കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ വെല്ലുവിളി ഇന്ന്
സമയം രാത്രിയായി, റസ്റ്ററന്റ് ഉടമ കട പൂട്ടി വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോൾ രണ്ടു സ്ത്രീകളും ഒരു കുട്ടിയും കൂടി റസ്റ്ററന്റിലെത്തി ഭക്ഷണത്തിന് ഓർഡർ നൽകി. ആകെപ്പാടെ ക്ഷീണിതനായിരുന്നതിനാൽ, ‘കട അടച്ചുപോയി’ എന്ന് പറഞ്ഞാലോ എന്ന് അദ്ദേഹം ഒരു നിമിഷം ആലോചിച്ചു, പിന്നെ ഏതായാലും അവർ വന്നതല്ലേ എന്നു കരുതി ഭക്ഷണം വിളമ്പി. സ്ത്രീകൾ രണ്ടുപേരും ഭക്ഷണം കഴിച്ചുകൊണ്ടു സംസാരിച്ചിരിക്കുമ്പോൾ കുട്ടി റെസ്റ്ററന്റിലെങ്ങും ഓടിനടന്ന് തറയിലെല്ലാം ബിസ്കറ്റുകളിട്ട് ചവിട്ടി ഞെരിച്ച് ആസ്വദിക്കുകയാണ്. അവന്റെ അമ്മയാകട്ടെ അവനോട് അടങ്ങിയിരിക്കാൻ പറയുന്നതിനു പകരം അതുകണ്ട് പുഞ്ചിരിക്കുന്നു. ഒടുവിൽ അവർ ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി, ക്ഷീണിതനായിരുന്ന കടയുടമയ്ക്ക് തറ മുഴുവനും വൃത്തിയാക്കേണ്ടതായുംവന്നു.
നിങ്ങൾക്കറിയാവുന്നതുപോലെ, പല കുടുംബങ്ങളിലും കുട്ടികൾക്ക് വേണ്ടരീതിയിലുള്ള പരിശീലനം ലഭിക്കുന്നില്ലെന്നാണ് മേൽവിവരിച്ച യഥാർഥ സംഭവം തെളിയിക്കുന്നത്. അതിനുള്ള കാരണങ്ങൾ പലതാണ്. ചില മാതാപിതാക്കൾ കുട്ടികളെ സ്വന്ത ഇഷ്ടത്തിനു വിടുന്നു. കുട്ടികൾ വളരേണ്ടത് വിലക്കുകളൊന്നും കൂടാതെ സ്വതന്ത്രരായിട്ട് ആയിരിക്കണം എന്നാണ് ഇക്കൂട്ടരുടെ ചിന്ത. ഇനി, സർവത്ര തിരക്കിലായിരിക്കുന്ന ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് അടുത്ത ശ്രദ്ധയോ വേണ്ടത്ര പരിശീലനമോ നൽകാൻ സമയം ചെലവഴിക്കാതിരുന്നേക്കാം. വേറെ ചില മാതാപിതാക്കൾക്കാണെങ്കിൽ കുട്ടിയുടെ വിദ്യാഭ്യാസമാണ് സർവപ്രധാനം. കുട്ടി എന്തു ചെയ്താലും അവർക്കതൊരു പ്രശ്നമല്ല, അവനു സ്കൂളിൽ ഉയർന്ന ഗ്രേഡും അറിയപ്പെടുന്ന ഒരു കോളേജിൽ പ്രവേശനവും കിട്ടണം, അത്രമാത്രം.
എന്നാൽ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും മൂല്യങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുട്ടികൾ എല്ലാത്തരം കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നുവെന്നും സ്കൂൾ അക്രമം ദിനമ്പ്രതി പെരുകുകയാണെന്നും അവർ ന്യായവാദം ചെയ്യുന്നു. അതുകൊണ്ട്, വ്യക്തിത്വ പരിശീലനത്തിനായിരിക്കണം മുൻതൂക്കം നൽകേണ്ടത് എന്ന് കൊറിയൻ റിപ്പബ്ലിക്കിലെ സോളിലുള്ള ഒരു അപ്പർ പ്രൈമറി സ്കൂളിന്റെ പ്രിൻസിപ്പാൾ ഊന്നിപ്പറയുകയുണ്ടായി. കുട്ടികളിൽ “നല്ല വ്യക്തിത്വം രൂപപ്പെടുത്തിയശേഷം വേണം വിജ്ഞാനം പകരാൻ,” അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങളുടെ കുട്ടികൾക്ക് കോളേജിൽ പ്രവേശനം കിട്ടണമെന്നും അവർ ജീവിതവിജയം നേടണമെന്നും ആഗ്രഹിക്കുന്ന അനേകം മാതാപിതാക്കളും മുന്നറിയിപ്പുകളുടെ നേരെ ചെവി കൊട്ടിയടയ്ക്കുന്നു. നിങ്ങൾ ഒരു മാതാവോ പിതാവോ ആണോ? എങ്കിൽ, നിങ്ങളുടെ കുട്ടി വളരുമ്പോൾ എങ്ങനെയുള്ള ഒരു വ്യക്തി ആയിത്തീരാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ധാർമിക ബോധവും ഉത്തരവാദിത്വവുമുള്ള ഒരു വ്യക്തി ആയിരിക്കാനാണോ? മറ്റുള്ളവരോടു പരിഗണനയുള്ളവനും പൊരുത്തപ്പെട്ടു പോകുന്നവനും ശുഭാപ്തിവിശ്വാസമുള്ളവനും ആയിരിക്കാനാണോ? നിങ്ങളുടെ ആഗ്രഹം ഇതാണെങ്കിൽ അടുത്ത ലേഖനം ദയവായി പരിചിന്തിക്കുക.