ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്?
ഈ ലോകം ദുഷ്ടതയും കഷ്ടപ്പാടും നിറഞ്ഞതാണെന്നു മനസ്സിലാക്കാൻ നിങ്ങൾ ദൂരെയെങ്ങും പോകേണ്ടതില്ല. യുദ്ധങ്ങൾ സാധാരണക്കാരെയും സൈനികരെയും ഒരുപോലെ കൊന്നൊടുക്കുന്നു. കുറ്റകൃത്യവും അക്രമവും തേർവാഴ്ച നടത്തുകയാണ്. അടുത്തകാലത്ത് നിങ്ങൾതന്നെ മുൻവിധിക്കോ അനീതിക്കോ ഇരയായിട്ടുണ്ടാകാം. നിങ്ങൾ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്തിരിക്കുന്ന സംഗതികളുടെ വെളിച്ചത്തിൽ, ‘ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്?’ എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും.
അങ്ങനെ ചിന്തിച്ചിട്ടുള്ള ആദ്യത്തെ വ്യക്തിയല്ല നിങ്ങൾ. ഏകദേശം 3,600 വർഷം മുമ്പ് ദൈവത്തിന്റെ വിശ്വസ്ത ദാസനായ ഇയ്യോബ് എന്ന വ്യക്തി ചോദിച്ചു: “എന്തുകൊണ്ടാണ് ദുഷ്ടർ ദീർഘകാലം ജീവിക്കുന്നത്?” (ഇയ്യോബ് 21:7, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ് വേർഷൻ) ഏകദേശം 2,600 വർഷങ്ങൾക്കുമുമ്പ് യിരെമ്യാവ് എന്ന പ്രവാചകൻ തന്റെ ദേശത്തുള്ളവരുടെ ദുഷ്ചെയ്തികൾ സഹിക്കവയ്യാതെ പിൻവരുന്നപ്രകാരം ചോദിക്കുകയുണ്ടായി: “ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്ത്? ദ്രോഹം പ്രവർത്തിക്കുന്നവരൊക്കെയും നിർഭയന്മാരായിരിക്കുന്നതെന്ത്?” (യിരെമ്യാവു 12:1) ദൈവം നീതിമാനാണെന്ന കാര്യത്തിൽ ഇയ്യോബിനോ യിരെമ്യാവിനോ സംശയമില്ലായിരുന്നു. എന്നിട്ടും അക്കാലത്ത് നിലനിന്നിരുന്ന ദുഷ്ടത അവരെ അമ്പരിപ്പിച്ചുകളഞ്ഞു. നിങ്ങളെയും കുഴപ്പിക്കുന്ന ഒരു വിഷയമായിരിക്കാം അത്.
ദുഷ്ടതയുടെയും കഷ്ടപ്പാടിന്റെയും ഉത്തരവാദിയെന്ന നിലയിൽ ചിലർ ദൈവത്തിനുനേരെയാണ് വിരൽ ചൂണ്ടുന്നത്. ‘ദൈവം സർവശക്തനും നീതിമാനും സ്നേഹവാനും ആണെങ്കിൽ എന്തുകൊണ്ട് ദുഷ്ടതയ്ക്കും കഷ്ടപ്പാടിനും അറുതി വരുത്തുന്നില്ല? ഇന്നോളം ദുഷ്ടതയ്ക്കു നേരെ കണ്ണടച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?’ എന്ന് ആശ്ചര്യത്തോടെ ചോദിച്ചുപോകുന്നു മറ്റുചിലർ. അടുത്ത ലേഖനം ഇവയ്ക്കും സുപ്രധാനമായ മറ്റുചില ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ചർച്ചചെയ്യുന്നുണ്ട്.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
AP Photo/Adam Butler