വായനക്കാർ ചോദിക്കുന്നു
യഹോവയുടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ട്?
രാഷ്ട്രങ്ങൾ തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടങ്ങളിലോ ആഭ്യന്തരകലഹങ്ങളിലോ ഒരുനാളും ഉൾപ്പെടാതെനിന്നിട്ടുള്ളവരാണ് യഹോവയുടെ സാക്ഷികൾ. “യഹോവയുടെ സാക്ഷികൾ യുദ്ധകാലത്തു കർശനമായ നിഷ്പക്ഷത പാലിക്കുന്നു” എന്ന് അരനൂറ്റാണ്ടുമുമ്പ് ഓസ്ട്രേലിയൻ എൻസൈക്ലോപ്പീഡിയാ അഭിപ്രായപ്പെട്ടു.
സാക്ഷികൾ യുദ്ധത്തിൽ പങ്കെടുക്കാത്തതിന്റെ ഒരു പ്രധാന കാരണം അത് അവരുടെ ക്രിസ്തീയ മനസ്സാക്ഷിക്കു വിരുദ്ധമാണെന്നതാണ്. കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനകളും മാതൃകയുമാണ് അവരുടെ മനസ്സാക്ഷിയെ കരുപ്പിടിപ്പിക്കുന്നത്. അയൽക്കാരെ സ്നേഹിക്കാൻ അവൻ അവരെ പഠിപ്പിച്ചു. “ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്വിൻ” എന്നും അവൻ കൽപ്പിച്ചു. (ലൂക്കൊസ് 6:27; മത്തായി 22:39) വാളുമായി തന്റെ സംരക്ഷണത്തിനെത്തിയ ഒരു ശിഷ്യനോട് യേശു പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) അങ്ങനെ, തന്റെ ശിഷ്യന്മാർ യുദ്ധായുധങ്ങൾ ഉപയോഗിക്കരുതെന്ന് വാക്കാലും മാതൃകയാലും യേശു വ്യക്തമായി കാണിച്ചുകൊടുത്തു.
യഹോവയുടെ സാക്ഷികൾ ഒരു ലോകവ്യാപക വിശ്വാസിസമൂഹത്തിന്റെ അംഗങ്ങളാണെന്നതാണ് അവർ യുദ്ധത്തിലേർപ്പെടാത്തതിന്റെ മറ്റൊരു കാരണം. യുദ്ധത്തിനിറങ്ങിയാൽ സഹോദരൻ സഹോദരനെതിരെ പോരാടേണ്ടിവരും. അങ്ങനെ ചെയ്യുന്നത്, ‘നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടായിരിക്കണം’ എന്ന യേശുവിന്റെ കൽപ്പന കാറ്റിൽപ്പറത്തുന്നതിനു സമമായിരിക്കും.—യോഹന്നാൻ 13:35.
സ്നേഹത്തിന്റെ മേൽപ്പറഞ്ഞ തത്ത്വങ്ങൾ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം വെറും സിദ്ധാന്തങ്ങളല്ല. ഉദാഹരണത്തിന്, 1939-1945-ൽ അരങ്ങേറിയ രണ്ടാം ലോകമഹായുദ്ധകാലത്ത് അവർ കൈക്കൊണ്ട നിലപാട് നോക്കുക. സൈനികസേവനത്തിനു സമ്മതിക്കാത്തതിന്റെ പേരിൽ 4,300-ലേറെ യഹോവയുടെ സാക്ഷികളാണ് ഐക്യനാടുകളിൽ തടവിലാക്കപ്പെട്ടത്. സമാനമായ കാരണങ്ങളെപ്രതി ബ്രിട്ടൻ, 300-ലധികം സ്ത്രീകളുൾപ്പെടെ 1,500-ഓളം പേരെ ജയിലിലടച്ചു. ആയുധമേന്താൻ വിസമ്മതിച്ചതിന്റെ പേരിൽ നാസി ജർമനിയിൽ 270-ഓളം സാക്ഷികൾ വധിക്കപ്പെട്ടു. നാസി ഭരണകാലത്ത് 10,000-ത്തിലേറെ സാക്ഷികളെ ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലും അടയ്ക്കുകയുണ്ടായി. ജപ്പാനിലുള്ള സാക്ഷികളും ഏറെ ദുരിതമനുഭവിച്ചു. രണ്ടാംലോകമഹായുദ്ധത്തിലോ അതേത്തുടർന്നുണ്ടായ ഏതെങ്കിലും യുദ്ധത്തിലോ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ ഒന്നോർക്കുക: അത്തരം മരണങ്ങളിലൊന്നിനുപോലും യഹോവയുടെ സാക്ഷികളിലാരും ഉത്തരവാദിയല്ല.
യുദ്ധങ്ങളോടുള്ള യഹോവയുടെ സാക്ഷികളുടെ വീക്ഷണം വ്യക്തമാക്കുന്നതാണ് വോൾഫ്ഗാങ് കുസ്സെറോയുടെ അവസാനവാക്കുകൾ. യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനാൽ 20-കാരനായ ഈ ജർമൻകാരനെ 1942-ൽ നാസികൾ ശിരച്ഛേദം ചെയ്യുകയായിരുന്നു. (യെശയ്യാവു 2:4) സൈനികക്കോടതിമുമ്പാകെ അദ്ദേഹം പറഞ്ഞു: “വിശുദ്ധ തിരുവെഴുത്തുകളിലുള്ള ദൈവവചനം അനുസരിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളിലൊരാളായാണ് ഞാൻ വളർന്നുവന്നത്. ‘നിന്റെ ദൈവത്തെ നീ എല്ലാറ്റിലുമുപരിയായി സ്നേഹിക്കണം. അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’ എന്നതാണ് ദൈവം മനുഷ്യനു നൽകിയിട്ടുള്ള ഏറ്റവും വലുതും പാവനവുമായ കൽപ്പന. ‘കൊല ചെയ്യരുത്’ എന്നതാണ് മറ്റൊരു കൽപ്പന. നമ്മുടെ സ്രഷ്ടാവ് ഇതെല്ലാം എഴുതിവെച്ചത് മരങ്ങളെ ഉദ്ദേശിച്ചായിരുന്നോ?”—മർക്കൊസ് 12:29-31; പുറപ്പാടു 20:13.
ഭൂമിയിൽ ശാശ്വത സമാധാനം കൊണ്ടുവരാൻ സർവശക്തനാം ദൈവമായ യഹോവയ്ക്കു മാത്രമേ കഴിയൂ എന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് യഹോവയുടെ സാക്ഷികൾ. “ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യു”മെന്നുള്ള ദിവ്യവാഗ്ദാനത്തിന്റെ നിവൃത്തിക്കായി അവർ കാത്തിരിക്കുന്നു.—സങ്കീർത്തനം 46:9.