യഹോവയുടെ ദിവസം അടുത്തുവരവേ നാം ആളുകളെ എങ്ങനെ വീക്ഷിക്കണം?
“കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ.”—2 പത്രൊസ് 3:9.
1, 2. (എ) ഇന്ന് യഹോവ ആളുകളെ വീക്ഷിക്കുന്നത് എങ്ങനെ? (ബി) ഏതു ചോദ്യങ്ങൾ നമുക്ക് നമ്മോടുതന്നെ ചോദിക്കാൻ കഴിയും?
‘സകലജാതികളെയും ശിഷ്യരാക്കാനുള്ള’ ഒരു നിയോഗം യഹോവയുടെ ദാസർക്കുണ്ട്. (മത്തായി 28:20) ഈ നിയമനം നിറവേറ്റുകയും ‘യഹോവയുടെ മഹാദിവസ’ത്തിനായി കാത്തിരിക്കുകയും ചെയ്യവേ, നാം ആളുകളെ യഹോവ വീക്ഷിക്കുന്ന വിധത്തിൽ വീക്ഷിക്കണം. (സെഫന്യാവു 1:14) യഹോവ എങ്ങനെയാണ് ആളുകളെ വീക്ഷിക്കുന്നത്? അപ്പൊസ്തലനായ പത്രൊസ് പറയുന്നു: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ.” (2 പത്രൊസ് 3:9) മാനസാന്തരപ്പെടാൻ സാധ്യതയുള്ളവരായാണ് ദൈവം മനുഷ്യരെ വീക്ഷിക്കുന്നത്. അവൻ “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.” (1 തിമൊഥെയൊസ് 2:4) “ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കു”മ്പോൾ യഹോവ സന്തോഷിക്കുകപോലും ചെയ്യുന്നു!—യെഹെസ്കേൽ 33:11, NW.
2 ആളുകളെ സംബന്ധിച്ച് യഹോവയ്ക്കുള്ള അതേ വീക്ഷണമാണോ നമുക്ക് ഓരോരുത്തർക്കും ഉള്ളത്? അവനെപ്പോലെ, സകല വംശത്തിലും രാഷ്ട്രത്തിലുംപെട്ട ആളുകളെ ‘അവൻ മേയിക്കുന്ന ആടുകൾ’ ആകാൻ സാധ്യതയുള്ളവരായി നാം കരുതുന്നുവോ? (സങ്കീർത്തനം 100:3; പ്രവൃത്തികൾ 10:34, 35) ദൈവത്തിന്റെ വീക്ഷണം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം കാണിക്കുന്ന രണ്ട് ഉദാഹരണങ്ങൾ നമുക്ക് ഇപ്പോൾ പരിചിന്തിക്കാം. രണ്ട് സന്ദർഭങ്ങളിലും നാശം ആസന്നമായിരുന്നു, യഹോവയുടെ ദാസന്മാർക്ക് ഈ വസ്തുത സംബന്ധിച്ച് മുന്നമേതന്നെ അറിവ് ലഭിക്കുകയും ചെയ്തിരുന്നു. യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കുന്ന നമുക്ക് ഈ ഉദാഹരണങ്ങൾ വിശേഷാൽ പ്രധാനമാണ്.
അബ്രാഹാമിന് യഹോവയുടെ വീക്ഷണം ഉണ്ടായിരുന്നു
3. സൊദോം, ഗൊമോര നിവാസികളെ കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്തായിരുന്നു?
3 വിശ്വസ്ത ഗോത്രപിതാവായ അബ്രാഹാമും സൊദോം, ഗൊമോര എന്നീ ദുഷ്ട നഗരങ്ങളും ഉൾപ്പെട്ടതാണ് ആദ്യത്തെ ഉദാഹരണം. “സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി” കേട്ട ഉടനെ യഹോവ ആ നഗരങ്ങളെയും അതിലെ നിവാസികളെയും നശിപ്പിച്ചില്ല. ആദ്യം അവൻ ഒരു അന്വേഷണം നടത്തി. (ഉല്പത്തി 18:20, 21) രണ്ടു ദൂതന്മാരെ അവൻ സൊദോമിലേക്ക് അയച്ചു. അവിടെ അവർ ലോത്ത് എന്ന നീതിമാനായ വ്യക്തിയുടെ വീട്ടിൽ പാർത്തു. ദൂതന്മാർ വന്ന രാത്രിയിൽ, അവരുമായി സ്വവർഗസംഭോഗത്തിൽ ഏർപ്പെടാനുള്ള ആഗ്രഹത്തോടെ “പട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു.” വ്യക്തമായും, നഗരവാസികളുടെ അധമസ്ഥിതി ആ നഗരം നാശത്തിന് അർഹമാണെന്നു തെളിയിച്ചു. എന്നിട്ടും, ദൂതന്മാർ ലോത്തിനോട് ഇങ്ങനെ പറഞ്ഞു: “ഇവിടെ നിനക്കു മററു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കൊൾക.” ആ നഗരത്തിലെ ചിലർക്ക് യഹോവ രക്ഷാമാർഗം തുറന്നുകൊടുത്തു. എങ്കിലും, ലോത്തും അവന്റെ രണ്ടു പുത്രിമാരും മാത്രമേ ഒടുവിൽ നാശത്തെ അതിജീവിച്ചുള്ളൂ.—ഉല്പത്തി 19:4, 5, 12, 16, 23-26.
4, 5. സൊദോം നിവാസികൾക്കുവേണ്ടി അബ്രാഹാം യഹോവയോട് അപേക്ഷിച്ചത് എന്തുകൊണ്ട്, ആളുകളെ കുറിച്ചുള്ള അവന്റെ വീക്ഷണം യഹോവയുടേതിനോടു ചേർച്ചയിൽ ആയിരുന്നോ?
4 സൊദോം, ഗൊമോര എന്നീ നഗരങ്ങളെ പരിശോധിക്കാനുള്ള തന്റെ ഉദ്ദേശ്യം യഹോവ വെളിപ്പെടുത്തിയ സന്ദർഭത്തിലേക്കു നമുക്ക് ഇപ്പോൾ തിരിച്ചുപോകാം. ആ സമയത്താണ് അബ്രാഹാം ഇങ്ങനെ അപേക്ഷിച്ചത്: “ആ നഗരത്തിൽ അമ്പതു ധർമിഷ്ഠരുണ്ടെന്നു സങ്കല്പിക്കുക. അങ്ങനെയെങ്കിൽ നീ നഗരത്തെ നശിപ്പിക്കുമോ? അമ്പതു ധർമിഷ്ഠർ നിമിത്തം എങ്കിലും നീ നഗരത്തെ രക്ഷിക്കയില്ലേ? ദുഷ്ടന്മാരോടുകൂടെ ശിഷ്ടന്മാരെ സംഹരിക്കുന്നത്, ദുഷ്ടന്മാരുടെ അനുഭവം ശിഷ്ടന്മാർക്കും വരുത്തുന്നത് നിനക്ക് ഒട്ടും ചേർന്നതല്ല. അത് നിനക്കു തീരെ ചേർന്നതല്ല. ഭൂമിയൊക്കെയുടെയും വിധികർത്താവായവൻ നീതി ചെയ്യാതിരിക്കുമോ?” ‘അതു നിനക്ക് ചേർന്നതല്ല’ എന്ന പ്രയോഗം അബ്രാഹാം രണ്ടു തവണ ഉപയോഗിച്ചു. ദുഷ്ടന്മാരോടുകൂടെ യഹോവ നീതിമാന്മാരെ നശിപ്പിക്കില്ലെന്നു തന്റെ അനുഭവത്തിൽനിന്ന് അബ്രാഹാം മനസ്സിലാക്കി. “അമ്പതു ധർമിഷ്ഠരെ നഗരത്തിനുള്ളിൽ കണ്ടെത്തുന്നപക്ഷം” താൻ സൊദോമിനെ നശിപ്പിക്കില്ലെന്നു യഹോവ പറഞ്ഞപ്പോൾ അബ്രാഹാം പടിപടിയായി കുറച്ച് ആ എണ്ണം വെറും പത്തുവരെയാക്കി.—ഉല്പത്തി 18:22-33, ഓശാന ബൈബിൾ.
5 അബ്രാഹാമിന്റെ അപേക്ഷകൾ യഹോവയുടെ വീക്ഷണത്തിന് ചേർച്ചയിലുള്ളത് അല്ലായിരുന്നെങ്കിൽ അവൻ അതു ശ്രദ്ധിക്കുമായിരുന്നോ? തീർച്ചയായും ഇല്ല. “ദൈവത്തിന്റെ സ്നേഹിതൻ” എന്ന നിലയിൽ അബ്രാഹാം യഹോവയുടെ വീക്ഷണം മനസ്സിലാക്കുകയും അത് വെച്ചുപുലർത്തുകയും ചെയ്തതായി കാണാം. (യാക്കോബ് 2:23) സൊദോം, ഗൊമോര എന്നീ നഗരങ്ങളിലേക്ക് തന്റെ ശ്രദ്ധ തിരിച്ച സമയത്ത് യഹോവ അബ്രാഹാമിന്റെ അപേക്ഷകൾ പരിഗണിക്കാൻ സന്നദ്ധനായിരുന്നു. എന്തുകൊണ്ട്? എന്തെന്നാൽ നമ്മുടെ സ്വർഗീയ പിതാവായ യഹോവ ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ഇച്ഛിക്കുന്നു.’
ആളുകളെ കുറിച്ചുള്ള യോനായുടെ വീക്ഷണം —നേർവിപരീതം
6. യോനായുടെ പ്രഖ്യാപനത്തോട് നീനെവേക്കാർ എങ്ങനെ പ്രതികരിച്ചു?
6 ഇനി നമുക്ക് രണ്ടാമത്തെ ഉദാഹരണം പരിചിന്തിക്കാം. യോനായുടേതാണ് അത്. ഇവിടെ നശിപ്പിക്കപ്പെടാനിരുന്ന നഗരം നീനെവേ ആയിരുന്നു. ആ നഗരത്തിന്റെ ദുഷ്ടത ‘യഹോവയുടെ സന്നിധിയിൽ എത്തിയിരിക്കുന്നു’ എന്ന് പ്രഖ്യാപിക്കാൻ പ്രവാചകനായ യോനായ്ക്ക് കൽപ്പന ലഭിച്ചു. (യോനാ 1:2) പ്രാന്തപ്രദേശങ്ങൾ ഉൾപ്പെടെ നീനെവേ “മൂന്നു ദിവസത്തെ വഴിയുള്ള” ഒരു വലിയ നഗരമായിരുന്നു. ഒടുവിൽ, യഹോവയെ അനുസരിച്ച് യോനാ നീനെവേയിൽ ചെന്ന് ഇങ്ങനെ പ്രഖ്യാപിച്ചു: “ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും.” അപ്പോൾ “നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.” നീനെവേയിലെ രാജാവുപോലും അനുതപിച്ചു.—യോനാ 3:1-6.
7. നീനെവേക്കാരുടെ അനുതാപത്തെ യഹോവ എങ്ങനെ വീക്ഷിച്ചു?
7 അത് സൊദോമിലെ നിവാസികളുടെ പ്രതികരണത്തിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു! അനുതാപമുണ്ടായിരുന്ന നീനെവേക്കാരെ യഹോവ എങ്ങനെയാണ് വീക്ഷിച്ചത്? യോനാ 3:10 പറയുന്നു: “താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.” നീനെവേക്കാർ തങ്ങളുടെ പ്രവർത്തനഗതികൾക്ക് മാറ്റംവരുത്തിയതിനാൽ അവരുമായുള്ള തന്റെ ഇടപെടലുകൾക്ക് ഭേദഗതി വരുത്തി എന്ന അർഥത്തിൽ യഹോവ “അനുതപിച്ചു.” യഹോവ തന്റെ നിലവാരങ്ങൾക്ക് മാറ്റംവരുത്തിയില്ല, പകരം നീനെവേക്കാർ അനുതാപമുള്ളവരാണെന്നു കണ്ടപ്പോൾ തന്റെ തീരുമാനത്തിനു മാറ്റംവരുത്തി.—മലാഖി 3:6.
8. യോനായ്ക്കു ദുഃഖം തോന്നിയത് എന്തുകൊണ്ട്?
8 നീനെവേ നശിപ്പിക്കപ്പെടില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ യോനാ യഹോവയുടെ കാഴ്ചപ്പാടിൽനിന്നുകൊണ്ട് കാര്യങ്ങളെ കണ്ടോ? ഇല്ല. ബൈബിൾ രേഖ നമ്മോടു പറയുന്നു: “യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു.” അവൻ കൂടുതലായി എന്തു ചെയ്തു? വിവരണം പറയുന്നു: “അവൻ യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ, യഹോവേ, ഞാൻ എന്റെ ദേശത്തു ആയിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കു ഇതു തന്നേ അല്ലയോ? അതുകൊണ്ടായിരുന്നു ഞാൻ തർശീശിലേക്കു ബദ്ധപ്പെട്ടു ഓടിപ്പോയതു; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനർത്ഥത്തെക്കുറിച്ചു അനുതപിക്കുന്നവൻ എന്നു ഞാൻ അറിഞ്ഞു.” (യോനാ 4:1, 2) യഹോവയുടെ ഗുണങ്ങളെ കുറിച്ച് യോനായ്ക്ക് അറിയാമായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് പ്രവാചകൻ കുണ്ഠിതപ്പെടുകയും അനുതപിച്ച നീനെവേക്കാരോടുള്ള ദൈവത്തിന്റെ വീക്ഷണം പ്രകടമാക്കാതിരിക്കുകയും ചെയ്തു.
9, 10. (എ) യഹോവ യോനായെ പഠിപ്പിച്ച പാഠമെന്ത്? (ബി) നീനെവേക്കാരെ സംബന്ധിച്ച യഹോവയുടെ വീക്ഷണം യോനാ ഒടുവിൽ സ്വീകരിച്ചെന്ന് നമുക്ക് നിഗമനം ചെയ്യാവുന്നത് എന്തുകൊണ്ട്?
9 യോനാ നീനെവേ നഗരത്തിന് പുറത്തു കടന്ന് ഒരു കുടിൽ ഉണ്ടാക്കി “നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം” അതിന്റെ തണലിൽ ഇരുന്നു. യോനായ്ക്ക് തണലേകാനായി യഹോവ ഒരു ആവണക്കു ചെടി വളരാൻ ഇടയാക്കി. എന്നാൽ, അടുത്ത ദിവസം അത് വാടിപ്പോയി. അതിനെപ്രതി യോനാ കോപിച്ചപ്പോൾ യഹോവ ഇങ്ങനെ ചോദിച്ചു: “ആവണക്കിനെക്കുറിച്ചു നിനക്കു അയ്യോഭാവം തോന്നുന്നുവല്ലോ. എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ?” (യോനാ 4:5-11) ആളുകളോടുള്ള യഹോവയുടെ വീക്ഷണം സംബന്ധിച്ച് എത്ര നല്ല പാഠമാണ് യോനായ്ക്ക് ലഭിച്ചത്!
10 നീനെവേയിലെ ആളുകളോടു അയ്യോഭാവം തോന്നുന്നതിനെ കുറിച്ചുള്ള ദൈവത്തിന്റെ പ്രസ്താവനയോട് യോനാ എങ്ങനെ പ്രതികരിച്ചു എന്നു രേഖ പറയുന്നില്ല. എങ്കിലും, അനുതപിച്ച നീനെവേക്കാരോടുള്ള തന്റെ വീക്ഷണത്തിന് പ്രവാചകൻ പൊരുത്തപ്പെടുത്തൽ വരുത്തിയെന്ന് വ്യക്തമാണ്. ഈ നിശ്വസ്ത വിവരണം രേഖപ്പെടുത്താൻ യഹോവ അവനെ ഉപയോഗിച്ചു എന്ന വസ്തുതയിൽനിന്നാണ് നാം ആ നിഗമനത്തിൽ എത്തുന്നത്.
നിങ്ങൾക്ക് ഏതു മനോഭാവമാണ് ഉള്ളത്?
11. അബ്രാഹാം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇക്കാലത്തെ ആളുകളെ സാധ്യതയനുസരിച്ച് അവൻ എങ്ങനെ വീക്ഷിക്കുമായിരുന്നു?
11 ഇന്നു നാം വേറൊരു നാശത്തെ, അതായത് യഹോവയുടെ മഹാദിവസത്തിലെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അഭിമുഖീകരിക്കാൻ പോകുകയാണ്. (ലൂക്കൊസ് 17:26-30; ഗലാത്യർ 1:4; 2 പത്രൊസ് 3:10) അബ്രാഹാം ഇന്നു ജീവനോടെ ഉണ്ടായിരുന്നെങ്കിൽ, വളരെ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടാനിരിക്കുന്ന ഈ ലോകത്തിലെ ആളുകളെ അവൻ എങ്ങനെ വീക്ഷിക്കുമായിരുന്നു? സകല സാധ്യതയുമനുസരിച്ച്, ‘രാജ്യത്തിന്റെ സുവിശേഷം’ ഇനിയും കേട്ടിട്ടില്ലാത്തവരെ കുറിച്ച് അവൻ ചിന്തയുള്ളവനായിരിക്കും. (മത്തായി 24:14) സൊദോമിൽ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ള നീതിമാന്മാർക്കുവേണ്ടി അബ്രാഹാം ദൈവത്തോട് പലയാവർത്തി അപേക്ഷിച്ചു. അനുതപിക്കാനും ദൈവത്തെ സേവിക്കാനുമുള്ള അവസരം ലഭിക്കുന്നപക്ഷം സാത്താന്റെ അധീനതയിലുള്ള ഈ ലോകത്തിന്റെ വഴികൾ ത്യജിക്കാൻ സാധ്യതയുള്ളവരെ കുറിച്ച് വ്യക്തിപരമായി ചിന്തയുള്ളവരാണോ നാം?—1 യോഹന്നാൻ 5:19; വെളിപ്പാടു 18:2-4.
12. ശുശ്രൂഷയിലായിരിക്കെ നാം കണ്ടുമുട്ടുന്ന ആളുകളെ കുറിച്ച് യോനായുടേതുപോലുള്ള മനോഭാവം വളർത്തിയെടുക്കുക എളുപ്പമായിരിക്കുന്നത് എന്തുകൊണ്ട്, ഇതു സംബന്ധിച്ച് നമുക്ക് എന്തു ചെയ്യാൻ കഴിയും?
12 ദുഷ്ടതയ്ക്ക് അവസാനം വന്നുകാണാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. (ഹബക്കൂക് 1:2, 3) എങ്കിലും, അനുതപിച്ചേക്കാവുന്ന ആളുകളുടെ ക്ഷേമത്തിൽ തത്പരരായിരിക്കാതെ, യോനായുടേതുപോലുള്ള മനോഭാവം വളർത്തിയെടുക്കുക വളരെ എളുപ്പമാണ്. രാജ്യസന്ദേശവുമായി നാം വീടുകളിൽ ചെല്ലുമ്പോൾ താത്പര്യമില്ലാത്തവരോ എതിർപ്പു പ്രകടമാക്കുന്നവരോ ആക്രമണോത്സുകരോ ആയ ആളുകളെ കൂടെക്കൂടെ കണ്ടുമുട്ടുന്നെങ്കിൽ ഇതു വിശേഷാൽ സത്യമാണ്. ഈ ദുഷ്ടവ്യവസ്ഥിതിയിൽനിന്ന് യഹോവ ഇനിയും കൂട്ടിച്ചേർക്കാനുള്ളവരെ കുറിച്ച് നാം ചിന്തയില്ലാത്തവർ ആയിത്തീർന്നേക്കാം. (റോമർ 2:4) നീനെവേക്കാരെ കുറിച്ച് യോനായ്ക്ക് ആദ്യമുണ്ടായിരുന്ന മനോഭാവം അല്പമെങ്കിലും നമുക്കുണ്ടെന്ന് ആത്മാർഥമായ ആത്മപരിശോധന വെളിപ്പെടുത്തുന്നെങ്കിൽ, നമ്മുടെ കാഴ്ചപ്പാടിനെ യഹോവയുടേതിനോട് ചേർച്ചയിൽ കൊണ്ടുവരാനുള്ള സഹായത്തിനായി നമുക്കു പ്രാർഥിക്കാം.
13. യഹോവ ഇക്കാലത്ത് ആളുകളെ കുറിച്ച് ചിന്തയുള്ളവനാണെന്ന് നമുക്ക് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
13 ഇനിയും തന്നെ സേവിച്ചുതുടങ്ങിയിട്ടില്ലാത്തവരിൽ യഹോവ തത്പരനാണ്. അതേസമയം, അവൻ തന്റെ സമർപ്പിത ജനത്തിന്റെ അപേക്ഷകൾക്ക് ചെവികൊടുക്കുകയും ചെയ്യുന്നു. (മത്തായി 10:11) ഉദാഹരണത്തിന്, അവരുടെ പ്രാർഥനകൾക്കുള്ള പ്രതികരണമായി അവൻ ‘പ്രതിക്രിയ നടത്തും [“നീതി നിർവഹിക്കപ്പെടാൻ ഇടയാക്കും,” NW].’ (ലൂക്കൊസ് 18:7, 8) കൂടാതെ, താൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് യഹോവ തന്റെ എല്ലാ വാഗ്ദാനങ്ങളും ഉദ്ദേശ്യങ്ങളും നിറവേറ്റുകയും ചെയ്യും. (ഹബക്കൂക് 2:3) ഭൂമിയിൽനിന്ന് സകല ദുഷ്ടതയും തുടച്ചുനീക്കുന്നത് ഇതിൽ ഉൾപ്പെടുന്നു, നീനെവേക്കാർ വീണ്ടും ദുഷ്ടതയിലേക്കു വഴുതിവീണപ്പോൾ ദൈവം നീനെവേ നഗരം നശിപ്പിച്ചതുപോലെതന്നെ.—നഹൂം 3:5-7.
14. യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കവേ നാം എന്തു ചെയ്യണം?
14 യഹോവയുടെ മഹാദിവസത്തിൽ ഈ ദുഷ്ട വ്യവസ്ഥിതി നീക്കം ചെയ്യപ്പെടുന്നതുവരെ നാം ക്ഷമാപൂർവം കാത്തിരിക്കുകയും അവന്റെ ഹിതം ചെയ്യുന്നതിൽ തിരക്കോടെ ഏർപ്പെടുകയും ചെയ്യുമോ? യഹോവയുടെ ദിവസം വന്നെത്തുന്നതിനു മുമ്പ് ഇനിയും ചെയ്തുതീർക്കേണ്ട പ്രസംഗവേലയുടെ വ്യാപ്തി സംബന്ധിച്ച വിശദാംശങ്ങൾ നമുക്ക് അറിയില്ല. എന്നാൽ, അന്ത്യം വരുന്നതിനു മുമ്പ് മുഴുനിവസിത ഭൂമിയിലും ദൈവത്തിനു തൃപ്തിയാകുംവണ്ണം രാജ്യസുവാർത്ത പ്രസംഗിക്കപ്പെടും എന്ന് നമുക്ക് അറിയാം. യഹോവ തന്റെ ആലയത്തെ മഹത്ത്വപൂർണമാക്കുന്നതിൽ തുടരവേ അവൻ ഇനിയും കൂട്ടിവരുത്താനിരിക്കുന്ന “മനോഹരവസ്തു”ക്കളെ കുറിച്ച് നാം തീർച്ചയായും ചിന്തയുള്ളവർ ആയിരിക്കണം.—ഹഗ്ഗായി 2:7.
നമ്മുടെ വീക്ഷണം പ്രവൃത്തികളിലൂടെ പ്രകടമാകുന്നു
15. പ്രസംഗവേലയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കാൻ എന്തിനു കഴിയും?
15 പ്രസംഗവേലയോടു കാര്യമായ പ്രതികരണമില്ലാത്ത ഒരു പ്രദേശത്തായിരിക്കാം നാം താമസിക്കുന്നത്. രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ളിടത്തേക്ക് മാറിപ്പാർക്കാൻ സാഹചര്യങ്ങൾ നമ്മെ അനുവദിക്കുന്നുമില്ലായിരിക്കാം. അന്ത്യം വരുന്നതിനു മുമ്പ് പത്തുപേരെ നമ്മുടെ പ്രദേശത്ത് കണ്ടെത്താനാകും എന്നു വിചാരിക്കുക. ആ പത്തുപേർ അന്വേഷിച്ചു കണ്ടെത്താൻ തക്ക മൂല്യമുള്ളവരാണെന്ന് നമുക്ക് തോന്നുന്നുണ്ടോ? പുരുഷാരത്തോട് യേശുവിന് ‘മനസ്സലിവ്’ തോന്നി. എന്തെന്നാൽ, അവർ “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി”രുന്നു. (മത്തായി 9:36) ബൈബിൾ പഠിക്കുകയും വീക്ഷാഗോപുരവും ഉണരുക!യും ശ്രദ്ധാപൂർവം വായിക്കുകയും ചെയ്യുന്നതിലൂടെ ഈ ലോകത്തിന്റെ ദുരവസ്ഥ സംബന്ധിച്ച് നമുക്ക് കൂടുതൽ ഉൾക്കാഴ്ച നേടാനാകും. അത്, പ്രസംഗവേലയോടുള്ള നമ്മുടെ വിലമതിപ്പ് വർധിപ്പിക്കും. കൂടാതെ, “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ലഭിക്കുന്ന ബൈബിളധിഷ്ഠിത വിവരങ്ങൾ വിലമതിപ്പോടെ ഉപയോഗിക്കുന്നത് കൂടെക്കൂടെ പ്രവർത്തിച്ചിട്ടുള്ള പ്രദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കുമ്പോൾ കൂടുതൽ പ്രേരണാത്മകമായ വിധത്തിൽ സംസാരിക്കുന്നതിന് നമ്മെ സഹായിക്കും.—മത്തായി 24:45-47, NW; 2 തിമൊഥെയൊസ് 3:14-17.
16. ശുശ്രൂഷയുടെ ഫലപ്രദത്വം നമുക്ക് എങ്ങനെ വർധിപ്പിക്കാൻ കഴിഞ്ഞേക്കാം?
16 ജീവദായകമായ ബൈബിൾ സന്ദേശത്തോട് ഇനിയും പ്രതികരിച്ചേക്കാവുന്നവരോടുള്ള താത്പര്യം, ശുശ്രൂഷയുടെ സമയത്തിൽ പൊരുത്തപ്പെടുത്തൽ വരുത്താനും വിവിധ സമീപനരീതികൾ ഉപയോഗിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. നാം സന്ദർശിക്കുമ്പോൾ അനേകരും വീട്ടിൽ ഇല്ലാത്തതായി കാണുന്നുണ്ടോ? അങ്ങനെയെങ്കിൽ, നാം സാക്ഷീകരണ വേല നിർവഹിക്കുന്ന സ്ഥലങ്ങൾക്കും സമയങ്ങൾക്കും മാറ്റംവരുത്തിക്കൊണ്ട് ശുശ്രൂഷയുടെ ഫലപ്രദത്വം വർധിപ്പിക്കാൻ നമുക്ക് സാധിച്ചേക്കാം. മീൻ കിട്ടുന്ന സമയത്താണ് മുക്കുവർ മത്സ്യബന്ധനത്തിന് പോകുക. നമ്മുടെ ആത്മീയ മത്സ്യബന്ധന വേലയിൽ സമാനമായ ഒന്ന് നമുക്ക് ചെയ്യാനാകുമോ? (മർക്കൊസ് 1:16-18) നിയമപരമെങ്കിൽ, സായാഹ്ന സാക്ഷീകരണവും ടെലിഫോൺ സാക്ഷീകരണവും നടത്താൻ ശ്രമം ചെയ്യരുതോ? പാർക്കിങ് സ്ഥലങ്ങൾ, ബസ് സ്റ്റാന്റുകൾ, കടകൾ എന്നിവ ഫലകരമായ ‘മത്സ്യബന്ധന കേന്ദ്രങ്ങളാണ്’ എന്ന് ചിലർ കണ്ടെത്തിയിരിക്കുന്നു. അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ആളുകളോടു നമുക്ക് അബ്രാഹാമിന്റേതുപോലുള്ള മനോഭാവം ഉണ്ടെന്നു നാം പ്രകടമാക്കുന്നു.
17. മിഷനറിമാരെയും വിദേശ നാടുകളിൽ സേവിക്കുന്ന മറ്റുള്ളവരെയും നമുക്ക് ഏതു വിധങ്ങളിൽ പ്രോത്സാഹിപ്പിക്കാം?
17 ഇനിയും ദശലക്ഷങ്ങൾ രാജ്യസന്ദേശം കേൾക്കാനുണ്ട്. നമ്മുടെ പ്രസംഗവേലയ്ക്ക് പുറമേ, വീട്ടിലിരുന്നുകൊണ്ടുതന്നെ അത്തരം ആളുകളോടു താത്പര്യം പ്രകടമാക്കാൻ നമുക്കു കഴിയുമോ? വിദേശത്തു സേവിക്കുന്ന മിഷനറിമാരെയോ മുഴുസമയ ശുശ്രൂഷകരെയോ നമുക്ക് അറിയാമോ? എങ്കിൽ, അവരുടെ വേലയെ വിലമതിച്ചുകൊണ്ട് കത്തുകൾ എഴുതുന്നതു നന്നായിരിക്കും. അത് പൊതുജനത്തോടുള്ള താത്പര്യമാകുന്നത് എങ്ങനെ? പ്രോത്സാഹിപ്പിച്ചുകൊണ്ടും അനുമോദിച്ചുകൊണ്ടും നാം എഴുതുന്ന കത്തുകൾ തങ്ങളുടെ നിയമനത്തിൽ തുടരാൻ മിഷനറിമാരെ ശക്തീകരിക്കുകയും അങ്ങനെ ഇനിയും അനേകർ സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ സഹായിക്കപ്പെടുകയും ചെയ്തേക്കാം. (ന്യായാധിപന്മാർ 11:40) മിഷനറിമാർക്കും മറ്റു ദേശങ്ങളിൽ ഉള്ള സത്യത്തിനായി ദാഹിക്കുന്ന ആളുകൾക്കും വേണ്ടി പ്രാർഥിക്കാനും നമുക്കു കഴിയും. (എഫെസ്യർ 6:18-20) താത്പര്യം കാണിക്കാനുള്ള മറ്റൊരു വിധം യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്ക്കു പണപരമായ സംഭാവനകൾ നൽകുന്നതാണ്.—2 കൊരിന്ത്യർ 8:13, 14; 9:6, 7.
നിങ്ങൾക്ക് മാറിപ്പാർക്കാനാകുമോ?
18. തങ്ങളുടെ പ്രദേശത്തെ രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനായി ചില ക്രിസ്ത്യാനികൾ എന്തു ചെയ്തിരിക്കുന്നു?
18 രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിലേക്കു മാറിപ്പാർത്തിട്ടുള്ളവരുടെ ആത്മത്യാഗ ശ്രമത്തിനു പ്രതിഫലം ലഭിച്ചിട്ടുണ്ട്. എന്നാൽ യഹോവയുടെ സാക്ഷികളായ മറ്റു ചിലർ സ്വദേശത്ത് ആയിരുന്നുകൊണ്ടുതന്നെ വേറൊരു ഭാഷ പഠിച്ചിട്ടുണ്ട്. കുടിയേറ്റക്കാർക്ക് ആത്മീയ സഹായം നൽകുന്നതിനാണത്. അത്തരം ശ്രമങ്ങൾ തീർച്ചയായും പ്രതിഫലദായകമാണ്. ഉദാഹരണത്തിന്, യു.എസ്.എ.-യിലെ ടെക്സാസിലുള്ള ഒരു നഗരത്തിലെ ചൈനക്കാരെ സഹായിക്കുന്ന ഏഴു സാക്ഷികളുടെ ശ്രമഫലമായി, 2001-ൽ കർത്താവിന്റെ സന്ധ്യാഭക്ഷണ ആചരണത്തിന് 114 പേർ കൂടിവന്നു. അത്തരം കൂട്ടങ്ങളെ സഹായിക്കുന്നവർ തങ്ങളുടെ വയൽ, കൊയ്ത്തിന് പാകമായിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.—മത്തായി 9:37, 38.
19. രാജ്യപ്രസംഗവേലയെ പിന്തുണയ്ക്കാനായി ഒരു വിദേശരാജ്യത്തേക്ക് മാറിപ്പാർക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നെങ്കിൽ എന്തു ചെയ്യുന്നത് ഉചിതമാണ്?
19 രാജ്യപ്രസംഗകരുടെ ആവശ്യം കൂടുതലുള്ള ഒരു പ്രദേശത്തേക്ക് മാറിപ്പാർക്കാൻ പറ്റിയ സ്ഥാനത്താണ് തങ്ങളെന്ന് ഒരുപക്ഷേ നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും തോന്നിയേക്കാം. എന്നാൽ, ആദ്യം “ഇരുന്നു” “കണക്കുനോക്കു”ന്നത് ബുദ്ധിയാണ്. (ലൂക്കൊസ് 14:28) ഒരു വിദേശ രാജ്യത്തേക്ക് മാറിപ്പാർക്കുന്നതിനെ കുറിച്ച് ഒരു വ്യക്തി ആലോചിക്കുമ്പോൾ അതു പ്രത്യേകാൽ സത്യമാണ്. അതിനുള്ള സാധ്യതയെ കുറിച്ചു ചിന്തിക്കുന്ന ഏതൊരാളും പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതു നന്നായിരിക്കും: ‘കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കാൻ എനിക്കു കഴിയുമോ? എനിക്കു വിസ ലഭിക്കുമോ? എനിക്ക് അവിടത്തെ ഭാഷ അറിയാമോ, അല്ലെങ്കിൽ അതു പഠിക്കാൻ ഞാൻ സന്നദ്ധനാണോ? കാലാവസ്ഥയെയും സംസ്കാരത്തെയും കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ടോ? ആ രാജ്യത്തെ സഹവിശ്വാസികൾക്ക് ഒരു ഭാരമായിരിക്കാതെ “ബലപ്പെടുത്തുന്ന ഒരു സഹായം” ആയിരിക്കാൻ എനിക്കു കഴിയുമോ? (കൊലൊസ്സ്യർ 4:10, 11, NW) നിങ്ങൾ മാറിപ്പാർക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്ത് ആവശ്യം എത്രത്തോളം ഉണ്ടെന്ന് അറിയാൻ അവിടത്തെ പ്രസംഗവേലയുടെ മേൽനോട്ടം വഹിക്കുന്ന യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിന് എഴുതുന്നതാണ് എല്ലായ്പോഴും ഉചിതം.a
20. ഒരു വിദേശ രാജ്യത്തെ സഹവിശ്വാസികളുടെയും മറ്റുള്ളവരുടെയും പ്രയോജനത്തിനുവേണ്ടി ഒരു യുവക്രിസ്ത്യാനി തന്നെത്തന്നെ അർപ്പിച്ചത് എങ്ങനെ?
20 ജപ്പാനിൽ രാജ്യഹാളുകളുടെ നിർമാണത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഒരു ക്രിസ്ത്യാനി, പരാഗ്വേയിൽ ഒരു ആരാധനാസ്ഥലത്തിന്റെ നിർമാണത്തിന് വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടെന്നു മനസ്സിലാക്കി. ഏകാകിയും യൗവനയുക്തനും ആയിരുന്നതിനാൽ അദ്ദേഹം ആ രാജ്യത്തേക്കു പോയി ആ പദ്ധതിയിലെ ഏക മുഴുസമയ പ്രവർത്തകൻ എന്ന നിലയിൽ എട്ടുമാസം വേല ചെയ്തു. അവിടെ ആയിരിക്കെ സ്പാനീഷ് പഠിച്ച അദ്ദേഹം ഭവന ബൈബിളധ്യയനങ്ങൾ നടത്താൻ തുടങ്ങി. ആ രാജ്യത്ത് രാജ്യഘോഷകരുടെ ആവശ്യമുണ്ടെന്ന് അദ്ദേഹത്തിനു കാണാൻ കഴിഞ്ഞു. ജപ്പാനിലേക്കു തിരിച്ചുപോയെങ്കിലും, പെട്ടെന്നുതന്നെ അദ്ദേഹം പരാഗ്വേയിലേക്കു മടങ്ങുകയും അതേ രാജ്യഹാളിൽ കൂടിവരാൻ ആളുകളെ സഹായിക്കുകയും ചെയ്തു.
21. യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കുമ്പോൾ നമ്മുടെ മുഖ്യ താത്പര്യവും വീക്ഷണഗതിയും എന്തായിരിക്കണം?
21 തന്റെ ഹിതത്തിനു ചേർച്ചയിൽ പ്രസംഗവേല പൂർണമായി നിർവഹിക്കപ്പെടുന്നു എന്നു ദൈവം ഉറപ്പുവരുത്തും. ഇന്ന് അവൻ അന്തിമമായ ആത്മീയ കൊയ്ത്തിനെ ത്വരിതപ്പെടുത്തുകയാണ്. (യെശയ്യാവു 60:22) അതുകൊണ്ട് യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ, നമുക്ക് കൊയ്ത്തുവേലയിൽ തീക്ഷ്ണതയോടെ ഏർപ്പെടുകയും ആളുകളെ സംബന്ധിച്ച നമ്മുടെ സ്നേഹവാനായ ദൈവത്തിന്റെ വീക്ഷണം അനുകരിക്കുകയും ചെയ്യാം.
[അടിക്കുറിപ്പ്]
a പ്രസംഗവേല നിരോധിക്കുകയോ അതിന് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിട്ടുള്ള ഒരു രാജ്യത്തേക്ക് നിങ്ങൾ മാറിപ്പാർക്കുന്നത് എപ്പോഴും സഹായകമായിരിക്കില്ല. അങ്ങനെ ചെയ്യുന്നത് ആ രാജ്യത്ത് വിവേചനയോടെ പ്രവർത്തിക്കുന്ന പ്രസാധകർക്ക് ബുദ്ധിമുട്ട് ഉളവാക്കുകപോലും ചെയ്തേക്കാം.
നിങ്ങൾ ഓർമിക്കുന്നുവോ?
• യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ, നാം ആളുകളെ എങ്ങനെ വീക്ഷിക്കണം?
• സൊദോമിൽ ഉണ്ടായിരുന്നിരിക്കാൻ ഇടയുള്ള നീതിമാന്മാരെ കുറിച്ചുള്ള അബ്രാഹാമിന്റെ വീക്ഷണം എന്തായിരുന്നു?
• അനുതപിച്ച നീനെവേക്കാരെ യോനാ എപ്രകാരമാണു വീക്ഷിച്ചത്?
• ഇതുവരെയും സുവാർത്ത കേട്ടിട്ടില്ലാത്തവരെ കുറിച്ച് യഹോവയ്ക്കുള്ള വീക്ഷണമാണ് നമുക്കും ഉള്ളതെന്ന് എങ്ങനെ പ്രകടമാക്കാം?
[16 -ാം പേജിലെ ചിത്രം]
അബ്രാഹാം ആളുകളെ യഹോവ വീക്ഷിച്ച അതേ രീതിയിൽ വീക്ഷിച്ചു
[17 -ാം പേജിലെ ചിത്രം]
അനുതപിച്ച നീനെവേക്കാരോടുള്ള യഹോവയുടെ വീക്ഷണം യോനാ സ്വീകരിക്കാനിടയായി
[18 -ാം പേജിലെ ചിത്രം]
ആളുകളോടുള്ള താത്പര്യം, സുവാർത്ത പ്രസംഗത്തിനായി വ്യത്യസ്ത സമയങ്ങളും മാർഗങ്ങളും ഉപയോഗിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു