ബൈബിൾ ഭൂമിശാസ്ത്രം അതു കൃത്യതയുള്ളതാണോ?
പാലസ്തീൻ ചക്രവാളത്തിൽ സൂര്യൻ മറഞ്ഞതേയുള്ളു. വർഷം 1799 ആണ്. മാർച്ചിലെ ചൂടുള്ള ഒരു പകലിനുശേഷം ഫ്രഞ്ച് സൈന്യം തമ്പടിച്ചുയർത്തി, മുഖ്യ സേനാപതിയായ നെപ്പോളിയൻ തന്റെ കൂടാരത്തിൽ വിശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ സേവകരിലൊരാൾ മെഴുകുതിരിയുടെ ചഞ്ചലമായ വെളിച്ചത്തിൽ ഒരു ഫ്രഞ്ച് ബൈബിളിൽനിന്നും ഉച്ചത്തിൽ വായിക്കുന്നു.
സ്പഷ്ടമായും ഇതു നെപ്പോളിയന്റെ പാലസ്തീനിലുള്ള സൈനികപ്രവർത്തനങ്ങളിൽ പതിവായി സംഭവിച്ചിട്ടുണ്ട്. “ആ പുരാതന പട്ടണങ്ങളുടെ അവശിഷ്ടങ്ങളിൽ താവളമടിക്കുമ്പോൾ,” അദ്ദേഹം പിന്നീടു സ്മരണപുതുക്കി, “അവർ എല്ലാ വൈകുന്നേരവും തിരുവെഴുത്തുകൾ ഉച്ചത്തിൽ വായിച്ചു . . . വിവരണങ്ങളുടെ സമാനതയും സത്യാവസ്ഥയും ശ്രദ്ധേയമായിരുന്നു: അനേകം നൂററാണ്ടുകൾക്കും വ്യതിയാനങ്ങൾക്കും ശേഷം അവ ഇപ്പോഴും ഈ രാജ്യത്തിനു യോജിക്കുന്നു.”
മധ്യപൂർവദേശത്തേക്കുള്ള യാത്രികർ ബൈബിൾ സംഭവങ്ങളെ ഇക്കാലത്തെ സ്ഥലങ്ങളുമായി കൂട്ടിയിണക്കുന്നത് എളുപ്പമായി കണ്ടെത്തുന്നു. ഫ്രഞ്ച് സൈന്യം ഈജിപ്ററ് കീഴടക്കുന്നതിനുമുമ്പ് ആ പുരാതനദേശത്തെപ്പററി വിദേശിയർക്ക് ഒരു അറിവും ഇല്ലായിരുന്നു. പിന്നെ നെപ്പോളിയൻ ഈജിപ്ററിലേക്കു കൊണ്ടുവന്ന ശാസ്ത്രജ്ഞൻമാരും പണ്ഡിതൻമാരും ഈജിപ്ററിന്റെ മുൻഔന്നത്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ലോകത്തിനു വെളിപ്പെടുത്താൻ തുടങ്ങി. ഇത് ഇസ്രയേല്യർ ഒരിക്കൽ വിധേയരായിരുന്ന “കഠിന പ്രവൃത്തി” ഭാവനയിൽ ദർശിക്കുന്നത് എളുപ്പമാക്കിത്തീർത്തിരിക്കുന്നു.—പുറപ്പാടു 1:13, 14.
ഈജിപ്ററിൽനിന്നും മോചനംകിട്ടിയ അതേ രാത്രിയിൽ ഇസ്രയേല്യർ റമസേസിൽ സമ്മേളിക്കുകയും അവിടെനിന്ന് “മരുഭൂമിക്കരികെ”ലേക്കു യാത്രപുറപ്പെടുകയും ചെയ്തു. (പുറപ്പാടു 12:37; 13:20) ഈ സന്ദർഭത്തിൽ ദൈവം അവരോട് “തിരിഞ്ഞു” “സമുദ്രത്തിനരികെ . . . പാളയമിറങ്ങേ”ണ്ടതിനു കല്പിച്ചു. ഈ അസാധാരണ നീക്കത്തെ “ഉഴലുന്ന”തായി വ്യാഖ്യാനിക്കപ്പെട്ടു, ഈജിപ്ററ്രാജാവ് സൈന്യവും 600 രഥങ്ങളുമായി തന്റെ പഴയ അടിമകളെ തിരികെപ്പിടിച്ചടക്കുന്നതിനായി പുറപ്പെടുകയും ചെയ്തു.—പുറപ്പാടു 14:1-9.
പുറപ്പാട്
പൊ.യു. (പൊതുയുഗം) ഒന്നാം നൂററാണ്ടിലെ ചരിത്രകാരനായിരുന്ന ജോസീഫസ് പറയുന്നപ്രകാരം ഈജിപ്ഷ്യൻ സൈന്യം ഇസ്രയേല്യരെ “ഇടുങ്ങിയ ഒരിടത്തേക്ക്” ഓടിക്കുകയും “അടുത്തുകൂടാത്ത കുത്തനെയുള്ള മലകൾക്കും കടലിനും ഇടയ്ക്ക്” അവരെ കുടുക്കുകയും ചെയ്തു. ചെങ്കടലിന്റെ ഏതു ഭാഗത്തുകൂടെയാണ് ഇസ്രയേല്യർ മറുകര കടന്നതെന്ന് ഇന്നു സുനിശ്ചയമായി പറയാൻ കഴിയുകയില്ല. എന്നിരുന്നാലും ചെങ്കടലിന്റെ വടക്കേ അററത്തെ നോക്കിനിൽക്കുന്ന ഒരു പർവതനിരയുടെ മുകളിൽനിന്ന് ഈ സംഭവം ഭാവനയിൽ ദർശിക്കുക എളുപ്പമാണ്. രസകരമായി, ഈ മല “വിടുതലിന്റെ മല” എന്നർഥമുള്ള ജെബൽ അററാക്കാ എന്നപേരിലാണ് അറിയപ്പെടുന്നത്. ഈ പർവതനിരയ്ക്കും ചെങ്കടലിനും മധ്യേ ഒരു ചെറിയ സമതലമുണ്ട്, അത് അടിവാരം കടലിലേക്ക് ഉന്തിനിൽക്കുന്ന സ്ഥാനംവരെ ഇടുങ്ങിയതായിത്തീരുന്നു. ചെങ്കടലിന്റെ മറുകരയിൽ “മോശയുടെ കിണറുകൾ” എന്നർഥമുള്ള ‘അയുൻ മൂശ’ എന്നു പേരുള്ള ധാരാളം നീരുറവകളോടുകൂടിയ ഒരു മരുപ്പച്ചയാണ്. ഈ രണ്ടു സ്ഥാനങ്ങൾക്കും മധ്യേയുള്ള കടൽത്തട്ടു സാവധാനം ചരിഞ്ഞിറങ്ങുന്നു, എന്നാൽ മററുഭാഗങ്ങളിൽ അത് 9 മീററർമുതൽ 18 മീററർവരെ കിഴുക്കാന്തൂക്കായി ഇറങ്ങുന്നു.
ദൈവം ചെങ്കടലിലെ വെള്ളം വിഭാഗിച്ചുകൊണ്ട് ഇസ്രയേൽ ജനതക്ക് ഉണങ്ങിയ നിലത്തുകൂടെ രക്ഷപെടാൻ സാധ്യമാക്കിത്തീർത്ത അത്ഭുതത്തെ അവമാനിക്കാൻ ക്രൈസ്തവലോകത്തിലെ ഭക്തിഹീനരായ വേദശാസ്ത്രികൾ പരിശ്രമിച്ചിട്ടുണ്ട്. ചെങ്കടലിനു വടക്കുള്ള ആഴംകുറഞ്ഞ ചെളിപ്രദേശത്തോ ചതുപ്പുനിലത്തോ നടന്നതായി അവർ ആ സംഭവത്തിന്റെ സ്ഥാനം മാററി നിർണയിക്കുന്നു. പക്ഷേ, ചെങ്കടലിൽ ഫറവോനെയും അവന്റെ മുഴു സൈന്യത്തെയും മുക്കിക്കളയാൻ, അതേ, അവരെ മൂടിക്കളയാൻ മതിയായ വെള്ളമുള്ളിടത്തുകൂടെയാണു മറുകര കടന്നത് എന്ന് ആവർത്തിച്ചു പറയുന്ന ബൈബിൾ രേഖയോട് അത് ഒത്തുപോകുന്നില്ല.—പുറപ്പാടു 14:26-31; സങ്കീർത്തനം 136:13-15; എബ്രായർ 11:29.
സീനായി മരുഭൂമി
സീനായി പെനിൻസുലയിൽ കാണുന്ന രൂക്ഷമായ അവസ്ഥകൾ ഇസ്രയേൽ ജനതയുടെ അലച്ചിലിനെപ്പററിയുള്ള ബൈബിൾ രേഖകളിൽ സ്പഷ്ടമായി ചിത്രീകരിച്ചിട്ടുണ്ട്. (ആവർത്തനം 8:15) അതുകൊണ്ട്, സീനായി മലയുടെ അടിവാരത്തിൽ ഒരു മുഴു ജനതക്കും ദൈവകല്പന സ്വീകരിക്കാൻ സമ്മേളിക്കുന്നതിനും അതിനുശേഷം “ദൂരത്തു”മാറിനിൽക്കുന്നതിനും കഴിയുമായിരുന്നോ? (പുറപ്പാടു 19:1, 2; 20:18) അങ്ങനെയൊരു സ്ഥാനചലനം അനുവദിക്കാൻ തക്കവണ്ണം എണ്ണത്തിൽ 30 ലക്ഷം എന്നു കണക്കാക്കിയിട്ടുള്ള ഒരു പുരുഷാരത്തിനു വേണ്ടത്ര സ്ഥലം അവിടെ ഉണ്ടായിരുന്നോ?
പത്തൊമ്പതാം നൂററാണ്ടിലെ ഒരെഴുത്തുകാരനും ബൈബിൾ പണ്ഡിതനുമായ ആർതർ സ്ററാൻലി സീനായി മലയുടെ പരിസരം സന്ദർശിക്കുകയും താനും തന്റെ കൂട്ടാളികളും റാസ് സഫ്സാഫ കയറിയപ്പോൾ അഭിമുഖീകരിച്ച കാഴ്ചയെപ്പററി വിവരിക്കുകയും ചെയ്തു: “അതു കാണുകയും വിവരിക്കുകയും ചെയ്തിട്ടുള്ള ഓരോരുത്തരിലും ഉണ്ടായപോലെ ഞങ്ങളിൽ ഉണ്ടായ പ്രഭാവവും തത്ക്ഷണമായിരുന്നു . . . കിഴുക്കാംതൂക്കായ മലയുടെ അടിവാരത്തിലേക്കു വ്യാപിച്ചുകിടക്കുന്ന അതിവിസ്തൃതമായ മഞ്ഞ സമതലം അതാ കിടക്കുന്നു . . . ഈ പ്രദേശത്തു സമതലത്തിന്റെയും മലയുടെയും അത്തരം സമുച്ചയങ്ങളുടെ മിക്കവാറും തീർത്തുള്ള അഭാവം പരിഗണിക്കുമ്പോൾ, അപ്രകാരമുള്ള ഒരു സമുച്ചയം, അതും പരമ്പരാഗതമായ സീനായിയുടെ സമീപപ്രദേശത്തു കാണാൻ കഴിയുമെന്നുള്ളതു വർണനയുടെ സത്യതയ്ക്ക് ഒരു പ്രധാനമായ തെളിവാണ്.”
വാഗ്ദത്തദേശം
ഇസ്രയേൽ ജനതയുടെ മരുഭൂമിയിലൂടെയുള്ള അലച്ചിലിന്റെ 40-ാം വർഷം, അവർ ഉടനെ പ്രവേശിക്കാൻ പോകുന്ന ദേശത്തിന്റെ സവിശേഷതകളെപ്പററി മോശ ഈ വിവരണം നൽകി: “നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം.”—ആവർത്തനം 8:7.
ഏബാൽപർവതത്തിന്റെയും ഗെരിസീംപർവതത്തിന്റെയും ഇടയ്ക്കു ജലസമൃദ്ധിയുള്ള ശെഖേംതാഴ്വരയിൽ മുഴുജനതയും—പുരുഷൻമാരും സ്ത്രീകളും കുട്ടികളും പരദേശികളും—സമ്മേളിച്ചപ്പോൾ ഈ വാഗ്ദത്തത്തിന്റെ കൃത്യത പെട്ടെന്നുതന്നെ അനുഭവിച്ചറിഞ്ഞു. ആറ് ഗോത്രങ്ങൾ ഗെരിസീംപർവതത്തിന്റെ അടിവാരത്തിൽ നിന്നു. മറേറ ആറ് ഗോത്രങ്ങൾ, യഹോവയുടെ ന്യായപ്രമാണം അനുസരിച്ചാൽ ആ ജനത അനുഭവിക്കാൻ പോകുന്ന ദിവ്യാനുഗ്രഹങ്ങളെപ്പററിയും യഹോവയുടെ ന്യായപ്രമാണം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവരുടെമേൽ വരാവുന്ന ശാപത്തെപ്പററിയും കേൾക്കുന്നതിനുവേണ്ടി മറുവശത്ത്, ഏബാൽപർവതത്തിന്റെ താഴ്വാരത്തു സമ്മേളിച്ചു. (യോശുവ 8:33-35) എന്നാൽ ഈ ഇടുങ്ങിയ താഴ്വരയിൽ ജനതയ്ക്ക് ഒതുങ്ങുവാൻ ആവശ്യമായ ഇടം ഉണ്ടായിരുന്നോ? ആധുനിക ഉച്ചഭാഷിണി ഉപകരണംകൂടാതെ എങ്ങനെ എല്ലാവർക്കും കേൾക്കാൻ കഴിഞ്ഞു?
യഹോവയാം ദൈവത്തിനു ലേവ്യരുടെ ശബ്ദം അത്ഭുതകരമായി ഉച്ചത്തിലാക്കുന്നതിനു കഴിയുമായിരുന്നു. എന്നിരുന്നാലും അപ്രകാരമൊരു അത്ഭുതം ആവശ്യമായിരുന്നെന്നു തോന്നുന്നില്ല. ഈ താഴ്വരയിലെ ധ്വനികപ്രഭാവം വളരെ ശ്രേഷ്ഠമാണ്. “എല്ലാ യാത്രക്കാരും” രണ്ടുകാര്യം സമ്മതിക്കുന്നു: 1. താഴ്വരയിൽ പറയുന്നതെന്തും വ്യക്തമായി ഏബാലിലും ഗെരിസീമിലും നിന്നു കേൾക്കുന്നതിന് ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. 2. എല്ലാ ഇസ്രയേല്യർക്കും നിൽക്കാൻ പര്യാപ്തമായ സ്ഥലം ഈ രണ്ടു പർവതങ്ങൾ പ്രദാനം ചെയ്തു” എന്ന് 19-ാം നൂററാണ്ടിലെ ബൈബിൾ പണ്ഡിതനായ ആൽഫ്രഡ് എഡേർഷിം എഴുതി.
ദേശവും ഗ്രന്ഥവും (The Land and the Book) എന്ന തന്റെ പുസ്തകത്തിൽ, 19-ാം നൂററാണ്ടിലെ മറെറാരു ബൈബിൾ പണ്ഡിതനായ വില്യം തോംസൺ, തന്റെ അനുഭവം വിവരിക്കുന്നു: “മാറെറാലി കേൾക്കുന്നതിനായി ഞാൻ ഉച്ചത്തിൽ കൂകി എന്നിട്ട്, ‘യഹോവയ്ക്കു വെറുപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയുണ്ടാക്കുന്നവൻ ശപിക്കപ്പെട്ടവൻ,’ എന്ന് ഉയർന്ന ശബ്ദത്തിൽ ലേവ്യർ ഉദ്ഘോഷിച്ചപ്പോൾ അതെങ്ങനെ ആയിരുന്നിരിക്കുമെന്നു സങ്കല്പിച്ചു . . . അതിനുശേഷം ഭയങ്കരമായ ആമേൻ! പത്തിരട്ടി ഉച്ചത്തിൽ, ശക്തമായ സഭയിൽനിന്നുയരുകയും ശബ്ദം വർധിക്കുകയും ഏബാലിൽനിന്നു ഗെരിസീമിലേക്കും തിരിച്ച് ഗെരിസീമിൽനിന്ന് ഏബാലിലേക്കും മാറെറാലി കൊള്ളുകയും ചെയ്യുന്നു.”—ആവർത്തനം 27:11-15 താരതമ്യം ചെയ്യുക.
യെസ്രേൽ താഴ്വര
ശെഖേമിനു വടക്കായി സമുദ്രനിരപ്പിനുതാഴെനിന്ന് ഉദ്ഗമിച്ചു വിശാലമായ ഒരു സമതലമായി വ്യാപിച്ചിട്ടുള്ള ഫലഭൂയിഷ്ടമായ മറെറാരു താഴ്വരകിടക്കുന്നു. യെസ്രേൽ നഗരത്തിന്റെ പേരിലറിയപ്പെടുന്ന ഈ മുഴുപ്രദേശത്തെയും യെസ്രേൽ താഴ്വര എന്ന് വിളിക്കുന്നു. ഈ താഴ്വരയുടെ വടക്കായിട്ടാണു ഗലീലാക്കുന്നുകൾ സ്ഥിതിചെയ്യുന്നത്, അവിടെയാണു യേശുവിന്റെ വീടുസ്ഥിതിചെയ്തിരുന്ന പട്ടണമായ നസറെത്ത്. “നസറെത്ത് മലകൾക്കിടയ്ക്കുള്ള താഴ്വരയിൽ സ്ഥിതിചെയ്യുന്നു; എന്നാൽ ഈ താഴ്വരയുടെ ഓരത്തേക്കു കയറുന്ന ആ നിമിഷം, . . . എന്തൊരു ദൃശ്യമാണു നിങ്ങൾക്കുണ്ടാകുക! [യെസ്രേൽ താഴ്വര] അതിന്റെ . . . യുദ്ധക്കളങ്ങളോടുകൂടെ നിങ്ങൾക്കു മുമ്പായി കിടക്കുന്നു . . . അതു പഴയനിയമ ചരിത്രത്തിന്റെ ഒരു ഭൂപടമാണ്” എന്ന് ജോർജ് സ്മിത്ത് വിശുദ്ധദേശത്തിന്റെ ചരിത്രപ്രസിദ്ധമായ ഭൂമിശാസ്ത്രം (Historical Geography of the Holy Land) എന്ന തന്റെ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.
യോശുവയുടെ കാലത്ത് ഇസ്രയേൽ പിടിച്ചടക്കിയ താനാക്ക്, മെഗിദ്ദോ, ജോക്ക്നിയ, സാധ്യതയനുസരിച്ചു കാദേശ് എന്നീ നഗരരാജ്യങ്ങളുടെ അവശിഷ്ടങ്ങൾ ഈ താഴ്വരയിൽനിന്നു പുരാവസ്തു ശാസ്ത്രജ്ഞൻമാർ കുഴിച്ചെടുത്തിട്ടുണ്ട്. (യോശുവ 12:7, 21, 22) ഇതേ പ്രദേശത്തുവച്ചു ന്യായാധിപൻമാരായ ബാരാക്കിന്റെയും ഗിദെയോന്റെയും കാലത്തു യഹോവ തന്റെ ജനത്തെ അതിശക്തരായ ശത്രുരാജ്യങ്ങളിൽനിന്നും അത്ഭുതകരമായി രക്ഷിച്ചു.—ന്യായാധിപൻമാർ 5:1, 19-21; 6:33; 7:22.
നൂററാണ്ടുകൾക്കുശേഷം, രാജാവായ യേഹു, ഈസബേലിന്റെയും വിശ്വാസത്യാഗിയായ ആഹാബ് കുടുംബത്തിന്റെയും മേൽ യഹോവയുടെ ന്യായവിധി നടപ്പാക്കാൻ താഴ്വരയിലൂടെ യെസ്രേൽ നഗരത്തിലേക്കു സവാരിചെയ്തു. യെസ്രേലിലെ കാവൽഗോപുരത്തിൽനിന്നും യേഹുവിന്റെ സൈന്യം 19 കിലോമീററർ ദൂരത്തായി സമീപിക്കുന്നതു കാണാൻ എളുപ്പമായിരുന്നിരിക്കണം. അതുകൊണ്ടു യോരാം രാജാവിന്, ആദ്യം ഒരു സന്ദേശവാഹകനെയും രണ്ടാമതു മറെറാരു സന്ദേശവാഹകനെയും കുതിരപ്പുറത്ത് അയക്കുന്നതിനും, അവസാനം യോരാം രാജാവിനും യഹൂദാ രാജാവായ അഹസ്യാവിനും കിഴക്കുഭാഗത്തേക്കു നോക്കിയാൽ യേഹൂ പട്ടണത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ കാണാനായി രഥം പൂട്ടി ഇറങ്ങുന്നതിനും ധാരാളം സമയം ഉണ്ടായിരുന്നിരിക്കണം. യേഹു ഉടനടി യോരാമിനെ വധിച്ചു. അഹസ്യാവു ഓടിപ്പോയെങ്കിലും പിന്നീട് വെട്ടേൽക്കുകയും മെഗിദ്ദോയിൽവെച്ച് അവൻ മരിക്കുകയും ചെയ്തു (2 രാജാക്കൻമാർ 9:16-27) മുകളിൽ പറഞ്ഞിരിക്കുന്നതരം യുദ്ധക്കളങ്ങളെപ്പററി ജോർജ് സ്മിത്ത് എഴുതുന്നു: “വിവരണങ്ങളിലൊന്നും . . . ഏതെങ്കിലും രീതിയിലുള്ള ഭൂമിശാസ്ത്രപരമായ അസാധ്യതയില്ലെന്നുള്ളതു ശ്രദ്ധേയമാണ്.”
യേശു യെസ്രേൽ താഴ്വരയിലേക്കു മിക്കപ്പോഴും നോക്കി, അവിടെ നടന്ന കോൾമയിർക്കൊള്ളിക്കുന്ന വിജയങ്ങളെപ്പററി ധ്യാനിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല, യഹോവയുടെ പരമാധികാരത്തെ സംസ്ഥാപിക്കുന്നതിനായി വലിയ യോശുവയുടെയും വലിയ ബാരാക്കിന്റെയും വലിയ ഗിദെയോന്റെയും വലിയ യേഹുവിന്റെയും ഭാഗം പൂർത്തീകരിക്കുന്നതിനുള്ള വാഗ്ദത്ത മിശിഹ ആയി താൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഈ താഴ്വരയിലെ ഏററവും സമരതന്ത്രപ്രധാന നഗരമായ മെഗിദ്ദോയെ ദൈവത്തിന്റെ യുദ്ധമായ ഹർമ്മഗെദ്ദോൻ (അർഥം “മെഗിദ്ദോപർവതം”) നടക്കുന്ന സ്ഥലത്തിന്റെ പ്രതീകമായി ബൈബിൾ ഉപയോഗിച്ചിരിക്കുന്നു. അത്, യേശു രാജാധിരാജാവായി ദൈവത്തിന്റെയും അവിടുത്തെ വിശ്വസ്തജനമായ ക്രിസ്തീയസഭയുടെയും എല്ലാ ശത്രുക്കളെയും നശിപ്പിക്കുന്ന ഭൂവ്യാപകമായ യുദ്ധമായിരിക്കും.—വെളിപ്പാടു 16:16; 17:14.
ഒരിക്കൽ യേശുവിനെ “അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിട്ടു” കൊല്ലുന്നതിനുവേണ്ടി പരിശ്രമിച്ച നസറെത്തിലെ കോപിഷ്ഠരായ യഹൂദൻമാരെപ്പററി ബൈബിൾ വിവരിക്കുന്നു. (ലൂക്കൊസ് 4:29) രസകരമെന്നു പറയട്ടെ, ഈ സംഭവം നടന്നിരിക്കാവുന്ന സ്ഥലമായ ആധുനിക നസറെത്ത് നഗരത്തിന്റെ തെക്കുപടിഞ്ഞാറുഭാഗം 12 മീററർ കിഴുക്കാംതൂക്കായ പാറയാണ്. യേശു തന്റെ ശത്രുക്കളിൽനിന്നും രക്ഷപെട്ടു “കഫർന്നഹൂമിൽ ചെന്നു” എന്ന് ബൈബിൾ കൂട്ടിച്ചേർക്കുന്നു. (ലൂക്കൊസ് 4:30, 31) വാസ്തവമായും ഗലീല കടലോരത്തുള്ള കഫർന്നഹൂം വളരെ താഴ്ന്നനിരപ്പിലാണു സ്ഥിതിചെയ്യുന്നത്.
ഇവയും മററനേകം വിശദാംശങ്ങളും നെപ്പോളിയനെക്കൂടാതെ മററുള്ളവരും ബൈബിൾ ഭൂമിശാസ്ത്രത്തിന്റെ കൃത്യതയിൽ വിസ്മയം പ്രകടിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. “സ്ഥലവിവരണത്തിൽ [ബൈബിളിന്റെ] പരാമർശനങ്ങൾ നിരവധിയും മുഴുവനും തൃപ്തികരവും ആണ്” എന്നു ദേശവും ഗ്രന്ഥവും എന്ന പുസ്തകത്തിൽ തോംസൺ എഴുതി. “പഴയനിയമത്തിലെയും പുതിയനിയമത്തിലെയും സ്വാഭാവിക ഭൂമിശാസ്ത്രവും രേഖപ്പെടുത്തപ്പെട്ട ചരിത്രവും തമ്മിലുള്ള സുസ്ഥിരമായ പൊരുത്തത്തിൽ മതിപ്പുളവാകാതിരിക്കുക അസാധ്യമാണ്,” എന്നു സ്ററാൻലി സീനായിയും പാലസ്തീനും (Sinai and Palestine) എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചു.
ഭൂമിശാസ്ത്രപരമായ കാര്യങ്ങൾ സംബന്ധിച്ചുള്ള ബൈബിളിന്റെ വിസ്മയാവഹമായ കൃത്യത അതു വെറും മനുഷ്യ ഉറവിൽനിന്നും ഉളവായ ഒരു ഗ്രന്ഥമല്ല എന്നുള്ളതിന് ഒരു തെളിവു മാത്രമാണ്. വീക്ഷാഗോപുരത്തിന്റെ കഴിഞ്ഞ മൂന്നു ലക്കങ്ങളിൽ ബൈബിളിനോടു ബന്ധപ്പെട്ട ലേഖനങ്ങൾ അടങ്ങിയിരുന്നു. ഈ ലേഖന പരമ്പരയിലെ മററു മൂന്നു ഭാഗങ്ങളുംകൂടെ കരസ്ഥമാക്കി വായിച്ചാസ്വദിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
[7-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക]
യെസ്രേൽ താഴ്വര
യെസ്രേൽ
നസറെത്ത്
താനാക്ക്
മെഗിദ്ദോ
ജോക്ക്നിയ
കാദേശ്
വ
ഗലീല കടൽ
മഹാ സമുദ്രം
മൈലുകൾ
കിലോമീറററുകൾ
5
10
10
20
[കടപ്പാട്]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel.
[5-ാം പേജിലെ ചിത്രം]
ഇസ്രയേല്യർക്കു ന്യായപ്രമാണം സീനായിമലയിൽ വച്ചു ലഭിച്ചു
[കടപ്പാട്]
Pictorial Archive (Near Eastern History) Est.