നാം വിശ്വാസമുള്ള തരക്കാരാണ്
ഇറ്റലിയിലെ ജനങ്ങൾക്ക് ആശ്വാസ സന്ദേശം എത്തിക്കുന്നു
“സർവ്വാശ്വാസവും നല്കുന്ന ദൈവ”മാണ് യഹോവ. അവനെ അനുകരിക്കാൻ പഠിക്കുന്നതു മുഖാന്തരം അവന്റെ ദാസന്മാർക്ക് ‘ഏതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാനും ശക്തി’ ലഭിക്കുന്നു. (2 കൊരിന്ത്യർ 1:3, 4; എഫെസ്യർ 5:1) യഹോവയുടെ സാക്ഷികൾ നിർവഹിക്കുന്ന പ്രസംഗ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഇതാണ്.
ഒരു സ്ത്രീക്കു തക്കസമയത്ത് സഹായം നൽകുന്നു
പ്രത്യേകിച്ചും ഈ സമീപ വർഷങ്ങളിൽ, പട്ടിണി, യുദ്ധം, മെച്ചപ്പെട്ട ജീവിതം കണ്ടെത്താനുള്ള ആഗ്രഹം എന്നിവ കൂടുതൽ സമ്പന്നമായ രാഷ്ട്രങ്ങളിലേക്കു കുടിയേറാൻ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നു. എങ്കിലും, പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുക എന്നത് അത്ര എളുപ്പമല്ല. ബോർഗോമാനേറോയിൽ തന്റെ സഹ അൽബേനിയക്കാരുടെ കൂടെ പാർക്കുകയായിരുന്നു മാന്യോളേ. ഇറ്റലിയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്നതിനാൽ, യഹോവയുടെ സാക്ഷികളിൽ ഒരാളായ വാൻഡയുമായി സംസാരിക്കാൻ അവൾ കൂട്ടാക്കിയില്ല. എന്നുവരികിലും, പല പ്രാവശ്യത്തെ ശ്രമത്തിനു ശേഷം ഒടുവിൽ വാൻഡയ്ക്ക് മാന്യോളേയുമായി സംസാരിക്കുന്നതിനുള്ള സമയം ക്രമീകരിക്കാൻ കഴിഞ്ഞു. ഭാഷാപ്രശ്നം ഉണ്ടായിരുന്നെങ്കിലും ദൈവവചനം പഠിക്കുന്നതിൽ അവൾ ഉടനെതന്നെ അതീവ താത്പര്യം കാട്ടി.
ഏതാനും തവണത്തെ സന്ദർശനത്തിനു ശേഷം, വാൻഡ പിന്നീടൊരിക്കൽ ആ വീട്ടിൽ ചെന്നപ്പോൾ അവിടെ ആരെയും കണ്ടില്ല. എന്താണു സംഭവിച്ചത്? ആ വീട്ടിൽ താമസിച്ചിരുന്ന ഒരാളെ—മാന്യോളേയുടെ കാമുകനെ—കൊലക്കുറ്റത്തിനു പൊലീസ് തിരയുകയായിരുന്നതിനാൽ അവരെല്ലാം അവിടം വിട്ടുപോയെന്നു വാൻഡ മനസ്സിലാക്കി!
നാലു മാസത്തിനു ശേഷം വാൻഡ വീണ്ടും മാന്യോളേയെ കണ്ടുമുട്ടി. “എല്ലും തോലുമായി മാറിയ അവൾ ശരിക്കും കഷ്ടപ്പാട് അനുഭവിച്ച ഒരാളെപ്പോലെ കാണപ്പെട്ടു,” വാൻഡ ഓർക്കുന്നു. അവളുടെ മുൻ കാമുകൻ ജയിലിൽ ആണെന്നും സഹായത്തിനായി അവൾ ആശ്രയിച്ച സുഹൃത്തുക്കളെല്ലാം അവളെ കൈവിട്ടെന്നും മാന്യോളേ വിശദീകരിച്ചു. നിരാലംബയായ അവൾ, സഹായത്തിനായി ദൈവത്തോടു പ്രാർഥിച്ചു. അപ്പോൾ, ബൈബിളിനെക്കുറിച്ച് തന്നോടു സംസാരിക്കാറുണ്ടായിരുന്ന വാൻഡയെ അവൾക്ക് ഓർമ വന്നു. അതേ, അവളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ മാന്യോളേ എത്ര സന്തോഷവതിയായിരുന്നെന്നോ! ബൈബിൾ അധ്യയനം പുനരാരംഭിച്ചു, താമസിയാതെ മാന്യോളേ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. ഇറ്റലിയിൽത്തന്നെ താമസിക്കാനുള്ള നിയമാനുമതി നേടിയെടുക്കുന്നതിൽ അവൾ വിജയിച്ചു. ഒരു വർഷം കഴിഞ്ഞ് മാന്യോളേ സ്നാപനമേറ്റ ഒരു സാക്ഷി ആയിത്തീർന്നു. ദിവ്യ വാഗ്ദാനങ്ങളിൽനിന്ന് ആശ്വാസം കണ്ടെത്തിയ അവൾ, ബൈബിളിന്റെ ആശ്വാസദായകമായ സന്ദേശം തന്റെ രാജ്യത്തുള്ളവരുമായി പങ്കുവെക്കാൻ അൽബേനിയയിലേക്കു തിരിച്ചുപോയി.
കുടിയേറ്റക്കാർ തമ്പടിച്ചിരിക്കുന്ന ഒരു സ്ഥലത്തു സാക്ഷീകരിക്കുന്നു
ഇറ്റലിയിലെ അനേകം സഭകൾ മാന്യോളേയെ പോലുള്ള കുടിയേറ്റക്കാരോടു സാക്ഷീകരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ഉദാഹരണമായി, കുടിയേറ്റക്കാർ തമ്പടിച്ചിരിക്കുന്ന ഒരു സ്ഥലം പതിവായി സന്ദർശിക്കാൻ ഫ്ളോറൻസിലെ ഒരു സഭ ക്രമീകരണങ്ങൾ ചെയ്തു. ക്യാമ്പിലെ മിക്കവരും—പശ്ചിമ യൂറോപ്പ്, മാസിഡോണിയ, കൊസൊവോ എന്നിവിടങ്ങളിൽ നിന്നുള്ളവർ—പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നവരായിരുന്നു. ചിലർ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ അടിമകളായിരുന്നു. പലരും അല്ലറചില്ലറ മോഷണങ്ങളൊക്കെ നടത്തിയാണു കഴിഞ്ഞുകൂടിയിരുന്നത്.
ഈ ആളുകളോടു സുവാർത്ത പ്രസംഗിക്കുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. എങ്കിലും, ഒരു മുഴുസമയ പ്രവർത്തകയായ പാവോല മാസിഡോണിയക്കാരിയായ ജാക്ക്ലിനയുമായി ക്രമേണ സമ്പർക്കത്തിൽ വന്നു. പാവോലയുമായി നടത്തിയ ഏതാനും തവണത്തെ സംഭാഷണങ്ങൾക്കു ശേഷം, ജാക്ക്ലിന തന്റെ ഒരു കൂട്ടുകാരിയായ സൂസാന്നയെ ബൈബിൾ പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. കാലക്രമത്തിൽ, സൂസാന്ന മറ്റു ബന്ധുക്കളുമായി സംസാരിച്ചു. താമസിയാതെ, ആ കുടുംബത്തിലെ അഞ്ചു പേർ ക്രമമായി ബൈബിൾ പഠിക്കാനും ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാനും പഠിക്കുന്നതു ബാധകമാക്കാനും തുടങ്ങി. പ്രശ്നങ്ങളിന്മധ്യേ ആണെങ്കിലും യഹോവയിൽ നിന്നും അവന്റെ വചനത്തിൽ നിന്നും അവർ ആശ്വാസം കണ്ടെത്തുന്നു.
ഒരു കന്യാസ്ത്രീ യഹോവയിൽ നിന്ന് ആശ്വാസം സ്വീകരിക്കുന്നു
ഫോർമിയ എന്ന പട്ടണത്തിൽ വെച്ച്, മുഴുസമയ ശുശ്രൂഷകയായ ആസൂന്ത നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ഒരു സ്ത്രീയോടു സംസാരിച്ചു. ആശുപത്രികളിലും സ്വകാര്യ ഭവനങ്ങളിലും ഉള്ള രോഗികളെയും വയോജനങ്ങളെയും പരിപാലിക്കുന്ന മതവിഭാഗത്തിൽപ്പെട്ട ഒരു കന്യാസ്ത്രീ ആയിരുന്നു അവർ.
ആസൂന്ത ആ കന്യാസ്ത്രീയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്, അല്ലേ? എന്തു പറയാനാ, നമുക്കെല്ലാവർക്കും പ്രശ്നങ്ങളുണ്ട്.” അപ്പോൾ ആ കന്യാസ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട് തനിക്കുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. ബൈബിളിലെ ദൈവത്തിന് ആശ്വാസമേകാൻ കഴിയും എന്നു പറഞ്ഞുകൊണ്ട് ആസൂന്ത അവരെ പ്രോത്സാഹിപ്പിച്ചു. ആസൂന്ത കൊടുത്ത ബൈബിളധിഷ്ഠിത മാസികകൾ അവർ സ്വീകരിച്ചു.
അടുത്ത തവണ അവർ സംഭാഷണം നടത്തിയപ്പോൾ, പാൽമിറ എന്നു പേരുള്ള ഈ കന്യാസ്ത്രീ താൻ വളരെയധികം കഷ്ടപ്പാട് അനുഭവിക്കുന്നുണ്ടെന്നു സമ്മതിച്ചു പറഞ്ഞു. കന്യാസ്ത്രീകൾ നടത്തുന്ന ഒരു സ്ഥാപനത്തിലായിരുന്നു വളരെക്കാലമായി അവൾ താമസിച്ചിരുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ അവൾക്കു താത്കാലികമായി അവിടെനിന്നു പോരേണ്ടിവന്നു, പിന്നെ അവളെ ആ സ്ഥാപനത്തിൽ തിരിച്ചെടുത്തില്ല. എങ്കിലും ഒരു കന്യാസ്ത്രീ എന്ന നിലയിൽ എടുത്ത പ്രതിജ്ഞകൾ നിമിത്തം ദൈവത്തോടു താൻ കടപ്പെട്ടവളാണെന്നു പാൽമിറയ്ക്കു തോന്നി. അവൾ “ചികിത്സ”യ്ക്കായി രോഗശാന്തിക്കാരിലേക്കു തിരിഞ്ഞെങ്കിലും, വൈകാരിക ക്ഷതമായിരുന്നു ഫലം. പാൽമിറ ബൈബിൾ പഠിക്കാൻ സമ്മതിക്കുകയും ഒരു വർഷത്തോളം യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്തു. പിന്നെ അവൾ മറ്റൊരു സ്ഥലത്തേക്കു പോയി. അതോടെ സാക്ഷികൾക്ക് അവളുമായുള്ള സമ്പർക്കം നഷ്ടമായി. രണ്ടു വർഷം കഴിഞ്ഞാണ് ആസൂന്ത പിന്നെ അവളെ കണ്ടുമുട്ടിയത്. കുടുംബക്കാരുടെയും വൈദികരുടെയും കടുത്ത എതിർപ്പ് പാൽമിറ അനുഭവിച്ചു. എന്നിട്ടും, അവൾ ബൈബിൾ പഠനം തുടർന്നു. പിന്നീട് ആത്മീയ പുരോഗതി പ്രാപിക്കുകയും സ്നാപനമേറ്റ് യഹോവയുടെ സാക്ഷികളിൽ ഒരുവളായിത്തീരുകയും ചെയ്തു.
അതേ, ‘ആശ്വാസമേകുന്ന ദൈവ’ത്തിന്റെ സന്ദേശം അനേകരെ പ്രോത്സാഹിതരാക്കുന്നു. (റോമർ 15:4, 5) അതിനാൽ, അവന്റെ അത്ഭുതകരമായ ആശ്വാസ സന്ദേശം മറ്റുള്ളവർക്കു പകർന്നുകൊണ്ടു തുടർന്നും ദൈവത്തെ അനുകരിക്കാൻ ഇറ്റലിയിലെ യഹോവയുടെ സാക്ഷികൾ ദൃഢചിത്തരാണ്.