അത് സാത്താന്റെ നൂറ്റാണ്ട് ആയിരുന്നോ?
“ഇരുപതാം നൂറ്റാണ്ടിൽ അരങ്ങേറിയ ദുഷ്ടതയുടെ വീക്ഷണത്തിൽ അതിനെ ഉചിതമായും സാത്താന്റെ നൂറ്റാണ്ട് എന്നു വിളിക്കാം. വർഗം, മതം, സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ എന്നിവയുടെ പേരിൽ മറ്റു ദശലക്ഷക്കണക്കിന് ആളുകളെ വകവരുത്താനുള്ള ത്വരയും ആവേശവും മുൻകാലങ്ങളിലൊന്നും മനുഷ്യരിൽ ഇത്രയധികം പ്രകടമായിരുന്നിട്ടില്ല.”
നാസികളുടെ മരണ പാളയങ്ങളിൽ തടവിലാക്കപ്പെട്ടിരുന്ന നിരപരാധികളെ മോചിപ്പിച്ചതിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് 1995 ജനുവരി 26-ലെ ദ ന്യൂയോർക്ക് ടൈംസിന്റെ മുഖപ്രസംഗത്തിൽ വന്ന പ്രസ്താവനയാണ് മേലുദ്ധരിച്ചത്. ചരിത്രത്തിലെ ഏറ്റവും ഭീകര നരഹത്യകളിലൊന്നായ ഈ കൂട്ടക്കുരുതിയിൽ 60 ലക്ഷത്തോളം യഹൂദരുടെ ജീവനാണു ബലികഴിക്കപ്പെട്ടത്. 30 ലക്ഷത്തോളം വരുന്ന യഹൂദരല്ലാത്ത പോളണ്ടുകാരും കശാപ്പു ചെയ്യപ്പെട്ടിരുന്നു, ഇവരുടെ ഹത്യയെ “വിസ്മൃതിയിലാണ്ടുപോയ കൂട്ടക്കൊല” എന്നു വിശേഷിപ്പിച്ചിരിക്കുന്നു.
“ഒരു കണക്കനുസരിച്ച്, 1900 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ 8.6 കോടി ആളുകൾ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടു” എന്നു മാനവരാശി—ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ധാർമിക ചരിത്രം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ജോനഥൻ ഗ്ലോവർ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം അതിഭീമമാണ്, സങ്കൽപ്പിക്കാൻ പോലും വയ്യാത്തത്ര വലുത്. മരണ സംഖ്യയുടെ ഏതൊരു ശരാശരിയും യഥാർഥമായിരിക്കില്ല. കാരണം, അതിൽ ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗവും (5.8 കോടി) രണ്ടു ലോകയുദ്ധങ്ങളിൽ മാത്രമായി കൊല്ലപ്പെട്ടവരാണ്. എന്നാൽ, ഈ മരണസംഖ്യയെ 90 വർഷ കാലയളവിലേക്കു തുല്യമായി വിഭാഗിക്കുകയാണെങ്കിൽ, ദിവസവും ഏതാണ്ട് 2,500 പേർ യുദ്ധം നിമിത്തം കൊല്ലപ്പെട്ടിട്ടുണ്ട്. അതായത് ഓരോ മണിക്കൂറിലും 100-ലേറെ മരണം.”
തത്ഫലമായി, മനുഷ്യൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും രക്തപങ്കിലമായ നൂറ്റാണ്ടുകളിലൊന്ന് എന്ന് 20-ാം നൂറ്റാണ്ടിനെ വിളിച്ചിരിക്കുന്നു. ഹോപ് എഗൻസ്റ്റ് ഹോപ് എന്ന ഗ്രന്ഥത്തിൽ നാഡ്യഴ്ഡ മാൻഡ്യിൽഷ്റ്റം എഴുതുന്നു: “മാനുഷിക മൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് തിന്മ വിജയം വരിച്ചിരിക്കുന്നതായി നാം കണ്ടിരിക്കുന്നു.” തിന്മയ്ക്കെതിരെയുള്ള നന്മയുടെ പോരാട്ടത്തിൽ തിന്മ യഥാർഥത്തിൽ വിജയിച്ചിരിക്കുന്നുവോ?
[2 -ാം പേജിലെ ചിത്രത്തിന് കടപ്പാട്]
മുഖചിത്രം: അമ്മയും കുഞ്ഞും: J.R. Ripper/SocialPhotos
[3 -ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Department of Energy photograph