു സാധിച്ചോ? ഇല്ല. ആ സമ്പത്തിൽ അധികവും കല്ലറമോഷ്ടാക്കളുടെ കയ്യിലാണ് ചെന്നുപെട്ടത്. ശേഷിച്ചവ പലതും ഇന്ന് കാഴ്ചബംഗ്ലാവുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
വിലപിടിച്ച ആ വസ്തുക്കളൊന്നും ഫറവോന് ഉപകാരപ്പെട്ടില്ല, കാരണം അദ്ദേഹം മരിച്ചവനായിരുന്നു. ഉയർന്നവനെന്നോ താണവനെന്നോ, സമ്പന്നനെന്നോ ദരിദ്രനെന്നോ ഉള്ള യാതൊരു വകഭേദവും മരണത്തിനില്ല. ബൈബിൾ പറയുന്നു: ‘ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും ചെയ്യുന്നു. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ.’ (സങ്കീർത്തനം 49:10-12) രാജാക്കന്മാരോ അടിമകളോ ആയിക്കൊള്ളട്ടെ, എല്ലാവരുടെയും കാര്യത്തിൽ ഈ നിശ്വസ്ത വാക്കുകൾ സത്യമാണ്: “മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; . . . നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 10.
ദൈവദൃഷ്ടിയിൽ നാമെല്ലാം തുല്യരായാണു ജനിക്കുന്നത്, മരണത്തിലും നാം തുല്യർതന്നെ. അതുകൊണ്ട് ഹ്രസ്വമായ ഈ ജീവിതകാലത്ത് ഒരു വർഗക്കാർ മറ്റു വർഗക്കാരെക്കാൾ ശ്രേഷ്ഠരാണെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നത് എത്ര വ്യർഥമാണ്!
വർഗവേർതിരിവില്ലാത്ത ഒരു സമൂഹം—എങ്ങനെ?
എന്നാൽ, വർഗവേർതിരിവിനു പ്രസക്തിയില്ലാത്ത ഒരു സമൂഹം എന്നെങ്കിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാനാകുമോ? തീർച്ചയായും. ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ് യേശു ഭൂമിയിൽ ആയിരുന്നപ്പോൾ അത്തരം ഒരു സമൂഹത്തിനുള്ള അടിത്തറ ഇടപ്പെട്ടു. “പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു” വിശ്വാസമുള്ള മനുഷ്യവർഗത്തിന് ഒരു മറുവിലയാഗമായി യേശു തന്റെ ജീവനെ നൽകി.—യോഹന്നാൻ 3:16.
ശിഷ്യന്മാരിൽ ആരും സഹവിശ്വാസികൾക്കു മീതെ തങ്ങളെത്തന്നെ ഉയർത്തരുത് എന്നു വ്യക്തമാക്കാൻ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നേ. നിങ്ങളിൽ ഏററവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും.” (മത്തായി 23:8-12) യഥാർഥ വിശ്വാസപ്രകാരം, ദൈവദൃഷ്ടിയിൽ യേശുവിന്റെ ശിഷ്യന്മാർ എല്ലാവരും തുല്യരാണ്.
തങ്ങൾ തുല്യരാണെന്ന വീക്ഷണം ആദിമ ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്നോ? യേശുവിന്റെ പ്രബോധനത്തിന്റെ അർഥം ഗ്രഹിച്ചവർക്ക് ആ വീക്ഷണം ഉണ്ടായിരുന്നു. വിശ്വാസത്തിൽ തങ്ങൾ തുല്യരാണെന്ന് അവർ കരുതിപ്പോന്നു. പരസ്പരം “സഹോദരാ” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അവർ അതു പ്രകടമാക്കുകയും ചെയ്തു. (ഫിലേമോൻ 1, 7, 20) താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠനാണെന്നു വീക്ഷിക്കാൻ ആരും പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. ഉദാഹരണത്തിന്, തന്റെ രണ്ടാമത്തെ ലേഖനത്തിൽ പത്രൊസ് സ്വയം വിശേഷിപ്പിച്ചത് എങ്ങനെയെന്നു നോക്കുക: “യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, . . . നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു.” (2 പത്രൊസ് 1:1) യേശുവിനാൽ വ്യക്തിപരമായി പ്രബോധിപ്പിക്കപ്പെട്ട ഒരുവനായിരുന്നു പത്രൊസ്. ഒരു അപ്പൊസ്തലൻ എന്ന നിലയിൽ, അവൻ വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വ സ്ഥാനം വഹിക്കുകയും ചെയ്തിരുന്നു. എങ്കിലും, അവൻ തന്നെത്തന്നെ ഒരു ദാസനായി കണക്കാക്കുകയും തനിക്കുള്ള അതേ വിശ്വാസമാണ് മറ്റുള്ളവർക്കും ഉള്ളതെന്ന് അംഗീകരിക്കുകയും ചെയ്തു.
ക്രിസ്തീയപൂർവ കാലത്ത് ഇസ്രായേലിനെ ദൈവം ഒരു പ്രത്യേക ജനതയെന്ന നിലയിൽ തിരഞ്ഞെടുത്തു എന്ന വസ്തുത സമത്വമെന്ന ആശയത്തിനു വിരുദ്ധമാണെന്നു ചിലർ പറയുന്നു. (പുറപ്പാടു 19:5, 6) അത് വർഗശ്രേഷ്ഠതയുടെ ഒരു ഉദാഹരണം ആണെന്ന് അവർ വാദിച്ചേക്കാം. എന്നാൽ വസ്തുത അതല്ല. അബ്രാഹാമിന്റെ പിൻതലമുറക്കാരായ ഇസ്രായേല്യർ ദൈവവുമായി ഒരു പ്രത്യേക ബന്ധം ആസ്വദിച്ചിരുന്നു എന്നതും ദിവ്യ വെളിപ്പാടുകളുടെ ഒരു സരണി എന്നനിലയിൽ അവർ ഉപയോഗിക്കപ്പെട്ടു എന്നതും സത്യമാണ്. (റോമർ 3:1, 2) എന്നാൽ അതിന്റെ ഉദ്ദേശ്യം മറ്റുള്ളവർക്കു മീതെ അവരെ ഉയർത്തുക എന്നതായിരുന്നില്ല. മറിച്ച്, ‘സകലജാതികളെയും അനുഗ്രഹിക്കുക’ എന്നതായിരുന്നു.—ഉല്പത്തി 22:18; ഗലാത്യർ 3:8.
മിക്ക ഇസ്രായേല്യരും തങ്ങളുടെ പൂർവപിതാവായ അബ്രാഹാമിന്റെ വിശ്വാസത്തെ അനുകരിച്ചില്ല. അവിശ്വസ്തരായിത്തീർന്ന അവർ മിശിഹായായ യേശുവിനെ തള്ളിക്കളഞ്ഞു. തന്നിമിത്തം ദൈവം അവരെയും തള്ളിക്കളഞ്ഞു. (മത്തായി 21:43) എന്നാൽ, മനുഷ്യവർഗത്തിലെ സൗമ്യർക്കു വാഗ്ദത്ത അനുഗ്രഹങ്ങൾ നഷ്ടമായില്ല. പൊ.യു. 33-ലെ പെന്തെക്കൊസ്തു നാളിൽ ക്രിസ്തീയ സഭ ജനിച്ചു. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ക്രിസ്ത്യാനികളുടെ ഈ സംഘടന ‘ദൈവത്തിന്റെ യിസ്രായേൽ’ എന്നു വിളിക്കപ്പെട്ടു. അത് വാഗ്ദത്ത അനുഗ്രഹങ്ങൾ വരുന്ന ഒരു സരണിയാണെന്നും തെളിഞ്ഞു.—ഗലാത്യർ 6:16.
സമത്വമെന്ന ആശയത്തോടുള്ള തങ്ങളുടെ വീക്ഷണത്തിൽ ക്രിസ്തീയ സഭയിലെ ചില അംഗങ്ങൾ മാറ്റം വരുത്തേണ്ടത് ആവശ്യമായിരുന്നു. ഉദാഹരണത്തിന്, പാവപ്പെട്ട ക്രിസ്ത്യാനികളെക്കാൾ സമ്പന്നരെ ബഹുമാനപൂർവം വീക്ഷിച്ചവർക്കു ശിഷ്യനായ യാക്കോബ് ബുദ്ധിയുപദേശം നൽകി. (യാക്കോബ് 2:1-4) അവരുടെ ആ മനോഭാവം തെറ്റായിരുന്നു. പുറജാതീയ ക്രിസ്ത്യാനികൾ യഹൂദ ക്രിസ്ത്യാനികളെക്കാളോ ക്രിസ്തീയ സ്ത്രീകൾ ക്രിസ്തീയ പുരുഷന്മാരെക്കാളോ യാതൊരു വിധത്തിലും ശ്രേഷ്ഠത കുറഞ്ഞവരല്ലെന്ന് പൗലൊസ് അപ്പൊസ്തലൻ പ്രകടമാക്കി. അവൻ ഇപ്രകാരം എഴുതി: “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏററിരിക്കുന്ന നിങ്ങൾ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല, ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.”—ഗലാത്യർ 3:26-28.
വർഗവേർതിരിവില്ലാത്ത ഒരു ജനത ഇന്ന്
ഇന്ന് യഹോവയുടെ സാക്ഷികൾ തിരുവെഴുത്തു തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. ദൈവദൃഷ്ടിയിൽ വർഗവേർതിരിവിന് യാതൊരു സ്ഥാനവും ഇല്ലെന്ന് അവർ മനസ്സിലാക്കുന്നു. അവരുടെ ഇടയിൽ പുരോഹിത-അൽമായ വ്യത്യാസമില്ല. വർണത്തെയോ സമ്പത്തിനെയോ അടിസ്ഥാനമാക്കിയുള്ള വേർതിരിവും അവരുടെ ഇടയിലില്ല. അവരിൽ ചിലർ ധനികരാണെങ്കിലും, “ജീവനത്തിന്റെ പ്രതാപ”ത്തിലല്ല അവരുടെ ശ്രദ്ധ. കാരണം, അത്തരം സംഗതികൾ താത്കാലികമാണെന്ന് അവർക്കറിയാം. (1 യോഹന്നാൻ 2:15-17) പകരം, അവരെല്ലാം അഖിലാണ്ഡ പരമാധികാരിയായ യഹോവയാം ദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരാണ്.
സഹമനുഷ്യരോട് രാജ്യസുവാർത്ത ഘോഷിക്കുന്ന വേലയിൽ പങ്കെടുക്കുകയെന്ന ഉത്തരവാദിത്വം അവർ ഓരോരുത്തരും ഏറ്റെടുത്തിരിക്കുന്നു. പീഡിതരും അവഗണിക്കപ്പെട്ടവരുമായ ആളുകളെ അവരുടെ ഭവനങ്ങളിൽ ചെന്ന് ദൈവവചനം പഠിപ്പിക്കാൻ മനസ്സൊരുക്കം കാട്ടിക്കൊണ്ട് യഹോവയുടെ സാക്ഷികൾ യേശുവിനെ പോലെ അവരോടു ബഹുമാനം കാണിക്കുന്നു. ഉയർന്ന തലത്തിലുള്ളവർ എന്നു ചിലർ വീക്ഷിച്ചേക്കാവുന്നവരോടൊപ്പം എളിയ ജീവിത സാഹചര്യങ്ങൾ ഉള്ളവർ ജീവരക്ഷാകരമായ വേലയിൽ തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു. സമൂഹത്തിലെ വർഗവേർതിരിവല്ല, ആത്മീയ ഗുണങ്ങളാണ് അവർക്കു പ്രധാനം. ഒന്നാം നൂറ്റാണ്ടിലേതുപോലെ അവർ എല്ലാവരും വിശ്വാസത്തിൽ സഹോദരങ്ങളാണ്.
സമത്വം വൈവിധ്യത്തിന് ഇടം നൽകുന്നു
തീർച്ചയായും, സമത്വം എന്നാൽ സകല കാര്യങ്ങളിലും സമാനത എന്നല്ല അർഥം. ഈ ക്രിസ്തീയ സംഘടനയിൽ പുരുഷന്മാരും സ്ത്രീകളും, പ്രായം ചെന്നവരും പ്രായം കുറഞ്ഞവരും എല്ലാമുണ്ട്. നിരവധി വംശങ്ങളിൽനിന്നും ഭാഷകളിൽനിന്നും ദേശങ്ങളിൽനിന്നും സാമ്പത്തിക ചുറ്റുപാടുകളിൽനിന്നും ഉള്ളവരാണ് അവർ. വ്യക്തികൾ എന്ന നിലയിൽ അവരുടെ മാനസികവും ശാരീരികവുമായ കഴിവുകൾ വ്യത്യസ്തങ്ങളാണ്. എന്നാൽ ആ വ്യത്യാസങ്ങൾ ചിലരെ ശ്രേഷ്ഠരും മറ്റുള്ളവരെ അധമരും ആക്കുന്നില്ല. പകരം, അത് ആകർഷകമായ വൈവിധ്യത്തിനു വഴിതെളിക്കുകയാണു ചെയ്യുന്നത്. തങ്ങൾക്ക് എന്തെല്ലാം കഴിവുകൾ ഉണ്ടായിരുന്നാലും, അവ ദൈവത്തിന്റെ ദാനമാണെന്നും ശ്രേഷ്ഠരെന്നു കരുതാൻ തങ്ങൾക്കു യാതൊരു അടിസ്ഥാനവും ഇല്ലെന്നും ആ ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു.
സ്രഷ്ടാവിന്റെ മാർഗനിർദേശം പിൻപറ്റുന്നതിനു പകരം, മനുഷ്യർ സ്വയം ഭരിക്കാൻ ശ്രമിക്കുന്നതിന്റെ അനന്തരഫലങ്ങളിൽ ഒന്നാണ് വർഗവേർതിരിവുകൾ. പെട്ടെന്നുതന്നെ, ദൈവരാജ്യം ഭൂമിയിലെ അനുദിന ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. തത്ഫലമായി, മനുഷ്യൻ ഉണ്ടാക്കിയിരിക്കുന്ന വർഗവേർതിരിവുകളും ഗതകാല ദുരിതത്തിന് ഇടയാക്കിയിട്ടുള്ള മറ്റെല്ലാ സംഗതികളും ഇല്ലാതാക്കപ്പെടും. അപ്പോൾ, യഥാർഥമായും “സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും.” (സങ്കീർത്തനം 37:11) ഒരുവന്റെ വർഗശ്രേഷ്ഠതയെ കുറിച്ച് വീമ്പിളക്കാനുള്ള എല്ലാ കാരണങ്ങളും പൊയ്പോയിരിക്കും. പിന്നീടൊരിക്കലും, സമൂഹത്തിലെ വർഗവേർതിരിവുകൾ മനുഷ്യന്റെ ആഗോള സാഹോദര്യത്തെ കീറിമുറിക്കുകയില്ല.
[5-ാം പേജിലെ ആകർഷക വാക്യം]
സ്രഷ്ടാവ് ‘ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.’—ഇയ്യോബ് 34:19.
[6-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ അയൽക്കാരോടു ബഹുമാനം പ്രകടമാക്കുന്നു
[7-ാം പേജിലെ ചിത്രങ്ങൾ]
സത്യക്രിസ്ത്യാനികളുടെ ഇടയിൽ ആത്മീയ ഗുണങ്ങൾക്കാണു പ്രാധാന്യമുള്ളത്