ഒരു ദീർഘകാല അന്വേഷണത്തിനു ഫലം ലഭിക്കുന്നു
“യഹോവയോ? ആരാണ് ഈ യഹോവ?” എട്ടു വയസ്സുകാരി സിൽവിയ ചോദിച്ചു. അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ നിധിപോലെ സൂക്ഷിച്ചിരുന്ന അർമേനിയൻ ബൈബിളിലാണ് അവൾ ആ പേരു കണ്ടത്. അർമേനിയയിലെ യെരവാനിലാണ് അവൾ താമസിച്ചിരുന്നത്. യഹോവ ആരാണെന്നു ചുറ്റുപാടുമുള്ള പലരോടും അവൾ ചോദിച്ചു. പക്ഷേ ആർക്കും—അവളുടെ മാതാപിതാക്കൾക്കോ അധ്യാപകർക്കോ പ്രാദേശിക പള്ളിയിലെ ശുശ്രൂഷകന്മാർക്കു പോലുമോ—അത് അറിഞ്ഞുകൂടായിരുന്നു.
സിൽവിയ വളർന്നു, വിദ്യാഭ്യാസം പൂർത്തിയാക്കി, അവൾക്കു ജോലിയും കിട്ടി. എന്നിട്ടും യഹോവ ആരാണെന്ന് അവൾക്കു മനസ്സിലാക്കാൻ സാധിച്ചില്ല. യുവപ്രായത്തിൽത്തന്നെ സിൽവിയയ്ക്ക് അർമേനിയയിൽനിന്നു പലായനം ചെയ്യേണ്ടിവന്നു. ഒടുവിൽ അവൾ പോളണ്ടിൽ എത്തി. അവിടെ മറ്റ് അഭയാർഥികളോടൊപ്പം ഒരു കൊച്ചു മുറിയിലാണ് അവൾ താമസിച്ചിരുന്നത്. ആ മുറിയിലുണ്ടായിരുന്ന ഒരു സ്ത്രീയുടെ അടുത്തു ചിലയാളുകൾ പതിവായി വന്നിരുന്നു. “അവരൊക്കെ ആരാണ്?” സിൽവിയ അവരോടു ചോദിച്ചു. “അവർ യഹോവയുടെ സാക്ഷികളാണ്. എന്നെ ബൈബിൾ പഠിപ്പിക്കാനാണ് അവർ ഇവിടെ വരുന്നത്” എന്ന മറുപടിയും ലഭിച്ചു.
യഹോവ എന്ന പേരു കേട്ടപ്പോഴേ സിൽവിയയുടെ ഹൃദയം തുടിച്ചു. ഒടുവിൽ, യഹോവ ആരാണെന്നും അവൻ എത്ര സ്നേഹവാനായ ദൈവമാണെന്നും അവൾ പഠിക്കാൻ തുടങ്ങി. എന്നാൽ, പെട്ടെന്നുതന്നെ അവൾക്കു പോളണ്ട് വിടേണ്ടിവന്നു. അവൾ ബാൾട്ടിക് കടലിന് അപ്പുറം ഡെൻമാർക്കിൽ അഭയം തേടി. അവളുടെ കൈവശം ചുരുക്കം ചില വസ്തുക്കളേ ഉണ്ടായിരുന്നുള്ളു. അതിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ സാഹിത്യങ്ങളും ഉണ്ടായിരുന്നു. ഒരു പ്രസിദ്ധീകരണത്തിന്റെ പിൻപേജിൽ വാച്ച് ടവർ സൊസൈറ്റിയുടെ ചില ബ്രാഞ്ച് ഓഫീസുകളുടെ വിലാസങ്ങൾ കൊടുത്തിരിക്കുന്നതു സിൽവിയ ശ്രദ്ധിച്ചു. അവളെ സംബന്ധിച്ചിടത്തോളം അത് ഏറ്റവും പ്രധാനപ്പെട്ട ഒരു സ്വത്ത്, യഹോവയുമായി ഉറ്റബന്ധത്തിലേക്കു വരുന്നതിനുള്ള ഏക ഉപാധി ആയിരുന്നു!
ഡെൻമാർക്കിൽ അധികൃതർ സിൽവിയയെ ഒരു അഭയാർഥി പാളയത്തിലേക്കു കൊണ്ടുപോയി. ഉടൻതന്നെ അവൾ യഹോവയുടെ സാക്ഷികളെ തിരയാൻ തുടങ്ങി. തന്റെ കയ്യിലുള്ള വിലാസത്തിൽനിന്ന് വാച്ച് ടവർ സൊസൈറ്റിയുടെ ഡെൻമാർക്ക് ബ്രാഞ്ച് ഓഫീസ് ഹോൾബക്ക് പട്ടണത്തിലാണെന്ന് അവൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ഹോൾബക്ക് എവിടെയാണ്? അങ്ങനെയിരിക്കെ അധികൃതർ സിൽവിയയെ മറ്റൊരു പാളയത്തിലേക്കു മാറ്റി. ആ യാത്രയിൽ ട്രെയിൻ ഹോൾബക്കിലൂടെ കടന്നുപോയി! അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി!
താമസിയാതെ, ഒരു ദിവസം സിൽവിയ ഹോൾബക്കിലേക്കു ട്രെയിൻ കയറി. റെയിൽവേ സ്റ്റേഷനിൽനിന്ന് അവൾ ബ്രാഞ്ച് ഓഫീസിലേക്ക് നടന്നു. അവിടെ എത്തിയ അവൾ പറയുന്നതു ശ്രദ്ധിക്കൂ: “പൂന്തോട്ടത്തിലേക്കു കയറിയ ഞാൻ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു. ‘ഹായ്, ഇതു പറുദീസ തന്നെ!’ ഞാൻ സ്വയം പറഞ്ഞു.” ബ്രാഞ്ചിൽ എത്തിയ അവൾക്ക് ഊഷ്മളമായ സ്വാഗതമാണു ലഭിച്ചത്. അങ്ങനെ, ഒടുവിൽ അവൾക്കു ബൈബിൾ പഠനം തുടങ്ങാൻ കഴിഞ്ഞു.
അതിനുശേഷം അവൾക്കു പല സ്ഥലങ്ങളിലേക്കും താമസം മാറ്റേണ്ടിവന്നു. ഓരോ അഭയാർഥി കേന്ദ്രത്തിൽ ചെല്ലുമ്പോഴും സിൽവിയ യഹോവയുടെ സാക്ഷികളെ കണ്ടെത്തി ബൈബിൾ അധ്യയനം പുനരാരംഭിക്കുമായിരുന്നു. രണ്ടു വർഷം കൊണ്ട് അവൾ തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നതിനുവേണ്ട അറിവ് സമ്പാദിച്ചു. സ്നാപനമേറ്റ അവൾ ഉടനടി മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു. 1998-ൽ ഡാനിഷ് അധികൃതർ അവൾക്ക് അഭയം നൽകി.
സിൽവിയയ്ക്ക് ഇപ്പോൾ 26 വയസ്സുണ്ട്. അവൾ ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഡെൻമാർക്ക് ബ്രാഞ്ച് ഓഫീസിൽ സേവനമനുഷ്ഠിക്കുന്നു. അതേ, പറുദീസയെ കുറിച്ച് അവളെ അനുസ്മരിപ്പിച്ച ആ ബ്രാഞ്ചിൽ.
അവൾ പറയുന്നു. “കൊച്ചുകുട്ടി ആയിരുന്നപ്പോൾ മുതൽ ഞാൻ യഹോവയെ അന്വേഷിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ ഞാൻ അവനെ കണ്ടെത്തി. അവന്റെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെയ്ക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. ഇപ്പോഴിതാ ഞാൻ ബെഥേലിലും എത്തി. ബെഥേൽ എന്നെന്നും എന്റെ ഭവനം ആയിരിക്കണമേ എന്നാണ് ഇപ്പോഴത്തെ എന്റെ പ്രാർഥന!”