അവളുടെ വിശ്വാസം പ്രോത്സാഹനമേകുന്നു
സിൽവിയ ജനിച്ചത് 1992 ഡിസംബറിലാണ്. കാഴ്ചയ്ക്ക് നല്ല ആരോഗ്യമുള്ള ഒരു പൊന്നോമന. എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോൾ എല്ലാം തകിടം മറിഞ്ഞു. അവൾ സിസ്റ്റിക് ഫൈബ്രോസിസ് എന്ന മാറാരോഗത്തിന് അടിമയാണെന്ന് പരിശോധനകൾ വ്യക്തമാക്കി. ഗുരുതരമായ ശ്വസന-ദഹന പ്രശ്നങ്ങൾക്കിടയാക്കുന്ന ഒരു രോഗമാണിത്. ഇതിന് ദിവസവും അവൾ 36 ഗുളികകൾ കഴിക്കുന്നു, ഇൻഹേലർ ഉപയോഗിക്കുന്നു, കൂടാതെ ഫിസിയോതെറാപ്പിയും ചെയ്യുന്നുണ്ട്. ഒരു സാധാരണ വ്യക്തയുടേതിനോടുള്ള താരതമ്യത്തിൽ അവളുടെ ശ്വാസകോശം 25 ശതമാനം മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളൂ. അതുകൊണ്ട് അവൾക്ക് ഒരു ഓക്സിജൻ ടാങ്ക് കൂടെ കൊണ്ടുനടക്കേണ്ടതുണ്ട്, പുറത്തുപോകുമ്പോൾപ്പോലും.
“ഈ രോഗവുമായി സിൽവിയ എത്ര നന്നായി പൊരുത്തപ്പെട്ടിരിക്കുന്നുവെന്നോ!” അവളുടെ അമ്മ തെരേസ പറയുന്നു. “അവളുടെ തിരുവെഴുത്തു പരിജ്ഞാനം നിമിത്തം അവൾക്ക് ഉറച്ച വിശ്വാസവും ഉണ്ട്. തന്റെ സങ്കടങ്ങളും വേദനകളും ഒക്കെ മറന്നു ജീവിക്കാൻ അവളെ സഹായിക്കുന്നത് ഈ വിശ്വാസമാണ്. എല്ലാവിധ രോഗങ്ങളും സൗഖ്യമാക്കപ്പെടുന്ന പുതിയ ലോകത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനം അവൾ കൂടെക്കൂടെ ഓർക്കാറുണ്ട്. (വെളിപ്പാടു 21:4, 5) ചിലപ്പോൾ അവളുടെ കുടുംബാംഗങ്ങൾ നിരുത്സാഹിതരാകുമ്പോൾ സിൽവിയയുടെ ആത്മവിശ്വാസം നിറഞ്ഞ ആ പുഞ്ചിരി മതി, എല്ലാ നിരുത്സാഹവും പറപറക്കാൻ. “ഇപ്പോഴത്തെ ഈ കഷ്ടപ്പാടൊക്കെ പുതിയലോകത്തിൽ പൂർണമായി പരിഹരിക്കപ്പെടുമല്ലോ” എന്ന് അവൾ തന്റെ മാതാപിതാക്കളോടും സഹോദരനോടും പറയുന്നു.
സിൽവിയ ക്രമമായി ദൈവവചനത്തിലെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുന്നു, അപ്പോൾ അവളുടെ മുഖത്തു കളിയാടുന്ന ആ സന്തോഷവും ആനന്ദവും ആളുകൾ ശ്രദ്ധിക്കാറുണ്ട്. കാനറി ദ്വീപിൽ അവൾ ഹാജരാകുന്ന ക്രിസ്തീയ സഭയിലെ അംഗങ്ങൾ അവളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും അവൾ പരിപാടികളിൽ പങ്കെടുക്കുന്നതു കാണുന്നതും അത്യന്തം വിലമതിക്കുന്നു. യോഗശേഷം സഹോദരങ്ങളുമൊത്തു സമയം ചെലവഴിക്കുന്നതും സംസാരിക്കുന്നതും സിൽവിയയ്ക്ക് വളരെ ഇഷ്ടമാണ്. അവളുടെ സൗഹൃദമനോഭാവവും പ്രസരിപ്പും നിമിത്തം സഭയിൽ എല്ലാവർക്കും അവളെ വലിയ കാര്യമാണ്.
“സിൽവിയ ഞങ്ങളെ സുപ്രധാനമായ ഒരു പാഠം പഠിപ്പിക്കുന്നു,” അവളുടെ പിതാവ് ആന്റോണിയോ പറയുന്നു. “എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ജീവൻ ദൈവത്തിൽനിന്നുള്ള ദാനമാണ്, നാം അതു വിലമതിക്കണം.” സിൽവിയയെപ്പോലെ ചെറുപ്പക്കാരും പ്രായംചെന്നവരുമായ എല്ലാ ദൈവദാസന്മാരും “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത കാലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.—യെശയ്യാവു 33:24.
[31-ാം പേജിലെ ചിത്രം]
സിൽവിയ തിരുവെഴുത്തു വായിക്കുന്നു, ഓക്സിജൻ ടാങ്കുമായി അമ്മ