‘യൂഖലിന്റെ’ സീൽ
പൊതുയുഗത്തിനു മുമ്പ് ഏഴാം നൂറ്റാണ്ടിൽ, കൽദയരാജാവായിരുന്ന നെബൂഖദ്‌നേസർ യെരൂശലേം കീഴടക്കുകയും നഗരം അഗ്നിക്കിരയാക്കുകയും നഗരമതിൽ തകർത്തു തരിപ്പണമാക്കുകയും ചെയ്‌തു. യെഹൂദായിലെ രാജാവായ സിദെക്കീയാവിനെ പിടികൂടിയ നെബൂഖദ്‌നേസർ അദ്ദേഹത്തെ അന്ധനാക്കി. മാത്രമല്ല, “യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽരാജാവു കൊന്നുകളഞ്ഞു.”—യിരെമ്യാവു 39:1-8.
സാധ്യതയനുസരിച്ച് ബാബിലോന്യരുടെ കയ്യാൽ വധിക്കപ്പെട്ട ഈ യെഹൂദാ കുലീനന്മാരിൽ അഥവാ പ്രഭുക്കന്മാരിൽ ഒരാൾ ശെലെമ്യാവിന്റെ മകനായ യൂഖൽ ആയിരുന്നു. ഈ ബൈബിൾ കഥാപാത്രത്തെക്കുറിച്ച് പുതിയൊരു വിവരം കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ അതിനെക്കുറിച്ചു പരിചിന്തിക്കുന്നതിനു മുമ്പായി യൂഖലിനെയും അവന്റെ കാലത്തെയും കുറിച്ച് തിരുവെഴുത്തുകൾക്ക് എന്താണു പറയാനുള്ളതെന്നു നമുക്കു നോക്കാം.
“അവർ . . . നിന്നെ ജയിക്കയില്ല”
യെഹൂദായ്‌ക്കും യെരൂശലേമിനും എതിരെ ഒരു ന്യായവിധി സന്ദേശം അറിയിക്കാനുള്ള നിയോഗം യഹോവ യിരെമ്യാ പ്രവാചകനു നൽകി. യെഹൂദായിലെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും അവിടത്തെ ജനങ്ങളും യിരെമ്യാവിനോടു “യുദ്ധം ചെയ്യും” എന്ന് ദൈവം അവനോടു പറഞ്ഞു. എന്നാൽ, “അവർ . . . നിന്നെ ജയിക്കയില്ല . . . ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞുകൊണ്ട് യഹോവ അവന് ഉറപ്പുകൊടുത്തു.—യിരെമ്യാവു 1:17-19.
ബാബിലോൺ യെഹൂദായുടെ തലസ്ഥാനമായ യെരൂശലേം വളഞ്ഞ സമയത്ത്, നെബൂഖദ്‌നേസർ നഗരത്തിൽനിന്ന് പിൻവാങ്ങിപ്പോകുമോ എന്നറിയാനും അതിനായി പ്രാർഥിക്കുന്നതിനുവേണ്ടി യിരെമ്യാവിനോട് ആവശ്യപ്പെടുന്നതിനുമായി രണ്ടു പ്രാവശ്യം സിദെക്കീയാരാജാവ് ആ പ്രവാചകന്റെ അടുത്തേക്ക് ദൂതന്മാരെ അയയ്‌ക്കുകയുണ്ടായി. രാജാവ് അയച്ച ദൂതന്മാരിൽ ഒരാളായിരുന്നു യെഹൂഖൽ എന്നും അറിയപ്പെട്ടിരുന്ന യൂഖൽ. ബാബിലോന്യർ അഥവാ കൽദയർ നഗരം നശിപ്പിക്കും എന്നതായിരുന്നു യിരെമ്യാവ് നൽകിയ ദിവ്യസന്ദേശം. യെരൂശലേമിൽ ശേഷിക്കുന്ന നിവാസികൾ ക്ഷാമത്താലും മഹാമാരിയാലും വാളിനാലും മരിക്കുമായിരുന്നു. എന്നാൽ കൽദയരുടെ അടുക്കലേക്കു പോകുന്നവർ അതിജീവിക്കുമായിരുന്നു. യിരെമ്യാവിന്റെ വാക്കുകൾ യെഹൂദാപ്രഭുക്കന്മാരെ അങ്ങേയറ്റം കോപാക്രാന്തരാക്കി!—യിരെമ്യാവു 21:1-10; 37:3-10; 38:1-3.
“ഈ മനുഷ്യൻ [യിരെമ്യാവ്] . . . പടയാളികൾക്കു . . . ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ” എന്ന് സിദെക്കീയാരാജാവിനോട് അപേക്ഷിച്ച പ്രഭുക്കന്മാരുടെ കൂട്ടത്തിൽ യൂഖലും ഉണ്ടായിരുന്നു. യിരെമ്യാവിനെ ചെളിക്കുഴിയിലിട്ടവരുടെ കൂട്ടത്തിലും ദുഷ്ടനായ യൂഖൽ ഉണ്ടായിരുന്നു, പ്രവാചകനെ പിന്നീട് അവിടെനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. (യിരെമ്യാവു 37:15; 38:4-6) യഹോവയെ അനുസരിച്ചതു നിമിത്തം യിരെമ്യാവ് യെരൂശലേമിന്റെ നാശത്തെ അതിജീവിച്ചു, എന്നാൽ സാധ്യതയനുസരിച്ച് യൂഖൽ, താൻ ആശ്രയംവെച്ച വ്യവസ്ഥിതി നശിപ്പിക്കപ്പെട്ടപ്പോൾ മരിച്ചു.
കൗതുകകരമായ ഒരു വിവരം
യൂഖലിനെക്കുറിച്ചുള്ള ഈ പുതുവിവരം വെളിച്ചം കണ്ടത് 2005-ലാണ്. ദാവീദു രാജാവിന്റെ കൊട്ടാരം കണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ ഒരു സ്ഥലം കുഴിക്കുകയായിരുന്നു പുരാവസ്‌തുഗവേഷകർ. കല്ലുകൊണ്ടുള്ള വലിയ ഒരു നിർമിതി അവർ കണ്ടെത്തി, യിരെമ്യാവിന്റെ നാളിൽ ബാബിലോന്യർ യെരൂശലേം പിടിച്ചടക്കിയപ്പോൾ നശിപ്പിക്കപ്പെട്ടതാണ് അതെന്ന് അവർ വിശ്വസിക്കുന്നു.
അത് ദാവീദിന്റെ കൊട്ടാരമാണോ അല്ലയോ എന്ന കാര്യം വ്യക്തമല്ല. എന്നുവരികിലും കണ്ടെത്തിയ ഒരു വസ്‌തു പുരാവസ്‌തുഗവേഷകർ തിരിച്ചറിഞ്ഞു—14-ാം പേജിൽ കാണിച്ചിരിക്കുന്ന ഒരു സെന്റിമീറ്റർ വീതിയുള്ള കളിമൺമുദ്രണം. അത് ഒരു പ്രമാണം സീലുചെയ്യാൻ ഉപയോഗിച്ചതായിരുന്നു, എന്നാൽ ആ പ്രമാണം നശിച്ചുപോയിട്ട് ഏറെക്കാലമായി. കളിമണ്ണിൽ പതിച്ചിട്ടുള്ള ആ മുദ്രണം ഇപ്രകാരം വായിക്കുന്നു: “ഷോവിയുടെ മകനായ ശെലെമ്യാഹുവിന്റെ മകനായ യെഹുഖാലിന്റേത്.” വ്യക്തമായും, അത് ശെലെമ്യാവിന്റെ മകനും യിരെമ്യാവിന്റെ എതിരാളിയുമായിരുന്ന യെഹൂഖലിന്റെ അഥവാ യൂഖലിന്റെ സീൽ ഉപയോഗിച്ചുള്ള മുദ്രണമാണ്.
തെളിവുകൾ കണ്ടെടുക്കപ്പെട്ടിട്ടുള്ള രണ്ടു മന്ത്രിമാരിൽ “രണ്ടാമത്തെ മന്ത്രിയാണ്” ‘ദാവീദിന്റെ നഗര’ത്തിൽനിന്നു കണ്ടെടുത്ത മുദ്രണത്തിൽ പേര് പ്രത്യക്ഷപ്പെടുന്ന യെഹൂഖൽ എന്ന് മുദ്രണത്തിന്റെ അർഥം വ്യാഖ്യാനിച്ച എയ്‌ലറ്റ് മസാർ എന്ന പുരാവസ്‌തുഗവേഷക എഴുതി. ശാഫാന്റെ പുത്രനായ ഗെമര്യാവാണത്രേ ആദ്യത്തെയാൾ.a
ദൈവവചനത്തിലുള്ള വിശ്വാസം അടിസ്ഥാനപ്പെട്ടിരിക്കുന്നത് ഏതെങ്കിലും പുരാവസ്‌തുവിന്റെ കണ്ടുപിടിത്തത്തിലല്ല; എന്നാൽ, നിശ്വസ്‌ത പ്രവചനങ്ങളുടെ നിവൃത്തി ബൈബിളിൽ വിശ്വസിക്കുന്നതിന് ഈടുറ്റ ഒരു അടിസ്ഥാനം നൽകുന്നു. യെരൂശലേമിന്റെ നാശം യിരെമ്യാവ് കൃത്യമായി മുൻകൂട്ടിപ്പറഞ്ഞെന്ന് ചരിത്ര വസ്‌തുതകൾ സാക്ഷ്യപ്പെടുത്തുന്നു. യിരെമ്യാവിന്റെ എതിരാളികൾക്കു സംഭവിച്ച അപമാനകരമായ അന്ത്യം, നാം യിരെമ്യാവിനെപ്പോലെ വിശ്വസ്‌തരാണെങ്കിൽ യഹോവ നമ്മോടുകൂടെ ഉണ്ടായിരിക്കുമെന്നും അതിനാൽ നമ്മുടെ ശത്രുക്കൾ നമ്മെ “ജയിക്കയില്ല” എന്നുമുള്ള നമ്മുടെ ബോധ്യത്തെ ബലിഷ്‌ഠമാക്കണം.
[അടിക്കുറിപ്പ്]
a ഗെമര്യാവിനെയും ശാഫാനെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 2002 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 19-22 പേജുകളിലെ “ശാഫാനെയും കുടുംബത്തെയും നിങ്ങൾക്കു പരിചയമുണ്ടോ?” എന്ന ലേഖനം കാണുക.
[15-ാം പേജിലെ ചിത്രം]
ദിവ്യസന്ദേശത്തിൽ വെള്ളം ചേർക്കാനുള്ള സമ്മർദത്തിന് യിരെമ്യാവ് വഴങ്ങിയില്ല
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Gabi Laron/Institute of Archaeology/ Hebrew University ©Eilat Mazar