യിസ്രെയേലിൽ അവർ എന്തു കണ്ടെത്തിയിരിക്കുന്നു?
നൂറ്റാണ്ടുകളോളം ശൂന്യമാക്കപ്പെട്ട അവസ്ഥയിൽ കിടന്ന ഒരു പ്രാചീന നഗരമാണ് യിസ്രെയേൽ. ഒരുകാലത്ത് ബൈബിൾ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരുന്ന ഒരു പ്രമുഖ നഗരമായിരുന്നു അത്. മുമ്പത്തെ പ്രതാപങ്ങളൊക്കെ നഷ്ടപ്പെട്ട അത് ഇപ്പോൾ വെറുമൊരു മൺകൂമ്പാരമാണ്. സമീപ വർഷങ്ങളിലാണു പുരാവസ്തുശാസ്ത്രജ്ഞർ യിസ്രെയേലിന്റെ ശൂന്യശിഷ്ടങ്ങൾ പരിശോധിക്കാൻ തുടങ്ങിയത്. ഈ അവശിഷ്ടങ്ങൾ ബൈബിൾ വിവരണങ്ങൾ സംബന്ധിച്ച് എന്താണു വെളിപ്പെടുത്തുന്നത്?
ബൈബിളിൽ പരാമർശിക്കുന്ന യിസ്രെയേൽ
യിസ്രെയേൽ താഴ്വരയുടെ കിഴക്കായി സ്ഥിതി ചെയ്തിരുന്ന യിസ്രെയേൽ പുരാതന ഇസ്രായേലിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ദേശങ്ങളിൽ ഒന്നായിരുന്നു. ആ താഴ്വരയുടെ നേരെ വടക്കുമാറിയാണ് മോരെ കുന്ന് സ്ഥിതിചെയ്യുന്നത്. ന്യായാധിപനായ ഗിദെയോനെയും സൈന്യങ്ങളെയും ആക്രമിക്കാനുള്ള തയ്യാറെടുപ്പിൽ മിദ്യാന്യർ പാളയമടിച്ചത് അവിടെയാണ്. അൽപ്പം കിഴക്കുമാറി ഗിൽബോവാ പർവതത്തിന്റെa ചുവട്ടിലായാണ് ഹാരോദിന്റെ നീരുറവ്. യഹോവയ്ക്കു തന്റെ ജനത്തെ വിടുവിക്കാൻ ശക്തമായ സൈനികബലം ആവശ്യമില്ലെന്നു പ്രകടമാക്കാനായി അവൻ ആയിരക്കണക്കിന് ആളുകൾ ഉണ്ടായിരുന്ന ഗിദെയോന്റെ സൈന്യത്തെ വെറും 300 അംഗങ്ങളുള്ള ഒരു സൈന്യമാക്കി കുറച്ചത് ഇവിടെവെച്ചാണ്. (ന്യായാധിപന്മാർ 7:1-25; സെഖര്യാവു 4:6) സമീപത്തുള്ള ഗിൽബോവാ പർവതത്തിൽ വെച്ചാണ് ഫെലിസ്ത്യർ ഇസ്രായേലിലെ ആദ്യത്തെ രാജാവായ ശൗലിനെ ഒരു വലിയ യുദ്ധത്തിൽ തോൽപ്പിച്ചത്. യോനാഥാനും ശൗലിന്റെ മറ്റു രണ്ടു പുത്രന്മാരും കൊല്ലപ്പെട്ടതും ശൗൽ ആത്മഹത്യ ചെയ്തതും ആ യുദ്ധത്തിൽ വെച്ചായിരുന്നു.—1 ശമൂവേൽ 31:1-5.
നാനാ സവിശേഷതകൾ ഉള്ള ഒരു നഗരമായാണ് യിസ്രെയേൽ എന്ന പ്രാചീന നഗരത്തെ ബൈബിൾ പരാമർശിക്കുന്നത്. ഇസ്രായേൽ രാജാക്കന്മാരുടെ അധികാര ദുർവിനിയോഗത്തെയും വിശ്വാസത്യാഗത്തെയും കുറിച്ചു മാത്രമല്ല, യഹോവയുടെ ദാസന്മാർ പ്രകടമാക്കിയ വിശ്വസ്തതയെയും തീക്ഷ്ണതയെയും കുറിച്ചും ബൈബിളിലെ ആ വിവരണങ്ങൾ പറയുന്നു. പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിന്റെ ഔദ്യോഗിക തലസ്ഥാനം ശമര്യ ആയിരുന്നെങ്കിലും, പൊ.യു.മു. പത്താം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആ രാജ്യത്തെ ഭരണാധിപൻ ആയിരുന്ന ആഹാബ് രാജാവ് തന്റെ രാജവസതി പണിതത് യിസ്രെയേലിൽ ആയിരുന്നു. (1 രാജാക്കന്മാർ 21:1) ആഹാബിന്റെ വിദേശ ഭാര്യ ആയിരുന്ന ഈസേബെൽ യഹോവയുടെ പ്രവാചകനായ ഏലീയാവിനെതിരെ വധഭീഷണി മുഴക്കിയതും യിസ്രെയേലിൽ വെച്ചായിരുന്നു. ഈസേബെൽ ഏലീയാവിനെതിരെ ഇങ്ങനെ കോപിഷ്ഠയാകാൻ കാരണം, കർമ്മേൽ പർവതത്തിൽവെച്ച് യഥാർഥ ദൈവത്വം സംബന്ധിച്ച് ഏലീയാവ് ഒരു പരിശോധന നടത്തി ബാലിന്റെ പ്രവാചകന്മാരെ നിർഭയം വധിച്ചതായിരുന്നു.—1 രാജാക്കന്മാർ 18:36-19:2.
പിന്നീട് യിസ്രെയേലിൽവെച്ച് ഒരു പാതകം നടന്നു. യിസ്രെയേല്യനായ നാബോത്ത് കൊല്ലപ്പെട്ടു. നാബോത്തിന്റെ മുന്തിരിത്തോപ്പ് കൈവശമാക്കാൻ ആഹാബ് രാജാവ് മോഹിച്ചിരുന്നു. രാജാവ് ആ സ്ഥലം അധികാരപൂർവം ആവശ്യപ്പെട്ടപ്പോൾ “ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതി വരുത്തരുതേ” എന്നു നാബോത്ത് മറുപടി പറഞ്ഞു. തത്ത്വാധിഷ്ഠിതമായ ആ വിശ്വസ്ത ഉത്തരം ആഹാബിനെ വളരെയധികം അപ്രീതിപ്പെടുത്തി. രാജാവിന്റെ വാടിയ മുഖം കണ്ട രാജ്ഞി നാബോത്തിന്റെമേൽ ദൈവദൂഷണം ആരോപിച്ച് അവനെ അന്യായമായി വിചാരണ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. നിർദോഷിയായ നാബോത്തിന്റെമേൽ കുറ്റം ചുമത്തി അവനെ കല്ലെറിഞ്ഞു കൊല്ലുകയും അവന്റെ മുന്തിരിത്തോപ്പ് രാജാവു കൈവശമാക്കുകയും ചെയ്തു.—1 രാജാക്കന്മാർ 21:1-16.
ഈ ദുഷ്പ്രവൃത്തി നിമിത്തം “നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും” എന്ന് ഏലീയാവ് പ്രവചിച്ചു. ആ പ്രവാചകൻ ഇങ്ങനെയും പറഞ്ഞു: “ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും . . . യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്വാൻ തന്നെത്താൻ വിററുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.” എന്നിരുന്നാലും, ഏലീയാവ് യഹോവയുടെ ന്യായവിധി ഘോഷിച്ചപ്പോൾ ആഹാബ് താഴ്മ പ്രകടമാക്കിയതിനാൽ ശിക്ഷ അവന്റെ ജീവകാലത്ത് ഉണ്ടാകുകയില്ല എന്നു യഹോവ പ്രഖ്യാപിച്ചു. (1 രാജാക്കന്മാർ 21:23-29) ഏലീയാവിന്റെ പിൻഗാമിയായ എലീശായുടെ നാളിൽ ഇസ്രായേലിന്റെ രാജാവായി യേഹൂ അഭിഷേകം ചെയ്യപ്പെട്ടതായി ബൈബിൾ പറയുന്നു. യിസ്രെയേലിലേക്ക് രഥം ഓടിച്ചു ചെന്ന യേഹൂ, ഈസേബെലിനെ അവളുടെ കൊട്ടാരത്തിന്റെ ജാലകത്തിൽനിന്നു തള്ളിയിടാൻ കൽപ്പിച്ചു, അവൾ കുതിരകളുടെ കാൽക്കീഴെ ചവിട്ടിയരയ്ക്കപ്പെട്ടു. ശവംതീനി നായ്ക്കൾ അവളുടെ തലയോടും കാൽപ്പാദവും കൈപ്പത്തിയും മാത്രമേ അവശേഷിപ്പിച്ചുള്ളൂ. (2 രാജാക്കന്മാർ 9:30-37) യിസ്രെയേലിനോടു നേരിട്ടു ബന്ധമുള്ളതായി ബൈബിൾ പരാമർശിക്കുന്ന അവസാന സംഭവം ആഹാബിന്റെ പുത്രന്മാരിൽ 70 പേർ വധിക്കപ്പെട്ട സംഗതിയാണ്. യിസ്രെയേൽ നഗരകവാടത്തിങ്കൽ യേഹൂ അവരുടെ തലകൾ രണ്ടു കൂമ്പാരങ്ങളായി കൂട്ടി. അതിനുശേഷം, ആഹാബിന്റെ അവിശ്വസ്ത ഭരണവുമായി ബന്ധപ്പെട്ടിരുന്ന പ്രമുഖ പുരുഷന്മാരെയും പുരോഹിതന്മാരെയും അവൻ നശിപ്പിച്ചുകളഞ്ഞു.—2 രാജാക്കന്മാർ 10:6-11.
പുരാവസ്തുഗവേഷകർ എന്തു കണ്ടെത്തിയിരിക്കുന്നു?
1990-ൽ, യിസ്രെയേൽ പ്രദേശത്ത് കുഴിക്കൽ പ്രവർത്തനം നടത്തുന്നതിനുള്ള ഒരു സംയുക്ത സംരംഭം തുടങ്ങി. ടെൽ അവീവ് യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയും (ഡേവിഡ് യൂസിഷ്കിൻ പ്രതിനിധാനം ചെയ്തു) യെരൂശലേമിലെ ബ്രിട്ടീഷ് സ്കൂൾ ഓഫ് ആർക്കിയോളജിയും (ജോൺ വുഡ്ഹെഡ് പ്രതിനിധാനം ചെയ്തു) അതിൽ പങ്കെടുത്തു. 1990 മുതൽ 1996 വരെയുള്ള വർഷങ്ങളിൽ, ഏഴു വ്യത്യസ്ത കാലയളവിലായി (ഓരോന്നിനും ആറാഴ്ച ദൈർഘ്യമുണ്ടായിരുന്നു) 80-നും 100-നും ഇടയ്ക്ക് സ്വമേധയാ സേവകർ ആ സംരംഭത്തിൽ പങ്കെടുത്തു.
ഒരു പ്രദേശത്തുനിന്നു ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിൽ എത്തുന്ന രീതിയാണ് ആധുനിക പുരാവസ്തുശാസ്ത്രത്തിനുള്ളത്, പൂർവ ധാരണകൾക്കും ആശയങ്ങൾക്കും അതിൽ സ്ഥാനമില്ല. അതുകൊണ്ട്, ബൈബിൾ നാടുകളെ കുറിച്ചു പഠനം നടത്തുന്ന പുരാവസ്തുഗവേഷകനെ സംബന്ധിച്ചിടത്തോളം ആ വിഷയത്തെ കുറിച്ചുള്ള അവസാന വാക്കല്ല തിരുവെഴുത്തു വിവരണങ്ങൾ. അദ്ദേഹം മറ്റു വിവരങ്ങളും ഭൗതിക തെളിവുകളും പരിശോധിച്ച് അവധാനപൂർവം വിലയിരുത്തുന്നു. എന്നിരുന്നാലും, ബൈബിളിലെ ഏതാനും അധ്യായങ്ങളിൽ കാണുന്നതൊഴികെ യിസ്രെയേലിനെ കുറിച്ചു മറ്റു യാതൊരു പുരാതന ലിഖിത രേഖകളും ലഭ്യമല്ല എന്നു ജോൺ വുഡ്ഹെഡ് പറയുന്നു. അതുകൊണ്ട് ബൈബിൾ വിവരണങ്ങളും കാലഗണനയും ഗവേഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പുരാവസ്തുശാസ്ത്രജ്ഞരുടെ ശ്രമങ്ങൾ എന്തൊക്കെ വെളിപ്പെടുത്തിയിരിക്കുന്നു?
കുഴിച്ചെടുത്ത കോട്ടമതിലുകളുടെ ഭാഗങ്ങളും മൺപാത്രങ്ങളും ഇരുമ്പുയുഗം എന്നു വിളിക്കപ്പെടുന്ന കാലഘട്ടത്തിലേതാണെന്ന് തുടക്കത്തിൽത്തന്നെ സ്പഷ്ടമായി, യിസ്രെയേലിനെ കുറിച്ചു ബൈബിൾ പറയുന്ന അതേ കാലഘട്ടത്തിൽത്തന്നെ ഉള്ളവ ആയിരുന്നു അവ. തുടർന്നു നടത്തിയ കുഴിച്ചെടുക്കലുകൾ വിസ്മയകരമായ പലതും വെളിപ്പെടുത്തി. ആ നഗരത്തിന്റെയും ബൃഹത്തായ കോട്ടകളുടെയും വലിപ്പമായിരുന്നു ഒരു സംഗതി. ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്ന പുരാതന ശമര്യയിൽ ഉണ്ടായിരുന്നതിനോടു സമാനമായ കോട്ടകളോടു കൂടിയ ഒരു നഗരമാണു പുരാവസ്തുഗവേഷകർ പ്രതീക്ഷിച്ചത്. എന്നാൽ, കൂടുതൽ കുഴിച്ചുചെന്നപ്പോൾ യിസ്രെയേൽ അതിനെക്കാൾ വളരെ വലിയ ഒരു നഗരമായിരുന്നെന്നു വ്യക്തമായി. കോട്ടകളാൽ ചുറ്റപ്പെട്ട ആ പ്രദേശത്തിന്റെ നീളം 300 മീറ്ററും വീതി 150 മീറ്ററും ആയിരുന്നു. അതിന്റെ മൊത്തം വിസ്തീർണം നോക്കിയാൽ, പ്രസ്തുത കാലഘട്ടത്തിൽ ഇസ്രായേലിൽ ഉണ്ടായിരുന്ന മറ്റേതൊരു നഗരത്തെക്കാളും മൂന്നിരട്ടിയിലധികം വലുതായിരുന്നു അത്. അതിനു ചുറ്റുമായി, കോട്ടമതിലുകളിൽനിന്ന് 11 മീറ്റർ ആഴമുള്ള ജലരഹിത കിടങ്ങുകൾ ഉണ്ടായിരുന്നു. പ്രൊഫസർ യൂസിഷ്കിൻ പറയുന്നതനുസരിച്ച്, ബൈബിൾ കാലങ്ങളിൽ സാധാരണ കാണാത്ത ഒരു സംഗതിയായിരുന്നു ഈ കിടങ്ങുകൾ. “ഇതുപോലുള്ള യാതൊരു സംഗതിയും കുരിശുയോദ്ധാക്കളുടെ കാലംവരെ നാം ഇസ്രായേലിൽ കാണുന്നില്ല,” അദ്ദേഹം പറഞ്ഞു.
മറ്റൊരു അപ്രതീക്ഷിത പ്രത്യേകത, നഗരകേന്ദ്രത്തിനുള്ളിൽ ബൃഹത്തായ നിർമിതികൾ ഇല്ലായിരുന്നു എന്നതാണ്. നഗരത്തിന്റെ നിർമാണസമയത്ത് കൊണ്ടുവന്ന തവിട്ടുകലർന്ന ചുവന്ന മണ്ണ് ഒരു ചുറ്റുമതിലിന് ഉള്ളിൽ നിരപ്പായതും അതിവിശാലവുമായ ഒരു ഉയർന്ന മൺവേദിക ഉണ്ടാക്കാൻ ഉപയോഗിച്ചു. യിസ്രെയേൽ കേവലം ഒരു രാജവസതിയെക്കാൾ കവിഞ്ഞതായിരുന്നു എന്നതിന്റെ തെളിവായിരിക്കാം ഈ പ്രമുഖ വേദിക എന്ന് ടെൽ യിസ്രെയേലിൽ നടത്തിയ കുഴിച്ചെടുക്കലുകളെ കുറിച്ചുള്ള രണ്ടാം പ്രാഥമിക റിപ്പോർട്ട് (ഇംഗ്ലീഷ്) അഭിപ്രായപ്പെടുന്നു. ആ റിപ്പോർട്ട് ഇങ്ങനെ പറയുകയുണ്ടായി: “ഓംറൈഡ് രാജാക്കന്മാരുടെ [ഓമ്രിയുടെയും പിൻഗാമികളുടെയും] കാലത്ത് യിസ്രെയേൽ രാജകീയ സൈന്യത്തിന്റെ പ്രധാന കേന്ദ്രം ആയിരുന്നിരിക്കാനുള്ള സാധ്യത ഞങ്ങൾ കാണുന്നു . . . രാജാവിന്റെ രഥസൈന്യത്തിനും കുതിരപ്പടയ്ക്കും പരിശീലനം നൽകിയിരുന്നത് അവിടെ ആയിരുന്നിരിക്കാം.” ഉയർത്തിക്കെട്ടിയ ആ വേദികയുടെയും അതിന്റെ ചുറ്റുമതിലിന്റെയും വലിപ്പം നോക്കിയാൽ, അതു മധ്യപൂർവ ദേശത്ത് അക്കാലത്ത് ഉണ്ടായിരുന്ന ഏറ്റവും വലിയ രഥസൈന്യത്തിന്റെ ശക്തി പ്രദർശിപ്പിക്കാനുള്ള പരേഡ് ഗ്രൗണ്ട് ആയിരുന്നിരിക്കാനുള്ള സാധ്യത വുഡ്ഹെഡ് കാണുന്നു.
നഗരകവാടത്തിന്റെ കുഴിച്ചെടുത്ത അവശിഷ്ടങ്ങൾ പുരാവസ്തുഗവേഷകർക്കു വിശേഷാൽ താത്പര്യമുള്ളതാണ്. ചുരുങ്ങിയത് നാല് അറകളോടു കൂടിയ നഗരകവാടത്തിന്റെ പ്രവേശനദ്വാരത്തെ കുറിച്ചുള്ള വിവരങ്ങൾ തരുന്നവയാണ് ആ അവശിഷ്ടങ്ങൾ. എന്നിരുന്നാലും, ആ കവാടത്തിന്റെ കല്ലുകളിൽ പലതും നൂറ്റാണ്ടുകൾകൊണ്ട് മോഷ്ടിക്കപ്പെട്ടതിനാൽ, പ്രസ്തുത കണ്ടുപിടുത്തം അത്ര വിശ്വസനീയമല്ല. മെഗിദ്ദോ, ഹാസോർ, ഗേസെർ എന്നിവിടങ്ങളിൽ കണ്ടെത്തിയ കവാടങ്ങളുടേതിനോടു സമാനമായ അളവുകളുള്ള ആറ് അറകളോടു കൂടിയ നഗരകവാടത്തെയാണു പ്രസ്തുത അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നതെന്നു വുഡ്ഹെഡ് വിചാരിക്കുന്നു.b
സൈനികമായും ഭൂമിശാസ്ത്രപരമായും തന്ത്രപ്രധാനമായ ഒരു സ്ഥാനത്തു സ്ഥിതി ചെയ്തിരുന്ന ആ നഗരം വളരെ കുറച്ചു കാലം മാത്രമേ നിലവിലിരുന്നുള്ളൂ എന്നാണു പുരാവസ്തുഗവേഷകരുടെ കണ്ടുപിടിത്തങ്ങൾ സൂചിപ്പിക്കുന്നത്. ശക്തമായ കെട്ടുറപ്പുള്ള നഗരമായിരുന്ന യിസ്രെയേൽ ഒരു കാലഘട്ടത്തേക്കു മാത്രമേ, അതായത് ഏതാനും ദശകങ്ങൾ മാത്രമേ, നിലവിലിരുന്നുള്ളൂ എന്ന് വുഡ്ഹെഡ് ഊന്നിപ്പറയുന്നു. പല പ്രാവശ്യം പുതുക്കിപ്പണിയുകയും വികസിപ്പിക്കുകയും നിവസിക്കപ്പെടുകയും ചെയ്ത മെഗിദ്ദോ, ഹാസോർ, തലസ്ഥാന നഗരിയായ ശമര്യ തുടങ്ങി ബൈബിളിൽ പരാമർശിക്കുന്ന പല പ്രമുഖ നഗരങ്ങളിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു യിസ്രെയേൽ. ഈ തന്ത്രപ്രധാനമായ നഗരം വളരെ പെട്ടെന്ന് അസ്തമിച്ചുപോയത് എന്തുകൊണ്ട്? ആഹാബും അവന്റെ രാജവംശവും രാഷ്ട്രത്തിന്റെ പൊതു സമ്പത്തു ധൂർത്തടിച്ചത് സാമ്പത്തിക പ്രതിസന്ധിക്കു വഴിയൊരുക്കിയതായി വുഡ്ഹെഡ് നിഗമനം ചെയ്യുന്നു. യിസ്രെയേൽ നഗരത്തിന്റെ ഭീമമായ വലിപ്പത്തിലും ശക്തിയിലും ഈ ധൂർത്തടി പ്രകടമായിരുന്നു. ഒരുപക്ഷേ, യേഹൂവിന്റെ കീഴിലുള്ള പുതിയ ഭരണം ആഹാബിനെ കുറിച്ചുള്ള ഓർമ പോലും നിലനിർത്താൻ ആഗ്രഹിച്ചിട്ടുണ്ടാവില്ല, അങ്ങനെ ആ നഗരം പൂർണമായി ഉപേക്ഷിക്കപ്പെട്ടിരിക്കാം.
യിസ്രെയേൽ സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇരുമ്പുയുഗത്തിൽ ഇസ്രായേല്യരുടെ ഒരു പ്രധാന കേന്ദ്രം ആയിരുന്നതായി ഇതുവരെ നടത്തിയ കുഴിച്ചെടുക്കലിൽനിന്നു ലഭിച്ച തെളിവുകൾ സ്ഥിരീകരിക്കുന്നു. അവിടം ആഹാബിന്റെയും ഈസേബെലിന്റെയും പ്രമുഖ രാജവസതി ആയിരുന്നുവെന്ന ബൈബിളിന്റെ വിവരണത്തോടു യോജിക്കുന്നതാണ് അതിന്റെ വലിപ്പവും കോട്ടകളും. ഈ കാലഘട്ടത്തിൽ അവിടെ ജനവാസം കുറവായിരുന്നു എന്നതിന്റെ ലക്ഷണങ്ങൾ, ആ നഗരത്തെ കുറിച്ചുള്ള ബൈബിളിന്റെ വിവരണവുമായി ഒത്തുപോകുന്നു. ആഹാബിന്റെ വാഴ്ചക്കാലത്ത് അതു പെട്ടെന്നു പ്രതാപം കൈവരിച്ചെങ്കിലും യഹോവയുടെ കൽപ്പനപ്രകാരം അതു നശിപ്പിക്കപ്പെട്ടു. അതു സംഭവിച്ചത് യേഹൂ “യിസ്രെയേലിൽ ആഹാബ്ഗൃഹത്തിൽ ശേഷിച്ചവരെ ഒക്കെയും അവന്റെ സകലമഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞ”പ്പോഴാണ്.—2 രാജാക്കന്മാർ 10:11.
യിസ്രെയേൽ സ്ഥിതി ചെയ്തിരുന്ന സമയം
“പുരാവസ്തുശാസ്ത്രത്തിൽ, സംഗതികളുടെ കൃത്യമായ കാലപ്പഴക്കം നിർണയിക്കാനുള്ള അടിസ്ഥാനം കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്,” വുഡ്ഹെഡ് സമ്മതിക്കുന്നു. അതുകൊണ്ട്, യിസ്രെയേൽ പ്രദേശത്ത് ഏഴു വർഷക്കാലം നടത്തിയ കുഴിച്ചെടുക്കലുകളുടെ ഫലങ്ങളെ മറ്റു സ്ഥലങ്ങളിൽ നടത്തിയ പുരാവസ്തുപഠനങ്ങളുടെ ഫലങ്ങളുമായി പുരാവസ്തുശാസ്ത്രജ്ഞർ താരതമ്യം ചെയ്യാറുണ്ട്. ഇതു പുനർവിചിന്തനങ്ങൾക്കും സംവാദങ്ങൾക്കും വഴി തുറന്നിരിക്കുന്നു. എന്തുകൊണ്ട്? എന്തെന്നാൽ, 1960-കളിലും 1970-കളിലും ഇസ്രായേലീ പുരാവസ്തുഗവേഷകനായ യിഗായെൽ യാദിൻ മെഗിദ്ദോയിൽ കുഴിച്ചെടുക്കലുകൾ നടത്തിയതു മുതൽ, ശലോമോന്റെ കാലം തൊട്ടുള്ള കോട്ടകളും നഗരകവാടങ്ങളും അദ്ദേഹം ഉറപ്പായും കണ്ടെത്തിയെന്നു പുരാവസ്തുശാസ്ത്ര രംഗത്തെ നിരവധി പേരും കരുതിപ്പോന്നിരുന്നു. ഇപ്പോൾ, യിസ്രെയേലിൽ കണ്ടെത്തിയിരിക്കുന്ന കോട്ടകളും മൺപാത്രങ്ങളും നഗരകവാടങ്ങളും ആ നിഗമനങ്ങളെ ചോദ്യം ചെയ്യാൻ ചിലരെ പ്രേരിപ്പിച്ചിരിക്കുന്നു.
ഉദാഹരണത്തിന്, യിസ്രെയേലിൽനിന്നു കണ്ടെടുത്ത മൺപാത്രങ്ങൾ ശലോമോന്റെ ഭരണവുമായി യാദിൻ ബന്ധപ്പെടുത്തിയ മെഗിദ്ദോയിലെ അവശിഷ്ടങ്ങളോടു സമാനമാണ്. നഗരവാതിലിന്റെ പണിയും അളവുകളും സമാനമല്ലെങ്കിലും സാമ്യമുള്ളതാണ്. വുഡ്ഹെഡ് ഇങ്ങനെ പറയുന്നു: “എല്ലാ തെളിവുകളും, ഒന്നുകിൽ യിസ്രെയേൽ നഗരം സ്ഥിതി ചെയ്തിരുന്നത് ശലോമോന്റെ കാലഘട്ടത്തിലാണെന്നു സമർഥിക്കുന്നു, അല്ലെങ്കിൽ മറ്റേ നഗരങ്ങളിൽനിന്ന് [മെഗിദ്ദോയിൽനിന്നും ഹാസോരിൽനിന്നും] കണ്ടെത്തിയ സംഗതികൾ ആഹാബിന്റെ കാലത്തേതാണെന്ന് സൂചിപ്പിക്കുന്നു.” ബൈബിൾ, യിസ്രെയേലിനെ ആഹാബിന്റെ കാലഘട്ടവുമായി ബന്ധപ്പെടുത്തുന്നതിനാൽ മറ്റേ നഗരങ്ങളിൽനിന്നു കുഴിച്ചെടുത്ത അവശിഷ്ടങ്ങൾ ആഹാബിന്റെ ഭരണകാലത്ത് ഉള്ളവയാണെന്ന് അംഗീകരിക്കുന്നത് ഏറെയും ന്യായയുക്തമാണെന്ന് അദ്ദേഹം കരുതുന്നു. ഡേവിഡ് യൂസിഷ്കിൻ അതിനോട് ഇങ്ങനെ യോജിക്കുന്നു: “ശലോമോൻ മെഗിദ്ദോ നിർമിച്ചുവെന്നാണു ബൈബിൾ പറയുന്നത്, അതിന്റെ കവാടങ്ങൾ നിർമിച്ചു എന്നല്ല.”
യിസ്രെയേലിന്റെ ചരിത്രം അറിയാനാകുമോ?
പുരാവസ്തുശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളോ അവയെ ചൊല്ലി നടക്കുന്ന സംവാദമോ യിസ്രെയേലിനെയോ ശലോമോനെയോ കുറിച്ചുള്ള ബൈബിൾ വിവരണത്തിന്റെമേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നുവോ? പുരാവസ്തുശാസ്ത്രത്തിലെ ഈ തർക്കം ബൈബിൾ വിവരണത്തെ നേരിട്ട് ബാധിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം. ബൈബിളിൽ വിവരിച്ചിരിക്കുന്നതിൽനിന്നും വ്യത്യസ്തമായ ഒരു അടിസ്ഥാനത്തിലാണ് പുരാവസ്തുശാസ്ത്രം ചരിത്രത്തെ പരിശോധിക്കുന്നത്. അത് ഉന്നയിക്കുന്ന ചോദ്യങ്ങളും ഊന്നൽ നൽകുന്ന കാര്യങ്ങളും വ്യത്യസ്തങ്ങളാണ്. ബൈബിൾ വിദ്യാർഥിയെയും പുരാവസ്തുഗവേഷകനെയും ഏകദേശം സമാന്തരമായി പോകുന്ന രണ്ടു പാതകളിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികളോടു താരതമ്യം ചെയ്യാവുന്നതാണ്. ഒരാൾ കാറിൽ പോകുന്നു, മറ്റേയാൾ നടന്നും. അവർ ശ്രദ്ധിക്കുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെങ്കിലും, അവരുടെ വീക്ഷണങ്ങൾ പലപ്പോഴും പരസ്പര ചേർച്ചയുള്ളവ ആയിരിക്കും, പരസ്പര വിരുദ്ധങ്ങൾ ആയിരിക്കില്ല. ഈ രണ്ടു യാത്രികരുടെയും അഭിപ്രായങ്ങളെ താരതമ്യം ചെയ്യുകയാണെങ്കിൽ ആവേശമുണർത്തുന്ന പലതും പഠിക്കാനാകും.
പുരാതന സംഭവങ്ങളെയും ആളുകളെയും കുറിച്ചുള്ള ലിഖിത വിവരങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു; എന്നാൽ പ്രസ്തുത സംഭവങ്ങളെയും ആളുകളെയും കുറിച്ചുള്ള വിവരങ്ങൾ പുരാവസ്തുശാസ്ത്രം കണ്ടെത്തുന്നത് അവയെ കുറിച്ചു മണ്ണിനടിയിൽ അവശേഷിച്ചിട്ടുള്ള സംഗതികൾ വിശകലനം ചെയ്താണ്. ഈ അവശിഷ്ടങ്ങൾ സാധാരണ ഗതിയിൽ അപൂർണവും നാനാതരം വ്യാഖ്യാനങ്ങൾക്കു വിധേയവുമാണ്. ഇതിനോടുള്ള ബന്ധത്തിൽ ബൈബിൾ ദേശത്തെ പുരാവസ്തുശാസ്ത്രം—പൊ.യു.മു. 10,000 മുതൽ പൊ.യു.മു. 586 വരെ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ആമിഹൈ മാസ്സാർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പുരാവസ്തുഗവേഷണം . . . പ്രധാനമായും ഒരു കലയാണ്, ഒപ്പം പരിശീലനവും നിപുണതയും ആവശ്യമായ ഒന്നും. വിജയം കൈവരിക്കുന്നതിന് ഏതെങ്കിലും കർക്കശമായ ഒരു രീതിയല്ല, മറിച്ച് വഴക്കവും കുഴിച്ചെടുക്കൽ നടത്തുന്നവരുടെ ഭാഗത്തെ സർഗാത്മക ചിന്തയുമാണ് അനുപേക്ഷണീയം. ഇക്കാര്യത്തിൽ പുരാവസ്തുഗവേഷകനു ലഭിച്ചിരിക്കുന്ന പരിശീലനവും മറ്റും പോലെതന്നെ പ്രാധാന്യമുള്ള കാര്യങ്ങളാണ് അദ്ദേഹത്തിന്റെ വ്യക്തിസ്വഭാവവും വാസനയും സാമാന്യബോധവുമൊക്കെ.”
യിസ്രെയേലിൽ ഒരു പ്രമുഖ രാജ-സൈനിക കേന്ദ്രം സ്ഥിതി ചെയ്തിരുന്നതായി പുരാവസ്തുശാസ്ത്രം സ്ഥിരീകരിച്ചിട്ടുണ്ട്. ബൈബിൾ വിവരിക്കുന്ന ആഹാബിന്റെ വാഴ്ചക്കാലവുമായി ഒത്തുവരുന്ന ഒരു ചരിത്ര കാലഘട്ടത്തിൽ അൽപ്പകാലത്തേക്കു മാത്രം സ്ഥിതി ചെയ്തിരുന്ന ഒരു കേന്ദ്രമായിരുന്നു അത്. ഉന്നയിക്കപ്പെട്ടിരിക്കുന്ന ജിജ്ഞാസ ഉണർത്തുന്ന പല ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ പുരാവസ്തുശാസ്ത്രജ്ഞർ ഇനിയും വർഷങ്ങളോളം പഠിക്കേണ്ടിയിരിക്കുന്നു. എങ്കിലും ദൈവവചനമായ ബൈബിളിലെ വിവരണങ്ങൾ വളരെ സ്പഷ്ടമാണ്. അത്, പുരാവസ്തുശാസ്ത്രജ്ഞർക്ക് ഒരിക്കലും കഴിയാത്ത വിധത്തിൽ പൂർണമായ ചരിത്രം പ്രദാനം ചെയ്യുന്നു.
[അടിക്കുറിപ്പുകൾ]
a മലയാളം ബൈബിളിൽ, ന്യായാധിപന്മാർ 7-ാം അധ്യായത്തിൽ ഗിലെയാദ് പർവതം എന്നു വിളിച്ചിരിക്കുന്നു.
b 1988 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “കവാടങ്ങളുടെ രഹസ്യം” എന്ന ലേഖനം കാണുക.
[26-ാം പേജിലെ ചിത്രങ്ങൾ]
യിസ്രെയേലിലെ പുരാവസ്തു കുഴിച്ചെടുക്കലുകൾ
[28-ാം പേജിലെ ചിത്രം]
യിസ്രെയേലിൽനിന്നു കണ്ടെടുത്ത കനാന്യ വിഗ്രഹം