രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
രാജ്യഹാളിന് അംഗീകാരത്തിന്റെ മെഡൽ
ഫിൻലൻഡിലെ ‘പരിസ്ഥിതി മന്ത്രാലയം’ 2000-ാം ആണ്ടിനെ “ഉദ്യാന നിർമാണ വർഷം” ആയി പ്രഖ്യാപിച്ചു. “ഹരിതാഭമായ ചുറ്റുപാടുകൾക്കു നമ്മുടെ അനുദിന ജീവിതത്തിലും ക്ഷേമത്തിലും ഉള്ള സ്വാധീനത്തെ കുറിച്ച് നമ്മെയെല്ലാം ഓർമിപ്പിക്കുക എന്നതാണ് ഉദ്യാനനിർമാണ വർഷത്തിന്റെ ഉദ്ദേശ്യം,” സംഘാടകരിൽ ഒരാൾ പറഞ്ഞു.
‘ഫിന്നിഷ് ഉദ്യാന നിർമാണ വ്യവസായ അസോസിയേഷനി’ൽ നിന്നുള്ള ഒരു കത്ത് 2001 ജനുവരി 12-ന് ഫിൻലൻഡിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിനു ലഭിച്ചു. ആ വർഷത്തേക്കുള്ള ഉദ്യാനനിർമാണത്തിനുള്ള മെഡലുകളിൽ ഒന്ന് യഹോവയുടെ സാക്ഷികളുടെ തിക്കൂരിലയിലെ രാജ്യഹാളിനു നൽകാൻ തീരുമാനിച്ചിരിക്കുന്നതായി ആ കത്തു വിശദീകരിച്ചു. ചുറ്റുപാടുകളുടെ മികച്ച ഡിസൈനിങ്ങും നന്നായി ക്രമീകരിച്ചിട്ടുള്ള പൂന്തോട്ടവും ആയിരുന്നു ഇതിനു കാരണം. സ്ഥലത്തിന്റെ വേനൽക്കാലത്തും ശീതകാലത്തുമുള്ള പൊതുവായ ദൃശ്യം സുഖപ്രദവും മനോഹരവും മേന്മയേറിയതും ആണെന്ന് ആ കത്തു ചൂണ്ടിക്കാണിച്ചു.
ഫിൻലൻഡിലെ താംപരെയിലുള്ള റോസൻദാൽ ഹോട്ടലിൽ 400 വിദഗ്ധരും ബിസിനസ്സുകാരും സംബന്ധിച്ച ഒരു ചടങ്ങിൽവെച്ച് യഹോവയുടെ സാക്ഷികൾക്ക് ആ മെഡൽ നൽകുകയുണ്ടായി. ‘ഫിന്നിഷ് ഉദ്യാന നിർമാണ വ്യവസായ അസോസിയേഷൻ’ ഒരു പത്രക്കുറിപ്പും പുറപ്പെടുവിച്ചു. അതു ഇങ്ങനെ പ്രസ്താവിക്കുന്നു: “രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകൾ എല്ലാംതന്നെ മനോഹരമായി രൂപകൽപ്പന ചെയ്തവയാണ്. ചുറ്റുപാടുകൾ ക്രമീകരിക്കുന്നതിൽ ചെലുത്തിയിരിക്കുന്ന സൂക്ഷ്മ ശ്രദ്ധ കണ്ടില്ലെന്നു നടിക്കാൻ വഴിപോക്കർക്ക് ആവില്ല. മൊത്തത്തിൽ അതിവിശിഷ്ടമായ ഒരു പൂന്തോട്ടത്തിന്റെ ഉദാഹരണമാണു തിക്കൂരിലയിലുള്ള രാജ്യഹാൾ. ആ കെട്ടിടവും വിശാലമായ മുറ്റവും ശാന്തതയും സമനിലയും പ്രതിഫലിപ്പിക്കുന്നു.”
ഫിൻലൻഡിൽ 233 രാജ്യഹാളുകൾ ഉണ്ട്. അവയിൽ പലതിന്റെയും ചുറ്റും മനോഹരമായ പൂന്തോട്ടങ്ങൾ ഉണ്ട്. എന്നാൽ, ഈ സ്ഥലങ്ങളെ വാസ്തവത്തിൽ മനോഹരമാക്കുന്നത് അവ സത്യാരാധനയുടെയും ബൈബിൾ വിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങളാണ് എന്ന വസ്തുതയാണ്. ലോകമെമ്പാടുമായി 60 ലക്ഷത്തിലധികം വരുന്ന യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം, നന്നായി സജ്ജീകരിക്കപ്പെട്ടതോ ലളിതമോ ആയിരുന്നാലും, രാജ്യഹാൾ വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്. അതുകൊണ്ടാണ് അവർ അതിന്റെ കാര്യത്തിൽ കരുതലോടെ നല്ല ശ്രദ്ധ പുലർത്തുന്നത്. രാജ്യഹാളുകളുടെ വാതിലുകൾ നിങ്ങളുടെ സമൂഹത്തിലെ സകലർക്കുമായി തുറന്നുകിടക്കുന്നു.