ദൈവത്തിന്റെ പ്രാവചനിക വചനം ഭാവിപ്രത്യാശ പകരുന്നു
ദൈവവചനമായ വിശുദ്ധ ബൈബിൾ, സത്യക്രിസ്ത്യാനികളെ വിശ്വാസത്തോടും പ്രത്യാശയോടും ശുഭപ്രതീക്ഷയോടും കൂടെ ഭാവിയിലേക്കു നോക്കാൻ സഹായിക്കുന്നു. യഹോവയാം ദൈവവവുമായുള്ള തങ്ങളുടെ ബന്ധം നിമിത്തം സുരക്ഷിതത്വം തോന്നുന്ന അവർ ആകാംക്ഷയോടെയാണു ഭാവിയിലേക്കു നോക്കുന്നത്. “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ പ്രാരംഭ പ്രസംഗം വ്യക്തമാക്കിയതുപോലെ, യഹോവയുടെ സാക്ഷികൾ നിരവധി വർഷങ്ങളായി ബൈബിൾ പ്രവചനങ്ങളുടെ ശുഷ്കാന്തിയുള്ള പഠിതാക്കൾ ആയിരുന്നിട്ടുണ്ട്. ആ കൺവെൻഷനിൽ യഹോവ തന്റെ ജനത്തിനായി എന്താണു കരുതിവെച്ചിരുന്നത്? ബൈബിളുമായെത്തിയ സദസ്യർ അത് അറിയാൻ ആകാംക്ഷയുള്ളവർ ആയിരുന്നു. കൺവെൻഷന്റെ ഓരോ ദിവസത്തെയും വിഷയങ്ങളാണ് ഈ ലേഖനത്തിൽ ഉപശീർഷകങ്ങളായി കൊടുത്തിരിക്കുന്നത്.
ഒന്നാം ദിവസം: ദൈവവചനത്തിന്റെ വെളിച്ചത്തിൽ നടക്കൽ
“ദൈവവചനം നമ്മെ വഴിനയിച്ചിരിക്കുന്നു” എന്ന പ്രസംഗം, രാത്രിയുടെ അന്ധകാരത്തിൽ യാത്ര തുടങ്ങുന്ന ഒരു മനുഷ്യനെ പോലെയാണ് യഹോവയുടെ ജനം എന്നു വിശദീകരിച്ചു. സൂര്യൻ ഉദിച്ചുവരവെ, അയാൾ നിഴലുകൾ കാണുന്നു. എന്നാൽ, സൂര്യൻ തലയ്ക്കു മുകളിൽ ഉജ്ജ്വലമായി പ്രകാശിക്കുമ്പോൾ അയാൾക്ക് വിശദാംശങ്ങൾ വ്യക്തമായി കാണാം. സദൃശവാക്യങ്ങൾ 4:18-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നതു പോലെ, യഹോവയുടെ ജനം ദൈവത്തിന്റെ പ്രാവചനിക വചനത്തിലെ സത്യമാകുന്ന ശോഭയേറിയ സൂര്യപ്രകാശത്തിൽ തങ്ങളുടെ മാർഗം വ്യക്തമായി കാണാൻ കഴിയുന്ന ഒരു അവസ്ഥയിൽ എത്തിയിരിക്കുന്നു. തന്മൂലം അവർ ആത്മീയ അന്ധകാരത്തിൽ ഇടറിവീഴുന്നില്ല.
“ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ നൽകുക” എന്നതായിരുന്നു മുഖ്യവിഷയ പ്രസംഗം. വ്യാജ മിശിഹാമാരുടെയും കള്ളപ്രവാചകന്മാരുടെയും പിന്നാലെ പോകുന്ന ആളുകൾക്ക് ഉണ്ടാകുന്ന നിരാശയും ദുഃഖവും യഹോവയിലേക്കു നോക്കുന്നവർക്ക് ഇല്ല എന്ന് ആ പ്രസംഗം ശ്രോതാക്കളെ അനുസ്മരിപ്പിച്ചു. വ്യാജ മിശിഹാമാരിൽനിന്നും കള്ളപ്രവാചകന്മാരിൽനിന്നും വ്യത്യസ്തമായി, യഥാർഥ മിശിഹാ ആയ യേശുക്രിസ്തുവിന്റെ യോഗ്യതകൾ അനവധിയാണ്! ഉദാഹരണത്തിന്, യേശുവിന്റെ അത്ഭുതകരമായ രൂപാന്തരീകരണം, ദൈവരാജ്യത്തിന്റെ അവരോധിത രാജാവ് എന്ന നിലയിൽ അവനെ കുറിച്ചുള്ള ഒരു പൂർവവീക്ഷണം നൽകുന്നതായിരുന്നു. 1914-ൽ രാജ്യാധികാരത്തിൽ വന്നതു മുതൽ യേശു, 2 പത്രൊസ് 1:19-ൽ പരാമർശിച്ചിരിക്കുന്ന “ഉദയനക്ഷത്രം” കൂടിയാണ്. “മിശിഹൈക ഉദയനക്ഷത്രം എന്ന നിലയിൽ അവൻ അനുസരണമുള്ള മുഴു മനുഷ്യവർഗത്തിനും വേണ്ടി ഒരു പുതിയ ദിവസത്തെ അഥവാ കാലഘട്ടത്തെ വിളിച്ചറിയിക്കുന്നു” എന്നു പ്രസംഗകൻ പറയുകയുണ്ടായി.
ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പ്രസംഗം “ജ്യോതിസ്സുകളെ പോലെ പ്രകാശിക്കൽ” എന്ന ശീർഷകത്തിലുള്ളതായിരുന്നു. “വെളിച്ചത്തിന്റെ മക്കളായി തുടർന്നു നടക്കുവിൻ” എന്നു പൗലൊസ് അപ്പൊസ്തലൻ നമ്മെ ബുദ്ധിയുപദേശിക്കുന്ന എഫെസ്യർ 5:8-ന്റെ [NW] വിശദീകരണം നൽകുന്നതായിരുന്നു ആ പ്രസംഗം. ക്രിസ്ത്യാനികൾ ജ്യോതിസ്സുകൾ ആയിരിക്കുന്നത് അവർ ദൈവവചനം മറ്റുള്ളവരുമായി പങ്കുവെക്കുന്നതു കൊണ്ടു മാത്രമല്ല, യേശുവിനെ അനുകരിച്ചുകൊണ്ട് തങ്ങളുടെ ജീവിതത്തിൽ അതു ബാധകമാക്കുന്നതു കൊണ്ടും കൂടിയാണ്.
ആ വിധത്തിൽ ഒരു ജ്യോതിസ്സ് ആയിരിക്കുന്നതിന് നാം “ദൈവവചനം വായിക്കുന്നതിൽ ആനന്ദം കണ്ടെ”ത്തേണ്ടതുണ്ട്. മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയത്തിൽ ഈ വിഷയമാണു വിശദീകരിപ്പെട്ടത്. ബൈബിളിനെ “ദൈവം മനുഷ്യനു നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉത്തമമായ സമ്മാനം” എന്നു വിളിച്ച എബ്രഹാം ലിങ്കന്റെ വാക്കുകൾ ഉദ്ധരിച്ചശേഷം, യഹോവയുടെ വചനത്തോടുള്ള വിലമതിപ്പിന്റെ ആഴം സംബന്ധിച്ച് നിങ്ങളുടെ വായനാശീലങ്ങൾ എന്തു വെളിപ്പെടുത്തുന്നു എന്ന് ഒന്നാമത്തെ പ്രസംഗകൻ സദസ്യരോടു ചോദിച്ചു. തിരുവെഴുത്തിലെ സംഭവങ്ങൾ ഭാവനയിൽ കാണാനും പുതിയ ആശയങ്ങളെ അതിനോടകം അറിയാവുന്ന ആശയങ്ങളുമായി ബന്ധപ്പെടുത്താനും സമയമെടുത്തുകൊണ്ട് അവധാനപൂർവം ബൈബിൾ വായിക്കാൻ പ്രസംഗകൻ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു.
“കട്ടിയായുള്ള ആഹാരം” ദഹിക്കണമെങ്കിൽ ഒഴുക്കൻ മട്ടിലുള്ള ഒരു വായനയല്ല, മറിച്ച് പഠനമാണ് ആവശ്യമായിരിക്കുന്നതെന്ന് സിമ്പോസിയത്തിന്റെ അടുത്ത ഭാഗം ഊന്നിപ്പറഞ്ഞു. (എബ്രായർ 5:13, 14) ഇസ്രായേല്യ പുരോഹിതനായ എസ്രായെ പോലെ നാം മുൻകൂട്ടി ‘നമ്മുടെ ഹൃദയങ്ങളെ ഒരുക്കു’ന്നപക്ഷം, പഠനം വിശേഷാൽ പരിപുഷ്ടിപ്പെടുത്തുന്ന ഒരു അനുഭവം ആയിരിക്കുമെന്നു പ്രസംഗകൻ പ്രസ്താവിച്ചു. (എസ്രാ 7:10, NW) എന്നാൽ, പഠനം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അതു നേരിട്ടു സ്വാധീനിക്കുന്നു. അക്കാരണത്താൽ, മാനസിക ശിക്ഷണവും ശ്രമവും ആവശ്യമാണെങ്കിൽ പോലും, ബൈബിൾ പഠനം അമൂല്യവും ആനന്ദകരവും നവോന്മേഷപ്രദവും ആയിരിക്കേണ്ടതാണ്. അർഥവത്തായ പഠനത്തിനു നാം എങ്ങനെയാണു സമയം കണ്ടെത്തുന്നത്? പ്രാധാന്യം കുറഞ്ഞ പ്രവർത്തനങ്ങളിൽനിന്ന് ‘അവസരോചിത സമയം വിലയ്ക്കു വാങ്ങിക്കൊണ്ട്’ നമുക്ക് അതിനു സാധിക്കുമെന്നു സിമ്പോസിയത്തിലെ അവസാനത്തെ പ്രസംഗകൻ പറയുകയുണ്ടായി. (എഫെസ്യർ 5:16, NW) അതേ, സമയം കണ്ടെത്താനുള്ള നല്ല മാർഗം നമുക്കുള്ള സമയം ഏറ്റവും മെച്ചമായി ഉപയോഗിക്കുക എന്നതാണ്.
“ദൈവം ക്ഷീണിതനെ ശക്തീകരിക്കുന്നു” എന്ന പ്രസംഗം അനേകരും ഇന്നു ക്ഷീണിതരാണെന്നു വ്യക്തമാക്കി. ക്രിസ്തീയ ശുശ്രൂഷയിൽ ഏർപ്പെടാനുള്ള ‘സാധാരണയിൽ കവിഞ്ഞ ശക്തി’ക്കായി, “ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്ന” യഹോവയിൽ നാം ആശ്രയിക്കേണ്ടതുണ്ട്. (2 കൊരിന്ത്യർ 4:7, NW; യെശയ്യാവു 40:29) ദൈവവചനം, പ്രാർഥന, ക്രിസ്തീയ സഭ, ശുശ്രൂഷയിലുള്ള ക്രമമായ പങ്കുപറ്റൽ, മറ്റുള്ളവരുടെ വിശ്വസ്ത മാതൃക, ക്രിസ്തീയ മേൽവിചാരകന്മാർ എന്നിങ്ങനെ നമ്മെ ശക്തീകരിക്കുന്ന പല ഘടകങ്ങളുമുണ്ട്. “കാലത്തിന്റെ വീക്ഷണത്തിൽ ഉപദേഷ്ടാക്കൾ ആയിരിക്കുക” എന്ന വിഷയത്തിലുള്ള പ്രസംഗം, ക്രിസ്ത്യാനികൾ ഉപദേഷ്ടാക്കളും സുവാർത്താ പ്രസംഗകരും ആയിരിക്കേണ്ടതിന്റെയും “പഠിപ്പിക്കൽ കല” വളർത്തിയെടുക്കാൻ കഠിന ശ്രമം നടത്തേണ്ടതിന്റെയും ആവശ്യത്തെ എടുത്തുകാട്ടി.—2 തിമൊഥെയൊസ് 4:2, NW.
“ദൈവത്തിനെതിരെ പോരാടുന്നവർ വിജയിക്കുകയില്ല” എന്ന ആ ദിവസത്തെ അവസാന പ്രസംഗത്തിൽ, യഹോവയുടെ സാക്ഷികളെ അപകടകരമായ ഒരു മതവിഭാഗമായി മുദ്ര കുത്താൻ ചില ദേശങ്ങളിൽ സമീപകാലത്തു നടക്കുന്ന തെറ്റായ ശ്രമങ്ങളെ കുറിച്ചു പരാമർശിച്ചു. എന്നാൽ നാം ഭയപ്പെടേണ്ടതില്ല. കാരണം, യെശയ്യാവു 54:17 ഇപ്രകാരം പറയുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുററം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.”
രണ്ടാം ദിവസം: പ്രാവചനിക തിരുവെഴുത്തുകളിലൂടെ അറിയിച്ചിരിക്കുന്ന കാര്യങ്ങൾ
പ്രസ്തുത ദിവസത്തേക്കുള്ള ദിനവാക്യ ചർച്ചയ്ക്കു ശേഷം, സദസ്യർ കൺവെൻഷനിലെ രണ്ടാമത്തെ സിമ്പോസിയം ആസ്വദിച്ചു. അതിന്റെ ശീർഷകം “പ്രകാശവാഹകർ എന്ന നിലയിൽ യഹോവയെ മഹത്ത്വപ്പെടുത്തൽ” എന്നതായിരുന്നു. എല്ലായിടത്തും സുവാർത്ത പ്രസംഗിച്ചുകൊണ്ട് യഹോവയെ മഹത്ത്വപ്പെടുത്തുക എന്നതായിരിക്കണം ക്രിസ്ത്യാനികളുടെ ലക്ഷ്യം എന്ന് അതിന്റെ ആദ്യ ഭാഗം വ്യക്തമാക്കി. അനുകൂലമായി പ്രതികരിക്കുന്നവരെ ദൈവത്തിന്റെ സംഘടനയിലേക്കു നയിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്നതായിരുന്നു തുടർന്നുള്ള ഭാഗം. എങ്ങനെയാണ് ആളുകളെ സംഘടനയിലേക്കു നയിക്കാൻ സാധിക്കുക? ദൈവത്തിന്റെ സംഘടനയുടെ പ്രവർത്തന വിധം വിശദീകരിക്കാൻ ഓരോ തവണത്തെ ബൈബിൾ അധ്യയനത്തിനു ശേഷവും അഞ്ചോ പത്തോ മിനിറ്റ് ചെലവഴിച്ചുകൊണ്ട് അതു സാധിക്കും. സത്പ്രവൃത്തികളിലൂടെ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നതായിരുന്നു സിമ്പോസിയത്തിലെ മൂന്നാമത്തെ പ്രസംഗം.
“യഹോവയുടെ ഓർമിപ്പിക്കലുകളെ അത്യന്തം പ്രിയപ്പെടുക” എന്ന പ്രസംഗം സങ്കീർത്തനം 119-ലെ തിരഞ്ഞെടുത്ത ചില വാക്യങ്ങളെ കുറിച്ചു ചർച്ച ചെയ്തു. തീർച്ചയായും, നമുക്ക് ഓർമിപ്പിക്കലുകൾ ആവശ്യമാണ്. കാരണം നാമെല്ലാം മറവിയുള്ളവരാണ്. അപ്പോൾ, സങ്കീർത്തനക്കാരനെ പോലെ യഹോവയുടെ ഓർമിപ്പിക്കലുകളോടു പ്രിയം വളത്തിയെടുക്കുന്നത് എത്ര പ്രധാനമാണ്!
തുടർന്നു നടന്നത് ഒരു സവിശേഷ പ്രസംഗം ആയിരുന്നു—“പ്രാവചനിക വചനത്തിനു ചെവികൊടുക്കുന്നതു സ്നാപനത്തിലേക്കു നയിക്കുന്നു” എന്ന ശീർഷകത്തോടു കൂടിയ സ്നാപന പ്രസംഗം. തങ്ങൾ ക്രിസ്തുവിനെ അനുകരിക്കേണ്ടത് സ്നാപനമേറ്റുകൊണ്ടു മാത്രമല്ല, അവന്റെ ചുവടുകൾ അടുത്തു പിൻപറ്റിക്കൊണ്ടു കൂടിയാണ് എന്നു സ്നാപനാർഥികൾ അനുസ്മരിപ്പിക്കപ്പെട്ടു. (1 പത്രൊസ് 2:21) യോഹന്നാൻ 10:16-ന്റെ നിവൃത്തിയിൽ ഒരു പങ്കു വഹിക്കാൻ കഴിയുന്നത് ഈ പുതിയവർക്ക് എന്തൊരു പദവിയാണ്. തന്റെ ആത്മാഭിഷിക്ത ശിഷ്യന്മാരോടൊപ്പം സേവിക്കാൻ താൻ “വേറെ ആടുക”ളെ കൂട്ടിച്ചേർക്കുമെന്ന് യേശു പ്രസ്തുത വാക്യത്തിൽ മുൻകൂട്ടി പറയുകയുണ്ടായി!
ഉച്ചകഴിഞ്ഞുള്ള പരിപാടികൾ, “ആത്മാവിനു പറയാനുള്ളത് കേൾക്കുവിൻ” എന്ന പ്രസംഗത്തോടെയാണ് തുടങ്ങിയത്. ബൈബിൾ, “വിശ്വസ്തനും വിവേകിയുമായ അടിമ,” നമ്മുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി എന്നിവ മുഖാന്തരം യഹോവയുടെ ആത്മാവ് നമ്മോടു സംസാരിക്കുന്നതായി ആ പ്രസംഗം വിശദീകരിച്ചു. (മത്തായി 24:45) അതുകൊണ്ട്, ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കാം എന്നറിയുന്നതിനു ക്രിസ്ത്യാനികൾ സ്വർഗത്തിൽ നിന്നുള്ള ഒരു അക്ഷരീയ ശബ്ദം കേൾക്കേണ്ടതില്ല. തുടർന്നു നടന്നത് “ദൈവഭക്തിക്കു ചേരുന്ന പഠിപ്പിക്കൽ സംബന്ധിച്ചു ദൃഢചിത്തർ” എന്ന പ്രസംഗമായിരുന്നു. ഇന്നത്തെ ലോകം പ്രചരിപ്പിക്കുന്ന അധമമായ ആശയങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ അതു ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. അനിയന്ത്രിത ജിജ്ഞാസ, വിശ്വാസത്യാഗികളും സാത്താന്റെ മറ്റു പിണിയാളുകളും പരത്തുന്ന ഹാനികരമായ വിവരങ്ങളുമായി സമ്പർക്കത്തിൽ വരാൻ ഇടയാക്കിയേക്കാം. എന്നാൽ ബൈബിളും വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും എല്ലാ ലേഖനങ്ങളും പതിവായി വായിക്കുന്നത് എത്ര മെച്ചമാണ്!
“ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക പിടിച്ചുകൊള്ളുക” എന്നതായിരുന്നു തുടർന്നു നടന്ന പ്രസംഗത്തിന്റെ വിഷയം. തിരുവെഴുത്തുകളിലുള്ള സത്യത്തിന്റെ “മാതൃക”യുമായി, അഥവാ അതിന്റെ അടിസ്ഥാന ഘടനയുമായി പൂർണമായും പരിചയത്തിൽ ആകേണ്ടതിന്റെ പ്രാധാന്യത്തിനാണ് ആ പ്രസംഗം ഊന്നൽ നൽകിയത്. (2 തിമൊഥെയൊസ് 1:13, NW) ആ മാതൃക ഗ്രഹിക്കുന്നത് ദൈവഭക്തി ഉണ്ടായിരിക്കുന്നതിനു മാത്രമല്ല, സത്യത്തിനു നിരക്കാത്ത സംഗതികൾ തിരിച്ചറിയുന്നതിനും പ്രധാനമാണ്.
യഹോവ നമ്മെ അഭികാമ്യ വ്യക്തികളായി വീക്ഷിക്കുന്നതിനെ കുറിച്ചു ചിന്തിക്കുക. എന്തൊരു പദവിയാണത്! ഹഗ്ഗായിയുടെ പ്രവചനത്തെ അധിഷ്ഠിതമാക്കിയുള്ള, “‘അഭികാമ്യ വസ്തുക്കൾ’ യഹോവയുടെ ഭവനത്തിൽ നിറയുന്നു” എന്ന പ്രസംഗം തികച്ചും പ്രോത്സാഹജനകം ആയിരുന്നു. കാരണം, “മഹാപുരുഷാര”ത്തിലെ ഓരോ അംഗവും തീർച്ചയായും യഹോവയ്ക്ക് അഭികാമ്യനായ വ്യക്തിയാണെന്നു പ്രസ്തുത പ്രസംഗം ശ്രോതാക്കൾക്ക് ഉറപ്പു നൽകി. (വെളിപ്പാടു 7:9) അക്കാരണത്താൽ, ആസന്നമായ “മഹോപദ്രവ”ത്തിൽ യഹോവ ജനതകളെ അന്തിമമായി ‘ഇളക്കു’മ്പോൾ അവൻ ആ അഭികാമ്യ വ്യക്തികളെ രക്ഷിക്കും. (മത്തായി 24:21, NW; ഹഗ്ഗായി 2:7, 21, 22) എന്നിരുന്നാലും, അതുവരെ യഹോവയുടെ ജനം ആത്മീയമായി ജാഗ്രതയുള്ളവരായി തുടരണം. അതാണ് “പ്രാവചനിക തിരുവെഴുത്തുകൾ ഉണർന്നിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു” എന്ന പ്രസംഗത്തിൽ വിശദീകരിക്കപ്പെട്ടത്. യേശുവിന്റെ പിൻവരുന്ന വാക്കുകൾ പ്രസംഗകൻ ഉദ്ധരിക്കുകയുണ്ടായി: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.” (മത്തായി 24:42) ആത്മീയ ജാഗ്രത നാം എങ്ങനെയാണു നിലനിർത്തുന്നത്? അതിനു നാം യഹോവയുടെ സേവനത്തിൽ തിരക്കുള്ളവർ ആയിരിക്കണം, പ്രാർഥനയിൽ തുടരണം, യഹോവയുടെ മഹാദിവസത്തിന്റെ പ്രതീക്ഷയിൽ ജീവിക്കണം.
ആ ദിവസത്തെ അവസാന പ്രസംഗത്തിന്റെ വിഷയം “പ്രാവചനിക വചനം അന്ത്യകാലത്ത്” എന്നതായിരുന്നു. വർഷങ്ങൾ കഴിഞ്ഞാലും മറക്കുകയില്ലാത്ത ഒരു പ്രസംഗമായിരുന്നു അത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുതിയ പുസ്തകം ആ പ്രസംഗത്തിലാണ് പ്രകാശനം ചെയ്യപ്പെട്ടത്. “മനോഹരമായ ചിത്രങ്ങൾ അടങ്ങിയ 320 പേജുള്ള ഈ പ്രസിദ്ധീകരണത്തിൽ ദാനീയേൽ പുസ്തകത്തിലെ മുഴുവൻ ഭാഗങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു” എന്നു പ്രസംഗകൻ പ്രസ്താവിച്ചു. യഹോവ തന്റെ പ്രാവചനിക വചനത്തിന്മേൽ വെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു എന്നതിന്റെ വലുതും വിശ്വാസത്തെ വർധിപ്പിക്കുന്നതുമായ എന്തൊരു തെളിവ്!
മൂന്നാം ദിവസം: ദൈവത്തിന്റെ പ്രാവചനിക വചനം ഒരിക്കലും പരാജയപ്പെടുന്നില്ല
കൺവെൻഷന്റെ അവസാന ദിവസം തുടങ്ങിയത് “നിയമിത കാലത്തേക്കുള്ള പ്രാവചനിക വചനങ്ങൾ” എന്ന സിമ്പോസിയത്തോടെ ആണ്. മൂന്നു ഭാഗങ്ങൾ ഉണ്ടായിരുന്ന ആ സിമ്പോസിയം ഹബക്കൂക് പ്രവാചകന്റെ മൂന്നു പ്രഖ്യാപനങ്ങളെ കുറിച്ചുള്ളതായിരുന്നു, അവയിൽ യഹോവയുടെ വധനിർവഹണ വിധികളാണ് അടങ്ങിയിരുന്നത്. ആ പ്രഖ്യാപനങ്ങളിൽ ആദ്യത്തേത് വഴിപിഴച്ച യഹൂദ്യക്കും രണ്ടാമത്തേത് മർദക ബാബിലോണിനും എതിരായിട്ടായിരുന്നു. മൂന്നാമത്തേത് ഇനിയും നിവൃത്തിയേറിയിട്ടില്ല. സകല ദുഷ്ട മനുഷ്യരുടെയും ആസന്നമായ അന്ത്യത്തെ കുറിച്ചുള്ളതാണ് അത്. “യഹോവ തന്റെ മഹാശക്തിയെ പൂർണമായി അഴിച്ചുവിടുമ്പോൾ, അതു തീർച്ചയായും ഭയജനകം ആയിരിക്കും” എന്നു സിമ്പോസിയത്തിലെ അവസാനത്തെ പ്രസംഗകൻ അർമഗെദോനെ കുറിച്ചു പറഞ്ഞതു ശ്രോതാക്കളിൽ വളരെയധികം ദൈവഭയം ഉളവാക്കി.
“നമ്മുടെ ആത്മീയ പൈതൃകം വിലമതിക്കൽ” എന്നതായിരുന്നു കൺവെൻഷനിലെ ഹൃദയസ്പർശിയായ നാടകത്തിന്റെ ശീർഷകം. ആത്മപരിശോധന നടത്താൻ പ്രോത്സാഹിപ്പിച്ച ആ നാടകം ആത്മീയ കാര്യങ്ങളോടുള്ള യാക്കോബിന്റെയും ഏശാവിന്റെയും മനോഭാവങ്ങളെ വിപരീത താരതമ്യം ചെയ്തു. ഏശാവ് ആത്മീയ പൈതൃകത്തെ തുച്ഛീകരിച്ചു. ആയതിനാൽ, ആ പൈതൃകത്തോടു വിലമതിപ്പ് ഉണ്ടായിരുന്ന യാക്കോബിന് അതു നൽകപ്പെട്ടു. “യഹോവ നമുക്ക് എന്ത് [ആത്മീയ പൈതൃകമാണ്] നൽകിയിരിക്കുന്നത്?” എന്നു പ്രസംഗകൻ സദസ്യരോട് ചോദിച്ചു. “തന്റെ വചനമായ ബൈബിളിലെ സത്യം; നിത്യജീവന്റെ പ്രത്യാശ; സുവാർത്താ ഘോഷകരെന്ന നിലയിൽ അവനെ പ്രതിനിധീകരിക്കാനുള്ള പദവി,” പ്രസംഗകൻ ഉത്തരം നൽകി.
“നമ്മുടെ അമൂല്യമായ പൈതൃകം നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു?” എന്നതായിരുന്നു തുടർന്നു നടന്ന പരിപാടിയുടെ ശീർഷകം. വ്യക്തിഗതമോ ഭൗതികമോ ആയ താത്പര്യങ്ങളെക്കാൾ യഹോവയുടെ സേവനത്തിനും ആത്മീയ അനുഗ്രഹങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് നമ്മുടെ ആത്മീയ പൈതൃകത്തോടു നാം ശരിയായ മനോഭാവം പ്രകടമാക്കുന്നു. അങ്ങനെ നാം, ആദാം, ഏശാവ്, അവിശ്വസ്ത ഇസ്രായേല്യർ എന്നിവരിൽനിന്നു വ്യത്യസ്തരായി, യഹോവയോടുള്ള ബന്ധത്തെ കേന്ദ്രീകരിച്ച് നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നു.
“സകലവും പുതുതാക്കൽ—മുൻകൂട്ടി പറഞ്ഞിരിക്കുന്നതു പോലെ” എന്ന ശീർഷകത്തിലുള്ള പരസ്യപ്രസംഗം “പുതിയ ആകാശ”ത്തെയും “പുതിയ ഭൂമി”യെയും കുറിച്ചുള്ള നാലു മുഖ്യ പ്രവചനങ്ങളെ പരസ്പരം കോർത്തിണക്കി. (യെശയ്യാവു 65:17-25; 66:22-24; 2 പത്രൊസ് 3:13; വെളിപ്പാടു 21:1, 3-5) പൊ.യു.മു. 537-ൽ യഹോവയുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ജനത്തിന്മേൽ ഈ പ്രവചനങ്ങൾക്ക് ഒരു നിവൃത്തി ഉണ്ടായിരുന്നു. എന്നാൽ വ്യക്തമായും, ആ പ്രവചനങ്ങൾ സംബന്ധിച്ച് അതിനെക്കാൾ വലിയ ഒരു നിവൃത്തി അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതേ, അവന്റെ രാജ്യഗവൺമെന്റും (‘പുതിയ ആകാശം’) മഹത്ത്വമാർന്ന ആഗോള പറുദീസയിൽ വസിക്കാനിരിക്കുന്ന അതിന്റെ ഭൗമിക പ്രജകളും (“പുതിയ ഭൂമി”) ഉൾപ്പെടുന്ന ഒന്നായിരുന്നു അത്.
“ദൈവവചനം നമ്മെ വഴികാട്ടവെ നമ്മുടെ പ്രതീക്ഷകൾ” എന്ന പ്രസംഗം കൺവെൻഷനെ ആവേശകരവും പ്രചോദനാത്മകവുമായ സമാപ്തിയിലേക്കു കൊണ്ടുവന്നു. രാജ്യഘോഷണ വേല പൂർത്തിയാക്കുന്നതിനുള്ള “കാലം ചുരുങ്ങിയിരിക്കുന്നു” എന്ന് അതു സകലരെയും ഓർമിപ്പിച്ചു. (1 കൊരിന്ത്യർ 7:29) അതേ, സാത്താനും അവന്റെ മുഴു ദുഷ്ട വ്യവസ്ഥിതിക്കും എതിരെയുള്ള യഹോവയുടെ കൽപ്പന നിവൃത്തിയേറാൻ പോകുന്ന കാലത്തിന്റെ പടിവാതിൽക്കലാണു നാം നിൽക്കുന്നത്. പിൻവരുന്ന പ്രകാരം പാടിയ സങ്കീർത്തനക്കാരന്റേതു പോലുള്ള വികാരങ്ങൾ നമുക്കും ഉണ്ടായിരിക്കണം: “നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.” (സങ്കീർത്തനം 33:20) ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ അധിഷ്ഠിതമായ പ്രതീക്ഷകൾ പുലർത്തുന്നവരെ എത്ര ശോഭനമായ ഭാവിയാണ് കാത്തിരിക്കുന്നത്!
[7-ാം പേജിലെ ചിത്രം]
യഹോവയുടെ ദാസന്മാർക്കു തങ്ങളുടെ ആത്മീയ പൈതൃകത്തോടുള്ള വിലമതിപ്പു വർധിപ്പിച്ച ആവേശകരമായ നാടകം
[7-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ചെവി കൊടുത്ത അനേകർ സ്നാപനമേറ്റു