കാറ്റിൽനിന്ന് ഒരു മറവിടം
യൂറോപ്പിലെ ആൽപ്‌സ് പർവതത്തിന്റെ ഉയർന്ന നിരകളിൽ കരുത്തുറ്റ ഒരുതരം കുറ്റിച്ചെടി തഴച്ചു വളരുന്നുണ്ട്. റോഡോഡെൻഡ്രോൺ ഇനത്തിൽപ്പെട്ട, ആൽപ്പൈൻ റോസ് എന്നറിയപ്പെടുന്ന ഈ ചെടി, നിലത്തോടു പറ്റിച്ചേർന്നാണു വളരുന്നത്. ഇത് പർവതപ്രദേശത്തെ ശക്തമായ കാറ്റിൽനിന്ന് അതിനെ സംരക്ഷിക്കുന്നു. സദാ വീശിയടിക്കുന്ന കാറ്റ് ആൽപ്പൈൻ സസ്യങ്ങളുടെ നിലനിൽപ്പിന് ഒരു ഭീഷണിയാണ്. കാരണം, ചെടികളുടെ ഊഷ്‌മാവ് താഴാനും വായുവിന്റെയും മണ്ണിന്റെയും ഈർപ്പം നഷ്ടപ്പെടാനും അത് ഇടയാക്കുന്നു. ചിലപ്പോൾ ഈ കാറ്റ് സസ്യങ്ങളെ വേരോടെ പിഴുതുകളഞ്ഞെന്നും വരാം.
പാറപ്പിളർപ്പുകളിലും പാറകൾക്കിടയിലെ വിടവുകളിലും വളരുന്നതിനാൽ മിക്കപ്പോഴും ആൽപ്പൈൻ റോസിന് കാറ്റിന്റെ കെടുതികളിൽനിന്നു രക്ഷപ്പെടാൻ സാധിക്കുന്നു. ഇത്തരം വിടവുകളിൽ മണ്ണ് കുറവായിരിക്കുമെങ്കിലും അവ ചെടിക്ക് കാറ്റിൽനിന്നു സംരക്ഷണം നൽകുന്നു. കൂടാതെ, ജലം സംഭരിച്ചു വെക്കാനും അവ ചെടിയെ സഹായിക്കുന്നു. വർഷത്തിൽ ഏറെ സമയവും ഈ റോഡോഡെൻഡ്രോണുകളെ കാണാറില്ലെങ്കിലും വേനൽക്കാലത്ത് കടുംചുവപ്പു നിറത്തിലുള്ള പുഷ്‌പങ്ങൾകൊണ്ട് തങ്ങൾക്ക് അഭയം നൽകിയ പർവതനിരയെ അവ അലങ്കരിക്കുന്നു.
ദൈവം ‘പ്രഭുക്കന്മാരെ’ നിയമിക്കുമെന്നും അവർ ഓരോരുത്തരും ‘കാറ്റിന്നു ഒരു മറവ്’ ആയിരിക്കുമെന്നും യെശയ്യാ പ്രവാചകൻ പറയുകയുണ്ടായി. (യെശയ്യാവു 32:1, 2) രാജാവായ യേശുക്രിസ്‌തുവിൻ കീഴിൽ, ഈ ആത്മീയ പ്രഭുക്കന്മാർ അഥവാ മേൽവിചാരകന്മാർ സമ്മർദത്തിന്റെയും പ്രയാസത്തിന്റെയും സമയത്ത് അചഞ്ചലരായി കരുത്തുറ്റ പാറകൾ പോലെ വർത്തിക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവർക്ക് ആശ്രയയോഗ്യമായ അഭയവും ആവശ്യമുള്ളവർക്ക് ദൈവവചനത്തിൽനിന്നുള്ള തങ്ങളുടെ ആത്മീയ ജലസംഭരണി പരിരക്ഷിക്കാനുള്ള സഹായവും അവർ നൽകുന്നു.
പീഡനമോ നിരുത്സാഹമോ വ്യാധികളോ കൊടുങ്കാറ്റുപോലെ ഒരു ക്രിസ്‌ത്യാനിയുടെ നേർക്ക് ആഞ്ഞടിക്കുമ്പോൾ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ അയാളുടെ വിശ്വാസത്തിന് ഉലച്ചിൽ തട്ടുകയും അതു വാടിപ്പോകുകയും ചെയ്‌തേക്കാം. അയാളുടെ പ്രശ്‌നം ശ്രദ്ധാപൂർവം കേട്ടുകൊണ്ടും, ബൈബിളധിഷ്‌ഠിത ബുദ്ധിയുപദേശം നൽകിക്കൊണ്ടും പ്രോത്സാഹനമോ പ്രായോഗിക സഹായമോ പ്രദാനം ചെയ്‌തുകൊണ്ടും ക്രിസ്‌തീയ മൂപ്പന്മാർക്ക് അഭയമേകാൻ സാധിക്കും. “ചിന്നിയ” അവസ്ഥയിലുള്ളവരെ സഹായിക്കാൻ തങ്ങളുടെ നിയുക്ത രാജാവായ യേശുക്രിസ്‌തുവിനെ പോലെ അവരും ആഗ്രഹിക്കുന്നു. (മത്തായി 9:36) വ്യാജപഠിപ്പിക്കലുകളാകുന്ന കാറ്റിന്റെ കെടുതികളാൽ ബാധിക്കപ്പെട്ടവരെ പിന്തുണയ്‌ക്കാനും അവർ ആഗ്രഹിക്കുന്നു. (എഫെസ്യർ 4:14) തക്കസമയത്തു ലഭിക്കുന്ന അത്തരം പിന്തുണ ജീവത്‌പ്രധാനമെന്നു തെളിഞ്ഞേക്കാം.
മിറിയം പറയുന്നതു ശ്രദ്ധിക്കുക: “എന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ സഭയിൽനിന്നു പുറത്തു പോയി. ആയിടയ്‌ക്കുതന്നെയാണ് എന്റെ പിതാവിന് മസ്‌തിഷ്‌ക രക്തസ്രാവം ഉണ്ടായതും. ജീവിതത്തിൽ ഞാൻ തളർന്നുപോയ ഒരു ഘട്ടമായിരുന്നു അത്. വിഷാദത്തെ മറികടക്കാനായി ഞാൻ ലോകക്കാരനായ ഒരു വ്യക്തിയുമായി ഡേറ്റിങ്ങിൽ ഏർപ്പെടാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്നോടുതന്നെ നിന്ദ തോന്നി. സത്യം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഞാൻ സഭയിലെ മൂപ്പന്മാരെ അറിയിച്ചു. കാരണം യഹോവയ്‌ക്ക് എന്നെ സ്‌നേഹിക്കാൻ കഴിയില്ലെന്നു ഞാൻ ഉറപ്പിച്ചു.
“ആ നിർണായക ഘട്ടത്തിൽ സഹാനുഭൂതിയുള്ള ഒരു മൂപ്പൻ, ഒരു സാധാരണ പയനിയറായി ഞാൻ സേവിച്ചിരുന്ന വർഷങ്ങളെ കുറിച്ച് എന്നെ ഓർമിപ്പിച്ചു. എന്റെ വിശ്വസ്‌തതയിൽ അദ്ദേഹത്തിന് എല്ലായ്‌പോഴും മതിപ്പു തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നെ സഹായിക്കാൻ, യഹോവയ്‌ക്ക് എന്നോടുള്ള സ്‌നേഹത്തെ കുറിച്ച് ഉറപ്പു നൽകാൻ, മൂപ്പന്മാരെ അനുവദിക്കണമെന്ന് അദ്ദേഹം ദയാപൂർവം അഭ്യർഥിച്ചു. ആ നിർണായക ഘട്ടത്തിൽ അവർ പ്രകടമാക്കിയ സ്‌നേഹപുരസ്സരമായ താത്‌പര്യം, എനിക്കു ചുറ്റും ആഞ്ഞടിച്ചുകൊണ്ടിരുന്ന ആത്മീയ കൊടുങ്കാറ്റിൽനിന്നുള്ള ഒരു ‘മറവ്’ ആയി ഉതകി. ഒറ്റ മാസത്തിനുള്ളിൽ എന്റെ കാമുകനുമായുള്ള എല്ലാ ബന്ധങ്ങളും ഞാൻ അവസാനിപ്പിച്ചു. അതിൽപ്പിന്നെ ഇതേവരെ സത്യത്തിന്റെ പാതയിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല.”
തക്കസമയത്തു തങ്ങൾ നൽകിയ സംരക്ഷണം നിമിത്തം, സഹക്രിസ്‌ത്യാനികൾ ആത്മീയമായി പൂത്തുലഞ്ഞു നിൽക്കുന്നതു കാണുമ്പോൾ മൂപ്പന്മാർക്കു വലിയ സംതൃപ്‌തി തോന്നുന്നു. ഈ ‘മറവിടങ്ങൾ’ ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചയിൻ കീഴിൽ നാം ആസ്വദിക്കാൻ പോകുന്ന സമൃദ്ധമായ ആത്മീയ സഹായത്തിന്റെ ഒരു മുൻനിഴലായി വർത്തിക്കുന്നു.